ഭാഗം 1

​ഇരുവശവും പേരറിയാത്ത കാട്ടുവള്ളികളും വിവിധങ്ങളായ മുൾപ്പടർപ്പുകളും നിറഞ്ഞ വനപാതയിലൂടെ അവർ നടക്കുകയാണ്.

​സൂര്യപ്രകാശം മഹാവൃക്ഷങ്ങളുടെ ഇടയിലൂടെ പാതയിൽ വീണുകിടന്നു. വലിയ വള്ളികൾ മരങ്ങൾക്കുമേലെ പെരുമ്പാമ്പുകളെപ്പോലെ കെട്ടുപിണഞ്ഞുകിടന്നു. പക്ഷികളുടെ ശബ്ദം പോലും കൊടുംകാടിന്റെ മഹാനിശബ്ദതയുടെ ഗൂഢതയെ ഹനിച്ചതേയില്ല.

സൂര്യതാപമേൽക്കുന്നില്ലെങ്കിലും ഉഷ്ണവും ഏതൊക്കെയോ പ്രാണികളും പുഴുക്കളും ശരീരത്തിലിഴയുന്നതുകൊണ്ട് വല്ലാത്ത അസ്വസ്ഥതയും തോന്നി അയാൾക്ക്. ​ശിശുവിനെ ഒരു കൈയിലെടുത്തുകൊണ്ട് ഇടംകൈയിലെ കത്തികൊണ്ട് വഴിയില്ലാ വഴിയിലൂടെ മുള്ളുകളും വള്ളിപ്പടർപ്പുകളും വെട്ടിമാറ്റി തെളിച്ചുകൊണ്ട് മുന്നേ നടക്കുന്ന സാലകടങ്കടിയുടെ പിന്നാലെ, ഇടംതോളിൽ തലചായ്ച്ച അവശയായ ഭാര്യയെയും താങ്ങിക്കൊണ്ട് നടന്നു കമ്പൻ. മുന്നിൽ നടക്കുന്ന ഹിഡിംബിയെ കാണുമ്പോൾ അത്ഭുതവും ആശ്വാസവും തോന്നി. അത്ര ബലവതിയും ധൈര്യവതിയുമായ ഒരു സ്ത്രീയെ അയാളിന്നോളം കണ്ടിട്ടില്ല. കോമ്പല്ലുകാണിച്ച് അലറിയെത്തുന്ന ചെന്നായ്ക്കളെപ്പോലും നേരിടുന്ന പെൺകുട്ടികൾ തന്റെ വംശത്തിലും ഉണ്ടെങ്കിലും, വെറുംകൈകൊണ്ട് കാട്ടുപോത്തിനെ കീഴടക്കുന്ന സ്ത്രീയെ ആദ്യമായി കാണുകയാണ്. അഞ്ചരയടിയോളം ഉയരത്തിൽ ഓരോ പേശിയും അവയവവും അളന്നുകുറിച്ച് ചെത്തിയൊരുക്കിയതുപോലെ ഹിഡിംബി! അവരെപ്പോലൊരു സ്ത്രീ സ്വജാതിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോയി.

​ഒരു തോളിൽ അമരയെ ചേർത്തുകൊണ്ട് വഴിയിൽ മുന്നോട്ടാഞ്ഞുനിൽക്കുന്ന മുൾപ്പടർപ്പുകളെ വകഞ്ഞുമാറ്റി നടക്കുന്നുവെങ്കിലും അയാളുടെ ശരീരത്തെ തളർച്ച ബാധിച്ചിരുന്നു. നാവുവരണ്ടുണങ്ങി ഒരിത്തിരി വെള്ളത്തിനായി തൊണ്ട കൊതിച്ചു. മുമ്പിൽ നടക്കുന്നവളുടെ പിന്നാലെ മുള്ളുകൾ വകഞ്ഞുമാറ്റി നടക്കുമ്പോൾ ഹിഡിംബകൂടത്തിലേക്ക് ശരിയായ വഴിയില്ലാത്തത് അസംതൃപ്തിയുളവാക്കി. താൻ കേട്ടിരിക്കുന്നത്, ഹിഡിംബന്റെ സംരക്ഷണയിലുള്ള പ്രദേശം ദുർഭേദ്യമാണെന്നാണ്; പക്ഷേ വഴിപോലും ഇല്ലാത്തവിധം ദാരുണമല്ല. ബലശാലികളായ നിഷാദന്മാർ ഇത്ര ദയനീയസ്ഥിതിയിലാണോ ഉള്ളത്? ഇതിലും ഭേദം ഭീലുകളുടെ ഊരുതന്നെ!

​”എത്തിപ്പോയി, ഇനി കുറച്ചുകൂടിയേ ഉള്ളൂ.” പിന്നോട്ടു നോക്കാതെ അയാളുടെ ചിന്തകൾ അറിഞ്ഞതുമാതിരി അവൾ പറഞ്ഞു. ​കുറച്ചുദൂരം പിന്നിട്ടപ്പോൾ മുന്നിൽ കണ്ട കാഴ്ച അവിശ്വസനീയമായിത്തോന്നി. ആ ദുർഭേദ്യമായ മുൾക്കാടുകൾക്കപ്പുറം മനോഹരമായ ഒരു ജലാശയം. വലിയ താമരപ്പൂക്കൾ വിടർന്നുനിൽക്കുന്നു. തുമ്പികൾ വട്ടമിടുന്നു. വെളുപ്പും കറുപ്പുമായ ഹംസങ്ങൾ അതിൽ തുടിക്കുന്നു.​ആ ജലാശയത്തിന്റെ കരയിൽ വീടുകൾ. ഊരിന്റെ പ്രവേശനദ്വാരത്തിനടുത്ത് കുറച്ചാളുകൾ കൂടിനിൽക്കുന്നു. തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന കാവൽമാടങ്ങളുടെ മേൽ ജാഗരൂകരായ കാവൽക്കാരുണ്ട്. സംശയാസ്പദമായി ചെറിയൊരനക്കം മതി അവരുടെ മുന്നിലെ പെരുമ്പറകൾ ആപത്സൂചകമായി മുഴങ്ങാൻ. വീടുകൾക്കുമേൽ വെളുത്ത പുക മൂടിനിന്നു. കാവൽക്കാർ എതിർദിശയിൽ ദൂരേക്ക് കണ്ണുകൾ പായിച്ചുനിന്നു. ഒരുവേള ആ ദിക്കിൽനിന്ന് ആക്രമണഭീഷണി ഉണ്ടാവാം. അപ്പോഴാണ് അയാൾക്ക് അവർ പൊതുവഴി ഉപയോഗിക്കാതിരുന്നതിന്റെ കാരണം പിടികിട്ടിയത്. വഴിയിൽ നാഗരികന്മാർ ആക്രമിച്ചേക്കാം. അവരെക്കുറിച്ചുള്ള വിവരം ഊരിലെത്തുംമുൻപേ ഒരുപക്ഷേ അവരുടെ കഥ കഴിഞ്ഞേക്കാം.

​അയാളുടെ ചിന്തകളെ മുറിച്ചുകൊണ്ട് “എടാ കഴുതേ” എന്ന സാലകടങ്കടിയുടെ വിളിയുയർന്നു. കാവൽക്കാരെയാണ്. അവളുടെ വിളി കേട്ടയുടനെ വിചിത്രശബ്ദങ്ങളോടെ കൈവീശിക്കൊണ്ട് കാവൽക്കാരിൽ ചിലർ അവരുടെ നേർക്കുവന്നു. ഹിഡിംബവനവീരന്മാർ!

​”അവളെ താഴെയിറക്കി ആ കുളത്തിൽ കുളിക്കൂ ചങ്ങാതീ… ഇനി പേടിക്കാനില്ല. നമ്മളിപ്പോൾ എന്റെ രാജ്യത്തിനുള്ളിലാണ്.”

അമരയെ അവർക്കടുത്തിരുത്തി കമ്പൻ കുളത്തിലേക്കിറങ്ങി. തണുത്ത വെള്ളത്തിൽ അയാൾക്ക് കുളിരുതോന്നി. ഭയം തന്നെ വിട്ടുപോകുന്നതിന്റെ ഭാരരാഹിത്യം അനുഭവിച്ചുകൊണ്ട് അയാൾ പതിയെ മുങ്ങി.

​ഭാഗം 2

​ഇരുട്ടിനെ കീറിമുറിക്കാൻ പ്രയത്നിച്ചുകൊണ്ടിരുന്നു തൊട്ടുമുന്നിലൊരു അഗ്നികുണ്ഡം. പുറത്തേക്ക് നാവുനീട്ടുന്ന തീയും പുകയും ചുറ്റും നിന്നവരുടെ കണ്ണുകൾ നീറ്റി. മറ്റൊരിടത്ത് കനലിന്മേൽ മാനിന്റെയും കാട്ടുപോത്തിന്റെയുമൊക്കെ മാംസം വേവുന്നതിന്റെ രുചികരമായ മണം അവരുടെ മൂക്കിലൂടെ ആമാശയത്തിലേക്കെത്തി വിശപ്പിനെ തട്ടിയുണർത്തി. ഊരിനു നടുവിൽ ചിലർ കല്ലിന്മേലും ചിലർ തടിക്കഷണങ്ങളിന്മേലും ഇരുന്നിരുന്നു. മറ്റു ചിലർ അവിടവിടെ ചുറ്റിപ്പറ്റിനിന്നു. മാംസം ചുടുന്നതിനടുത്തായി ആ മൃഗങ്ങളുടെ തോലും മറ്റവയവങ്ങളും വൃത്തിയാക്കുന്നുണ്ട് ചിലർ. പെണ്ണുങ്ങൾ കാവൽക്കാട്ടിൽനിന്ന് ശേഖരിച്ച പഴങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുകയും വിത്തുകൾ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. കാവലിനു പോകാനുള്ളവർ ആയുധങ്ങൾ പരിശോധിക്കുകയും ഭക്ഷണത്തിനായി കാത്തിരിക്കുകയുമാണ്.

​കമ്പൻ തന്റെ കഥ പറഞ്ഞുനിർത്തിയിട്ട് കണ്ണുകൾ തുടച്ചു. കുഞ്ഞിനെ ഉറക്കുകയായിരുന്ന അമര അടുത്തുള്ളൊരു കുടിലിൽനിന്ന് അയാൾക്കരികിലേക്ക് വന്നുമിന്നു. കർപ്പൂരവൃക്ഷത്തിന്റെ തടിയിൽ ചെത്തിമിനുസപ്പെടുത്തിയ ഇരിപ്പിടത്തിനുമേലെ കരടിത്തോൽ വിരിച്ച് അതിൽ ഇരിക്കുകയായിരുന്നു ഹിഡിംബൻ. കണ്ണുകൾ കലികൊണ്ടു ചുവന്നിരിക്കുന്നു. മുഷ്ടിചുരുട്ടി ഇരിപ്പിടത്തിന്റെ കൈപ്പടിയിൽ ഇടിച്ചു അയാൾ. ശരീരം കൊടുങ്കാറ്റിൽ ഉലയുന്ന സാലവൃക്ഷംപോലെ ഉലഞ്ഞുകൊണ്ടിരുന്നു.

​”ആയുധങ്ങളെടുക്കൂ, എല്ലാവരും യുദ്ധത്തിനൊരുങ്ങൂ! ആണും പെണ്ണും കുട്ടികളുമെല്ലാം പടയ്ക്കിറങ്ങൂ. ചുറ്റുമുള്ള ജനപഥങ്ങളിലിനി പുരുഷന്മാർ അവശേഷിക്കാൻ പാടില്ല. നമ്മുടെ വർഗ്ഗം ശ്വസിക്കണമെങ്കിൽ അവർ അനുവദിക്കണമെന്നായിരിക്കുന്നു! നോക്കിനിൽക്കാതെ പുറപ്പെടൂ!”

​ഉഗ്രശബ്ദത്തിൽ ആജ്ഞാപിച്ചു ഹിഡിംബൻ.

​ആ ഉഗ്രതയിൽ അയാളുടെ അനുചരന്മാർപോലും ഒരുവേള ഞെട്ടി. അടുത്തനിമിഷം കാട്ടിൽ പുതിയ ഉറവകൾ തെളിയുംപോലെ അവരിൽ ആവേശമുണർന്നു. ആയുധങ്ങളെടുക്കാനും ഭേരികൾ മുഴക്കാനും പുറപ്പെട്ടു. ചിലർ ടങ്കകൾ കുലുക്കി യുദ്ധാഹ്വാനം ചെയ്തു. ​അവിടെയുള്ളവരുടെ ആവേശം അണപൊട്ടുമെന്നായപ്പോഴേക്കും സംഭവിക്കാൻ പോകുന്നതെന്താണെന്ന് ഊഹിക്കാനായി ഹിഡിംബിക്ക്. ‘ഇപ്പോഴിവർ ഗ്രാമങ്ങളെ ആക്രമിച്ചാൽ പിന്നീട് എന്തുസംഭവിക്കും?’ എന്നവൾ ആലോചിച്ചു. ഗ്രാമങ്ങളെ ആക്രമിച്ച് പുരുഷന്മാരെക്കൊന്നാൽ രാജ്യവും രാജാക്കന്മാരും വെറുതെയിരിക്കില്ല. കാടിനെയും കാട്ടിലെ വള്ളികളെയും വരെ ഉന്മൂലനാശം വരുത്തുമവർ. അവരുടെ ആ അപാര സൈന്യശക്തിക്കുമുന്നിൽ ഗിരിജനങ്ങൾ തീയ്ക്കു മുന്നിൽ ശലഭങ്ങൾ മാത്രം. ഹിംസയിലൂടെ ശാന്തി തേടിയാൽ മരണത്തിനുശേഷമുള്ള കാലത്തിന്റെ നിശബ്ദത എന്നാവും അതിനർത്ഥം. അങ്ങനെ സംഭവിച്ചുകൂടാ; ഈ ആലോചനയിൽ ജാഗരൂകയായി ഹിഡിംബി.

​”അണ്ണാ നിൽക്കൂ നിൽക്കൂ, ആവേശത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും ശരിയല്ല. ഇപ്പോൾ യുദ്ധത്തിനു പോകുന്നത് അപകടമാണ്.”

അവൾ ഒരു ചുവടു മുന്നിലേക്കാഞ്ഞ് സഹോദരനെ ആലിംഗനം ചെയ്തുകൊണ്ട് തടഞ്ഞുനിർത്തി.

​”സാലകടങ്കടി, നിന്റെ പേടിപ്പിക്കൽ മതിയാക്കൂ. കണ്ണിനു മുന്നിൽ രക്തപ്പുഴ ഒഴുകുന്നത് കാണുന്നില്ലേ? ഇന്ന് നീ തന്നെയല്ലേ അവരെ എതിർത്തത്? എത്രനാൾ സഹിക്കണമെന്നാണ്? കാതങ്ങളോളം ദൂരം കാടും കാടിന്റെ മക്കളും സർവ്വനാശമാവുകയാണ്. കാത്തുസൂക്ഷിക്കേണ്ട കാടിനെ മൈതാനങ്ങളാക്കുന്നു. കൃഷിയിടങ്ങളെ നികത്തി മഹാഗൃഹങ്ങളെ നിർമ്മിക്കുന്നു. വിശപ്പിനു മാത്രം വേട്ട എന്ന നിയമം കാറ്റിൽപ്പറത്തി, വിനോദത്തിനുവേണ്ടി മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു.

​അതാണത്രേ നാഗരികത! ഇതൊക്കെ സഹിക്കണമെന്നാണോ?” ഹിഡിംബൻ ഇടിമുഴക്കുന്ന മേഘംപോലെ മുരണ്ടു. മഹാവർഷപാതത്തിൽ ഉറഞ്ഞാടുന്ന അശ്വത്ഥവൃക്ഷംപോലെ അയാൾ ദേഹമുലച്ചു.

​ഹിഡിംബൻ പറയുന്നതെല്ലാം സത്യംതന്നെയെന്ന് അവൾക്കും അറിയാതെയല്ല. അയാൾ ആഹ്വാനം ചെയ്യുന്ന യുദ്ധം പകതീർക്കാനോ രാജ്യവിസ്താരത്തിനായോ സമ്പത്തുണ്ടാക്കാനോ വേണ്ടിയല്ല. അയാളുടേത് ഈ ഭൂമിയോടും ഈ വനത്തോടും മനുഷ്യരോടുമുള്ള സ്നേഹമാണ്. അയാളുടെ ആവേശം ശാന്തതയ്ക്കുവേണ്ടിയുള്ളതാണ്. അയാളുടെ പോരാട്ടം ആയിരമായിരം കാനനവാസികളുടെ ക്ഷേമത്തിനായിട്ടാണ്. അവന്റെ യുദ്ധം ശാന്തിയുദ്ധമാണ്.

​അന്നുവരെ അയാളും പോരിനു പോയവനാണ്. മറ്റൊരു ഊരിനെ ആക്രമിച്ച് തീയിട്ട് ആ ജാതിയിലുള്ള മനുഷ്യരെക്കൊന്ന്, അവരുടെ മൃഗങ്ങളെയും സ്ത്രീകളെയും അപഹരിച്ചവനാണ്. പക്ഷേ, ഇപ്പോൾ നാഗരികസമൂഹത്തിൽനിന്ന് ആക്രമണമുണ്ടാകുമ്പോൾ, അടവിനിവാസികൾ ആ പുതിയ സമൂഹത്തിന്റെ ഉരുക്കുപാദങ്ങൾക്കു കീഴിൽ ഞെരിഞ്ഞമർന്ന് ഇല്ലാതാകുമ്പോൾ അയാളുടെ ചിന്തകൾ മാറുന്നു.

​ഒരാളെ മറ്റൊരാൾ ആക്രമിച്ചപഹരിക്കുന്നത് എത്ര നീചമാണെന്നത് അയാൾ തിരിച്ചറിയുന്നു. വിവേചനമില്ലാത്ത വനനാശവും മൈതാനങ്ങളുടെ വളർച്ചയും അയാളിൽ ആശങ്ക നിറയ്ക്കുന്നു. നാഗരികർ മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടിലും നൂറുകണക്കിനു മരങ്ങൾ നശിക്കുന്നു. മനോഹരമായ തടാകങ്ങളും ചോലകളും ഇല്ലാതാകുന്നു. വിശപ്പിനു മാത്രം വേട്ടയാടപ്പെടേണ്ട മൃഗങ്ങൾ ഒളിക്കാനിടമില്ലാതെ, ഭക്ഷണമില്ലാതെ മരിച്ചുവീഴുന്നു. അവനുശേഷം അവരുടെ നോട്ടം കാട്ടുമനുഷ്യരുടെ മേൽ പതിച്ചു. രാക്ഷസന്മാരെന്നും ഉപദ്രവികളെന്നും മുദ്രകുത്തി പിന്തുടർന്ന് കൊന്നൊടുക്കുന്നു. ഈയിടെ ലോഹങ്ങളിന്മേലായി അവരുടെ നോട്ടം. ഇരുമ്പും ചെമ്പും തുടങ്ങിയ ഖനിജങ്ങൾ കൊണ്ട് അവർ ഉപകരണങ്ങളും ആഭരണങ്ങളും ഉണ്ടാക്കുമത്രേ! അതിനായി ഭൂമി കുഴിക്കുന്നു. മണ്ണ് തടാകങ്ങളിൽ നിക്ഷേപിക്കുന്നു.

​വൃക്ഷങ്ങളുടെമേൽ തുടങ്ങിയ അവരുടെ അധിനിവേശം അനിയന്ത്രിതമായി ഭൂമി തുരക്കുന്നതിൽ എത്തിനിൽക്കുന്നു. രാജവീഥികൾക്കും സൗധങ്ങൾക്കുമായി അവർ മലകളെപ്പോലും ഇടിച്ചുനിരത്തുന്നു.

​അവരുടേത് അതിജീവന പോരാട്ടമല്ല; കീഴടക്കാനുള്ള ഉന്മാദത്തിൽ ചെയ്യുന്ന നാശമാണ്. ഇതിങ്ങനെ തുടർന്നുപോയാൽ ഭൂമിയുണ്ടോ? അതുകൊണ്ടാണ് അയാൾ എതിർക്കുന്നത്; ഈ ഭൂമിയെ മൈതാനങ്ങളും ഗ്രാമങ്ങളും നഗരങ്ങളും രാജവീഥികളും ക്രീഡാസ്ഥലികളും ആക്കിത്തീർക്കാൻ ശ്രമിക്കുന്നവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്; കാട്ടിലുള്ള എല്ലാ ജാതി മനുഷ്യരും ഒന്നിച്ചുനിൽക്കണമെന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അയാൾ സ്വന്തം കുലത്തെ മാത്രമല്ല, എല്ലാ കാനനവാസികളെയും സംരക്ഷിക്കുമെന്ന് ശപഥം ചെയ്തു.

​ഇതെല്ലാം ഓർമ്മവന്നിട്ടും ജ്യേഷ്ഠനെ വിട്ടയച്ചില്ല ഹിഡിംബി. അയാളെ ചേർത്തുപിടിച്ചങ്ങനെ നിലകൊണ്ടു. മെല്ലെ ഹിഡിംബൻ ശാന്തനായി. ഹൃദയമിടിപ്പ് സാധാരണഗതിയിലായി. നന്നായി വിയർത്തൊഴുകുകയായിരുന്നു. ദീർഘശ്വാസത്തോടെ സഹോദരിയെ ചേർത്തുപിടിച്ചുകൊണ്ട്, “സാലകടങ്കടി,” എന്ന് പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.

​”ജ്യേഷ്ഠാ, ഇവിടെ വന്നിരിക്കൂ” എന്നു പറഞ്ഞുകൊണ്ട്, പിടിയാന കുഞ്ഞുങ്ങളെ കൊണ്ടുപോകുംപോലെ അയാളെ ഇരിപ്പിടത്തിലേക്ക് നയിച്ചു. യുദ്ധത്തിനു തയ്യാറെടുക്കണമോ എന്ന് സംശയിച്ചുനിന്ന അനുചരന്മാർക്ക് കാര്യം മനസ്സിലായി. അവർക്കപ്പോൾ വിശപ്പുതോന്നി. മാംസം ചുടുന്നതിന്റെ വാസന അവരിൽ കൊതിയുണർത്തി. മറ്റൊരു വശത്ത് കിഴങ്ങുകളും കായ്കനികളും തേനും അവയുടെ സ്വാദോർമ്മിപ്പിച്ചുകൊണ്ടെന്നപോലെ നിരന്നിരിക്കുന്നു. “വിശപ്പു മാറ്റൂ” എന്ന് ഹിഡിംബി ആംഗ്യം കാണിച്ചയുടനെ എല്ലാവരും യുദ്ധാവേശം മറന്ന് കോലാഹലത്തോടെ ആഹാരത്തിനുനേർ തിരിഞ്ഞു.

​ഹിഡിംബന്റെ രോഷം കണ്ടപ്പോൾ കമ്പന് സ്വന്തം നഷ്ടങ്ങളെക്കാളേറെ കഷ്ടപ്പാടുകൾ ഹിഡിംബൻ അനുഭവിച്ചിരിക്കുന്നു എന്ന് മനസ്സിലായി. അയാൾ സ്വന്തം കുലത്തെക്കുറിച്ച് മാത്രമല്ല, കാടിനെക്കുറിച്ചും കാട്ടിലെ പുല്ലും പുഴുക്കളും മൃഗങ്ങളും പക്ഷികളും മനുഷ്യരുമടങ്ങുന്ന ജീവികളെക്കുറിച്ചും കൂടിയാണ് ആലോചിക്കുന്നത്. ജീവനുവേണ്ടി, ആഹാരത്തിനുവേണ്ടി ഒന്നിനുമേൽ ഒന്ന് ആധാരപ്പെട്ടു ജീവിക്കുന്ന ഈ ജീവനവ്യവസ്ഥയുടെ നിലനിൽപ്പിനുവേണ്ടി, നാളത്തെ തലമുറയുടെ അതിജീവനസാധ്യതയ്ക്കുവേണ്ടി…

​കൃഷി, ആവശ്യത്തിലധികം ആടുമാടുകളെ മേയ്ക്കൽ തുടങ്ങിയ രീതികൾ മനുഷ്യരെ എത്രത്തോളം സ്വാർത്ഥരും ദുഷ്ടരുമാക്കി മാറ്റുന്നു എന്ന് തിരിച്ചറിയുന്നവനായി ശാന്തി സ്വപ്നം കണ്ടുകൊണ്ട് പോരിനിറങ്ങിയതാണ് ഹിഡിംബൻ. ‘അനേകം ഹിഡിംബന്മാർ ഇനിയുമിനിയും ഈ ഭൂമിയിൽ ജനിക്കേണ്ടതുണ്ട്, ഭൂമിക്ക് അവരെ ആവശ്യമുണ്ട്…’ കമ്പൻ ആലോചനയിൽ മുഴുകി. പിന്നെ പെട്ടെന്നെഴുന്നേറ്റ് ഭാര്യയുടെ അടുത്തേക്ക് നടന്നു.

​കാട്ടുതീപോലെ ഒരു നിമിഷംകൊണ്ട് കത്തിജ്വലിച്ച ഹിഡിംബനെയും അയാളുടെ ക്രോധം അലിയിച്ച മഴപ്പെയ്ത്തുപോലെ നിന്ന ഹിഡിംബിയെയും മാറിമാറി നോക്കിനിന്നു അമര. കമ്പൻ അവളുടെ അടുത്തേക്ക് ചെന്ന് ചേർത്തുപിടിച്ചുകൊണ്ട് അവളുടെ കൈയിലെ കുഞ്ഞിനെ നോക്കി പുഞ്ചിരിച്ചു.

​”ഇവനാണ് അടുത്ത ഹിഡിംബൻ.”

​”ഇവനോ?”

​”അതെ, തന്റെ പ്രദേശം മാത്രമല്ല, മുഴുവൻ കാടിനെയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും ഹിഡിംബനാണ്.”

​”ഈ രാത്രി വിശപ്പിന് ആലിംഗനവും ചുംബനങ്ങളും മതിയാകുമോ? ആഹാരം ആവശ്യമില്ലെന്നുണ്ടോ?” ചോദിച്ചുകൊണ്ട് ഹിഡിംബി അങ്ങോട്ടുവന്നു. കൈയിൽ പഴങ്ങളും വേവിച്ച കിഴങ്ങുകളുമുണ്ടായിരുന്നു.

​”നീയവിടെനിന്ന് ഭക്ഷണം കഴിക്കൂ… ഇവളുടെ ഈ അവസ്ഥയിൽ ഇറച്ചി കഴിക്കാൻ പാടില്ലെന്നു തോന്നുന്നു…” എന്നു പറഞ്ഞുകൊണ്ട് കമ്പനെ ആഹാരം കഴിക്കാൻ പറഞ്ഞയച്ചതിനുശേഷം, അമരയെ കൂട്ടിക്കൊണ്ട് തീക്കുണ്ഡം ലക്ഷ്യമാക്കി നടന്നു. തീയുടെ വെളിച്ചത്തിൽ ആഹാരം കഴിക്കുന്ന സ്ത്രീകളിൽ ഒരാൾക്ക് കുഞ്ഞിനെ ഏൽപ്പിച്ചിട്ട് “നീ കഴിക്കൂ” എന്നു പറഞ്ഞുകൊണ്ട് പഴങ്ങളും പുഴുങ്ങിയ കിഴങ്ങുകളും അമരയെ ഏൽപ്പിച്ചു.

കവർ : സി പി ജോൺസൺ

+ posts

Emmanuel Mettles was born at Kannur in Kerala. She is a Post Graduate in English, Sanskrit and Psychology (social and health). Presently she is working in Telangana State, India, as a psychologist. She is a multilingual poet who writes in many periodicals. She has received many accolades including Kavya Koumudi award of Telangana Sahitya Akademy and Kala Ratna 2025 from GSM TV-9 Telangana for her literary works in different languages. She is a co-author in as many as 59 English poetry anthologies published in India and abroad and published 5 books on her own. Moreover she is a visual artist and translator  too.