എന്റെ അമ്മ ഫലഭൂയിഷ്ഠയായ കറുത്ത മണ്ണ്.
അവൾ ഹരിതപത്രങ്ങളുടെ വിതാനം.
ശുഭ്രപുഷ്പങ്ങളുടെ ഉത്സവം.
എരിയുന്തോറും വീര്യമേറുന്നത്.
നോവേറുന്തോറും കൂടുതൽ പൂക്കൾ, പഴങ്ങൾ.
മക്കളുടെ ചവിട്ടേൽക്കുമ്പോൾ
അവൾക്ക് അലൗകികമായ നിർവൃതി.
ചുമന്നിരുന്ന കുട്ട താഴെവച്ച് അവളൊന്നു ഞരങ്ങി.
പതിയെപ്പതിയെ മിഴികളടച്ചു,
ഇനിയൊരിക്കലും തുറക്കാത്തവണ്ണം.
ചോളം വിളയിച്ച് ഭർത്താവിനെ സന്തോഷിപ്പിച്ച്
കൈവള സ്നേഹസമ്മാനമായി നേടി.
മൺതടങ്ങളിൽ കുടത്താൽ വെള്ളമൊഴിച്ചു.
സ്വന്തം കൈകളാൽ മുളക്, പയർ, ചോളം, തുവര,
ഓരോന്നിനും നിലമൊരുക്കി.
തന്റെ ഭൂമി പൂത്തുലയുന്നത് അവൾ നോക്കിനിന്നു.
പഴയ കീറച്ചേലയിൽ മൂടിയ യൗവ്വനം മുഴുവൻ
അവൾ അതിനായി ചെലവഴിക്കുകയായിരുന്നു.
ഇപ്പോൾ അവൾ മരിച്ചിരിക്കുന്നു.
കൂനിക്കൂടിയ ഈ വൃദ്ധയ്ക്ക് ഇപ്പോൾ
എത്ര വയസ്സുണ്ടായിരുന്നിരിക്കണം ?
എത്ര ചന്ദ്രോദയങ്ങൾ അവൾ കണ്ടിട്ടുണ്ടായിരിക്കും ?
അടുപ്പിനു മുന്നിലിരുന്ന് എത്രയെത്ര അപ്പങ്ങൾ
അവൾ ചുട്ടുവിളമ്പിയിട്ടുണ്ടായിരിക്കണം. ?
എത്ര വട്ടം ഈ കിഴവി ആരുമറിയാതെ
തേങ്ങിക്കരഞ്ഞുപോയിട്ടുണ്ടാകും ?
നഷ്ടപ്പെട്ട നാണയങ്ങളുടെ പേരിൽ,
നശിച്ചുപോയ വിളകളുടെ പേരിൽ,
ചത്തുപോയ പശുക്കിടാവിന്റെ പേരിൽ,
എത്ര തവണ നെഞ്ചുതല്ലി കരഞ്ഞിട്ടുണ്ടാകും. ?
കാണാതായ എരുമയെത്തേടി എത്ര വട്ടം
ഗ്രാമങ്ങൾതോറുമവൾ അലഞ്ഞുനടന്നിട്ടുണ്ടാവും ?
സതിയോ സാവിത്രിയോ ജാനകിയോ
ഊർമ്മിളയോ ആയിരുന്നില്ല അവൾ.
ചരിത്രപുസ്തകങ്ങളിൽ കാണാറുള്ള ശാന്തവും
പരിശുദ്ധവും ഗാംഭീര്യമുള്ളതും ആയ
സ്ത്രീരൂപമായിരുന്നില്ല അവളുടേത്.
ഗാന്ധിജിയുടേയോ ശ്രീരാമകൃഷ്ണന്റേയോ
പത്നിമാരെപ്പോലെ ആയിരുന്നില്ല അവൾ.
സുമംഗലികൾ അണിയാറുള്ള കുങ്കുമംപോലും
അവൾ നെറ്റിയിൽ ചാർത്തിയിരുന്നില്ല.
കാട്ടിലെ കരടിയെപ്പോലെ കുഞ്ഞുങ്ങളെ പെറ്റുപോറ്റി.
കണവനെ ശുശ്രൂഷിച്ചു,
ദുരിതകാലത്തേക്കായി സാരിത്തുമ്പിൽ
നാണയത്തുട്ടുകൾ ശേഖരിച്ചു.
മുറിവേറ്റ ഒരു നായയെപ്പോലെ കുരച്ചുചാടി,
ശപിച്ചു, പിറുപിറുത്തു, വഴക്കിട്ടു.
ഒരു പെൺകുരങ്ങിനെപ്പോലെ നിസ്സാരകാര്യങ്ങളിൽ
ശണ്ഠകൂടി, എല്ലാം തന്റെ കുടുംബത്തിനുവേണ്ടി.
അവൾ കോപത്താൽ ജ്വലിക്കാറുണ്ടായിരുന്നു..
മകൻ വഴിതെറ്റിപ്പോകുന്നതറിയുമ്പോൾ,
ഭർത്താവ് മറ്റൊരിടത്തു ചിറ്റം കൂടാൻ പോയപ്പോൾ,
അപ്പോൾ മാത്രം അവൾ ഉറഞ്ഞുതുള്ളി.
കാട്ടുകരടിക്ക് നിങ്ങളുടെ ഭഗവത്ഗീത കൊണ്ട്
എന്താണ് പ്രയോജനം ?
എന്റെ അമ്മ ജീവിച്ചത് ധാന്യങ്ങൾക്കും
അദ്ധ്വാനത്തിനും മക്കൾക്കും വേണ്ടിയാണ്.
തലയ്ക്കുമേലെയൊരു കൂരയ്ക്കും
അന്നത്തിനും റൊട്ടിക്കും കമ്പിളിക്കും.
മറ്റുള്ളവരെപ്പോലെ തലയുയർത്തി നടക്കാനുമാണ്.
അവൾക്കായിതാ സ്നേഹത്തിന്റെ, കൃതജ്ഞതയുടെ
കണ്ണുനീരിൽ കുതിർന്ന അഞ്ജലി.
പെറ്റുപോറ്റിയതിന്, മണ്ണിലും ചെളിയിലും മടച്ചതിന്.
ശാന്തമായസ്വരത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ
വീട്ടിൽനിന്നും വയലിലേക്കുിറങ്ങിപ്പോകുംപോലെ
അനായാസമായി നിശ്ശബ്ദമായി വിടവാങ്ങിയതിന്.
പി. ലങ്കേഷ്. (കന്നഡ )
മൊഴിമാറ്റം – രാമൻ മുണ്ടനാട്.
കവർ: സി പി ജോൺസൺ
സ്വദേശം നിളാതീരത്തെ മായന്നൂരില്‍. ഇപ്പോള്‍ താമസം ആറാട്ടുപുഴ. ജോലി തൃശ്ശൂര്‍ എസ്.എന്‍.എ.ഔഷധശാലയില്‍. ആനുകാലികങ്ങളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും കവിതകള്‍, കുറിപ്പുകള്‍ മുതലായവ ക്കു പുറമേ അന്യഭാഷാകവിതകളുടെ മൊഴിമാറ്റവും നിര്‍വ്വഹിക്കുന്നു.

















