ആട്ടം’ എന്ന ചലച്ചിത്രത്തിന്‍റെ ഒരു ചുവര്‍പരസ്യം എന്നെ ഓര്‍മ്മിപ്പിച്ചത് ലിയൊനാര്‍ഡോ ദവിന്‍ചിയുടെ ‘അന്ത്യത്താഴ’ (The Last Supper) മാണ്. ഒന്നുകൂടി അതിലേയ്ക്കിറങ്ങിയാല്‍ പ്രധാന കഥാപാത്രമായ അഞ്‌ജലി (Zarin Shihab) യേശുവാകുന്നതും ചുറ്റും കൂടിയ പന്ത്രണ്ടു പേര്‍ സുഹൃത്തുക്കളോ ശിഷ്യരോ ആകുന്നതും കാണാം. പ്രസിദ്ധമായ ‘അന്ത്യത്താഴം’ ഇറ്റലിയിലെ മിലാനിലെ സാന്‍റ മറിയ ഡീല്ലെ ഗ്രാറ്റ്‌സിയെ പള്ളി സമുച്ചയത്തിലാണെങ്കിലും അതിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്‌ചകളായും സംഭാഷണപ്രതികരണങ്ങളായും പല ചിത്രകാരന്മാരും പകര്‍ത്തിയ ചിത്രങ്ങള്‍ ലോകത്തിലെ പല കൗതുകാഗാരങ്ങളിലുമായി നമുക്കിന്നു കാണാന്‍ കഴിയും. ദവിന്‍ചിക്കു പുറമേ അന്ത്യത്താഴത്തിന്‍റെ വൈവിധ്യമാര്‍ന്ന രസഭാവങ്ങള്‍ അവരവരുടെ ഭാവനകള്‍ക്കനുസൃതമായി സ്റ്റിഫാനോ ഡി ജിയോവനി, മാര്‍ഗരേറ്റ കാപ്‌സിയ, ഗൊഡെന്‍സിയ ഫെറാറി തുടങ്ങി ഒട്ടേറെപ്പേര്‍ വരച്ചതോര്‍ക്കുമ്പോള്‍ എന്‍റെ താരതമ്യത്തിനു പ്രസക്തിയേറുന്നുണ്ട്.
ഇളക്കവും, നൃത്യവും, ചാഞ്ചല്യവും, സംശയവും, കളിയും, അഭിനയവും എല്ലാം ‘ആട്ട’ത്തിന്‍റെ അര്‍ത്ഥാന്തരങ്ങളില്‍പ്പെടുന്നുണ്ട്. ചലച്ചിത്രമേളകളിലെ ഓരോ പ്രദര്‍ശനം കഴിയുമ്പോഴും ആനന്ദ് ഏകര്‍ഷി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ആട്ടം’ എന്ന ചലച്ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടു മുന്നേറുകയായിരുന്നു. പൊതുപ്രദര്‍ശനങ്ങള്‍ക്കിനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഒരു നാടകക്കൂട്ടത്തിന്‍റെ അവതരണം എന്നു കേള്‍ക്കുമ്പോള്‍ ഒത്തിരി സന്ദേഹങ്ങളില്‍ നിന്നുടലെടുത്ത ആകാംക്ഷകള്‍ കൂടെയുണ്ടായിരുന്നു. അതിനെയെല്ലാം അകറ്റിക്കൊണ്ട്, തികച്ചും നമുക്കിടയില്‍ നടക്കുന്നൊരു മാനസികവ്യാപാരമാക്കി ലഘൂകരിച്ച് അവതരണത്തിന്‍റെ പരമണ്ഡലങ്ങളിലേയ്ക്ക് ആട്ടം നമ്മളെ കൊണ്ടുപോകുന്നുണ്ട്. നാടക-ചലച്ചിത്രഗാത്രങ്ങളില്‍ നിന്നുകൊണ്ട് പിന്നാമ്പുറക്കഥകള്‍ പറയുന്ന ചലച്ചിത്രങ്ങള്‍ താരതമ്യേന ജനപ്രിയമാകുന്നതിന്‍റെ ഒരു കാരണം അങ്ങോട്ടുള്ള പ്രവേശനം ഭൂരിപക്ഷത്തിനും പരിമിതമായതുതന്നെയാവണം. അതുകൊണ്ടുതന്നെ അതൊരു പരീക്ഷണസംരംഭമായിത്തന്നെ വേണം കണക്കിലെടുക്കാന്‍. കൃത്യമായ ഒരു ഉത്തരത്തിലേയ്‌ക്കെത്തിച്ചേരാന്‍ കഴിയാത്ത പരമാര്‍ത്ഥജ്ഞാനാന്വേഷണത്തിന്‍റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തെടുത്ത ഒരു ചിത്രമാണ് ‘ആട്ടം’. ശക്തമായ ഒരു തിരക്കഥയുടെ അടിത്തറ അതിനുണ്ട്. ഒരു ചലച്ചിത്രാനുഭവം ഇതുവരെ കണ്ട കാഴ്‌ചകളുടെ മുകളിലാണല്ലോ നമ്മെ എത്തിച്ചിരിക്കുന്നത് എന്നു തോന്നുമ്പോഴാണല്ലോ അത് ഉദാത്തമായി തോന്നുന്നതുതന്നെ. അങ്ങനെ ചിന്തിക്കുമ്പോള്‍, ഏതു താരതമ്യവേദികളിലും ആട്ടം മുകളിലെത്തുകയാണ്.
ആനന്ദ് ഏകർഷി
ഒരു നാടകക്കൂട്ടത്തിലെ പ്രധാനനടനായ ഹരിയുടെ സുഹൃത്തുക്കളായ വിദേശികള്‍ അവരുടെ റിസോര്‍ട്ടില്‍ സംഘത്തിനായി ഒരു വിരുന്നൊരുക്കുകയാണ്. അവിടെ നടക്കുന്ന സംഭവങ്ങളാണ് ‘ആട്ടം’ പറയുന്ന കഥ. കൂട്ടത്തില്‍ വിവിധ കാഴ്ചപ്പാടുള്ളവരുണ്ട്. അവര്‍ക്കിടയില്‍ സ്വാര്‍ത്ഥരും, സത്യസന്ധരും, നീതിമാന്മാരും, മലക്കം മറിയുന്നവരും, ചതിയന്മാരുമുണ്ട്. സ്വയം സൂര്യനായും മറ്റുള്ളവരെ ഉപഗ്രഹങ്ങളായും കരുതുന്നവരുണ്ട്. മാന്യമായ രീതിയില്‍ ആഗ്രഹങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. താപ്പുകളും തഞ്ചവും തേടിനടക്കുന്നവരുണ്ട്. വാക്കുകള്‍ക്ക് വില കല്പിക്കുന്നവരും വാക്കുകള്‍ വൈവിധ്യവസ്ത്രങ്ങളാക്കുന്നവരുമുണ്ട്.
പ്രണയവും, നിരാകരണവും, നര്‍മ്മവുമുണ്ട്. ഇവരുടെയൊക്കെ വിവിധസന്ദര്‍ഭങ്ങളിലുള്ള മാനസികാവസ്ഥകള്‍ എത്തിച്ചേരുന്ന ഒരു രാഷ്ട്രീയമാണ് ‘ആട്ടം’ ആടിത്തീര്‍ക്കുന്നത്.
അഹമഹമികയാ ആടി മുന്നോട്ടുവരുന്നവരില്‍ വിനയ് ഫോര്‍ട്ടും കലാഭവന്‍ ഷാജോണും സെരീന്‍ ശിഹാബും മദന്‍ ബാബുവും നന്ദന്‍ ഉണ്ണിയുമെല്ലാമുണ്ട്. എല്ലാ അഭിനേതാക്കളും അവരവരുടെ ആട്ടപ്രകാരങ്ങള്‍ മികച്ചതാക്കിത്തീര്‍ത്തു. ഏറെപ്പേരും ഡോ. ചന്ദ്രദാസന്‍ നേതൃത്വം കൊടുക്കുന്ന, കൊച്ചിയിലെ ലോകധര്‍മ്മി നാടകവീട്ടിലെ അംഗങ്ങളാണ്.
തിരക്കഥയുടെ സാദ്ധ്യസിദ്ധികള്‍ കൂടിയാടലിന്‍റെ കാഴ്ചോത്സവമാക്കി നമുക്കു മുമ്പിലേയ്ക്ക് പകര്‍ത്തുന്നത് തികച്ചും നവാഗതനായ സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയാണ്. അതിനു ദൃശ്യമിഴിവേകിയത് ഛായാഗ്രാഹകനായ അനിരുദ്ധ് അനീഷ്. ചിത്രസംയോജനം: മഹേഷ് ഭുവനേന്ദ്. സബ്ദസന്നിവേശം : രംഗനാഥ് രവി.
ജോയ് മൂവി പ്രോഡക്ഷന്‍സിനുവേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡോ. അജിത് ജോയ്.
ലോസ് ആഞ്ചെലസിലെ രാജ്യാന്തരചലച്ചിത്രോത്സവത്തില്‍ Grand Jury Award നേടിക്കൊണ്ടാണ് ‘ആട്ടം’ അതിന്‍റെ ജൈത്രയാത്ര തുടങ്ങുന്നത്. നവംബറില്‍ ഗോവയില്‍ നടന്ന ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പാനൊരാമ വിഭാഗത്തില്‍ ഉദ്‌ഘാടനചിത്രമായിരുന്നു ‘ആട്ടം’. മുംബൈ-മാമി ഫെസ്റ്റിവലില്‍ ആട്ടം നിറഞ്ഞസദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഈയിടെ തിരുവനന്തപുരത്ത് അവസാനിച്ച കേരളത്തിന്‍റെ ചലച്ചിത്രോത്സവത്തില്‍ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് (NETPAC) പുരസ്ക്കാരം നേടിയതും ‘ആട്ടം’ ആണ്.
2024 ജനുവരി അഞ്ചിനു ‘ആട്ടം’ നാടടക്കം ആടിത്തുടങ്ങുന്നു.
കവർ : ജ്യോതിസ് പരവൂർ