പൂമുഖം LITERATUREകഥ വല്ലാത്തൊരു മനുഷ്യൻ!

വല്ലാത്തൊരു മനുഷ്യൻ!

ആഴ്ചച്ചന്തയിലേക്ക് അണിഞ്ഞൊരുങ്ങി പുറപ്പെടുന്നതിന് മുന്നെ പതിവുപോലെ വേലായുധൻ, വിൽക്കാനുള്ള തൻ്റെ ഉരുവിനെ തൊഴുത്തിൽ നിന്നഴിച്ച് കയറുംപിടിച്ച് മുറ്റത്ത് നിന്നുകൊണ്ട്, പ്രായം എഴുപതായതിൻ്റെ യാതൊരു ക്ഷീണവുമേൽക്കാത്ത നെഞ്ചും വിരിച്ച് അകത്തേക്കെത്തിനോക്കി കൽപ്പിച്ചു.

‘ങ്ങ്ഹാ! വേഗം ചോയ്ച്ചാട്ടെ!”

ആജ്ഞാനുവർത്തിയായ ഭാര്യ ശാന്ത, പതിവ് ചര്യക്ക് മുടക്കം വരാതിരിക്കാൻ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരിക്കിനിടയിൽ വിളികേട്ടമാത്രയിൽ കയ്യിലെ സോപ്പും വെള്ളവുമെല്ലാം പഴകി നരച്ച ഉടുവസ്ത്രത്തിൽ തുടച്ച് ഉമ്മറപ്പടിയിൽ വന്നുനിന്ന് ഉരുവിനെ അടിമുടിയൊന്ന് നോക്കി, തന്നെ പതിവുപോലെ പറഞ്ഞേൽപ്പിച്ചിരുന്നതാണെങ്കിലും വെറുതെ മനക്കണക്കൊന്ന് കൂട്ടി, കന്നുകാലികച്ചവടത്തില് നൈപുണ്യമുള്ളവരെപ്പോലെ നടിച്ച്, ഇടുപ്പിൽ രണ്ട്കൈയ്യും കുത്തിനിന്നുകൊണ്ട് വിലപറഞ്ഞു.

“അങ്ങണ്ടൂല്ല… ഇങ്ങണ്ടൂല്ല ഒരു മുപ്പത്തഞ്ച് കിട്ട്യാൽ കൊടുക്ക്വോ?”

നാടകീയ രംഗത്തിൻ്റെ സംതൃപ്തിയിൽ വേലായുധൻ തൻ്റെ തോൾമുണ്ടെടുത്ത് ഒന്നുകുടഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് ചന്തയിലേക്ക് വെച്ചുപിടിച്ച് ഉരുവിൻ്റെ പോരിശ മാലോകരോട് വിളിച്ച് പറയാൻ തുടങ്ങി.

“ഒരു ഇരുപത്തഞ്ചിന് കച്ചോടം മുറിക്കാൻ പറ്റ്വോ” എന്ന് ചോദിച്ച ആവശ്യക്കാരനോട് “ഒന്നും തോന്നരുത്! ഒള്ള സത്യം പറയാലോ മുപ്പത്തഞ്ചിന് ചോയ്ച്ചിട്ട് കൊടുക്കാത്ത മൊതലാണ്.. കളവ് പറഞ്ഞിട്ട് ശീലമില്ല! അതോണ്ടാണ്!” എന്ന് പറഞ്ഞൊഴിയുകയും കളവ് പറയാതിരിക്കാൻ വേണ്ടി വാമഭാഗത്തിനോട് ചട്ടം കെട്ടി വിലപറയിക്കുന്ന സൂത്രവിദ്യയെ ഓർത്ത് മനസ്സിൽ ഊറിച്ചിരിക്കുകയും ചെയ്തു.

നേരും നെറിയുമുള്ള കച്ചോടക്കാർ പാലിക്കേണ്ട മര്യാദകൾ എങ്ങനെയാവണമെന്നത് ഇങ്ങോരെക്കണ്ട് പഠിച്ചാൽ അണ്ഡകടാഹമൊട്ടാകെ നശിച്ചുപോകുമെന്നുെറപ്പുള്ളത് കൊണ്ട് “ഹൗ, വല്ലാത്തൊരു മനുഷ്യൻ!” എന്ന് ശാന്ത, ഇത്തരം ചെയ്തികളെയോർത്ത് എപ്പോഴും ആത്മഗതം ചെയ്യാറുണ്ടായിരുന്നു.

എന്നാൽ താലിചാർത്തിയ ആദ്യ നാളുകളിൽ ആത്മഗതത്തിന് ആരാധനയുടേയും ആത്മാഭിമാനത്തിൻ്റെയും ഭാവമായിരുന്നെങ്കിൽ ഒത്തൊരുമിച്ചുള്ള നാൽപത്തിരണ്ട് വർഷത്തെ ജീവിതാനുഭവത്തിൽനിന്ന് എന്തിനുമേതിനു ആദായം മാത്രം പ്രതീക്ഷിച്ചുള്ള കണക്കുകൂട്ടലുകളുടെ അതിപ്രസരമേൽപ്പിച്ച ആഘാതത്തിലാവണം “വല്ലാത്തൊരുമനുഷ്യൻ” ശാപവാക്കുകളായി മാറിത്തുടങ്ങിയത്.

ചന്തയിലെ വിലപേശലുകൾക്കിടയിൽ താൻ നിശ്ചയിച്ചുറപ്പിച്ച വിലയിൽ ലവലേശം വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത കടുംപിടിത്തം കാണുമ്പോൾ “ചുമ്മാതല്ല, ചിതക്ക് കൊള്ളിവെക്കാനുണ്ടായിരുന്ന ആൺതരി ഇട്ടെറിഞ്ഞ് പോയതെന്ന്” പലരും അടക്കം പറഞ്ഞു.
പറയുന്നോരെ കുറ്റം പറയാനും പറ്റില്ല. തടിമിടുക്കുള്ള ഒത്തൊരു ആണൊരുത്തൻ്റെ, സകലകാര്യത്തിലുമിടപെട്ടും മുടക്കംനിന്നും പൊറുതിമുട്ടി, ഒടുവിൽ തീരെ സഹിക്കാൻ വയ്യാതായപ്പോൾ അവൻ ഇട്ടെറിഞ്ഞ് പോയതാണെന്ന് മാലോകർക്കേവർക്കും പകൽ പോലെ അറിയാവുന്ന സത്യവുമാണ്. “ഓളെയും കൊണ്ട് ഈ പടി കയറ്യാൽ, പടിക്കല് ചോരപ്പൊഴ ഒഴുക്കും” എന്ന ഒരൊറ്റപിടിവാശിപ്പുറത്ത് മകന്റെ പ്രണയത്തിന് മുടക്കം നിന്നപ്പോൾ, പടിയിറങ്ങിപോയേൻ്റെനാലിൻ്റന്ന് തൻ്റെ ഇഷ്ടക്കാരിയെ വിളിച്ചിറക്കി കൂടെകൂട്ടാനും അവൻ മറന്നില്ല “തന്തേടല്ലേ മോൻ! ആ വീറും വാശിയും ഓൻക്കും കാണുമെന്ന്” ശാന്ത തൻ്റെ പേരിന് ചേർന്ന സ്വരത്തിൽ പ്രതികരിച്ച് മൗനം പൂണ്ടു. ”എന്ത് വാശി! ഓൻക്ക് സ്വത്തും മൊതലും ചുറ്റുപാടുമുള്ളൊരിടത്ത് ഒരു കാര്യം പറഞ്ഞു വെച്ചതായിരുന്നെടി! കൂട്ടിയും കൊറച്ചും കിട്ട്ണ ഉത്തരത്തിന് ആദായല്ലാത്ത കാര്യാണെങ്കില് കൂട്ട് നിക്കാൻ, ന്നെക്കൊണ്ട് കൂട്ട്യാൽ പറ്റുല്ലാന്ന് നെനക്കും അറ്യേണ കാര്യല്ലേ കുരിപ്പേ?” എന്നും പറഞ്ഞ് തൊഴുത്തിലെ കന്നുകാലികളെ തൊട്ടുതലോടിച്ചെന്ന്, പുരയുടെ ചായ്പ്പിൽ തുളവീണ കരിമ്പടംകൊണ്ട് മൂടിയിട്ട തൻ്റെ എഴുപ്പത്തെട്ട് മോഡൽ അംബാസിഡർ കാറിൽ കയറി വെറുതെ സ്റ്റാർട്ട് ചെയ്യുന്നതിനു വേണ്ടിയുള്ള വിഫലശ്രമം നടത്തുകയും ചെയ്തു.

“കുരിപ്പ്, പൊട്ടക്കിണറ്റില് വീണുചത്ത നിങ്ങടെ തന്തയാവും” എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് “ഇപ്പൊ മൊതലും പലിശയും നല്ലോണം കിട്ടിയ ലാഭക്കച്ചോടമായില്ലേ, ഹൗ വല്ലാത്തൊരു മനുഷ്യൻ ” എന്ന് ശാന്തയും പ്രതികരിച്ചു.

മകൻ ഇറങ്ങി പോയതിൽപ്പിന്നെ ഒന്നാന്തരമൊരു ഉരുവിനെ വാങ്ങികൊണ്ടുവന്ന് തൊഴുത്തിൽ കെട്ടിയതും അതിൻ്റെ ചേഷ്ടകളെ അനുകരിച്ചുകൊണ്ട് ഒരുതരം മുക്രയിടലും അയവിറക്കലും വേലായുധനിൽ പ്രകടമായതും ശാന്തയുടെ ശ്രദ്ധയിൽപ്പെടാതിരുന്നില്ല.

എന്നാൽ പടിയിറങ്ങി കാടും മലയും കയറിപ്പോയ മകൻ മാവോയിസ്റ്റാണെന്ന പേരിൽ അറസ്റ്റു ചെയ്യപ്പെട്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അയാൾ ഊറി ചിരിച്ചു.

അറസ്റ്റ് ചെയ്യപ്പെടുന്നതിന് രണ്ടാഴ്ച മുന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സർക്കിളേമാൻ മാത്തനും കൂട്ടർക്കും എന്തൊക്കെയോ കൈമാറുന്നത് കണ്ടത് തന്നെയാണ് ഈ ചിരിയുടെ നിഗൂഢമായ രഹസ്യങ്ങൾ എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ശാന്തക്കുമുണ്ടായിരുന്നതുകൊണ്ട് തന്നെയാണ് “വല്ലാത്തൊരു മനുഷ്യൻ” എന്ന് പതിവിലും വിപരീതമായി അൽപം ഉച്ചത്തിൽ പ്രതികരിച്ചത്.

“ആദായം കിട്ടുന്നോറ്റിങ്ങളെ, ഞാൻ തീറ്റി പോറ്റും, അല്ലാത്തോറ്റിങ്ങളെ അറക്കാൻ കൊടുക്കും അതിൻ്റൊരു ശീലമാടീ…”

അംബാസിഡർ കാറിലിരുന്നുള്ള മറുപടിക്ക് ഒരു കാർക്കശ്യ സ്വരമുണ്ടായിരുന്നു.

എങ്കിലും ഒന്നിനും കൊള്ളാത്ത, സ്ഥലംമൊടക്കാൻ മാത്രമായി കിടക്കുന്ന അംബാസിഡർ കാർ മാത്രം മുക്കിയും മുരണ്ടും പ്രവർത്തിപ്പിക്കാനാവാതെ വേലായുധൻ്റെ സ്നേഹ സ്പർശനമേറ്റ് ചായ്പ്പിൽ കിടക്കുന്നതിൽ ശാന്ത അരിശം പൂണ്ടു.

അരിശം കൊള്ളുന്നവരോടും ആശ്ചര്യപ്പെടുന്നവരോടും അച്ഛൻ്റെ ഉറ്റ ചങ്ങാതി, കടംകയറി നിൽക്കകള്ളിയില്ലാതായ ഇട്ടൂപ്പേട്ടനെ ദുരിതക്കയത്തിൽ നിന്ന് കരകയറ്റുന്നതിന് വേണ്ടി താൻ താമസിക്കുന്നവീടും സ്ഥലവും അംബാസിഡർ കാറും ചേർത്ത് വിലയിട്ട് വാങ്ങിയ കഥ പറഞ്ഞു കൊടുക്കാനുണ്ടായിരുന്നു വേലായുധന്.

നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ അന്നാദ്യമായ് കാർ സ്റ്റാർട്ടായതിൻ്റെ ആഹ്ലാദ പ്രകടനം കേട്ട് ശാന്ത അകത്ത് നിന്ന് ഓടിയെത്തിയപ്പോഴേക്കും വണ്ടിയും കൊണ്ട് വേലായുധൻ ദൂരേക്ക് മറയുന്നതും നോക്കി “വല്ലാത്തൊരു മനുഷ്യൻ! ഇത് ഒടുക്കത്തെ പോക്കാവണേ!” എന്ന് മനസ്സുരുകി പ്രാർത്ഥിക്കാനേ ശാന്തക്ക് കഴിഞ്ഞുള്ളു.

കാറോടിച്ചു പോയ കണവൻ ഏറെ വൈകിയിട്ടും വീടണയാതിരുന്നതിൻ്റെ വേവലാതി ഇരുട്ടിനൊപ്പം ശാന്തയിലേക്ക് പടർന്നു കയറിയപ്പോഴും “പ്രാർത്ഥന ഫലിച്ചോണാവോ!” എന്ന് ആശ്ചര്യപ്പെടുക മാത്രം ചെയ്തു.

നേരത്തിന് അന്നവും വെള്ളവും കിട്ടാത്തത് കൊണ്ടാവണം തൊഴുത്തിലെ മിണ്ടാപ്രാണികൾ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നതിനിടയിലേക്കാണ് ഒരു ഓട്ടോ മുറ്റത്ത് വന്നുനിന്നതും മൂന്നാളുകൾ വേലായുധനെ താങ്ങിയെടുത്തുമ്മറത്തേക്ക് കിടത്തിയതും…

“വയസ്സാൻ കാലത്ത് ഇങ്ങേർക്കിത് എന്തിൻ്റെ സൂക്കേടാ ശാന്തേച്ചി?”

വന്നവരിൽ ഒരുത്തൻ മുണ്ടുമടക്കിക്കുത്തിക്കൊണ്ട് തുടർന്നു:
“മരുമോളെ വണ്ടിയിടിച്ച് കൊല്ലാൻ നോക്ക്യാൽ നാട്ടുകാര് വെർതെ വിട്വോ? വണ്ടീലിട്ട് കത്തിക്കാനൊരുങ്ങ്യോട്ത്തുനിന്ന് ഒരുവിധം രക്ഷിച്ചതാണ് ഞങ്ങൾ, കത്തിക്കാൻ, വണ്ടി മാത്രേ കിട്ട്യൊള്ളൊ അവർക്ക്!”

എന്ത് പറയണമെന്നറിയാതെ കുഴഞ്ഞിരുന്ന ശാന്തയുടെ ശബ്ദത്തെ തൊഴുത്തിലെ അലമുറയിടലുകൾ വിഴുങ്ങിയിരുന്നു..

മൂന്നാംപക്കം പത്രത്തിൽ നിറഞ്ഞു നിന്നൊരു വാർത്തയുണ്ടായിരുന്നു.

കാവുംഭാഗം: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവുംഭാഗം സ്വദേശി തേക്കേപ്പുരക്കൽ വേലായുധൻ (70), ഭാര്യ ശാന്ത (62) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ഇരുവരെയും വീടിന് പുറത്ത് കാണുന്നില്ലായിരുന്നു. ഇന്നലെ രാത്രിയോടെ ബന്ധുക്കളും അയൽവാസികളും തിരഞ്ഞെത്തുമ്പോൾ കതക് അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ്‌ അകത്തു കയറി പരിശോധിച്ചപ്പോഴാണ് വേലായുധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അടുത്ത മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ ശാന്തയുടെ മൃതദേഹവും ഉണ്ടായിരുന്നു. ഭാര്യയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയശേഷം വേലായുധൻ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


കവർ : സി പി ജോൺസൺ

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like