കാത്തിരിക്കുന്നില്ല
എപ്പോൾ എത്തുമെന്നറിയില്ല
സ്വപ്നങ്ങൾക്ക് മുകളിൽ
കയറി, നിറം
കൊടുക്കുമ്പോഴോ
അല്ലെങ്കിൽ
പ്രാരാബ്ധങ്ങൾ
നുള്ളിപ്പെറുക്കിയ
യാത്രയിലാകാം.
അതുമല്ലെങ്കിൽ
കണക്കുകൂട്ടലുകൾക്കപ്പുറം
ഇടയിലെപ്പോഴെങ്കിലും
അവൻ വന്നു മടങ്ങുമ്പോൾ
എന്നെ കണ്ടുമുട്ടുന്ന
സുഹൃത്തേ,
പരിചയമില്ലെങ്കിലും
എന്റെ വേഷങ്ങളുടെ
നിറങ്ങൾ പടർന്ന
എന്റെ ഉടുമുണ്ട് കൊണ്ട്
പുതപ്പിക്കുക
അതിൽ
വേദനകൾ തുടച്ച
കറയുണ്ട്
പെയ്തു തോരാത്ത
കണ്ണിലെ നനവും
ഉള്ളു തിളച്ചൂറിയ
ഉപ്പിന്റെ നീറ്റലുമുണ്ട്
തോറ്റുപോകാതിരിക്കാൻ
മുറുക്കിക്കെട്ടിയ
പാടുണ്ട്
കോന്തലയിൽ
ഓർമ്മകൾ
പൊതിഞ്ഞുകെട്ടിയ
വിശപ്പിന്റെ വിളിയുണ്ടാകാം
സ്നേഹിച്ചുതോറ്റ
ഹൃദയത്തിന്റെ
മുറിവിൽ നിന്നും
പൊടിഞ്ഞ
രക്തമുണ്ടാകും
പരിഭവിക്കാതെ
നടന്ന വഴികളിൽ
തട്ടിക്കീറി
അരികു നഷ്ടപ്പെട്ട
ഒറ്റമുണ്ടിൽ
മറന്ന വഴികളുടെ
ഓർമ്മകൾ പേറുന്ന
മണൽത്തരികൾ ഉണ്ടാകും
അതുകൊണ്ട്
മറ്റെന്ത് പുതച്ചാലും
എനിക്ക് സ്വസ്ഥമായി
ഉറങ്ങാനാകില്ല
മറ്റൊന്നുകൊണ്ടും
എന്റെ നീളവും വീതിയും
ഞാൻ മറന്ന
എന്റെ മുഖവും
നിനക്ക്
മറച്ചുവയ്ക്കാനാകില്ല
അതുകൊണ്ട്
ആഗ്രഹങ്ങളുടെ
അവസാനത്തെ വരിയിൽ
തെറ്റിയ അക്ഷരങ്ങളുടെ
വിലാപങ്ങൾക്കിടയിൽ
ഈ ഒറ്റമുണ്ടും കൂടി
ചേർത്തുവയ്ക്കുന്നു.
കവര്: ജ്യോതിസ് പരവൂര്