കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയതും അവിടവിടെ പൊട്ടിപ്പൊളിഞ്ഞതുമായ ഒരു മരക്കസേരയിൽ ചാരിക്കിടന്ന് അയാളിങ്ങനെ ജീവിതത്തെ ഓരോ ഏടുകളായി ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ രാവിലെമുതൽ അല്‌പാല്പമായി നുണയുന്ന മദ്യത്തിന്റെ ലഹരി അയാളുടെ ഓർമ്മകളെ നേർരേഖയിലല്ലാതെ സഞ്ചരിക്കുന്ന കൂനനുറുമ്പുകളെപ്പോലെ വഴിതെറ്റിച്ചു കൊണ്ടിരുന്നു.

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കാൻ നാളുകൾ മാത്രം അവശേഷിക്കെയാണ് അയാൾ നീണ്ട അവധിയെടുത്ത് കൊച്ചുകുട്ടികളെപ്പോലെ സ്വപ്നം കാണാൻ തുടങ്ങിയത്. അനിമേഷൻ സിനിമകളിലെ പെട്ടെന്ന് അപ്രത്യക്ഷരാകുന്ന കുട്ടിച്ചാത്തൻമാരേപ്പോലെ. കരയിലേക്ക് ഇടിച്ചുകയറാൻ എത്തുന്ന ജലയാനങ്ങളെ അതിമാനുഷിക ശക്തിയാൽ തടഞ്ഞുനിർത്തുന്ന സൂപ്പർ ഹീറോകളെപ്പോലെ ആകാശത്ത് പറന്ന് നടക്കുന്ന മാലാഖമാരേപ്പോലെ അയാൾ അയാളെത്തന്നെ സ്വപ്നം കാണാൻ തുടങ്ങി. അദൃശ്യനായിരുന്ന് എല്ലാ അനീതികളെയും തച്ചുടയ്ക്കാൻ കഴിയുന്ന പൂവായും പുഴുവായും ആയിരം ആനയുടെ കരുത്തുള്ള പല്ലിയായുമൊക്കെ അയാൾ അയാളെത്തന്നെ സങ്കല്പിച്ചു തുടങ്ങി.

അസാധ്യം എന്ന് ഉറച്ച ബോധ്യത്തോടെ അയാൾ കാണുന്ന സ്വപ്നങ്ങളെ അയാൾതന്നെ ചിലപ്പോഴൊക്കെ കണ്ണാടിയുടെ മുൻപിൽ നിന്ന് കളിയാക്കാറുണ്ട്. താനിതെന്തിന്റെ പുറപ്പാടാണെന്ന് തന്റെ തന്നെ പ്രതിബിംബത്തോട് അയാൾ ദേഷ്യപ്പെടും.

കാര്യങ്ങൾ കൈവിട്ട് പോകുകയാണെന്നും തനിക്ക് മാനസിക വിഭ്രാന്തിയാണോ എന്നുമൊക്കെ അയാൾ പലപ്പോഴും കടുത്ത ആശങ്കയിൽ അകപ്പെടാറുമുണ്ട്. അത്തരം സാഹചര്യങ്ങളിലാണ് അയാൾ മൊബൈൽ ഫോണിൽ ഗുലാം അലിയുടെ പാട്ടുകൾ ഉറക്കെ പ്ലേ ചെയ്ത് മദ്യം നുണഞ്ഞ് ദിവസം മുഴുവനാ മുറിക്കുള്ളിലോ കസേരയിലോ ചുരുണ്ടു കൂടുന്നത്.

“ചുപ്‌കേ ചുപ്‌കേ
രാത് ദിൻ
ആസൂൺ ബഹാനാ യാദ് ഹേ
ഹംകോ അബ്തക്ക്
ആഷിക്കി കാ വോ ജമാനാ യാദ ഹേ…”

പ്രണയത്തിൻ്റേയും കണ്ണീരിൻ്റെയും പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന ആ പ്രശസ്ത ഗാനം.

ബോധം വീഴുമ്പോഴൊക്കെ തൻ്റെ ഓർമ്മകളെ അടുക്കിവെക്കാൻ അയാൾ വീണ്ടും വീണ്ടും ശ്രമിക്കും.പക്ഷെ ഒരിക്കൽ പോലും തന്റെ നഷ്ടപ്രണയത്തിന്റെ ചിതറിയ ഓർമ്മകളെന്നല്ല പിന്നിട്ട ജീവിതത്തിൻ്റെ ഏടുകളൊന്നു പോലും പ്രതീക്ഷിക്കുന്ന ഒരു കൃത്യതയോടെ അടുക്കിവെക്കാനായിട്ടില്ല.നിരാശയോടെ അയാൾ മദ്യപാനം ആവർത്തിക്കും.

ജീവിതാവസാനം ഒറ്റപ്പെട്ടു പോകുന്ന ഏതൊരാൾക്കും അയാളുടെ ഓർമകളുടെ ഭാരം ചുമന്നുകൊണ്ടേ കടന്നുപോകാനാകൂ.പക്ഷെ തന്റെ ഈ ഭാരം ചുമലിൽ നിന്ന് ഊർന്നുവീണ് കെട്ടഴിഞ്ഞു പോകുമ്പോഴൊക്കെ അവയെ പൂർവ മാതൃകയിലൊന്ന് അടുക്കിവെച്ചു വീണ്ടും ചുമലിലേറ്റാനുള്ള ശ്രമം അസാധ്യമാവുകയാണ്.

ചിലതെല്ലാം വഴിയിൽ ചിതറി പോകേണ്ടവയാണ്. അടുക്കിപ്പെറുക്കുമ്പോൾ മറവിയിൽ ഒളിപ്പിച്ച ചിലതൊക്കെ ഭാണ്ഡത്തിലേക്ക് കയറിപ്പറ്റുകയും ചെയ്യും.

പാട്ടുകേട്ട് ലഹരിയുടെ ആലസ്യത്തിൽ മയങ്ങിപ്പോകുന്ന അയാൾ അന്നുതന്നെയോ തൊട്ടടുത്ത ദിവസമോ വേനൽക്കാലത്ത് ഇലകൊഴിയും മരത്തിന്റെ നഗ്നമായ ശിഖരങ്ങൾപോലെ അനേകം ഓർമ്മകളുമായിത്തന്നെ ഉണരും. ബാല്യം, കൗമാരം, യൗവ്വനം എന്നിങ്ങനെ ഓർമ്മകളെ ക്രമത്തിൽ അടുക്കിവെക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കും. എല്ലാ ഘട്ടത്തിലും പൂർവ്വകാലത്തിന്റെ കയ്പ്പുനീർ വീണ്ടും വീണ്ടും അയാളിൽ തികട്ടിവരും.ഗുലാം അലി പാടും.

വര : പ്രസാദ് കാനാത്തുങ്കൽ

കിനാവുകൾ കാടുകയറി കടവാവലിന്റെ ചിറകും മനുഷ്യന്റെ ഉടലുമുള്ള ഒരു വിചിത്ര ജീവിയായി അയാൾ രൂപപ്പെടാൻ തുടങ്ങും. തടാകങ്ങൾക്കും മലനിരകൾക്കും മുകളിലൂടെ പറന്നുതുടങ്ങും. ഒരു മുങ്ങിക്കപ്പലായി രൂപാന്തരം പ്രാപിച്ച് മഹാസമുദ്രങ്ങൾക്ക് അടിയിലൂടെ ഊളയിടും. ചിലപ്പോഴൊക്കെ പരാജയപ്പെട്ട മനുഷ്യനെപ്പോലെ മരണത്തെ എത്തി തൊടാൻ ശ്രമിക്കും. ആത്മഹത്യക്കുള്ള അവസാനഘട്ട തയ്യാറെടുപ്പിലേക്ക് അനേക തവണ അയാൾക്കെത്തിച്ചേരാനായിട്ടുണ്ട്. അപ്പോഴെല്ലാം ഗുലാം അലി അയാളുടെ ജീവിതത്തിന് മേൽ ഊഷ്മളമായ ഗസലുകൊണ്ട് നിറയും.

“ചുപ്‌കേ ചുപ്‌കേ രാത് ദിൻ
ആസൂൺ ബഹാനാ യാദ് ഹേ”

പ്രണയത്തിന്റെ ആ പഴയ കാലത്തിലേക്ക് ഗുലാം അലി അയാളെ പറിച്ചു നടും. വളപ്പൊട്ടുപോലെ ചിതറിപ്പോയ ഓർമ്മകളിൽ പുലർവെട്ടം വീണ് പ്രതിഫലിക്കും . അതയാളുടെ കനം തൂങ്ങിയ കണ്ണുകളെ തട്ടിത്തുറന്നുവെയ്ക്കും. പ്രണയിനിയുടെ അവസാന ചുംബനം അയാളുടെ നെറുകയിലിരുന്ന് തുടിക്കും. ജീവിക്കാനുള്ള കൊതിപോലെ.

+ posts