പൂമുഖം LITERATUREകഥ പൂരം


കുറച്ച് വർഷങ്ങൾക്ക് മുന്നെ ഒരു പൂരത്തിന്റെ അന്നായിരുന്നു ദിൽജിത്തി​ൻറെ ​ മരണം. പൂരം എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസിലൂടെ കടന്ന് പോകാനിടയുള്ള തൃശ്ശൂർ ജില്ലയിലാണ് ദിൽജിത്തിന്റെ നാട്. ഗുരുവായൂർ- എറണാകുളം പടിഞ്ഞാറൻ ഹൈവേ കടന്ന് പോകുന്നത് ദിർജിത്തി​ൻറെ ​ ഗ്രാമത്തിലൂടെയാണ്. ഈ ഹൈവേയുടെ പടിഞ്ഞാറ് വശത്തുള്ള ഭഗവതി ക്ഷേത്രത്തിലെ പൂരത്തി​ൻറെ ​ അന്നാണ് അവൻ മരണപ്പെടുന്നത്. മരണപ്പെട്ടു എന്നല്ല, കൊല്ലപ്പെട്ടു എന്നാണ് പറയേണ്ടത്.

ആ തവണത്തെ പൂരം അവനും അവന്റെ ടീമിനും പ്രത്യേകത നിറഞ്ഞ ഒന്നായിരുന്നു. അതിന് ഒരു ഫ്ലാഷ് ബാക്കുണ്ട്. അത് അതി​ൻറെ ​ മുന്നത്തെ പൂരവുമായി ബന്ധപ്പെട്ടതാണ്.​ ​ഏഴ് ദേശങ്ങളിൽ നിന്നാണ് ഭഗവതി ക്ഷേത്രത്തിലേക്ക് പൂരം വരുന്നത്.അതിൽ ഒന്ന് ദിൽജിത്ത് കൂടി അംഗമായ യുവജന ക്ലബാണ് കൊണ്ട് വരുന്നത്.​ ​ദിൽജിത്ത് അന്ന് ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ്. ക്ലബിലെ ആദ്യ ബാച്ച് കഴിഞ്ഞാൽ, അടുത്ത ബാച്ചിലെ സീനിയർ. മുതിർന്ന ആളുകളിൽ അവന് അടുപ്പം ഉള്ളവർ , ഓട്ടോ ഡ്രൈവർ രതീഷേട്ടൻ, ദിൽജിത്തി​ൻറെ ​ കോളേജിൽ തേഡ് ഇയറിൽ പഠിക്കുന്ന സന്ദീപ്, മൊബൈൽ ഷോപ്പ് നടത്തുന്ന, ക്ലബി​ൻറെ ​ ഫുട്ബോൾ കോച്ച് റിയാസ്ക്ക, പിന്നെ സുഭാഷേട്ടൻ. മൂപ്പര് പുജാരി ആയിരുന്നു.​ ​ഈ നാല് പേരാണ് കൂടുതലും ക്ലബിലെ മേൽനോട്ടം. ദിൽജിത്തിന് അമ്മ മാത്രമേ ഉള്ളൂ. അച്ഛൻ നാല് വർഷം മുന്നെ മരണപ്പെട്ടതാണ്. അമ്മക്ക് ദിൽജിത്ത് ഈ ക്ലബ് പരിപാടിയും, പൂരവും, കളിയും, സിനിമയും, ഗാനമേളയും, കറക്കവും, ചൂണ്ടലും മറ്റുമായി നടക്കുമ്പോൾ എതിർപ്പില്ലാതിരുന്നത് ആ നാല് പേരിലുള്ള വിശ്വാസം കൊണ്ടാണ്.​ ​അവരൊപ്പമാണ് ഉള്ളതെങ്കിൽ ഒരു പ്രശ്നത്തിലും പോയി പെടൂല്ലാന്ന് അവർക്ക് ഉറപ്പായിരുന്നു. അവർക്ക് മാത്രമല്ല ആ ക്ലബിലെ മറ്റ് പിള്ളേരുടെ വീട്ടുകാർക്കും അങ്ങിനെയൊരു ഉറപ്പുണ്ട്.ഒരു പക്ഷെ നാല് പേരും ഒരു പേരു ദോഷം ഉണ്ടാക്കിയിട്ടില്ലാ എന്നത് കൊണ്ടായിരിക്കും.

ഓട്ടോ ഓടിക്കുന്നതിന് മുന്നെ രതീഷേട്ടൻ ബസ് ഡ്രൈവറായിരുന്നു. കൂട്ടത്തിൽ ഏറ്റോം മൂത്തതാണ് മൂപ്പര്. മുപ്പത്തിയഞ്ച് കഴിഞ്ഞു. കല്യാണം കഴിച്ചിട്ടില്ല. വീട്ടിൽ അമ്മയുണ്ട്, ഒരു പെങ്ങളും . പെങ്ങള് ഡിഗ്രി കഴിഞ്ഞ്, പി എസ് സി ക്കു ട്രൈ ചെയ്യാണ്. കല്യാണം കഴിക്കാൻ അവരും , ബന്ധുക്കളും , ഈ കൂട്ടുകാരും നിർബന്ധി ക്കുന്നുണ്ട്. പക്ഷെ മൂപ്പര് പഴയൊരു പ്രണയ നഷ്ടത്തി​ൻറെ ​ വേദനയിലങ്ങനെ…
ബസ് ഡ്രൈവറായിരുന്ന കാലത്താണ് സംഭവം. ആറേഴ് വർഷം മുന്നെ .ഞാൻ അന്ന് പ്ലസ്ടുവിലാണ്. ഞാൻ മിക്കപ്പോഴും മൂപ്പര് ഓടിച്ചിരുന്ന ബസിലേ കേറൂ. മറ്റൊന്നുമല്ല ഗംഭീര പാട്ട് കളക്ഷനായിരുന്നു മൂപ്പരുടേല്.
തൃശ്ശൂര് പോകുമ്പോഴും, വരുമ്പോൾ കാത്ത് നിന്നിട്ടായാലും അതിൽ കേറാൻ പാട്ടുകൾ തന്നെയായിരുന്നു കാരണം. പാടേം ചെയ്യും മൂപ്പര് തരക്കേടില്ലാതെ.​.​ഡീസന്റ് പണിക്കാരനും ആയിരുന്നു.ഒരു ലീവ് പോലും എടുക്കാതെ. വേറെ അലമ്പൊന്നും ഇല്ലാതെ. പെണ്ണുങ്ങളും കുട്ട്യോളും അടക്കം എല്ലാർക്കും ഭയങ്കര കാര്യാർന്നു മൂപ്പരെ. ഇന്നും.

മൂപ്പർക്ക് വിവാഹാലോചന നടക്കണ സമയത്ത് തന്നെയാണ് മൂപ്പര് ആ പ്രണയത്തിൽ വീണത്.​ ​അയ്യന്തോള് സതീശൻ വക്കീലിന്റെ ഗുമസ്തയായിരുന്നു ആ ചേച്ചി. ഞങ്ങളുടെ അവിടുന്നൊക്കെ വിട്ട് നാലാമത്തെ വളവിലാണ് ചേച്ചി കേറണ സ്റ്റോപ്പ്.​ ​8.15 ന് ആണ് അവിടെ സമയം. ഒരു പാടമാണ് വളവിനോട് ചേർന്ന്. റോഡിൽ നിന്ന് ആ ചേച്ചീടെ വീട് കാണാം.വളവ് എത്തണേന് മുന്നെ മൂന്ന് ഹോണടിക്കും മൂപ്പര്. ആദ്യമൊക്കെ കരുതിയിരുന്നത് വളവ് ഉദ്ദേശിച്ചിട്ടാണ് എന്നാണ്. മൂന്ന് ദിവസം കുഞ്ഞുട്ട​നൊ​പ്പം​ ​കിളിയായി നിന്നപ്പോഴാണ് അത് ആ ഹോണല്ല, ചേച്ചിക്ക് വേണ്ടിയാണ് എന്ന് മനസ്സിലായത്. ചേച്ചി കയറിയതിന് ശേഷം മാത്രമാണ് പാട്ടി​ൻറെ ​ ഫോൾഡർ മാറ്റം സംഭവിക്കുന്നത്. ഭക്തിഗാനങ്ങളിൽ നിന്ന് പെട്ടെന്നൊരു ചാട്ടമാണ്.
“ ഇത്ര മധുരിക്കുമോ പ്രേമം”
“ ചുംബന പൂകൊണ്ട് മൂടി”
“ ഏക് ലഡ്കി കോ ദേഖാ തോ ”
ബസിലെ മൂഡങ്ങ് മാറും.മൂപ്പരുടെ മുഖത്തെ , ചിരിയുടെ, സ്‌റ്റിയറിങ്ങ് പിടുത്തത്തിന്റെ,ഹോണടിയുടെ എല്ലാം.​ ​ചേച്ചിക്ക് പക്ഷെ ഒരു ഭാവമാറ്റവും ഉണ്ടാകില്ല. ചേച്ചിക്ക് അറിയാം ഇത് ചേച്ചിക്ക് വേണ്ടിയാണെന്ന്. ചേച്ചിയെ ഉള്ളിലെ തീ അറിയിക്കാൻ വേണ്ടിയാണെന്ന്. അതൊന്ന് കെടുത്തി , ഒപ്പം കൂട്ടിരിക്കാനാണെന്ന്. പക്ഷെ മൂപ്പരുടെ മുഖത്തേക്ക് നോക്കിയാലും ചേച്ചിയുടെ മുഖഭാവം മാറില്ല. ചിരിക്കില്ല.’ എനിക്കറിയാം രതീഷേ’ന്ന് കണ്ണിലുള്ളതായി തോന്നാറുണ്ട്. കണ്ണിൽ തന്നെ കുടുക്കി ഇടുന്നതാകും. ചെറിയൊരു ഭാവമാറ്റം കൊണ്ട് പോലും ഒരു മറുപടി കൊടുക്കില്ല.

കുഞ്ഞുട്ടൻ തന്നെ പറഞ്ഞതാണ് ചേച്ചിയുടെ ഈ സ്ഥായീഭാവം സാഹചര്യങ്ങൾ കൊണ്ട് ഉണ്ടായി പോയതാണെന്ന് . ചേച്ചി കോളേജ് കഴിഞ്ഞിരിക്കുമ്പോൾ അമ്മ മരിച്ചു. അത് കഴിഞ്ഞ് മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന് മാനസികാരോഗ്യം നഷ്ടപ്പെട്ടു. ജോലിക്ക് പോയില്ലെങ്കിൽ ജീവിതം മുന്നോട്ട് പോകില്ല. കാലത്ത് പോരുമ്പോൾ അച്ഛനെ മുറിയിലാക്കി പൂട്ടി, വീട് പൂട്ടി, താക്കോൽ അടുത്ത വീട്ടിലേല്പിച്ച് പോരും.ആ ഇറങ്ങുന്ന നേരത്ത് മൂപ്പര് കുറെ ബഹളമുണ്ടാക്കും. എന്തേ​ലൊക്കെ തകർക്കും, അലറും . അരമണിക്കൂർ അത് നീണ്ട് നിൽക്കും. പിന്നെ ഉറങ്ങും. തോന്നുമ്പോൾ എണീറ്റ് ഭക്ഷണം കഴിക്കും. ആ അരമണിക്കൂർ കഴിഞ്ഞാൽ ഒരു ശാന്തതയാണ്. അത് തന്നെയാണ് ചേച്ചിയുടെ മുഖത്ത് എപ്പോഴും. സഹതാപം കൊണ്ട് ഉണ്ടായ പ്രണയമാണല്ലേ എന്ന എ​ൻറെ ​ സംശയം കുഞ്ഞുട്ടൻ തന്നെ തിരുത്തി. ഇതിനൊക്കെ മുന്നെ മൂപ്പർക്ക് ചേച്ചിയെ ഇഷ്ടമാണ് എന്ന്.​. ​പറയാൻ ഉള്ള പേടി, കോംപ്ലക്സ്, ഒരു ‘നോ’ താങ്ങാൻ ഉള്ള ശക്തിയില്ലായ്മ. വർഷങ്ങൾ കഴി​ഞ്ഞു ​​​ പോയത് മൂപ്പര് ഓർത്തില്ല.

അങ്ങിനെ ഇരിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ചേച്ചിയുടെ അച്ഛൻ ജനലിൽ തൂങ്ങി. മൂന്ന് ദിവസം ചേച്ചിയെ കാണാതെ ആയപ്പോൾ ഉണ്ടായ അന്വേഷണത്തിൽ അത്തറ് മുറമ്മദ്ക്ക പറഞ്ഞാണ് കാര്യം അറിയുന്നത്.
അതി​ൻറെ ​ പിറ്റേന്ന് എ​ൻറെ ​ ഓർമ്മയിൽ ആദ്യമായി രതീഷേട്ടൻ ലീവെടുത്തു. വെറുതെ വീട്ടിലിരിക്കാൻ. രണ്ട് മാസം കഴിഞ്ഞപ്പോൾ മുതലാളി നിർബന്ധിച്ചപ്പോൾ ചേച്ചിയുടെ വീട്ടിൽ പോയി.
ഈ നിസഹായാവസ്ഥയിൽ ചെന്ന് പെണ്ണ് ചോദിക്കുന്നത് ധൈര്യമില്ലായ്മ ഊട്ടി ഉറപ്പിക്കലും, മോശത്തരവും ആകുമെന്ന് മൂപ്പര് പറഞ്ഞിട്ടും മുതലാളി തള്ളി വിട്ടു.​ ​ജാതിയിൽ താഴ്ന്നതാണ് എന്ന് പറഞ്ഞ് , ഇവിടെ വരാൻ എങ്ങിനെ ധൈര്യം വന്നൂന്ന് ചോദിച്ച് ചേച്ചിടെ മൂത്ത മാമൻ മൂപ്പരെ ഇറക്കി വിട്ടു.​ ​ചേച്ചിക്കെന്തേലും പറയാനുണ്ടോ എന്ന സിനിമാ സീനൊന്നും അവിടെ ഉണ്ടായില്ല.​ ​മൂപ്പര് തിരികെ പോന്നു. മൂപ്പരെ വലിയ കാര്യമായിരുന്ന മുതലാളി നമുക്ക് പോയി ചോദിക്കാടാന്ന് പറഞ്ഞിട്ട് മൂപ്പര് സമ്മതിച്ചില്ല. അന്ന് അവസാന ഓട്ടം കഴിഞ്ഞ്, ചാവി കൊടുത്ത് നാളെ മുതല് വരണില്ലാ ദിനേശേട്ടാന്ന് പറഞ്ഞ് മൂപ്പര് ആ പണി നിർത്തി.​ ​മുതലാളി കുറെ പറഞ്ഞിട്ടും, വീട്ടീന്ന് കുറെ പറഞ്ഞിട്ടും മൂപ്പര് ആ ബസിൽ പിന്നെ കേറീല്ല.

അതി​ൻറെ ​ നാലി​ൻറെ ​ അന്ന് ചേച്ചി ജോലിക്ക് വന്നു. പിറ്റേന്ന് വന്നില്ല. മുഹമമദ്ക്ക പറഞ്ഞി​ട്ടു ​ തന്നെയാണ് ആ വാർത്തയും അറിഞ്ഞത്;തലേന്ന് രാത്രി അച്ഛൻ തൂങ്ങിയ ജനലിൽ ചേച്ചിയും തൂങ്ങി.
അത് കേട്ട് രതീഷേട്ടൻ ചാവാനൊന്നും പോയില്ല.മ്യൂസിക് കളക്ഷൻ നശിപ്പിച്ചു കളഞ്ഞു.ഓട്ടോയിൽ മ്യുസിക് പ്ലെയറില്ല. എന്തിനും ഏതിനും എവിടേക്കും അവർക്കൊപ്പമുണ്ടാകും.പക്ഷെ കൂട്ടത്തിൽ തനിച്ചെന്ന പോലെ.​…​റിയാസ്ക്ക മൂപ്പരെ ഗൾഫിലോട്ട് കൊണ്ട് പോകാനുള്ള ശ്രമമൊക്കെ നടത്തിയതാ.മൂപ്പര് കൂട്ടാക്കിയില്ല.

ഈ പറയുന്ന റിയാസ്ക്ക ഗൾഫിൽ പോയിട്ട് ഒരു വർഷമേ നിന്നുള്ളൂ.
ഒരു പെരുന്നാളിന് വന്നിട്ട് പിന്നെ തിരിച്ച് പോയില്ല. മൂപ്പർക്ക് ഫുട്ബോളും വോളിബോളും കഴിഞ്ഞേ ഉള്ളൂ എന്തും.​ ​നല്ല ഫുട്ബോൾ കളിക്കാരനായിരുന്നു.. ഇപ്പോഴും ആണ്. പക്ഷെ പ്രായത്തി​ൻറെ ​ ചില വൃത്തികെട്ട പണി​കൾ ​ ശരീരത്തിൽ നടന്നത് കൊണ്ട് ടൂർണമെ​ന്റി​ലൊന്നും കളിക്കാറില്ല. പക്ഷെ അണ്ടർ പതിനാറും പിന്നെ ഒരു ഫുൾ ടീമും മൂപ്പര് സെറ്റാക്കി എടുത്തു, രണ്ട് വർഷം കൊണ്ട്. മൂപ്പര് ചെറുപ്പത്തിൽ ഗംഭീര കളിക്കാരനായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.​ ​മൂപ്പർക്കും ഇതുപോലെ ആരേലും സപ്പോർട്ട് ചെയ്യാൻ ഉണ്ടാർന്നേൽ ഒരുപക്ഷെ കേരളാ ടീമിലോ ഇന്ത്യൻ ടീമിലോ എത്തിയേനേ എന്ന് പറ​ഞ്ഞു കേൾക്കാം ഇപ്പോഴും. പിള്ളേർക്ക് ജഴ്സിയും ബൂട്ടും പാഡും ഒക്കെ ഒപ്പിച്ച് കൊടുക്കുമ്പോൾ , നല്ലൊരു ബൂട്ട് താൻ കണ്ടത് ഇരുപതാം വയസിലായിരുന്നെന്ന് പറയും.

മൂപ്പര് ഈ കളീം ടൂർണമെന്റും കോച്ചിങ്ങും എന്നൊക്കെ പറഞ്ഞ് നടക്കണത് കൊണ്ട്, ഗൾഫ് വിട്ട് വന്ന് തുടങ്ങിയ മൊബൈൽ ഷോപ്പ് ഒട്ടുമിക്ക ദിവസവും പൂട്ടി കിടക്കാർന്നു. ഫാത്തിമിത്തയുമായി പ്രണയത്തിലായതിന് ശേഷമാണ് അതിന് മാറ്റം വന്നത്. ഇത് മുന്നോട്ട് പോണേൽ നിർബന്ധമായും എല്ലാ ദിവസോം 9.30 മുതൽ 5 വരെ കട തുറന്നേ പറ്റൂന്നും 5 കഴിഞ്ഞ് കടയിൽ തിരക്ക് വരാൻ ഇടയുള്ളത് കൊണ്ട് 5 മണിക്ക് ശേഷം ഇരിക്കാൻ ഒരാളെ കൂടി കണ്ടെത്തിയേ പറ്റൂന്നും ഫാത്തിമിത്ത റൂൾ വെച്ചു. പ്രണയം​ മുഖ്യമായിരുന്നത് കൊണ്ട് മൂപ്പര് അതിന് സമ്മതിച്ചു. അങ്ങനെ പകല് കറക്കം നിന്നു. അത്രേം അത്യാവശ്യം ഉണ്ടേൽ മാത്രം പുറത്തിറങ്ങും. വൈകീട്ട് 5 ന് ശേഷം ഇരിക്കാൻ സത്താറിനെ കിട്ടി. ക്ലാസ് ഇല്ലാത്ത ദിവസം സന്ദീപിനെ പിടിച്ച് ഇരുത്തി,മൂപ്പര് പകല് എന്തേലൊക്കെ ആയി കടേന്ന് ഇറങ്ങും. സന്ദീപിനെ ആദ്യം ഇരുത്താൻ പേടിയാർന്നു. അവന് നല്ല പെൺകുട്ടികൾ വന്നാൽ ​നമ്പർ ​ എടുത്ത് സേവ് ചെയ്ത് വെക്കണ പ​രി​പാടി ഉണ്ടായിരുന്നു ആദ്യം. സുഭാഷേട്ടനാണ് അത് നിർത്തിച്ചത്. റിയാസ്ക്ക അറിഞ്ഞിരുന്നില്ല. അവൻ തന്നെ അത് ഏ​റ്റു​പറഞ്ഞ് ഇനി ഉണ്ടാവില്ലെന്ന് ഉറപ്പ് കൊടുത്തു.
അതിന് ശേഷം പിന്നെ അത് ചെയ്തിട്ടില്ല. പക്ഷെ മറ്റൊന്ന് ഒപ്പിച്ചു.​….​

അവൻ ഡെ​യിലി ​ പോയിരുന്നത് ഒരേ ബസിലാണ്. അതില് അതുപോലെ ഡെയ്‌ലി വന്നിരുന്ന നഴ്സിങ്ങിന് പഠിക്കണ കുട്ടിയെ നോക്കി നോക്കി പിന്നാലെ നടന്ന് നടന്ന് വരുതിയിലാക്കി. അതേ സമയം തന്നെ ക്ലാസിൽ വേറൊരു കുട്ടിയേം പ്രേമി ച്ചിരുന്നു.അവൾ അവനോട് ഇഷ്ടം പറയണേന് മുന്നെ നഴ്സിങ്ങ് കുട്ടി അവനോട് ഇഷ്ടത്തിലായി. രണ്ട് പേരും കോളേജ് കട്ട് ചെയ്ത്, അവന്റെ ക്ലാസ് മേറ്റ് രൂപേഷിന്റെ മാമന്റെ വീട്ടിൽ പോയി സെക്സ് ചെയ്തു. അതിന് ശേഷം അവ​ൻറെ ​ സ്വഭാവം മാറി. ആ കുട്ടി വിളിച്ചാൽ ഫോൺ എടുക്കാതെയായി. മെസേജിന് മറുപടി അയക്കില്ല. പിന്നെ ആ കുട്ടി എന്തോ തെറ്റ് ചെയ്ത പോലെ അതിനെ തെറി വിളിക്കും. പിന്നെ എല്ലായിടത്തും ബ്ലോക്കും ചെയ്തു. രണ്ട് മൂന്ന് ദിവസം കോളേജിൽ പോകാതെ മുങ്ങി നടന്നു. പോവുകയും വരികയും ചെയ്യുന്ന ബസും സമയവും മാറ്റി. ആ കുട്ടി പക്ഷെ വിട്ടില്ല. അത് ഒരു ദിവസം രതീഷേട്ട​ൻറെ ​ ഓട്ടോയിൽ കയറി ക്ലബിൽ വന്നു. അവൻ വയനാട് ടൂർ പോയിരിക്കാർന്നു. ടൂർ കഴിഞ്ഞ് വന്നപ്പോൾ റിയാ​സ്ക്കേം ​ സുഭാഷേട്ടനും രതീഷേട്ടനും കൂടി നല്ല ആട്ട് ആട്ടി. അങ്ങിനെ പിറ്റേന്ന് ആ കുട്ടിയെ കാണാൻ പോയി.
ഒഴിവാക്കി പോകല്ലേന്ന് പറഞ്ഞ് കാല് പിടിക്കാൻ വന്നതല്ല. കിട്ടി കഴിഞ്ഞ് മുങ്ങി നടക്കണത് വലിയ ആണത്തമാണെന്ന് കരുതണ്ടാന്നും, ഇതിനാർന്നേൽ ആദ്യമേ നേരിട്ട് ചോദിക്കാർന്നില്ലേന്നും,നീ ഈ കാണുന്നതേ ഉള്ളൂ, കാര്യത്തിൽ പോരാന്നും അതൊന്ന് നേരിട്ട് പറയാനാണ് വന്നത് എന്നും പറഞ്ഞ് ഒരു തുപ്പും തുപ്പി ആ കുട്ടി പോയി. അതിൽ പിന്നെ ആണ് അവൻ നേരെ ആയത്. ക്ലാസിലെ കുട്ടിയേം അതോടെ മറന്നു.ഈ മനോഭാവം നേരെ ആക്കീട്ട് മതി പ്രേമമൊക്കെ എന്ന് സുഭാഷേട്ടനും ഉപദേശിച്ചു.

സുഭാഷേട്ടന് പൂജാരി പണി കുറഞ്ഞത് ഗുണം ചെയ്തത് റിയാസ്ക്കക്ക് ആണ്. ഇടക്ക് കടയിൽ ഇരിക്കാൻ ആളെ കിട്ടും. പകൽ ടൈം.​ ​സുഭാഷേട്ടൻ അത്ര ദൈവ വിശ്വാസം കൊണ്ട് പൂജാരി ആയതൊന്നും അല്ല. നന്നേ ചെറുപ്പത്തിൽ നല്ല വിശ്വാസം ആർന്നു. എന്നും അമ്പലത്തിൽ പോയിരുന്ന കാലം . രണ്ട് കാരണം ഉണ്ട്.​ ​ഒന്ന് വിശ്വാസം, അല്ലെങ്കിൽ വീട്ടുകാരെ കണ്ടിട്ട് എന്നു പറയാം. രണ്ട് ​,​അമ്പലത്തിലെ ചന്ദനത്തി​ൻറെ ​, പൂവി​ൻറെ ​, പായസത്തി​ൻറെ ​ ഒക്കെ മണം .ഏഴാം ക്ലാസൊക്കെ ആയപ്പോൾ ആറാം ക്ലാസിൽ പഠിച്ചിരുന്ന മണിക്കുട്ടിയെ കാണാൻ വേണ്ടിയായിരുന്നു.പത്താം ക്ലാസ് ആയപ്പോൾ അത് ശ്രുതിയെ കാണാനായി. കുറച്ച് മുതിർന്നപ്പോൾ വിശ്വാസം കുറഞ്ഞു. വല്ലപ്പോഴും പോയാലായി എന്ന രീതി. അങ്ങിനെയൊരു ദിവസം ആണ് ആൾക്കൊരു തോന്നൽ ഉണ്ടായത്. പൂജാരി ആയാൽ ജീവിതത്തിൽ ഒരിക്കലും ത​ൻറെ ​ മുന്നിൽ കുമ്പിടാൻ ഇടയില്ലാത്ത പല മനുഷ്യരും ത​ൻറെ ​ മുന്നിൽ കുമ്പിടും. ചിലപ്പോൾ കാല് വരെ തൊട്ട് വണങ്ങും. അങ്ങിനെ ആണ് ചെയിന്റിങ്ങ് പണിക്ക് പോയിരുന്നത് നിർത്തി മൂപ്പര് പൂജ പഠിച്ചത്.

പക്ഷെ മൂപ്പര് വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ.​ ​പലരും ബുക്ക് ചെയ്യും. ദിവസം അടുക്കുമ്പോൾ ഒഴിവാക്കും. കാര്യം തിരക്കിയപ്പോൾ ഒരു കൂട്ടര് കാര്യം തുറന്ന് പറഞ്ഞു.ദളിതനായതാണ് പ്രശ്നം. അവിടം കൊണ്ട് തീർന്നില്ല.​ ​നാട്ടിലെ ഭഗവതി ക്ഷേത്രത്തിൽ പൂജാരിയായി കേറി ആറ് മാസം കഴിഞ്ഞിരിക്കുമ്പോൾ ആണ് പൂരം വരുന്നത്.പൂരത്തിന് കൊടിയേറി ഇരിക്കുമ്പോൾ ഒരു ദിവസം അമ്പലത്തിലെ ഊ​ട്ടുപുരക്ക് തീ പിടിച്ചു.
പ്രശ്നം വെച്ചപ്പോൾ പണിക്കര് പറഞ്ഞത്ര ദളിതനായ ഒരാള് പൂജ ചെയ്യുന്നത് കൊണ്ട് ഭഗവതി കോപിച്ചതി​ൻറെ ​ ലക്ഷണമാണെന്നാണ് . അങ്ങിനെ അമ്പലക്കമ്മിറ്റിയും പൂര കമ്മിറ്റിയും യോഗം കൂടി മൂപ്പരെ ആ സ്ഥാനത്ത് നിന്ന് മാറ്റി. ഒരു അമ്പലത്തിലും ഇനി കേറില്ലെന്ന് മൂപ്പര് അന്ന് തീരുമാനം എടുത്തു.വർഷങ്ങൾക്ക് ശേഷം ബീഫ് കഴിച്ച് അത് ആഘോഷിക്കേം ചെയ്തു.

ആ വർഷത്തെ പൂരത്തിന് ഒരാളും പങ്കെടുക്കുന്നില്ലെന്നും , അവരുടെ ദേശത്തു നിന്ന് ക്ലബി​ൻറെ ​ നേതൃത്വത്തിൽ കൊ​ണ്ടു പോയിരുന്ന പൂരം വേണ്ടെന്നും എല്ലാരും കൂടി തീരുമാനിച്ചു. തീരുമാനത്തിന് ക്ലബിലെ എല്ലാ അംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും പിന്തുണയും കൊടുത്തു.അതുകൊണ്ടും തീർന്നില്ല. അടുത്ത വർഷത്തെ പൂരത്തിന് അമ്പലത്തിലെ കമ്മറ്റിയുമായി സഹകരിക്കാതെ ഒറ്റൊക്കൊരു പൂരം അമ്പലത്തിലേക്ക് കൊണ്ടു പോകാമെന്നും, അമ്പലത്തിന് അകത്ത് കടക്കാതെ തിരിച്ച് പോരാമെന്നും തീരുമാനിച്ചു. അതും എല്ലാവരും സ്വാഗതം ചെയ്തു.​ ​കാശ് കണ്ടെത്താനായുളള മാർഗ്ഗങ്ങൾ ആയി പിന്നെ ആലോചന. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, നറുക്കെടുപ്പ്, സ്പോൺസർമാരെ കണ്ടെത്തൽ, പിന്നെ എല്ലാവരുടേയും സഹകരണം. ലക്ഷ്മിയേടത്തി ഒരു നിർദേശം വെച്ചു. ആദ്യമായിട്ടായിരുന്നു സ്ത്രീകളും ഒരു മീറ്റിങ്ങിന് പങ്കെടുക്കുന്നത്. മേളം നമ്മുടെ പെണ്ണുങ്ങൾ നടത്താമെന്ന ലക്ഷ്മിയേടത്തിയുടെ സജഷൻ എല്ലാവരും കൈയടിച്ച് പാസാക്കി. അങ്ങിനെ അവരെ കൊട്ട് പഠിപ്പിക്കാൻ ദിൽജിത്തി​ൻറെ ​ അമ്മേടെ ചേച്ചിടെ മകൾ അനിത വന്ന് തുടങ്ങി ​.​ശനിയും ഞായറും.
സുഭാഷേട്ടന്റെ വീട്ടിലായിരുന്നു പഠിത്തം. പഠിപ്പിക്കാൻ വന്ന ടീച്ചറുമായി ഒടുവിൽ സുഭാഷേട്ടൻ പ്രണയത്തിലായി. പഠിക്കാൻ വരുന്നവർക്കും ടീച്ചർക്കും ദിവസവും ചായ ഉണ്ടാക്കി കൊടുക്കുന്നതും ഇടക്ക് പല പല പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നതും സുഭാഷേട്ടനായിരുന്നു. അങ്ങിനെ അനിതേച്ചിയാണ് എന്തുകൊണ്ട് ഒരു ചായക്കട തുടങ്ങിക്കൂടാ എന്ന ആശയം സുഭാഷേട്ടന് കൊടുക്കുന്നത്. ആള് നന്നായി കുക്കും ചെയ്യും. അങ്ങനെ മേളം പഠിച്ച് തീരും മുന്നെ സുഭാഷേട്ടൻ ചെറിയൊരു മുറി എടുത്ത് ചെറിയ സെറ്റപ്പിൽ ഒരു ചായക്കട തുടങ്ങി. വൈകീട്ട് കൊള്ളി, ബോട്ടി, ബീഫ് ഒക്കെ ഉണ്ടാകും. സത്യത്തിൽ അത് ഒരു വിജയം ആയി.

അവരുടെ കൂട്ടായ തീരുമാനവും വിജയം ആയിരുന്നു. പെണ്ണുങ്ങളുടെ മേളം, മൂന്ന് കാവടി, മൂന്ന് തെയ്യം ഒക്കെയായി ഗംഭീര ആഘോഷം.​ ​പൂരം ക്ലബി​ന്റവിടെ നിന്ന് നീങ്ങിയ ശേഷം ചെറിയൊരു പ്രശ്നം ഉണ്ടായി. പെണ്ണുങ്ങളുടെ മേളം ആണല്ലോ, അതിൽ മറ്റൊരു രീതിയിൽ ആവേശം കണ്ട നാല് ആളുകൾ , കള്ള് കുടിച്ച് ഫിറ്റായവർ, ഓവറായി മേളത്തിന് മുന്നിൽ ഡാൻസ് ചെയ്യേം ദിൽജിത്തും കുറച്ച് പിള്ളേരുമായി ഉന്തും തള്ളലും ഉണ്ടാവുകേം ചെയ്തു. മുതിർന്ന കുറച്ച് ആളുകളും സുഭാഷേട്ടനും രതീഷേട്ടനും റിയാസ്ക്കേം ഒക്കെ കൂടിയാണ് അതൊന്ന് ശാന്തമാക്കിയത്. അവര് നാല് പേരും പിന്നെ അവിടുന്ന് പോയി. കുറെ തെറിയും വിളിച്ച് പിന്നെ കണ്ടോളാം എന്നും പറഞ്ഞ്. മേളത്തി​ൻറെ ​ ഒപ്പമോ പൂരം പോകുന്നതിന് ഒപ്പമോ പിന്നെ വന്നില്ല.പൂരം അങ്ങിനെ അടിച്ച് പൊളിച്ച് മുന്നോട്ട് പോയി. അമ്പലത്തി​ൻറെ ​ കോമ്പൗണ്ടിനു​ ​പുറത്ത് വരെ . പുറത്ത് ആടിക്കൊണ്ടി രിക്കുമ്പോഴാണ് ദിൽജിത്തിന് അമ്മയുടെ ഫോൺ വരുന്നത്.​….​​

​അമ്മ മാധവിച്ചേച്ചി പൂരത്തിനും ആഘോഷങ്ങൾക്കും പങ്കെടുക്കാറില്ല. ഭർത്താവ് മരിച്ച ശേഷം, നാല് വർഷമായി ഒന്നിനും പങ്കെടുത്തിട്ടില്ല. ദിൽജിത്തി​ൻറെ ​ നാല് കോളേജ് ഫ്രണ്ട്സ് വീട്ടിൽ വന്നിട്ടുണ്ടെന്നു പറഞ്ഞാണ് വിളി വന്നത്. ദിൽജിത്ത് വീട്ടിലേക്ക് ചെല്ലാമെന്ന് പറഞ്ഞ് ഫോൺ വെച്ചു. അരമണിക്കൂർ കഴിഞ്ഞും ദിൽജിത്തിനെ കാണാതെ ആയപ്പോൾ പിള്ളേര് അമ്മയോട് പറഞ്ഞ് അമ്പലത്തിലേക്ക് നടക്കാൻ തുടങ്ങി. അവരാണ് അമ്പലം എത്തണേന് മുന്നെ ഒരു മൂന്നടി ഇട വഴിയുടെ തുടക്കത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ദിൽജിത്തിനെ കാണുന്നത്.ആ വഴിയുടെ അപ്പുറത്ത് ആൾട്ടോ കാർ പാർക്ക് ചെയ്ത് മൂന്നടി വഴിയിൽ നിന്ന് വെള്ളമടിച്ചിരുന്ന, മേളത്തിൽ കയറി അലമ്പുണ്ടാക്കിയ,ആ നാല് പേര് ചെയ്ത പണിയായിരുന്നു. പിള്ളേര് ആളെ കൂട്ടി ഹോസ്പിറ്റലിൽ എത്തിച്ചു. സുഭാഷേട്ടന്റേം കൂട്ടരുടേം പൂരാഘോഷം കണ്ണീരിലായി. രണ്ട് ദിവസം ഐസിയുവിൽ കിടന്നു. പിന്നെ മരിച്ചു. മരിക്കുന്നേന് മുന്നെ ആ നാല് പേര് തന്നെ എന്ന് പറഞ്ഞു.

ദിൽജിത്തി​ൻറെ ​ അമ്മ കരഞ്ഞില്ല. കരഞ്ഞെങ്കിലെന്നു എല്ലാരും ആഗ്രഹിച്ചു. കുറച്ച് വിഷമം അങ്ങിനെ തീരുമല്ലോ. പക്ഷെ അതുണ്ടായില്ല. അവരെ കണ്ടെത്തി തിരിച്ച് അടിക്കാനുള്ള ചിന്ത വരുന്ന ഒരു കൂട്ടരല്ല സുഭാഷേട്ടനും പിള്ളേരും.​ ​അടി, ലഹള ഇതിൽ നിന്നൊക്കെ ഒഴിഞ്ഞ് പോരുന്ന, ആരേലും ഇങ്ങോട്ട് വെറുതെ മെക്കട്ട് കേറിയാൽ തന്നെ, പരമാവധി സമാധാനത്തിൽ കാര്യങ്ങൾ കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന കൂട്ടര്. പൂരത്തിന്, ഗാനമേളക്ക്, പെരുന്നാളിന്, തിയേറ്ററിൽ ഒക്കെ എത്ര തവണ എന്തൊക്കെ ഉണ്ടായിട്ടും രതീഷേട്ടനും സുഭാഷേട്ടനും കൂടി എങ്ങനേലും അതിൽ നിന്ന് റിയാസ്ക്കനേം സന്ദീപിനേം കൂട്ടി ഒഴിവായി പോരാൻ നോക്കും. അതുകൊണ്ട് തന്നെ ആ നാല് പേരെ കണ്ടെത്തി തീർക്കണം എന്നൊരു ചിന്തയൊന്നും അവർക്കുണ്ടായില്ല. പോലീസ് അന്വേഷണവും ഒരു വഴിക്ക് എത്താതെ പോയി.

വർഷം ഒന്നാകാറായപ്പോൾ ദിൽജിത്തി​ൻറെ ​ ഓർമ്മക്ക് ഒരു ഫുട്ബോൾ ടൂർണമെന്റ് നടത്തി. അതിൽ നിന്നും കിട്ടിയ ലാഭം ദിൽജിത്തി​ൻറെ ​ അമ്മയെ ഏൽപ്പിക്കാൻ പോയി.
“ നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണല്ലേ. നിങ്ങൾക്ക് ഇനി വർഷാവർഷം ക്ലബിന് ലാഭം ഉണ്ടാക്കാ​ല്ലേ ​?”
നാല് പേരും ഒന്നും പറഞ്ഞില്ല. അമ്മ അകത്തേക്ക് പോയി. പിന്നെ വലിയൊരു വെട്ട് കത്തിയും കൊണ്ട് വന്നു.
“ ഇത് ബീഫും മട്ടനും വാങ്ങുമ്പോൾ കട്ട് ചെയ്യാനെന്ന് പറഞ്ഞ് അവൻ വാങ്ങിക്കൊണ്ട് വന്നതാ. നിങ്ങൾ ഒന്നും ചെയ്യണ്ട. ആ നാല് പേരെ ഒന്ന് കണ്ടെത്തി തന്നാൽ മതി. ബാക്കി ഞാൻ ചെയ്തോളാം. ഈ പക , പ്രതികാരം ഒക്കെ ഞങ്ങൾക്കും ഉണ്ട്. എനിക്കിപ്പോ ഇതേ പറയാൻ ഉള്ളൂ. ഈ കാശ് എനിക്ക് വേണ്ട. പകരം നിങ്ങൾക്ക് പറ്റുമെങ്കിൽ അവരെ ഒന്ന് കണ്ടെത്തി തരാ”
അമ്മ അകത്തേക്ക് പോയി. മറുപടി ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് അവര് തിരികെ പോന്നു.

നാട്ടിലെ ആദ്യ പൂരം മലൂക്കര ഭഗവതി ക്ഷേത്രത്തിൽ ആണ്. പൂരത്തിന് നാല് പേരും പോയി. വർഷങ്ങളായി കാണാതിരുന്ന ഒരു കാഴ്ച്ച അവര് പൂരത്തിന് കണ്ടു. ദിൽജിത്തിന്റെ അമ്മ പൂരത്തിന്, ആളുകൾക്കിടയിൽ. അരയിലുള്ള പൊതി കത്തിയാണെന്ന് സന്ദീപ് മനസിലാക്കിയെടുത്തു. അവരോടും പറഞ്ഞു. ആരെയോ തിരയുന്ന പോലെ പൂരത്തിന് മുഴുവൻ നേരം പൂര പറമ്പ് മൊത്തം അമ്മ നടന്നു.
അവിടുന്ന് തുടങ്ങിയ തിരയൽ , പിന്നെ അങ്ങോട്ട് എല്ലാ പൂരത്തിനും കണ്ടു അമ്മയെ. പൂരത്തിന്, പെരുന്നാളിന്, ഗാനമേളക്ക്, പാർട്ടി സമ്മേളനങ്ങൾക്ക്, കളികൾ നടക്കുന്നിടത്ത്, ആള് കൂടുന്ന എല്ലായിടത്തും.
അമ്മയെ ക​ണ്ടു ​ കണ്ട് സന്ദീപിനാണ് നമ്മളൊരു കുന്തോം ചെയ്തില്ലല്ലോ നമ്മടെ ചെക്കനെ തല്ലിക്കൊന്നിട്ടും എന്ന തോന്നൽ ആദ്യം ഉണ്ടായത്. പിറ്റേന്ന് തിയറ്ററിൽ വെച്ച് , ക്യൂവിൽ കുത്തിക്കേറാൻ നോക്കിയ ഒരുത്തനേറ്റ് സന്ദീപും, സുഭാഷേട്ടനും തർക്കമായി. അവനും അവ​ൻറെ ​ ഒപ്പം ഉണ്ടായിരുന്ന രണ്ട് പിള്ളേരും മേല് കൈ വെച്ചപ്പോൾ രണ്ട് പേരും തിരിച്ചും കൈ വെച്ചു. മാത്രല്ല നന്നായി പെരുമാറേം ചെയ്തു. പൂമ്പുളി പൂരത്തിന് ആടുന്നതിന് ഇടയിൽ ചുമ്മാ കേറി അലമ്പാക്കിയ ആറെണ്ണത്തിനെ നാല് പേരും കൂടി നന്നായി മെടഞ്ഞു.

ആദ്യമായി പോലീസ് സ്റ്റേഷൻ കയറണത് അങ്ങിനെ ആണ്. പൂരം കണ്ട് തീർക്കാൻ പറ്റിയില്ല. പിറ്റേന്ന് കാലത്തേ സ്‌റ്റേഷനിൽ നിന്ന് വിട്ടുള്ളൂ. അങ്ങിനെ തുടങ്ങിയ അടികൾ ഇടക്കിടക്ക് ഉള്ള അടിയും തിരിച്ചടികളുമായി മുന്നോട്ട് പോയി.ഒരിടത്തും അവരായി ഒന്നും തുടങ്ങാൻ നിന്നില്ല എന്ന് മാത്രം.​ ​അങ്ങിനെ ഇരിക്കുമ്പോൾ ചെല്ലാപ്പള്ളിക്കാരുടെ തറവാട്ട് പൂരം വന്നു. രതീഷേട്ടനും സന്ദീപും കൂടിയാണ് പൂരത്തിന് പോയത്.
രതീഷേട്ടനാണ് വെടിക്കെട്ട് നടക്കുന്നതിനിടയിൽ ദിൽജിത്തി​ൻറെ ​ കേസിലെ നാല് പേരിൽ രണ്ട് പേരെ കണ്ടത്. സന്ദീപിന് കാണിച്ച് കൊടുത്തു ​, ​ഉറപ്പിക്കാൻ വേണ്ടി. അത് അവര് തന്നെ എന്ന് സന്ദീപും ഉറപ്പ് പറഞ്ഞു. രണ്ട് പേരും പൂരം കഴിയുന്ന വരെ അവരുടെ പിന്നാലെ കൂടി. പൂരം കഴിഞ്ഞ് അവര് ഒരു ഓട്ടോയിൽ പോകുമ്പോൾ പിന്നാലെ ബൈക്കിൽ പോയി. തോമ്പി​പ്പ​ടി ജംഗ്ഷനിൽ വെച്ച് അതിൽ ഒരാൾ ഇറങ്ങി. ഓട്ടോ ഓടിച്ച് പോകുന്നവ​ൻറെ ​ പിന്നാലെ രണ്ട് പേരും കൂടി. ഓട്ടോക്കാരൻ വീട്ടിലെത്തി, വണ്ടി ഷെഡിൽ കയറ്റി, ഷർട്ട് ഊരി വീട്ടിൽ കയറുന്ന വരെ അവര് മാറി നിന്ന് നോക്കി. ആ നോട്ടം മൂന്ന് മാസത്തോളം തുടർന്നു.നാല് പേരേയും കണ്ടെത്തുന്നത് വരെ.
ഒരാൾ ഓട്ടോ ഡ്രൈവർ, ഒരാൾ പലചരക്ക് കട, ഒരാൾ മീൻകച്ചോടം, ഒരാൾ സ്കൂൾ മാഷ്.

ഓട്ടോക്കാരൻ അയാൾ ഓട്ടോ ഇടുന്ന പേട്ടയിൽ നിന്ന്, രാത്രി ഏറ്റവും ഒടുവിൽ മാത്രം ഓട്ടം നിർത്തി പോകുന്ന ആളാണ് എന്ന് മനസിലാക്കി. എല്ലാ ദിവസോം ഒമ്പതര കഴിഞ്ഞ് അയാൾ പോകുമ്പോൾ ബാറിൽ കയറി രണ്ടെണ്ണം നിപ്പനടിക്കും. അയാളുടെ വീട് എത്തുന്നതിന് 800 മീറ്റർ മുന്നെ ഒരു ചെറിയ പാലം ഉണ്ട്. രാത്രി നേരം ആ വഴിയിൽ ആളുകളും വണ്ടികളും എല്ലാം പോകുന്നത് കുറവാണ്.
റിയാസ്ക്ക ഫുട്ബോൾ ടൂർണമെന്റിനി ടയിൽ പരിചയപ്പെട്ട് കമ്പനിയായ ഒരു അന്തിക്കാടുകാരൻ ബാബുവിനെ നാല് പേരും കൂടി പോയിക്കണ്ടു. ബാബു ആളെ അറേഞ്ച് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞെങ്കിലും , ടൂൾസ് മാത്രം മതിയെന്ന് രതീഷേട്ടൻ പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞ് രാത്രി , സാധനം ബാബു എത്തിച്ചു. തേവക്കര തറവാട് കുളത്തിൽ ഒളിപ്പിച്ചു.

അതി​ൻറെ ​ നാലി​ൻറെ ​ അന്ന് രാത്രി രതീഷേട്ട​ൻറെ ​ ഓട്ടോയിൽ അവര് പോയി. അയാൾ അവസാന ഓട്ടം കഴിഞ്ഞ് പേട്ടയിൽ നിന്ന് ബാറിലേക്ക് പുറപ്പെടുമ്പോൾ റിയാസ്ക്ക ഒഴികെ മൂന്ന് പേരും കൂടി ഓട്ടം വിളിച്ചു. അങ്ങിനെ അയാൾ അന്ന് ബാറിൽ കേറണ്ടാന്ന് വെച്ചു. ആ വിഷമം അയാൾ അവരോട് പങ്ക് വെക്കേം ചെയ്തു. ഇന്നേവരെ ഇവിടെ കണ്ടിട്ട് ഇല്ലാത്തവരാണല്ലോ , എവിടെ നിന്നാണ്, ആരെ കാണാനാണ്, എന്തിനാണ് എന്നൊക്കെ അയാൾ ചോദിച്ചു. ഒരു വെള്ളിമൂങ്ങയെ കിട്ടീട്ടുണ്ടെന്നും പാലത്തിന് താഴെ എത്തിക്കാമെന്ന് ഒരു ടീം പറഞ്ഞിട്ടുണ്ടെന്നും ഒരു കാച്ച് കാച്ചി. പുളുവാണെന്ന് ആൾക്ക് തോന്നേം ചെയ്തു. എന്തോ വള്ളിക്കേസാണെന്ന് മനസിൽ പറഞ്ഞു.
പാലത്തിന് അടുത്ത് വണ്ടി നിർത്തിയതും കഴുത്തിൽ ആദ്യ വര വീണു. സന്ദീപി​ൻറെ ​ കത്തിയിൽ നിന്നും. ചോര തൂറ്റി. കഴുത്ത് പൊത്തി പിടിച്ച് ഇറങ്ങിയോടാൻ ശ്രമിച്ച അയാളെ പുറത്തേക്ക് വലിച്ചിട്ട് പിടഞ്ഞ് മരിക്കണ വരെ മൂന്ന് പേരും കൂടി വെട്ടി. അയാൾ തീരുന്നതോടു​ ​കൂടി റിയാസ്ക്ക ഓട്ടോയും കൊണ്ട് എത്തി. മൂന്ന് പേരും കേറി, രക്ഷപ്പെട്ടു. പോകുന്ന വഴി പുല്ലത്തോള് പാലത്തി​ൻറെ ​ അവിടെ വാളുകൾ ഉപേക്ഷിച്ചു.

പിറ്റേന്ന് കാലത്ത് നാല് പേരും കൂടി ദിൽജിത്തി​ൻറെ ​ അമ്മയെ കാണാൻ പോയി. അവര് നാല് പേർക്കും കട്ടൻ ചായ ഉണ്ടാക്കി കൊടുത്തു.അത് കുടിച്ച് അവര് തിരിച്ച് പോന്നു. വൈകീട്ട് ഓട്ടോക്കാര​ൻറെ ​ ശവസംസ്കാരത്തിന് അമ്മ പോയി. ശവസംസ്ക്കാര ചടങ്ങിൽ അമ്മയുടെ നോട്ടം മൊത്തം ആൾക്കൂട്ടത്തിൽ ആയിരുന്നു. സുഭാഷേട്ട​ൻറെ ​ ഫോണിൽ കണ്ട ബാക്കി മൂന്ന് മുഖങ്ങളെ ഓരോരുത്തരായി കൂട്ടത്തിൽ നിന്നും തിരിച്ചറിഞ്ഞു. തിരിച്ച് പോന്നു.
ബാക്കി മൂന്ന് പേരിൽ ഒരാള് എന്തിനാണ് ആ ഒരു സ്ത്രീ താനടക്കം മൂന്ന് പേരേയും തുറിച്ച് നോക്കി നിന്നിരുന്നത് എന്ന് ആലോചിച്ച് കൊണ്ടിരുന്നു. ചടങ്ങ് കഴിയുന്നത് വരെ.

ചിത്രങ്ങൾ : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like