പൂമുഖം LITERATURE കവിത – വിജയരാജമല്ലിക

കവിത – വിജയരാജമല്ലിക

ട്രാൻസ് ജെൻഡർ കവിതയ്ക്കൊരാമുഖം – ഗീത


ലിംഗം’ എന്ന ട്രാൻസ് ജെന്‍ഡറുകളെ പറ്റിയുള്ള ഏക മലയാള കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് .

“ഞങ്ങൾ
വാനമില്ലാപ്പറവകൾ , വനമില്ലാകൃഷ്ണമൃഗങ്ങൾ
നീരില്ലാമത്സ്യങ്ങൾ വേരില്ലാമരങ്ങൾ
വരിക തരിക സഹജരേ
ഞങ്ങൾക്കൊരു മനുഷ്യമുദ്ര ,മാലാഖച്ചിറക്
ഞങ്ങളുടെ ലിംഗാവകാശങ്ങൾ
സമ്മതിദാനം, റേഷൻ കാർഡ്
മറപ്പുര, ബദൽ നിയമങ്ങൾ
നിങ്ങളുടെ ആട്ടും തുപ്പും
ബ്രഹ്മന്റെ കൈപ്പിഴക്
കൃഷ്ണ മുഖത്ത്” (വിജയകുമാർ കുനിശ്ശേരി എന്ന പുരുഷൻ)

ആണും പെണ്ണുമല്ലാത്തവരെ / ആയവരെപ്പറ്റി ഒരാണെഴുതിയ ഈ കവിത അവരുടെ സത്വസംഘർഷം വ്യക്തമാക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു. എന്നാൽ ആണും പെണ്ണുമല്ലാത്തവരെന്നു നമ്മൾ വിളിച്ചവർ ഇന്ന്‍ ട്രാൻസ്ജെന്‍ഡറുകൾ എന്ന പേരിൽ സ്വയം പുറത്തുവന്നിരിക്കുന്നു. ആ വ്യക്തിയുടെ കവിതകൾ മലയാളത്തിലേക്ക് ആദ്യമായി കടന്നുവരുന്നു.അതാണ് വിജയരാജമല്ലികയുടെ കവിതകളെ പ്രസക്തമാക്കുന്നത്.

സാഹിത്യചരിത്രങ്ങളിലെ പെണ്ണിന്‍റെ ഇടം തന്നെ പ്രശ്നവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ നിലയ്ക്ക് ട്രാൻസ്ജെന്‍ഡർ ഇന്നോളമുണ്ടായ സാഹിത്യചരിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ല. ട്രാൻസ്ജെന്‍ഡറുകൾ ഉണ്ടായിരുന്നില്ലെന്നോ, അവർക്ക് സർഗാത്മകത ഉണ്ടായിരുന്നില്ലെന്നോ അല്ല ഞാനുദ്ദേശിക്കുന്നത്. അവരുടെ എഴുത്തുകൾ ഇതുവരെയും ഏതെങ്കിലും സ്ത്രീനാമത്തിനോ പുരുഷനാമത്തിനോ പിന്നിൽ മറഞ്ഞിരുന്നു എന്നാണ്. അത് കണ്ടെടുക്കുക അത്ര എളുപ്പമല്ല.അതുകൊണ്ട് കൂടിയാണ് വിജയരാജമല്ലികയുടെ കവിതകൾ സാഹിത്യബോധവിച്ഛേദമായിരിക്കുന്നത്.

പുരുഷ ശരീരത്തിൽ നിന്ന് സ്ത്രീകളും സ്ത്രീ ശരീരത്തിൽ നിന്ന് പുരുഷന്മാരും പുറത്തുവന്ന് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സംസാരിച്ചു തുടങ്ങുമ്പോൾ മാത്രമാണ് ഒരു (ഏതൊരു )വിജയരാജ മല്ലികയ്ക്ക് കവിത പുറത്തുകൊണ്ടുവരാൻ സാധിക്കുക.

സാഹിത്യമർമ്മജ്ഞരായ പുരുഷന്മാർക്ക് ഒട്ടേറെ പിഴവുകൾ ചൂണ്ടിക്കാണിക്കാവുന്നവയാണ് മല്ലികയുടെ കവിതകൾ. വ്യാകരണവും, പ്രയോഗങ്ങളും അശിക്ഷിതങ്ങളും അപ്രഗൽഭങ്ങളുമാണ്. പക്ഷെ അവൾ മലയാളസാഹിത്യത്തിൽ പിച്ചവെച്ചു തുടങ്ങുന്നു. അതുകൊണ്ട് ഈ കവിതകളെ ചെവികൊണ്ടോ, കണ്ണുകൊണ്ടോ അല്ല ഹൃദയം കൊണ്ടാണറിയേണ്ടത്. യുക്തികൊണ്ടല്ല , വികാരംകൊണ്ടാണളക്കേണ്ടത്.

ട്രാൻസ്ജെന്‍ഡറുകളെപ്പറ്റി, അഥവാ അവർക്കുവേണ്ടി ആണും, പെണ്ണും പറയേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും അവർ സ്വയം അവരെപറ്റി പറഞ്ഞുതുടങ്ങുകയാണെന്നും മലയാളത്തെ ബോധ്യപ്പെടുത്താൻ ഈ കവിതകൾ ഉതകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവയുടെ കുറവുകൾ പൊതുസമൂഹത്തിന്‍റെ കുറവുകളാണ്. എന്നാൽ മലയാള കവിതയുടെ ഒഴിഞ്ഞ ഇടങ്ങളിലേക്ക് ഈ കവിതകൾ നടന്നു കയറുന്നു. ട്രാൻസ് ജെന്‍ഡറുകളെപറ്റിയോ ,അവർക്ക് വേണ്ടിയോ ഉള്ള സാഹിത്യമല്ല ജെന്‍ഡറുകളുടെ സാഹിത്യമാണ് അവരെ പ്രതിനിധീകരിക്കുന്നത്. മുഖ്യധാരാപണ്ഡിതപൊതുസമൂഹത്തിന്‍റെ തിരുത്തലുകളേയും മിനുക്കു പണികളെയും അപ്രസക്തമാക്കിക്കൊണ്ട് അവ ഭാവിയിലേക്ക് കുതിക്കുന്നു.അപ്പോഴവ വിജയരാജമല്ലിക എന്ന ഒരേയൊരു വ്യക്തിയുടെ എഴുത്തല്ല ട്രാൻസ് ജെന്‍ഡർ അവസ്ഥയുടെ പൊതുപ്രഖ്യാപനമാണ്.


കവിത – വിജയരാജമല്ലിക


 

1

തേടി തേടി മടങ്ങും പലരും,

തത്തെ നിൻ തനു കണ്ടില്ല…

തടി തടവി തലകൾ മാന്തി,

തമ്പികൾ പലരും വിടവാങ്ങി…

തലവന്മാരുടെ തലയോടുകളിൽ,

തലവേദനയായ് തീർന്നവളെ….

തറയിലുറങ്ങും മുൻപേതന്നെ,

തറുതല ചൊല്ലിപോയവളെ….

തുറകളിൽ നിന്നും തേരാളികളുടെ,

തോണികൾ പലതും വന്നിട്ടും….

തപ്പി തപ്പി മുങ്ങിത്തപ്പി,

തൂശികൾ പോലും കണ്ടില്ല

തേങ്ങ വീണാൽ തുയിലുണരുന്ന,

തൊപ്പിക്കാരൻ പാറാവേ

തുള്ളൽക്കാരുടെ താറാവുകളെ,

തഴുകി തഴുകി ഉറങ്ങല്ലെ

തുറിക്കണ്ണുമായ് കാത്തിരിക്കും,

തള്ളമാരുടെ തൂവാല

തണ്ണീർ കടലിൽ താഴ്ന്നു വീണത്,

തരുണി നീയും അറിഞ്ഞില്ലെ ….


വിരണ്ടോടിയ പോത്ത്


 

ചോപ്പുകണ്ടോടുന്ന പോത്തിനെപ്പോലെ,

ഞാൻ കുതറിയോടിയ വെള്ളിയാഴ്ച്ച…

മറവിലെങ്ങനെ താഴ്ന്നു പോയിടുമാ,

മിഴികൾ മരവിച്ച കെട്ടുകാഴ്ച …

ഓടിയകന്നു ഞാൻ പാടവരമ്പിലൂടെങ്ങോട്ടു,

പോണമെന്നറിയാതെ…

മൂക്കിൽ വിധിയിട്ട കയറിന്റെ വേദന,

അസ്ഥിയിലാകെ ജ്വലിച്ചു പൊന്തി…

രക്തം മണക്കുന്ന കത്തിയുമായവർ…

നിർദ്ദയമായെന്നെ പിന്തുടർന്നു ….

അരുതെന്ന് തേങ്ങിയെൻ മാറ്റൊലികൾ

പക്ഷെ കേട്ടെന്ന ഭാവം നടിച്ചില്ല

വരണ സ്വാതന്ത്ര്യം ഇല്ലെടാ പോത്തെ

നീയും നമ്മുടെ ഇരയെന്നലറി

ചാടിപ്പിടിച്ചെന്നെ മെരുക്കിയവർ

അറവുശാലയിലേക്കായി നടന്നു പിന്നെ

കരിനീലമിഴികളിൽ ഈറനണിഞവൾ

മണിയറ വാതിലിൽ കാത്തു നിൽപ്പൂ

നീലഭൃംഗാദിതേച്ചു മിനുക്കിയ

തലമുടി ചീകി ഒതുക്കിടുന്നു

മല്ലിക പൂക്കളാൽ മാലയും കോർത്തവൾ

കട്ടിലിനരികിൽ ചേർന്നു നിന്നൂ

പൊട്ടിക്കരയുവാൻ പോലുമാകാതെ ഞാൻ

കെട്ടിവരിഞ്ഞെന്റെ നെടുവീർപ്പുകൾ

ഈ ബലിക്കല്ലിൽ പിടയുവാനാണോ

അമ്മെ പാവമീ എന്റെ യോഗം

തോലുപറിച്ചെന്നെ കഷ്ണങ്ങളാക്കി

ചെമ്പിൽ എറിയാൻ തുനിയരുതെ

 

ആദവും ഹവ്വയും ഒന്നിച്ചു പങ്കിട്ട,

കനിയുടെ സ്വാദെനിക്കറിയേണ്ട

പഴകിയതെങ്കിലും പ്രിയനന്നു നൽകിയ

പാഥേയമുണ്ടെന്റെ പശിയടക്കാൻ

 

Comments
Print Friendly, PDF & Email

മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവി. തൃശ്ശൂർ സ്വദേശി. സോഷ്യൽ വർക്കറാണ്.

You may also like