പൂമുഖം POLITICS അവർ ആദ്യം വന്നത് രാഹുലിനെ അന്വേഷിച്ചായിരുന്നു

അവർ ആദ്യം വന്നത് രാഹുലിനെ അന്വേഷിച്ചായിരുന്നു

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

വർ ആദ്യം വന്നത് അവനെ അന്വേഷിച്ചായിരുന്നു. അന്ന് നമ്മൾ നിശബ്ദത പാലിക്കുക മാത്രമല്ല ചെയ്തത്, അവരോടൊപ്പം ആ വേട്ടക്കാരോടൊപ്പം കൂടി അവനെ കൂക്കി വിളിച്ചു. പപ്പുവെന്നും ജോക്കർ എന്നും വിളിച്ചു. ഒരു ജനാധിപത്യ രാജ്യത്തു തിരഞ്ഞെടുപ്പുകളിലൂടെ മാത്രം അധികാരത്തിൽ വരികയും പലപ്പോഴും പ്രതിപക്ഷത്തിരിക്കുകയും ജയിലിലടക്കപ്പെടുകയും, കൊല്ലപ്പെടുകയും ഒക്കെ ചെയ്ത അവന്റെ മുതുമുത്തച്ഛന്മാരെ വരെ തെറി വിളിക്കുകയും ഒരിക്കൽ പോലും ഒരു അധികാര സ്ഥാനം പോലും ഇതുവരെ ഏറ്റെടുക്കുവാൻ തയ്യാറാകുകയും ചെയ്യാതിരുന്ന അവനെ നമ്മൾ അവരോടൊപ്പം ചേർന്ന് രാജകുമാരൻ എന്ന് വിളിച്ചു ആക്ഷേപിച്ചു

ഒടുവിൽ അവർ നമ്മെ തിരക്കി വരുമ്പോൾ നാം ചുറ്റും നോക്കി പകയ്ക്കുകയാണ് നമുക്ക് വേണ്ടി ശബ്ദിക്കാൻ ഒരു പ്രതിപക്ഷ നേതാവില്ലല്ലോ എന്ന്

നോക്കൂ എത്ര ആസൂത്രിതമായിരുന്നു അവരുടെ വരവെന്ന്

നമ്മൾ ബുദ്ധിജീവികൾ എന്ന് കരുതുന്നവർ മണ്ടന്മാരാണ് മരമണ്ടന്മാർ ഈ കൊട്ടിഘോഷങ്ങൾക്കെല്ലാം കൂട്ട് നിന്നതു അവരാണ്.

നോക്കൂ നിങ്ങള്ക്ക് ഇന്ന് എന്താണ് കിട്ടിയത് ? അഭിപ്രായ സ്വാതന്ത്ര്യം തടയപ്പെട്ടിരിക്കുന്നു. അർദ്ധരാത്രിയിൽ ഒരു വെടിയുണ്ടയുടെ രൂപത്തിൽ വാതിലിനു മുട്ടിക്കൊണ്ടു അവൻ കടന്നു വരുന്നു.

മറ്റൊരർദ്ധ രാത്രി രാജ്യത്തെ മുഴുവൻ ജനങ്ങളെയും അരാജകത്വത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും വലിച്ചിഴച്ചു കൊണ്ട് നോട്ടു നിരോധനം വരുന്നു. പാർലമെന്റിനെപ്പോലും മുഖവിലക്കെടുക്കാതെ

ഇനിയും ഒരർദ്ധരാത്രി പൂർണ്ണമായ തയ്യാറെടുപ്പുകളില്ലാതെ ജിഎസ്ടി വരുന്നു. രാജ്യം വീണ്ടും പ്രതിസന്ധിയിലാകുന്നു. രാജ്യത്തെ തൊഴിൽ മേഖല ആകെ തകരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഒരു ദിവസം മുപ്പതിനായിരം പേര് പുതുതായി തൊഴിൽ മേഖലയിൽ പ്രവേശിക്കുന്ന രാജ്യത്താണ് അതിന്റെ പകുതി പോലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാതിരിരിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്.

ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോയപ്പോൾ പോലും പിടിച്ചു നിന്ന ഒരു സാമ്പത്തിക വ്യവസ്ഥയെയാണ് ഒരു ജനാധിപത്യ വ്യവസ്ഥയിൽ വേണ്ടുന്ന യാതൊരു ചർച്ചകളുമില്ലാതെ ഇരുട്ടിന്റെ മറവിലെ ചിന്താ രഹിതമായ അടിച്ചേല്പിക്കപ്പെടലുകളിലൂടെ തകർത്തു കൊണ്ടിരിക്കുന്നത്

ഇനിയാണ് താരതമ്യം വേണ്ടത് നിങ്ങൾ നേരത്തെ ആക്ഷേപിച്ചോടിച്ച രാജകുമാരൻ ആയിരുന്നു പ്രധാന മന്ത്രിയെങ്കിൽ ഇതിലേതെങ്കിലും ദുരന്തം ഉണ്ടാകുമായിരുന്നോ എന്ന്. അയാളെ നിങ്ങള്ക്ക് എല്ലാ തരത്തിലും ആക്ഷേപിക്കാം പക്ഷെ അയാൾ ഒരു ജനാധിപത്യ വാദിയാണ് എന്നത് അംഗീകരിക്കാതിരിക്കാനാവില്ല. തുറന്ന ചർച്ചകൾ ഉണ്ടാകുമായിരുന്നു രാജ്യത്താകമാനം എല്ലാ വിഷയങ്ങളിലും.

മോഡി ഒരു പ്രസ്സ് കോൺഫറൻസിന് പോലും ഇന്ന് വരെ തയ്യാറായിട്ടില്ല. അയാൾ ചോദ്യങ്ങളെ ഭയപ്പെടുകയും ഏകപക്ഷീയമായി തന്റെ സ്വരം മാത്രം രാജ്യത്തെ കേൾപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. രാഹുൽ രാജ്യത്തിനകത്തും പുറത്തും നടന്നു ഗ്രാമങ്ങളിലും യൂണിവേഴ്സിറ്റികളിലും ചെന്ന് ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്. അയാൾ എന്തുകൊണ്ടും മോദിയേക്കാൾ ഉയരത്തിലാണ്

മോഡി തന്റെ ക്യാബിനറ്റിൽ തന്നെക്കാൾ കഴിവുള്ളവർ ഉണ്ടാകരുതെന്ന് ശഠിക്കുന്നു. രണ്ടോ മൂന്നോ പേരെ ഒഴിച്ച് നിർത്തിയാൽ ഇന്ത്യ കണ്ട ഏറ്റവും കഴിവ് കെട്ടവരുടെ മന്ത്രിസഭയാണ് മോദിയുടേത് വാ തുറന്നാൽ വിഡ്ഢിത്തം മാത്രം പറയുന്നവരുടേതു. അരുൺ ഷൂരി, ജസ്വന്ത് സിങ്, യശ്വന്ത് സിൻഹ, അദ്വാനി തുടങ്ങി തങ്ങളുടെ തന്നെ കൂട്ടത്തിലെ തന്നെക്കാൾ കഴിവുള്ളവരെ തന്ത്രപരമായി ഓരോ ഘട്ടത്തിലാണ് ഒഴിവാക്കികൊണ്ടാണ് അയാൾ മന്ത്രിസഭ രൂപീകരിച്ചത്. എല്ലാ അധികാരങ്ങളും തന്നിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു

ഒരു രാഹുൽ മന്ത്രിസഭ ഇതിൽ നിന്നും എത്ര മാത്രം വ്യത്യസ്തമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. അത് കൂടുതൽ സുതാര്യമായിരിക്കും. അതാത് വകുപ്പുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യമുണ്ടാകും. എന്ത് കൊണ്ടും ഒരു രാഹുൽ മന്ത്രി സഭ മോഡി മന്ത്രി സഭയേക്കാൾ മെച്ചപ്പെട്ടതായിരിക്കും

2019 ലെ തെരഞ്ഞെടുപ്പിന് ഇനി വളരെ കുറച്ചു നാളുകൾ മാത്രമേ ബാക്കിയുള്ളൂ. കോൺഗ്രസ്സിന്റെ നേതൃത്വം രാഹുലിന് തന്നെയായിരിക്കും എന്ന് ഏതാണ്ടുറപ്പാണ്. എത്രയേറെ ക്ഷീണത്തിലാണെങ്കിലും കോൺഗ്രസ്സിന് പകരം വെക്കാൻ രാജ്യത്താകമാനം വേരുകളുള്ള മറ്റൊരു കക്ഷി ഇല്ല തന്നെ. രാജ്യത്താകമാനം ഉള്ള പ്രതിപക്ഷം ഇരുട്ടിൽ തപ്പാതെ രാഹുലിന് പിന്തുണ പ്രഖ്യാപിക്കുകയാണ് വേണ്ടത് അതാണ് നമുക്ക് മുന്നിൽ ഇപ്പോൾ ഉള്ള ഒരേ ഒരു ചോയിസ്. രാജ്യത്തെ ഒരു വലിയ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഉള്ള ഒരേ ഒരു വഴിയാണത്

“രാഹുലിന്റെ കരങ്ങൾക്ക് ശക്തി പകരുക “എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം

– ജീവിതത്തിൽ ഒരിക്കലും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ വിശ്വസിച്ചിട്ടില്ലാത്ത ഇനിയൊരിക്കലും അതിനെ പിന്തുണയ്ക്കാൻ സാധ്യതയില്ലാത്ത ഒരാൾ

Comments
Print Friendly, PDF & Email

You may also like