Vox populi vox dei (ജനങ്ങളുടെ ശബ്ദമാണ് ദൈവത്തിന്റെ ശബ്ദം)

ഒക്ടോബർ 29ന് ഇറങ്ങിയ മാതൃഭൂമി പത്രത്തിൽ “വോട്ടർപട്ടിക ശുദ്ധീകരിച്ച് ജനാധിപത്യം ശക്തമാക്കും” എന്ന തലക്കെട്ടോടെ മുൻ ബിജെപി കേരളം പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിൽ ഒരു ലേഖനമുണ്ട്. അത് വായിച്ചപ്പോൾ ഓർമ്മ വന്നത് “ചങ്ങലംപരണ്ട”യിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിന്റെ വിവരണത്തിനിടയിൽ സഞ്ജയൻ എഴുതിയതാണ്. “പന്തില്ലാത്ത ദിക്കിൽ കൂടി ഓടുന്നതിൽ അഹമ്മദ്‌കുട്ടി കാണിച്ച വിരുത് പ്രശംസനീയമാണെന്നോ മറ്റോ” ആണത്. സുഖ്‌ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നീ ഇലക്ഷൻ കമ്മീഷണന്മാർ 10 മാസത്തിനുള്ളിൽ ചോദിച്ച 14 ചോദ്യങ്ങളാണ് ഇവിടെ പന്ത്. ഇന്ത്യൻ എക്സ്പ്രസ്സ് പത്രം പുറത്തുകൊണ്ടുവന്ന ആ ചോദ്യങ്ങളെന്ന പന്തിനെ തൊടാതെ സുരേന്ദ്രൻ ഗ്രൗണ്ടിന് പുറത്ത് ഓടി കസർത്ത് കാണിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ വിശദീകരണം നൽകാനോ തയ്യാറല്ലെന്നിരിക്കെ, അദ്ദേഹത്തെ പ്രതിരോധിക്കാൻ സുരേന്ദ്രനെ പോലുള്ള ബിജെപിക്കാർ കൂടുതൽ ഉത്സാഹം കാണിക്കുന്നു എന്നതിൽ തന്നെ ഒരു ദുരൂഹതയുണ്ട്.

“കോൺഗ്രസ്സ് അധികാരത്തിലിരുന്ന കാലത്തും വോട്ടർ പട്ടികയിലെ പിഴവുകൾ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ സമാനമായ നടപടികൾ മറ്റൊരു സർക്കാർ നടപ്പാക്കുമ്പോൾ അതിനെ ജനാധിപത്യവിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ ഇരട്ടത്താപ്പാണ്.” ഇതാണ് സുരേന്ദ്രന്റെ ഒരു വാദം. ഒന്നാമതായി, ഇത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കമായി ചുരുക്കേണ്ട വിഷയമല്ലെന്ന് സുരേന്ദ്രൻ മനസ്സിലാക്കണം. 13 കോടി ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 18 വയസ്സ് തികഞ്ഞ ഓരോ പൗരനും വോട്ടവകാശം നൽകുന്നത് ഇന്ത്യൻ ഭരണഘടനയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറും അദ്ദേഹത്തിന്റെ കൂട്ടാളികളും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ 13 കോടി പൗരന്മാരിൽ നിന്ന് ഈ അവകാശം എടുത്തുമാറ്റുകയാണ് ചെയ്തത്. മുൻ സർക്കാരുകളുടെ കാലത്ത് നടന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ (SSR – Special Summary Revision), നിലവിൽ നടക്കുന്ന പ്രത്യേക തീവ്ര പുതുക്കൽപ്രക്രിയയുമായി (SIR – Special Intensive Revision) താരതമ്യം ചെയ്യുന്നത് തികച്ചും തെറ്റിദ്ധാരണാജനകമാണ്; വഞ്ചനാപരമാണ്. SSR എന്നത് ഓരോ വർഷവും നടത്തുന്ന പതിവ് വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയാണ്. ഇതിലൂടെ, പുതുതായി അർഹത നേടിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരെയോ താമസസ്ഥലം മാറിയവരെയോ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നു. അതിനാൽ ഇത് എല്ലാ വോട്ടര്മാരെയും ബാധിക്കുന്നില്ല. എന്നാൽ SIR പ്രക്രിയ നിലവിലുള്ള എല്ലാ വോട്ടര്മാരോടും വീണ്ടും തങ്ങളുടെ യോഗ്യത തെളിയിക്കാൻ ആവശ്യപ്പെടുകയാണ്. മാത്രമല്ല, നിലവിൽ അംഗീകരിക്കപ്പെട്ട തിരിച്ചറിവ് രേഖകൾ മിക്കവയും ഈ SIR പ്രക്രിയയിൽ അനവദനീയവുമല്ല.

ഇന്ത്യൻ എക്സ്പ്രസ് പത്രം പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച ആ 14 ചോദ്യങ്ങളെക്കുറിച്ച്, ബന്ധപ്പെട്ട രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഒരിടത്തും തർക്കമുന്നയിച്ചിട്ടില്ല. മാത്രമല്ല, ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ആ വാർത്തയെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ പിന്നീട് പുറത്തുവരികയും ചെയ്തു. രാജ്യം മുഴുവൻ SIR നടപ്പിലാക്കാനുള്ള തീരുമാനം ആരാണ് എടുത്തത്? അത് മുഴുവൻ കമ്മീഷനും ചേർന്നാണോ അതോ ജ്ഞാനേഷ് കുമാർ മാത്രമാണോ? ഇത് സംബന്ധിച്ച് അഞ്ജലി ഭരദ്വാജ് എന്ന സാമൂഹ്യ പ്രവർത്തക വിവരാകാശ നിയമപ്രകാരം ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് “അപ്രകാരം തീരുമാനം എടുത്തതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല” എന്നാണ്.

“S.I.R.ന്റെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങൾ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണ്” എന്നതാണ് സുരേന്ദ്രന്റെ മറ്റൊരു വാദം. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision) നടത്താൻ അധികാരമുണ്ടെന്ന് മാത്രമാണ് സുപ്രീം കോടതി പറഞ്ഞത്. അതായത് തത്വത്തിൽ ആ നടപടിയെ ശരിവെക്കുക മാത്രമാണ് കോടതി ചെയ്തത്. എന്നാൽ, അർഹരായ വോട്ടർമാരെ തോന്നിയപടി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട് എന്നല്ല ഇതിനർത്ഥം.

“പ്രധാന തെറ്റിദ്ധാരണകൾ” എന്ന പേരിൽ ലേഖനത്തിന്റെ അവസാനം ചില ചോദ്യോത്തരങ്ങൾ കൂടി നൽകിയിട്ടുണ്ട്. ആ ഉത്തരങ്ങളെല്ലാം അബദ്ധജടിലവും വഴിതെറ്റിക്കാനുള്ള ഉദ്യമവുമാണ്..

ഒന്നാം ചോദ്യം: ഫോം 6 മാറ്റിയിട്ടുണ്ടോ?
ഫോം 6ന്റെ കൂടെ ചേർത്തിട്ടുള്ള ഡിക്ലറേഷൻ അതിന്റെ ഭാഗമല്ലെന്നാണ് സുരേന്ദ്രന്റെ വാദം. ഒരു പ്രധാന രേഖയോടൊപ്പം ഒരു അനുബന്ധം (annexure) ചേർക്കുമ്പോൾ, ആ അനുബന്ധം ആ രേഖയുടെ ഭാഗമായിത്തീരുന്നു എന്നത് ഒരു കുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ്. ആ അനുബന്ധത്തിന് സ്വതന്ത്രമായ നിലനിൽപ്പില്ല. അതുകൊണ്ട് സുരേന്ദ്രന്റെ വാദത്തിൽ തീരെ കഴമ്പില്ല.

രണ്ടാം ചോദ്യം: യുവാക്കൾക്ക് വോട്ടവകാശം നിഷേധിക്കുന്നുണ്ടോ?
2025 ജൂൺ മുതൽ 18-28 പ്രായപരിധിയിലുള്ള ഏകദേശം 2.37 കോടി പുതിയ വോട്ടർമാരെ ചേർക്കുകയാണ് ചെയ്തത് എന്നാണ് സുരേന്ദ്രന്റെ വാദം. എന്നാൽ ഫോം 6നോട് ചേർത്തിട്ടുള്ള ഡിക്ലറേഷൻ ഭൂരിഭാഗം യുവവോട്ടർമാരെയും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത് (ഈ ഡിക്ലറേഷൻ ഇപ്പോൾ എടുത്തുമാറ്റിയിട്ടുണ്ട്).

മൂന്നാം ചോദ്യം: തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏകാധിപത്യമാണോ?
“അല്ലാ” എന്ന് ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതിയിൽ അഫിഡവിറ്റ് കൊടുത്തിട്ടുണ്ടുപോലും! ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുകൊണ്ടുവന്ന വിവരങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഇലക്ഷൻ കമ്മീഷനിൽ നിലനിൽക്കുന്ന കൊടിയ ഏകാധിപത്യത്തിലേക്കാണ്. ഇവിടെ സുരേന്ദ്രൻ പ്രതിയെ ജഡ്ജി ആക്കുകയാണ്.

നാലാം ചോദ്യം: വോട്ടർ പട്ടികയിലെ പേര് ഒഴിവാക്കിയാൽ റേഷൻ, പെൻഷൻ, പാസ്പോര്ട്ട് എന്നിവ നഷ്ടപ്പെടുമോ?
അങ്ങനെ സംഭവിക്കില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്. പക്ഷെ ഇതിന് എന്താണ് ഉറപ്പ്?

അഞ്ചാം ചോദ്യം: വോട്ടർ പട്ടിക കേന്ദ്രീകൃതമാണോ?
സുരേന്ദ്രന്റെ അഭിപ്രായത്തിൽ “ഓരോ സംസ്ഥാനത്തെയും ചീഫ് ഇലക്റ്ററൽ ഓഫീസറുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നത്. ECINET എന്ന ഡിജിറ്റൽസംവിധാനം തീരുമാനമെടുക്കാനുള്ള നിയമപരമായ അധികാരത്തെ മാറ്റുന്നില്ല.” എന്നാൽ ഇതിന് കടകവിരുദ്ധമായിരുന്നു കാര്യങ്ങൾ എന്നും ECINET പൂർണ്ണമായും നിയന്ത്രിച്ചിരുന്നത് ഡൽഹിയിൽ നിന്നായിരുന്നുവെന്നും തെളിയിക്കപ്പെട്ട കാര്യമാണ്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് നീക്കം ചെയ്യപ്പെട്ട 97 പേരെ പട്ടികയിൽ ചേർക്കാൻ ഗോവയിൽ ചീഫ് ഇലക്ടറൽ ഓഫീസർ ആവർത്തിച്ച് ശ്രമിച്ചിട്ടും സാധിച്ചില്ല. അതിന് കാരണം വോട്ടർപട്ടിക ഡൽഹി-കേന്ദ്രീകൃതമായിരുന്നതാണ്. അദ്ദേഹം പലതവണ ആവശ്യപ്പെട്ടിട്ടും നീക്കം ചെയ്യപ്പെട്ട 97 പേരെ ചേർക്കാൻ ഡൽഹിയിൽ ഇരിക്കുന്നവർ കൂട്ടാക്കിയില്ല. അവസാനം ഇക്കാര്യം പൊതുജനമധ്യത്തിൽ എത്തിയപ്പോൾ ഇതേക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ തന്നെ കോടതിയെ അറിയിച്ചിരിക്കുകയാണ്.

വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത 13 കോടി പേരുകളിൽ ഭൂരിഭാഗവും ആബ്സെന്റ്, ഷിഫ്റ്റഡ്, ഡെഡ് അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ആണെന്നും (ഇസിഐയുടെ ഭാഷയിൽ എഎസ്‌ഡിഡി) പറഞ്ഞുകൊണ്ടാണ് സുരേന്ദ്രൻ ഉൾപ്പെടെ എസ്‌ഐആറിനെ പിന്തുണയ്ക്കുന്നവർ സാധാരണയായി പ്രതികരിക്കുന്നത്. എന്നാൽ SIR വഴി 13 കോടിക്ക് മുകളിൽ ആൾക്കാരെ നീക്കം ചെയ്തതിന് ശേഷം അവശേഷിക്കുന്ന സംഖ്യയും വോട്ട് ചെയ്യാൻ അർഹതയുള്ള ജനസംഖ്യയുടെ ഔദ്യോഗിക കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വാദത്തിലെ പൊള്ളത്തരം മനസ്സിലാവും. താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

(പട്ടിക സാമ്പത്തിക വിദഗ്ധൻ സുർജിത് ഭല്ല എഴുതിയ ഒരു ലേഖനത്തിൽ നിന്ന് )

ഈ ഒമ്പത് സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടികയിൽ മുതിർന്നവരുടെ ജനസംഖ്യയേക്കാൾ 7 കോടിയിലധികം പേരുടെ കുറവ് വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവരുടെ ജനസംഖ്യയുടെ ഏകദേശം 12 ശതമാനം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താണ്. ഉത്തർപ്രദേശിൽ മാത്രം 2.8 കോടി പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താണ് – അതായത് മുതിർന്നവരുടെ ജനസംഖ്യയുടെ 17 ശതമാനത്തിലധികം. ഈ ഒമ്പത് സംസ്ഥാനങ്ങളിലെയും ശരാശരി 12 ശതമാനം ഒഴിവാക്കൽ നിരക്ക് രാജ്യത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നുണ്ടെങ്കിൽ, ഒഴിവാക്കപ്പെട്ട മുതിർന്നവരുടെയോ “കാണാതായ വോട്ടർമാരുടെയോ” ആകെ എണ്ണം ഏകദേശം 13 കോടി ആയിരിക്കും.

ചുരുക്കത്തിൽ സുരേന്ദ്രനോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ എത്രത്തോളം വെള്ളപൂശാൻ ശ്രമിച്ചാലും, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വോട്ടവകാശം നിഷേധിക്കാനിടയാക്കിയ എസ്.ഐ.ആർ (SIR)-ന്റെ ഈ പാപം മായ്ച്ചുകളയാനാവില്ല.

കവർ: വിൽസൺ ശാരദ ആനന്ദ്

+ posts

നീണ്ട പ്രവാസജീവിതത്തിന് ശേഷം ഇപ്പോൾ സ്വദേശമായ തിരുവല്ലയിൽ സ്ഥിരതാമസം.