‘ആധുനിക ഇന്ത്യയുടെ ശിൽപി’ എന്നറിയപ്പെടുന്ന സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരരംഗത്തെ പ്രമുഖ നേതാക്കളിൽ ഒരാളുമായ ജവഹർലാൽ നെഹ്റുവും ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റൻ പ്രഭുവിന്റെ ഭാര്യയായിരുന്ന എഡ്വിന മൗണ്ട്ബാറ്റനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യതസ്ത അഭിപ്രായങ്ങളാണുള്ളത്. അവർക്കിടയിൽ പ്രണയമുണ്ടായിരുന്നു എന്നും അല്ല അഗാധമായ സൗഹൃദമായിരുന്നു എന്നും വാദിക്കുന്നവരുണ്ട്. വസ്തുത എന്തായിരുന്നാലും ഈ ബന്ധത്തെക്കുറിച്ച് ചുരുങ്ങിയത് അഞ്ച് പുസ്തകങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട് എന്നതാണ് വസ്തവം. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മൗണ്ട്ബാറ്റന്റെയും എഡ്വിനയുടെയും മകൾ പമേല ഹീക്സ് എഴുതിയ ‘Daughter of Empire: My Life as a Mountbatten’ എന്ന പുസ്തകമാണ്. തന്റെ അമ്മയും ജവഹർലാൽ നെഹ്റുവും തമ്മിൽ ആഴത്തിലുള്ള സ്നേഹവും ബഹുമാനവും നിലനിന്നിരുന്നു എന്നും അവർ പരസ്പരം ‘സോൾ മേറ്റ്സ്’ (soul mates) ആയിരുന്നുവെന്നുമാണ് പമേല ഈ പുസ്തകത്തിൽ പറയുന്നത്. ആദ്യമായി ഈ പുസ്തകം 2012-ലാണ് പ്രസിദ്ധീകരിച്ചത്. തുടർന്ന് 2013-ലും 2014-ലും വിവിധ എഡിഷനുകൾ പുറത്തിറങ്ങി. ബ്രിട്ടനിലെ Weidenfeld & Nicholson, അമേരിക്കയിലെ Simon & Satustar എന്നിവരാണ് ഈ പുസ്തകം പുറത്തിറക്കിയത്. അതുകൊണ്ടുതന്നെ 1984 ഒക്ടോബർ 31 ന് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയോട് അവരുടെ പിതാവിനെക്കുറിച്ചെഴുതാൻ പമേല ഹീക്സ് സമ്മതം ചോദിക്കാൻ സാധ്യതയില്ല. ഈ പുസ്തകം മാത്രമല്ല, അലക്സ് വോൺ ടൺസൽമാൻ എഴുതിയ ‘Indian Summer: The Secret History of the End of an Empire’ ഫ്രഞ്ച് എഴുത്തുകാരി കാതറിൻ ക്ലെമന്റ് എഴുതിയ ‘Edwina and Nehru: A Novel’, ആൻഡ്രൂ ലോണി എഴുതിയ ‘The Mountbattens: Their Lives & Loves’, പമേല ഹീക്സ് തന്നെ എഴുതിയ മറ്റൊരു പുസ്തകമായ ‘India Remembered: A Personal Account of the Mountbattens During the Transfer of Power’ എന്നിപുസ്തകങ്ങളെല്ലാം നെഹ്റു- എഡ്വിന ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്. അവിടെയൊക്കെ രണ്ട് വ്യക്തികളുടെ വിവാഹേതര സ്നേഹബന്ധത്തെക്കുറിച്ചാണ് ചർച്ചകൾ നടന്നത്. ഇവർ തമ്മിലുള്ള ബന്ധം കേവലം ശാരീരികമായിരുന്നില്ലെന്നും മാനസികമായ വലിയൊരു അടുപ്പമായിരുന്നുവെന്നുമാണ് പല പുസ്തകങ്ങളും സൂചിപ്പിക്കുന്നത്. പമേല ഹീക്സിന്റെ പുസ്തകത്തിൽ അവർ തമ്മിലുള്ള കത്തുകളെക്കുറിച്ചും വിശദമായി പരാമർശിക്കുന്നുണ്ട്. പണ്ഡിറ്റ് നെഹ്റുവിനും തന്റെ മാതാവിനുമിടയിൽ സൗഹൃദത്തെക്കാളുപരി ഒരുതരം പ്രണയമുണ്ടായിരുന്നു എന്നുതന്നെയാണ് പമേല എഴുതിയിരിക്കുന്നു. ഇംഗ്ലീഷിൽ ‘സോൾ മേറ്റ്സ്’ എന്ന അർത്ഥത്തിലുള്ള ബന്ധം പൂർണ്ണമായ അർത്ഥത്തിലുണ്ടായിരുന്നത് അമ്മയുടെയും നെഹ്റുവിന്റെയും കാര്യത്തിലായിരുന്നു എന്നും തന്റെ പുസ്തകത്തിൽ പമേല ആണയിടുന്നുണ്ട്.

ഈ പുസ്തകങ്ങൾക്കെതിരെ അപകീർത്തിക്കേസുകളോ നിയമനടപടികളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഇവർക്കിടയിലെ കത്തുകൾ പരസ്യപ്പെടുത്തുന്നതുമായി ബ്രിട്ടണിൽ ചില നിയമപോരാട്ടങ്ങൾ നടന്നിട്ടുണ്ട്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ വേണം ഇപ്പോൾ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന ‘എംപ്റ്റി സ്പെയ്സ് – ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള വിവാദങ്ങളെ വിലയിരുത്താൻ. എം.ടി ആരാധകർ ഒരു വശത്തും ഫെമിനിസ്റ്റ് ചിന്തയുള്ളവർ മറുവശത്തും നിന്ന് പരസ്പരം പോർവിളി തുടരുകയാണ്. ഫെമിനിസ്റ്റ് ആശയക്കാരായ ദീദി ദാമോദരനും, എച്ച്മുക്കുട്ടിയും ചേർന്നെഴുതി തൃശ്ശൂരിലെ Book Worm പ്രസിദ്ധീകരിച്ചതാണ് പുസ്തകം.

പ്രമീളാ നായരും എം.ടി വാസുദേവൻ നായരും ജീവിച്ചിരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്തരം ഒരു പുസ്തകമെഴുതാൻ ധൈര്യം കാണിക്കാത്തത് എന്നും ഇപ്പോഴത്തെ നീക്കത്തിന് പിറകിൽ എം.ടിയെ താറടിച്ച് കാണിക്കാനുള്ള നീക്കമാണെന്നും ഒരുപക്ഷം വാദിക്കുമ്പോൾ ഇത് എം.ടിയെക്കുറിച്ചുള്ള പുസ്തകമല്ലെന്നും ഒരുകാലത്ത് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരുന്ന ഒരു എഴുത്തുകാരി സമൂഹത്തിൽ നിന്ന് എങ്ങിനെ തിരസ്കൃതയായി എന്ന ചോദ്യത്തിനുള്ള ഉത്തരം തേടലാണെന്നും മറുപക്ഷം വിശദീകരിക്കുന്നു.
തന്നെക്കുറിച്ചുള്ള ആരോപണങ്ങളോടും വിവാദങ്ങളോടും പുറംതിരിഞ്ഞുകൊണ്ട് അതിനെ അവഗണനയിലൂടെയും തന്റെ സ്വതസിദ്ധമായ മൗനത്തിലൂടെയും ഇല്ലാതാക്കിയിരുന്ന ‘എം.ടി ശൈലി’ക്ക് വിരുദ്ധമായി അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളും ചേർന്ന് പുസ്തകം പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് രംഗം ചൂടുപിടിക്കുന്നത്. പ്രമീളാ നായരുടെ മകൾ സിതാര നിഷേധിച്ച പലകാര്യങ്ങളും മുഖവിലയ്ക്ക് പോലും എടുക്കാതെ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ചും, പുസ്തകരചനയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തും കൊണ്ടുമാണ് എം.ടിയുടെ മകളായ അശ്വതി നായർ കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയത്. പുസ്തകം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അവർ പറഞ്ഞു. ഇതോടെ സോഷ്യൽ മീഡിയകളിലും ഓൺലൈൻ പോർട്ടലുകളിലും മാത്രം ഒതുങ്ങിനിന്ന പുസ്തകത്തെക്കുറിച്ചുള്ള വിവാദം മുഖ്യധാരാപത്രങ്ങളിലേക്കും ചാനലുകളിലേക്കും പടർന്നു. തുടർന്ന് ചൂടപ്പം പോലെ വിറ്റുപോയ പുസ്തകം ‘ആമസോണി’ലും പുസ്തകശാലകളിലും കിട്ടാനില്ലാത്ത അവസ്ഥയിലേക്ക് മാറി. ചുരുക്കത്തിൽ എം.ടിയുടെ മക്കൾ ചേർന്ന് ‘എംപ്റ്റി സ്പെയ്സ് – ബാഷ്പീകൃതയുടെ ആറാം വിരലി’ന് കൂടുതൽ പബ്ലിസിറ്റി നേടിക്കൊ ടുക്കുകയായിരുന്നു.
എഴുത്തുകാരിയായ ഒരു സ്ത്രീയെ അവരുടെ രചനകൾ വെളിച്ചം കാണിക്കാതെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കി എന്നാണ് പുസ്തകത്തിന്റെ രത്നച്ചുരുക്കം. അതിന് തെളിവായി ചില കാര്യങ്ങളും എഴുത്തുകാരികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രമീളാനായർ എഴുതിയ ആത്മകഥാംശങ്ങളടങ്ങിയ നോവലായ ‘നഷ്ടബോധങ്ങൾ’ 1979 കാലത്ത് മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ ‘മലയാളനാടിൽ’ പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും 12 അധ്യായങ്ങൾക്ക് ശേഷം അത് നിന്നുപോയി എന്നും അതിന് കാരണം ‘മലയാളനാടി’ന്റെ പത്രാധിപരായിരുന്ന ശ്രി.എസ്.കെ. നായർക്ക് എം.ടി എഴുതിയ കത്താണെന്നും പുസ്തകത്തിലുണ്ട്. ‘‘വളരെ പേഴ്സണൽ ആയ ഒരു കാര്യമാണ് എഴുതുന്നത്’’ എന്ന മുഖവുരയോടെയുള്ള എം.ടിയുടെ കത്തിന്റെ പൂർണ്ണരൂപവും പുസ്തകത്തിൽ കാണാം. പക്ഷെ, അത് 2017 ൽ തൃശ്ശൂരിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ‘സാഹിത്യ വിമർശം’ എന്ന പ്രസിദ്ധീകരണത്തിൽ ശിഖ മോഹൻദാസ് എന്ന വ്യക്തി എഴുതിയ ലേഖനത്തിൽ പറയുന്നു എന്ന നിലയ്ക്കാണ് രചയിതാക്കൾ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവികമായും എം.ടി ജീവിച്ചിരുന്ന കാലത്ത് അച്ചടിച്ച് പുറത്തുവന്ന ഈ ആരോപണത്തെ നിഷേധിക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് മാത്രമല്ല, അതിനെ മൗനംകൊണ്ട് നിസ്സാരമാക്കി ബാഷ്പീകരിക്കുകയായിരുന്നു എന്നും പുസ്തകത്തിലുണ്ട്.

വിവാദങ്ങൾ പൊതുസമൂഹം ഏറ്റെടുത്തതോടെ പ്രമീളാ നായരുമായി അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ കെ. ജയചന്ദ്രൻ നടത്തിയ ഒരു അഭിമുഖം ‘ഏഷ്യാനെറ്റ്’ ചാനലിൽ വരാതിരിക്കാൻ എം.ടി ഇടപെട്ടിരുന്നു എന്ന ആരോപണവുമായി അന്ന് ഇന്റർവ്യൂ നടത്താൻ പോയ സംഘത്തിലുണ്ടയിരുന്ന ഷീജ പൂന്താനത്ത് എന്ന പത്രപ്രവർത്തക ഫേസ് ബുക്കിൽ എഴുതിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നു. അത് ഇപ്രകാരമാണ്:
“അന്തരിച്ചവരെ തേജോവധം ചെയ്യരുത് – എം.ടി കുടുംബം.”
വിവാഹം കഴിച്ചതിന്റെ പേരിൽ ജീവിച്ചിരിക്കെത്തന്നെ തേജോവധം ചെയ്യപ്പെട്ട സ്ത്രീയാണ് പ്രമീള നായരെന്ന എഴുത്തുകാരി. ആ വേദനകൾക്ക് ഒരു വിലയുമില്ലേ, അവരെക്കുറിച്ച് ഇനിയുമാർക്കും ഒന്നും എഴുതാൻ പറ്റില്ലേ? എംപ്റ്റി സ്പെയ്സ് – ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകം ഞാൻ വായിച്ചിട്ടില്ല. പക്ഷേ, ഒന്നറിയാം.എം.ടി യെന്ന വ്യക്തിയുടെ ഭാര്യയായി കുറച്ചു കാലം കഴിഞ്ഞതിൻ്റെ പേരിൽ identity പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ട വ്യക്തിയായിരുന്നു പ്രമീള നായർ. അത് അവരിൽ നിന്നു തന്നെ കേട്ടറിഞ്ഞ യാഥാർഥ്യവുമാണ്.
1995 ലാണ് ഏഷ്യാനെറ്റിനു വേണ്ടി ഒരു പ്രോഗ്രാം ചെയ്യാനായി കെ. ജയചന്ദ്രനും (ജയേട്ടൻ) ക്യാമറാമാൻ കെ.പി. രമേഷും ഷീജ എന്ന ഈ ഞാനും പ്രമീള ടീച്ചറുടെ വീട്ടിൽ പോകുന്നത്. എം.ടി കൃതികളുടെ നല്ല വിവർത്തകയായിരുന്ന ടീച്ചറുടെ സാഹിത്യാഭിരുചികളെ കുറിച്ച് സംസാരിക്കാനായിരുന്നു പോയത്. ചോദ്യങ്ങൾ ചോദിക്കുന്നതിനിടയ്ക്ക് നല്ലൊരു വിവർത്തകയും വായനക്കാരിയും എഴുത്തുകാരിയുമായിട്ടും സാഹിത്യലോകത്ത് എന്തേ ഇടം കിട്ടിയില്ല എന്ന് ചോദിച്ചു. നിസ്സംഗമായ ചിരിയോടൊപ്പം അവർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ” എൻ്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരു പബ്ലിഷറെയും അയാൾ അനുവദിക്കില്ല.”
അതൊന്നും വേണ്ട, ജ്ഞാനപീഠം അവാർഡ് കിട്ടിയ ദിവസം ചില മാധ്യമ പ്രവർത്തകർ എന്നെ വിളിച്ചപ്പോൾ ഞാൻ ആശംസകൾ അറിയിച്ചു. പിറ്റേ ദിവസം ഒരു പത്രത്തിൽ പോലും എന്റെ ആശംസ പ്രസിദ്ധീകരിച്ചു കണ്ടില്ല. അയാൾ എല്ലാ പത്രമോഫീസുകളിലും വിളിച്ചു പറഞ്ഞത്രേ, എന്റെ Statement കൊടുക്കരുതെന്ന്. അത്രയും ക്രൂരത എന്തിന് എന്നെനിക്കറിയില്ല. അയാൾ സ്വന്തം താത്പര്യത്തിനനുസരിച്ച് മറ്റൊരു ജീവിതം തിരഞ്ഞെടുത്തു. ആയിക്കോട്ടെ. എന്നെ നല്ലൊരു സുഹൃത്തായി കണ്ടാൽ പോരേ അയാൾക്ക് . അതും പറ്റുന്നില്ലെങ്കിൽ ഒരു വ്യക്തിയായി കണ്ട് എൻ്റെ identity യെ ചോദ്യം ചെയ്യാതിരുന്നു കൂടേ.
നിങ്ങൾക്കറിയാമോ എം.ടി.യുടെ പഴയ ഭാര്യ എന്ന ലേബലിലാണ് ഞാൻ പലപ്പോഴും അറിയപ്പെടുന്നത്. ഒരിക്കൽ ഒരു ചടങ്ങിൽ വെച്ച് ഗൃഹനാഥ എന്നെ പരിചയപ്പെടുത്തിയത് ഇത് എം.ടിയുടെ പഴയ ഭാര്യ ‘ എന്നായിരുന്നു. ഞാൻ ഉടനെ അവിടെ നിന്നും ഇറങ്ങിപ്പോന്നു. ആകെ അസ്വസ്ഥയായി വീടിൻ്റെ ഉമ്മറപ്പടിയിൽ ഇരിക്കുമ്പോൾ പഴയ പാത്രങ്ങൾ എടുക്കാനുണ്ടോ എന്നും ചോദിച്ച് ഒരു തമിഴൻ വഴിയിലൂടെ പോകുന്നുണ്ടായിരുന്നു. ഞാൻ അയാളെ വിളിച്ചു വരുത്തി ” ഒരു പഴയ ഭാര്യയുണ്ട് വിൽക്കാൻ, എടുക്കുമോ” എന്നു ചോദിച്ചു. പാവം തമിഴൻ എന്നെ അന്ധാളിച്ചു നോക്കിയിട്ട് ഇറങ്ങി പോയി.’
ടീച്ചർ വീണ്ടും ഒരു പാടു കാര്യങ്ങൾ പങ്കുവെച്ചു. ശക്തവും ഉറച്ചതുമായ നിലപാടുകളായിരുന്നു ആ വാക്കുകളിൽ. ജ്ഞാനപീഠം നേടിയ ആഘോഷങ്ങളിലൊന്നും സിതാര എന്ന മകൾക്കും ഇടമുണ്ടായില്ല എന്നത് പ്രമീള ടീച്ചറുടെ വാക്കുകളിൽ വിഷാദരൂപത്തിൽ ഇടയ്ക്കെപ്പോഴൊക്കെയോ ഒളിഞ്ഞും തെളിഞ്ഞും വന്നു.
ഷൂട്ട് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ പ്രമീള ടീച്ചർ എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു- ഇത് telecast ചെയ്യുമല്ലോ അല്ലേ. അതിലെന്തു സംശയം എന്ന ഭാവത്തിൽ ഞാൻ ജയേട്ടൻ്റെ മുഖത്തേക്കു നോക്കി. സംശയലേശമെന്യേ ജയേട്ടൻ പറഞ്ഞു. “അതിലെന്തു സംശയം. രണ്ടു ദിവസം കൊണ്ട് വരും.”
തിരിച്ചു നടക്കുന്നതിനിയിൽ ജയേട്ടൻ രമേഷിനോട് പതിവു രീതിയിൽ, തമാശ കലർത്തി പറഞ്ഞു, “വെറുതേയാണോ എം.ടി. ഇവരെ ഇട്ടിട്ടു പോയത്. “
ഇത്രയ്ക്ക് ശക്തമായ നിലപാടുകളുള്ള സ്ത്രീയെ എം.ടി എങ്ങനെ സഹിക്കും.
തിരിച്ച് ഓഫീസിലെത്തി അന്നുച്ചയ്ക്കു തന്നെ കാസറ്റും സ്ക്രിപ്റ്റും തിരുവനന്തപുരത്തേക്ക് കൊറിയറയച്ചു.
അന്ന് രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. എം.ബി. കോളേജിലെ പ്രമീള ടീച്ചറും എം.ടി. വാസുദേവൻ നായരുടെ അദ്ധ്യാപക വേഷവുമായിരുന്നു മനസ്സു നിറയെ.
പിറ്റേ ദിവസം രാവിലെ കോഴിക്കോട് എം.എസ്. എസ്. കോംപ്ലക്സിലെ ഓഫീസിലെ പടി കയറുമ്പോഴേ കണ്ടത് ജയേട്ടന്റെ സങ്കടവും നിരാശയും നിറഞ്ഞ മുഖമായിരുന്നു. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അടുത്തു വന്ന് വേവലാതിയോടെ പറഞ്ഞു, “പ്രമീളാ നായരുടെ സ്റ്റോറി Telecast ചെയ്യില്ല. കൊടുക്കണ്ടെന്നു പറഞ്ഞു തിരുവനന്തപുരത്തുനിന്നും .” ഞാൻ ആകെ തകർന്നു പോയി. വെറുതേ ജയേട്ടനോട് കയർത്തു.
“അതിന് പ്രോഗ്രാം അവരു കണ്ടോ? കണ്ടിട്ടല്ലേ തീരുമാനിക്കുക? ജയേട്ടൻ പറഞ്ഞാൽ അവർക്കു മനസ്സിലാവില്ലേ കാര്യങ്ങൾ.. ‘ ജയേട്ടൻ വിചാരിച്ചാൽ ഈ ഭൂമിമലയാളത്തിൽ നടക്കാത്തതായി ഒന്നുമില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഞാൻ ജയേട്ടനോട് ശാഠ്യം പിടിച്ചു കൊണ്ടേയിരുന്നു.
വിഡ്ഢിത്തം പറയുന്നു എന്ന് പറഞ്ഞ് ക്യാമറ ചെയ്ത രമേഷ് അവന്റെ ദേഷ്യം എന്നോടും തീർത്തു.
പതിഞ്ഞ സ്വരത്തിൽ ജയേട്ടൻ പിന്നീട് കാര്യങ്ങൾ പറഞ്ഞു. കാസറ്റ് അവിടെയെത്തും മുമ്പു തന്നെ എം.ടിയുടെ ഫോൺ കോൾ അവിടെയെത്തിയത്രേ. അത് telecast ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.
പ്രമീള ടീച്ചർ വിളിച്ചാൽ ഇനി എന്തു പറയും എന്ന് പറഞ്ഞു കൊണ്ട് ജയേട്ടനും രമേഷും പുറത്തേക്കിറങ്ങിപ്പോയി.
ഒരു രാഷ്ട്രീയ നേതാവിനോളം പോന്ന എം.ടിയുടെ അധികാര ഭാവം അന്നെനിക്കു ബോധ്യമായി.’
രണ്ടു വ്യക്തികൾ ഒരുമിച്ച് ജീവിതം തുടങ്ങുകയും അതിലൊരാൾ ഒരു ഘട്ടത്തിൽ വഴിപിരിഞ്ഞു പോവുകയും ചെയ്യുന്നത് സ്വാഭാവികം. തുടർന്നുള്ള വ്യക്തി ജീവിതത്തിൽ ഒരാൾക്ക് മറ്റൊരാളുടെ ജീവിതത്തിൽ ഇടപെടാൻ എന്തവകാശമാണുള്ളത്?
പ്രമീള നായർ എന്നത് എം.ടിയുടെ പഴയ ഭാര്യ എന്ന identity യിൽ അടങ്ങിയൊതുങ്ങി ജീവിച്ചാൽ മതി എന്നു പറയുന്നിടത്തല്ലേ ഏറ്റവും വലിയ രാഷ്ട്രീയ ശരികേട്? എഴുത്തുകാരിയെന്ന നിലയിൽ , വിവർത്തകയെന്ന നിലയിൽ പ്രമീളാ നായർ സമൂഹത്തോട് സംസാരിക്കാൻ പാടില്ല , അനുവദിക്കില്ല എന്ന് പറയാൻ എം.ടി. എന്ന വ്യക്തിക്ക് എന്തധികാരം?
പ്രമീള നായർ എന്ന വ്യക്തിക്കു വേണ്ടി മറ്റൊരാൾ ഇന്ന് എഴുതിയത് പിൻവലിക്കണമെന്ന് എം.ടികുടുംബം ആവശ്യപ്പെടുമ്പോൾ ഞാൻ കേൾക്കുന്നത് പഴയ ” ഫോൺ ശബ്ദ “ത്തിന്റെ ആവർത്തനം തന്നെ.
എം.ടി. ഏഷ്യാനെറ്റിൽ വിളിച്ച് അധികാര ഭാവം കാണിച്ച വ്യക്തികളാരും തന്നെ ഇന്ന് ആ ഓഫീസിലില്ല. ജയേട്ടൻ (കെ.ജയചന്ദ്രൻ) നമ്മളോട് യാത്ര പറഞ്ഞു പോയിട്ട് 27 വർഷം തികയുന്നു. അന്നു ക്യാമറ ചെയ്ത കെ.പി. രമേഷ് കോഴിക്കോട്ടു തന്നെയുണ്ട്. സംശയമുള്ളവർക്ക് വിളിച്ചു ചോദിക്കാം. നമ്പർ ഇവിടെ ഇട്ടാൽ ഓനെന്നെ കൊല്ലും.
എന്തുകൊണ്ട് എം.ടി. ജീവിച്ചിരുന്ന കാലത്ത് ഇതു പറഞ്ഞില്ല എന്നൊരു ചോദ്യമുണ്ടാവാം. എഴുതിയാൽ അത് പ്രസിദ്ധീകരിക്കാൻ ആരെങ്കിലും തയ്യാറാകും എന്ന വിശ്വാസം അന്നും ഇന്നും എനിക്കില്ല.
സോഷ്യൽ മീഡിയ വഴി പറയാമായിരുന്നില്ലേ എന്നു ചോദിച്ചേക്കാം – 2013 ലാണ് ഈ പ്ലാറ്റ്ഫോമിലേക്ക് ഞാൻ കടന്നു വരുന്നത്. അപ്പോഴേക്കും എം.ടി. വാർദ്ധക്യപരമായ പ്രയാസങ്ങളിലേക്കു പോയി. പ്രായത്തോടുള്ള മര്യാദ കാണിച്ച് എന്റെ ഓർമകളെ കുഴിമൂടിയിട്ടു. കാരണം പുറത്തെടുക്കുമ്പോഴൊക്കെ അതെന്നെ വല്ലാതെ അസ്വസ്ഥയാക്കും. ഒടുവിൽ എം.ടിയും ലോകത്തോടു വിട പറഞ്ഞു. ഇനിയത് ഒരിക്കലും പുറത്തെടുക്കില്ല എന്നും കരുതിയതായിരുന്നു. അപ്പോഴാണ് ഈ പുസ്തകവും അതിനു പുറകേയുള്ള എം.ടി. കുടുംബത്തിൻ്റെ ധാർഷ്ട്യവും കണ്ടത്. സഹിക്കാനും പൊറുക്കാനും കഴിയാത്തതുകൊണ്ട് എഴുതിയതാണ്.’
ഷീജയുടെ ഈ പോസ്റ്റ് വൈറലായി എന്ന് പറയേണ്ടതില്ലല്ലോ. രണ്ടു ദിവസംകൊണ്ട് നൂറിലേറെ പേർ പോസ്റ്റ് ഷെയർ ചെയ്തുകഴിഞ്ഞു. ചുരുക്കത്തിൽ പുസ്തകം നിരോധിക്കണം, പിൻവലിക്കണം തുടങ്ങിയ ഫാസിസ്റ്റ് ആവശ്യങ്ങൾക്ക് പകരം അതിൽ എന്തെങ്കിലും വാസ്തവ വിരുദ്ധമായ കാര്യങ്ങളുണ്ടെങ്കിൽ അതിനെ ഖണ്ഡിക്കുന്ന വസ്തുകളുമായി ബന്ധപ്പെട്ടവർ രംഗത്തുവരികയായിരുന്നു വേണ്ടത്.
സാഹിത്യത്തിലൂടെയും സിനിമയിലൂടെയും പ്രശസ്തനായ ഒരു വ്യക്തിയെക്കുറിച്ചുള്ള അറിയാക്കഥകൾ അറിയാനുള്ള സമൂഹത്തിന്റെ താൽപര്യത്തെ കുറ്റപ്പെടുത്താനാവില്ല. കൂടാതെ എഴുത്തിന്റെ ലോകത്തുനിന്ന് പൊടുന്നനെ അപ്രത്യക്ഷയായ ഒരു സ്ത്രീയെക്കുറിച്ച് രണ്ട് സ്ത്രീകൾ നടത്തിയ അന്വേഷണത്തോട് നമ്മുടെ സമൂഹം ഇത്രയും പ്രതിരോധവും പ്രതിഷേധവും പ്രകടിപ്പിക്കുന്നത് ശരിയാണോ എന്നൊരു ചോദ്യവും ബാക്കിനിൽക്കുന്നുണ്ട്.
“എന്റെ കഥകൾ ചേർത്തുവെച്ചാൽ അത് എന്റെ ആത്മകഥയായി” എന്ന് എം.ടി തന്നെ എവിടെയോ എഴുതിയിട്ടുണ്ട്. അതിനർത്ഥം അദ്ദേഹമെഴുതിയ കഥകളിലെ കഥാപാത്രങ്ങൾ വെറും ഭാവാനാസൃഷ്ടി മാത്രമായിരുന്നില്ല എന്നല്ലേ? ആ കഥാപാത്രങ്ങളാരെങ്കിലും പരാതിയുമായി രംഗത്ത് വന്നിരുന്നുവോ?
ഒരു പുസ്തകത്തിന്റെ നിലനിൽപ്പ് വായനക്കാർക്കിടയിലെ സ്വീകാര്യതയാണ്. രണ്ട് സ്ത്രീകൾ വിചാരിച്ചാൽ തകർന്നുപോകുന്ന വിഗ്രഹമാണ് എം.ടി. വാസുദേവൻ നായർ എന്ന് കരുതുന്ന ഒരു മലയാളിപോലും നമുക്കിടയിലുണ്ടാവില്ല. അപ്പോൾ പിന്നെ എന്തിനാണ് ഈ വിവാദങ്ങൾ? അന്തിമ തീരുമാനം വായനക്കാർക്ക് വിട്ടുകൊടുക്കുന്നതല്ലേ അതിന്റെ ഭംഗി? ആവിഷ്കാരസ്വാതന്ത്ര്യത്തെപ്പറ്റിയും എഴുത്തുകാരുടെ ധർമത്തെക്കുറിച്ചും അധികാരകേന്ദ്രങ്ങളെ ചോദ്യചെയ്യണം എന്നുമൊക്കെയുള്ള ആദർശങ്ങൾ പേറുന്ന മലയാളിയെ സംബന്ധിച്ചേടത്തോളം നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷിയുണ്ട് എന്നുതന്നെ നമുക്ക് വിശ്വസിക്കാം.
കനേഡിയൻ എഴുത്തുകാരിയായ മെറിലി വെയ്സ്ബോർഡിന്റെ “The Love Queen of Malabar: Memoir of a Friendship with Kamala Das” എന്ന പുസ്തകത്തിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയായ മാധവിക്കുട്ടി എന്ന കമലദാസ് മതം മാറി കമല സുരയ്യ എന്ന പേര് സ്വീകരിച്ചത് ഒരു മുസ്ലിം രാഷ്ട്രീയ നേതാവിനോടുള്ള പ്രണയം കാരണമാണെന്ന് സമർത്ഥിക്കുന്നുണ്ട്. ആ രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് അവർ മതംമാറിയതെങ്കിലും പിന്നീട് അവരുടെ ബന്ധം ലക്ഷ്യത്തിലെത്തിയില്ലെന്നും പുസ്തകത്തിലുണ്ട്. കാനഡയിലെ McGill-Queen’s University Press 2010 ലാണ് വാവാദമായ ഈ പുസ്തകം പുറത്തിറക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2009 മെയ് 31-ന് മാധവിക്കുട്ടിയുടെ മരണശേഷം ഏകദേശം ഒരു വർഷം പിന്നിട്ടപ്പോൾ. ആ പുസ്തകവും എം.ജി. സുരേഷ് ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പേരിൽ വിവർത്തനം ചെയ്ത മലയാള പതിപ്പും ഇന്നും വിപണിയിൽ ലഭ്യമാണെന്ന കാര്യവും ഇത്തരം വിവാദങ്ങളോട് കൂട്ടിവായിക്കേണ്ടതുണ്ട്.
ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച നെഹ്റു- എഡ്വിന ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങൾ എല്ലാം ഇറങ്ങിയത് ഇംഗ്ലീഷിലും പാശ്ചാത്യസമൂഹത്തിന്റെ മുന്നിലുമാണ്. അതുമായി താരതമ്യം ചെയ്യാൻ മാത്രം നമ്മുടെ സമൂഹം ഇനിയും വളർന്നിട്ടില്ല എന്നുതന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.





