ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി UK ലേക്ക് യാത്ര ചെയ്യുന്നത്. UK യിലെ ഗ്രാമീണ മേഖലകളിൽ ധാരാളം ബ്രാഞ്ചുകളുള്ള Peacocks എന്ന ഫാഷൻ സ്റ്റോർ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ട് വരാനായി ആണ് എന്റെ യാത്ര. നല്ല പൊക്കമുള്ള ഒരു സായിപ്പ് എന്നെ റിസീവ് ചെയ്യാനായി ഹീത്രൂ എയർപോർട്ടിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. അവിടെയെത്തിയപ്പോഴാണ് ഏതാണ്ട് എല്ലാ സായിപ്പന്മാരും നല്ലപൊക്കമുള്ളവരാണ് എന്ന് ഒരു പരിഭ്രമത്തോടെ ഞാൻ മനസ്സിലാക്കിയത്. ഒടുവിൽ ഒരു വെള്ളപേപ്പറിൽ എന്റെപേര് ഞാൻ എഴുതി പിടിച്ചു. അയാൾ എന്നെ കണ്ടു പിടിക്കുക തന്നെ ചെയ്തു. എനിക്ക് പോകേണ്ടത് കാർഡിഫിലേക്കാണ്. ഞാൻ ചെന്നിറങ്ങിയ ദിവസമാകട്ടെ ട്യൂബ് എന്ന് ലണ്ടനേഴ്സ് വിളിക്കുന്ന അണ്ടർഗ്രൗണ്ട് ട്രെയിൻ സ്റ്റാഫ് പണിമുടക്കിലും. ഒടുവിൽ ഒന്ന് രണ്ടു വണ്ടികൾ കയറ്റിയിറക്കി എങ്ങിനെയൊക്കെയോ സായിപ്പ് എന്നെ കാർഡിഫിൽ എത്തിച്ചു.

peacocks ഒരു വാല്യൂ ഫാഷൻ ബ്രാൻഡ് ആണ്. യുകെ യിലെങ്ങുമായി അന്നവർക്ക് 400 ഓളം ബ്രാഞ്ചുകളുണ്ട്. ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരാണ് അവരുടെ കസ്റ്റമേഴ്സ്, വില കുറവാണ് ഏറ്റവും വലിയ അട്രാക്ഷൻ . വെയിൽസിലെ കാർഡിഫ് എന്ന സ്ഥലത്താണ് അവരുടെ ഹെഡ് ഓഫീസ്. ലണ്ടൻ ഉൾപ്പെടെ എല്ലാ നഗരങ്ങളിലും സ്റ്റോറുകൾ ഉണ്ടെങ്കിലും ഒരു വെൽഷ് ബ്രാൻഡ് ആയാണ് അവർ അറിയപ്പെടുന്നത്. യു കെ യ്ക്ക് പുറത്തു എവിടെയും അന്നവർക്കു സ്‌റ്റോറുകൾ ഇല്ല. ഇന്റർനാഷണൽ ചെയിൻ ആകുന്നതിനെ കുറിച്ച് അവർ അതിനു മുൻപ് ചിന്തിച്ചിരുന്നതേയില്ല. peacocks ന്റെ വെയിൽസ് ഓഫീസിലെത്തിയ എന്നെ ഏതാനും ദിവസങ്ങൾ നീണ്ട മീറ്റിങ്ങുകൾക്ക് ശേഷം രാജ്യം മുഴുവനുമായി വ്യാപിച്ചു കിടക്കുന്ന വ്യത്യസ്ത വലിപ്പങ്ങളും കളക്ഷനുകളും കസ്റ്റമർ ബേസും ഉള്ള വിവിധ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സ്റ്റോറുകൾ കണ്ടു മനസ്സിലാക്കാനായി ഒരു സുന്ദരി മദാമ്മയോടൊപ്പം ഒരാഴ്ച നീണ്ട യാത്രക്കയച്ചു അവർ. ഓരോ ദിവസവും ഓരോ നഗരങ്ങളിലേക്ക്, ഒരു ദിവസം മൂന്നോ നാലോ സ്റ്റോറുകൾ സന്ദർശിക്കും, അന്ന് താമസം ആ നഗരത്തിലെ ഏതെങ്കിലും ഹോട്ടലിൽ. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് മറ്റൊരു നഗരത്തിലേക്ക്, രാത്രി മറ്റൊരു ഹോട്ടലിലേക്ക് . ആ യാത്രയിലൊരിക്കലാണ് ആകാശത്ത് പതിവില്ലാതെ സൂര്യനെ കണ്ടപ്പോൾ ദോ സൂര്യൻ എന്ന് ഞാൻ പറഞ്ഞതും മദാമ്മ Don’t say, it will go away എന്ന ഇംഗ്ലീഷ് അന്ധ വിശ്വാസം പറഞ്ഞതും.

കണ്ട ഓരോ സ്റ്റോറുകളും വ്യത്യസ്തമായിരുന്നു, ഓരോയിടങ്ങളിലെയും കസ്റ്റമർ വ്യത്യസ്തരാണ് അവരുടെ അഭിരുചികളും. പുറത്തു നിന്ന് നോക്കുന്ന ഒരു സാധാരണ ഷോപ്പർക്ക് ഏതാണ്ട് എല്ലാം ഒരുപോലെ തോന്നും എന്നാൽ ഓരോയിടത്തും സൂക്ഷ്മതലത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകും. ഗ്ലോബൽ ബ്രാൻഡ് ആയിരിക്കുമ്പോൾ തന്നെ ലോക്കൽ വ്യത്യാസങ്ങൾ മനസിലാക്കുക എന്നതാണ് ഒരു റീട്ടെയിൽ സ്റ്റോറിനെ സക്സസ്ഫുൾ ആക്കുന്നതു.

വെയിൽസിലെ സ്റ്റോറുകളിൽ വെൽഷ് ഭാഷയിൽ ആയിരുന്നു ഫിറ്റിംഗ് റൂം എന്നൊക്കെ എഴുതി വെച്ചിരുന്നത്. സ്റ്റോറിൽ മാത്രമല്ല റോഡ് സൈൻസ് പോലും വെൽഷിൽ മാത്രം. അവിടുത്തെ ഒന്ന് രണ്ടു സ്റ്റാഫുകളോട് ആ എഴുതിയിരിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ അവർക്കും വായിക്കാൻ അറിയില്ല. പ്രാദേശിക ഭാഷാ സംരക്ഷണത്തിനായി അങ്ങിനെയുള്ള സൈൻ ബോർഡുകൾ അതാത് ഭാഷയിൽ വേണമെന്ന് നിർബന്ധമാണത്രെ. ഇംഗ്ലീഷ് ലിറ്ററേച്ചറും ഷേക്സ്പിയറും ഒക്കെ പഠിച്ചു വണ്ടി കയറിയ, യുകെ എന്നാൽ ഇംഗ്ലീഷ് എന്ന് ധരിച്ചുവശായിരുന്ന എന്റെ തലക്കിട്ട് കിട്ടിയ ആദ്യ തട്ടായിരുന്നു ആ വെൽഷ് സൈൻ ബോർഡുകൾ.

നാലു രാജ്യങ്ങൾ ചേരുന്നതാണല്ലോ UK എന്ന് നമ്മൾ വിളിക്കുന്ന ഒരൊറ്റ രാജ്യം. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയാണ് ഈ “ഒരൊറ്റരാജ്യത്തിലെ” നാലു രാജ്യങ്ങൾ. ഈ നാലു രാജ്യങ്ങൾ തമ്മിൽ ഫുട്‌ബോൾ കളിക്കുമ്പോൾ peacocks ന്റെ ഈ ഓരോ രാജ്യങ്ങളിലെയും വിൻഡോസ് വ്യത്യസ്തമായിരിക്കും. ഒരിടത്തു സ്കോട്ട്ലൻഡ് ജയിക്കട്ടെ എന്ന് പറയുമ്പോൾ മറ്റൊരിടത്തു ഇംഗ്ലണ്ട് ജയിക്കട്ടെ എന്നാകും. നാലിടത്തെയും വിൻഡോ ഡിസൈൻ ചെയ്യുന്നത് ഒരാളാവും ഒരു ഓഫീസിൽ ഇരുന്നു. വിൻഡോ മാത്രമല്ല കളക്ഷനും മാറും england എന്നെഴുതിയ ടീ ഷർട്ടുകൾ പ്രധാനമായും ഇംഗ്ലണ്ടിലെ സ്റ്റോറുകളിൽ ആണ് ഉണ്ടാകുക സ്കോട്ട്ലൻഡിലെ സ്റ്റോറുകളിൽ സ്കോട്ട്ലൻഡ് എന്ന് പ്രിന്റ് ചെയ്ത പ്രോഡക്ട്സ് ആകും. ഏതാണ്ട് ഒരു രാജ്യമെന്നു ഇങ്ങു ദൂരെയിരുന്നു നമ്മൾ കരുതുന്ന ഒരിടത്താണ് ഇത്രയേറെ കോംപ്ലക്സിറ്റി. അപ്പോൾ അത്തരമൊരു ബ്രാൻഡ് മിഡിൽ ഈസ്റ്റിലേക്കോ ഇന്ത്യയിലേക്കോ പറിച്ചു നടുമ്പോൾ എന്തെല്ലാം മാറ്റി മറിക്കേണ്ടി വരും എന്നോർത്ത് നോക്കൂ. ഇത്തരം ധാരാളം കോംപ്ലക്സിറ്റികൾ ചേർന്നതാണ് റീട്ടെയിൽ. retail is detail എന്നൊരു ചൊല്ല് തന്നെയുണ്ട്.

Peacocks ന്റെ പല പ്രോഡക്ട്സും മിഡിൽ ഈസ്റ്റിനു പറ്റിയത് അല്ലായിരുന്നു. രസകരമായ ഒരുദാഹരണം പറയാം. naughty thongs എന്ന് പറഞ്ഞു ഒരു സബ് ഡിപ്പാർട്ട്മെന്റ് തന്നെയുണ്ടായിരുന്നു അവിടെ. welldone you have reached until here എന്നൊക്കെയെഴുതിയ ലേഡീസ് ഇന്നർ വെയർ മിഡിൽ ഈസ്റ്റിൽ എങ്ങാനും എത്തിയാൽ സ്റ്റോർ പൂട്ടിപ്പോകാൻ അത് മതി. യു കെ യിൽ അവ ബെസ്റ്റ് സെല്ലേഴ്സ് ആണ്.

ബഹ്‌റൈനിലും ദുബായിലുമാണ് ആദ്യ സ്റ്റോറുകൾ തുടങ്ങിയത്. വാല്യൂ എലമെന്റ് അങ്ങിനെ തന്നെ നില നിർത്തിക്കൊണ്ട് ഇന്റീരിയറും മറ്റും അല്പം കൂടി മെച്ചപ്പെടുത്തി ഒരു മിഡിൽ ക്‌ളാസ് ബ്രാൻഡ് ആയി ആണ് അത് ഇവിടെ ലോഞ്ച് ചെയ്തത്. ഓരോ രാജ്യത്തിന്റെയും കസ്റ്റമർ ബിഹേവിയറിനനുസരിച്ചു ഇത്തരം മാറ്റങ്ങൾ വേണ്ടി വരും. ഉത്ഘാടനം കഴിഞ്ഞ ആദ്യ മാസങ്ങൾ വളരെ ടഫ് ആയിരുന്നു, ദുബായിലുള്ളവർ കേട്ടിട്ട് പോലുമില്ലാത്ത ബ്രാൻഡ് നെയിം അല്ലേ. പല പരീക്ഷണങ്ങൾ നടത്തി. ഒടുവിൽ പേരു തന്നെ അല്പമൊന്ന് പരിഷ്കരിച്ചു. peacocks ലണ്ടൻ എന്നാക്കി മാറ്റി. ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആണെന്ന് ആളുകൾ അറിയണമല്ലോ. peacocks കാർഡിഫ് എന്നതാണ് കൂടുതൽ ചേരുക എന്ന് യുകെ ക്കാർ തന്നെ പറഞ്ഞു ചിരിച്ചു. ആദ്യകാലങ്ങളിൽ BY air ആയിരുന്നു സ്റ്റോക്ക് വന്നിരുന്നത്. ഒരു വാല്യൂ ബ്രാൻഡ് ഒരിക്കലും ചെയ്തു കൂടാത്ത കുറ്റകൃത്യം. അങ്ങിനെ പല പ്രശ്നങ്ങളും പരിഹരിച്ചു, അതിനനുസരിച്ച് കോസ്റ്റ് കുറയ്ക്കാൻ കഴിഞ്ഞു. പതിയെ ബ്രാൻഡ് ടേക്ക് ഓഫ് ചെയ്തു.

ഏതാനും വർഷങ്ങൾ ഈ ബ്രാൻഡ് മിഡിൽ ഈസ്റ്റിൽ നന്നായി നടന്നു. ഒടുവിൽ യുകെയിൽ അവരുടെ മാനേജ്‌മെന്റ് മാറുകയും പുതിയ മാനേജ്‌മെന്റ് ഇന്റർനാഷണൽ ഓപ്പറേഷൻസ് അവർക്കു ലാഭകരമല്ലെന്നും ഹോം കൺട്രിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും തീരുമാനമെടുത്തതോടെ മിഡിൽ ഈസ്റ്റ് ഓപ്പറേഷൻസ് അവസാനിപ്പിച്ചു. ഇതിനിടെ ഇന്ത്യയിലേക്കും ബിസിനസ്സ് വികസിപ്പിക്കാൻ peacocks പ്ലാൻ ചെയ്തിരുന്നു. ഏതാണ്ട് എല്ലാം തീരുമാനിക്കപ്പെട്ട ശേഷം നടന്ന അവസാന മീറ്റിങ്ങിൽ ഇന്ത്യയിലെഏറ്റവും സമ്പന്നരിൽ ഒരാളായ , ഇന്ന് ലോകത്തിലെ തന്നെ ആദ്യ മുപ്പതു സമ്പന്നരിൽ ഒരാളായ ബിസിനസ്സ് മാൻ ആ മുറിയിലേക്ക് കടന്നു വന്നതും “NO franchisee deal , 50 – 50 partnership profit or loss” എന്ന് അറുത്തുമുറിച്ചു പറഞ്ഞതായും അത് സ്വീകാര്യമല്ലാത്തതിനാൽ india expansion ഉപേക്ഷിച്ചു എന്നും മീറ്റിങ്ങിൽ പങ്കെടുത്ത Head of international operations എന്നോട് പിന്നീടൊരിക്കൽ പറഞ്ഞത് ഓർക്കുന്നു.

ഒരു കാലത്തു ഇന്റർനാഷണൽ റീറ്റെയ്ൽ ശൃംഖല ബിസിനസിൽ UK ഏതാണ്ടു് തങ്ങളുടെ ഡോമിനൻസ് നില നിർത്തിയിരുന്നു. ഫാഷൻ കാപ്പിറ്റൽ പാരീസ് ആയിരുന്നെങ്കിലും. ഇന്നാ ഡോമിനന്സ് UK ക്കു ഏതാണ്ട് നഷ്ടമായിക്കഴിഞ്ഞു. ലോകമെങ്ങുമുണ്ടായിരുന്ന പല UK ബ്രാൻഡുകളും പൂട്ടിക്കെട്ടി. Debenhams , woolworths , BHS ( British home stores ), Ted baker , Topshop , mothercare , The Bodyshop ലിസ്റ്റ് എത്ര വേണമെങ്കിലും നീട്ടാം. ചിലവയൊക്കെ അഡ്മിനിസ്‌ട്രേഷനിൽ ആണ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാത്രമേയുള്ളൂ.

ലോകം അതിവേഗം മാറി മറിയുകയാണ് അതോടൊപ്പം തന്നെയോ ഒരുപക്ഷേ അതിനേക്കാളും വേഗത്തിലോ റീട്ടെയിൽ ലോകവും മാറി മറിയുകയാണ്. കസ്റ്റമർ , ടെക്‌നോളജി, ഓൺലൈൻ സാന്നിധ്യം, എ ഐ, ജെൻസി ഇവയൊക്കെ ഒട്ടും പ്രെഡിക്റ്റബിൾ അല്ലാത്ത തരത്തിൽ റീട്ടെയിൽ മേഖലയെ പാടേ മാറ്റി മറിക്കുന്നു.

(തുടരും)

കവർ : ജ്യോതിസ് പരവൂർ

+ posts

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.