പൂമുഖം LITERATURE എന്‍മകജെ : വിരാമമില്ലാത്ത വേദനയുടെ , സമരത്തിന്‍റെ ഭൂപടം

എന്‍മകജെ : വിരാമമില്ലാത്ത വേദനയുടെ , സമരത്തിന്‍റെ ഭൂപടം

“ തരുപക്ഷിമൃഗങ്ങളോടുമി-
നരരോടും സുരരോടുമെന്നുമേ
ഒരുമട്ടവരുളിലേന്തുമ-
സരള സ്നേഹരസം നിനപ്പു ഞാന്‍ “
(ആശാന്‍)
കുന്നുകളുടെ, സുരങ്കങ്ങളുടെ, തേനീച്ചകളുടെ, പുലികളുടെ, നാഗങ്ങളുടെ, എട്ട് സംസ്കൃതികളുടെ,സത്യത്തിന്‍റെ നാടായ എന്‍മകജെ; പക്ഷെ നാടിനുപുറത്തു രേഖപ്പെട്ടത് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്‍റെ പേരിലാണ്.നിത്യവേദനയുടെ ,നിത്യദുഖത്തിന്‍റെ, നിരന്തരസമരത്തിന്‍റെ ഭൂമികയാണ് എന്‍മകജെ. ചെറുകഥകളായും, ഡോകുമെന്‍ററികളായും ലേഖന സമാഹാരങ്ങളായും എന്‍ഡോസള്‍ഫാന്‍ ദുരന്തം നിരവധി രീതിയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവരാശി അഭിമുഖീകരിച്ച വലിയ ദുരന്തങ്ങളിലൊന്നിന്‍റെ നോവല്‍ ആവിഷ്ക്കാരമാണ് എന്‍മകജെ
.
ബഹുസ്വരതയാണ് നോവലിന്‍റെ കാതല്‍. മിഖായേല്‍ ബഖ്തിനെ തുടര്‍ന്നുള്ള ചിന്തകര്‍ നോവലിനെകുറിച്ചു സംസാരിക്കുമ്പോള്‍ മുഖ്യമായും ഊന്നുന്നത് ആഖ്യാനത്തിലുള്‍ച്ചേരുന്ന പലമയിലാണ്. ബഹുശാഖയായി പടരുന്ന ജീവിതമഹാവൃക്ഷമാണ് നോവല്‍. ഇതിഹാസ സമാനസൃഷ്ടിയായി നോവലിനെ പരിഗണിക്കുന്നു. ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന ഏടുകളെ നോവല്‍ നിരനിരയായി ചേര്‍ത്തു വിളക്കുന്നു. കാല ദേശങ്ങളെ കവിഞ്ഞു ഒഴുകുന്ന പ്രവാഹമായി നോവല്‍ രൂപം പ്രാപിക്കുന്നു. വിഭിന്ന ഭാഷ വ്യവസ്ഥയുടെ, ജീവിതദര്‍ശനത്തിന്‍റെ സംഘര്‍ഷ ഭൂമിയാണ് നോവല്‍.
‘എന്‍മകജെ എന്ന ദേശനാമം തന്നെയാണ് നോവലിന്നും. പ്രസ്തുത നോവലിന്‍റെ ഇംഗ്ലിഷ് പരിഭാഷയാണ് സ്വര്‍ഗ. 2009 ലാണ് എന്‍മകജെയുടെ ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 17 ആം പതിപ്പില്‍ എത്തിനില്‍ക്കുന്ന നോവല്‍ നിരവധി ചര്‍ച്ചകളിലൂടെ കടന്നു പോയി. വിവിധ സര്‍വകലാശാലകളില്‍ പാഠപുസ്തകമായി.
നോവല്‍ മാത്രമല്ല ഈ കാലയളവില്‍ ദേശവും വായിക്കപ്പെട്ടു. ദേശം പോലെ സങ്കീര്‍ണമാണ് നോവല്‍ ഘടനയും. ദേശം നിര്‍മിക്കപ്പെടുന്നത് മിത്ത്, ചരിത്രം, വിശ്വസം, അനുഷ്ഠാനം, കഥകള്‍, തുടങ്ങിയവയിലൂടെ യാണ്. ഭൂമിശാസ്ത്രവിവരങ്ങള്‍ ഭൂപടം വഴി വ്യക്തമാവും. പക്ഷേ ഭൂപടം പറയുന്ന അതിരുകള്‍ക്ക് അപ്പുറം ദേശത്തെ നിര്‍ണയിക്കുന്ന ചിലതുണ്ട്.ജടാധരിമലയും ഒപ്പംഎണ്ണുന്ന കുന്നുകളും, കോടങ്കിരി തോടും ,പൂച്ചപാതാളവും, അംഗരാജയും, സത്യപടികളും ദേശത്തെ നിര്‍മ്മിക്കുന്നു. ജനതയുടെ നിത്യ ജീവിതത്തില്‍ കൃത്യമായ സ്വാധീനം ചെലുത്തുന്നു. സുഖങ്ങള്‍ക്കും ദുഖങ്ങള്‍ക്കും ഹേതുവായി ജടധാരിമൂര്‍ത്തിയുടെ അനുഗ്രഹ ശാപങ്ങളെ കണക്കാക്കുന്നു. അനുഷ്ഠാനബന്ധിതമായ ജീവിത ശൈലി (‘ഹന്ത ! പഴകിയ ശീലം പോലെ ബന്ധനമുണ്ടോ ലോകത്തില്‍’ എന്നു വൈലോപ്പിള്ളി) രോഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം ജടാധരിയുടെ കോപമാണെന്ന കാരണത്തിലെത്താന്‍ അവരെ പ്രേരിപ്പിക്കുന്നു. ദേശം രൂപപ്പെടുത്തിയ വ്യക്തിബോധം നിരവധി അധിനിവേശങ്ങള്‍ക്ക് വിധേയമായ ഇടമാണ്. ആദിമകാലം മുതല്‍ ആരംഭിക്കുന്ന അധികാരത്തിനായുള്ള കിടമത്സരം പുരാവൃത്തമായും, ചരിത്രമായും, പുരാണമായും എന്‍മകജെയുടെ വ്യക്തിമനസില്‍ പതിഞ്ഞു കിടപ്പുണ്ട്. ജൈനമതവിശ്വാസികളായ ബെള്ളളനും, അവരെ കീഴടക്കിയ ശീവോളി ബ്രാഹ്മണനും, അവര്‍ക്ക് പിന്നാലെ അവിടെ പാര്‍പ്പ് ഉറപ്പിച്ചവരും, അവരെയൊക്കെ വിടാതെ പിന്തുടര്‍ന്ന ദുരിതങ്ങളും, സ്റ്റേറ്റിന്‍റെ ജനവിരുദ്ധ സമീപനങ്ങളും ദേശജീവിതത്തില്‍ നിര്‍മിച്ച ആഴമേറിയ മുറിവുകളാണ്.ഘട്ടം ഘട്ടമായി നോവല്‍ പരിശോധിക്കുന്നത് ഒരു ഗവേഷകന്‍റെ മനോഘടന നോവലിന്‍റെ പിറകില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. അത് ഒരേ സമയം ഗുണവും ദോഷവും ആയി മാറുന്നു. സ്വഭാവികതയെ തകര്‍ക്കുന്നു. എന്നാല്‍ പ്രമേയം ആഴത്തില്‍ ചര്‍ച്ച ചെയ്യാനുള്ള ശ്രമം ഓരോ ഭാഗത്തും കാണാം.

ഓരോ കാലത്തെയും അധികാരശക്തികളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായ ജീവിത രീതിയാണ് എണ്‍മകജെയിലെ ജനങ്ങള്‍ പിന്തുടരുന്നത്. മിത്തും ചരിത്രവും കുഴമറിഞ്ഞു രൂപപ്പെടുത്തിയതാണ് എണ്‍മകജെയുടെ ഭൂതകാലം. ശാസ്ത്രത്തിന്‍റെ അറിവുകള്‍ക്ക് ഈ പ്രദേശത്തെ സ്പര്‍ശിക്കുന്നതില്‍ വിലങ്ങുതടിയാവുന്നത് ദേശത്തിന്‍റെ ഭൂതകാല സ്മൃതികളാണ്. ജടാധരിഭൂതത്തിന്‍റെ കരങ്ങള്‍ അത്രയെളുപ്പം തങ്ങളെ വിട്ടു പോകില്ലെന്ന ബോധ്യം ദേശത്തിലെ ഓരോ പാര്‍പ്പുകാരനുമുണ്ട്. ശീവോളി ബ്രാഹ്മണര്‍ അധികാരം സ്ഥാപിക്കാനായി എറിഞ്ഞുടച്ചത് ജടാധരിയുടെ ആരൂഢമാണ്. ഗോത്രജീവിതത്തിന്‍റെ സ്വത്വം ആലേഖനം ചെയ്ത സ്ഥാനത്തിന്‍റെ തകര്‍ച്ച തങ്ങളുടെ നാശമാണെന്ന തോന്നല്‍ ദേശവാസികളുടെ അബോധത്തില്‍ രൂപപ്പെട്ടു. ജടാധാരി കുറത്തിയാല്‍ പുനര്‍ജനിക്കുകയും ദേശവാസികളെ രോഗപീഡയിലാഴ്ത്തുകയും ചെയ്തപ്പോള്‍ തങ്ങളുടെ കര്‍മഫലമാണ് ഇതെന്ന് ശീവോള്ളി ബ്രാഹ്മണര്‍ കരുതി.വിശ്വാസത്തിന്‍റെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതു കാണാം. ശിക്ഷകനും രക്ഷകനും ശാസ്ത്രമാണെന്ന അറിവിലേക്ക് ജനതയെ അവരുടെ വിശ്വാസങ്ങള്‍ ഉയര്‍ത്തുന്നില്ല.

ദേശത്തിന്‍റെ ആത്മാവു കഥകളാണ്. ഗോത്ര മൂപ്പന്‍ പിഞ്ചി പറയുന്ന കഥകള്‍, വിഷമഴയുടെ വേദന ഏറ്റുവാങ്ങിയ ഓരോ കുടുംബത്തിനും ഓരോ കഥകള്‍, നീലകണ്ഠന്‍ പരിചയപ്പെടുന്ന പ്രദേശങ്ങള്‍ക്കും നീലകണ്ഠനും ദേവയാനിക്കും പറയാനുണ്ട് കഥകള്‍. അനേകം ചെറുകഥകള്‍ ചേര്‍ന്ന് രൂപപ്പെടുന്ന വലിയ കഥയാകുന്നു നോവല്‍.(അനേകം ചെറു‘കദന’ങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന വലിയ കദനം!!! ) ഉറൂബ് തന്‍റെ വിഖ്യാത നോവലിന്‍റെ ആമുഖത്തില്‍ “ഇതൊരു വലിയ കഥ” എന്നാണ് പറയുന്നത്. ഭൂതകാലവും വര്‍ത്തമാനവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം ദേശം കഥകള്‍ നിര്‍മിക്കുന്നു. കഥകളിലൂടെ സമാന്തര ജീവിതത്തില്‍ ഏര്‍പ്പെടുന്നു. നീലകണ്ഠന്‍ ഗുഹയോടും ദേവയാനി കണ്ണാടിയോടും നടത്തുന്ന ഭാഷണങ്ങള്‍ ആത്മഭാഷണങ്ങളാണ്. കണ്ണാടിയില്‍ പ്രതിബിംബവും, ഗുഹയില്‍ നിന്നു പ്രതിധ്വനീയും അവരിലേക്ക് എത്തുന്നു. അവരുടെ ഭൂതകാലവും അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് കഥകള്‍ നിറഞ്ഞ എന്‍മകജെയില്‍ വച്ചാണ്. ഗോത്രമൂപ്പന്‍ പിഞ്ചിയുടെ കഥകളില്‍ ചരിത്രവും, ഭൂമിശാസ്ത്രവും, പുരാവൃത്തവും കൂടിമറിഞ്ഞു കാണാം. ജടധാരി ഭൂതകാദയും, ലോകത്തില്‍ സത്യം നിലനില്‍ക്കുന്ന തപസ് ചെയ്യുന്ന ബാലാഖില്യന്‍മാരുടെ കഥയും, സത്യപടിയും ഗോത്രമൂപ്പനില്‍ നിന്നു നീലകണ്ഠന്‍ ശ്രവിച്ച ആഖ്യാനങ്ങളാണ്. കഥകളാല്‍ രൂപപ്പെട്ട മനസ്സ് ഒഴുകുന്ന ജലം പോലെ പരിശുദ്ധമാണ്. നീലകണ്ഠന്‍റെ രോഗബാധിതമായ മനസ്സ് പിഞ്ചിമൂപ്പന്‍റെ കഥകള്‍ വഴിയാണ് സുഖപ്പെടുന്നത്. അയാളെ പ്രാപ്തനാക്കിയത് ദേശത്തിന്‍റെ കഥകള്‍ കൂടിയാണ്.

ഭൂപ്രദേശത്തിന്‍റെ മിത്തും പുരാവൃത്തവും മാത്രമല്ല, അവിടെ നാമ്പിട്ട സസ്യ ജന്തു ജീവിതവും ആഖ്യാനത്തിന് ദൃഢത നല്കുന്നു. ദേശം മനുഷ്യരുടെ മാത്രമല്ലെന്നും ദൃശ്യവും അദൃശ്യവുമായ മറ്റ് ജീവിതങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും നോവല്‍ പറഞ്ഞുറപ്പിക്കുന്നു. ശുകനെന്ന അണ്ണാനും, സുഗ്രീവനെന്ന കുരങ്ങനും, കുന്ന് ഭരിക്കുന്ന ശങ്ഖപാലനും, ഇടയ്ക്കിടെ പ്രത്യക്ഷരാവുന്ന ചിത്രശലഭവും, സര്‍പ്പവും മനുഷ്യരോടൊപ്പം തന്നെ ദുരിതങ്ങളില്‍ പങ്കാളിയാവുന്നുണ്ട്. എന്‍മകജെയുടെ അതിഥി സ്നേഹം നോവലിന്‍റെ പല സന്ദര്‍ഭങ്ങളില്‍ വ്യക്തമാവുന്നുണ്ട്. ദേശവാസികള്‍ എല്ലാവരേയും സ്വീകരിച്ചു തങ്ങളുടെ മൊഴിയില്‍ കുടിയിരുത്തി. ഇരുപത്തിയഞ്ച് വര്‍ഷം എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ചുറ്റും പടര്‍ന്നിട്ടും, ഒരു തലമുറ രോഗകയത്തില്‍ വീണിട്ടും അതൊക്കെ തങ്ങളുടെ പൂര്‍വികരുടെ കൈപ്പിഴയായി കരുതി ദു:ഖിക്കുന്നു.

”അത്യാപത്തിനെപ്പോലും വിധിയായി കരുതി സമാധാനിക്കുന്ന നിഷ്കളങ്കരായ മനുഷ്യര്‍” (പേജ് 97)

അധികാരശക്തികള്‍ വ്യക്തിയുടെ സ്വൈര്യജീവിതത്തിനു നിരന്തരം ഭംഗം വരുത്തുകയും, മുതലാളിത്ത താത്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രകൃതി വിഭവങ്ങളുടെ അടിത്തട്ട് വരെ തുരന്നെടുക്കുകയും ചെയ്യുന്നുവെന്ന് വര്‍ത്തമാന ഇന്ത്യന്‍ ജീവിതം പരിശോധിച്ചാല്‍ വ്യക്തമാവും. മാക്സിമം പ്രോഫിറ്റ് എന്ന ലക്ഷ്യത്തിന്നായി നിത്യേന എത്ര മനുഷ്യരാണ് നിരാലംബരാക്കപ്പെടുന്നത്. മാര്‍ക്സ് അഭിപ്രായപ്പെട്ടതുപോലെ മുതലാളി തൊഴിലാളിയുടെ അധ്വാനം ചൂഷണം ചെയ്യുന്നതിനു സമമാണ് മനുഷ്യന്‍റെ പ്രകൃതിവിഭവങ്ങളുടെ ചൂഷണം. അധികാരത്തിന്‍റെ എക്കാലത്തെയും പ്രധാന നടപടി ദേശത്തെ വ്യക്തി ജീവിതം ക്രമപ്പെടുത്തലാണ്. സ്വച്ഛന്ദമായ ഒഴുക്കിന് തടയിട്ട് നിയമസംഹിതകളാല്‍ സ്വതന്ത്രാവിഷ്കാര ങ്ങളെ നിരോധിക്കുന്നു. ഇതൊരു സാമാന്യവല്‍കരണമല്ല. പക്ഷേ നമുക്ക് ഇടയ്ക്കിടെ “നാം ഒരു തോറ്റ ജനതയാണ് “എന്ന്‍ പറയേണ്ടിവരുന്നു. തെളിഞ്ഞ ചിരി ചിരിക്കുന്ന നേതാവായും, പരാതി നല്‍ക്കാന്‍ വരുന്നവരെ ആട്ടി ഇറക്കുന്ന മന്ത്രിയായും നോവലില്‍ അധികാര രൂപങ്ങളെ കാണാം. നമ്മുടെ ആഖ്യാനങ്ങള്‍ ശീലിച്ച അധികാര രൂപങ്ങളുടെ നിര്‍മിതി തന്നെയാണ് നോവലിസ്റ്റ് ഈ കൃതിയിലും പിന്തുടരുന്നത്. അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. വ്യവസ്ഥയുടെ നിര്‍മിതിയില്‍ ജനാധിപത്യ രാജ്യത്തില്‍ ഓരോ പൌരനും ഉത്തരവാദിത്വമുണ്ട്. നിസ്സഹായരായ ഏതാനും മനുഷ്യര്‍ മാത്രമല്ല ആഖ്യാനത്തെ നയിക്കുന്നത്. കൃത്യമായ രാഷ്ട്രീയബോധമുള്ള നിരവധി പേരുടെ പ്രവര്‍ത്തനമാണ് സര്‍ക്കാരിന്‍റെ അത്യന്തം മനുഷ്യത്വവിരുദ്ധമായ നടപടിയെ പറ്റി ലോകത്തെ അറിയിച്ചത്. നോവല്‍ ചരിത്രത്തെ കാലക്രമത്തില്‍ രേഖപ്പെടുത്തുന്ന ആഖ്യാനമായല്ല. മറിച്ച് സമൂഹം ചര്‍ച്ച ചെയ്ത വിഷയത്തിന്‍റെ വൈകാരികമായ രേഖയായി നിലകൊള്ളുന്നു.
ഒന്‍പത് വര്‍ഷങ്ങള്‍കിടയില്‍ നിരവധി പഠനങ്ങള്‍ ‘എന്‍മകജേയെ ആധാരമാക്കി നടന്നിട്ടുണ്ട്.. സന്തോഷ് എച്ചിക്കാനം എഡിറ്റ് ചെയ്ത ‘എണ്‍മകജെ പഠനങ്ങള്‍’ വിവിധ രീതിയിലുള്ള നോവല്‍ വായനയുടെ സമാഹരണമാണ്. എന്‍മകജെയുടെ പരിസ്ഥിതി വായനകളാണ് കൂടുതലും നടന്നിട്ടുള്ളത്. തീര്‍ച്ചയായും, നോവല്‍ മുന്നോട്ട് വയ്കുന്ന സാമൂഹിക പ്രശ്നത്തിന്‍റെ ആഴം കണ്ടറിഞ്ഞ പഠനങ്ങള്‍ തന്നെയായിരുന്നു മിക്കതും. എന്‍മകജെയുടെ രാഷ്ട്രീയമൂല്യമല്ല ഈ കുറിപ്പിന്‍റെ ലക്ഷ്യം. മറിച്ച് ഒരു നോവല്‍ എന്ന നിലയില്‍ അതിന്‍റെ പലമയുടെ രേഖപ്പെടുത്തലാണ്. നോവല്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് ഒരു ദേശത്തിന്‍റെ ചരിത്രജീവിതം, പുരാവൃത്തജീവിതം, വര്‍ത്തമാന ജീവിതം എന്നിവയാണ്.ഈ മൂന്നു ഘടകങ്ങളുടെ കുഴമറിച്ചിലാണ് ആഖ്യാനത്തിന്‍റെ കാതല്‍. വാമൊഴിക്കഥ സംസ്കാരത്തിന്‍റെ വലിയൊരു ലോകം വര്‍ത്തമാന ദുരിതങ്ങള്‍ക്ക് കുറുകെ സൃഷ്ടിക്കുന്നു. അധിനിവേശത്തിന്‍റെ സൂക്ഷ്മമായ ആവിഷ്കാരമാണ് മറ്റൊരു പ്രധാന സവിശേഷത. മണ്ണില്‍ വേരുറപ്പിച്ച സസ്യാജാലങ്ങള്‍ മുതല്‍ വ്യക്തിബോധം വരെയുള്ള തലങ്ങളില്‍ അധികാരം സ്ഥാനമുറപ്പിക്കുന്നത് എങ്ങനെ എന്നു നോവല്‍ പരിശോധിക്കുന്നു. ചിലയിടങ്ങളില്‍ വിവരണാത്മകത കൃതിയുടെ സ്വാഭാവിക ഒഴുക്കിന് വിഘ്നം വരുത്തുന്നുണ്ട്. ഏതൊരു കൃതിയേയും കാലാതിവര്‍ത്തിയായ ജീവിതത്തിലേക്ക് നയിക്കുന്നത് വായനയുടെ സാധ്യതകളാണ്. ‘എന്‍മകജെ’, തുടരുന്ന വലിയൊരു സമരത്തിന്‍റെ രേഖയാണ്.

പിന്‍കുറിപ്പ് – എന്‍മകളെ എന്നൊരു വലിയ വിലാപമാണ് “എന്‍മകജെ” എന്നു ആദ്യം കേട്ടപ്പോള്‍ ഉള്ളില്‍ ഉയിരെടുത്തത്. പിന്നീടാണ് എന്‍മകജെ എന്നു ശരിയായി വായിച്ചത്. ഓര്‍ത്തു എന്നു മാത്രം.

Comments

മലയാള സാഹിത്യത്തിൽ ഗവേഷണ വിദ്യാർത്ഥി
കാസറഗോഡ് ജില്ലയിൽ മടിക്കൈ സ്വദേശി

You may also like