4
ശന്തനു രാജന്റെ ആദ്യഭാര്യ ഗംഗാദേവി. അവരുടെ മകനാണ് കുരുകുലവീരനായ ദേവവ്രതൻ. അവനുമുൻപ് ജനിച്ച ഏഴുപേരും അൽപായുക്കൾ ആയിരുന്നു. അതുകൊണ്ട് ഈ എട്ടാമനെയും കൊണ്ട് അവർ സ്വന്തം ദേശത്തേക്ക് പോയി മകനെ അവിടെ വളർത്തി. ഈ നഗരവാസത്തിന് തനിക്ക് വയ്യെന്നു കരുതിയാവണം അവർ ഒരിക്കലും തിരിച്ചു വന്നില്ല. മകനെ മഹായോദ്ധാവാക്കി പിതാവിനടുത്തേക്ക് തന്നെ അയച്ചു. അതിനു ശേഷമാണ് ശന്തനു യോജനഗന്ധിയെ വേട്ടത്. വിവാഹസമയത്ത് അവൾക്കു പിറക്കുന്ന മകൻ ആയിരിക്കണം അടുത്ത സിംഹാസനാവകാശി എന്ന് യോജനഗന്ധിയുടെ അച്ഛൻ ദാസരാജൻ ആവശ്യപ്പെട്ടു.

ദേവവ്രതൻ ഉള്ളപ്പോൾ രണ്ടാം ഭാര്യക്കു പിറന്നേക്കാവുന്ന കുട്ടിക്ക് രാജ്യഭാരം നൽകാൻ ആവില്ലെന്നറിഞ്ഞ് അയാൾ തിരിച്ചു പോയി. പക്ഷേ അയാളുടെ അനുചരൻമാരിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞ ദേവവ്രതൻ ദാസരാജനെ സമീപിച്ച് അച്ഛനു വിവാഹമാലോചിച്ചു. അയാളുടെ ആഗ്രഹം അനുസരിച്ച് സത്യവതീ സന്താനം തന്നെ രാജാവാകയുള്ളൂ എന്നു സമ്മതിച്ചു.

പക്ഷേ അയാൾ സമ്മതിച്ചില്ല. നീ പിതാവിനു വേണ്ടി ത്യാഗം ചെയ്താലും നിന്റെ മക്കൾ ആ വാക്ക് അനുസരിക്കണമെന്നില്ലല്ലോ. അധികാരം മത്തുപിടിപ്പിക്കുന്ന ലഹരി പോലെയാണ്. രുചിയറിഞ്ഞവർ അതിനായി എന്തു തന്നെ ചെയ്തു പോകുകയില്ല എന്നായി ദാസരാജൻ.

“ഞാൻ വിവാഹം ചെയ്താലല്ലേ മക്കളുണ്ടാവുകയും അവർ അവരുടെ സഹോദരങ്ങളോട് അധികാരത്തിനു വേണ്ടി പോരടിക്കുകയും ചെയ്യുകയുള്ളൂ? ഇതാ ഞാൻ വിവാഹിതനാവുകയില്ലെന്നും മക്കളെ ജനിപ്പിക്കില്ലെന്നും പൂർണ്ണബ്രഹ്മചര്യം ദീക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു.” ദേവവ്രതൻ പ്രതിജ്ഞയെടുത്തു. ആ പ്രതിജ്ഞ ഹസ്തിനയുടെ ഭാവിയെ മാറ്റിയെഴുതി.

ദേവവ്രതൻ അച്ഛനു വേണ്ടി രാജ്യത്തെയും സിംഹാസനത്തെയും ത്യജിച്ച് അവിവാഹിതനായി തുടർന്നു. ശന്തനുവിനും സത്യവതിക്കും ചിത്രാംഗദനും വിചിത്രവീര്യനും പിറന്നു. അധികം താമസിയാതെ ശന്തനു മരിച്ചു. ഇരുവരും ശിശുക്കൾ ആയതിനാൽ രാജ്യഭാരം ദേവവ്രതൻ തന്നെ വഹിച്ചു.ചിത്രാംഗദ വിചിത്രവീര്യൻമാരെ സ്വന്തം സഹോദരങ്ങളായി തന്നെ കരുതി. ചിത്രാംഗദനാകട്ടെ ഗന്ധർവകോപത്തിനു പാത്രനായി കൗമാരത്തിൽ തന്നെ മരിച്ചു. കുരുക്ഷേത്രത്തിനു സമീപം ഹിരണ്യവതീ നദീതീരത്ത് ചിത്രാംഗദൻ എന്നു പേരായ ഗന്ധർവനോട് ഒരു കുറുവടിയുമായി യുദ്ധത്തിനു ചെന്നു. കോപാക്രാന്തനായ ഗന്ധർവൻ ഏകനായി ചെന്ന ചിത്രാംഗദനെ കൊന്നു കളഞ്ഞു.

വിചിത്രവീര്യനെ യുവരാജാവാക്കി ദേവവ്രതൻ. അയാൾക്കു വിവാഹത്തിനു കന്യകയെ അന്വേഷിച്ച് കാശിരാജാവിനടുത്തേക്ക് ചെന്നു.

കാശിരാജകുമാരികളായ അംബ, അംബിക, അംബാലികമാരുടെ സ്വയംവര വേദിയിൽ കടന്നു ചെന്ന് സ്വയംവര കാംക്ഷികളായി എത്തിയ രാജാക്കൻമാരെയും കാശി രാജസൈന്യത്തെയും തോൽപ്പിച്ച് ആ മൂവരെയും അയാൾ ഹസ്തിനാപുരത്തേക്ക് കൊണ്ടുപോയി.

എന്നാൽ അംബ സൗരംഭപുരാധിപനായ സ്യാലനെ (പണയിച്ചിരുന്നു. അയാളെ സ്വയംവരം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അന്ന് ഭീഷ്മരോട് തോറ്റുപോയവരിൽ സ്യാലനും ഉണ്ടായിരുന്നു.

ഹസ്തിനപുരത്ത് വന്നപ്പോൾ അംബ തന്റെ മനോഗതം രാജമാതാവായ സത്യവതിയോട് മറച്ചുവെച്ചില്ല. അവളുടെ ഇഷ്ടം മനസിലാക്കിയ സത്യവതി അംബയെ സ്യാലനു തിരിച്ചേൽപ്പിക്കുക എന്ന് ഭീഷ്മരെ ഉപദേശിച്ചു. അങ്ങനെ അംബയെ സൗരംഭപുരത്തിന്റെ അതിർത്തിയിൽ കൊണ്ടാക്കി തിരിച്ചു പോന്നു ഭീഷ്മർ.

എന്നാൽ ഭീഷ്മരോട് തോറ്റുപോയ താൻ വകയ്ക്ക്കൊള്ളാത്തവനാണെന്ന് സ്യാലന് തോന്നി. അയാൾ ഉപേക്ഷിച്ച അംബയെ സ്വീകരിക്കുന്നത് കൂടുതൽ അപമാനകരമാണെന്നും. അതുകൊണ്ട് രാജകുമാരി ആണെന്ന പരിഗണന പോലുമില്ലാതെ അവളെ ആട്ടിയോടിച്ചു. അവൾ ഹസ്തിനപുരത്തു തിരിച്ചെത്തി വിചിത്രവിര്യനെ സ്വീകരിക്കാൻ തയ്യാറായി. ഒരാൾ ഉപേക്ഷിച്ച സ്ത്രീയെ തനിക്ക് ഭാര്യയായി വേണ്ടെന്ന് അയാൾ തീർത്തു പറഞ്ഞു.

പിന്നെയും ഭീഷ്മനെ സമീപിച്ചു തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ പ്രതിജ്ഞ ലംഘിക്കാനാവില്ല എന്നു പറഞ്ഞു കൊണ്ട് ഏതെങ്കിലും സാധാരണയുവാവിനെ വിവാഹം ചെയ്യാൻ നിർദ്ദേശിച്ചു.

രാജ്യകന്യ ആയ താൻ ഒരു സാധാരണക്കാരനെ വിവാഹം കഴിക്കുന്നതിലും നല്ലത് സന്യാസം ആണെന്ന് തീരുമാനിച്ച് അവൾ ഹിമാലയത്തിലേക്ക് യാത്രയായി. പോകും മുൻപ് കുരുവംശത്തിനുമേൽ മണ്ണുവാരിയെറിഞ്ഞു കൊണ്ട് എല്ലാത്തിനും കാരണക്കാരനായ ഭീഷ്മരെ തന്റെ കയ്യാൽ വധിക്കും എന്നു പ്രതിജ്ഞ ചെയ്തു. അന്നത്തെ അവളുടെ വേദനയും അപമാനവും കണ്ടവർ ഇന്നും ആ നൊമ്പരം മറന്നിട്ടില്ല. അവളിപ്പോൾ എവിടെയാണെന്ന് നിശ്ചയം ഇല്ലെങ്കിലും ഹിമാലയത്തിനപ്പുറം എവിടെയോ ഏതോ നാടോടിക്കൂട്ടത്തോടൊപ്പം കഴിഞ്ഞു കൊണ്ട് ആയുധാഭ്യാസം നേടുകയാണെന്നും എന്നെങ്കിലും ഭീഷ്മരെ വധിക്കാനെത്തുമെന്നും കരുതുന്നുണ്ട് പലരും. അംബയുടെ ദുര്യോഗത്തെക്കുറിച്ചോർത്തു ഒരു നിമിഷം ഗദ്ഗദകണ്ഠനായി വിനയൻ.

“അപ്പോൾ വിചിത്രവീര്യന്റെ മക്കളാണല്ലേ ധൃതരാഷ്ട്രരും പാണ്ടുരാജനും?”

“ഒരു വിധത്തിൽ അതേ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ അല്ലതാനും.”

“അതെന്ത്?”

”കുരുവംശം ഒരു വഴിയായി വന്ന പരമ്പരയല്ല. ഇത് അനേകം കൈവഴികൾ ചേർന്ന നദി പോലെയാണ്. പുരോചനൻ വിനയനെ സംശയത്തോടെ നോക്കി നിന്നു.

വേനൽക്കാലത്ത് മരപ്പൊത്തിൽ നിന്നു പുറത്തേക്ക് തലനീട്ടുന്ന അണ്ണാറക്കണ്ണൻമാരെപ്പോലെ തലയാട്ടുന്ന പുരോചനനെ നോക്കി വിനയൻ ഉറക്കെച്ചിരിച്ചു കൊണ്ട് “കഴിഞ്ഞില്ല, കേൾക്ക്..” എന്നു പറഞ്ഞു കുരുവംശ ഗാഥ തുടർന്നു.

5
അംബിക- അംബാലികമാരെ വിവാഹം ചെയ്ത വിചിത്രവീര്യൻ രാജ്യകാര്യം മറന്നു. രാജഭാരം ഭീഷ്മർക്ക് വിട്ടു കൊടുത്ത് ഭാര്യമാരോടും അന്തപ്പുര സ്ത്രീകളോടും രമിക്കുകയും മധുപാനത്തിൽ കാലം കഴിക്കുകയും ചെയ്തു. അങ്ങനെ ഏഴുവർഷങ്ങൾക്കുള്ളിൽ അനാരോഗ്യവാനായി സന്തതിയില്ലാത്തവനായിത്തന്നെ മരണത്തെ പുൽകി. രാജ്യം വീണ്ടും അനാഥമാവുകയും ഭീഷ്മരുടെ ചുമലിൽ തന്നെ വരികയും ചെയ്തു. സത്യവതിയാകട്ടെ താൻ എത്രയധികം ശ്രമിച്ചിട്ടും തന്റെ മക്കൾക്ക് സിംഹാസനം ലഭിച്ചില്ലല്ലോ എന്നു തപിച്ചു. ഭീഷ്മരോട് സഹോദരവിധവകളിൽ സന്തതിയുൽപ്പാദിപ്പിച്ച് വംശം നിലനിർത്താൻ അപേക്ഷിച്ചു എങ്കിലും ഭീഷ്മർ ശപഥം പിൻവലിക്കുകയില്ല എന്നും വംശോദ്ധാരണത്തിനു വഴി കണ്ടുപിടിക്കാമെന്നും ഉറപ്പു കൊടുത്തു.

അടിയന്തിരമായി രാജപുരോഹിതരെയും മന്ത്രിമാരെയും പൗരപ്രമുഖരെയും ഭീഷ്മർ വിളിച്ചു കൂട്ടി, ഇപ്പോഴത്തെ സമസ്യയ്ക്ക് പരിഹാരമാരാഞ്ഞു. വംശചരിതം അവരോടു വിശദീകരിക്കയും ചെയ്തു.

പണ്ട് പരശുരാമൻ ഈ ഭൂമിയെമ്പാടും ക്ഷത്രിയ വധം നടത്തിയ കാലം, രാജാഭാരം വഹിക്കാൻ രാജാക്കൻമാരില്ലാതെ ലോകം കീഴ്മേൽ മറിയുകയുണ്ടായി.ഉത്തമ സന്താനങ്ങൾക്കായി ബ്രാഹ്മണ വേഴ്ചയിലൂടെ ക്ഷത്രിയകുലം പുനർനിർമ്മിച്ചു, ക്ഷത്രിയ നാരികൾ. ഈ അവസരത്തിൽ അത്തരമൊരു പരിഹാരം ആണ് യുക്തം എന്നു നിശ്ചയിച്ചു.ഇതു കേട്ട സത്യവതി ഭീഷ്മരോട് പറഞ്ഞു:

“കുഞ്ഞേ, രാജ്യശ്രേയസ് മാത്രം ആഗ്രഹിക്കുന്ന നിന്നെപ്പോലൊരു മകൻ എനിക്കു പിറക്കാതെ പോയി. എങ്കിലും നീ അമ്മേ എന്നു വിളിക്കുന്നത് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. നിന്റെ സഹോദരപത്നിമാരിൽ ഉത്തമനായ ബ്രാഹ്മണ സന്താനമുണ്ടാകണം എന്ന നിന്റെ വിവേകം അഭിനന്ദനാർഹം തന്നെ. എന്നാൽ അതിനായി വേറെ എവിടെയും അന്വേഷിക്കേണ്ടതില്ല. എന്റെ സന്താനം തന്നെ അതിനായി യോഗ്യനായിട്ടുണ്ട്.”

ഇതുകേട്ട് അവിശ്വസനീയതയോടെ ഭീഷ്മർ, “അമ്മേ എന്റെ പിതാവിൽ നിന്നു പിറന്നത് രണ്ടു പേരല്ലേ, ഈ മൂന്നാമൻ എവിടെ നിന്നാണ് ? ” എന്നു ചോദിച്ചു.

“മൂന്നാമനല്ല അവനാണ് മൂത്തവൻ.” ഇത് ശന്തനുവുമായുള്ള വിവാഹത്തിനു മുൻപു ജനിച്ചവനാണ്. ഞാൻ ദാസരാജപുത്രിയായിരുന്നപ്പോൾ, തോണിയിൽ യാത്രികരെ അക്കരെ കടത്തുക എന്റെ ജോലിയായിരുന്നു. അന്നൊരിക്കൽ പരാശരമുനി എന്റെ തോണിയിൽ കയറി. മോഹിതനായ അദ്ദേഹം എന്നെ സ്വാധീനിച്ച് സമ്മതിപ്പിച്ചു. മത്സ്യഗന്ധിയായ എന്നെ യോജനദൂരം സുഗന്ധം വിതറുന്നവളായി മാറട്ടെ എന്ന് അനുഗ്രഹിച്ച്, എന്നിൽ പുത്രോൽപാദനം നടത്തി. ശിശുവിനെ രഹസ്യമായി മുനികളോടൊപ്പം കാട്ടിൽ വളർത്തി. അധികം താമസിയാതെ പരാശരൻ ഞങ്ങളെ ഉപേക്ഷിച്ചു.. അതിനു ശേഷം അവനെക്കുറിച്ച് ലോകത്തോടു പറയാനാവാതെ അവനെ മുനിവാടികകളിൽ തന്നെ വളർത്തി. അവിടെ വളർന്ന അവനിപ്പോൾ മഹാതപശ്ശക്തിയാൽ സമ്പന്നനാണ്. മറ്റാരുമല്ല, കൃഷ്ണദ്വൈപായനൻ എന്ന വ്യസനാണത് . ഇപ്പോഴയാളെ വരുത്തി വിചിത്രവീര്യവിധവകളിൽ പുത്രോൽപ്പാദനം ചെയ്യണമെന്ന് ആവശ്യപ്പെടൂ..

“ആ ശ്രേഷ്ഠബ്രാഹ്മണൻ ബന്ധു കൂടി ആണെന്ന സന്തോഷത്തോടെ അയാൾ വ്യാസനെ ആനയിക്കാൻ പുറപ്പെട്ടു. കാലങ്ങൾക്കു ശേഷം ബ്രഹ്മജ്ഞാനിയായി തിരിച്ചെത്തിയ വ്യാസനോട് കാര്യങ്ങൾ സത്യവതി വിശദീകരിച്ചു. ഹസ്തിന സാമ്രാജ്യത്തിനു അനന്തരാവകാശികളെ ജനിപ്പിക്കുന്ന ഉത്തരവാദിത്തം സ്വീകരിച്ച വ്യാസൻ അബിംക -അംബാലികമാരോടൊപ്പം കഴിഞ്ഞു. എന്നാൽ ആ വൃദ്ധസന്യാസിയുടെ ശ്യംഗാരം സഹിക്കാതെ ഒരിക്കൽ അംബിക ദാസിയെ അയാളുടെ അടുത്തേക്കയച്ചു. അങ്ങനെ മൂന്നു പേർ ഗർഭവതികളായി.

തന്റെ ജോലി തീർത്തു വ്യാസൻ തപോവനത്തിലേക്കു തിരിച്ചു പോയി. ധൃതരാഷ്ട്രരും പാണ്ഡുവും വിദുരരും ജനിച്ചു. ധൃതരാഷ്ട്രർ അന്ധനും പാണ്ഡു ശരീരമാകെ പാണ്ടുള്ളവനും ദാസിയുടെ മകനായ വിദുരർ ജ്ഞാനിയും ആയിരുന്നു. അതിനു ശേഷമുള്ള കഥയെല്ലാം നിനക്കും അറിവുള്ളതാണല്ലോ. പാണ്ഡുരാജനു മക്കൾ ജനിക്കാത്തതുകൊണ്ട് അയാളുടെ അനുവാദത്തോടെ ഭാര്യമാർ ഇതരബീജം സ്വീകരിച്ചു പാണ്ഡവരെ ജനിപ്പിക്കുകയും ഗാന്ധാരി സുയോധനാദികൾക്കു മാതാവാകുകയും ചെയ്തു. അങ്ങനെ കുരുവംശം മുഴുവൻ പലധാരകളായി ഒഴുകി ചേർന്ന വലിയൊരു നദിയാണ്. വിനയന്റെ വാക്കുകളിൽ നിന്ന് പാണ്ഡവരും കൗരവരും കൺമുന്നിലേക്കിറങ്ങി വന്നു. അപ്പോൾ പാണ്ഡവരുടെ ശക്തിരഹസ്യം അതാണ്! പുരോചനനതു പിടി കിട്ടി.

അപ്പോഴേക്കു ഉദയം രണ്ടു നാഴിക കഴിഞ്ഞിരുന്നു. വീഥികളിൽ കച്ചവടക്കാരും ധൃതിയിൽ നടക്കുന്ന അന്തപ്പുര വാസികളും പലവിധമായ ജോലികളിൽ ഏർപ്പെട്ട ആളുകളും നിറഞ്ഞു.പാചകശാലകളിൽ നിന്ന് പല പല വിഭവങ്ങളുടെ ഗന്ധവും പുകയും അവിടെയാകെ പൊങ്ങിപ്പടർന്നു. ഹസ്തിനയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നെത്തിയ കർഷകരിൽ ചിലർ കായ്കറികൾ അന്തപ്പുരത്തിലേക്കു തലച്ചുമടായി കൊണ്ടു പോകുന്നു. പശുപാലകർ പശുശാലകളിൽ നിന്ന് അറവുമാടുകളെ പുറത്തേക്ക് ആട്ടിത്തെളിക്കുന്നു.

“ശരി, പുരോചനാ, രാജാവിന്റെയും മന്ത്രിമാരുടെയും കാര്യാലോചന കഴിഞ്ഞെന്നു തോന്നുന്നു. എനിക്കു പോകണം. ആട്ടെ, നീയീ അതിരാവിലെ സുയോധനനെ കാണണം എന്നു പറഞ്ഞു പുറപ്പെട്ടതെന്തിനാണ്?

പുരോചനൻ ചെറുതായി പരിഭ്രമിച്ചു.”അ…. അതൊന്നുമില്ല. അദ്ദേഹത്തിന്റെ അംഗരക്ഷകൻ എന്ന നിലയ്ക്ക്, അതിരാവിലെ അദ്ദേഹത്തെ കാണുകയും, ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കുകയുമാണല്ലോ എന്റെ ജോലി. അതു തന്നെ.”

അയാൾ പറയുന്നത് മുഴുവൻ സത്യമല്ല എന്നു തോന്നിയെങ്കിലും വിനയന് ആ സംഭാഷണം നീട്ടിക്കൊണ്ട് പോകണം എന്നു തോന്നിയില്ല.

എങ്കിലും രാജാക്കൻമാരുടെ അഭിനന്ദനം പ്രതീക്ഷിച്ചോ സ്വാർത്ഥലാഭം പ്രതീക്ഷിച്ചോ രാജകീയ സമസ്യകളിൽ ഇടപെടുന്നത് നന്നല്ല എന്നു പറയണമെന്നു തോന്നി. നേരിട്ടു പറയാതെ ചെറുതായി സൂചിപ്പിച്ചു. അയാൾ.ചെറുപ്പക്കാരനായ പുരോചനന് താൻ പറയുന്നതു നല്ല കാര്യമായാലും കയ്പുള്ള മരുന്നു പോലെ തോന്നിയേക്കാം. അതയാൾ ചെവിക്കൊള്ളാതിരിക്കുന്നത് കൂടാതെ ചെയ്തിട്ടേ അടങ്ങൂ എന്നു നിനച്ചു പുറപ്പെട്ടേക്കാം

“സുയോധനന്റെ അംഗരക്ഷകത്വം ബഹുമാനവും പദവിയും കൊണ്ടു വരുമെന്ന് നിന്നെപ്പോലെയൊരു യുവാവു കരുതുന്നതിൽ തെറ്റില്ല. പക്ഷേ രാജാക്കൻമാരുടെ സിൽബന്ധിയായി നടക്കുന്നതും രാജ്യകാര്യങ്ങളിൽ പങ്കെടുക്കുന്നതും വാൾമുനയിലെ അഭ്യാസം പൊലെയാണ് കുട്ടി. അതു പാമ്പിൻപത്തിയുടെ നിഴലിൽ ജീവിക്കുന്ന എലിയെപ്പോലെയാണ്. മുന്നറിയിപ്പു പോലെ പറഞ്ഞു കൊണ്ട് വിനയൻ ധൃതരാഷ്ട്രരുടെ മന്ദിരം ലക്ഷ്യമാക്കി നടന്നു തുടങ്ങി. അയാളുടെ വാക്കുകൾ പൂർണ്ണമായി മനസിലായില്ലെങ്കിലും അതിലെ മുന്നറിയിപ്പ് ഒരു നിമിഷത്തേക്ക് പുരോചനനിൽ വിറയൽ പടർത്തി.

കവർ: സി പി ജോൺസൺ

+ posts

Emmanuel Mettles was born at Kannur in Kerala. She is a Post Graduate in English, Sanskrit and Psychology (social and health). Presently she is working in Telangana State, India, as a psychologist. She is a multilingual poet who writes in many periodicals. She has received many accolades including Kavya Koumudi award of Telangana Sahitya Akademy and Kala Ratna 2025 from GSM TV-9 Telangana for her literary works in different languages. She is a co-author in as many as 59 English poetry anthologies published in India and abroad and published 5 books on her own. Moreover she is a visual artist and translator  too.