പൂമുഖം LITERATUREപുസ്തകം രണ്ടു പുസ്തകങ്ങള്‍ : 1.Ned Kelly:The Iron Outlaw 2.The Jerilderie Letter

രണ്ടു പുസ്തകങ്ങള്‍ : 1.Ned Kelly:The Iron Outlaw 2.The Jerilderie Letter

 

1879 ഫെബ്രുവരി നാലാം തിയ്യതി- ആസ്ട്രേലിയയില്‍, വടക്കുകിഴക്കന്‍ വിക്റ്റോറിയയിലെ ദുര്‍ഗ്ഗമവനങ്ങളിലെ ഒളിസങ്കേതം വിട്ട് (എഡ്വേഡ്) ‘നെഡ്’ കെല്ലിയുടെ നേതൃത്വത്തില്‍, സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പു കാരനുമായ ജോ ബയേണ്‍, അനിയന്‍ ഡാന്‍ കെല്ലി, ഡാനിന്‍റെ സുഹൃത്ത് സ്റ്റീവ് ഹാര്‍ട്ട്‌ എന്നിവരടങ്ങുന്ന നാലംഗ സംഘം വടക്ക് ന്യൂ സൌത്ത് വെയില്‍സിലേയ്ക്ക് നീങ്ങി. നാല് പേരുടെ തലയ്ക്കുമായി 4000 പൌണ്ട് വീതം രണ്ടു സംസ്ഥാനത്തിലേയും ഭരണകൂടം മൊത്തം 8000 പൌണ്ട് വിലക്കെട്ടിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ചരിത്രത്തിലെ ആ ഇനത്തിലുള്ള ഏറ്റവും വലിയ തുകയായിരുന്നു അത്. അന്നത്തെ ആസ്ട്രേലിയയിലെ ശരാശരി തൊഴിലാളിക്ക് നൂറു വര്‍ഷം ജോലി ചെയ്യണമായിരുന്നു അത്രയും സമ്പാദിക്കാന്‍!.
നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം സംഘം അടുത്ത സംസ്ഥാനമായ ന്യൂ സൌത്ത് വെയില്‍സിലെ ജെറില്‍ഡെറിയിലെത്തി. യാത്രാക്ഷീണം തീര്‍ത്തും ഭക്ഷണത്തിന് കയറിയ ഹോട്ടലിലും പരിസരത്തും കണ്ടവരോട് കുശലം പറഞ്ഞും പകല്‍ ചെലവിട്ടു. രാത്രി, ഓര്‍ക്കാപ്പുറത്തുള്ള ഒരാക്രമണത്തില്‍ പോലീസ് സ്റ്റേഷന്‍ കൈയടക്കി, ജോലിയിലുണ്ടായിരുന്ന രണ്ടേരണ്ടു പോലീസുകാരെ- -സീനിയര്‍ കോണ്‍സ്റ്റബ്ള്‍ ജോര്‍ജ് ഡിവൈനേയും പ്രോബേഷണറി കോണ്‍സ്റ്റബ്ള്‍ ഹെന്‍റി റിച്ചാര്‍ഡ്സിനേയും- കൈയും കാലും കെട്ടി ലോക്കപ്പിലടച്ചു. വരവിന്‍റെ ഉദ്ദേശ്യം അവരെ അറിയിച്ചു:

ഒന്ന്, മാസങ്ങള്‍ ചെലവഴിച്ച് നെഡ് തയ്യാറാക്കിയ ‘ജെറില്‍ഡെറി കത്ത്’, പ്രാദേശിക പത്രത്തിന്‍റെ പത്രാധിപരെ കണ്ട് പുസ്തകമായി പ്രസിദ്ധീ കരിപ്പിക്കണം-

രണ്ട്, അടുത്തുള്ള ബാങ്ക് ഓഫ് ന്യൂ സൌത്ത് വെയില്‍സ് കൊള്ളയടിക്കണം..

സ്റ്റേഷനോട് ചേര്‍ന്ന വീട്ടില്‍ തന്നെ താമസിക്കുന്ന കോണ്‍സ്റ്റബ്ള്‍ ഡിവൈനിന്‍റെ ഗര്‍ഭിണിയായ ഭാര്യയെ രണ്ടു ദൌത്യങ്ങള്‍ ഏല്‍പ്പിച്ചു:

ഒന്ന്, ഒരു സാധാരണ അത്താഴം അവര്‍ക്കായി പാകം ചെയ്യണം .

രണ്ട്, സ്വന്തം ഭാഗം കാര്യകാരണസഹിതം എഴുതി, പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയ, അമ്പത്താറ് പേജുകളുള്ള, ‘ജെറില്‍ഡെറി കത്ത്’ മുഴുവന്‍ ഒരു തവണ വായിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കണം !

നെഡ് സംഘത്തിനെ ഉദ്ദേശിച്ച് തന്നെ സര്‍ക്കാര്‍ രൂപം നല്‍കിയ The
Felons Apprehension Act 1878 അനുസരിച്ച്, ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ ഭരണകൂടം ചട്ടം കെട്ടിയിരിക്കുന്ന ജോ ബയേണും സ്റ്റീവ് ഹാര്‍ട്ടും പിറ്റേന്ന്, പോലീസുകാരുടെ യൂണിഫോമിട്ട്, കോണ്‍സ്റ്റബ്ള്‍ റിച്ചാര്‍ഡ്സിനോടൊപ്പം, പട്ടണം ചുറ്റിക്കണ്ടു!
‘കെല്ലിയേയും സംഘത്തേയും പിടിക്കാന്‍ കേന്ദ്രത്തില്‍ നിന്ന്‍ അയച്ചുകിട്ടിയ പോലീസ്കാരാണെ’ന്നാണ്, കോണ്‍സ്റ്റബ്ള്‍ റിച്ചാര്‍ഡ്സ് അവരെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത്!
ബാങ്കിനടുത്തുണ്ടായിരുന്ന റോയല്‍ മെയില്‍ ഹോട്ടല്‍ പിടിച്ചെടുത്ത്, ആസ്ഥാനമാക്കി, അടുത്ത ദിവസം നെഡ് കെല്ലിയും ജോ ബയേണും ചേര്‍ന്ന് ബാങ്ക് കൊള്ളയടിച്ചു—. ബാങ്ക് മാനേജരും അക്കൌണ്ടന്‍റും ഗുമസ്തനും പോലീസുകാരോടൊപ്പം തടവിലായി.
ഒരു തുള്ളി ചോര ചിന്താതെ, നെഡും കൂട്ടരും, പോലീസ് സ്റ്റേഷന്‍ പിടിച്ചടക്കുകയും ബാങ്ക് കൊള്ളയടിക്കുകയും ചെയ്തത്, അത് രണ്ടാമത്തെ തവണയായിരുന്നു.
ബാങ്കിലേയ്ക്ക് നടന്നു വന്നിരുന്ന മൂന്നുപേര്‍, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.. രണ്ടുപേര്‍ പിടിക്കപ്പെട്ടു. രക്ഷപ്പെട്ട ആ ഒരേ ഒരാള്‍, സാമുവല്‍ ഗില്‍, നെഡ് തേടി വന്ന പത്രാധിപരായിരുന്നു-

ആ കൂടിക്കാഴ്ച നടക്കാതിരുന്നത് കൊണ്ട് ജെറില്‍ഡെറി കത്തിന്‍റെ പ്രസിദ്ധീകരണത്തിയ്യതി നീണ്ട അര നൂറ്റാണ്ട് വൈകി. . .
ബ്രാഡ് വെബ് എഴുതിയ Ned Kelly- The Iron Outlaw എന്ന ജീവചരിത്രം വായിച്ചുതുടങ്ങിയത് കള്ളനും കൊള്ളക്കാരനും കൊലപാതകിയുമായ ഒരാളെ കുറിച്ച് എന്തിന് ഇങ്ങനെയൊരു ഗ്രന്ഥം എന്നതിന് ഉത്തരം തേടിയായിരുന്നു. വായിച്ചുകഴിഞ്ഞപ്പോള്‍ ഇതേ ചോദ്യം The Jerilderie Letter എന്ന നെഡിന്‍റെ ആത്മകഥാപരമായ പുസ്തകത്തിലേയ്ക്കും നീണ്ടു. നെഡ് കെല്ലി പറഞ്ഞത് കേട്ടിരുന്ന്, കൂട്ടുകുറ്റവാളിയായിരുന്ന ജോ ബയേണ്‍ എഴുതിയതായിരുന്നു, അസ്പഷ്ടവും അസംസ്കൃതവുമായ ഇംഗ്ലീഷിലുള്ള ഈ ചെറിയ പുസ്തകം.
സാധാരണ ചുറ്റുപാടില്‍, ചരിത്രരേഖയാവാന്‍ സാദ്ധ്യതയില്ലാതിരുന്ന കഥ ആസ്ട്രേലിയയുടെ ചരിത്രത്തിന്‍റെ ഭാഗമായി എന്നത് സമാനതകളില്ലാത്ത സംഭവമായിരിക്കും.
ചരിത്രത്തിന് താത്പര്യമുണ്ടായിരുന്നില്ലാത്ത ചരിത്രകഥ, എഴുത്തുകാരനും പ്രസാധകനും ഇടയിലെവിടെയോ ഒരിടനിലക്കാരനിലൂടെ അപ്രത്യക്ഷമായി.-

ഏറ്റുമുട്ടലില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ട കേസിലെ ജീവനോടെയിരുന്ന ഒരേയൊരു പ്രതിയായി 1880 നവംബര്‍ 11ന്, ഇരുപത്തഞ്ചാം വയസ്സില്‍ നെഡ് തൂക്കിക്കൊല്ലപ്പെട്ടു.
അതിന് ശേഷം ‘കെല്ലി-രാഷ്ട്രത്തി’ന്‍റേയും കെല്ലി-കഥകളുടേയും ഓര്‍മ്മ പോലും ബാക്കി നിര്‍ത്തരുതെന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു
‘There was a culture of hostility towards Kelly history, within the government and particularly the police force. The police lost or threw out an alarming number of Kelly relics’ –(historian Ian Jones )

കെല്ലിയുടെ റൈഫിളും ആയുധസഞ്ചിയും കളയുക മാത്രമല്ല അധികാരികള്‍ ചെയ്തത്. അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട പല കെട്ടിടങ്ങളും അവര്‍ ഇടിച്ചുനിരപ്പാക്കി… Euroa യിലെ നെഡ് കൊള്ളയടിച്ച ബാങ്ക്, അയാള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനാവേണ്ടി വന്ന ബേനല്ലയിലെ പോലീസ് ആസ്ഥാനം, ബീച്ച് വര്‍ത്തില്‍, വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷയായി, 20 റൌണ്ട് നീണ്ട മുഷ്ടിയുദ്ധത്തില്‍ വൈല്‍ഡ് റൈറ്റിനെ നെഡ് തോല്‍പ്പിച്ച ഹോട്ടല്‍ തുടങ്ങിയവ ഇവയില്‍ പെടും.

നശിപ്പിക്കപ്പെടാന്‍ താരതമ്യേന എളുപ്പമായിരുന്ന, വെറും 83 പേജുകള്‍ മാത്രമുള്ള ഒരു പുസ്തകം പ്രതിസന്ധികളെയൊക്കെ മറികടന്നു!

ജീവിച്ചിരിക്കെത്തന്നെ നെഡിന്‍റെ ചെയ്തികള്‍ നാടോടിപ്പാട്ടുകളായി, നമ്മുടെ വടക്കന്‍ പാട്ടുകളെ പോലെ, വായ്ത്താരികളായി കുടിലുകളിലും നാട്ടുകൂട്ടങ്ങളിലും പ്രചരിച്ചിരുന്നു. ഭരണകൂടത്തിനും പോലീസിനും നാട്ടുപ്രമാണിമാര്‍ക്കും കള്ളനും തെമ്മാടിയുമായിരുന്ന അയാള്‍, അശരണരായ ഒരു ജനവിഭാഗത്തിന് സ്വാതന്ത്ര്യസമരനായകനായിരുന്നു.

ചൂഷകര്‍ക്കെതിരെ ഇരജനതയുടെ പ്രതികരണങ്ങള്‍ പല തരത്തിലാണ്. – അസ്ഥിയില്‍ തൊടാത്തിടത്തോളം കാലം മുറുമുറുപ്പില്ലാതെ വഴങ്ങുന്നവര്‍- കാര്യമായ എതിര്‍പ്പില്ലെങ്കിലും നിരന്തരം വിയോജിക്കുകയും അത് വ്യക്ത മാക്കുകയും ചെയ്യുന്നവര്‍- അവസരം പ്രയോജനപ്പെടുത്തി, തിരിച്ചൊരു ചൂഷണം വഴി അത് ഒട്ടൊക്കെ ഒരു ലാഭക്കച്ചവടമാക്കുന്നവര്‍- സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ വഴിയില്‍ ജീവിതമൊടുക്കുന്നവര്‍ അങ്ങനെയങ്ങനെ.
ഇവയിലൊന്നും പെടാത്ത, വിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്ന മറ്റൊരു കൂട്ടരുണ്ട്- സമൂഹത്തില്‍, പലപ്പോഴും, വലിയ മാറ്റങ്ങള്‍ക്ക് നിമിത്തമാവു ന്നവര്‍. എല്ലാ രംഗങ്ങളിലുമുള്ള ജയിച്ചതും തോറ്റതുമായ എടുത്തുചാട്ടങ്ങള്‍ക്ക് രൂപം കൊടുത്തതും നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയതും ഒരുപക്ഷേ, ഇവരായിരിക്കും.

അസാദ്ധ്യമെന്നു തോന്നുന്ന ചുറ്റുപാടുകളില്‍ അവര്‍ വ്യവസ്ഥിതിക്കെതിരെ, ഒറ്റയ്ക്ക്, ആത്മഹത്യാപരമായ ഏറ്റുമുട്ടലുകള്‍ക്ക് മുതിരുന്നു. സാഹസിക മായി ചരിത്രം തിരുത്തുകയും പുന:സൃഷ്ടിക്കുകയും ചെയ്യുന്നു- അത് അവരുടെ ജീവല്‍ക്കാലത്ത് തന്നെ മുഴുവനായിക്കൊള്ളണമെന്നില്ലെങ്കിലും.

ജീവിച്ചിരിക്കെ ക്രൂശിക്കപ്പെടുകയും മിക്കവാറും, ചെറുപ്പം തീരുന്നതിനു മുമ്പ് യുദ്ധഭൂമിയില്‍ ഊതിയണയ്ക്കപ്പെടുകയും ചെയ്യാറുള്ള ഈ ജന്മങ്ങളെ പലപ്പോഴും മരണാനന്തര രണ്ടാം വായനയിലാണ്, അതേ ചരിത്രം കണ്ടെത്തുക- അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ കുടിയിരുത്തി, വാഴ്ത്തപ്പെട്ടവരാക്കുക. വൃത്തം പൂര്‍ത്തിയാക്കി മുന്നിലെത്തുന്ന, കാലത്തെ അഭിമുഖം കാണാനും ബഹുമതികളേറ്റു വാങ്ങാനും കഴിഞ്ഞവര്‍ ഏറെ പേരുണ്ടാവില്ല.. രാഷ്ട്രീയത്തിലും ശാസ്ത്ര ശാഖകളിലും സാഹിത്യത്തിലും വിശ്വാസ പാതകളിലും ഇക്കൂട്ടരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഒഴുക്കിനെതിരെയുള്ള നീന്തലില്‍ അവര്‍’ക്കൊപ്പം’ നിന്നവര്‍, ‘ഒപ്പ’മെത്താതെ അണികളായി മാത്രം തുടര്‍ന്നതിന്‍റെ കാരണം, ഈ ധിക്കാരികളുടെ നേതൃത്വഗുണങ്ങളില്‍ അന്വേഷിക്കേണ്ടി വരും.
‘Ned Kelly – The Iron Outlaw’ യെ ഒരു ചരിത്രരേഖയായി മാത്രം കാണുകയാവും ശരി. നിയമം കൈയില്‍ എടുക്കുകയും നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിയോട് സായുധകലാപം നടത്തുകയും പിടിക്കപ്പെട്ട്, ഇരുപത്തഞ്ചാം വയസ്സില്‍ തൂക്കിക്കൊല്ലപ്പെടുകയും ചെയ്ത എഡ്വേര്‍ഡ്‌ ‘നെഡ്’ കെല്ലി(1855–1880)യുടെ കഥ വളച്ചുകെട്ടില്ലാതെ അതിശയോക്തിയില്ലാതെ 208 പേജുകളില്‍ പറഞ്ഞവസാനിപ്പിക്കുക മാത്രമാണ് പുസ്തകം ചെയ്യുന്നത്.
നെഡ് കെല്ലി, നെഡിന്‍റെ അച്ഛന്‍ ജോണ്‍ ‘റെഡ്’ കെല്ലി, അയാളുടെ സഹോദരന്‍ ജിമ്മി, അച്ഛന്‍റെ മരണശേഷം അമ്മ എല്ലന്‍റെ രണ്ടാം ഭര്‍ത്താ വായി വന്ന കാലിഫോര്‍ണിയക്കാരന്‍ ജോര്‍ജ് കിംഗ്, അയര്‍ലന്‍റില്‍ നിന്ന്‍ നാട് കടത്തപ്പെട്ട് എത്തിയ ഹാരി പവര്‍ (ഒരു ജോഡി ചെരുപ്പ് മോഷ്ടിച്ച കുറ്റത്തിനായിരുന്നു ഏഴുകൊല്ലത്തേയ്ക്കുള്ള ആ നാട് കടത്തല്‍! ) നെഡിക്ക് ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്ന ഇസയ വൈല്‍ഡ് റൈറ്റ്, നെഡിയുടെ സഹോദരന്‍ ഡാന്‍ കെല്ലി, സുന്ദരനും ‘എഴുത്തുകാര’നു മായിരുന്ന ജോ ബയേണ്‍, കാട്ടിലും മലഞ്ചെരിവുകളിലും ദ്രുതഗതിയില്‍ കുതിരസ്സവാരി ചെയ്യുന്നതില്‍ മിടുക്കനായിരുന്ന സ്റ്റീവ് ഹാര്‍ട്ട്‌, പോലീസ് ചാരനായിരുന്നു എന്ന് സംശയിക്കപ്പെടുന്ന ആറോണ്‍ ഷെറിറ്റ് തുടങ്ങി ഇതിലെ ഏകദേശം മുഴുവന്‍ പേരും മോഷ്ടാക്കളും പിടിച്ചുപറിക്കാരുമാണ്.! പന്നികളേയും കന്നുകാലികളേയും മോഷ്ടിച്ചതിനും അനധികൃതമായി മാംസം കൈവശം വെച്ചതിനുമാണ് ഇവരൊക്കെ പിടിക്കപ്പെട്ടതും മൂന്നും അഞ്ചും അതിലധികവും വര്‍ഷം അഴികളെണ്ണിയതും.
വിക്റ്റോറിയയിലെ അന്നത്തെ സാമൂഹ്യാവസ്ഥയുടെ പശ്ചാത്തല മറിഞ്ഞാല്‍ കഥയ്ക്ക് വ്യക്തത കൈവരും..
സ്ഥലത്തെ ജലസ്രോതസ്സുകള്‍ക്ക് അടുത്ത് കിടക്കുന്ന, വളക്കൂറുള്ള, കണ്ണായ സ്ഥലങ്ങള്‍ നേരത്തേ കൈക്കലാക്കി താവളമുറപ്പിച്ച ധനികരായ squatters ഉം പുതുതായി സ്ഥലം വാങ്ങി വീടും കൃഷിയും കാലിവളര്‍ത്തലുമായി ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്തിയ പാവപ്പെട്ട Selectors ഉം ആയി സമൂഹം പ്രധാനമായും രണ്ടു തട്ടിലായിരുന്നു. കൃഷിസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വഴികള്‍ മുടക്കിയും ഭീഷണിപ്പെടുത്തിയും ബിനാമികളെ ഉപയോഗിച്ച് ചുറ്റുമുള്ള ഭൂമികള്‍ കൈവശപ്പെടുത്തി, വെള്ളവും വളവും തടഞ്ഞും, വന്നവരെ, നിന്നവര്‍ ശ്വാസം മുട്ടിച്ചു. വാങ്ങുന്ന ഭൂമിയുടെ വില, ഉയര്‍ന്ന നിരക്കിലുള്ള പലിശ ചേര്‍ത്ത് നിശ്ചിത സമയത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ പോയാല്‍- പുറംമതിലും കെട്ടിടങ്ങളുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍- പ്രതീക്ഷയ്ക്കൊത്ത് ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കാതിരുന്നാല്‍- ഭൂമി, അത് വിറ്റവരുടെ കൈവശം തിരിച്ചെത്തുന്ന രീതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. Squatters ന്‍റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന നയമായിരുന്നു അഴിമതിയില്‍ മുങ്ങിയ ബ്രിട്ടീഷ് പോലീസും പ്രാദേശിക ഭരണകൂടവും പിന്തുടര്‍ന്നിരുന്നത്. സ്ഥലത്തെ നാല് മുഖ്യ Selectors ല്‍ ഒന്നായിരുന്നു നെഡിന്‍റെ കുടുംബം. ന്യായമായ വഴികള്‍ നിഷേധിക്കപ്പെട്ട ചുറ്റുപാടില്‍, ഉപജീവനത്തിനായി മോഷണം തൊഴിലാക്കുന്നത് നാട്ടുനടപ്പായിരുന്നു. സ്വതന്ത്രമായി അലയുന്ന കുതിരകളെ പിടിച്ചുകൊണ്ടു പോകുക- ഉടമയ്ക്ക് തിരിച്ചറിയാനാവുന്ന അടയാളങ്ങള്‍ അപ്രത്യക്ഷമാകുന്നതുവരെ ഒളിവില്‍ താമസിപ്പിക്കുക- പിന്നെ, ചന്തയില്‍ പുത്തന്‍ കുതിരയായി വില്‍ക്കുക- എന്നിങ്ങനെയായിരുന്നു പൊതുവേ പിന്തുടര്‍ന്നു പോന്നിരുന്ന ക്രമം.
നെഡിന്‍റെ നേതൃത്വത്തില്‍ ഒരു നാലംഗ സംഘം അനീതികള്‍ക്കെതിരെ കലാപത്തിന് ഒരുങ്ങിയത് അങ്ങനെ അള മുട്ടിയപ്പോഴാണ്‌. മറ്റുള്ളവരെല്ലാം അതേ നിലയ്ക്ക് തന്നെ, കളവും പിടിച്ചുപറിയും പോലീസ് ലോക്കപ്പും ജെയിലുമായി ജീവിച്ചു മരിച്ചു പോയപ്പോള്‍ നിലനില്‍പ്പിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവിടെനിന്നും വേറെ എവിടേയ്ക്കോ ഉയര്‍ത്താനായി എന്നതാണ് നെഡിനെ വ്യത്യസ്തനാക്കുന്നത്.
ചൂഷണത്തിന് ശാശ്വതമായ അറുതി വരുത്താന്‍, നേരിട്ടുള്ള ഏറ്റുമുട്ടലു കളിലൂടെ വടക്ക്-കിഴക്കന്‍ വിക്റ്റോറിയയെ സ്വതന്ത്രമാക്കി, ഒരു റിപ്പബ്ലിക്കാക്കുക എന്നതായിരുന്നു, അവിശ്വസനീയമായി, കെല്ലി ഗാംഗ് ലക്ഷ്യമാക്കിയത്!
കര്‍ഷകരോട് ‘കട’മായി വാങ്ങിയ ഉഴവുപകരണങ്ങളില്‍ നിന്നും മറ്റും അടര്‍ത്തിമാറ്റി, ഉരുക്കി, അടിച്ചുപരത്തിയെടുത്ത ഇരുമ്പ് തകിട് കൊണ്ട് സ്വന്തമായി ഉണ്ടാക്കിയെടുത്ത ഭാരിച്ച ശരീര കവചം ഒരു നാടോടിക്കഥ യിലെ നായകകഥാപാത്രത്തിന് ചേരുന്നതാണ്. നാല്‍പ്പത്തഞ്ചു കിലോഗ്രാം ആയിരുന്നു അതിന്‍റെ ഭാരം എന്ന് രേഖകള്‍ പറയുന്നു. (നെഡിന്‍റെ ജീവിതകഥ ചലച്ചിത്രമാക്കിയപ്പോള്‍ അലുമിനിയം കൊണ്ടുള്ള കവചം നിര്‍മ്മിച്ച്, ചായം കൊടുത്ത് ഇരുമ്പിന്‍റെ പ്രതീതി സൃഷ്ടിക്കുകയായിരുന്നു മൂന്നു സംഘാംഗങ്ങള്‍ക്ക് കൂടി അത്തരം കവചങ്ങള്‍ ഉണ്ടാക്കിയെടുത്തിരുന്നു. പ്രസ്തുത കവചങ്ങളുടെ പ്രശസ്തി ആസ്ട്രേലിയയ്ക്ക് പുറമേയ്ക്കുമെത്തി.
മൂന്നര പതറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നാം ലോക മഹായുദ്ധകാലത്ത്, ഷെര്‍ലക് ഹോംസിന്‍റെ സൃഷ്ടാവും ഡോക്റ്ററുമായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയില്‍ ലണ്ടനിലെ യുദ്ധകാര്യ ഓഫീസിന്‍റെ ശ്രദ്ധ ‘കെല്ലി-കവച’ത്തിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി.
ബ്രിട്ടീഷ് മുന്‍നിര പോരാളികള്‍ക്ക് യുദ്ധത്തില്‍ ജീവഹാനി സംഭവിക്കുന്നത് തടയാന്‍ ആയില്ലെങ്കിലും കുറയ്ക്കാന്‍ അങ്ങനെയൊരു നീക്കം കൊണ്ട് കഴിഞ്ഞേയ്ക്കും എന്ന്‍ അദ്ദേഹം വിശ്വസിച്ചു:
‘when Ned Kelly walked unharmed before the Victorian police rifles in his own hand-made armour, he was an object-lesson to the world. If an outlaw could do it, why not a soldier? … The use of armour is possible for the protection of the vital parts of a soldier’s body, and ought to be supplied to stormers, whose business is to cross no man’s land, attack the machine-gunners, and clear the way for the infantry.’
ഔദ്യോഗികമായി ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയുണ്ടായില്ലെങ്കിലും പ്രായോഗികതലത്തില്‍ പോര്‍മുഖങ്ങളില്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നു പോലും.
‘The idea of the Kelly Gang’s armour inspired -and saved- hundreds if not thousands of soldiers fighting on the western front in World War I and other theatres of conflict.’
നെഡിന്‍റെ കഥ അടിസ്ഥാന അംശങ്ങളില്‍ പലയിടത്തും വീരപ്പനേയോ ചമ്പലിലെ മാന്‍സിംഗ്-ലാഖന്‍സിംഗ്-രൂപ-ഫൂലന്‍ദേവി പ്രഭൃതികളേയോ – ഓര്‍മ്മയില്‍ കൊണ്ടുവരും. വിശദാംശങ്ങളില്‍, പക്ഷേ, കാതലായ വ്യത്യാസങ്ങളുണ്ട്.
അക്ഷരങ്ങളുടെ ശക്തിയില്‍ അയാള്‍ക്ക് അസാധാരണമായ വിശ്വാസമുണ്ടായിരുന്നു.
’The printed word was a currency more potent than bank notes, and he wanted access to that power.’- ‘The Jerilderie Letter’ ന്‍റെ അവതാരികയില്‍ മെല്‍ബേണ്‍ ചരിത്രകാരനായ Alex McDermott പറയുന്നു. കഴിവതും രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയുള്ള ഏറ്റുമുട്ടലുകള്‍- കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബത്തോട് വാക്കുകളിലെങ്കിലുമുള്ള സഹാനുഭൂതി- സ്വന്തം ചെയ്തികളെ നീതീകരിക്കുമ്പോഴും അവയിലുള്‍ച്ചേര്‍ന്നിരിക്കുന്ന തിന്മയെക്കുറിച്ചുള്ള തിരിച്ചറിവ്- അപായകരമായ ചുറ്റുപാടുകളിലും കൂട്ടുകാരെ വിട്ടുകൊടുക്കാതിരിക്കാനുള്ള ധൈര്യവും മന:സാന്നിദ്ധ്യവും ഇതൊക്കെ ഈ മനുഷ്യനെ മറ്റുള്ളവരില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു.
‘ജെറില്‍ഡെറി കത്തി’ലെ ഈ ഭാഗം ശ്രദ്ധിക്കു
I do not pretend that I have led a blameless life, or that one fault justified another, but the public judging a case like mine should remember, that the darkest life may have a bright side, and that after the worst has been said against a man, he may, if he is heard, tell a story in his own rough way, that will perhaps lead them to intimate the harshness of their thoughts against him, and find as many excuses for him as he would plead for himself.

നേരത്തെ സൂചിപ്പിച്ചതു പോലെ കൊടുംകുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളാന്‍ ഭരണകൂടത്തെ പ്രാപ്തമാക്കുന്ന The Felons Apprehension Act പ്രാബല്യത്തില്‍ വന്നത് നെഡിനേയും കൂട്ടരേയും ജീവനോടെയോ അല്ലാതെയോ പിടികൂടേണ്ടത് രാഷ്ട്രത്തിന്‍റെ ആവശ്യമായി തോന്നിയപ്പോള്‍ ആണ്.
മറുവശത്ത് നെഡിന്‍റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല എന്ന്‍ പറയാനാവില്ല പോലീസ് വകുപ്പിലെ അഴിമതികളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 1881 Royal Commission രൂപീകരിക്കപ്പെട്ടത്- ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കും കൈവശാവകാശത്തിനുമുള്ള നിബന്ധനകള്‍ നിയമം മൂലം ലഘുകരിച്ചത്- പാര്‍ലിമെന്‍റില്‍ പ്രാദേശിക പ്രാതിനിധ്യത്തിന് വഴിയൊരുക്കിയത് തുടങ്ങി ആധുനിക ആസ്ട്രേലിയയുടെ ചില നയമാറ്റങ്ങള്‍ക്ക് ആ ഹ്രസ്വ ജീവിതവും മരണവും നിമിത്തമായിട്ടുണ്ട്. നെഡിന്‍റെ ചരിത്രം എഴുതുമ്പോള്‍ അവഗണിക്കാനാവാത്തതാണ് ഈ ‘മരണാനന്തര’ ജീവിതം.
,കഥ പറയുന്ന, ആദ്യത്തെ മുഴുനീള ചലച്ചിത്രം. 1906 ല്‍ ആണ് പുറത്തുവന്ന,. The Story of the Kelly Gang ആയിരുന്നു. ജീവല്‍ക്കാലത്തുണ്ടായിരുന്ന അസ്പൃശ്യതയും അസ്വീകാര്യതയും നീങ്ങി നെഡ് സ്മരണ കൈവരിച്ച വളര്‍ച്ചയുടെ ആപേക്ഷികത ബോദ്ദ്യപ്പെടുത്താന്‍ ആസ്ട്രേലിയയില്‍ നടന്ന രണ്ട് ഒളിംപിക്സുകള്‍ രസകരമായ ഉദാഹരനമാവും. 1956 ലെ മെല്‍ബേണ്‍ ഒളിമ്പിക്സിന് അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഇനങ്ങളില്‍ ഒന്ന്‍ ഡഗ്ലസ് സ്റ്റീവര്‍ട്ടിന്‍റെ നെഡ് കെല്ലി എന്ന നാടകമായിരുന്നു. കാര്യമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇത് പരിപാടിയില്‍ നിന്ന് നീക്കി- നാടകം, രാഷ്ട്രത്തെക്കുറിച്ച് ലോകത്തിന് തെറ്റായ സന്ദേശം കൊടുക്കും എന്ന അധികൃതരുടെ ആശങ്കയായിരുന്നു കാരണം. 2000 ആം ആണ്ടിലെ സിഡ്നി ഒളിംപിക്സ് ആയപ്പോഴേയ്ക്ക് ഉദ്ഘാടന ആഘോഷങ്ങളുടെ ഒരു വലിയ ആകര്‍ഷണം സിഡ്നി നോലന്‍ രചനകളില്‍ നിന്ന് ആവേശം കൊണ്ട ഒരു തലമുറയുടെ പലതരം നെഡ് കെല്ലി അവതരണങ്ങളായിരുന്നു. എഴുപത്തിയാറാം ചരമദിനത്തില്‍ നിന്ന് നൂറ്റിയിരുപതാം ചരമടിനത്തിലേയ്ക്ക് എത്തിയപ്പോഴേയ്ക്ക് ആസ്ട്രേലിയന്‍ റോബിന്‍ഹുഡ് ഒരു വൃത്തം മുഴുമിപ്പിച്ചിരുന്നു.

ned 1ned 2

Comments

You may also like