4
അവിടെ നിന്ന നാഗരികർ ആയുധങ്ങൾ താഴെവെച്ചു വർത്തമാനം തുടങ്ങി.” എടോ, പൗരുഷാ, നീ ക്ഷീണിച്ചതുപോലെയുണ്ടിന്ന്. നിങ്ങൾ ഹസ്തിനപുരത്തുകാർ മഹാശക്തരാണെന്നാണ് കേൾവി. എന്നിട്ട് നീയെന്താണിങ്ങനെ ഇളംകരിമ്പിൻ തണ്ടുപോലെ വാടിവീണു പോകുന്നത്? ഇങ്ങനെ തളർന്നു പോയാൽ എങ്ങനെ പോരാടും? സൂര്യാസ്തമയത്തിനുള്ളിൽ ഒരു കാടനെയെങ്കിലും പിടിക്കണ്ടേ നമ്മൾ? ജീവനോടെ കിട്ടിയാൽ, അടിമയാക്കാനുള്ള ബലമുള്ളവൻ ആണെങ്കിൽ, സ്വർണനാണയം കിട്ടും.ഇല്ലെങ്കിൽ ആ ശവം കാണിച്ച് കിട്ടുന്ന ചില്ലറ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. എന്നു പറഞ്ഞുകൊണ്ട് ഒരു പൊന്തക്കാടിനടുത്തേക്ക് ചെന്നു ആക്രമികളിലൊരാൾ.
“ഓ! അത്രയൊക്കെ ശക്തരാണെങ്കിൽ എനിക്കീ പഞ്ചാലത്തിലേക്ക് കുടിയേറേണ്ട കാര്യമുണ്ടോ പുത്രകാ? വിപശാനദിയുടെ തീരം സമ്പന്നമല്ലേ?
ഇവിടത്തെ രാജാക്കന്മാരുടെ കപ്പമില്ലെങ്കിൽ ഞങ്ങടെ രാജാവിന് ആഡംബരമുണ്ടോ?നിങ്ങൾ കിഴക്കൻ പഞ്ചാലരുടെ കയ്യിലുള്ളത്ര മൃഗസമ്പത്ത് ഞങ്ങൾക്കുണ്ടോ?
എന്നും അവിടെ വിശപ്പിനോട് മല്ലിടുകയല്ലേ ആളുകൾ. അപ്പപ്പോൾ നടക്കുന്ന ഭവനനിർമ്മാണങ്ങൾക്കും രഥ നിർമ്മാണങ്ങൾക്കുമൊക്കെ വേണ്ടത്ര വിദഗ്ദർ എവിടെന്നൊക്കെയോ വന്നു ചേർന്നിട്ടുണ്ട്. അവരോടുള്ള ആഭിമുഖ്യം കാരണം നാട്ടുകാരായ ഞങ്ങളെ ആരും പണിക്കും വിളിക്കില്ല. ഞങ്ങളിൽ വളരെ കുറച്ചു പേർ അശ്വപാലകരായും പശു പാലകരായും രഥസാരഥികളായുമൊക്കെ പണിയെടുക്കുന്നുന്നുണ്ട്. എന്റെ പിതാവ് രഥ നിർമ്മാണത്തിൽ വിദഗ്ദനായ പണിക്കാരൻ ആണെങ്കിലും വൃദ്ധനായി വീടിനുള്ളിൽ ഒതുങ്ങിപ്പോയി. പാണ്ഡുരാജന്റെ കാലത്ത് അച്ഛനായിരുന്നു കൊട്ടാരത്തിലെ രഥനിർമ്മാണപ്പണിക്കാരുടെ നേതാവ്. ഇപ്പോൾ രാജാവില്ലാത്ത ഭരണവും തൊഴിലില്ലാത്ത ജീവിതവും!അതുകൊണ്ടാണ് ഞാൻ അമ്മാവന്റെ വീട്ടിലേക്ക്, ഈ പാഞ്ചാലത്തിലേക്ക് കുടിയേറിയത്. ഇവിടെയോ ഒരു നേരത്തെ ആദായത്തിനു കാടൻമാരെ വേട്ടയാടേണ്ട സ്ഥിതിയിലായി! “അയാൾ നിശ്വസിച്ചു. അതെന്താ യുധിഷ്ഠിരനെ യുവരാജാവായി പ്രഖ്യാപിച്ചു കഴിഞ്ഞതല്ലേ? എന്തൊക്കെപ്പറഞ്ഞാലും നല്ല പ്രജാസ്നേഹംമുള്ളവൻ ആണെന്ന് ഇപ്പോഴേ അറിയപ്പെടുന്നുണ്ടല്ലോ. പണ്ട് ഞങ്ങളുടെ ദ്രുപദ മഹാരാജനെ തോൽപിച്ചു തന്റെ ഗുരുവിന്റെ പാദങ്ങളിൽ എത്തിച്ചവൻ ആണല്ലോ അർജുനൻ. മഹാബലവാനായ ഭീമനോടൊപ്പം അയാൾ രാജാവാകുമെന്ന് കേട്ടല്ലോ?” ചോദിച്ചുകൊണ്ട് ഉദയ സൂര്യനെ നമസ്കരിച്ചു പുത്രകൻ.

“എന്തു പറയാനാണ് ചങ്ങാതി, കുരുവംശ രാജക്കന്മാരുടെ ചരിത്രം നിങ്ങൾക്കറിയാത്തതാണോ? വെറും ശരീരശക്തിയും നല്ല ബുദ്ധിയും മാത്രം കൊണ്ടു മതിയാകുമോ? രാജ്യപാലനം ചെയ്യാനും അധികാരം നിലനിർത്താനുമൊക്കെ കുറച്ചു കുടിലബുദ്ധി കൂടെ വേണം എന്നു പറഞ്ഞാൽ ശരിയല്ലേ?
തന്റെ പിതാവ് അന്ധനായതുകൊണ്ട് മാത്രം നഷ്ടമായ ഹസ്തിനസിംഹാസനം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിൽ ആണത്രേ രാജകുമാരൻ, സുയോധനൻ. അതുകൊണ്ട് ആര് എപ്പോൾ രാജാവാകും എന്നോ, എപ്പോൾ അധികാരം നഷ്ടപ്പെടുമെന്നോ അറിയാതെ ഞങ്ങളെല്ലാം ആശയകുഴപ്പത്തിൽ തന്നെ ..” പറഞ്ഞു കൊണ്ട് മറ്റേയാളും സൂര്യനമസ്കാരത്തിലേക്ക് കടന്നു.
“അതെന്താ അങ്ങനെ പറയുന്നത്?” ഞാൻ എന്നെങ്കിലും ഹസ്തിനാപുരം കണ്ടിട്ടുണ്ടോ? ഈ ഹിമാലയപാദവാസികൾക്ക് ആ മഹാനഗരദർശനം അത്ര എളുപ്പം സാധിക്കുന്നതാണോ?!വല്ലപ്പോഴും അവിടെ നിന്ന് വരുന്നവർ പറഞ്ഞുള്ള കേൾവി അല്ലാതെ ഞങ്ങൾക്കെന്തറിയാം!” പറഞ്ഞുകൊണ്ട് തിരിയുമ്പോഴേക്ക് എവിടെനിന്നോ ഒച്ചപ്പാട് കേൾക്കുകയായി.
തീവ്രവേദനയിൽ ഏതോ സ്ത്രീ കരയുന്ന ശബ്ദം കേട്ട് ജാഗരൂകരായ അവർ ആയുധമെടുത്ത് അവിടമാകെ പരിശോധിക്കാൻ തുടങ്ങി.. ഘോരവനത്തിൽ അസമയത്തു കേട്ട ആ സ്ത്രീ ശബ്ദം അവരെ അലോസരപ്പെടുത്തി
പ്രസവമടുത്ത അമര,കൊടും വേദനയിൽ കരഞ്ഞുപോയതാണ്, കമ്പനവളുടെ വായ് കൈകൊണ്ട് മൂടിയമർത്തി. പക്ഷേ കൂടിക്കൂടി വരുന്ന വേദന സഹിക്കാനാകാതെ പിടയുന്ന അവളെക്കണ്ടു സഹിക്കാനാവാതെ അയാൾ കയ്യെടുത്തു. സംഭവിക്കാനുള്ളത് സംഭവിക്കട്ടെ. ഇനി താൻ അവരെ നേരിടുകയല്ലാതെ മാർഗ്ഗമില്ലെന്നു കണ്ട അയാൾ ആയുധമെടുത്തു തയ്യാറായി.വേട്ടയ്ക്ക് പതുങ്ങുന്ന ചിരുതപ്പുലിയെപ്പോലെ നിൽക്കുന്ന അയാളെക്കണ്ട നാഗരികർ ഒരു ചുവടു പിന്നോട്ടെടുത്തു പോയി. ഒരു നിമിഷത്തെ ഞെട്ടലിൽ നിന്ന് വിമുക്തരായി കയ്യിലേന്തിയ മൂർച്ചയുള്ള വാളുകളുമായി ചാടി വീണു. മുന്നോട്ടു കുനിഞ്ഞ് ആദ്യം വന്ന പുത്രകന്റെ വാളിനെയൊഴിഞ്ഞ് മുട്ടുകൊണ്ട് കമ്പൻ അയാളുടെ വയറ്റിൽ പ്രഹരിച്ചു. പക്ഷേ പെട്ടെന്ന് ആക്രമിച്ച പൗരുഷനെ എതിർക്കാനായില്ല. ഹസ്തിന വീരന്റെ ശക്തിക്കുമുന്നിൽ അയാളുടെ ക്ഷീണിച്ച ശരീരത്തിന് പിടിച്ചുനിൽക്കാനായില്ല.
കമ്പന്റെ ഇടത്തെ തോളിൽ ഒരാൾ ഗദകൊണ്ടടിച്ചു. തോൾ ഒടിഞ്ഞ വേദനയിലും വീണ്ടുമയാൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലുo പിന്നിൽ നിന്ന് പുത്രകൻ ചവിട്ടി വീഴ്ത്തി. കണ്ണിൽ മണ്ണ് നിറഞ്ഞു.. പുകയുന്ന കണ്ണുകളോടെ, മരണത്തെ സ്വീകരിക്കാൻ തയ്യാറായിക്കൊണ്ട് അമരയെ നോക്കി. കണ്ണുകൾ വലിച്ചു തുറന്നിട്ടും കണ്ണു നീരും പൊടിയും നിറഞ്ഞു കാഴ്ച മറഞ്ഞു. വനദേവതയെ ഓർമ്മിച്ചു കൊണ്ട് മരണം സ്വീകരിക്കാൻ ഒരുങ്ങുമ്പോഴാണ് സിംഹനാദം പോലൊരു അലർച്ച കേട്ടത്… നീറുന്ന കണ്ണുകളോടെ അയാൾ കമിഴ്ന്നുവീണു കിടന്നു.
ഓർക്കാപ്പുറത്തു കേട്ട ആ അലർച്ചയിൽ പട്ടണത്തുകാർ ഞെട്ടിപ്പോയിരുന്നു.ഹൃദയത്തെ കിടുക്കുന്ന ആ ശബ്ദം എവിടെ നിന്ന് വന്നുവെന്നറിയാതെ ചുറ്റും നോക്കുമ്പോഴേയ്ക്കും കിഴക്ക് ഭാഗത്തു കാണപ്പെട്ട വലിയ സാലവൃക്ഷത്തിൽ നിന്നൊരു രൂപം ചാടി വീണു.
“അയ്യോ കരടിയാണ് പുത്രകാ! കരടി!” എന്നലറിക്കൊണ്ട് പിന്നോട്ട് മാറിയ പൗരുഷൻ ഭയം കൊണ്ട് നിശ്ചലനായി. അതു കരടിയായിരുന്നില്ല. ആറടിയിലേറെ ഉയരമുള്ള ഒരു മനുഷ്യരൂപി! അതും സ്ത്രീ! കാട്ടുവാസികളെ കണ്ടു പുതുമ മാറിയിരുന്നെങ്കിലും അയാൾക്ക് സ്വയം വിശ്വസിക്കാൻ ആയില്ല. തണുത്ത കാറ്റു വീശിയിട്ടെന്ന പോലെ അയാൾ വിറച്ചു പോയി.
ജടകെട്ടിയ കറുത്തുനീണ്ട മുടി ഉയർത്തി പിന്നിക്കെട്ടിയിരിക്കുന്നു. സൂര്യഗോളം പോലെ കത്തുന്ന കണ്ണുകൾ.. ഇടതൂർന്നു കറുത്ത പുരികങ്ങൾ . കാട്ടുപോത്ത് ആക്രമിക്കാൻ നിൽക്കുന്നത് പോലെ ചുര മാന്തി നിൽക്കുകയാണ്!ദേഹമാകെ ഇലച്ചാറുകൾ കൊണ്ട് പച്ചകുത്തിയിരിക്കുന്നു.നെഞ്ചോളം കെട്ടിയ മൃഗത്തോൽ അല്ലാതെ വേറൊന്നുമില്ല ശരീരം മറയ്ക്കാൻ. മഹാ പ്രളയകാലത്ത് അടുക്കുന്ന മൃത്യു പോലെ മുന്നിൽ നിൽക്കുന്ന രൂപത്തെക്കണ്ട് പേടിച്ചു നിലവിളിച്ചു പോയി പുത്രകൻ. ഭയം കൊണ്ട് പിന്നിലേക്കോടാൻ പോലും കഴിയാതെ തറഞ്ഞു നിന്നു.
നിലത്തെത്തിയ ഉടനെ അവൾ തൊട്ടടുത്തു നിൽക്കുന്ന പുത്രകനെ വിട്ട് ആക്രമിക്കാൻ വരുന്ന പൗരുഷനെ പിന്തുടർന്നു. നീണ്ട മുളംകമ്പിന്റെ അറ്റത്തു കെട്ടിയുറപ്പിച്ച മൂർച്ചയേറിയ കല്ലുകൊണ്ടുള്ള കുന്തമുപേക്ഷിച്ചു വെറും കൈകൊണ്ടയാളെ മുകളിലേക്കുയർത്തി. തങ്ങളെ ആക്രമിക്കുന്നത് ഒരു വനവാസിസ്ത്രീ ആണെന്ന് മനസിലായ അയാൾ അവളെ തിരിച്ചാക്രമിച്ചു. വായുവിൽ ഉയർന്നു തിളങ്ങിയ അയാളുടെ വാൾ അവളുടെ കഴുത്തിൽ വീണിരുന്നു എങ്കിൽ അവൾ അവിടെ വീണുപോയേനെ. പക്ഷേ പിന്നോട്ട് മലർന്നു വാൾ ഒഴിഞ്ഞു. അവളുടെ ഇടതു മുലയിൽ മുറിവേറ്റു കറുത്ത ശരീരത്തിൽ നിന്ന് രക്തം ചിന്നി.പക്ഷേ അവൾ അതൊന്നും ശ്രദ്ധിച്ചതേയില്ല.വാളിനു വെട്ടി മാറിക്കൊണ്ട് അയാൾക്ക് മേലേ ഉയർന്നു ചാടി അരയിൽ നിന്ന് കഠാരയൂരി അയാളുടെ കഴുത്തു ലക്ഷ്യമാക്കി വീശി. കുത്തേറ്റു മറിഞ്ഞ അയാളുടെ കഴുത്തു പിടിച്ചു തിരിച്ചപ്പോൾ താഴെ വീണ നാളികേരം പൊട്ടുന്നതുപോലെ ശബ്ദമുണ്ടായി.
കണ്ണടച്ചു തുറക്കുമ്പോഴേക്ക് നടന്നതു കണ്ട പുത്രകന് ഓടി രക്ഷപെടണം എന്ന് തോന്നി. പക്ഷേ കണ്ണിനു മുന്നിൽ ചങ്ങാതിയുടെ മരണം കണ്ട ഞെട്ടലിൽ അയാൾക്ക് അതിനു കഴിഞ്ഞില്ല. പാഞ്ചാല ശൂരത്വം സ്മരിച്ചു കൊണ്ട് അയാൾ അവളെ ആക്രമിക്കാനടുത്തു. മുറിവേറ്റ കാട്ടുപന്നിയോടു പൊരുതാനെന്നപോലെ അയാൾ കയ്യിലിരുന്ന വാൾ ഉപേക്ഷിച്ച് മുളന്തണ്ടിൽ കൂർപ്പിച്ച കല്ലും ലോഹവും കെട്ടിയുണ്ടാക്കിയ ആയുധവുമായി മുന്നോട്ടാഞ്ഞു. പാഞ്ഞടുക്കുന്ന അവളുടെ മാറിനെ ലക്ഷ്യമാക്കി അയാൾ കുന്തം നീട്ടി.
അതിനെ അസാമാന്യ വഴക്കത്തോടെ ഒഴിഞ്ഞു കൊണ്ട് അയാൾക്കരികിലെത്തി അവൾ. അത്ര വലിയ ശരീരം ഇത്രവേഗം ചലിക്കുന്നതെങ്ങനെ എന്നോർക്കുമ്പോഴേക്ക് ഇടതു വശത്തുനിന്ന് അയാളുടെ കഴുത്തിൽ അവളുടെ കൈ ചുറ്റിമുറുകി.അടുത്ത നിമിഷം ടക്ക് എന്നൊരു ഒച്ചയോടെഅയാളുടെ കഴുത്തൊടിഞ്ഞു. മരിച്ചു വീഴുന്ന അയാളുടെ നെഞ്ചിൽ അവൾ ഗദകൊണ്ടടിച്ചു. എല്ലുകൾ ഒടിയുന്ന ശബ്ദം വീണ്ടും കേട്ടു. പൊടി പറത്തിക്കൊണ്ട് അയാളുടെ ജീവനില്ലാത്ത ശരീരം അവിടെ വീണു കിടന്നു
5
അതുവരെ ശബ്ദ മുഖരിതമായിരുന്ന അന്തരീക്ഷം പെട്ടെന്ന് നിശബ്ദതയെ പുണർന്നു. ചെറുതായി വിറയ്ക്കുന്ന ശരീരം നേരെ നിർത്തിക്കൊണ്ട് അക്രമികൾ ജീവൻ വെടിഞ്ഞെന്ന് പൂർണ്ണമായും ഉറപ്പു വരുത്തിയിട്ട് തിരിയുമ്പോൾ കണ്ടു, ഒരു ശിലായുധം കയ്യിൽ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിക്കുന്ന കമ്പനെ.
“അടുക്കരുത്,കൊന്നു കാട്ടു മൃഗങ്ങൾക്ക് ഭക്ഷണമാക്കും നിന്നെ!” മുറിവേറ്റിട്ടും ഗാംഭീര്യം വിടാതെയലറുന്ന കമ്പനെ നോക്കി ചിരിച്ചു കൊണ്ട് അമരയ്ക്ക് നേരെ കൈചൂണ്ടി. അപ്പോഴാണ് ഈ കാനനവാസിനി തങ്ങൾക്കുപദ്രവം ചെയ്യില്ലെന്ന് വിശ്വാസമായത്,അയാൾ അമരയുടെ നേരെ നടന്നു..ആത്മാവ് പിളർക്കുന്ന വേദന മറന്ന് അവരുടെ പോര് കണ്ടു ഭയന്ന അമര കമ്പനുനേരെ നടക്കാൻ ശ്രമിച്ചെങ്കിലും വേദനകൊണ്ടു വീണുപോയി. കമ്പനെന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് ആ സ്ത്രീ അമരയുടെ അടുത്തെത്തി, രണ്ടു കൈകൊണ്ടും അവളെ താങ്ങിക്കൊണ്ട്, ” ഇടത്തേയ്ക്ക് ചൂണ്ടി, ” പോയി ആ ഉറവയിൽ നിന്ന് വെള്ളം കൊണ്ടുവരൂ.”
മണ്ണുവീണു നീറുന്ന കണ്ണുകൾ തുറക്കാൻ ശ്രമിച്ചുകൊണ്ട് രണ്ടു ശവങ്ങളെ താണ്ടി കമ്പൻ അവൾ കാണിച്ച ദിക്കിലേക്കോടി. അടുത്തു തന്നെയുള്ള ശുദ്ധജലം നിറഞ്ഞ ചെറിയ കുളത്തിലേയ്ക്ക് അവിടമാകെ നിരീക്ഷിച്ചു മുതലകൾ ഇല്ലെന്നുറപ്പു വരുത്തിക്കൊണ്ടിറങ്ങി. വെള്ളമെടുത്തു മുഖം കഴുകിയിട്ട് താമരയിലക്കുമ്പിളിൽ വെള്ളമെടുത്തുകൊണ്ട് തിരിഞ്ഞു.
കമ്പനെത്തുമ്പോൾ, കയ്യിൽ കുഞ്ഞുമായി നിൽപ്പുണ്ട് ആ അപരിചിത. ഇടറുന്ന കാലടികൾ പെറുക്കി വെച്ച് അയാൾ അവർക്കടുത്തേയ്ക്ക് എത്തി. അവരുടെ കയ്യിലെ കുഞ്ഞിനെ നോക്കും മുൻപ് ഭാര്യയുടെ അടുത്തെത്തി.അവളെ തന്റെ ശരീരത്തോടു ചേർത്തിരുത്തി. തളർച്ചയോടെ വിളറിചിരിച്ചു അമര.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് തങ്ങളെ രക്ഷിച്ച സ്ത്രീയെ നോക്കി അയാൾ.”ആൺകുഞ്ഞാണ്” അവർ അയാളുടെ നേരെ രക്തം പുരണ്ട കുഞ്ഞിനെ നീട്ടി.
“ആൺകുഞ്ഞാണല്ലേ, വനദേവത നിന്റെ പ്രാർത്ഥന കേട്ടു കമ്പാ!”അമര പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. പെട്ടെന്ന് കുഞ്ഞിനെ രണ്ടു കയ്യിലും എടുത്തുയർത്തി പെൺകരടിയെപ്പോലെ നിൽക്കുന്ന ആ സ്ത്രീയുടെ കാൽച്ചുവട്ടിൽ വെച്ചു. അവർ ഒരു മാത്ര ഞെട്ടി പിന്നോട്ടു മാറി.
“ഞങ്ങൾക്ക് പുനർജ്ജന്മവും ഇവന് ജന്മവും തന്ന വനദേവത നിങ്ങളാണ്. അമ്മേ! ഇതിനു പകരം ഞാനെന്താണ് ചെയ്യേണ്ടത്! പറഞ്ഞാലും ” അയാൾ അവരെ നമസ്കരിച്ചു.
“എന്നാൽ നിങ്ങളിവിടെ നിന്ന് പോകണം, ഇവിടെ ഇനിയൊരു നിമിഷം നിൽക്കാതെ രക്ഷപ്പെട്ടു പോകൂ!”
“ഞാനെപ്പോഴും ഉണ്ടാകരുത് എന്ന് ആഗ്രഹിച്ചിരുന്ന ദുര്യോഗം നിങ്ങൾ കാരണം ഇന്ന് സംഭവിച്ചു. നിങ്ങളെ രക്ഷിക്കാൻ രണ്ടു നഗരവാസികളെ ഞാൻ കൊന്നു.
ഇവർ തിരിച്ചെത്തിയില്ല എന്നറിയുന്ന ക്ഷണം ഇവരുടെ ആളുകൾ പകമൂത്ത ചെന്നായ്ക്കൂട്ടം പോലെ ഇവിടെത്തും. ഇവരെ കാട്ടു മൃഗങ്ങൾ കൊന്നതല്ല എന്നറിയുമ്പോൾ അവർക്ക് കാട്ടു മനുഷ്യരുടെ സാന്നിധ്യം മനസിലാവും. വീണ്ടും, യുദ്ധം, വീണ്ടും ഒരുപാട് മരണങ്ങൾ… ഈ സമയത്ത് ഇതിലെ വന്നതിലൂടെ നിങ്ങൾ ചെയ്ത ചെറിയൊരബദ്ധം ഞങ്ങളെ വലിയൊരാപത്തിലേക്ക് കൊണ്ടുപോകുകയാണ്. അവർ വരുംമുൻപ് ഞാൻ എന്റെ ആളുകളെ തയ്യാറെടുപ്പിക്കേണ്ടതുണ്ട്. നിങ്ങളിപ്പോൾ തന്നെ ഇവിടെനിന്ന് പുറപ്പെട്. “
കമ്പനു വീണ്ടും ശരീരം വിറച്ചു.
“വനദേവത ഉറങ്ങിപ്പോയത് കൊണ്ടാവാം, ഞങ്ങൾ ഈ സ്ഥിതിയിലായി പ്പോയമ്മേ!അല്ലാതെ മനപ്പൂർവം വന്നവരല്ല ഞങ്ങൾ. ഇവിടെ അടുത്തുള്ള ഹിഡിംബവനത്തിൽ എത്തണമെന്ന ആശ കൊണ്ട്, വരുംവഴി ഇവിടെ വന്നുപോയി, ക്ഷമിക്കൂ!”
“ഹിഡുംബ വനത്തിലേക്കോ? എന്തിന്?”
കഥ മുഴുവൻ കമ്പൻ ചുരുക്കിപ്പറഞ്ഞു.
“അങ്ങനെ ഞാനും ഭാര്യയും ഈ വഴി വന്നു, മറ്റുള്ളവർ വേറെ വഴി അങ്ങോട്ട് പോകുന്നുണ്ട്.”
“ശരി, അവളെയും കൊണ്ട് എന്നോടൊപ്പം വരൂ”.
അത്രയും പറഞ്ഞു, കുഞ്ഞിനെയുമെടുത്തു മുന്നോട്ട് നടക്കാനൊരുങ്ങി അവർ.
“അമ്മേ, നിങ്ങൾ ഹിഡുംബ വന വാസികളാണോ? ഹിഡുംബ വീരന്റെ സംരക്ഷണത്തിലാണോ? “
“അതേ, ഹിഡുംബന്റെ സഹോദരിയാണ്, സാലഘടങ്കടി!”
“കമ്പൻ സ്വയമറിയാതെ പറഞ്ഞു,
“ഹിഡിംബി!!!!!””
കവർ: സി പി ജോൺസൺ
Emmanuel Mettles was born at Kannur in Kerala. She is a Post Graduate in English, Sanskrit and Psychology (social and health). Presently she is working in Telangana State, India, as a psychologist. She is a multilingual poet who writes in many periodicals. She has received many accolades including Kavya Koumudi award of Telangana Sahitya Akademy and Kala Ratna 2025 from GSM TV-9 Telangana for her literary works in different languages. She is a co-author in as many as 59 English poetry anthologies published in India and abroad and published 5 books on her own. Moreover she is a visual artist and translator too.

















