പൂമുഖം പുസ്തകപരിചയം കഥാനിർമ്മിതിയിലെ ശില്പഭംഗി

കഥാനിർമ്മിതിയിലെ ശില്പഭംഗി

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കല്ലിൽ നിന്ന് ശില്പമുണ്ടാക്കാൻ ഉളിമുതൽ മൂർച്ചയുള്ള പല ആയുധങ്ങളും ശില്പി കയ്യിൽ കരുതുന്നു, മനസ്സിൽ രൂപങ്ങളും. ശില്പി ഉള്ളിൽ പതിഞ്ഞ രൂപങ്ങൾ കല്ലിൽ കൊത്തിയെടുക്കുന്ന പോലെ സാമൂഹത്തിലെ ജീവിതക്കാഴ്ചകളിൽ നിന്ന് കഥാകൃത്തുക്കൾ ഭംഗിയുള്ള കഥകൾ നിർമ്മിക്കുന്നു. ശില്പം കല്ലിൻ്റെ മറ്റൊരു രൂപമാണ്, കഥയും.

കഥ അതിൻ്റെ വിനിമയം കൊണ്ട് സുതാര്യവും സത്യസന്ധവുമായ ഇടപെടൽ സമൂഹത്തോട് ചെയ്യുന്നുണ്ട്. റാണിയുടെ കഥകളിൽ ഈ ശില്പഭംഗിയും ആശയവിനിമയവും ഒരുപോലെ കാണാം. അതിനായി അവരുപയോഗിച്ച ആയുധങ്ങൾക്ക് മൂർച്ച കൂടുന്നത് മനുഷ്യ ബന്ധങ്ങളെക്കുറിച്ചും, മനുഷ്യ ബന്ധങ്ങളിലെ വ്യക്തിഗതമായ സങ്കീർണ്ണതകളെക്കുറിച്ചും ബോധ്യമുള്ളതുകൊണ്ടാണ്. മനുഷ്യമനസ്സിനെ പിടിച്ചിരുത്തി തിരിച്ചും മറിച്ചും ചോദ്യം ചെയ്യുന്ന ഒരു മനശാസ്ത്രജ്ഞ റാണിയുടെ ഉള്ളിൽ ഉള്ളതുകൊണ്ടാണ്.

മലയാളിക്കത്ര പരിചയമില്ലാത്ത കോഴിപ്പോര് എന്ന ക്രൂരവിനോദം കഥാകഥനത്തിൽ (തൈമൂർ)കൊണ്ടുവന്ന് ഹിംസാത്മകമായ പ്രതികാരം നിർവഹിക്കുകവഴി റാണി സ്ത്രീത്വ സങ്കൽപ്പങ്ങളിൽ മാറ്റം വരുത്തുന്നതിനൊപ്പം ‘വെറും പെണ്ണെ’ന്ന ആൺനോട്ടങ്ങളെ പോരു കോഴിയെപ്പോലെ വീര്യത്തോടെ നേരിടുകയും ചെയ്യുന്നു. ഇവിടെ റാണി സ്വീകരിച്ച പശ്ചാത്തലം ഒരു പക്ഷേ ആൺനോട്ടങ്ങളുടെ കണ്ണേറു തട്ടാനും ഇടയാകുമെന്നതിന് സംശയമില്ല.

“റൂൾ ഓഫ് തേർഡ് “എന്ന കഥയിൽ പെയിൻ്റിംഗിനെക്കുറിച്ച് പറയുന്നത് റാണിയുടെ ശൈലിക്ക് അനുയോജ്യമായി തോന്നി. വായനക്കാരുടെ ശ്രദ്ധ ഉടനീളം കഥയിലേക്ക് പിടിച്ചിട്ടിട്ട് കഥാന്ത്യത്തിൽ തന്മയത്വത്തോടെ, അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്തി അവരെ അമ്പരപ്പിലേക്ക് കയറ്റി നിർത്തുന്നത് ചെറിയ കാര്യമല്ലല്ലോ!

ആകാശത്തേക്ക് പറത്തിവിട്ട പട്ടത്തിൻ്റ നൂലു കയ്യിൽ സൂക്ഷ്മതയോടെ പിടിക്കും പോലെയാണ് ഈ കഥയിൽ ആൺപെൺ മനസ്സുകളുടെ അധീശസ്വഭാവത്തെ പറഞ്ഞുവച്ചിരിക്കുന്നത്. കാറ്റിൻ്റെ ശക്തി ഒന്നു കൂടിയാൽ പട്ടം പൊട്ടിപ്പറന്നു പോകുന്ന അവസ്ഥ. പക്ഷെ അത് പൊട്ടിക്കാതെ ജയിക്കാനുള്ള കഴിവ് സ്ത്രീക്കുണ്ടെന്ന് കഥ തെളിഞ്ഞു വരുമ്പോൾ കാണാം.

‘ഗുലാൻ പെരിശ്’എന്ന പേര് കഥയ്ക്ക് നൽകുമ്പോൾ കഥാകാരി മുണ്ടുമടക്കിയുടുത്ത ചീട്ടുകളിക്കാരിയായി മലയാളിക്കു മുന്നിൽ നിൽക്കുന്നു. ഗ്രാമീണരൂപങ്ങൾ വരച്ചു കൊണ്ട് കഥ മെനയുമ്പോൾ മറ്റൊരു മാനം കഥകൾക്ക് വരുന്നു. പൂച്ചക്കണ്ണുള്ള കൂമൻ ബെന്നിയുടെ നീളക്കുറവും, ചട്ടമ്പിയും തെമ്മാടിയുമായ അയാളുടെ പിതാവിന്റെ ആറടി പൊക്കവും, കോര എന്ന അരുൺ ഗംഗാധരന്റെ പൊക്കക്കൂടുതലും, കയ്യിലെ ആറ് വിരലുകളുമെല്ലാം കഥയുടെ ഉള്ളിൽ വ്യാഖ്യാനിക്കേണ്ട ചിഹ്നങ്ങളായി മാറുന്നു. കഥയിൽ ശരീരം എന്ന ആയുധത്തെ പലതരത്തിൽ ചെത്തിയും മിനുക്കിയും കഥാവസാനം വരെ കൊണ്ടു പോകുന്നു.

കാലം ഏതു പകയും മായ്ച്ചു കളയുമെന്നും, അതിനുള്ള സൗന്ദര്യക്കാഴ്ച വഴിയിൽ ഉണ്ടെന്നും, നാം അത് കണ്ടെത്താൻ കെൽപ്പുള്ളവരായിരിക്കണമെന്നും കഥ
ആവശ്യപ്പെടുന്നുണ്ട്.

ഏകാന്തതയും ഭൂതകാലവും മാറി മാറി നിലയുറപ്പിക്കുന്ന മനസ്സുകളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് “റൂട്ട് മാപ്പ്” എന്ന കഥയിലെ ഒരിക്കലും തിരിഞ്ഞുകിട്ടാത്ത വഴി പ്രതീകമായി വന്ന് സൂചന നൽകുന്നു.

“ആരവങ്ങൾ” എന്ന കഥയിലെ പ്രതീക് അലോഷ്യസ് പുതിയ കാലത്തിൻ്റെ കാപട്യമുഖമാകുന്നു. അന്യവൽക്കരിക്കപ്പെടൽ മനുഷ്യൻ അനുഭവിക്കുന്ന വലിയ ദുഃഖം തന്നെയാണ്. അതിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം പ്രകൃതിതന്നെ എന്ന് “വനാതുര’ത്തിലെ നീലിയുടെ അച്ഛൻ്റെ പാട്ടിലൂടറിയുന്നു.

“മണ്ണെ നമ്പേലലയ്യാ മരമിരിക്ക്
മരത്തെ നമ്പിലേലയ്യാ മണ്ണിരിക്ക്
മരത്തെ നമ്പിലേലയ്യ കൊമ്പിരുക്ക്
കൊമ്പേ നമ്പിലേലയ്യാ ഇലയിരുക്ക്”

കാട്ടിലെ കാവളമരവും, ചുണ്ണാമ്പുമരവും, അഞ്ചാറു വർഷം കൂടുമ്പോൾ പൂക്കുന്ന തമ്പകവും വംശനാശഭീഷണിയിൽ പെട്ട കാരപ്പൊങ്ങും പൂങ്കുലകളിട്ട നീർക്കടമ്പും കാട്ടിൻ്റെ സിംഫണിയും ചേർന്നാൽ മാത്രമേ തന്നെ വീണ്ടെടുക്കാൻ കഴിയുകയുള്ളുവെന്ന് നഗരജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട നീലിമ കണ്ടെത്തുമ്പോൾ വായനക്കാരൻ്റെ മനസ്സിൽ നീർക്കടമ്പ് മൊട്ടിടുമെന്നുറപ്പുണ്ട്.

സ്ത്രീപുരുഷബന്ധങ്ങളിൽ ആശയസംവാദങ്ങൾ കുറഞ്ഞു പോകുന്നത് മിക്കപ്പോഴും അവർക്കിടയിലെ രസച്ചരട് മുറിഞ്ഞുപോകാൻ കാരണമാകുന്നു. റൂൾ ഓഫ് തേർഡ്, മെച്ചുക, രൂപാന്തരം എന്നീ കഥകളിലൊക്കെ കാര്യമായ വിജ്ഞാനശേഖരണം നടത്തിയിരിക്കുന്ന എഴുത്തുകാരി നമ്മെ അതിശയിപ്പിക്കും. വാടിയ ചെടിയ്ക്ക് വെള്ളം കൊടുക്കുന്ന കാരുണ്യത്തെ വളർത്തേണ്ടത് എഴുത്തുകാരുടെ ഉത്തരവാദിത്വമാണല്ലോ ! റാണി അത് ശ്രദ്ധാപൂർവ്വം ചെയ്തിരിക്കുന്നു.

കഥയെഴുത്ത് വൈദഗ്ദ്ധ്യവും വിജ്ഞാനവും വിവരശേഖരണവും ആവശ്യമുള്ള കലതന്നെ. മനുഷ്യരുടെ ലോകത്തെ കാണുന്ന മറ്റൊരു കല. മലയാളത്തിൻ്റ കഥാലോകത്ത് റാണി നാരായണൻ ‘ഗുലാൻപെരിശ്’എന്നെഴുതി ഒപ്പിട്ടിരിക്കുന്നത് അഭിമാനത്തോടെ കാണുന്നു.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.