വയനാടിന്റെ കണ്ണുനീർ, നമ്മോടു പറയുന്നത് മിനിമലിസത്തിലേക്കു – ആവശ്യാധിഷ്ഠിത മിതജീവിത ശൈലിയിലേക്ക്- തിരിച്ചു നടക്കുക എന്നാണ്.മറ്റാരോ ആണ് ഇതിനുത്തരവാദികൾ എന്ന മനോഭാവത്തോടെയാണ് വിമർശകർ വിരൽ ചൂണ്ടുക, പ്രകൃതി ദുരന്ത മുന്നറിയിപ്പുകളെ കുറിച്ച് വേവലാതിപ്പെടുക. ദുരന്തത്തിൽ നമ്മൾ ഓരോരുത്തരുടെയും വിരലടയാളം പതിഞ്ഞിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോഴേ ഭാവിയെ കുറിച്ച് തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂ.
വീടാവട്ടെ, റോഡോ പാലമോ ദേവാലയമോ, സുഖവാസമന്ദിരമോ ആവട്ടെ,ഓരോ പുതു നിർമ്മിതിയിലും കുന്നുകൾ ഇടിയുകയും മലകൾ പൊടിയുകയും മരങ്ങൾ നശിക്കുകയും നീരരുവികൾ വറ്റുകയും വഴിമാറിയൊഴുകുകയും ചെയ്യുന്നുണ്ട്. കേരളകുടുംബങ്ങളിൽ അംഗങ്ങൾ കുറയുമ്പോഴും വീടുകളിൽ കിടപ്പുമുറികൾ കൂടുകയാണ്. എണ്ണമറ്റ വീടുകൾ ഒഴിഞ്ഞു കി ടക്കുമ്പോഴും പുതിയ വീടുകൾ നിർമ്മിക്കപ്പെടുന്നു.ഓരോ മതങ്ങളും മണിമേടകൾ പണിതു ഗർവ് കാണിക്കാൻ മത്സരിക്കുന്നു. നാക്കിലവീതിയുള്ള നാട്ടിൽ അനുദിനം പാതവരികൾ ഇരട്ടിക്കുന്നു.ഭൂമിയിൽ ഇടം പോരാതെ ആകാശപാതകൾ ഉയരുന്നു എന്നിട്ടും തികയാത്തവിധം വാഹനങ്ങൾ പെരുകുന്നു. പടിഞ്ഞാറെ അതിർത്തി മുഴുവൻ കടൽ ഭിത്തി പണിയാൻ മുറവിളി ഉയരുന്നു.
മിതവും എന്നാൽ സൗകര്യപ്രദവും ആസ്വാദ്യവും ആയ ജീവിതം എങ്ങനെ സംവിധാനം ചെയ്യാം എന്നാണ് നമ്മൾ ഇനി ആലോചിക്കേണ്ടത്. വിദ്യാർഥികളും തൊഴിലാളികളും രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവർത്തകരും ഒരുമിച്ച് ചർച്ച ചെയ്യേണ്ട വിഷയമാണ്. ഇനി വൈകിക്കൂട.
ചില ചിന്തകൾ
സ്വകാര്യ വ്യക്തിഗത വാഹനങ്ങൾ നിരത്തിൽ നിന്ന് കഴിയുന്നത്ര പിൻവാങ്ങുകയും പകരം പര്യാപ്തമായ പൊതു വാഹനങ്ങൾ സർക്കാർ / സ്വകാര്യ മേഖലയിൽ വരികയും ചെയ്യുന്നു വെന്നിരിക്കട്ടെ. ഒന്നോ രണ്ടോ ആളുകളെ വഹിക്കുന്ന കാറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ ഒഴിയുന്ന നിരത്തുകളിൽ ആവശ്യത്തിന് ഗുണ നിലവാരമുള്ള ബസ്സുകൾ സർവീസ് നടത്തുക. റെയിൽപാതകൾ ഒഴിഞ്ഞു കിടക്കുന്ന നീണ്ട ഇടവേളകൾ ഉപയോഗിച്ചു ഹ്രസ്വദൂര മെമുകൾ വർധിപ്പിക്കുക. ഇനി ഈ സംസ്ഥാനത്തിന് ഏറെ പുതിയ റോഡുകളും പാതകളും താങ്ങാനുള്ള ഭൂവിഭവശേഷിയില്ല.
പഴയ കൂട്ടുകുടുംബവാസ വ്യവസ്ഥയിൽ നിന്ന് ഈ തലമുറ ഏറെ ദൂരം നടന്നു കഴിഞ്ഞു. ഇനി വലിയ വീടെന്ന വൃഥാഭിമാനങ്ങൾ വെടിയണം. പല options ഉണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള ചെറു ഭവനങ്ങൾ, പഴയ വീടുകൾ പുതുക്കി ഉപയോഗിക്കൽ തുടങ്ങിയവ.ഇന്നത്തെ ആഡംബരഭവനങ്ങൾ പോലും അടുത്ത തലമുറയിലെ അവകാശികൾ വാസത്തിനു തിരഞ്ഞെടുക്കുമോ എന്ന് സംശയമാണ്. അഭിരുചി വ്യത്യാസങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ മൂലം ഉണ്ടാവുന്ന പ്രവാസം എന്നിവ ഇതിനു കാരണമാകുന്നു.അങ്ങനെ നോക്കുമ്പോഴാണ് പാർപ്പിട ബാഹുല്യം നിയന്ത്രണം അർഹിക്കുന്നു എന്ന് തോന്നുക.
അധിക കാലം പൂട്ടിക്കിടക്കുന്ന വീടുകൾ നിഷ്ക്രിയ ആസ്തിയാണ്. അവ monetise ചെയ്യുവാൻ, വേണ്ട സാമ്പത്തിക വിദ്യാഭ്യാസം നാം നേടേണ്ടിയിരിക്കുന്നു. സർക്കാരും ധനകാര്യ സ്ഥാപനങ്ങളും second hand വീടുകൾ വാങ്ങിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. നികുതിയിലും പലിശയിലും ഇളവ് നൽകുക തുടങ്ങിയ incentives നടപ്പിലാക്കുക.അങ്ങനെ നിലവിലുള്ള പാർപ്പിടങ്ങളുടെ പരമാവധി ഉപഭോഗം ലക്ഷ്യമാക്കാം. ഒപ്പം പുതു നിർമിതികളെ കഴിയുന്നത്ര കുറയ് ക്കുകയും.
തീരദേശങ്ങൾ കടലെടുക്കുമ്പോൾ കടൽ ഭിത്തിക്കു വേണ്ടിയുള്ള സമരങ്ങൾ ഉണ്ടാവുക പതിവാണ്. പടിഞ്ഞാറെ അതിർത്തി മുഴുവൻ സമുദ്രമുള്ള സംസ്ഥാനത്തു എത്ര അപ്രായോഗികമാണത്! അത്രയും പാറകൾക്ക് മുഖ്യമായും ഉറവിടമാവുക പശ്ചിമ ഘട്ടം തന്നെയാണല്ലോ പ്രത്യേകിച്ച് കാലവസ്ഥാവ്യതിയാനത്തിൽ ആഗോളമായി കടൽ നിരപ്പുയരുന്ന സാഹചര്യത്തിൽ!ഇടിഞ്ഞു കുനിയുന്ന പർവതങ്ങൾക്ക് കാറ്റുകളെ പിടിച്ചു കെട്ടാനാവാത്ത അവസ്ഥയും വന്നിരിക്കുന്നു. കടൽ തീരത്ത് എടുത്തു മാറ്റി സ്ഥാപിക്കാവുന്ന നിർമിത ഭവനങ്ങൾ ഉണ്ടാക്കുകയാണ് കൂടുതൽ ഫലപ്രദം. പ്രതികൂല കാലാവസ്ഥകളിൽ അവയെ താത്കാലികമായി മാറ്റി സ്ഥാപിക്കാൻ ഇടമൊരുക്കണം. ദുരിതാശ്വാസ ക്യാമ്പുകൾക്ക് പകരം.
വികസനം ആവശ്യവും അവകാശവുമാണ്. പക്ഷെ വിഴിഞ്ഞത്തു കടൽ തൂർക്കുമ്പോൾ പശ്ചിമ – പൂർവ ഘട്ടങ്ങളുടെ ശിരസ്സ് കുനിയുന്നുണ്ട്, കടലാഴങ്ങൾ കൂടുന്നതിനൊപ്പം ഉടനീളം തീരങ്ങൾ അപ്രത്യക്ഷമാവുകയും ആവാസയിടങ്ങൾ നഷ്ടമാവുകയും ചെയ്യുന്നുണ്ട്. വിഴിഞ്ഞത്തിനു വേണ്ടി പ്രവർത്തിച്ച ക്വാറികൾ ചർച്ചാ വിഷയമായതു ഓർക്കുമല്ലോ പാലക്കാട്- കോഴിക്കോട് ഹരിത ദേശീയ പാതക്കുവേണ്ടി പാലക്കാട് ജില്ലയിൽ മാത്രം നൂറു കണക്കിന് വീടുകളാണ് പൊളി ച്ചുമാറ്റാൻ ഉത്തരവായിരിക്കുന്നത്.ഫലമോ?ഒരുവശത്തു കോൺക്രീറ്റ്മാലിന്യം,മറുവശത്ത് നിർമാണ സാമഗ്രികളുടെ വർധിച്ച ഡിമാൻഡ്.
കഴിഞ്ഞ കുറേ വർഷങ്ങളായി വയനാട് ചെറിയ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും നടക്കുന്നുണ്ട്. വാർത്തയാവാറി ല്ലെന്നേയുള്ളൂ. എന്നിട്ടും മുഖ്യമന്ത്രി വിഭാവനം ചെയ്യുന്നത് വയനാടൻ മലകൾ തുരന്നു മൈസൂർക്കു തുരംഗപാത നിർമ്മിക്കുന്നതിനെ കുറിച്ചാണ്, ഭീമമായ ചിലവേറ്റെടുത്തും ഗുരുതര പരിസ്ഥിതി ആ ഘാതം സൃഷ്ടിച്ചും കെ റെയിൽ എന്ന സംസ്ഥാന തീവണ്ടിപ്പാത നിർമ്മിക്കുന്നതിനെ കുറിച്ചാണ്. വീണ്ടു വിചാരങ്ങൾ അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു.
ദുരന്തങ്ങളിൽ പ്രതികരിക്കാൻ മലയാളി രണ്ടാമതൊന്നാലോചിക്കാറില്ല അവശർക്ക് പെൻഷനും ആശാ വർക്കർക്കു ശമ്പളവും കുടിശ്ശികയായ പ്രതിസന്ധിയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിക്കു കനത്ത വെല്ലുവിളിയാണ് വയനാട് ദുരന്തം ഉയർത്തുന്നത്. എല്ലാ സന്നാഹങ്ങളുമായി ഇവിടെയും ഈ ജനത മുന്നിട്ടിറങ്ങുമെന്ന് ഉറപ്പുണ്ട്. അവരോടൊപ്പം. പ്രതികൂല സാഹചര്യങ്ങളിൽ കൈമെയ് മറന്നു കർമ്മ നിരതരായിരിക്കുന്ന എല്ലാ മേഖലയിലുമുള്ള പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.
ജ്യോതിസ് പരവൂര്