പൂമുഖം COLUMNS ജയിക്കുമെന്നുറപ്പുളള യുദ്ധത്തിൽ പങ്കെടുത്ത് വിജയശ്രീലാളിതയായി മടങ്ങുന്നതിനേക്കാൾ മഹത്വമുണ്ട് തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിൽ പങ്കെടുത്ത് തോൽക്കുന്നതിന്…

ഓര്‍മ്മകളില്‍ നിന്ന് ദീപ നിശാന്തിന്റെ കുറിപ്പ്: ജയിക്കുമെന്നുറപ്പുളള യുദ്ധത്തിൽ പങ്കെടുത്ത് വിജയശ്രീലാളിതയായി മടങ്ങുന്നതിനേക്കാൾ മഹത്വമുണ്ട് തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിൽ പങ്കെടുത്ത് തോൽക്കുന്നതിന്…

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
രു അപ്രഖ്യാപിത ഹർത്താലായിരുന്നു അന്ന്. റോഡരികിലെ കടകളെല്ലാം അടഞ്ഞുകിടപ്പാണ്. ഞങ്ങളൊരു ദൂരയാത്ര കഴിഞ്ഞ് വരികയാണ്. 6 മണി വരെയാണ് ഹർത്താലെങ്കിലും അഞ്ചര കഴിഞ്ഞതോടെ അവിടവിടെയായി ചില കടകളൊക്കെ തുറക്കാൻ തുടങ്ങിയിട്ടുണ്ട്. വരുന്ന വഴിക്ക് ഏതെങ്കിലും കട തുറന്നിട്ടുണ്ടെങ്കിൽ പച്ചക്കറി വാങ്ങാൻ അമ്മ വിളിച്ചു പറഞ്ഞിരുന്നത് ഞാൻ നിശാന്തിനെ ഓർമ്മിപ്പിച്ചു.
വാടാനപ്പിള്ളി സെൻ്ററിലെത്തിയപ്പോൾ അവിടൊരു പച്ചക്കറിക്കട തുറന്നിട്ടുണ്ട്. നിശാന്ത് അതിന് മുന്നിൽ വണ്ടി നിർത്തി ചോദിച്ചു:
“എന്തൊക്കെയാ വാങ്ങണ്ടേ ?”
“ഇറങ്ങണ്ട…….ഞാൻ വാങ്ങിച്ചോളാം” എന്നു പറഞ്ഞ് എൻ്റെ മടിയിൽ ഉറങ്ങുകയായിരുന്ന ആര്യക്കുട്ടിയെ ഞാൻ നിശാന്തിൻ്റെ മടിയിലേക്കു കിടത്തി .കാറിൽ നിന്ന് പുറത്തിറങ്ങി.
പുറകിലെ സീറ്റിൽ കിടക്കുകയായിരുന്ന ധ്യാനു ചാടിയെണീറ്റ് പതിവുപോലെ വിവിധോദ്ദേശപദ്ധതികളുമായി എൻ്റെ കൂടെയിറങ്ങി.
“നീയെന്തിനാ ഇറങ്ങണേ?” ഞാനവനെ തടയാൻ ശ്രമിച്ചു.
” ഇനിക്ക് ദാഹിച്ചിട്ടു വയ്യ! ”
” വണ്ടീല്ണ്ടല്ലോ വെള്ളം.”
“ഇനിക്കാ വെള്ളം വേണ്ട.. ”
അവൻ പതിവുപോലെ എന്നെ അവൻ്റെ ആഗ്രഹങ്ങളുടെ നേർക്ക് തള്ളിക്കയറ്റാൻ നോക്കി.അപ്പുറത്തൊരു ബേക്കറി തുറന്നു കിടപ്പുണ്ട്.. അവിടെ കോളകൾ നിരത്തി വെച്ചിട്ടുണ്ട്. അവിടേക്കാണ് ഉന്നം. ഞാൻ അവൻ്റെ എല്ലാ പദ്ധതികളേയും പൊളിച്ച് ഇപ്പുറത്തെ പച്ചക്കറിക്കടയിലേക്ക് കയറി.മുഖം വീർപ്പിച്ച് ധ്യാനു പുറകെ വന്നു.
” വീടെത്താറായില്ലേ… അവിടെ അച്ഛമ്മ എന്തേലും ഉണ്ടാക്കി വെച്ചിട്ട്ണ്ടാവും.. അത് കഴിച്ചാ മതി ”
“ഇക്കൊന്നും വേണ്ട!” ധ്യാനു പ്രഖ്യാപിച്ചു.
” ആ…. വേണ്ടെങ്കി വേണ്ട… ഒരു നിർബന്ധോല്യ! ”
ഞാനാ വാശിയെ പാടേ നിസ്സാരവത്കരിച്ചു.

കഷണ്ടിയുള്ള ,പത്തമ്പത് വയസ്സ് പ്രായം വരുന്ന ഒരാൾ കടയിലിരിപ്പുണ്ടായിരുന്നു. അയാളായിരിക്കണം ആ കടയുടെ ഉടമസ്ഥൻ. അയാളുടെ ശരീരഭാഷ കൃത്യമായും ഒരു അധികാരിയുടേതായിരുന്നു.
മുഴുവനും നരച്ച മുടിയുള്ള മെലിഞ്ഞ ഒരാൾ എനിക്ക് പുറം തിരിഞ്ഞ് കുനിഞ്ഞു നിന്ന് താഴെയുള്ള കുട്ടയിൽ നിന്ന് കപ്പ എടുത്ത് പുറത്തു വെക്കുന്നുണ്ട്.. തൊട്ടടുത്ത് ഒരു കുട്ടയിൽ കൂർക്ക ഇരിപ്പുണ്ട്. ഒരു കൂർക്ക മെഴുക്കുപുരട്ടിയുടെ രുചിയോർമ്മയിൽ എൻ്റെ നാവിൽ വെള്ളമൂറി. കൂർക്ക സീസണല്ലാത്തതിനാൽ അടുത്തിടെയൊന്നും കൂർക്ക കഴിച്ചിട്ടില്ല.
” കൂർക്ക വാങ്ങണ്ട.. ട്ടാ”
ധ്യാനുവാണ്. എൻ്റെ കൂർക്ക നോട്ടം കണ്ടിട്ടാണ്.കൂർക്ക അവനിഷ്ടമില്ലാഞ്ഞിട്ടല്ല.മറിച്ച് എനിക്കിഷ്ടമുള്ളതാണ് അവൻ്റെ അപ്പോഴത്തെ കൂർക്കപ്രതിഷേധത്തിനു കാരണം..
അവൻ്റെ ശബ്ദം കേട്ട് കപ്പ അടുക്കിക്കൊണ്ടിരുന്ന ആൾ തിരിഞ്ഞു നോക്കി. അയാളവിടെ നിന്നും പെട്ടെന്ന് നിവർന്നു. എഴുപതോളം വയസ്സ് പ്രായം തോന്നുമായിരുന്നു അയാൾക്ക്..
“എന്താ വേണ്ടേ?” അയാൾ ശാന്തമായി ചോദിച്ചു .
” കൂർക്ക…. ഒരു കിലോ.. “. ഞാൻ പറയുന്നതു കേട്ട് ധ്യാനുവിൻ്റെ മുഖം പിന്നെയും വീർത്തു.
“അമ്മക്കിഷ്ടള്ളത് വാങ്ങാലേ?” എന്ന പിറുപിറുപ്പ് എനിക്കു കേൾക്കാം…
അയാൾ കുട്ടയിൽ നിന്നും കൂർക്ക കോരിയെടുത്ത് തൂക്കം നോക്കി.. അത് പൊതിയുന്നതിനിടെ ഞാൻ മുന്നിലിരുന്നിരുന്ന കാരറ്റുകളിൽ നിന്ന് നല്ലതു മൂന്നാലെണ്ണം തെരഞ്ഞെടുത്ത് അയാൾക്കു നേരെ നീട്ടി.
” അരക്കിലോ മതി !”
അയാളതു വാങ്ങി. തൂക്കം നോക്കിയപ്പോൾ അരക്കിലോയിലും അൽപ്പം കൂടുതലുണ്ട്. കാരറ്റിൽ നിന്നും ഒരെണ്ണം പുറത്തെടുക്കണോ വേണ്ടയോ എന്ന് സംശയിച്ച് അയാളൊന്നു നിന്നു.
“അതും കൂടി വെച്ചോളൂ” എന്ന് ഞാൻ പറയാനൊരുങ്ങുമ്പോഴാണ്….,
“ആരടെ അമ്മേക്കെട്ടിക്കാനാടാ നോക്കി നിക്കണേ?”
ആ അപ്രതീക്ഷിത ഗർജ്ജനം കേട്ട് ഞാൻ നടുങ്ങിപ്പോയി. മേശയ്ക്കടുത്ത് സ്റ്റൂളിലിരിക്കുന്ന മനുഷ്യനാണ്.
ഒരാവശ്യവുമില്ലാതെയായിരുന്നു ആ ശകാരം. ഇത്രയ്ക്ക് തിരക്കുകൂട്ടാൻ മാത്രം കടയിൽ മറ്റാരുമുണ്ടായിരുന്നില്ല. എൻ്റെ മുഖം വിളറി.പൊതിഞ്ഞു കൊണ്ടിരുന്ന മനുഷ്യനെ നോക്കുമ്പോൾ അയാൾക്ക് യാതൊരു ഭാവമാറ്റവുമില്ല. നിസ്സഹായതയും നിസ്സംഗതയും മാറി മാറി നിഴലിക്കുന്ന മുഖത്തോടെ അയാൾ കാരറ്റ് പൊതിയുകയാണ്.അയാൾ ബധിരനാണോ എന്നു പോലും തോന്നിപ്പോയി.
“വേറെന്താ വേണ്ടേ ?”
“മുരിങ്ങയ്ക്കായ…. അരക്കിലോ…” ഞാനും സ്വാഭാവികത വീണ്ടെടുത്തു.
മുരിങ്ങയ്ക്കായും പരിപ്പും മാങ്ങയുമിട്ടുള്ള കറി ആര്യക്കുട്ടിക്കിഷ്ടമാണ്.
അധികം മൂക്കാത്ത മുരിങ്ങയ്ക്കായ അയാൾ തിരഞ്ഞെടുക്കാൻ തുടങ്ങി. അപ്പോഴേക്കും അടുത്ത അട്ടഹാസം!!
“നീയെന്താ തുണിട്ക്കാൻ നിക്കാ? എന്ത് കോപ്പാ തെരേണേ? എടുത്ത് കൊടുക്കടാ വേഗം. ”
അയാൾ നിശ്ശബ്ദനായി ആ ശകാരം ഏറ്റുവാങ്ങി. എത്രയോ കാലമായി കേൾക്കുന്ന ആ ശകാരം അയാൾക്കൊരു ശീലമായി മാറിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതായിരുന്നു അയാളുടെ ഓരോ ചലനങ്ങളും.
“ഇതിൻ്റെ നടു മുറിക്കണാ?”
മുരിങ്ങയ്ക്കായ തൂക്കം നോക്കുന്നതിനിടയിൽ അയാൾ എന്നോടു ചോദിച്ചു.
” മുറിച്ചോ ” എന്ന് ഞാൻ മറുപടി പറയും മുമ്പേ ശകാരം വീണ്ടും തുടങ്ങിക്കഴിഞ്ഞു.
” മുറിക്കാണ്ട് പിന്നെ? ഇതൊക്കെ ചോയ്ച്ച്ട്ട് വേണാ ?”
“മുറിക്കണ്ട!” ഞാൻ ചാടിപ്പറഞ്ഞു. ആ മനുഷ്യനെ നിഷേധിക്കാനുള്ള ഒരവസരവും പാഴാക്കില്ലെന്ന് ഞാനുറപ്പിച്ചു.
” വേറെ?” ചോദ്യഭാവത്തിൽ വൃദ്ധൻ നിന്നു.. എന്താ വേണ്ടതെന്ന് ഞാനാലോചിച്ചു.
“പപ്പടം വാങ്ങിക്കോ…” ധ്യാനു എന്നെ പതുക്കെ തട്ടി. പപ്പടം ഇല്ലാതെ ചോറിറങ്ങാത്തവനാണ്. സ്കൂളിൽ ചോറ്റുപാത്രത്തിൽ പപ്പടം വെക്കാൻ മറന്നതിന് ഒരാഴ്ച എണ്ണിപ്പെറുക്കി നടന്നവനാണ്.
“രണ്ടു പാക്കറ്റ് പപ്പടം ” എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും ഇടയിലുള്ള ശകാരവർഷത്തിനവസരം കൊടുക്കാതെ അയാളതെടുത്ത് കവറിലേക്കിട്ടു. അവസരം കിട്ടാതെ വന്നപ്പോൾ താഴെ വീണു കിടക്കുന്ന സവാളയും ഉരുളക്കിഴങ്ങുമെല്ലാം കഷണ്ടിക്കാരന് അയാളെ ശകാരിക്കാനുള്ള കാരണങ്ങളായി ഭവിച്ചു.
” ഒരു ചെറിയ കുമ്പളങ്ങ വേണം” ഞാൻ പറഞ്ഞു.
കുറേ കുമ്പളങ്ങകൾക്കിടയിൽ അയാൾ തിരയുമ്പോഴേക്കും ഗർജ്ജനമുയർന്നു.
” ഒന്ന് വേഗം എടുത്ത് കൊടുക്കടാ… ആയം പാടി നിന്നാ അത്രേം പണി കുറയുച്ചിട്ടാ…”
ആ ‘എടാ വിളി’ എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.അതൊരു അധികാര ധാർഷ്ട്യത്തിൽ നിന്നുയർന്ന വിളിയായിരുന്നു.പ്രായം ചെന്ന മനുഷ്യൻ ആ വിളി ദയനീയമായി ഏറ്റുവാങ്ങി.
എനിക്കു വേണ്ടിയാണ് ഇതെല്ലാം പറയുന്നതെന്ന മട്ടിൽ കടക്കാരൻ എന്നെ നോക്കി വികലമായി ചിരിച്ചു. എനിക്ക് വെറുപ്പാണ് തോന്നിയത്.
“കടേല് വരണോർക്ക് തെരക്ക്ണ്ടാവില്ലേ?ഇവന്മാർക്കത് വല്ലോം അറിയണാ?”
“എനിക്കത്ര തിരക്കില്ല!”
എൻ്റെ ശബ്ദം ദേഷ്യം കൊണ്ട് കനത്തിരുന്നു. അയാൾ അൽപ്പം പുച്ഛത്തോടെ എന്നെ നോക്കി. പുറകീന്ന് കാറിൻ്റെ ഹോൺ. നിശാന്താവും. ചെല്ലാൻ തിരക്ക് കൂട്ടുന്നതാവും.
” അച്ഛനെന്തോ പറേണു”
ധ്യാനുപറയുന്നതു കേട്ട് ഞാൻ തിരിഞ്ഞു നോക്കി. കടയുടെ മുമ്പിൽ കൂട്ടിയിട്ടിരിക്കുന്ന ചക്കയിലേക്ക് നിശാന്ത് വിരൽ ചൂണ്ടി വാങ്ങിച്ചോളാൻ ആംഗ്യം കാട്ടി.ഇവിടുന്നൊന്ന് രക്ഷപ്പെട്ടാ മതീന്ന് കരുതി നിക്കുമ്പഴാണ്.ഒരു ചക്ക.. വീട്ടിലെ പ്ലാവ് മുറിച്ചു കളഞ്ഞതെന്തിനാന്ന് ചോദിച്ച് വഴക്കിടണം.
” ചക്ക വേണാ?” വൃദ്ധൻ ശാന്തനായി ചോദിച്ചു.
” ആ….. പഴുത്തത് നോക്കീട്ട്….. ”

ഒരു ചക്കയെടുത്ത് അയാൾ തൂക്കം നോക്കി. ഞാൻ അത് മതിയെന്ന് തലയാട്ടി. വേറെ വല്ലതും വേണോന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ടെന്ന അർത്ഥത്തിൽ ചുമലുയർത്തി. അയാൾ ഞാൻ വാങ്ങിയ സാധനങ്ങളുംഓരോന്നിൻ്റേയും തൂക്കവും ബില്ലെഴുതാനായി ഉറക്കെ വിളിച്ചു പറഞ്ഞു.
” നിർത്തി നിർത്തിപ്പറേടാ….. നീയെന്താ വായുഗുളിക വാങ്ങാൻ പോണ്ടാ?”
” നിർത്തിപ്പറഞ്ഞാലും നിങ്ങള് ചീത്ത പറയില്ലേ? ” എൻ്റെ അടക്കി വെച്ചിരുന്ന അമർഷം പുറത്തേക്ക് ഒറ്റച്ചാട്ടം!
കഷണ്ടിക്കാരൻ എന്നെ തറപ്പിച്ചൊന്നു നോക്കി. എനിക്കൽപ്പം അധൈര്യം തോന്നി.ആ നോട്ടം കണ്ടല്ല. പരാതിക്കാരനില്ലാത്ത ഒരു കേസിൽ മധ്യസ്ഥൻ്റെ സ്ഥാനം ഒട്ടും മികച്ചതാവില്ല എന്നെനിക്കുറപ്പായിരുന്നു.എന്നിട്ടും ഞാൻ ധൈര്യം സംഭരിച്ച് പറഞ്ഞു.
“എന്തിനാ വെറുതെ ആളോളെ ചീത്ത പറേണേ? മര്യാദയ്ക്ക് പറഞ്ഞാപ്പോരേ?”
അയാളൊന്നു പുച്ഛത്തിൽ ചിറി കോട്ടിക്കൊണ്ട് പറഞ്ഞു.
” നിങ്ങളെന്നെ മര്യാദ പഠിപ്പിക്കാൻ വന്നതാ? കൊള്ളാലോ….. എന്നാലേ,എനിക്കിത്ര മര്യാദയേ ഉള്ളൂ. അത്രയ്ക്ക് വെഷമണ്ടെങ്കി പെങ്ങളൊരു കാര്യം ചെയ്യ്… അയാളെ പിടിച്ചാ വണ്ടീക്കേറ്റി കൊണ്ടക്കോ…..”
വലിയ സാഹസികതയ്ക്കൊന്നും സ്കോപ്പില്ലാത്ത ആ സന്ദർഭത്തിൽ അതിദയനീയമായി ഞാൻ പരാജയപ്പെട്ടു.ബാലവേലയല്ല അവിടെ നടക്കുന്നത്. ആരും ആരെയും മർദ്ദിച്ചിട്ടുമില്ല.
ആർക്കും പരാതിയില്ലാത്ത ഒരിടത്ത് വഴക്കിട്ടാൽ ജലരേഖകൾ പോലെ അത് നിഷ്ഫലമായിത്തീരുമെന്ന് ഞാൻ ഭയന്നു. ആർക്കു വേണ്ടിയാണോ ഞാൻ സംസാരിച്ചത് അയാളെന്നെ നോക്കുന്നതു പോലുമില്ല. അയാൾ തൻ്റെ ജോലികളിൽ വ്യാപൃതനായിക്കഴിഞ്ഞിരുന്നു.
“നാട്ടാരെ നന്നാക്കാൻ കൊറേ ആൾക്കാര് എറങ്ങിക്കോളും… ” എന്ന് പിറുപിറുത്തു കൊണ്ട് അയാൾ ബില്ല് എനിക്കു നേരെ നീട്ടി. തോറ്റ പോരാളി പൈസ കൊടുത്തു.ബാക്കി വാങ്ങി.കവറെടുത്ത് കാറിനുനേരെ നടന്നു. നിശാന്തിനോട് ഡിക്കി തുറക്കാൻ ആംഗ്യം കാട്ടി.
സാധനങ്ങൾ അതിലേക്ക് വെക്കുമ്പോഴേക്കും ചക്കയുമായി അയാൾ വന്നു.ചക്ക ഡിക്കിയിൽ വെക്കുന്നതിനിടെ അയാൾ എന്നോട് ചോദിച്ചു..
“എന്തിനാ വെറുതെ സംസാരിക്കാൻ പോയേ? മിണ്ടാണ്ടിരിക്കാർന്നില്ലേ?”
ഞാൻ മിണ്ടിയില്ല.
ഡിക്കി അടക്കുന്നതിനിടെ അയാൾ പറഞ്ഞു.
“ഇക്കിതൊക്കെ ശീലായി കുട്ട്യേ……. ഒന്നും തോന്നാറില്ല. എന്തേലും പറയട്ടേന്ന് വെക്കും.ഈ പ്രായത്തില് വേറെ പണിയൊന്നും കിട്ടില്ല… കൂലിപ്പണിക്ക് പോവാനുള്ള ആരോഗ്യോമില്ല…. നമ്മള് കൊണ്ടു കൊടുത്താലേ വീട്ടില് അരി വേവൂ..മോള് വിഷമിക്കണ്ട……”
ഞാൻ നിശ്ശബ്ദയായി കേട്ടു. ഒന്നും മിണ്ടാൻ തോന്നിയില്ല. ഞാനെന്തെങ്കിലും പറയുന്നതു കേൾക്കാൻ അയാൾ കാത്തു നിന്നതുമില്ല. അയാൾ കടയിലേക്കു നടന്നു. കുറേ ശകാരങ്ങൾ അവിടെ തന്നെ കാത്തുനിൽപ്പുണ്ടെന്ന് അയാൾക്കറിയാം.
ഞാനും ധ്യാനുവും കാറിൽ കയറി. ആര്യക്കുട്ടി അപ്പോഴേക്കും ഉണർന്നിരുന്നു.പുറകിലെ സീറ്റിലിരിപ്പാണ്. നിശാന്ത് വണ്ടിയെടുത്തു.
അപൂർവാവസരങ്ങളിൽ മാത്രം പാലിക്കുന്ന ഒന്നായതിനാൽ എൻ്റെ മൗനം പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. നിശാന്ത് എന്നെ നോക്കി ചോദിച്ചു.
” എന്തു പറ്റി?”
“എന്ത്?”
ഞാൻ മറുചോദ്യം കൊണ്ട് ആ ചോദ്യത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു.
” അമ്മയ്ക്ക് ആ കടക്കാരൻ്റേന്ന് നല്ല ചീത്ത കേട്ടു അച്ഛാ…. അതിനാ ”
ഞാൻ ദേഷ്യത്തിൽ ധ്യാനുവിനെ തിരിഞ്ഞു നോക്കി. ബേക്കറിയിൽ കേറാത്തതിൻ്റെ വൈരാഗ്യമാണ് ചെക്കന്. അവൻ വർദ്ധിതവീര്യത്തോടെ പറഞ്ഞു.
“അമ്മ ചമ്മിപ്പോയി! അങ്ങനെ വേണം!”
“അമ്മേനെ തല്ല്യോ ചേട്ടാ?”
ആരാധ്യയുടെ സംശയം… നിശാന്തതു കേട്ട് ചിരിച്ചു.
” എന്താണ്ടായേ? വണ്ടി തിരിക്കണാ?”
നിശാന്ത് സാഹസിക ഭർത്താവായി.
“ഓ! വേണ്ട…. എൻ്റെ പ്രശ്നം തീർക്കാൻ ഇക്കറിയാം…”
” പ്രശ്നം തീർക്കാനല്ല…. അയാളെ ഒന്നഭിനന്ദിക്കാനാ…… ”
അതു കേട്ട് ധ്യാനു ഉറക്കെ ചിരിച്ചു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ആര്യക്കുട്ടിയും ചിരിയിൽ പങ്കു ചേർന്നു.
ആ സംഘടിതാക്രമണത്തിൽ പരുക്കേറ്റ് ചിരിക്കാൻ കഴിയാതെ ഞാനിരുന്നു.
എൻ്റെ മനസ്സിൽ ഒരു നിസ്സഹായമുഖമായിരുന്നു.മടങ്ങുമ്പോൾ അയാൾ പറഞ്ഞ വാചകങ്ങളായിരുന്നു. ഒന്നും ചെയ്യാനാകാതെ ദയനീയമായി തോറ്റ ഞാനായിരുന്നു..
എന്തിനാണ് ആളുകളിങ്ങനെ അധികാരഗർവ് കാട്ടുന്നത്? ഇത്തരം കോപ്രായങ്ങൾക്ക് പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.
ഒരിക്കൽ കളിപ്പാട്ടങ്ങൾ തൂങ്ങിയാടുന്ന ഒരു കടയ്ക്കു മുന്നിൽ വെച്ച് പഠിപ്പിച്ച ഒരു കുട്ടിയെ കണ്ടു. അവനാ കടയിൽ ജോലിക്കു നിൽക്കുകയാണ്.” ടീച്ചറേ “ന്നും വിളിച്ച് അവൻ ആഹ്ലാദത്തോടെ അടുത്തുവന്നു. എൻ്റെ കൂടെ ബന്ധുക്കളുണ്ടായിരുന്നു.
” എൻ്റെ സ്റ്റുഡന്റാ ” എന്നു പറഞ്ഞ് ഞാൻ അഭിമാനത്തോടെ അവനെ അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനിടെ
“വായിനോക്കി നിക്കാണ്ട് കടേല് സാധനെടുത്ത്‌ കൊടുക്കടാ ” എന്ന ആക്രോശം കേട്ട് പകച്ചു വിളറിയ അവൻ്റെ മുഖം…. !
ഒരു വഴക്കോ ചോദ്യം ചെയ്യലോ അവൻ്റെ ഉപജീവന മാർഗ്ഗമായിരിക്കും തകർക്കുകയെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. ആ ബോധ്യത്തിൽ ചിലപ്പോഴൊക്കെ നാമിങ്ങനെ നിശ്ശബ്ദരാകേണ്ടി വരും.
“പോട്ടെ ടീച്ചറേ…. പിന്നെ കാണാം”
എന്നു പറഞ്ഞ് അവൻ തിരിഞ്ഞോടിയത് ഇപ്പോഴും കൺമുമ്പിലുണ്ട്.കോളേജിൽ തല നിവർത്തിപ്പിടിച്ച് ഉറക്കെയുറക്കെ മുദ്രാവാക്യം വിളിച്ചിരുന്നവനാണ് അപമാനം കൊണ്ട് കുനിഞ്ഞ തലയുമായി അന്ന് അകത്തേക്ക് കയറിപ്പോയത്.പിന്നീട് എന്നെ കാണുമ്പോഴെല്ലാം അന്നത്തെ അപമാനത്തിൻ്റെ കയ്പ് അവൻ്റെ മുഖത്ത് തങ്ങിനിൽക്കുന്നതായി തോന്നിയിട്ടുണ്ട്.
മനുഷ്യൻ സാഹചര്യങ്ങളുടെ അടിമയാണ്……..
അധികാര ഗർവ്വുകൾക്കു മുമ്പിൽ പഞ്ചപുച്ഛമടക്കി അവൻ നിശ്ശബ്ദനാകുന്നത് അവൻ്റെ ഗതികേടുകൊണ്ടാണ്……
സാഹചര്യങ്ങളാണ് മനുഷ്യനെ ദുർബലനാക്കുന്നതും ശക്തിമാനാക്കുന്നതും എല്ലാം…..

“അമ്മയ്ക്ക് അങ്ങനന്നെ വേണം…. ബേക്കറീല് കേറാത്തോണ്ടാ….. ഇക്ക് ഒന്നും വാങ്ങിച്ചരാത്തോണ്ടാ…ഇക്ക് നല്ലിഷ്ടായി അമ്മേനെ ചീത്ത പറഞ്ഞേപ്പോ…… അമ്മേടെ മുഖം കാണണാർന്നു”
ധ്യാനുവിൻ്റെ ആഹ്ലാദം അലതല്ലിയൊഴുകുകയാണ്.
അവൻ്റെ മുന്നിൽ അമ്മ യുദ്ധത്തിൽ അതിദയനീയമായി തോറ്റവളാണ്. വിജയി കഷണ്ടിക്കാരനാണ്. ജീവിതത്തിൽ എല്ലാ സന്ദർഭങ്ങളിലും വിജയിച്ച് സുരേഷ് ഗോപി സിനിമയിലെ നായകനെപ്പോലെ സ്ലോമോഷനിൽ തിരിഞ്ഞു നടക്കാനാവുമെന്നാണ് അവൻ്റെ പ്രതീക്ഷ.
അവനറിയില്ല… അവൻ്റെ അമ്മ ചിലപ്പോൾ പങ്കെടുക്കുന്നത് തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിലാണെന്ന്…
ചീത്ത കേൾക്കണം ഇടയ്ക്ക് …… മിണ്ടാൻ പറ്റാതെ നിശ്ശബ്ദയാകണം…..
എങ്കിലേ അവൻ്റമ്മയുടെ അഹങ്കാരം കുറയൂ….
എന്നാലും…… എത്ര തവണ തോറ്റാലും അവൻ്റമ്മ ഇനിയും പങ്കെടുക്കും….
ജയിക്കുമെന്നുറപ്പുളള യുദ്ധത്തിൽ പങ്കെടുത്ത് വിജയശ്രീലാളിതയായി മടങ്ങുന്നതിനേക്കാൾ മഹത്വമുണ്ട് തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിൽ പങ്കെടുത്ത് തോൽക്കുന്നതിന്…
അതു കൊണ്ട്,
ഇനിയുമിനിയും തോൽക്കും….. തോറ്റു കൊണ്ടേയിരിക്കും.


 

Comments
Print Friendly, PDF & Email

തൃശൂര്‍ സ്വദേശി. എഴുത്തുകാരി, അദ്ധ്യാപിക. ഇപ്പോള്‍ കേരളവര്‍മ കോളേജില്‍ അദ്ധ്യാപികയാണ്.

You may also like