കുട്ടിക്കളി
2001 ൽ, അന്നെനിക്ക് 15 വയസ്സാണ്. ടോട്ടോചാനെയും ഷെർലക് ഹോംസിനെയും എന്തിന് അമർച്ചിത്ര കഥകൾ വരെ ഞാനന്ന് വായിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ. അന്ന് വായിച്ച കഥകളിൽ എനിക്കേറ്റവും പ്രിയം രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ് കൊണ്ട് ഒരു പെൺകുട്ടിയെ കുറുക്കൻ തിന്ന ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡിന്റെ കഥയാണ്. കുറുക്കനെ തിരിച്ചറിയാൻ കഴിയാത്ത മുത്തശ്ശിയെയും തിന്ന് വിശപ്പടക്കുന്ന കുറുക്കനിലാണ് ആ കഥ അവസാനിക്കുന്നത്.
കുറുക്കന്മാരെ തിരിച്ചറിയാൻ കഴിയാത്ത രക്ഷിതാവ് ഒരു സൂചനയാണ്. കുടുംബ മഹിമയുടെ മാപിനി കൊണ്ട് വ്യക്തിയെ അളക്കുന്ന അശാസ്ത്രീയവും അപരിഷ്കൃതവുമായ ശീലങ്ങളിൽ തന്നെയാണ് ഇപ്പോഴും രക്ഷാകർതൃ ബോധത്തിന്റെ കിടപ്പ്. ലോകപ്രശ്സ്തരായ കള്ളന്മാരും കൊലപാതകികളും ജനിച്ചു വളർന്നത് തലയെടുപ്പുള്ള കുടുംബങ്ങളിലായിരുന്നു
ഉദാ: 1 – ഒസാമാ ബിൻ ലാദന്റെ കുടുംബം :
സൗദി അറേബ്യയിലെ മോസ്റ്റ് പോപ്പുലർ റോയൽ ഫാമിലിയായ ബിൻ ലാദൻ ഫാമിലിയിലാണ് ഒസാമ ജനിച്ചത്.
ഉദാ: 2 – നാഥുറാം വിനായക് ഗോഡ്സെയുടെ കുടുംബം :
വിനായക് വാമൻ റാവു ഗോഡ്സെയും ലക്ഷ്മിയും മൂക്കുത്തിയിട്ട് പെൺകുട്ടിയെപ്പോലെ വളർത്തിയ നാണം കുണുണ്ടിയായ നാഥുറാമാണ് ഗാന്ധിജിയെ കൊന്നത്.
വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ കുടുംബത്തിന് പ്രാധാന്യമുണ്ടെങ്കിലും കുടുംബ മഹിമ നോക്കി വ്യക്തിയെ അളക്കാനാവില്ല എന്നതിന് ഇനിയും ഉദാഹരണങ്ങൾ എടുത്തെഴുതാൻ കഴിയാത്തതുകൊണ്ടല്ല, ജീവിച്ചിരിക്കുന്നവരുടെ പേര് പരാമർശിക്കുന്നത് നമ്മുടെ ശീലങ്ങൾക്ക് വിരുദ്ധമായതുകൊണ്ട് ഉദാഹരണങ്ങൾ വിട്ട് നമുക്ക് വിഷയത്തിലേക്ക് തിരിച്ചു വരാം.
സ്ത്രീ, വിവാഹക്കമ്പോളത്തിൽ വിലയിട്ടുവെച്ച ചരക്കായതുകൊണ്ട് ബുദ്ധി കൊണ്ട് വിപണിയെ നിയന്ത്രിക്കാനറിയുന്ന കച്ചവടക്കാർ കൃത്യമായി കമ്പോളത്തിലിറങ്ങിക്കളിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി ദൂരദേശങ്ങളിൽ നിന്നു വരെ അവളെ അന്വേഷിച്ചെത്തുന്നു. പാരമ്പര്യത്തിന്റെ പഴമ്പുരാണം കേട്ട് കണ്ണു മഞ്ഞളിക്കുന്ന രക്ഷിതാവിന് കുറുക്കൻ ഏതുവിധേനയും ബാന്ധവം സ്ഥാപിക്കേണ്ട പരിപൂർണ്ണ മൃഗമായിത്തീരുന്നു. എല്ലാം തികഞ്ഞൊരു കുറുക്കന് ഞാൻ നിന്നെ വിട്ടു കൊടുക്കില്ല – അവൻ നിന്നെയും നിന്റപ്പനെയും തിന്നും എന്ന കുട്ടിക്കളി പതിനഞ്ചാം വയസ്സിൽ ഞാൻ മഞ്ജുവിനോട് പറയാൻ ഞാൻ തീരുമാനിച്ചു.
അറേഞ്ച്ഡ് മാര്യേജ് ഒരു തരം ആത്മഹത്യയാണെന്ന് അധിക്ഷേപിക്കുകയല്ല, കുറുക്കനെ തിരിച്ചറിയാൻ കുറുക്കനോടിടപെട്ടാലേ സാധ്യമാകൂ എന്ന വാദം വിനയപൂർവ്വം ഉന്നയിക്കുകയാണ്.
അവളൊരു സമ്പൂർണ്ണ ജീവിയാണെന്ന ബോധം എന്നെയോ, ഞാനൊരു സമ്പൂർണ്ണ ജീവിയാണെന്ന ബോധം അവളെയോ കീഴടക്കാത്തത്രയും ആഴത്തിൽ പരസ്പരം പഴകിയ 10 വർഷങ്ങൾക്ക് ശേഷം ലിജീഷ് കുമാർ എന്ന ഞാനും മഞ്ജു മേരി അഗസ്റ്റിൻ എന്ന എന്റെ കാമുകിയും 2011 ജൂൺ മാസം വിവാഹം കഴിക്കാൻ തീരുമാനിച്ചു. പ്രണയം കുട്ടികളുടേയും വിവാഹം മുതിർന്നവരുടേയും കളിയായതിനാലാവണം, മുതിർന്നവരുടെ ലോകത്തെ നയിക്കുന്ന മതവും അധികാരവും വിവാഹ ചർച്ചകൾക്ക് മുഖവുരയായി ഞങ്ങൾക്കിടയിലും ചർച്ചാ വിഷയമായി വന്നു.
മുതിർന്നവരുടെ കളി
പതിനഞ്ചാം വയസ്സുമുതലിങ്ങോട്ടുള്ള 10 വർഷക്കാലങ്ങളിൽ മതം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങൾ ഞങ്ങൾക്കിടയിൽ വിഷയമായി വന്നത് വിവാഹത്തെ കുറിച്ചുള്ള ചർച്ചകളിൽ മാത്രമായിരുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും കെട്ടുപാടുകളെ കുട്ടിക്കാലത്തേ മറികടന്നതു കൊണ്ട് എനിക്കായിരുന്നില്ല മഞ്ജുവിനായിരുന്നു ആശങ്കകളേറെയും. വിശ്വാസം തികച്ചും വ്യക്തിപരമാണ് എന്നിരിക്കെ, വ്യക്തിയുടെ ബോധപൂർവ്വമായ ഇടപെടലില്ലാതെ അയാളുടെ ഉള്ളിലുള്ള ഒന്ന് എങ്ങനെയാണ് ചോർന്നു പോവുക എന്നത് ഞങ്ങൾക്കു പിടികിട്ടിയില്ല. ബോധം, ചിന്ത, വിശ്വാസം തുടങ്ങിയ രൂപരഹിതമായ അവസ്ഥകളെ മറ്റൊരാൾക്ക് മോഷ്ടിക്കാനോ, കൊല്ലാനോ, പുറന്തള്ളാനോ കഴിയില്ല. ദൈവവിശ്വാസം മാത്രമല്ല, മതവിശ്വാസം പോലും ഒരു വിശ്വസിക്ക് ഇതര മത വിശ്വാസിയെ വിവാഹം ചെയ്തത് കൊണ്ട് നഷ്ടപ്പെടില്ല എന്നിരിക്കെ, പുറത്താക്കുന്നതിന്റെയും അകത്താക്കുന്നതിന്റെയും വേവലാതികളെ എന്തിനാണ് ഇന്റർ റിലീജിയസ് മാര്യേജുകൾ ഉത്പാദിപ്പിക്കുന്നത് എന്ന ആശങ്ക അന്നും ഇന്നും എനിക്കുണ്ട്.
ഇന്റർ റിലീജിയസ് മാര്യേജിനു നേരെ പിടിച്ച ക്യാമറ ഫോക്കസ് ചെയ്തത് പ്രത്യുത്പാദനം എന്ന ബൈപ്രൊഡക്ടിനെയാണ്. വിശ്വാസമോ അതിന്റെ സംരക്ഷണമോ അല്ല അംഗബലത്തെക്കുറിച്ചുള്ള അശങ്കകളാണ് മത സ്ഥാപനങ്ങളെ ഭരിച്ചത്.
2011 ജൂൺ മാസത്തിനു ശേഷവും എന്റെ പേര് ലിജീഷ് കുമാർ എന്നും അവളുടെ പേര് മഞ്ജു മേരി അഗസ്റ്റിൻ എന്നും മാറ്റമില്ലാതെ തുടർന്നു. എന്റെ വീട് അവളുടേതും അവളുടെ വീട് എന്റേതും ആയി എന്നതൊഴിച്ചാൽ മുതിർന്നവരുടെ കളി ഞങ്ങളിൽ യാതൊരു മാറ്റവുമുണ്ടാക്കിയില്ല.
രണ്ട് വിശ്വാസത്തിൽ ജീവിച്ച മനുഷ്യർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയാൽ അവർക്കിടയിൽ പൊരുത്തക്കേടുകളേറുമെന്നും, വിവാഹത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ സ്വാഭാവികമായും അവർക്ക് വഴി പിരിയേണ്ടി വരുമെന്നും രക്ഷാകർതൃത്വത്തിന്റെ കുപ്പായം സ്വയമണിഞ്ഞ് ഞങ്ങളെ തിരുത്താൻ വന്ന അനുഭവജ്ഞാനികളായ മനുഷ്യരുടെ ലാഭേച്ഛയില്ലാത്ത, സാമൂഹ്യ നന്മ ലാക്കാക്കിയുള്ള ഉപദേശ പരമ്പരയാണ് മറികടക്കാനുണ്ടായിരുന്ന അവസാന കടമ്പ.
വയസ്സന്മാരുടെ കളി
ഒരേ രുചികൾ, ഒരേ കഴിവുകൾ – കഴിവുകേടുകൾ, സംസാരിക്കാനൊരേ വിഷയങ്ങൾ, ഒരേ ചിന്ത, ഒരേ വിശ്വാസം, ഒരേ സംസ്കാരം … പരസ്പരം വ്യത്യസ്തത തീർക്കാതെ എത്ര കാലമാണ് ഒന്നിച്ച് ജീവിക്കാനാവുക. സമൃദ്ധമായും സമഗ്രമായും ജീവിക്കാൻ വൈവിധ്യങ്ങളാണ് ഉപകാരപ്പെടുക എന്ന തിരിച്ചറിവ് വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പഴേ ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് വയസ്സന്മാരുടെ കളിയെ അതർഹിക്കുന്ന ഗൗരവത്തോടെ തന്നെ തള്ളാൻ ഞങ്ങൾ തീരുമാനിച്ചു.
ഒന്നിച്ചു ജീവിക്കുന്നതിനെക്കുറിച്ചല്ല, പിരിഞ്ഞു പോവുന്നതിനെക്കുറിച്ചാണ് പ്രണയകാലത്തെ ഉപദേശക ക്ലാസ്റൂമുകളേറെയും സംസാരിച്ചത്. ഒരു കുട്ടിയുണ്ടാവുമ്പോഴാണ് എല്ലാം തകിടം മറിയുകയെന്നും അപ്പോൾ തർക്കങ്ങൾ താനേ തുടങ്ങുമെന്നും ഉപദേശികൾ ഒറ്റ സ്വരത്തിൽ പറഞ്ഞു. ഈ കുട്ടിക്കളിയൊക്കെ അന്ന് മാറും എന്നൊരു വയസ്സൻ ഇരുത്തം വന്ന മൂളലോടെ പറഞ്ഞത് എന്നെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വല്ലാത്ത ഒരു തരം അസ്വസ്ഥതയോടെയാണ് അയാൾ അന്ന് എന്നെ നോക്കിയത്. സത്യമായും ഞാൻ അയാളെ പുച്ഛിച്ചല്ല ചിരിച്ചത്, കുട്ടിക്കളി എന്ന വാക്ക് വിവാഹശേഷം എന്നെത്തേടി വീണ്ടും വന്നത് അന്നാണ്.
വേറൊരുതരം കുട്ടിക്കളി
ഒടുവിലത് സംഭവിച്ചു, 2013 ജൂൺ 12ന് അവനുണ്ടായി. ഞങ്ങളെ പിരിക്കാൻ, ഞങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടാക്കാൻ വന്നവനെ ആദ്യമായി കണ്ട സമയം ഞാനും മഞ്ജുവും ചിരിച്ച ചിരി അതിനു മുമ്പോ ശേഷമോ ഞങ്ങൾ ചിരിച്ചിട്ടില്ല.
അവന്റെ ജനന സർട്ടിഫിക്കറ്റിൽ മതത്തിന്റെയും ജാതിയുടേയും കള്ളികൾ ഞാൻ പൂരിപ്പിക്കാതെ വിട്ടുകളഞ്ഞിട്ടുണ്ട്. ചെക്കാ, നീ ഒരു വിചിത്ര ജാതിയാണെന്ന് അവന്റെ ചെവിയിൽ പറഞ്ഞ ദിവസം ഞങ്ങൾക്കഭിമാനം തോന്നി. ബുക്കർ പ്രൈസിനു നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ എഴുത്തുകാരി ചിക്കാഗോയിലുള്ള എന്റെ സുഹൃത്ത് അഡ്വ.രതീദേവി ഇക്കഥ പറഞ്ഞ ദിവസം മറ്റൊരു കഥ എന്നോട് പറഞ്ഞു. 6 വയസ്സുള്ള അവരുടെ മകൻ ജീസസ്റ്റിന്റെ അച്ഛനാരാണെന്ന് അവരോട് ചോദിച്ചു. അവർ പറഞ്ഞു ദൈവമാണ് ജീസസ്സിന്റെ അച്ഛനെന്ന്. ദിവസങ്ങൾക്കു ശേഷം ടെലിവിഷനിൽ ഓം നമ:ശിവായ സീരിയൽ കണ്ടിരിക്കെ, “അമ്മാ, അതാരാണ് ആ മനുഷ്യൻ ?” എന്ന് ചോദിച്ച കുട്ടിയോട് അവർ പറഞ്ഞു, “അത് ശിവനാണ് മോനേ, ദൈവം” എന്ന്. രാത്രി ഏതാണ്ട് പതിനൊന്നരയോടടുത്തിരിക്കണം, കുട്ടി ഉറക്കത്തിലെഴുന്നേറ്റ് പറഞ്ഞു “അമ്മാ, ഞാനെന്നും ആലോചിക്കും ജീസസ്സിന്റെ അച്ഛനെപ്പറ്റി. ഇപ്പൊ എനിക്കറിയാമമ്മാ ശിവനല്ലേ ജീസസ്സിന്റെ അച്ഛൻ ?” എന്ന്.
പ്രിയപ്പെട്ട രതീദേവീ, നിങ്ങൾ രക്ഷപ്പെട്ടു. ബോധമുള്ള ഒരു തലമുറ നമുക്ക് പിമ്പേ വരുന്നുണ്ട്. ഞാനും നിങ്ങളും അവർക്ക് ദൈവത്തെ കാണിച്ചു കൊടുക്കേണ്ട. അവർക്ക് ബോധം കൊടുത്താൽ മതി, അവർ സ്വയം കണ്ടെത്തിക്കോളും.
എന്റെ മകന് ഞാൻ പ്രണയ് ഋതു എന്ന് പേരിട്ടു. അവനൊരു ഋതുവാണ് – സീസൺ ഓഫ് ലവ്, പ്രണയകാലം. ആ കാലത്തിന് മതമോ ജാതിയോ ഇല്ല. മതമോ ജാതിയോ അല്ല, വിവാഹം പോലുമല്ല മനുഷ്യർക്കിടയിലെ ബന്ധത്തെ ഊഷ്മളമായി നിലനിർത്തുന്നത്, പ്രണയം മാത്രമാണത്. പുതിയ തരം കുട്ടിക്കളികളിൽ നിരന്തരമായി ജീവിക്കുന്നത് കൊണ്ട് എനിക്കും മഞ്ജുവിനും സുഖമാണ്. കുറുക്കന്മാർക്ക് കൊടുക്കരുത് നിങ്ങളുടെ കുഞ്ഞുങ്ങളെ. അവർ പ്രണയിക്കട്ടെ ..
എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. കോഴിക്കോട്, വടകര സ്വദേശി.