‘പൂച്ചകളുടെ തീവണ്ടി’ എന്ന കഥാസമാഹാരത്തെക്കുറിച്ച് എം. നന്ദകുമാറുമായി മുരളി മീങ്ങോത്ത് നടത്തുന്ന അഭിമുഖം.
അഭിമുഖത്തിന്റെ ലിഖിത രൂപം താഴെ വായിക്കാം :
ചോദ്യം: മലയാള സാഹിത്യത്തിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ശക്തമായ സാഹിത്യശാഖയാണ് ചെറുകഥ. ഈയിടെയായി വളരെ നല്ല കഥകൾ ഉണ്ടാകുന്നുണ്ട്. ചെറുകഥയുടെ അത്ഭുതലോകത്തിലേക്ക് എങ്ങിനെയാണ് എത്തിച്ചേർന്നത്?
ഉത്തരം: കുട്ടിക്കാലത്തു കഥ പറഞ്ഞു തന്നിരുന്ന മുതിർന്നവർ, അദ്ധ്യാപകർ, ഞങ്ങളുടെ ഗ്രാമത്തിലുള്ള വായനശാലയിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്ന കൂട്ടുകാർ, അങ്ങിനെയൊക്കെയാകാം ഞാൻ കഥകളുടെ ലോകത്തിലേക്ക് എത്തിപ്പെടുന്നത്. തുടക്കത്തിൽത്തന്നെ ലോകവും സംഭവങ്ങളും അനുഭവങ്ങളും പരിചയപ്പെടുന്ന ആളുകളും കഥകളുടെ രൂപത്തിലായിരിക്കണം എന്റെ മനസ് ആഗിരണം ചെയ്തിട്ടുണ്ടാവുക. ഇപ്പോഴും മിക്കവാറും അത് അങ്ങിനെയൊക്കെത്തന്നെയാണ്. ജീവിതാനുഭവങ്ങളായാലും കണ്ടുമുട്ടുന്ന മനുഷ്യരാണെങ്കിലും കാണുന്നതും കേൾക്കുന്നതുമായ ദൈനംദിന സംഭവങ്ങളായാലും അതൊക്കെ ഒരു കഥയുടെ രൂപഭാവങ്ങളിലാണ് എനിക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുക. യാഥാർത്ഥ്യം, വസ്തുത എന്നൊക്കെ നമ്മൾ പറയുന്ന യുക്തിനിഷ്ഠമായുള്ള മനസ്സിലാക്കലിനേക്കാൾ ഉപരിയായി കഥയുടെ ചുരുൾനിവരൽ എന്ന രീതിയിലാകണം ഞാൻ കാര്യങ്ങളെ ഗ്രഹിക്കുന്നത്. അതിനാൽത്തന്നെ ലോകം ഇനിയും പറയപ്പെടാൻ കാത്തിരിക്കുന്ന ഏതോ കഥയാണ് എന്ന ഒരു തോന്നൽ എല്ലായ്പോഴും ഉള്ളിലുണ്ടാകും. അപ്രകാരവും വായനകളുടെ ഭാഗമായും കഥയിലേക്ക് എത്തിപ്പെട്ടു എന്ന് പറയാം. എനിക്ക് കൂടുതൽ വഴങ്ങുന്ന മാധ്യമം എന്ന സാധ്യത കൊണ്ടാണ് ഞാൻ കഥകൾ എഴുതാൻ ശ്രമിക്കുന്നത്.
ചോദ്യം: ‘പൂച്ചകളുടെ തീവണ്ടി’ എന്ന സമാഹാരത്തിലെ കഥകളുടെ ഒരു പൊതുസ്വഭാവം തീക്ഷ്ണമായ ബിംബങ്ങളുടെ ആവിഷ്കാരമാണ്. ഓരോ കഥകളിലും ഇത്തരത്തിലുള്ള ബിംബസന്നിവേശം നമുക്ക് കാണാം. പൂച്ചകളുടെ തീവണ്ടി എന്നൊരു രൂപകം നമ്മുടെ സാധാരണ ആലോചനകൾക്ക് അപ്പുറമാണ്. അതേപോലെ ‘ഈഴച്ചെമ്പകത്തിന്റെ ഗന്ധം’ എന്ന കഥയിലെ ഗന്ധബിംബങ്ങളുടെ സമൃദ്ധി. ഇത്തരം രൂപകങ്ങളും കല്പനാബിംബങ്ങളും സ്വാഭാവികമായി വരുന്നതാണോ? അതോ അതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം കഥാകാരന്റെ ആലോചനയിൽ ഉണ്ടോ?
ഉത്തരം: ഒരു കഥാകൃത്താണെങ്കിലും കവിയാണെകിലും ആഖ്യാനത്തിൽ എഴുത്തുകാർ പൊതുവെ ശ്രമിക്കുന്നത് പുതിയ രൂപകങ്ങൾ സൃഷ്ടിക്കാനാണ് എന്ന് തോന്നിയിട്ടുണ്ട്. ഇത് ബോധപൂർവമായ ഒരു പ്രക്രിയയാണോ എന്ന് ചോദിച്ചാൽ പരിപൂർണമായും അപ്രകാരമാണെന്നു പറയാൻ സാധിക്കില്ല. ഒരു കഥ എഴുതുന്നതിനു മുമ്പ് തീർച്ചയായും ചില തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. കഥയുടെ ഉള്ളടക്കത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമുള്ള ആലോചനകൾ, ഭാഷാരീതി, പദനിർമ്മാണം എന്നിവയെക്കുറിച്ചൊക്കെയുള്ള മനനം എഴുത്തിനു മുൻപേ സംഭവിക്കുന്നുണ്ട്. അങ്ങിനെയൊരു തയ്യാറെടുപ്പില്ലാതെ അങ്ങേയറ്റം സ്വാഭാവികമായി പൊടുന്നനെ (spontaneous) എഴുത്ത് തുടങ്ങാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഇപ്പറഞ്ഞ മുന്നൊരുക്കങ്ങൾ നിലനിൽക്കുമ്പോഴും കഥ എഴുതുന്ന സന്ദർഭങ്ങളിൽ എഴുതുന്നയാൾ പ്രതീക്ഷിക്കാത്ത പുതിയ ബിംബങ്ങളും ആശയങ്ങളും ആലോചനകളും – വാക്കുകളും വാക്യഘടനകളും വരെ – കഥയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരും. അത് യുക്തിയുടേയോ മുൻകൂട്ടിയുള്ള ചില തീരുമാനങ്ങളുടെയോ ഭാഗമായി സംഭവിക്കുന്നതല്ല. അതാണ് യഥാർത്ഥത്തിൽ സർഗ്ഗപ്രക്രിയയിലുള്ള ആനന്ദവും അത്ഭുതവും. എഴുത്തിൽ എന്റെ അനുഭവം അപ്രകാരമാണ്. രൂപകങ്ങളുടെ നിർമ്മിതി കലയുടെ ഒരു ലക്ഷ്യമായിരിക്കുമ്പോഴും എല്ലായ്പ്പോഴും അത് ബോധപൂർവം സംഭവിക്കണം എന്ന യാതൊരു .നിർബന്ധവുമില്ല. ഇത് അതിനെ പോലെയാണ് എന്ന് നമ്മൾ ഉപമയിൽ പറയുമ്പോൾ രൂപകത്തിന് ‘പോലെ’ ബാധകമല്ല. മറിച്ച് അതും ഇതും ഒന്നുതന്നെ എന്ന വ്യത്യാസമില്ലാത്ത ചിന്തയാണ് രൂപകം. ഭേദമില്ലാതെ ഈ അവസ്ഥയെ- ഭാവന അനുഭവമാകുന്ന metaphor – എത്രത്തോളം ആർജ്ജവത്തോടെ എഴുത്തിൽ കൊണ്ടുവരുവാൻ സാധിക്കും? അതനുസരിച്ചിരിക്കും ഒരു കഥയുടേയോ കവിതയുടേയോ സംവേദനശക്തി.

ചോദ്യം: ബന്ധങ്ങളുടെ ശിഥിലത ഇതിലെ പല കഥകളിലും കാണാം. ആദ്യകഥയായ ‘ആഞ്ഞിലിമരത്തിലെ വവ്വാലുകൾ’ ഗൃഹാതുരത്വങ്ങളുടെ കഥയാണെന്ന് നമുക്ക് തോന്നുമെങ്കിലും പിന്നീട് അച്ചുവിന്റെയും ശോഭയുടെയും രേവതിയുടെയും ബന്ധങ്ങളിലെ സങ്കീർണ്ണത വ്യക്തമാകുമ്പോഴാണ് നമ്മൾ കഥയുടെ ത്രീവ്രതയിലേക്കു കടക്കുന്നത്. അതേപോലെ ‘പൂച്ചകളുടെ തീവണ്ടി’ യിൽ ദിനകരന്റെയും രേവതിയുടെയും ദാമ്പത്യത്തിലെ പൊരുത്തമില്ലായ്മകൾ. ‘എക്സ് എന്ന ശത്രു എത്തുന്ന നേരം’ എന്ന രചനയിലും ഇങ്ങനെയൊരു സന്ദർഭമാണുള്ളത്. വീടിനകത്ത് അരങ്ങേറുന്ന പൊരുത്തക്കേടുകൾ ഈ കഥകളിൽ അങ്ങേയറ്റം പ്രബലമാണ്. അതെങ്ങിനെ സംഭവിക്കുന്നു?
ഉത്തരം: ഇപ്പോൾ പറഞ്ഞ മൂന്ന് കഥകളിലും പ്രധാനമായിട്ടുള്ള പശ്ചാത്തലഘടകം കുടുംബമാണ്. അച്ഛൻ, അമ്മ, കുട്ടി എന്ന അംഗങ്ങളുടെ സംഘാതമാണ് അവയുടെ കഥാപരിസരം. ഇപ്പറഞ്ഞ ബന്ധങ്ങൾ തീരുമാനിക്കുന്നതിൽ ഒരുപാട് അന്യഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നമുക്കറിയാം. ഓരോ മനുഷ്യനും പിറന്നുവീഴുന്ന കാലഘട്ടം, ചരിത്രസന്ദർഭം, അപ്പോഴത്തെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായിട്ടുള്ള ചേരുവകൾ – അവയൊക്കെ ഈ ബന്ധങ്ങളെ സ്വാധീനിക്കുകയും ചെയ്യും. ആ ചട്ടക്കൂടിനകത്താണ് നമ്മൾ സ്നേഹം, അകലം, വിരോധം, വെറുപ്പ് എന്നൊക്കെ ബന്ധവൈചിത്ര്യങ്ങളെ പേരിട്ടു വിളിക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നത്. എല്ലാ ചാർച്ചകളിലും അധികാരപ്രയോഗത്തിന്റെ അംശങ്ങളുണ്ട്. ലിംഗവൈജാത്യം, ജാതി, സമൂഹത്തിലെ സ്ഥാനം, ധനസ്ഥിതി എന്നിങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുടെ ശ്രേണീബന്ധം മനുഷ്യർക്കിടയിൽ നിരന്തരം വടംവലികൾ സൃഷ്ടിക്കുന്നതാണ് അനുഭവം. ഇതിനെയൊക്കെ അതിജീവിച്ചു സ്നേഹത്തിന്റെ മണ്ഡലത്തിൽ എത്തിപ്പെടാനാണ് പ്രേമമാണെങ്കിലും വൈവാഹികബന്ധമാണെങ്കിലും മറ്റു സാമൂഹിക സങ്കലനങ്ങൾ ആണെങ്കിലും ഇടപഴകലുകളിലൂടെ നമ്മൾ സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അധികാരത്തിന്റേതായ അംശം മിക്കവാറും കുറവായിട്ടുള്ളത് സൗഹൃദങ്ങളിലാണെന്നു കാണാൻ കഴിയും. മേൽപ്പറഞ്ഞ പല ഘടകങ്ങളെയും അപ്രസക്തമാക്കുന്ന വിധം മനുഷ്യർക്കിടയിൽ സൗഹൃദങ്ങൾ വളരാറുണ്ട്. പക്ഷെ, നിങ്ങൾ സാമ്പ്രദായികമായ കുടുംബവ്യവസ്ഥയിലേക്ക് കടന്നുവരുന്നതോടെ സ്നേഹത്തിന്റെ സാധ്യതകൾ തകരുന്നതാണ് പലപ്പോഴും ചുറ്റുപാടും സംഭവിക്കുന്നത്. നിങ്ങൾ പരാമർശിച്ച മൂന്നു കഥകളിലും മുതിർന്നവരെ കുറിച്ചാണ് പറയുന്നതെങ്കിലും – ‘ആഞ്ഞിലി മരത്തിലെ വവ്വാലുകൾ’ എന്ന കഥയിലെ രേവതി എന്ന പെൺകുട്ടി, ‘പൂച്ചകളുടെ തീവണ്ടി’ എന്ന കഥയിലെ മിന്നു എന്ന പെൺകുട്ടി, ‘എക്സ് എന്ന ശത്രു എത്തുന്ന നേരം’ എന്ന കഥക്കകത്തുള്ള പെൺകുട്ടി – യഥാർത്ഥത്തിൽ അവരാണ് ആ കഥകളിലെ മുഖ്യകഥാപാത്രങ്ങളായി എനിക്ക് തോന്നിയിട്ടുള്ളത്. മുതിർന്നവരുടെ ലോകം, അതിനകത്തുള്ള അധികാരപ്രയോഗങ്ങൾ, ബന്ധങ്ങളുടെ വൈരുധ്യങ്ങളും അതിന്റെ ഭാഗമായിട്ടുള്ള പോരുകളും… അതെല്ലാം ബാധിക്കുന്നത് ആ കുട്ടികളെയാണ്. ജീവിതം രൂപപ്പെട്ടുവരുന്നതിനു മുൻപേതന്നെ അഗാധമായ ആഘാതങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന കുഞ്ഞുങ്ങൾ. മുതിർന്നവരുടെ ലോകം എപ്രകാരമാണ് കുട്ടികളുടെ ലോകത്തെ തകർക്കുകയും വികൃതമാക്കുകയും ചെയ്യുന്നത് എന്നതായിരിക്കാം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ആ കഥകളുടെ വൈകാരികതലം.
ചോദ്യം: ‘ഈഴച്ചെമ്പകത്തിന്റെ ഗന്ധം’ ഗന്ധങ്ങളുടെ ലോകത്തെ മനോഹരമായി ആവിഷ്കരിക്കുന്ന ഒരു കഥയാണ്. ഒരു ഉദ്യാനപരിപാലകന്റെ കഥ. ഉദ്യാനപരിപാലനം സുഗന്ധങ്ങളുടെ പരിചരണമാണ്. ‘വിടരുകയും കൊഴിയുകയും ചെയ്യുന്ന പരിമളങ്ങളുടെ അദൃശ്യവും സൂക്ഷ്മവുമായ ലോകത്തിന്റെ സൂക്ഷിപ്പുകാരൻ.’ – ഈ വാക്കുകളിലൂടെ കഥയുടെ അകക്കാമ്പ് വായിച്ചെടുക്കാം. പുഷപങ്ങളുടെ ഗന്ധത്തെ പറ്റി പറയുന്നതിനൊപ്പം ‘വഞ്ചനയ്ക്കു മഴയിൽ ചീയുന്ന ഇലകളുടെ മണമാണ്’ എന്നും നിരീക്ഷിക്കുന്നുണ്ട് ആ തോട്ടക്കാരൻ. ആഖ്യാനത്തിന്റെ ഒടുവിൽ മൃതദേഹങ്ങളുടെ ദുർഗന്ധത്തിലാണ് അയാൾ എത്തിപ്പെടുന്നത്. ഒരു പക്ഷേ ഏറ്റവും ഉന്നതമായ ആവിഷ്ക്കാരം മരണത്തിന്റെ മണമായിരിക്കുമെന്ന് അയാൾ കണ്ടെത്തുന്നു. ഇപ്രകാരം മരണം പല കഥകളിലും വരുന്നുണ്ട്. ഈയിടെ എഴുതിയ കവിതയിലും ഈ പ്രമേയം ആവർത്തിക്കുന്നു. എല്ലാ കണക്കുകൂട്ടൽ പട്ടികകളുടെയും അവസാനത്തെ കള്ളിയിൽ മരണം എന്ന ഉത്തരം ലഭിക്കുന്ന ഗണിതപാഠമാണ് ജീവിതം എന്ന അർത്ഥത്തിൽ. മരണത്തെക്കുറിച്ചുള്ള സവിശേഷമായ ആലോചനകൾ എങ്ങിനെയാണ് എഴുത്തിൽ വരുന്നത്?
ഉത്തരം: കൗമാരത്തിലും യൗവ്വനത്തിലും മരണം നമ്മളിൽനിന്നും എത്രയോ അകലെ വിട്ടുനിൽക്കുന്നതും വേറെയേതോ ലോകത്തു സംഭവിക്കുന്നതുമായ സംഗതിയായിട്ടാണ് അനുഭവപ്പെടുക. പക്ഷേ അടുത്ത കാലത്ത്, പ്രത്യേകിച്ചും കോവിഡ് പടർന്നുപിടിച്ചപ്പോൾ, വളരെ വേണ്ടപ്പെട്ട ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെയൊക്കെ ആകസ്മികവും അകാലത്തിലുള്ളതുമായ മരണങ്ങൾ ഉത്കടമായ പ്രത്യക്ഷാനുഭവത്തിന്റെ രീതിയിൽ എന്നെ ബാധിച്ചിട്ടുണ്ട്. അല്ലാതെത്തന്നെ ഏതൊരെഴുത്തുകാരനും ചിന്തിച്ചുപോകുന്ന വിഷയം കൂടിയാണ് മരണം. ഭൗതികാർത്ഥത്തിൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിലയ്ക്കൽ എന്നതിലുപരി മറ്റനേകം മരണങ്ങൾ നമ്മുക്കുള്ളിലും പുറത്തും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. സൂക്ഷ്മമായ സംവേദനക്ഷമതയുള്ള ആളുകൾക്ക് അത് പെട്ടെന്ന് മനസ്സിലാകും. ഒരു കാലത്തു നമുക്ക് അടുത്തബന്ധമുണ്ടായിരുന്ന മനുഷ്യർതന്നെ നമുക്കുള്ളിൽ എന്നന്നേക്കുമായി മരിച്ചുപോയിട്ടുണ്ട്. അവർ ഇപ്പോഴും ജീവനോടെ എവിടെയോ നിലനിൽക്കുന്നുണ്ടെങ്കിലും. പക്ഷേ നമ്മുടെ ഉള്ളിൽ പലരും മരിച്ചുകഴിഞ്ഞു. അതേപോലെ അവരുടെ ഉള്ളിലും നമ്മുടെ ശവമടക്ക് കഴിഞ്ഞുകാണും. മരണത്തെക്കുറിച്ചുള്ള ദാർശനികമായ വിശകലനങ്ങൾക്ക് അപ്പുറം മരണം കൊണ്ടുവരുന്ന അഭാവങ്ങൾ, അതിനോടൊപ്പം വരുന്ന ഓർമ്മകൾ. ജീവിതത്തിനെ യാഥാർത്ഥത്തിൽ പൂർണമാക്കുന്നത് മരണമാണ് എന്ന മട്ടിലല്ല. ചിലപ്പോൾ മരണത്തിന്റെ സ്ഥാനത്തുനിന്നും നോക്കുമ്പോഴായിരിക്കും ജീവിതത്തിനെ പുതിയൊരു വെളിച്ചത്തിൽ കണ്ടെത്താൻ എഴുത്തിനു സാധിക്കുന്നത്. നിങ്ങൾ പറഞ്ഞത് ഞാൻ അടുത്ത കാലത്തു എഴുതിയ ഏതാനും വരികളുള്ള ഒരു കവിതയാണ്. കൂട്ടലും കുറക്കലും ഗുണിക്കലും ഹരിക്കലും നേട്ടവും കോട്ടവും മത്സരവും മാത്രമായി ജീവിതത്തെ കൊണ്ടുനടത്തേണ്ട സാഹചര്യത്തിലാണ് മിക്കവാറും എല്ലാ മനുഷ്യരും അകപ്പെട്ടിട്ടുള്ളത്. ലോകത്തിലെമ്പാടും മനുഷ്യാവസ്ഥ കാലങ്ങളായി അങ്ങിനെയാണ്. അതിനു പുറകിൽ സാമൂഹികവും രാഷ്ട്രീയവുമായിട്ടുള്ള വലിയ വിവക്ഷകൾ ഉണ്ട്. അതിലേക്കൊന്നും തല്ക്കാലം നമുക്ക് പോകേണ്ടതില്ല. എങ്കിൽപ്പോലും എല്ലാത്തരം കൂട്ടലിനും കിഴിക്കലിനും വിജയത്തിനും പരാജയത്തിനും ശേഷം അവസാനത്തെ കള്ളിയിൽ മരണം എന്ന ഉത്തരം കിട്ടുന്ന വളരെ വിചിത്രമായിട്ടുള്ള ഗണിതപ്രശ്നമായിട്ടാണ് ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോൾ തോന്നാറുള്ളത്. അത് എപ്രകാരമോ ഈയിടെ എഴുതിയ കഥകളിലും കടന്നുവന്നതാണ്. ഇതിനെയൊക്കെ ഇരുണ്ട ബോധ്യങ്ങളായി കാണേണ്ടതുമില്ല.
‘ഈഴചെമ്പകത്തിന്റെ ഗന്ധ’ത്തിനെ കുറിച്ചാണെങ്കിൽ: എല്ലാറ്റിൽനിന്നും അകന്നുപോയ ചില മനുഷ്യർക്ക് ഒരു പക്ഷേ, അപരിചിതമായ അനുഭവങ്ങളെയും വാസ്തവങ്ങളെയും നമ്മളെക്കാൾ കൂടുതൽ അറിയാൻ സാധിക്കുമായിരിക്കും. ഇന്ദ്രിയാനുഭവങ്ങളിൽ മനുഷ്യന് ഗ്രഹണശേഷി കുറവായ ഗന്ധത്തിന്റെ ലോകത്തു ചെന്നെത്തിയ ഏകാന്തനായ ഒരു വൃദ്ധനെ പറ്റിയുള്ള കഥയാണത്. അയാൾ പൂന്തോട്ടപരിപാലകനാണ്. ഉദ്യാനത്തിലെത്തുന്ന പെൺകുട്ടിയുടെ രക്ഷയായി അയാൾ കണ്ടത് അവൾക്ക് ലഭിക്കാവുന്ന സ്നേഹത്തിന്റെ സാധ്യതയായിരുന്നു. മറിച്ച് എല്ലാം വഞ്ചനയിൽ അവസാനിക്കുന്നു. അയാൾക്ക് ഒരു കൊലപാതകം നടത്തേണ്ടി വന്നു. ആ കൃത്യത്തിൽ തീരെ കുറ്റബോധവും അയാൾ അനുഭവിക്കുന്നില്ല. അതുകൊണ്ടാകണം ഗന്ധങ്ങളുടെ കലാകാരനായി സ്വയം വിചാരിച്ച ആ വൃദ്ധന് അഴുകലിന്റെയും ചീയലിന്റെയും മരണത്തിന്റെയും ഗന്ധം ഏറ്റവും ഉന്നതമായ ആവിഷ്കാരമായി മാറുന്നത്.
ചോദ്യം: ‘കഠാരയുടെ രാത്രി’ എന്ന കഥയിൽ കലാപത്തെ എങ്ങിനെയാണ് കൊലയാളികൾ മൊബൈൽ ഫോണിൽ പകർത്തി ആഘോഷമാക്കുന്നത് എന്ന് വിവരിക്കുന്നുണ്ട്. നമ്മുടെ വർത്തമാനകാലത്തിൽ വളരെ പ്രസക്തമായ നിരീക്ഷണം. അതേപോലെ ‘അവസാനത്തെ അനുയായി’ സ്വേച്ഛാധിപത്യത്തിന്റെ അവസ്ഥാന്തരങ്ങളാണ് സൂചിപ്പിക്കുന്നത്. ആ കഥകളുടെ രാഷ്ട്രീയ ഉള്ളടക്കം എന്താണ്?
ഉത്തരം: ടി വിയിലെ വാർത്തകൾ മാത്രമായി മാറിക്കഴിഞ്ഞതും പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതുമായ പലതരം കലാപങ്ങളുടെ വർത്തമാനചരിത്രമല്ലേ നമ്മുടേത്? മൊബൈൽ ഫോണിൽ കലാപത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുക എന്നത് ആസൂത്രിതമായ വംശഹത്യയുടെ പദ്ധതികളിൽ ഒന്നായിട്ടാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നിങ്ങളെയും കലാപകാരിയാക്കാൻ ഉത്തേജിപ്പിക്കുക എന്ന അത്ര ഗൂഢമല്ലാത്ത ലക്ഷ്യം ആ പ്രചാരണത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ ഒരു പ്രദേശത്തു – മണിപ്പൂരിൽ – അരങ്ങേറിയിട്ടുള്ള കലാപത്തിന്റെ വാർത്തകൾ, കൂട്ടക്കൊലക്ക് തടയിടാൻ യാതൊന്നും ചെയ്തില്ലെന്ന് മാത്രമല്ല അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മട്ടിൽ പ്രവർത്തിച്ച ഭരണകൂടം. ആ നാളുകളിൽ അനുഭവിച്ച അസ്വസ്ഥതയുടെ ഭാഗമായി എഴുതിയ കഥയാണ് ‘കഠാരയുടെ രാത്രി’.

എം നന്ദകുമാർ
‘അവസാനത്തെ അനുയായി’ എന്ന കഥ അധികാരത്തെക്കുറിച്ചുള്ള വ്യത്യസ്തമായ സമീപനത്തിനുള്ള ശ്രമമാണ്. അധികാരഘടനകളെ എതിർക്കുന്നതിനായി അവയുടെ സ്വഭാവങ്ങൾ പഠിക്കാനും വിമർശിക്കാനും അധികാരത്തിനൊപ്പം സഞ്ചരിച്ചു എന്ന് അവകാശപ്പെടുന്ന ഒരാൾ. എന്നാൽ തിരിച്ച് അധികാരം എപ്രകാരമാണ് അയാളുടെ ചിന്തയിലും ഭാവവാഹാദികളിലും നിത്യജീവിതത്തിലും അതിന്റെ മുദ്രകൾ പ്രദർശിപ്പിക്കുന്നത്? എന്തിനെയാണോ എതിർത്തുകൊണ്ടിരുന്നത് അതിന്റെതന്നെ പ്രതിരൂപമായി അദ്ദേഹം പരിണമിക്കുന്നു. ഒടുവിൽ മനുഷ്യസാന്നിധ്യത്തിന്റെ ഒരു കണികപോലും ലഭിക്കാതെ മരിച്ചുപോകുന്നു. ആ ജീവിതത്തിലും അന്ത്യത്തിലും ദാരുണമായ ഹാസ്യത്തിന്റെ അംശമുണ്ട്. മുൻപൊരിക്കൽ ആട്ടിയോടിച്ചിട്ടുള്ള അനുയായി കാണാനെത്തുമ്പോൾ അദ്ദേഹത്തിന്റെ ഭയാനകമായ അധികാരപ്രമത്തത അദൃശ്യമായി അന്തരീക്ഷത്തിലുണ്ട്. അനുയായിയുടെ ആഗ്രഹമാകട്ടെ മരിച്ച മനുഷ്യന്റെ ചാരുകസേര സിംഹാസനത്തിൽ എങ്ങിനെയെങ്കിലും കയറിയിരിക്കണമെന്നാണ്. അധികാരത്തിന്റെ പ്രലോഭനം ഒഴിഞ്ഞുമാറാൻ അത്ര എളുപ്പമുള്ളതല്ല.
ചോദ്യം: ഒമാൻ പശ്ചാത്തലമായി മലയാളത്തിൽ അധികം കഥകൾ ഇല്ല എന്ന് പറയാം. ‘ജിന്നുകളുടെ രാത്രി’ എന്ന നീണ്ടകഥക്ക് അറേബ്യൻ നാടോടിക്കഥകളുടെ പരിവേഷമുണ്ട് . ഒമാൻ അനുഭവങ്ങളെക്കുറിച്ച് പറയാമോ?
ഉത്തരം: ഏഴ് വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു ഒമാൻ യാത്രയുടെ ഭാഗമായിട്ടാണ് ‘ജിന്നുകളുടെ രാത്രി’ എന്ന കഥ രൂപമെടുത്തത്. സന്ദർശനത്തിന്റെ സമയത്തു തന്നെ കഥ മനസ്സിൽ വന്നിരുന്നു. എഴുതാനുള്ള കുറേ വായനയും ഒരുക്കങ്ങളും നടത്തി അതൊരു നോവലിലേക്ക് വളർന്നു. എന്നാൽ നോവൽ മുടങ്ങി നീണ്ടകഥയായി. ഒമാന്റെ വിശാലമായ മണൽപ്പരപ്പുകളും ആകാശങ്ങളും കാഴ്ചകളും എനിക്ക് നൽകിയത് അറബിക്കഥക്കു തുല്യമായ സൗന്ദര്യാനുഭവമാണ്. ആ കഥയുടെ പുറകിൽ പ്രവർത്തിച്ച ചാലകശക്തി അത്തരത്തിലുള്ള സഞ്ചാരങ്ങളാണ്. ഒമാനിലെ അനുഭവങ്ങൾ പൂർണ്ണമായും ആഖ്യാനത്തിൽ വന്നിട്ടില്ലെങ്കിലും. ഉദാഹരണത്തിന് അൽഹൂത്ത ഗുഹ. ആ ഗുഹ കണ്ടെത്തിയ ആട്ടിടയനെക്കുറിച്ചുള്ള രസകരമായ കഥ. അൽഹൂത്ത ഗുഹക്കകത്തുള്ള ചെറിയ നീരൊഴുക്കിലെ കണ്ണ് കാണാത്ത മീനുകൾ. കാലങ്ങളായി സൂര്യപ്രകാശം കടന്നുചെല്ലാത്തതിനാൽ കണ്ണുകൾക്ക് ഉപയോഗം ഇല്ലാതായി കാഴ്ചശക്തി നഷ്ടപ്പെട്ട മീനുകളാണ് അവ. ഇമ്മട്ടിലുള്ള മാന്ത്രികമായ ഒരുപാട് അനുഭൂതികൾ ഒമാൻ യാത്ര എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ഇബ്രയിലും സലാലയിലും നിലനിൽക്കുന്ന പഴയ കെട്ടിടങ്ങളുടേയും കോട്ടകളുടെയും അവശിഷ്ടങ്ങൾ. വർഷങ്ങൾക്കു മുൻപേ ഒമാനിൽ എത്തി ഇപ്പൊൾ അവിടെ സ്ഥിരവാസമുറപ്പിച്ച മലയാളികളുമായുള്ള സംഭാഷണങ്ങൾ. പരിചയപ്പെട്ട ഒമാനികൾ. മരുഭൂമിയിലെ ജീവിതത്തെക്കുറിച്ച് അവരെല്ലാം പറഞ്ഞുതന്ന സംഗതികൾ. ബഹലയിലെ സൂഖിൽ പോയ സമയത്തു കൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു ഒമാനി കച്ചവടക്കാരനെ കണ്ടുമുട്ടി. ഇന്ത്യയിൽ അയാൾ വരാറുണ്ട്. അയാളുടെ കച്ചവടബന്ധങ്ങളെക്കുറിച്ചും പരിചയപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുമൊക്കെ അയാൾ ആവേശത്തോടെ വിവരിച്ചു. കുറെ മന്ത്രവാദകഥകളും പറഞ്ഞു. അങ്ങിനെയുള്ള കേൾവികളുടെയും ആശ്ചര്യങ്ങളുടെയും യാത്രയായിരുന്നു അത്. അതാണ് ആ കഥ എഴുതാനുണ്ടായ ഒരു കാരണം. കുട്ടിക്കാലത്ത് വായിച്ചിട്ടുള്ള ആയിരത്തൊന്ന് രാവുകളിലെ ജിന്നുകളെ എനിക്ക് ഇഷ്ടമാണ്. പാവപ്പെട്ട ആത്മാക്കൾ. ബഹലയിൽനിന്നും കേട്ട ജിന്നുകളുടെ അത്ഭുതപ്രവൃത്തികൾ. കുറ്റിച്ചിറ ഭാഗത്തുള്ള ചില സുഹൃത്തുക്കൾ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങൾ. അതെല്ലാം കൂടിച്ചേർന്നിട്ടാണ് ‘ജിന്നുകളുടെ രാത്രി’ എന്ന കഥയുടെ സർഗ്ഗാത്മകദേശം ഒരുങ്ങിയത്. അപ്രകാരമുള്ള ഒരു കഥ എഴുതുമ്പോൾ അതിനു പറ്റിയ ഭാഷയും ബിംബാവലിയും വന്നുചേർന്നത് രസകരവും ആനന്ദകരവുമായ പ്രക്രിയയായിരുന്നു. എഴുത്തിനോടുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നത് അത്തരം നിമിഷങ്ങളാണ്.
കവർ ഡിസൈൻ & ഓഡിയോ മിക്സിംഗ് : ജ്യോതിസ് പരവൂർ