3

രണ്ടു നാൾക്കു ശേഷം ഒരർദ്ധരാത്രി പെട്ടെന്നുണർന്നു പോയി കമ്പൻ. തുടർച്ചയായി മുഴങ്ങുന്ന നഗാരയുടെ ശബ്ദത്തോടൊപ്പം” “ഉണരൂ,” “എഴുന്നേൽക്ക്,”തയ്യാറാകൂ” എന്നൊക്കെയുള്ള ഒച്ചപ്പാടുകളും അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ശബ്ദവും കേട്ടുകൊണ്ട് ഞെട്ടിയെഴുന്നേറ്റ അയാൾ കുടിലിനു വെളിയിലെ ദൃശ്യം കണ്ടു സ്തംഭിച്ചു പോയി. ഊരിലെ ആളുകൾ ഓരോരുത്തരായി അങ്ങോട്ട് വരികയാണ്. പന്തങ്ങളും ആയുധങ്ങളുമേന്തി ആരെയോ ആക്രമിക്കാനെന്നോണം നിൽക്കുകയാണവർ. അവരുടെ മുഖങ്ങളിൽ ആശങ്കയും ആവേശവും ഭയവും മാറി മാറിത്തെളിഞ്ഞു. അവർക്കു നടുവിൽ നിന്നുകൊണ്ട് ഒരു യുവാവ് പറയുന്നു, “നൂറു പേരോളമുണ്ട്. പട്ടണത്തുക്കാരാണ്, നമ്മളെത്തീർക്കാൻ തന്നെയാണ് വരവ്!” അയാളതു പൂർത്തിയാക്കും മുൻപ് അവർക്കിടയിലേക്ക് ചറു പിറാ തീയമ്പുകൾ പറന്നെത്തി. ആവണക്കെണ്ണയിൽ മുക്കിയ തുണിയിൽ ചേർത്ത് കെട്ടിയ തീയമ്പുകൾ അയക്കുകയാണവർ. വന്നു വീഴുന്നിടം അഗ്നികുണ്ഡമാക്കുന്ന ആക്രമണം.

കമ്പൻ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു. ഇറയത്തു ചൊരുകി വെച്ചിരുന്ന തന്റെ ആയുധം വലിച്ചെടുത്തു. ഉള്ളിലേക്കുപോയി. തന്റെ നാടൻ വില്ലെടുക്കാൻ സമയം കിട്ടിയില്ല. വിശക്കുന്ന ചെന്നായ്ക്കൂട്ടം പോലെ അവർ ആ വനവാസികളുടെ മേൽ ചാടിവീണു. തീയമ്പുകളോടൊപ്പം മറ്റൊരു വശത്തു ലോഹം കൊണ്ടുള്ള ആയുധങ്ങൾ പ്രയോഗിച്ചു തുടങ്ങി. എതിർക്കുന്നവരെ ഒറ്റവെട്ടിനു തീർത്തുകൊണ്ട് മുന്നേറി കമ്പൻ. പക്ഷേ താമസിച്ചിരിക്കുന്നു…

വന്നു വീണ അമ്പുകൾ ആൺ പെൺ ഭേദമില്ലാതെ ഭീലുകളുടെ മേൽ തറച്ചു. അവയ്ക്കുത്തരമെന്നോണം ഭീലുകൾ അങ്ങോട്ടും അമ്പെയ്യുക തന്നെ ചെയ്തു. കയ്യിൽ കിട്ടിയ ആയുധങ്ങളുമായി അവർ അക്രമികളെ നേരിട്ടു. ആക്രമിക്കൂ എന്ന അലർച്ചകളും, നിർദ്ദേശങ്ങളും, ആയുധങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദങ്ങളും അവിടമാകെ മാറ്റൊലിക്കൊണ്ടു. ആയുധാഭ്യാസം തുടങ്ങിയിട്ട് ഏറെയാവാത്ത കൗമാരക്കാർവരെ തങ്ങളെക്കൊണ്ട് ആവും വിധം നാഗരികരെ എതിർത്തു നിൽക്കുന്നുണ്ട്. തനിക്കെതിരെ വന്നവനെ ഒറ്റവെട്ടിനു തീർത്തു കമ്പൻ. തന്റെ കൂട്ടരെ പ്രോത്സാഹിപ്പിക്കുന്ന വിധം അലറിക്കൊണ്ട് ആക്രമികളുടെ നേരെ ചാടിവീണു. ആദ്യം കൂട്ടത്തെ ഓരോരുത്തരായി ചിതറിക്കണം, എന്നിട്ട് ആക്രമിക്കണം. അപ്പോൾ അവരെ നശിപ്പിക്കാൻ എളുപ്പമാണ്. എതിരെ വരുന്നവനെ കഠാരകൊണ്ട് കുത്തി വീഴ്ത്തി തൊട്ടടുത്തു പോരാടുന്ന ജംബുകന് രക്ഷകനായി അയാൾ. അവരുടെ കയ്യിലുള്ള വിചിത്രങ്ങളായ ആയുധങ്ങളെ നോക്കി അമ്പരന്നു കൊണ്ട്, അവയെ ഒഴിഞ്ഞു മാറി തന്നെക്കൊണ്ടു പറ്റുമ്പോലെ ആക്രമിക്കുകയാണയാൾ. ഓരോരുത്തരെ കൊന്നു മുന്നേറാനാണെങ്കിൽ അതിന് സമയമേറെ വേണം. മറിച്ച്, നേരെ വരുന്നവന്റെ മർമ്മത്തു മുറിവേൽപ്പിച്ചാൽ ഒന്നിച്ചെതിർക്കുന്നവരുടെ ശക്തികുറയുമെന്ന് അയാൾക്കറിയാം. പക്ഷേ ഭീലുകളെക്കാൾ കൂടുതൽ അംഗ സംഖ്യഉണ്ട് അവർക്ക്.

“കമ്പാ, പെണ്ണുങ്ങളെയും കുഞ്ഞുങ്ങളെയും കൂട്ടി നീ പടിഞ്ഞാട്ട് പോ. ഇവരെ തോൽപ്പിക്കാനിപ്പോൾ പറ്റുമെന്നു തോന്നുന്നില്ല! “പറഞ്ഞു തീരും മുൻപ് ജംബൂകന്റെ തലപിളർത്തിക്കൊണ്ട് ഒരു കോടാലി താഴ്ന്നു. തലയുടെ വലതുഭാഗം എല്ലു മുറിഞ്ഞു തെറിച്ചു. അതുകണ്ട് സ്തബ്ധനായിപ്പോയെങ്കിലും അടുത്ത നിമിഷം ജംബൂകനെ ആക്രമിച്ചവന്റെ വയറ് പിളർത്തി കമ്പന്റെ കഠാര! വയർ പിളർന്നു കുടൽ മാല പുറത്തു വന്ന നിലയിൽ അയാൾ അവിടെനിന്ന് ഉച്ചത്തിൽ അലറി. ഒരു കയ്യിൽ ബോധം മറയുന്ന ജംബൂകനെ ചേർത്തു പിടിച്ചു കൊണ്ട്, വിടരുത് വിടരുത് എന്നലറിക്കൊണ്ട്, വേട്ടയാടുമ്പോൾ എന്ന പോലെ, ആവേശത്തോടെ അയാൾ മറ്റൊരു നാഗരികന്റെ കാൽ വെട്ടിമുറിച്ചു. ‘കമ്പാ, ഇനി നോക്കണ്ട, ഞാൻ പറയുന്നത് കേട്ടു പെണ്ണുങ്ങളെയും കുട്ടികളെയും കൊണ്ട് രക്ഷപ്പെടൂ, ഇവരെ തോൽപ്പിക്കാൻ നിൽക്കരുതിപ്പോൾ’ എന്നു പറഞ്ഞുകൊണ്ട് ജംബൂകൻ ഊർന്നു വീണു.

അപ്പോൾ കമ്പന്, രണ്ടുനാൾ മുൻപ് ജംബൂകൻ പറഞ്ഞതിനർത്ഥം മനസിലായി. ഇപ്പോഴിവരെ തോൽപ്പിക്കാൻ സാധ്യമല്ല. സ്വയം രക്ഷിച്ചു കൊള്ളേണ്ടതുണ്ട്. തങ്ങളിൽ കുറച്ചു പേരെയെങ്കിലും രക്ഷപ്പെടുത്തേണ്ടതുണ്ട്. നേരെ വരുന്നവരെ ആക്രമിച്ചു കൊണ്ടു തന്നെ പിന്നാക്കം നീങ്ങിത്തുടങ്ങി അയാൾ. സൂകരൻ, ഭദ്രൻ തുടങ്ങി ചില കൂട്ടുകാർ തീവ്രമായി മുറിവേറ്റു വീണു കിടക്കുന്നതു കണ്ടു. തങ്ങളിൽ എത്ര പേർ ഇല്ലാതായി എന്നറിഞ്ഞില്ല. ആദ്യം വന്നു വീണ തീയമ്പുകൾ കൊണ്ടവരെല്ലാം ഇപ്പോൾ മരിച്ചു കാണും. തന്റെ കഠാര വീശിക്കൊണ്ട് തന്നെ അയാൾ മനസ്സിൽ കണക്കുകൂട്ടി. തന്റെയാളുകളിൽ ബാക്കിയുള്ളത് പത്തോ ഇരുപത്തഞ്ചോ മാത്രമായിരിക്കും. ശത്രുക്കൾ ആകട്ടെ അമ്പതോളം പേരിനിയും ബാക്കിയുണ്ട്. അതോർക്കുമ്പോഴേക്ക് അയാൾക്ക് പടിഞ്ഞാറായി കുടിലുകളിൽ ചിലത് കത്തിയെരിഞ്ഞു തുടങ്ങി. വേദനയും അമർഷവും നിയന്ത്രിച്ചു കൊണ്ടയാൾ സ്വന്തം കുടിലിനു നേരെ നടന്നു. ആ സങ്കടത്തിൽ വീണു പോയ ഒരു നിമിഷം നേരെ വരുന്നവനെ ശ്രദ്ധിച്ചില്ല കമ്പൻ. അവസാനനിമിഷം വെട്ടിമാറിയതുകൊണ്ട് കമ്പന്റെ നെഞ്ചിലെ തൊലിമാത്രം മുറിച്ചു കൊണ്ടു ശത്രുവിന്റെ വാളിനു തൃപ്തിപ്പെടേണ്ടി വന്നു. കയ്യിൽ ഉള്ളത് കഠാര ആണെങ്കിലും അതിന്റെ വായ് ത്തല അറക്കവാൾ പോലെ മൂർച്ചയുള്ളതാണ്. വേദന സഹിച്ചു കൊണ്ടങ്ങനെത്തന്നെ വെട്ടിത്തിരിഞ്ഞു ശത്രുവിനെ വെട്ടി വീഴ്ത്തി കമ്പൻ. കഴുത്ത് മുതൽ മുതുകുവരെ നീളത്തിൽ കീറിപ്പോയി,അയാളുടെ വെളുത്തു ദൃഢമായ ശരീരം. ചോര തെറിച്ചു കമ്പന്റെ ശരീരം നനഞ്ഞു. മറിഞ്ഞു വീണ തലയില്ലാത്ത ദേഹം കമ്പന്റെയുള്ളിൽ ചെറിയ ഞെട്ടലുണ്ടാക്കി അപ്പോഴേക്കും കുറച്ചു കുടിലുകൾ കൂടി കത്തിയെരിഞ്ഞു. അടുത്ത നിമിഷം, അയാൾ ചൂളം വിളിക്കുമ്പോലെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. കാട്ടുപന്നിയെ വേട്ടയാടുമ്പോൾ കാട്ടിൽ സൂക്ഷ്മദൃഷ്ടിയുള്ള പന്നിയുടെ മുന്നിൽ നിന്ന് മാറുക എന്നാണ് ആ ചൂളം വിളിയുടെ അർത്ഥം.

അങ്ങനെ ശബ്ദമുണ്ടാക്കിക്കൊണ്ട് തന്നെ തന്റെ കുടിലിലേക്കോടിക്കയറി. അപ്പോഴേയ്ക്കും അയാളുടെ ദേഹമാകെ മുറിവേറ്റിരുന്നു. കുടിലിനുള്ളിൽ പേടിയോടെ മൂലയ്ക്കൊതുങ്ങിയിരുന്ന അമരയെ തോളിലെടുത്തു കൊണ്ടയാൾ കുടിലിനു വെളിയിൽ എതിർ ദിശയിലേക്കോടി. ശരീരം കീറി മുറിക്കുന്ന മുൾക്കൂട്ടങ്ങളോ ഉള്ളംകാലിൽ തറയ്ക്കുന്ന കൂർത്ത കല്ലുകളോ അയാൾ അറിഞ്ഞില്ല. വേദനയോടെ കരയുന്ന അമരയുടെ ശബ്ദം ശ്രദ്ധിക്കാതെ അയാൾ ഓടിക്കൊണ്ടിരുന്നു. അയാൾക്കറിയാം തന്റെ ചൂളം ശ്രദ്ധിച്ചവരെല്ലാം തന്റെ പിന്നാലെയുണ്ടാവും. പക്ഷേ കൂടെ വരാൻ എത്ര പേർ ബാക്കിയുണ്ട് എന്നു മാത്രം അയാളെറിഞ്ഞില്ല. കുറച്ചേറെ ദൂരം പിന്നിടും വരെ അയാൾ നിന്നതേയില്ല. ഉൾവനത്തിലെത്തി ചെറിയൊരരുവിയുടെ തീരത്തു കിതച്ചു കൊണ്ടു ക്ഷീണിച്ചു നിന്നു. അമരയെ ഒരു കുറ്റിക്കാട്ടിൽ ഇരുത്തി, ഇരുട്ടിലേക്കു നോക്കിക്കൊണ്ടിരുന്നു. ഏറെ നേരത്തിനു ശേഷം, പെൺ കരടി വേട്ടയാടപ്പെടുമ്പോഴെന്ന പോലെയുള്ള അലർച്ച കേട്ടുതുടങ്ങി. അതു കരടികൾ സഞ്ചരിക്കുന്ന സ്ഥലമല്ല, അവിടം കാട്ടിൽ കരടികൾ ജീവിക്കുന്നയിടവുമല്ല. കമ്പന് തന്റെയാളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അവരുടെ സൂചക ശബ്ദം തന്നെയാണത്.

ചിത്രത്തിന് AI കടപ്പാട്

കുറ്റിക്കാട്ടിൽ നിന്ന് പുറത്തു വരാതെ, ആയുധം മുറുകെ പിടിച്ചു കൊണ്ടയാൾ അതേ പോലെ മുരണ്ടു തുടങ്ങി. ഓരോരുത്തരായി കുറ്റിക്കാട്ടിൽ നിന്ന് പുറത്തേയ്ക്കുന്നു വന്നു ഭീലുകൾ. വിരലിലെണ്ണാവുന്നവർ മാത്രം. കമ്പന്റെനെഞ്ചിൽ സങ്കടം വിങ്ങി. നെഞ്ചിൽ ആഞ്ഞടിച്ചു കൊണ്ടു പൊട്ടിപ്പൊട്ടിക്കരഞ്ഞു. സത്യത്തിൽ അവർക്കെല്ലാം മുൻപ് പോരിൽ മരിക്കേണ്ടവൻ താനാണ്. അവർക്കു നായകനായി യുദ്ധം ചെയ്യേണ്ടവൻ. പക്ഷേ പേടിത്തൊണ്ടനായൊരു കുറുക്കനെ പോലെ അയാളിന്ന് ഭയന്നോടിയിരിക്കുന്നു!

“നേതാവേ, ഇനിയൊന്നും ബാക്കിയില്ല, അവർ നമ്മുടെ പെൺകുട്ടികളെ കൊണ്ടുപോയി. നമ്മുടെ ആൺകുട്ടികളെ മാൻകുഞ്ഞുങ്ങളെപ്പോലെ വെട്ടിക്കളഞ്ഞു. വിറയ്ക്കുന്ന സ്വരത്തിൽ ഒരു യുവാവ് പറഞ്ഞു. അയാളുടെ കണ്ണുകളിലേക്ക് നോക്കാനായില്ല കമ്പന്. “നായകാ!” എന്ന വിളി അയാളെ കൂടുതൽ നോവിച്ചു. നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി… രുദ്രൻ!… ജംബൂകന്റെ പതിനെട്ടു കാരനായ മകൻ!

ഏതോ പട്ടണത്തുകാർ കാട്ടിൽ യാത്ര ചെയ്യുമ്പോൾ തീവെട്ടിക്കൊള്ളക്കാർ ആക്രമിച്ചു കൊന്നു കവർച്ച നടത്തി. മൃത ദേഹങ്ങളുടെയിടയിൽ കരഞ്ഞു കൊണ്ടിരുന്ന പയ്യനെ ജംബൂകൻ കൂട്ടിക്കൊണ്ടു വന്നു. അന്നുമുതൽ ഭീലുകളോടൊപ്പം അവൻ വളർന്നു. മെല്ലെ അവനിൽ നിന്നു നോട്ടം മാറ്റി മറ്റുള്ളവരെ ശ്രദ്ധിച്ചു. എഴോ എട്ടോ പേർ മാത്രം! അവരിൽ ആകെ ഒരു സ്ത്രീ മാത്രം. അതു തന്റെ കൂട്ടുകാരൻ പാഷാണന്റെ ഭാര്യ ഭേരി. മറ്റു രണ്ടു പേർ തന്റെ ഊരിലെ വൈദ്യൻ മാരകന്റെ മക്കൾ. എല്ലാവരും വിറയലോടെ നിശബ്ദരായവിടെ നിന്നു.

കുറച്ചധികം നേരത്തെ മൗനത്തിനു ശേഷം കമ്പൻ തുടർന്നു, കൂട്ടരേ,നമ്മൾ ഇനി വേണ്ടതെന്തെന്ന് മാത്രം ഇപ്പോൾ ആലോചിക്കാം. ഒന്നിചച്ച്‌ യാത്ര ചെയ്താൽ ഇനിയും നമ്മൾ പട്ടണത്തുകാരുടെ കയ്യിൽപെടും. അതുകൊണ്ട് വേറെവേറെ വേണം പോകാൻ. നമ്മൾ ഇവടന്ന് കിഴക്ക് എട്ടു താഴ്‌വാരങ്ങൾക്കപ്പുറം ഹിഡുംബ വനത്തിലേക്കാണ് പോകേണ്ടത്. ഹിമവാന്റെ സാനുക്കളിൽ പാർവതീ താഴ്‌വരയിലാണ് ഹിഡുംബ വനം. മാനവ രാജ്യങ്ങളുടെ ഭരണത്തിൻ കീഴിൽവരാത്ത സ്വതന്ത്ര വനസാമ്രാജ്യം. നാഗരികരോട് എതിർക്കാൻപോന്ന സൈന്യം ഉള്ള രാജ്യമാണെന്ന് ജംബൂകൻ പറഞ്ഞിട്ടുണ്ട്. എന്നാൽ നമ്മൾ വേറെ വേറെ വഴികളിൽ സഞ്ചരിച്ചു വേണം അവിടെ എത്താൻ. എന്നുപറഞ്ഞുകൊണ്ടയാൾ മാരകന്റെ മക്കളെ നോക്കി.

ചിത്രത്തിന് AI കടപ്പാട്

“എന്റെ കുഞ്ഞനിയന്മാരെ, ഭേരിയെ സുരക്ഷിതമായി കൊണ്ടുവരാൻ കഴിയുന്നവർ ആരാണ്?നിങ്ങളിൽ ഒരാൾ അവളുടെ സംരക്ഷണമേറ്റെടുക്കണം. ഇപ്പോൾ നമുക്ക് ബാക്കിയായ ഒരേയൊരു നായികയാണ് അവർ. മാതൃജാതിയില്ലാതെ നമ്മൾ എങ്ങനെ ജീവിക്കും? നമ്മുടെ ജാതിയെ പുനർജനിപ്പിക്കാൻ കഴിവുള്ളവരിൽ രണ്ടാമത്തെ ആളായ അമരയെ ഞാൻ നോക്കിക്കൊള്ളാം. നിങ്ങൾ രണ്ടുപേരിൽ ഒരാൾ ഭേരിയെ ഹിഡുംബ വനത്തിൽ എത്തിക്കണം. മറ്റൊരാൾ രണ്ടു പുലരികൾ കൂടി കാത്തതിനു ശേഷം, അവിടെ നമ്മുടെ ഊരിൽ മരിച്ചവരുടെ സ്മരണയ്ക്ക് എന്തെങ്കിലും ശേഖരിച്ചു കൊണ്ടു വരണം. അവർക്ക് സമാധികൾ നിർമ്മിക്കേണ്ട ബാധ്യത നമുക്കുണ്ട്.”

വൈദ്യകുമാരന്മാരിൽ മൂത്തവനായ പത്രകൻ ഊരിൽ നിന്ന് മരിച്ചവരുടെ ശിഷ്ടവസ്തുക്കൾ കൊണ്ടുവരാമെന്ന് ഏറ്റു. ഇളയവൻ, മൂലകൻ ഭേരിയെയും കൊണ്ടു ഹിഡുംബവനത്തിലേക്കു തിരിച്ചു. കമ്പൻ അമരയെ വീണ്ടും തോളിലേക്കെടുക്കുമ്പോഴെയ്ക്കും നാഗരികർ തൊട്ടടുത്തുള്ളതായി ശബ്ദം കൊണ്ടു തിരിച്ചറിഞ്ഞു. പെട്ടെന്ന് പത്രകന് മുന്നറിയിപ്പ് കൊടുത്ത് അരുവി കടന്നു. അവിടെ നിന്ന് അറുപതു മൈൽ ദൂരത്തോളം അറിയാതെ നടന്നു കൊണ്ടേയിരുന്നു. രണ്ടു പകലും ഒരു രാവും നടന്ന് അവർ ആ പ്രദേശത്ത് എത്തി. കുറച്ചു വിശ്രമിച്ചിട്ടു യാത്ര തുടരാം എന്നു കരുതി ഒരു കുറ്റിക്കാട്ടിൽ എത്തി. അയാളുടെ അറിവിൽ അവർ ഹിഡുംബവനത്തിന് അടുത്ത് തന്നെയാണുള്ളത്. രാവിലെ ഹിഡുംബരുടെ ഊരിലെത്തി സഹായം ചോദിക്കണം എന്നാലോചിച്ചു കൊണ്ടു ചെറുതായി മയങ്ങിത്തുടങ്ങുമ്പോഴേക്ക് ശബ്ദം കേട്ടു നോക്കുമ്പോൾ വഴിയിൽ ആയുധധാരികൾ ! അവരുടെ കയ്യിലെ വലകളും കയറും ആയുധങ്ങളുമൊക്കെക്കണ്ടാൽ വനവാസികളെ കണ്ടെത്തിപ്പിടിച്ച് ഗ്രാമത്തലവനു കാഴ്ച്ച വെയ്ക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണെന്ന് മനസിലാവും. ഇപ്പോഴത്തെ തന്റെ അവസ്ഥയിൽ അവരോട് ഏറ്റുമുട്ടി ജയിക്കുക സാധ്യമല്ല. അതുകൊണ്ട് അവിടെത്തന്നെ അനങ്ങാതിരുന്ന് അവരെ ശ്രദ്ധിക്കുന്നതാണ് നന്ന്. ഉറക്കെ സംസാരിച്ചാൽ കേൾക്കുന്ന ദൂരമേയുള്ളു അവർക്കും അയാൾക്കുമിടയിൽ.

കവര്‍: സി പി ജോണ്‍സണ്‍

(തുടരും)

No comments on ഹിഡിംബി (അദ്ധ്യായം 1- തുടർച്ച)
No comments on ഹിഡിംബി (അദ്ധ്യായം 1- തുടർച്ച)

+ posts

Emmanuel Mettles was born at Kannur in Kerala. She is a Post Graduate in English, Sanskrit and Psychology (social and health). Presently she is working in Telangana State, India, as a psychologist. She is a multilingual poet who writes in many periodicals. She has received many accolades including Kavya Koumudi award of Telangana Sahitya Akademy and Kala Ratna 2025 from GSM TV-9 Telangana for her literary works in different languages. She is a co-author in as many as 59 English poetry anthologies published in India and abroad and published 5 books on her own. Moreover she is a visual artist and translator  too.