കണ്ടു നിന്നവർ പറഞ്ഞു
ചിറകിന്റെ ഭാരം കുറഞ്ഞുവെന്ന്‌
കുട്ടികൾക്കു കൗതുകം
വീണു കിട്ടിയ നിധി പോലെ
ചിറകിനു മാത്രം അറിയാം
പൊഴിഞ്ഞു പോയ തൂവലിന്റെ വില

കാഴ്ചകൾ പലതും പതിവ് തെറ്റിച്ചു
ഇര തേടിപ്പോയ കുഞ്ഞിക്കിളിയെ
കൗതുകത്തോടെ നോക്കുന്ന അമ്മക്കിളി
പാതിയിൽ മടങ്ങിയ ചിറകു മുളച്ചവൻ
ഭാരമില്ലാത്ത ചിറകുമായി ഊര് ചുറ്റുന്നു
വിരുന്നു വരുന്ന ദേശാടനക്കിളിയെന്നു
സൽപേരും സൽക്കാരവും

തീറ്റ തേടി പോയവന്റെ ചിറകിനു
ഭാരങ്ങളില്ല കുഴഞ്ഞതുമില്ല
കെണി വെച്ചവന്റെ മുകളിലൂടെ
പറക്കാൻ പഠിപ്പിച്ചു കാലം
ഇന്നവൻ ഉയരങ്ങളിൽ ഇരുന്നു
നോക്കിക്കാണുന്നു
കൊയ്ത്തുകാലം
നോക്കിക്കിടക്കുന്ന പാടങ്ങളെ,
ജീർണിച്ച അവശിഷ്ടങ്ങളെ,
താഴെ ഇഴയുന്ന പുഴുക്കളെ,
തന്റെ ഇരയാക്കാൻ

പക്ഷെ പറക്കുമ്പോൾ
വീണുപോയ തൂവലുകൾ നോക്കി
താഴെ നിന്നവർ
പറഞ്ഞുകൊണ്ടേയിരുന്നു
പൊഴിഞ്ഞ തൂവലിന്റെ വിലാപം…..

കവർ: ജ്യോതിസ് പരവൂർ

+ posts

പത്തനംതിട്ട സ്വദേശി.ബഹ്റൈനിൽ ജോലി. ചെയ്യുന്നു.ചെറിയ കാര്യങ്ങളിലെ വലിയ ചിന്തകളെ അക്ഷരങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്ന. കവിതകൾ, പ്രണയഗാനങ്ങൾ, പുതുതലമുറയുടെ സംഗീതമായ റാപ്പ് സോങ്സ് എന്നിവ എഴുതാറുണ്ട്.