സീൻ 1. EXT. ഓക്സിജൻ പാർക്ക് – പകൽ
കറുപ്പ് (PITCH BLACK). ദൃശ്യങ്ങളൊന്നുമില്ല.
ശബ്ദങ്ങൾ മാത്രം .. ഒരു വൈറ്റ് കെയ്ൻ (White Cane) കോൺക്രീറ്റ് നടപ്പാതയിലും കരിയിലകളിലും തട്ടിത്തടഞ്ഞു നീങ്ങുന്ന ക്രമബദ്ധമായ ശബ്ദം: ടക്… ടക്… ടക്… ടക്…
ദൂരെയെവിടെയോ പക്ഷിയുടെ നേർത്ത ചിറകടികൾ. കുട്ടികളുടെ ശബ്ദങ്ങൾ..കാറ്റിന്റെ ഇരമ്പൽ. കരിയിലകൾ ഞെരിയുന്ന ശബ്ദം.
അന്ധയായ പെൺകുട്ടിയുടെ POV (Point of View). കാഴ്ച പൂർണ്ണമായും അന്ധകാരത്തിലാണ്; എന്നാൽ ശബ്ദങ്ങളും ഗന്ധങ്ങളും തീവ്രമാണ്.
സ്റ്റിക്ക് തട്ടുന്ന ശബ്ദം പെട്ടെന്ന് നിലയ്ക്കുന്നു. ഒരു പെൺകുട്ടിയുടെ ആഴത്തിലുള്ള ശ്വാസമെടുക്കൽ.
റൈഹാന (V.O) (നേർത്ത ശബ്ദത്തിൽ, ആത്മഗതം പോലെ) :ഇന്ന് വെള്ളി. ഇത് ഓക്സിജൻ പാർക്കാണല്ലോ… ഇവിടത്തെ മുല്ല പൂത്തല്ലോ. നിന്റെയും മുല്ലയുടെയും മണം…

SMASH CUT TO:
സീൻ 2. INT. കല്യാണ മണ്ഡപം – പകൽ
EXTREME CLOSE UP (ECU): ഒരു ഭീമൻ വീഡിയോ ക്യാമറയുടെ ലെൻസ്. ലെൻസിലെ ഗ്ലാസ് പ്രതിഫലനത്തിൽ ആൾക്കൂട്ടം. ഒരു വന്യമൃഗത്തിന്റെ കണ്ണുപോലെ ക്യാമറ ചലിക്കുന്നു.
ക്യാമറ പതുക്കെ CRANE UP ചെയ്യുന്നു – കല്യാണ മണ്ഡപത്തിൽ വധൂവരന്മാരെ പൂർണ്ണമായി മറച്ച്, അവരുടെ മുഖത്തേക്ക് ഇരച്ചുകയറുന്ന ക്യാമറാമാൻമാരുടെയും ലൈറ്റ് ബോയ്സിന്റെയും വിയർത്തു കുതിർന്ന പിൻഭാഗങ്ങളും തോളുകളും മാത്രം.
ANGLE ON: മുൻനിരയിലെ കസേരകളിൽ ഇരിക്കുന്ന ദമ്പതികൾ. അനൂപ് (30-കളിൽ, സിവിലിയൻ വസ്ത്രത്തിൽ, മുഖത്ത് കടുത്ത ജലദോഷത്തിന്റെ ക്ഷീണം). ഭാര്യ ദിവ്യ. ദിവ്യ അതൃപ്തിയോടെ നോക്കുന്നു.
ദിവ്യ (വെറുപ്പോടെ കൈചൂണ്ടി) :ക്യാമറാമാന്മാരുടെ ഈ പിൻഭാഗം കാണാനാണോ എന്നെ ഇത്രയും കഷ്ടപ്പെട്ട് ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്?
അനൂപ് (തുമ്മലടക്കാൻ ശ്രമിച്ച്) :അതിപ്പോ… അവര് ഷൂട്ട് ചെയ്യട്ടെ ദിവ്യേ. പെൻഡ്രൈവ് കിട്ടുമ്പോൾ നമുക്ക് വൃത്തിയായിട്ട് കാണാം. ഇങ്ങനെയൊക്കെ എടുക്കുന്നതുകൊണ്ടല്ലേ ഫ്യൂച്ചറിലും ഇതൊക്കെ കാണാൻ പറ്റുന്നത്?
ദിവ്യ (പരിഹാസത്തോടെ) :പെൻഡ്രൈവിൽ കാണുമ്പോൾ അത് പാസ്റ്റിലെ സംഭവമായി മാറില്ലേ? പിന്നെ എന്തിനാ നേരിട്ട് വന്ന് കാണുന്നത്?
അനൂപ് :നിനക്കല്ലെങ്കിലും എപ്പോഴും…
അനൂപിന്റെ പോക്കറ്റിൽ ഫോൺ തീവ്രമായി വൈബ്രേറ്റ് ചെയ്യുന്നു. അയാൾ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കുന്നു. അനൂപ് (എഴുന്നേറ്റുകൊണ്ട്): ഒരു മിനിറ്റ്…
അനൂപ് വേഗത്തിൽ ശബ്ദകോലാഹലങ്ങളിൽ നിന്ന് മാറി, ഓഡിറ്റോറിയത്തിന്റെ ശാന്തമായ ഒരു കോണിലേക്ക് നടക്കുന്നു. പശ്ചാത്തലത്തിൽ നാദസ്വരത്തിന്റെ വിദൂര ശബ്ദം.
അനൂപ് (ഫോൺ ചെവിയിൽ വെച്ച്) :ഹലോ, ആരാണ്?
ഡി.ജി.പി ഓഫീസ് ഓഫീസർ (O.S / FILTER): എസ്.ഐ അനൂപ് അല്ലേ? തിരുവനന്തപുരത്തുനിന്ന് ഡി.ജി.പി ഓഫീസിൽ നിന്നാണ്.
അനൂപ് പെട്ടെന്ന് അറ്റൻഷനാകുന്നു. ശരീരഭാഷയിൽ കാക്കി യൂണിഫോമിന്റെ ജാഗ്രത തെളിയുന്നു.
അനൂപ് : സാർ! ഗുഡ് ഈവനിംഗ് സാർ. ഒരു റിലേറ്റീവിന്റെ മാര്യേജിന് വന്നതായിരുന്നു. പറയൂ സാർ.
ഡി.ജി.പി ഓഫീസ് ഓഫീസർ (FILTER): നെടുമങ്ങാട് ഭാരത് മാതാ കോളേജിലെ ഒരു തേർഡ് ഇയർ കുട്ടി മിസ്സിംഗാണ്. അഭിമന്യു. രക്ഷിതാക്കൾ ഡി.ജി.പിക്കും സി.എമ്മിനും നേരിട്ട് പരാതി കൊടുത്തിട്ടുണ്ട്. ഫോർവേഡ് ചെയ്ത പെറ്റീഷൻ നിങ്ങളുടെ സ്റ്റേഷൻ മെയിലിൽ വന്നിട്ടുണ്ടാകും.
അനൂപ് :സാർ, ഞാൻ ഉടൻ സ്റ്റേഷനിലേക്ക് തിരിക്കാം സാർ.
ഡി.ജി.പി ഓഫീസ് ഓഫീസർ (FILTER):സമയം കളയരുത്, CMO നേരിട്ട് ഫോളോ ചെയ്യുന്ന മാറ്ററാണ്. ഉടൻ FIR ഇടാൻ പറയൂ. കുട്ടിയുടെ ലാസ്റ്റ് ലൊക്കേഷനും മൊബൈൽ ടവറും ഉടൻ ട്രാക്ക് ചെയ്യണം. പ്രിലിമിനറി റിപ്പോർട്ട് രണ്ട് മണിക്കൂറിനകം ഹെഡ്ക്വാർട്ടേഴ്സിൽ വേണം!
അനൂപ് : ശരി സാർ. ഇപ്പോൾത്തന്നെ റൈറ്ററെ വിളിച്ച് FIR രജിസ്റ്റർ ചെയ്യിക്കാം. കോളേജിലേക്ക് പോകാം സാർ.
ഡി.ജി.പി ഓഫീസ് ഓഫീസർ (FILTER): വേഗം വേണം.
ഫോൺ കട്ടാകുന്നു. അനൂപ് ഒരു വലിയ തുമ്മലോടെ വിറയ്ക്കുന്നു. അയാൾ മൂക്ക് അമർത്തി തുടച്ചുകൊണ്ട് ദിവ്യയുടെ അടുത്തേക്ക് വരുന്നു.
ദിവ്യ ഒന്നും മിണ്ടാതെ തന്റെ ഹാൻഡ്ബാഗ് തുറന്ന് ചെറിയൊരു വിക്സിന്റെ ടിൻ എടുത്ത് അനൂപിന് നേരെ നീട്ടുന്നു. അനൂപ് കൃതജ്ഞതയോടെ ഒരു ചെറുചിരിയോടെ അത് വാങ്ങുന്നു.

DISSOLVE TO:
സീൻ 3. EXT/INT. കോളേജ് കാമ്പസ് / പ്രിൻസിപ്പൽ റൂം – പകൽ
MONTAGE SHOTS:
● പച്ചപ്പ് നിറഞ്ഞ കുന്നിൻമുകളിലെ വിസ്തൃതമായ കോളേജ് കാമ്പസ്.
● ഹെയർപിൻ വളവുകൾ കയറിവരുന്ന ഒരു പോലീസ് ജീപ്പ്.
● ജീപ്പിൽ നിന്ന് ഇറങ്ങി വേഗത്തിൽ കോറിഡോറിലൂടെ നടക്കുന്ന അനൂപും സംഘവും.
INT. പ്രിൻസിപ്പൽ റൂം – തുടർച്ച
പ്രിൻസിപ്പലിന്റെ ടേബിളിന് മുന്നിൽ അനൂപ് നിൽക്കുന്നു. കസേരയിൽ പ്രിൻസിപ്പൽ (അമ്പതുകളിൽ, കടുത്ത ആശങ്കയോടെ).
പ്രിൻസിപ്പൽ: ഇക്കഴിഞ്ഞ 28-ന്… അന്നൊരു വലിയ ഫങ്ഷൻ ഉണ്ടായിരുന്നു സാർ. അന്ന് അഭിമന്യു കോളേജിൽ വന്നോ എന്ന് ഉറപ്പില്ല. തേർഡ് ഇയർ ഹിസ്റ്ററി വിദ്യാർത്ഥിയാണ്. അശോക് സാറാണ് HOD. രേണുക ടീച്ചറാണ് ക്ലാസ് ട്യൂട്ടർ. അവർക്ക് കൂടുതൽ വിവരങ്ങൾ അറിയാമായിരിക്കും.
അനൂപ് (ഡയറി തുറന്ന്): ഫങ്ഷൻ നടന്നെങ്കിൽ ക്യാമ്പസിൽ ഫോട്ടോസും വീഡിയോസും കാണുമല്ലോ? അവൻ വന്നോ ഇല്ലയോ എന്ന് അതൊന്ന് ചെക്ക് ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ. ഏത് സിസ്റ്റത്തിലാണ് ആ ഫോട്ടോസ് സേവ് ചെയ്തിരിക്കുന്നത്?
പ്രിൻസിപ്പൽ ഒരു നിമിഷം പരിഭ്രമത്തോടെ അനൂപിനെ നോക്കുന്നു. ഒരു പതർച്ച.
പ്രിൻസിപ്പൽ (പതർച്ച മറച്ചുവെക്കാൻ ശ്രമിച്ച്): സിസ്റ്റത്തിലില്ല സാർ… അത് വാഷ് ചെയ്യണം. ഡിജിറ്റൽ ക്യാമറയായിരുന്നില്ല. ഫിലിം ക്യാമറയായിരുന്നു. അന്നത്തെ ഫങ്ഷൻ അങ്ങനെയുള്ളതായിരുന്നു… 80’s റെട്രോ AI ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നല്ലോ…

അനൂപ് സംശയത്തോടെ പുരികമുയർത്തുന്നു.
INSERT FLASH CUTS:
● കോളേജ് വരാന്തകളിൽ പഴയ ബെൽബോട്ടം പാന്റുകളും വിന്റേജ് ഷർട്ടുകളും ധരിച്ച വിദ്യാർത്ഥികൾ.
● 80-കളിലെ ശൈലിയിലുള്ള ഫിലിം ക്യാമറകൾ.
● സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്ന സെലിബ്രിറ്റികളുടെ 80s റെട്രോ AI ചിത്രങ്ങൾ.

CUT TO:
സീൻ 4. INT. പ്രിൻസിപ്പൽ റൂം (കൗൺസിൽ മീറ്റിംഗ്) – പകൽ (ഫ്ലാഷ്ബാക്ക്)
ഹാളിൽ അധ്യാപകരുടെ മീറ്റിംഗ്. പ്രിൻസിപ്പൽ ആവേശത്തോടെ സംസാരിക്കുന്നു.
പ്രിൻസിപ്പൽ: എനിക്കൊരു ആശയം തോന്നുന്നു. എല്ലായിടത്തും 80-കളിലെ AI ചിത്രങ്ങളല്ലേ തരംഗം? നമുക്ക് കോളേജിൽ ആ കാലഘട്ടം പുനഃസൃഷ്ടിക്കാം. ‘80’s Retro Day’! അന്നേദിവസം എല്ലാവരും എൺപതുകളിലെ വസ്ത്രങ്ങൾ ധരിക്കണം. അന്നത്തെ ഭക്ഷണങ്ങൾ, ഗാഡ്ജറ്റുകൾ, കാസറ്റുകൾ… എല്ലാം കൊണ്ടുവരാം. നല്ലൊരു പബ്ലിസിറ്റിയാകും. ആരാണ് ഇതിന്റെ ചാർജ് ഏറ്റെടുക്കുന്നത്?
ഹിസ്റ്ററി HOD (ജോൺസൺ): ടീച്ചർ, ഒരാൾക്ക് മാത്രമായി ചാർജ് കൊടുക്കണ്ട. അഞ്ച് ഡിപ്പാർട്ട്മെന്റുകളെ ഉൾപ്പെടുത്തി ചെയ്യാം. 1980, 81, 82, 83, 84… ഇങ്ങനെ അഞ്ച് വർഷങ്ങൾ അഞ്ച് ഡിപ്പാർട്ട്മെന്റുകൾ ചെയ്യട്ടെ. കുന്നിൻമുകളിലെ കോളേജിന്റെ ഓരോ ഹെയർപിൻ വളവിലും കാലത്തിന്റെ ഓരോ സ്റ്റാളുകൾ!
പ്രിൻസിപ്പൽ: ഗ്രേറ്റ് ഐഡിയ! ഒടുവിൽ വൈകുന്നേരം എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ. അതിഥിയായി എൺപതുകളിലെ ഒരു പഴയ നടിയുടെ വേഷത്തിൽ ഒരാളെ നിർത്താം.

FAST CUT TO:
സീൻ 5. INT. ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് – പകൽ
ജോൺസൺ സാറിന്റെ മുഖത്തിന് നേരെ അനൂപിന്റെ തീക്ഷ്ണമായ നോട്ടം.
അനൂപ് : പറയൂ സാർ… ആ ഫങ്ഷന് അഭിമന്യു കോളേജിൽ വന്നിരുന്നോ?
ജോൺ സാർ ഒരു നിമിഷം കണ്ണുകൾ താഴ്ത്തുന്നു.

DISSOLVE TO:
സീൻ 6. EXT. കോളേജ് വളവുകൾ (1983 സ്റ്റാൾ) – രാത്രി (ഫ്ലാഷ്ബാക്ക്)
കുന്നിൻചെരിവിലെ വളവിൽ തെളിഞ്ഞ പെട്രോമാക്സ് വെളിച്ചം. 1983 എന്ന വലിയ ബോർഡിന് കീഴിൽ ഒരുക്കിയിരിക്കുന്ന സ്റ്റാൾ.
സ്റ്റാളിന് മുന്നിൽ കിടക്കുന്ന പട്ടികളെ ആട്ടിപ്പുറത്താക്കുന്നു.
റേഡിയോയിൽ നിന്ന് നേർത്ത ശബ്ദത്തിൽ കപിൽ ദേവിന്റെ 1983 വേൾഡ് കപ്പ് വിജയത്തിന്റെ വിന്റേജ് കമന്ററി ഒഴുകിവരുന്നു. ഒരു വിദ്യാർത്ഥി കുടുങ്ങിപ്പോയ ഓഡിയോ കാസറ്റ് നന്നാക്കാൻ ശ്രമിക്കുന്നു. ജോൺസൺ സാർ അത് വാങ്ങി പെൻസിലിന്റെ തുമ്പ് കൊണ്ട് സുഗമമായി തിരിച്ച് നേരെയാക്കുന്നു.
ജോൺസൺ സാർ :സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ ഭാഗമായി കുന്തിപ്പുഴയിലെ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുന്നത് 1983-ലല്ലേ? ആ സമരത്തിന്റെ ഒരു റഫറൻസ് ഇവിടെ കൊണ്ടുവരാം.
വിദ്യാർത്ഥി 1: അന്ന് നിലവിലുണ്ടായിരുന്ന രൂക്ഷമായ പവർകട്ട് കൂടി കാണിച്ചാലോ സാർ?
അശോക് സാർ: നമ്മുടെ എക്സിബിഷൻ പകൽ സമയത്തല്ലേ… നോക്കാം.
വിദ്യാർത്ഥി 2: (പഴയൊരു പത്രക്കെട്ടുമായി വന്ന്) സാർ, 1983-ലെ പ്രാദേശിക പത്രവാർത്തകൾ കൂടി ഡിസ്പ്ലേ ചെയ്യണോ? ഇവിടെ അടുത്തൊരു വലിയ മലയിടിച്ചിൽ നടന്നിരുന്നു. മരിച്ചവരുടെ ഫോട്ടോ സഹിതമുള്ള ഒന്നാം പേജ് വാർത്തയുണ്ട്.
ജോൺസൺ സാർ :തീർച്ചയായും! അതുകൂടി വെയ്ക്ക്, ആ കാലഘട്ടത്തിന്റെ ഒരു ലോക്കൽ റിയാലിറ്റി ഫീൽ കിട്ടും.

JUMP CUT TO:
സീൻ 7. INT. പ്രിൻസിപ്പൽ റൂം (കൗൺസിൽ മീറ്റിംഗ്) – പകൽ (ഫ്ലാഷ്ബാക്ക്)
അധ്യാപകർ ഒത്തുകൂടി നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നു. വേഗത്തിലുള്ള സംഭാഷണങ്ങൾ.
അധ്യാപകൻ 1 :1980-ൽ ഇറാൻ-ഇറാഖ് യുദ്ധം തുടങ്ങിയ വർഷമാണ്…
അധ്യാപകൻ 2: അതൊന്നും വേണ്ട, കേരളത്തിന്റെ ചരിത്രം മതി! ഗൾഫ് ബൂം തുടങ്ങിയ കാലം. പാനസോണിക് ടു-ഇൻ-വൺ കാസറ്റ് പ്ലെയർ, അക്കാലത്തെ വിദേശ പെർഫ്യൂമുകൾ, ടോർച്ച് ലൈറ്റ്, മർഫി റേഡിയോ, മണ്ണെണ്ണ വിളക്കുകൾ…
അധ്യാപകൻ 3 :മോഹൻലാലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസായ വർഷമാണ്! ആ പോസ്റ്റർ വെക്കണം!
അധ്യാപകൻ 4 :1981-ൽ ഇൻലൻഡ് ലെറ്ററുകൾ, റെമിംഗ്ടൺ ടൈപ്പ്റൈറ്ററുകൾ, ചേതക് സ്കൂട്ടർ, പഴയ ഹെർക്കുലീസ് സൈക്കിൾ…
അധ്യാപകൻ 5: 1982 ഏഷ്യൻ ഗെയിംസ്! ഇന്ത്യയിൽ കളർ ടിവി വന്ന കാലം. ‘അപ്പു’ ആനയുടെ വലിയ കട്ടൗട്ട് വേണം.
അധ്യാപകൻ 6: ടീച്ചർ, മറ്റൊരു കാര്യം. നമ്മുടെ മുഖ്യമന്ത്രി ഈ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ കൂടിയാണല്ലോ. 28-ന് അദ്ദേഹം അടുത്തൊരു പരിപാടിക്ക് വരുന്നുണ്ട്. നമുക്ക് അദ്ദേഹത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം! പഴയ കോസ്റ്റ്യൂമിൽ മുഖ്യമന്ത്രി കൂടി നിന്നാൽ സംഗതി സംസ്ഥാനതലത്തിൽ വൈറലാകും!
പ്രിൻസിപ്പലിന്റെ മുഖത്ത് വലിയൊരു ആവേശം വിരിയുന്നു.

WHITE OUT / DISSOLVE TO:
സീൻ 8. INT. പ്രിൻസിപ്പൽ റൂം – പകൽ (വർത്തമാനകാലം)
അതേ മുറി. എന്നാൽ എല്ലാവരുടെയും മുഖത്ത് കടുത്ത ഭീതിയും പിരിമുറുക്കവും. മുറിയിൽ ഘനീഭവിച്ച നിശബ്ദത.
അധ്യാപകൻ 1 :(പതുങ്ങിയ ശബ്ദത്തിൽ) ടീച്ചർ, ഇതിന്റെ പേരിൽ ആരും ഒറ്റയ്ക്ക് റിസ്ക് എടുക്കേണ്ടതില്ല. പോലീസിനോട് ആ പയ്യനെ കണ്ടിട്ടേയില്ലെന്ന് പറഞ്ഞാൽ മതി. നൂറു കണക്കിന് കുട്ടികൾക്കിടയിൽ ഒരാളെ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞാൽ ആരും കുറ്റം പറയില്ല.
പ്രിൻസിപ്പൽ (വിറയ്ക്കുന്ന വിരലുകളോടെ) പക്ഷേ പോലീസ് അന്ന് എടുത്ത ഫോട്ടോസ് ചോദിച്ചിട്ടുണ്ട്. ഒടുവിൽ എല്ലാവരെയും നിർത്തി എടുത്ത ആ ഗ്രൂപ്പ് ഫോട്ടോയിൽ അവൻ ഇല്ലല്ലോ… അത് പോലീസ് കണ്ടാൽ പ്രശ്നമാകില്ലേ?
അധ്യാപകൻ 2: ലാസ്റ്റ് ഫോട്ടോയിലും അവൻ ഉണ്ടായിരുന്നില്ലേ?!
പ്രിൻസിപ്പൽ നിസ്സഹായയായി തലതാഴ്ത്തുന്നു.

CUT TO:
സീൻ 9. INT. ക്ലാസ് റൂം – പകൽ (ഫ്ലാഷ്ബാക്ക്)
മലയാളം അധ്യാപകൻ ക്ലാസെടുക്കുന്നു. കസേരകളിൽ വിദ്യാർത്ഥികൾ. മുൻനിരയിൽ ശാന്തനായി അഭിമന്യു.
മലയാളം അധ്യാപകൻ (V.O) :ക്ലാസിൽ അവൻ വ്യത്യസ്തമായ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. ഫോക്ലോർ പഠിപ്പിക്കുമ്പോൾ ഒരിക്കൽ…
മലയാളം അധ്യാപകൻ: കാണിക്കാരുടെ പ്രധാന പരമ്പരാഗത ഭക്ഷണം എന്താണ്? പറയൂ?
ക്ലാസ് നിശബ്ദമാകുന്നു.
മലയാളം അധ്യാപകൻ (V.O) :
പാഠപുസ്തകത്തിൽ ഉള്ളത് കാണിക്കാരുടെ ഭക്ഷണം മുള്ളൻ പെരുച്ചാഴിയുടെ മാംസമാണ് എന്നാണ്. എലികളെ മാളങ്ങളിൽ നിന്ന് പുകയിട്ട് പിടിച്ച് കനലിൽ ചുട്ടെടുത്തു കഴിക്കും… എന്നാൽ അഭിമന്യു പറഞ്ഞത് അതല്ലായിരുന്നു.
അഭിമന്യു: (എഴുന്നേറ്റു നിന്ന്, സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട്) കന്റീനിലെ ചോറാണ് സാർ… കാണിക്കാരും ഇപ്പോൾ ചോറും ബിരിയാണിയുമൊക്കെ തന്നെയല്ലേ കഴിക്കുന്നത്? പിന്നെന്തിനാണ് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഒരൊറ്റ കാര്യം മാത്രം അവരുടെ ഐഡന്റിറ്റിയാക്കി ആവർത്തിക്കുന്നത്?
അധ്യാപകൻ നിശബ്ദനാകുന്നു.
മലയാളം അധ്യാപകൻ (V.O): അവൻ നല്ലവണ്ണം കവിത ചൊല്ലുമായിരുന്നു സാർ…
കോളേജിന്റെ ബാൽക്കണിയിലെ ദൃശ്യം കാണിക്കുന്നു: ചാരിനിന്ന്, വിദൂരതയിലേക്ക് നോക്കി അഭിമന്യു ചുണ്ടുകൾ ചലിപ്പിക്കുന്നു.
അഭിമന്യു: “ഫാത്തിമത്തുരുത്തിലൊന്നു പോകണം… രാത്രിവഞ്ചിയിൽ നിലാവ് കാണണം…”

CUT TO:
സീൻ 10. INT. സ്റ്റാഫ് റൂം – പകൽ (വർത്തമാനം)
ക്ലാസ് ട്യൂട്ടർ രേണുക ടീച്ചറോട് സംസാരിക്കുന്ന അനൂപ്.
രേണുക ടീച്ചർ: ഒരു വർഷം വൈകിയാണ് അവൻ ബിരുദത്തിന് ചേർന്നത് സാർ. കംപ്യൂട്ടർ സ്ക്രീനിൽ അവന്റെ ഫോട്ടോ അപ്ലോഡ് ചെയ്യാൻ പറ്റിയില്ലെന്ന് പറഞ്ഞ് അവൻ എന്റെയടുത്ത് വന്നിരുന്നു. എന്തോ സിസ്റ്റം എറർ കാരണം അക്ഷയ കേന്ദ്രത്തിൽ വെച്ച് അവന്റെ അപേക്ഷ തള്ളിപ്പോയി. ഒടുവിൽ ഞാനാണ് അത് ശരിയാക്കിക്കൊടുത്തത്. ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. നല്ലൊരു കുട്ടിയായിരുന്നു… പരിപാടിയുടെ അന്ന് അവനെ കണ്ടില്ല. പക്ഷേ തലേദിവസത്തെ നൈറ്റ് ട്രയൽ റണ്ണിൽ അവൻ ഉണ്ടായിരുന്നു.
അനൂപ് (ശ്രദ്ധയോടെ): ട്രയൽ റണ്ണോ?
രേണുക ടീച്ചർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയല്ലേ സാർ. തലേന്ന് രാത്രി എല്ലാവരും വേഷങ്ങൾ ധരിച്ച് റിഹേഴ്സൽ ചെയ്യണമായിരുന്നു.
അനൂപ് (കണ്ണുകളിലേക്ക് ഉറ്റുനോക്കി):അപ്പോൾ… ആ ട്രയൽ റണ്ണിൽ നിന്നല്ലേ നിങ്ങൾ അവനെ ഇറക്കിവിട്ടത്?
രേണുക ടീച്ചറുടെ മുഖത്തെ രക്തം വറ്റുന്നു. കണ്ണുകളിൽ ഭീതി.
അനൂപ് :ഞങ്ങൾ കുട്ടികളോട് സംസാരിച്ചിരുന്നു ടീച്ചർ.
രേണുക ടീച്ചർ (വിറയലോടെ): അത്… പുറത്താക്കിയതല്ല സാർ…

FLASH CUT: EXT. കോളേജ് കോമ്പൗണ്ട് – രാത്രി വർണ്ണവെളിച്ചങ്ങൾക്ക് നടുവിൽ എല്ലാവരും 80-കളിലെ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്നു. ഒരു സാധാരണ ജീൻസും പഴയ ടീഷർട്ടും ധരിച്ച് ഒരു മൂലയിൽ പരുങ്ങിനിൽക്കുന്ന അഭിമന്യു. പ്രിൻസിപ്പൽ അവന്റെ മുന്നിലേക്ക് രോഷത്തോടെ നടന്നെത്തുന്നു.
പ്രിൻസിപ്പൽ (ക്രോധത്തോടെ, വിരൽചൂണ്ടി) എത്ര പ്രാവശ്യം നിന്നോട് പറഞ്ഞിട്ടുണ്ട് തീം കോസ്റ്റ്യൂമിൽ മാത്രമേ നിൽക്കാവൂ എന്ന്?! ഡ്രസ്സ് മാറാൻ പറ്റില്ലെങ്കിൽ ഇറങ്ങിപ്പോ! പോയി വേഷം മാറിയിട്ട് വാ!
അഭിമന്യുവിന്റെ അപമാനിതമായ മുഖം. അവൻ തലതാഴ്ത്തി ഇരുട്ടിലേക്ക് നടന്നുപോകുന്നു.

BACK TO SCENE:
അനൂപ് : അഭിമന്യുവിന്റെ ഐഡി കാർഡും ബാഗും നിങ്ങൾ ഉണ്ടാക്കിയ ആ 1983 സ്റ്റാളിന് താഴെയുള്ള പഴയ ജലസംഭരണിയുടെ അരികിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് ടീച്ചർ!
INSERT FLASH CUTS:
● ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇരുണ്ട ആഴമുള്ള ജലസംഭരണിയിലേക്ക് ഇറങ്ങുന്നു.
● കരിനിഴൽ വീണ ആഴങ്ങളിൽ നിന്ന് ചെളിപുരണ്ട ഒരു സ്കൂൾ ബാഗും പുസ്തകങ്ങളും അവർ ഉയർത്തിയെടുക്കുന്നു.
● ‘ഫാത്തിമത്തുരുത്ത്’ എന്ന കവിതാ പുസ്തകവും ഐഡി കാർഡും കരയിൽ നിന്നും തന്നെ കിട്ടുന്നു.
അനൂപ് (ശബ്ദം കടുപ്പിച്ച്): കോളേജ് അധികൃതർ ഇതിന് ഉത്തരം പറയേണ്ടി വരും.

CUT TO:
INT. ഡാർക്ക് റൂം – പകൽ
ഫോട്ടോഗ്രാഫർ ഫിലിം നെഗറ്റീവുകൾ കെമിക്കൽ ലായനിയിൽ കഴുകി വെളിച്ചത്തിലേക്ക് ഉയർത്തിപ്പിടിക്കുന്നു. ( ജലസംഭരണിയിൽ നിന്നും ബാഗ് പൊങ്ങി വരുന്നതും ലായനിയിൽ നിന്നും ഫോട്ടോ പൊങ്ങി വരുന്നതും തൊട്ടടുത്തായിട്ടാണ് കാണിക്കുന്നത് )ചിത്രങ്ങളൊന്നും തെളിഞ്ഞിട്ടില്ല. വെറും ഓറഞ്ചും കടുംചുവപ്പും കലർന്ന പുകപടലങ്ങൾ മാത്രം. ഫിലിം പൂർണ്ണമായും പ്രകാശം കയറി നശിച്ചിരിക്കുന്നു
അധ്യാപകൻ 1 (V.O): 80-കളിലെ പഴയ ക്യാമറ തന്നെ വേണമെന്ന് ടീച്ചർ വാശിപിടിച്ചതല്ലേ…
അധ്യാപകൻ 2 (V.O) :റബ്ബർ സീൽ പൊടിഞ്ഞുപോയതാ… വെളിച്ചം അടിച്ചുകയറി.
അധ്യാപകൻ 3 (V. O ) :(ആശ്വാസത്തോടെയുള്ള അടക്കംപറച്ചിൽ) അതെന്തായാലും നന്നായി… ആ പയ്യൻ അന്ന് അവിടെ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ഇനി ആർക്കും കണ്ടുപിടിക്കാൻ പറ്റില്ലല്ലോ!

CUT TO:
സീൻ 11. EXT. കുന്നിൻചെരിവ് – പകൽ
ചെങ്കുത്തായ മലയിടുക്ക്. താഴെ കൊടുംവനവും പാറക്കെട്ടുകളും. പോലീസും റെസ്ക്യൂ ടീമും റോപ്പുകൾ ഉപയോഗിച്ച് താഴ്വരയിലേക്ക് തിരച്ചിൽ നടത്തുന്നു.
അനൂപ് കൊക്കയുടെ വക്കിൽ നിന്ന് താഴേക്ക് നോക്കുന്നു.
അനൂപ് (തന്റെ കൂടെയുള്ള ജൂനിയർ ഓഫീസറോട്):അപമാനിക്കപ്പെട്ട് പുറത്താക്കപ്പെട്ട കുട്ടി രാത്രിയിലെപ്പോഴോ നടന്നുപോയതാണ്. ചെങ്കുത്തായ ഈ കൊക്കയിലേക്ക് വീണിരിക്കാം… പക്ഷേ മരണം ഉറപ്പിക്കണമെങ്കിൽ ബോഡി കിട്ടണം.
ജൂനിയർ പോലീസ് ഓഫീസർ :സാർ, അഭിമന്യുവിന് വളരെ അടുത്ത ഒരു സുഹൃത്തുണ്ട്. റൈഹാന. അവൾക്ക് കാഴ്ചശക്തിയില്ല.
ദൂരെയുള്ള മലനിരകളിലേക്ക് നോക്കിനിൽക്കുന്ന അനൂപിന്റെ മനസ്സിൽ അഭിമന്യുവിന്റെ കവിത ഒരു നേർത്ത സംഗീതം പോലെ മുഴങ്ങുന്നു.

DISSOLVE TO:
സീൻ 12. INT. കോളേജ് വരാന്ത / ലൈബ്രറി കോർണർ – പകൽ
അനൂപ് റൈഹാനയുടെ മുന്നിലിരിക്കുന്നു.
റൈഹാന (ശാന്തമായ മുഖം, കാഴ്ചയില്ല.. നേർത്ത വിതുമ്പലോടെ): അഭി എന്റെ ഫ്രണ്ടാണ് സാർ… ഞങ്ങൾ ദിവസവും കാണുമായിരുന്നു. കാണുക എന്ന് പറഞ്ഞാൽ… ഞങ്ങൾ പരസ്പരം തൊട്ടറിയുമായിരുന്നു. അവന്റെ ഗന്ധം കൊണ്ട് ഞാനവനെ തിരിച്ചറിയുമായിരുന്നു. എപ്പോഴും ഒരുമിച്ച് നടന്നതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങൾക്കെതിരെ സംസാരങ്ങൾ വന്നു… വിലക്കുകൾ വന്നു. പിന്നെപ്പിന്നെ ഞങ്ങൾ കോളേജിനകത്തെ ആ ഓക്സിജൻ പാർക്കിൽ വെച്ച് എല്ലാ വെള്ളിയാഴ്ചയും മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ.

INSERT CUT: ഓക്സിജൻ പാർക്കിലെ മരപ്പൊത്തിൽ നിന്ന് ചെറിയൊരു വിക്സ് ടിൻ കൈയിലെടുത്ത് തുറന്ന്, അതിന്റെ ഗന്ധം കണ്ണടച്ച് ആസ്വദിക്കുന്ന റൈഹാന.
റൈഹാന: അവന് വരാൻ പറ്റാത്ത വെള്ളിയാഴ്ചകളിലും അവൻ എന്തെങ്കിലും ഒരു സുഗന്ധം അവിടെ ബാക്കിവെക്കുമായിരുന്നു… മണ്ണിന്റെയും മനുഷ്യരുടെയും കാട്ടുപൂക്കളുടെയും മണം വാറ്റി സൂക്ഷിക്കാൻ അവനറിയാമായിരുന്നു. ചെറിയ ടിന്നുകളിലാക്കി അവൻ അത് ഒളിപ്പിച്ചുവെക്കും.
അനൂപ് :28-ന് ശേഷം നിങ്ങൾ കണ്ടിരുന്നോ? അന്ന് എന്താണ് സംഭവിച്ചതെന്ന് നിനക്കറിയാമോ?
റൈഹാന: എനിക്കറിയില്ല സാർ. പക്ഷേ അവൻ എന്നോട് പറയാതെ എവിടെയും പോകില്ല… നാളെ വെള്ളിയാഴ്ചയാണ്, അവൻ എന്നെ കാണാൻ വരും. അവന്റെ ബാഗിൽ നിന്ന് എന്തൊക്കെയാ സാർ കിട്ടിയത്?
അനൂപ് മേശപ്പുറത്തേക്ക് ആ ബാഗിൽ നിന്ന് കിട്ടിയ ഐഡി കാർഡും ‘ഫാത്തിമത്തുരുത്ത്’ എന്ന പുസ്തകവും എടുത്തു വെക്കുന്നു. റൈഹാന വിറയ്ക്കുന്ന വിരലുകളോടെ ആ പുസ്തകം തൊടുന്നു. പുസ്തകത്തിന്റെ താളുകളിൽ സൂചിമുനകൾ കൊണ്ട് തുളച്ചുണ്ടാക്കിയ ബ്രെയിൽ ലിപികൾ (Braille punctures). അവളുടെ വിരലുകൾ.. ആ കുത്തുകളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്നു.
പെട്ടെന്ന് അവളുടെ മുഖഭാവം മാറുന്നു. ശരീരം വിറയ്ക്കുന്നു. ശ്വാസം നിലയ്ക്കുന്നതുപോലെ അവൾ വാ പൊത്തുന്നു.
അവൾ സംസാരിക്കുമ്പോൾ, അവളുടെ ആന്തരിക കാഴ്ചകളും ഓർമ്മകളും ശബ്ദങ്ങളും സ്ക്രീനിലേക്ക് ഇരച്ചുകയറുന്നു.
റൈഹാന: ഒരു മലമടക്കിലായിരുന്നു അഭിയുടെ അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചിരുന്നത് സാർ…

CUT TO:
INSERT – EXT. മലമടക്ക് – പകൽ (1983 – അൺഫോക്കസ്ഡ് / പഴയ ഫൂട്ടേജ് മൂഡ്) മൂടൽമഞ്ഞും തണുപ്പുമുള്ള ഒരു മലഞ്ചെരിവ്. പച്ചപ്പിന് നടുവിൽ ഓലയും തടിയും കൊണ്ടുള്ള ഒരു ചെറിയ കുടിൽ. കുടിലിന്റെ മുന്നിൽ വയോധികനായ ഒരാൾ പുകയുന്ന തീക്കനലിലേക്ക് ഊതുന്നു.
റൈഹാന (V.O): 1983-ലെ മണ്ണിടിച്ചിലിൽ അവരുടെ കുടിൽ പൂർണ്ണമായി മണ്ണിനടിയിലായി…
SOUND FX: ഇടിവെട്ടുന്നതുപോലെ മലയിടിഞ്ഞു വീഴുന്ന ഭീകരമായ ഇരമ്പൽ. ചുവന്ന ചെളിമണ്ണും കല്ലുകളും മരങ്ങളും കുത്തിയൊലിച്ച് വന്ന് ആ കുടിലിനെ പൂർണ്ണമായി മൂടുന്ന ഒരു നിമിഷാർദ്ധം.
പത്രവാർത്തകൾ… (അതാണ് 1983-ലെ സ്റ്റാളിൽ വച്ചിരിക്കുന്നത് )

CUT TO:
INSERT – INT. ദുരിതാശ്വാസ ക്യാമ്പ് – രാത്രി (1983) ഒരു സ്കൂൾ വരാന്ത. പെട്രോമാക്സ് വെളിച്ചത്തിന്റെ അരണ്ട മഞ്ഞനിറം. നനഞ്ഞ തുണികളുമായി മൂലകളിൽ പതുങ്ങിയിരിക്കുന്ന മനുഷ്യർ. ആ ആൾക്കൂട്ടത്തിനിടയിലൂടെ, ഒരു യുവാവും യുവതിയും (അഭിയുടെ അച്ഛനും അമ്മയും – ചെറുപ്പത്തിൽ) തണുപ്പിൽ വിറച്ച് പരസ്പരം കണ്ണുകളിൽ നോക്കുന്നു. ഒരു നിമിഷത്തെ നിശബ്ദമായ സാന്ത്വനം.
റൈഹാന (V.O):ക്യാമ്പിൽ വെച്ചാണ് അവന്റെ അച്ഛനും അമ്മയും കണ്ടുമുട്ടിയത്…

CUT TO:
INSERT – EXT. കായൽത്തീരം – സന്ധ്യ ശാന്തമായ കായൽപരപ്പ്. ഓളങ്ങൾ തട്ടുന്ന തീരത്ത് കൈതക്കാടുകൾക്ക് നടുവിൽ പച്ചക്കുറ്റി നാട്ടി കെട്ടിയ മറ്റൊരു കൊച്ചുവീട്.
റൈഹാന (V.O): അവർക്ക് പിന്നീട് ഒരു കായൽത്തീരത്താണ് കുടിൽ കെട്ടാൻ സ്ഥലം കിട്ടിയത്…

CUT TO:
INSERT – EXT. കായൽത്തീരം – രാത്രി (2018 പ്രളയം) PITCH BLACK & RAIN. കണ്ണടച്ചുതുറക്കുന്ന ഇടിമിന്നലിന്റെ വെളിച്ചം മാത്രം. ആർത്തിരമ്പുന്ന മലവെള്ളം. കുടിലിന്റെ മേൽക്കൂരയോളം ഉയർന്ന കലങ്ങിയ കറുത്ത വെള്ളം. കുടിൽ ഒലിച്ചുപോകുന്നു.
റൈഹാന (V.O):2018-ലെ പ്രളയത്തിൽ, ഒരു രാത്രികൊണ്ട് അവരുടെ കുടിൽ വീണ്ടും വെള്ളത്തിനടിയിലായി…
FLASH OF LIGHTNING: മിന്നൽവെളിച്ചത്തിൽ ഒരു ഛായ മാത്രം തെളിയുന്നു—പതിനേഴോ പതിനെട്ടോ വയസ്സുള്ള അഭിമന്യു, മരണവെപ്രാളത്തോടെ ഒരു വള്ളത്തടിക്കഷണത്തിൽ കൈകൾ മുറുക്കിപ്പിടിച്ച് ആ കറുത്ത ജലപ്പരപ്പിലൂടെ ഒഴുകിപ്പോകുന്നു. അവന്റെ കണ്ണുകളിൽ ഭ്രാന്തമായ ഭയം. മുഖത്തേക്ക് ശക്തിയായി ആഞ്ഞടിക്കുന്ന മഴവെള്ളം. അവൻ ശ്വാസത്തിനായി വായ തുറക്കുന്നു.
SOUND FX: വെള്ളത്തിന്റെ ഭീകരമായ ഇരമ്പൽ പെട്ടെന്ന് നിലച്ച്, ഒരു ശ്വാസംമുട്ടലിന്റെ നേർത്ത ശബ്ദം (Suffocating Gasp) മാത്രമായി മാറുന്നു.
റൈഹാന (V.O): രാത്രി മുഴുവൻ കൂരിരുട്ടിൽ ഒരു വള്ളത്തടിയിൽ കിടന്നാണ് അവൻ രക്ഷപ്പെട്ടത്…

BACK TO SCENE:
CLOSE UP ON: റൈഹാനയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഇറ്റിറ്റുവീഴുന്നു. അവളുടെ വിരലുകൾ ആ ബ്രെയിൽ പുസ്തകത്തിന്റെ ചട്ടയിൽ മുറുകുന്നു.
റൈഹാന (ശബ്ദം തളർന്ന്, ചുണ്ടുകൾ വിറച്ച്) അന്നുമുതൽ ഇരുട്ടും ആ പഴയ ദുരന്തങ്ങളും അവന് വെറുമൊരു പേടിയല്ലായിരുന്നു സാർ… വലിയ ട്രോമയായിരുന്നു! ഇതൊക്കെ… അവൻ എന്നോട് നേരത്തെ പറഞ്ഞിട്ടുള്ളതാണ് സാർ…
അനൂപ് ശ്വാസമടക്കിപ്പിടിച്ച്, നിശ്ചലനായി അവളെത്തന്നെ നോക്കിനിൽക്കുന്നു.ബ്രയിൻ ലിപിയിൽ വിരലോടിക്കുന്നു..
റൈഹാന (തറയിലേക്ക് തളർന്നിരുന്നുകൊണ്ട്, കണ്ണീരോടെ): 1983-ലെ ആ സ്റ്റാളിൽ… അവരുടെ കുടുംബത്തെ ഇല്ലാതാക്കിയ ആ മണ്ണിടിച്ചിലിന്റെ ഫോട്ടോകളും പത്രവാർത്തകളും കണ്ടപ്പോൾ… പെട്ടെന്ന് പവർകട്ട് വന്ന് ഇരുട്ടായപ്പോൾ… ഈ ചരിത്ര പ്രദർശനമാണ് സാർ അവനെ….
അവൾ മുഖംപൊത്തി കരയുന്നു. അനൂപിന് വാക്കുകളില്ലാതാകുന്നു.
റൈഹാന (അടക്കിയ ശബ്ദത്തിൽ, എന്നാൽ ഭ്രാന്തമായി): ഇല്ല…നാളെ വെള്ളി… അവൻ എന്നെ കാണാൻ വരും…

FADE OUT.
സീൻ 13. EXT. ഓക്സിജൻ പാർക്ക് – പകൽ
കറുപ്പ് (PITCH BLACK).
സീൻ 1-ലെ അതേ അന്ധകാരം. ടക്… ടക്… ടക്… വൈറ്റ് കെയ്ൻ കോൺക്രീറ്റിൽ തട്ടുന്ന ശബ്ദം. റൈഹാന ഇരുട്ടിലൂടെ നടന്നുനീങ്ങുന്നു.
കാറ്റിന്റെ നേർത്ത മൂളൽ. മുല്ലപ്പൂവിന്റെ സുഗന്ധം വായുവിൽ അലിയുന്നു.
റൈഹാന (പുഞ്ചിരിയോടെ, ശാന്തമായ ശബ്ദത്തിൽ): മണ്ണിന്റെയും നിന്റെയും മണം എനിക്ക് കിട്ടുന്നുണ്ട് അഭി… എനിക്ക് നിന്നെ കാണാൻ കഴിയുന്നുണ്ട്. തൊടാനും. ഫോട്ടോകളിൽ കാണാൻ പറ്റുന്നത് മാത്രമേ ഈ ലോകത്തുള്ളൂ എന്ന് വിചാരിക്കുന്നവർക്ക് നിന്നെ ഒരിക്കലും കാണാൻ കഴിയില്ല… അതിൽ കാര്യവുമില്ല.
അന്ധകാരത്തിൽ നിന്ന് പതുക്കെ പശ്ചാത്തല സംഗീതം ഉണരുന്നു.

DISSOLVE TO:
സീൻ 14. EXT. കുന്നിൻമുകൾ – രാത്രി
മൂടൽമഞ്ഞും അരണ്ട നിലാവും പടർന്ന കുന്നിൻമുകൾ. താഴെ അഗാധമായ കൊക്കയിലേക്ക് നോക്കി തനിച്ചുനിൽക്കുന്ന എസ്.ഐ അനൂപ്.
അയാൾ തന്റെ പോക്കറ്റിൽ നിന്ന് റൈഹാന പറഞ്ഞതുപോലെയുള്ള ആ ചെറിയ വിക്സിന്റെ ടിൻ പുറത്തെടുക്കുന്നു. അതു ആദ്യം ഭാര്യ കൊടുത്തതുമാകാം.അതിന്റെ അടപ്പ് തുറന്ന് അയാൾ കണ്ണുകളടച്ച് മൂക്കിലേക്ക് അടുപ്പിക്കുന്നു.
ആകാശത്തുനിന്ന് പതുക്കെ കവിതയുടെ ഈണം ആ താഴ് വരയെ മൂടുന്നു:
അഭിമന്യുവിന്റെ ശബ്ദം (V.O) “ഫാത്തിമത്തുരുത്തിലൊന്നു പോകണം രാത്രിവഞ്ചിയിൽ നിലാവ് കാണണം… പൂക്കളോട് പൂക്കളെ തിരക്കണം രാക്കിളിക്ക് കൂട്ടു പാട്ടു പാടണം… കായലിൽ കിനാവു കണ്ടു പായുമാ പായൽ മാലയിട്ട കൊപ്ലിമീനിനെ പൂനിലാവലവിരിച്ചിണക്കുവാൻ ഫാത്തിമത്തുരുത്തിലൊന്നു പോകണം…”
ക്യാമറ അനൂപിൽ നിന്ന് പതുക്കെ ആകാശത്തേക്ക്, നിലാവിൽ കുളിച്ചുനിൽക്കുന്ന കുന്നിൻനിരകളിലേക്ക് ഉയരുന്നു.
FADE OUT.
കവിതയുടെ ബാക്കി ഭാഗം കേൾക്കുമ്പോൾ രാത്രിയിൽ അരണ്ട വെളിച്ചത്തിൽ,നിലാവത്ത് കായലിലൂടെ ഒരു വള്ളത്തിൽ അകലെ കാണുന്ന ഒരു ദ്വീപിലേക്ക് തുഴഞ്ഞു പോകുന്ന രണ്ടു പേരുടെ ( ആൺകുട്ടിയും പെൺകുട്ടിയും) പിന്നിൽ നിന്നുമുള്ള അവ്യക്ത ചിത്രം.. ഷോർട്ട് ഫിലിമിൻ്റെ വിവരങ്ങൾ എഴുതി കാണിക്കുന്നു
അഭിമന്യുവിന്റെ ശബ്ദം (V.O):
…..നൂറു നൂറു പ്രാണികൾ വസിക്കുമാ സ്നേഹ രാജ്യമൊന്നടുത്തു കാണണം…
പൂച്ചകൾ അനാഥരായ നായകൾ കാത്തിരിക്കും ഈർപ്പമുള്ള പൊന്തയിൽ രാത്രി മഞ്ഞു മാക്സിയിൽ വിറയ്ക്കുമ്പോൾ ഫാത്തിമ തുരുത്തിലൊന്നു പോകണം
വേനലിന്റെ മുഷ്ടിയിൽ കയ്യോന്നികൾ പാനശീലവും ത്യജിച്ചുറങ്ങുമ്പോൾ
കാട്ടുമുല്ല വേരുണങ്ങി വീഴുമ്പോൾ
ഫാത്തിമ തുരുത്തിലൊന്നു പോകണം ഭൂമിയെ പുണർന്ന കുഞ്ഞു പുല്ലുകൾ പൂവണിഞ്ഞു തേനുറഞ്ഞു നിൽക്കുമ്പോൾ പ്രാണനിൽ മുഖം പതിച്ച വേവുമായ് ഭാവന തുരുത്തിലൊന്നു പോകണം…..

കവർ: ജ്യോതിസ് പരവൂർ

+ posts

മലയാളം പ്രൊഫസർ, നെടുമങ്ങാട് ഗവ. കോളേജ്.