അന്നുമിന്നും ലോകത്തിന്റെ ഫാഷൻ കാപ്പിറ്റൽ പാരീസ് ആണല്ലോ. പണ്ട് പാരീസിൽ ഒരു ചൊല്ലുണ്ടായിരുന്നു അവിടുത്തെ ഫാഷൻ സ്റ്റോറുകളിൽ നിന്ന് എന്തെങ്കിലും വാങ്ങിയാൽ ഓടി വീട്ടിലെത്തി അത് ധരിക്കുമ്പോഴേക്കും അത് ഔട്ട് ഓഫ് ഫാഷൻ ആകുമെന്ന്. പാരീസിലെ ഏറ്റവും പ്രശസ്ത ഫാഷൻ സ്ട്രീറ്റ് ആയ ഷാൺസ്എലീസേ ( Champs Elysees) വമ്പൻ ലക്ഷ്വറി ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ് സ്റ്റോറുകൾ മാത്രം ഉള്ള ഇടമാണ്. ലൂയി വിറ്റോണും, ഡിയോറും, ഹെർമെസും ടിഫനിയും ഒക്കെ തലയുയർത്തി നിൽക്കുന്നത് കാണാം. പാരീസ് സന്ദർശിക്കുന്നവർ തീർച്ചയായും നടന്നു കാണേണ്ട ഒരിടം. നിങ്ങളുടെ പോക്കറ്റിനു വലിയ കനമുണ്ടെങ്കിൽ ഷോപ്പ് ചെയ്യുകയും ആവാം.

ഫാഷൻ ഇൻഡസ്ട്രിയിൽ തല്പരരായവർക്കു തീർച്ചയായും ഇഷ്ടപെടുന്ന ഒരു നെറ്റ്ഫ്ലിക്സ് സീരീസ് അടുത്തിടെ മൂന്നു ഭാഗങ്ങളായി ഇറങ്ങിയിരുന്നു, ” Emily in Paris ” ഫ്രഞ്ച് സംസ്കാരവും, ഫാഷൻ /മാർക്കറ്റിങ് ലോകത്തെ നൂതന ട്രെൻഡുകളും മിഷെലിൻ റേറ്റഡ് റെസ്റ്റോറന്റ്‌സും പിന്നെ ലേറ്റസ്റ് ട്രെൻഡി വസ്ത്രങ്ങളും ഒക്കെ കാണാൻ താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട സീരീസ്.

ഷാൺസ്എലീസേയിലൂടെ നടക്കുമ്പോൾ എന്തുകൊണ്ടോ ഞാൻ ആലോചിച്ചത് ചിത്രകലയെക്കുറിച്ചായിരുന്നു. രാജകൊട്ടാരങ്ങളിൽ നിന്നും പള്ളികളുടെ അൾത്താരകളിൽ നിന്നും ഉപേക്ഷിക്കപ്പെട്ടു പാരീസിലെ തെരുവുകളിൽ എത്തിയ ചിത്രകല പിന്നീട് ക്‌ളാസിക്കൽ ചിത്രകലാ സമ്പ്രദായങ്ങളെ ഉപേക്ഷിച്ചു നൂതനമായ മാർഗ്ഗങ്ങളിലൂടെ വൻ കുതിച്ചു ചാട്ടമാണല്ലോ നടത്തിയത്. Claude Monet , picasso , salvador Dali തുടങ്ങിയ മഹാരഥന്മാർ നടന്നു തീർത്ത വഴികൾ. ക്യൂബിസം, ഇമ്പ്രെഷനിസം, സർ റിയലിസം, ദാദായിസം, ഫ്യൂച്ചറിസം എന്തൊക്കെയാണ് ഈ തെരുവുകളിൽ പിറന്നു വീണത്. നാലു കലാകാരൻമാർ പാരീസിലെ ഏതെങ്കിലുമൊരു കോഫീ ഷോപ്പിൽ ഒത്തു കൂടിയാൽ പുതിയൊരു ഇസം ഉണ്ടാകുമെന്നു ഒരു ചൊല്ല് തന്നെയുണ്ടായിരുന്നു അന്ന്. കലയുടെയും സംസ്കാരത്തിന്റെയും മാത്രമല്ല ഫാഷന്റെയും ഈറ്റില്ലമായിരുന്നു അല്ലെങ്കിൽ ഇന്നുമാണ് പാരീസ്. ലോകത്തിലെ ലക്ഷ്വറി ഫാഷൻ, ബ്യുട്ടി ശ്രുംഖലകളുടെ തലസ്ഥാനം.

സാഹിത്യത്തിൽ ക്‌ളാസ്സിസിസം, റൊമാന്റിസിസം, റിയലിസം, മോഡേണിസം, പോസ്റ്റ് മോഡേണിസം എന്നൊക്കെ പറയുന്നത് പോലെ ഫാഷൻ മേഖലയിലും വിവിധ പ്രസ്ഥാനങ്ങളും ട്രെൻഡുകളും ഉണ്ട്. ഓരോ കളക്ഷന് പിന്നിലും ഒരു സ്റ്റോറി ഉണ്ടാകും. ആ കളക്ഷന്റെ പിന്നിലെ ഇൻസ്പിറേഷൻ ആയ ഒരു തീം. അത് ജയ്പൂരിലെ കളർഫുൾ കൊട്ടാരങ്ങളിൽ നിന്നോ മറക്കേഷിലെ മിനാരങ്ങളിൽ നിന്നോ ആകാം. Yves saint laurent ഉം dior ഉം മറക്കേഷിലെ ടെറാക്കോട്ട ഡിസൈൻസും ബൊഹീമിയൻ സ്റ്റൈലും ഇൻസ്പിറേഷൻ ആയെടുത്തിട്ടുണ്ട്. Cartier , Dior എന്നിവ ജയ്പൂരിലെ ഹവാ മഹലിന്റെയും മറ്റും സാന്റ് സ്റ്റോൺ ചുവരുകൾ ഇൻസ്പിറേഷൻ ആക്കിയിട്ടുണ്ട്. വലിയ ഫാഷൻ ഹൗസുകൾ സ്വതന്ത്രമായ ഇൻസ്പിറേഷന്സ് അന്വേഷിച്ചു പോകുമ്പോൾ താരതമ്യേന ചെറിയ ബ്രാൻഡുകൾ ഇത്തരം വലിയ ബ്രാൻഡുകളെ കുറെയൊക്കെ സ്വതന്ത്രമായി കോപ്പി ചെയ്യും. ഫാഷൻ ഗൗരവമായി ശ്രദ്ധിക്കുന്നവർക്ക് അറിയാൻ കഴിയും ഏതാണ്ട് എല്ലാ ബ്രാൻഡുകളിലും ഒരു സീസണിൽ ഒരേ കളറുകൾ അല്ലെങ്കിൽ പ്രിന്റ്സ് ആയിരിക്കും മെയിൻ തീം എന്ന്. പർപ്പിൾ ഫാഷൻ ആകുന്ന സീസണിൽ ഏതാണ്ട് എല്ലായിടത്തും നിങ്ങൾക്ക് പർപ്പിൾ ടോപ്പ് ലഭിക്കും. ഫ്ലോറൽ പ്രിന്റ് ഫാഷൻ ആകുമ്പോൾ അതും ഏതാണ്ട് എല്ലാ ടോപ് ഫാഷൻ ഹൗസുകളിലും ഒരേ സമയത്താകും. 70s / 80s റിട്രോ ഫാഷൻ അടുത്തിടെ വലിയ ട്രെൻഡ് ആയിരുന്നല്ലോ. ലൂസ് ഫിറ്റ് ജെൻസികൾക്കിടയിൽ ഇപ്പോഴും ട്രെൻഡ് ആണ്. പതിനെട്ടുകാരിയായ എന്റെ മകൾ 100 കിലോയൊക്കെ കഴിഞ്ഞു പിന്നെ ഡിസ്‌ക്‌ളോസ് ചെയ്യാനാവാത്ത ധാരാളം കിലോ വേറെയുമുള്ള എന്റെ ഷർട്ട് ഒക്കെ ഞാനറിയാതെ എടുത്തു ധരിച്ചു കൊണ്ട് പുറത്തേക്കു പോകാറുണ്ട്. ജെൻസി ജെണ്ടർ ന്യുട്രൽ കൂടിയാണ്. ബോയ്സിന്റെ വസ്ത്രങ്ങൾ എന്ന് നമ്മൾ കരുതിയിരുന്ന പലതും ഇന്ന് ഇരു ജെന്ഡറുകളുടെയും വസ്ത്രമാണ്. അവർ തീരെ ബ്രാൻഡ് കോൺഷ്യസുമല്ല. സ്റ്റൈൽ/ പ്രോഡക്ട് കോൺഷ്യസ് ആണ് അവർ. ഏതെങ്കിലും ഒരു പ്രത്യേക സ്റ്റൈൽ ഇഷ്ടമായാൽ അത് തേടി അവർ ലക്ഷ്വറി ബ്രാൻഡ് മുതൽ വാല്യൂ ബ്രാൻഡ് വരെ കയറി ഇറങ്ങും. വളരെ ധനികരായ അറബികളും അങ്ങിനെയാണ് ഗൂച്ചിയിൽ നിന്നിറങ്ങി നേരെ മാക്സിൽ കയറും.

ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ പലരും ഒടുവിൽ ചെന്ന് സെറ്റിൽ ചെയ്യുക സ്വിറ്റ്സർലൻഡിലും മറ്റും ആണല്ലോ, അല്ലെങ്കിൽ അവിടെയും ഒരു വീടുണ്ടാകും. സ്വിറ്റ്സർലൻഡിലൂടെ നിങ്ങൾ ബസ്സിലോ ട്രാമിലോ ബോട്ടിലോ ഒക്കെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ തൊട്ടടുത്ത് ഒരു സാധാരണ, വിലകുറഞ്ഞ, സിമ്പിൾ ടീഷർട്ടും ജീൻസും ധരിച്ചിരിക്കുന്നയാൾ ഒരുപക്ഷെ ലോകോത്തര ധനികൻ ആവാം. ഒരു പരിധി കഴിഞ്ഞാൽ സമ്പത്തിന്റെ പ്രകടനം അശ്ലീലമായി കരുതുന്നയാൾ. ബ്രാൻഡഡ് വസ്ത്രങ്ങൾ ഒക്കെ ഒഴിവാക്കിയ ആൾ. മെർസെഡീസ് മൈബാഹ് ആളുടെ വീട്ടിൽ ഉണ്ടാകും, പക്ഷെ യാത്ര മിക്കവാറും ട്രാമിൽ ആകും . പെട്ടെന്ന് ഓർമ്മ വരുന്നത് കൊല്ലത്തെ പഴയ കാലത്തെ പ്രമുഖ സ്വർണ്ണക്കട മുതലാളിയെ കുറിച്ച് പ്രചരിച്ചിരുന്ന കഥയാണ്. പൊതുവെ വളരെ മോശമായി വസ്ത്രം ധരിച്ചു നടന്നിരുന്ന ആളോട് ഒരിക്കൽ ആരോ ചോദിച്ചു അങ്ങെന്താണ് ഇങ്ങനെ ഇങ്ങനെ കീറിയ ഷർട്ട് ഒക്കെ ധരിച്ചു നടക്കുന്നതെന്ന്? അപ്പോൾ അദ്ദേഹത്തിന്റെ മറുപടി കൊല്ലത്തെ എല്ലാവർക്കും ഞാൻ ആരാണെന്നറിയാം. ഞാൻ എങ്ങിനെ നടന്നാൽ എന്താണ് എന്നാണ്. പിന്നീടൊരിക്കൽ ഇതേ മുതലാളിയെ ഇതേ ചോദ്യം ചോദിച്ച ആൾ മദ്രാസിൽ വെച്ചു കണ്ടു. അന്ന് അയാൾ ചോദിച്ചു മദ്രാസിൽ ആർക്കും അങ്ങ് ആരാണെന്ന് അറിയില്ലല്ലോ, പിന്നെന്തിനാണ് ഇങ്ങനെ കീറിയ വസ്ത്രം ഒക്കെ ധരിച്ചു നടക്കുന്നത് എന്ന്? മുതലാളിയുടെ മറുപടി, എന്നെ മദ്രാസിൽ ആർക്കും അറിയില്ലല്ലോ പിന്നെ ഞാൻ എന്തു ധരിച്ചാൽ എന്താണ് എന്നായിരുന്നു.

അടുത്തിടെ മധ്യേഷ്യയിലെ നിരവധി മാളുകളുടെ ഉടമയായ ഒരാളുമായി സംസാരിച്ചിരിക്കുകയായിരുന്നു ഞാൻ. ആൾ മേഖലയിലെ ഏറ്റവും ലക്ഷ്വറി മാൾ എന്ന് ഉറപ്പായും പറയാവുന്ന ഒന്നിന്റെ കൂടി ഉടമയാണ്. ഒരു വാല്യൂ ബ്രാൻഡ് ആ മാളിലേക്കു കൊണ്ട് വരാനായുള്ള ചർച്ചയ്ക്കായി അവർ ക്ഷണിച്ചത് പ്രകാരം പോയതാണ്. ഇതൊരു ലക്ഷ്വറി ഇടമല്ലേ, ഇത്തരമൊരു ബ്രാൻഡ് ഇവിടെ തുറന്നാൽ വിജയിക്കുമോ എന്ന് ഞങ്ങളിലൊരാൾ സംശയം പ്രകടിപ്പിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് ഞാൻ നേരത്തെ ഉദ്ധരിച്ചത്. ഞങ്ങൾ ഗൂച്ചിയിലും കയറും മാക്സിലും കയറും എന്ന്.

ഇത്തരം കാര്യങ്ങളിലൊന്നും ഇന്ന് ഒന്നോ രണ്ടോ കസ്റ്റമറുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കേണ്ട കാര്യമില്ല റീട്ടെയിലേഴ്സിനു. ഡാറ്റാ ഡ്രിവൺ ലോകത്താണല്ലോ നാമെല്ലാം ജീവിക്കുന്നത്. എല്ലാ റീട്ടെയിലേഴ്സിന്റെ പക്കലും കസ്റ്റമർ ഡാറ്റ ഉണ്ടാകും. നിങ്ങൾ എവിടെയൊക്കെ ഷോപ്പ് ചെയ്യുന്നു, ഏതൊക്കെ ഇടങ്ങളിലാണ് പോകുക, ഏതൊക്കെ ബ്രാൻഡുകളിൽ, ഏതൊക്കെ ദിവസങ്ങളിൽ എന്ന് മിക്കവാറും റീട്ടെയിലേഴ്സിനു അറിയാം, ഒരുപക്ഷെ നിങ്ങളുടെ ഇഷ്ട നിറം പോലും, നിങ്ങൾ മാസാവസാനം ഷോപ്പിംഗിനു പോകാറില്ലെന്നും അവർക്കറിയാം. ഒരുപക്ഷെ നിങ്ങളെ നിങ്ങളെക്കാൾ നന്നായി അറിയാവുന്നതു അവർക്കാവും.

ടെക്‌നോളജിയുടെ വികാസം ഏറ്റവും കൂടുതൽ ഗുണകരമായി മാറിയ ഒരു മേഖല റീട്ടെയിൽ ആണ്. ഇന്ന് പഴയതു പോലെ ധാരാളം സ്റ്റോക്ക് വാങ്ങി വെക്കേണ്ടതില്ല, നിങ്ങൾക്ക് വേണ്ടത് മാത്രം വാങ്ങിയാൽ മതി. ഒരുപാടു സ്റ്റോക്ക് സ്റ്റോറുകളിൽ ഹോൾഡ് ചെയ്യേണ്ടതില്ല, ആവശ്യത്തിനനുസരിച്ചു റീ ഓർഡർ ചെയ്‌താൽ അടുത്ത വിമാനത്തിൽ പറന്നിറങ്ങും വേണ്ടവ. നിങ്ങളെല്ലാം അറിയുന്ന ഒരു പ്രശസ്ത ബ്രാൻഡിന്റെ ഡെയിലി റിപ്ലെണിഷ്മെൻറ് മോഡൽ തന്നെ ഹോം കൺട്രിയിൽ നിന്ന് എല്ലാ ആഴ്ചയും വിറ്റു പോയവ വീണ്ടും അയക്കുക എന്നതാണ്, അങ്ങനെയാകുമ്പോൾ കൂടുതൽ വില്പനയുള്ള രാജ്യങ്ങളിലേക്ക് സ്റ്റോക്ക് അയക്കാനും അധികമായി വിൽക്കാത്ത രാജ്യങ്ങളിൽ സ്റ്റോക്ക് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും സാധിക്കും.

നിങ്ങൾ കരുതുന്നത് നിങ്ങൾ നിങ്ങൾക്കിഷ്ടമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നു എന്നല്ലേ. എന്നാൽ അത് അങ്ങിനെയല്ല. നിങ്ങളുടെ ഇഷ്ടങ്ങൾ അഥവാ നിങ്ങൾ എന്ത് തെരഞ്ഞെടുക്കണമെന്നത് ഏതോ രാജ്യത്തിരുന്നു ഏതോ ഡിസൈനർ ഏതാണ്ട് ഒന്ന് ഒന്നര വർഷം മുൻപ് തീരുമാനിച്ചതാണ്. ഒരു നല്ല റീട്ടെയിലർ customer journey എന്തായിരിക്കണമെന്നു അഥവാ തങ്ങളുടെ സ്റ്റോറിലെത്തുന്ന ഒരു ഷോപ്പർ എന്ത് കാണണമെന്നും എന്ത് വാങ്ങണമെന്നും മാസങ്ങൾക്കു മുൻപേ തീരുമാനിച്ചിരിക്കും. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളുടെ തീരുമാനങ്ങളേയല്ല.

അതേക്കുറിച്ചു കൂടുതലായി അടുത്ത ഭാഗത്തിൽ.

(തുടരും)

കവർ : ജ്യോതിസ് പരവൂർ

+ posts

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.