ഞാന്‍, നിവേദിത, എഴുതുന്നത് :
പ്ലേറ്റിന് നടുവില്‍ രണ്ട് ചെറിയ പൂരി – അതിന് മേലെ സോസറില്‍ ചോറ് – ചുറ്റും അരിക് ചേര്‍ന്ന് എണ്ണക്കിണ്ണത്തിന്റെ വലുപ്പത്തിലുള്ള ചെറിയ കണ്ണാടിപ്പാത്രങ്ങളില്‍ കറികളും ഉപ്പിലിട്ടതും തൈരും പായസവും. വരിനിന്ന് ഞാനത് വാങ്ങിച്ചു.
വലിയ ഹാളില്‍ നിരത്തിയിട്ടിരുന്ന വൃത്താകൃതിയിലുള്ള മേശകള്‍ക്ക് ചുറ്റും നടന്ന് കൂട്ടുകാര്‍ ഒഴിവുള്ള ഇരിപ്പിടങ്ങള്‍ കണ്ടെത്തുന്നുണ്ടായിരുന്നു. പ്ലേറ്റില്‍ നിന്ന് ഒന്നും ചിതറി വീഴാതിരിക്കാന്‍ ശ്രദ്ധിച്ച് പതുക്കെയാണ് അവരുടെ നടപ്പ്. പ്ലേറ്റ് രണ്ട് കൈകളിലുമായി എടുത്ത് ഹാളില്‍ മൊത്തം കണ്ണോടിച്ച് പതിവ് പോലെ ഞാന്‍ അല്പനേരം നിന്നു. പിന്നെ ഏറ്റവും പിന്നിലുള്ള വരി ലക്ഷ്യമാക്കി നടന്നു. രാജിയും വീണയും ഇന്ദുവും ശ്വേതയും പ്രിയയും അപര്‍ണയും അടങ്ങുന്ന ഞങ്ങളുടെ സംഘം അവിടെയാണ് കൂടാറുള്ളത്.
നടന്നുകൊണ്ടിരിക്കെ, അവിടവിടെ മേശകള്‍ക്ക് ചുറ്റും നീങ്ങിയിരുന്നവര്‍ മറ്റൊരു ചുറ്റുപാടിലേയ്ക്ക് മാറി. മന:പൂര്‍വമല്ലെങ്കിലും ഞാനവരെ അങ്ങോട്ട് മാറ്റി എന്ന് പറഞ്ഞാലും തെറ്റാവില്ല.
നാട്ടിൻപുറത്തെ കുടുംബവീടിന്റെ തെക്കെ തൊടിയിൽ വലിയമ്മാവന്റെ ശവദാഹം നടക്കുകയാണ്. ഈറനുടുത്ത്, ഉയരുന്ന തീനാളങ്ങളുടെ പൊള്ളിക്കുന്ന ചൂടും പുകയും ഏല്‍ക്കാതിരിക്കാന്‍ മുഖം തിരിച്ച് ചിത പ്രദക്ഷിണം ചെയ്യുന്ന ബന്ധുക്കളാണവർ. തൊഴുകൈകളോടെ മൂന്നു തവണ വലംവെച്ച് ചിതയെ വണങ്ങി ഓരോരുത്തരായി പിന്‍വാങ്ങി. അടുക്കിവെച്ച പച്ചമരക്കഷണങ്ങള്ക്കിടയിലൂടെ പൊട്ടലും ചീറ്റലുമായി തീ ഉയര്‍ന്നുപടര്‍ന്നു.
രണ്ട് കൈകളിലുമായി ഞാന്‍ ചുമന്നിരുന്നത് വെള്ളം നിറച്ച മണ്‍കുട മായിരുന്നു. വെള്ളത്തില്‍ കറുകകൊണ്ടുള്ള മോതിരവും ചെറൂളപ്പൂക്കളും ഒരറ്റം കത്തിക്കരിഞ്ഞ തുണിത്തിരികളും വാഴയിലത്തുണ്ടുകളും അരിമണികളും പൂവിതളുകളും ചന്ദനവും ഉണ്ടായിരുന്നു.
ക്രിയകളുടെ മേൽനോട്ടക്കാരാരോ പറഞ്ഞതനുസരിച്ച് ഓടുന്ന വേഗത്തിൽ ഞാന്‍ മുന്നോട്ട് നടന്നു. ചുറ്റുമുള്ളവരുടെ നോട്ടം പിന്തുടരുന്നത്, കണ്‍കോണിലൂടെ അറിയുന്നുണ്ടായിരുന്നു. ‘തളരരുത് !’ ഞാന്‍ എന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു. താഴ്ന്നുവന്ന നിശ്ശബ്ദതയില്‍ ചുമരിനടുത്തെത്തി, നിന്നു. അമ്മാമനേയും മരിച്ചുപോയ കാരണവന്മാരേയും ഭക്തിപൂർവം സ്മരിച്ചു. തിരിഞ്ഞുനോക്കാതെ, കൈയിലിരുന്ന മണ്‍കുടം തലയ്ക്ക് മുകളിലൂടെ പിന്നിൽ ചിതയിലേയ്ക്കെറിഞ്ഞു.
പാത്രങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദത്തിനും ചുറ്റുമുയര്‍ന്ന ബഹളത്തിനും ചെവി കൊടുക്കാതെ എതിര് ദിശയില്‍ ഓടാനായിരുന്നു ആരോ പറഞ്ഞത്. വലതുവശത്ത് തുറന്നുകണ്ട വാതിലിലൂടെ പുറത്തുകടന്ന് ആവുന്നത്ര വേഗത്തില്‍ ഞാന്‍ ഓടി. ഹാളിന്റെ മറ്റേയറ്റത്ത് എത്തുന്നതിന് മുന്‍പ് ആരൊക്കെയോ എതിരെ വന്നു. ഇരുവശത്തുനിന്നും എന്നെ കൈ പിടിച്ച് നിര്‍ത്തി.
സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പരിഭ്രാന്തമുഖങ്ങള്‍ പൊടുന്നനെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് എനിക്ക് മനസ്സിലായില്ല. ചുറ്റുമുള്ള കാഴ്ചകളും ശബ്ദങ്ങളും ഒരിരുട്ടിലേയ്ക്ക് ഒതുങ്ങിമറഞ്ഞു. അഞ്ചെട്ട് മിനുട്ട് നേരത്തേയ്ക്ക് ഞാന്‍ ബോധരഹിതയായിരുന്നു എന്ന് പിന്നീട് അവര്‍ പറഞ്ഞ് ഞാനറിഞ്ഞു.
പിറ്റേന്ന് അച്ഛന് എന്നെ അടുത്തുള്ള ക്ലിനിക്കില്‍ കൊണ്ടുപോയി. പരിശോധനകള്‍ക്ക് ശേഷം ശോഷിച്ച എന്റെ ശരീരപ്രകൃതത്തെ ഒറ്റ നോട്ടത്തില്‍ വിലയിരുത്തി പോഷകാഹാരക്കുറവല്ലാതെ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല എന്ന് എന്നെക്കാള്‍ ശോഷിച്ച ഡോക്റ്റര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. പ്രശ്നം ആവര്‍ത്തിച്ചാല്‍ നോക്കാം എന്ന് പറഞ്ഞ് തിരിച്ചയച്ചു.
ആദ്യമായല്ല അങ്ങനെ സംഭവിക്കുന്നതെന്ന് വീട്ടിലാര്‍ക്കും അറിയില്ലായിരുന്നു. പതിനാല് വയസ്സില്‍ ഒമ്പതാം ക്ലാസില്‍ വെച്ചുണ്ടായ അനുഭവം മറ്റൊരു ചുറ്റുപാടില്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടത് ഞാന്‍ മറന്നിട്ടില്ല – എനിക്ക് മറക്കാനാവില്ല.
അന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചത് അത്രയും കാലം എന്തുകൊണ്ട് ഒരിക്കലും അങ്ങനെ സംഭവിച്ചില്ല എന്നാണ് – ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നതും അതാണ്. അതേ മാനസികാവസ്ഥയിലൂടെ മുന്‍പും എത്രയോ എത്രയോ പ്രാവശ്യം കടന്നുപോയിട്ടുണ്ട്. കനത്ത ഒരു ഞെട്ടലില്‍ ഉണരുന്നതോടെ എല്ലാം അവസാനിക്കുകയാണ് പതിവ്.
പരീക്ഷക്കിടെ ക്ലാസില്‍ നിന്ന് ടീച്ചര്‍ എന്തിനോ പുറത്തുപോയ സമയത്ത് എന്റെ ഉത്തരക്കടലാസുകളില്‍ ഒരു പേജ് ഞാന്‍ കൂട്ടുകാരി രാധയ്ക്ക് കൈമാറി. ആവശ്യം കഴിഞ്ഞ് അവളത് തിരിച്ചുതരുന്നത് കണ്ടുകൊണ്ടാണ് അവര്‍ മടങ്ങിവന്നത്. കൈയോടെ പിടിക്കപ്പെട്ട ഞങ്ങള്‍ രണ്ടുപേര്‍ അടക്കം കുറച്ചുപേര്‍ പ്രിന്‍സിപ്പലിന്റെ മുന്നിലേയ്ക്ക് ആനയിക്കപ്പെട്ടു: ’കൂട്ടകോപ്പിയടി !’ എന്ന് ഒറ്റവാക്കിലാണ് അവര്‍ പ്രിന്‍സിപ്പലിനോട് പരാതി അറിയിച്ചത്. ടീച്ചര്‍ ഞങ്ങളില്‍ ഓരോരുത്തരുടേയും രക്ഷിതാവുമായി ഫോണില്‍ ബന്ധപ്പെട്ടു. കഥ വിസ്തരിച്ച് പറഞ്ഞുകേള്‍പ്പിച്ചു. പിറ്റേന്ന് പ്രിന്‍സിപ്പലിനെ വന്നുകാണണമെന്ന് നിര്‍ദ്ദേശിച്ചു. ക്ലാസിന് അന്നത്തെ പരീക്ഷ ഒരിക്കല്‍ കൂടി എഴുതേണ്ടിവന്നു.
വൈകുന്നേരം വീടെത്തി കോഫി കുടിക്കുന്നതിന്നിടെ ഞാൻ കാര്യങ്ങൾ അമ്മയെ ധരിപ്പിച്ചു. നീണ്ടുനിന്ന ശകാരത്തിന് നിശ്ശബ്ദം ചെവികൊടുത്ത് തിണ്ണയിലിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ അമ്മ നിര്‍ത്തി. തുടര്‍ന്നുവരുന്ന നിശ്ശബ്ദതയില്‍ അല്പനേരം ഇരുന്ന് നിശ്ശബ്ദം എഴുന്നേറ്റ് രംഗം വിടുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത്. അമ്മയുടെ രീതി അതാണ്. അച്ഛനെ അങ്ങനെ നേരിടാൻ വയ്യ. അത്താഴം കഴിച്ചെന്നുവരുത്തി. രാത്രി പത്ത് മണിക്ക് ശേഷം അച്ഛനെത്താൻ കാത്തുനിൽക്കാതെ ഞാൻ കിടന്നു. അടുത്ത ദിവസം രാവിലെ, ഒഴിവാക്കാനാവാത്ത കൂടിക്കാഴ്ചയ്ക്ക് തയ്യാറായി കോണിപ്പടികളിറങ്ങി. ഉമ്മറത്തെ മുറിയിലേയ്ക്ക് നടന്നു.
ചാരിയ വാതിലിന് പിന്നില്‍ അച്ഛൻ എന്ത് ചെയ്യുകയായിരിക്കും? ഞാന്‍ സങ്കല്പ്പിക്കാന് ശ്രമിച്ചു : നിലത്ത് കിടക്കവിരി വിരിച്ച് കുനിഞ്ഞിരുന്ന് എന്റെ സ്കൂള്‍ യൂണിഫോം ഇസ്തിരിയിടുകയായിരിക്കും – അഥവാ ജോലിക്ക് പോകാൻ തയ്യാറായി, കസേലയിലിരുന്ന് കുനിഞ്ഞ് ഷൂവിന്റെ ലേസ് കെട്ടുകയായിരിക്കും. ഞാന്‍ വാതില്‍ തുറക്കുന്നത് അച്ഛനറിയില്ല. അടുത്തെത്തി ഞാന്‍ ആ തോളില്‍ സ്പര്‍ശിക്കും. ഞെട്ടിത്തിരിയുമ്പോള്‍ ആണ് കസേരയില്‍ ഇരുന്നിരുന്നത് അച്ഛന്റെ ശരീരവും മറ്റാരുടെയോ മുഖവുമാണെന്ന് ഞാനറിയുക !
ഭയന്നതുപോലെ, മുറിയുടെ വാതില്‍ ചാരിയിരുന്നു. അകത്ത് താഴെ നോക്കിയിരിക്കുന്ന അപരിചിതമുഖത്തെ നേരിടാന്‍ ധൈര്യം വരാതെ വാതില്‍പ്പിടിയില്‍ കൈവെച്ച് ഞാന്‍ നിന്നു. മടങ്ങിപ്പോയാലോ എന്ന് സംശയിച്ചു. ഒടുവില്‍ പ്രാര്‍ത്ഥനയോടെ വാതില്‍ പതുക്കെ തുറന്നു. കുനിഞ്ഞിരിക്കുന്ന അപരിചിതന് പകരം ചാരുകസേലയിലിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛനെയാണ് ഞാൻ കണ്ടത്.
‘മോള് ! ‘ എന്ന വിളിയോടെ അച്ഛന് എഴുന്നേറ്റു. അപരിചിതന് ഇരിക്കേണ്ടിയിരുന്നിടത്ത് അച്ഛനെ കണ്ട നടുക്കത്തിലായിരുന്നു ഞാന്‍.. കണ്ണിലും തലയ്ക്കകത്തും ഒരു തരിപ്പ് പടര്‍ന്നു. ഉണര്‍ന്നത് കിടക്കയിലായിരുന്നു. അടുത്ത് അച്ഛനിരുന്നിരുന്നു. അല്പം മാറി, പരിഭ്രമിച്ച മുഖവുമായി വാതില്‍ ചാരി അമ്മ നിന്നിരുന്നു. എന്നെ ആശ്വസിപ്പിക്കുമ്പോള്‍ അവര്‍ക്കറിയില്ലായിരുന്നു അച്ഛന്റെ ദേഷ്യമോ ശിക്ഷയോ ഭയന്നല്ല ഞാന്‍ മയങ്ങിവീണതെന്ന്.
മുന്നിലെ കാഴ്ചകള്‍ സ്വയം അസംബന്ധസ്വപ്നങ്ങളിലേയ്ക്ക് വളരുമ്പോള്‍ എതിര്‍ക്കാതെ ഒപ്പം പോകുകയല്ലാതെ എനിക്ക് ഒന്നും ചെയ്യാന്‍ ആവുമായിരുന്നില്ല. എന്തിനെന്നോ എങ്ങനെയെന്നോ വിശദീകരിക്കാനാവാത്ത മട്ടില്‍ എനിക്കതിഷ്ടവുമായിരുന്നു. യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേയ്ക്കുള്ള ഞെട്ടലും ബോധംകെട്ട് വീഴലും അതിന് കൊടുക്കേണ്ടി വന്ന ചെറിയ വില മാത്രം. അതില്‍ എനിക്ക് വിഷമം തോന്നിയിരുന്നില്ല.

മനസ്സിന്റെ അപഥസഞ്ചാരങ്ങളില്‍, കോളേജ് ജീവിതത്തിനിടെ ഒരു വാരാന്ത്യം ചെലവഴിക്കാന്‍ കൂട്ടുകാരി രേണുവിന്റെ വീട്ടില്‍ പോയപ്പോഴത്തെ അനുഭവവും മറക്കാനാവാത്തതാണ്. ബഹുനിലക്കെട്ടിടസമുച്ചയത്തില് ഒമ്പതാം നിലയിലെ അവളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് നോക്കിനില്ക്കുകയായിരുന്നു ഞാന്‍. അവൾ അകത്തെന്തോ ജോലിയിലായിരുന്നു.
ദൂരെ കാഴ്ചകള്‍ക്ക് അതിര്‍ത്തിയിട്ട മലയ്ക്ക് കമിഴ്ന്നുകിടക്കുന്ന കൂറ്റന്‍ ഡബ്ള്‍ ബ്രാക്കറ്റിന്റെ രൂപമായിരുന്നു. അതിനടിവാരത്തോളം, കള്ളികളാക്കി തിരിച്ച ധാന്യപ്പാടങ്ങള്‍ കൊയ്ത്ത് കഴിഞ്ഞ് വരണ്ടും വിണ്ടും കിടന്നു – ഇടയില്‍ ഇരുണ്ട തടിയും കൂര്‍ത്ത് കുറിയ വിശറിയോലകളുമായി ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടം ചേര്‍ന്ന് നിരയായും കരിമ്പനകള്‍ നിന്നു. . അവയിലാകെ ചൂടും വെളിച്ചവും പകര്‍ന്ന് അടിവെച്ചടിവെച്ച് പകല്‍ നീങ്ങി. താഴെ സൂക്ഷ്മരൂപികളായി ആള്‍ക്കാരും വാഹനങ്ങളും പ്രത്യക്ഷപ്പെട്ടു – പല ദിശകളില്‍ യാത്രചെയ്ത് പല വഴിക്ക് മറഞ്ഞു.
വെയിലില്‍ അലോസരപ്പെട്ട് നിന്ന ബഹുനിലക്കെട്ടിടത്തിനുമേല് ഓര്‍ക്കാപ്പുറത്ത് തണല്‍ വീണു. കിടക്കുന്ന ഒരാളുടെ കാലിലേയ്ക്ക് താഴത്തുനിന്ന് പുതപ്പ് വലിച്ചിടുന്നത് പോലെയായിരുന്നു അത്. ഞാന്‍ മുകളിലേയ്ക്ക് നോക്കി. തിളങ്ങുന്ന വെള്ളിമേഘം സൂര്യനെ മറച്ചിരിക്കുന്നു. കെട്ടിടത്തിന് കുട പിടിച്ചതുപോലെ. തൊട്ടപ്പുറത്ത് ചൂടുള്ള വെയിലില്‍ പരിസരം വിയര്ത്തൊഴുകിക്കൊണ്ടിരുന്നു.
സൂര്യന് പകരം സമയമായിരുന്നെങ്കിലോ – ഞാനാലോചിച്ചു. അത്രയേ വേണ്ടിയിരുന്നുള്ളൂ. ആകാശമദ്ധ്യത്തില്‍ കത്തിജ്വലിക്കുന്ന കാലഗോളം നിന്നു. അതിന്റെ ദയാരഹിതരശ്മികള് ദൂരെ മല മുതല്‍ പാടങ്ങള്‍ കടന്ന് ഞാന്‍ നിന്ന കൂറ്റന്‍ കെട്ടിടം വരെ തോരാതെ, തിരിമുറിയാതെ പെയ്തുകൊണ്ടിരുന്നു. സമയത്തിന്റെ കുത്തൊഴുക്ക് ബാധിക്കാതെ തണലില്‍ , തുറന്ന ബാല്‍ക്കണിയില്‍, അനുഗ്രഹിക്കപ്പെട്ടവളായി ഞാന്‍ നിന്നു. കാഴ്ചകള്‍ കണ്ടു.
തൊട്ടുമുന്നില്‍, കാലപ്പെയ്ത്തില്, കണ്ണടച്ചുതുറക്കുന്നതിന്നിടയില് മരങ്ങളും ജന്തുക്കളും മനുഷ്യരുമടക്കമുള്ളവരുടെ എണ്ണമറ്റ തലമുറകള്‍ ജനിച്ച് ജീവിച്ച് മണ്ണടിയുന്നതിന് സാക്ഷിയായി.
ഒരദൃശ്യവൃക്ഷത്തിന്റെ രാക്ഷസവേരുകള്‍ പോലെ മലയില്‍ പെരുംവിള്ളലുകള് പ്രത്യക്ഷപ്പെട്ടു. പൊട്ടിയും പൊടിഞ്ഞും തകര്‍ന്ന മലയുടെ സ്ഥാനത്ത് കൂറ്റന്‍ ജലാശയങ്ങളും അവ വറ്റിവരണ്ട് തരിമണല്‍ മരുഭൂമികളും രൂപം കൊണ്ടു.
മുന്നില്‍ പുതിയ ജനപദങ്ങള്‍ ജനിച്ചുവളര്‍ന്ന് ജീവിച്ച് മരിച്ച് മണ്ണോട് ചേര്‍ന്നു. സാമ്രാജ്യങ്ങള്‍ അന്യോന്യം വെട്ടിയും കൊന്നും കീഴടക്കിയും ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞു.
നിലയ്ക്കാത്ത പ്രവാഹത്തില്‍ നിസ്സഹായരായി ഒഴുകിയെത്തിയ സാധാരണ മനുഷ്യര്‍ അംഗീകാരത്തിനായി, അനുഗ്രഹത്തിനായി ഏന്റെ നേരെ മുഖമുയര്‍ത്തി, ആദിയും അന്തവുമില്ലാത്ത ഒഴുക്കില്‍ തങ്ങള്‍ക്കും കിട്ടി ഒരവസരം എന്ന് അവര്‍ പറയാതെ പറയുന്നുണ്ടായിരുന്നു. സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ മനസ്സോടെ അമ്മയുടെ സ്ഥാനത്തുനിന്ന് ഞാനവരെ, ആശ്വസിപ്പിച്ചു – അനുഗ്രഹിച്ചു.
തണലിന്റെ ഒരറ്റത്തേയ്ക്ക് പ്രകാശം കയറിവന്നപ്പോള്‍ ഭയപ്പാടോടെ ഞാന്‍ മുകളിലേയ്ക്ക് നോക്കി. മേഘം നീങ്ങിത്തുടങ്ങിയിരുന്നു. തണലില്‍ നിന്നിരുന്ന പ്രധാന ഗെയ്റ്റ് ഇപ്പോള്‍ വെയിലില്‍ കുളിച്ചിരിക്കുന്നു. അടുത്ത നിമിഷങ്ങളില്‍ അകത്തെ മുറ്റം കടന്ന് ആ രശ്മികള്‍ ഞാന്‍ നിന്നിരുന്ന ബാല്‍ക്കണിയിലെത്തും. ഞൊടിയിടയില്‍ നൂറ്റാണ്ടുകള്‍ക്ക് എന്നിലൂടെ യാത്രചെയ്യേണ്ടിവരും. അതെന്നില്‍ ഏല്‍പ്പിക്കുന്ന മാറ്റങ്ങളുടെ ഭീകരചിത്രം മനസ്സില്‍ കണ്ട് ഞാന്‍ നിന്നു.
അപ്പോള്‍ അവിശ്വസനീയമായി, രേണുവിന്റെ സഹോദരന്, റെയില്‍വേ സ്റ്റേഷനില്‍ എന്നെ വരവേറ്റ്, കഥകള്‍ പറഞ്ഞ് ഇവിടം വരെ കാറില്‍ കൊണ്ടുവന്ന സജിത്ത് എന്ന സുന്ദരനായ ചെറുപ്പക്കാരന്, വളവ് തിരിഞ്ഞ് ആ ഗേറ്റില്‍, വെയിലത്ത് വന്നുനിന്നു – ഒരു വാ നിറയെ പുക തുപ്പി, ഗെയ്റ്റ് ചാരി കാലത്തിന്റെ വേലിയേറ്റത്തില്‍ പെടാതെ, മരിച്ച് മണ്ണടിയാതെ ! സജിത്തിന് ഒന്നും സംഭവിക്കാതിരുന്നത് എന്തുകൊണ്ട്? എനിക്ക് മനസ്സിലായില്ല.
അകത്തേയ്ക്കുള്ള വാതില്‍ വരെ പിന്വാങ്ങിയതേ ഓര്‍മ്മയുള്ളൂ. ബാല്‍ക്കണിയിലും മുറിയിലുമായാണത്രെ ഞാന്‍ കിടന്നിരുന്നത്.
ഉയരങ്ങളില്‍ നിന്ന് താഴേയ്ക്ക് നോക്കുമ്പോള്‍ തനിക്കും തലതിരിച്ചില്‍ അനുഭവപ്പെടാറുണ്ടെന്ന് മുറിയിലെ കട്ടിലില്‍ പിന്നില്‍ കുഷനുകളുമായി വിശ്രമിച്ചുകൊണ്ടിരുന്ന എന്നോട് സജിത്ത് പറഞ്ഞു. ആക്രോഫോബിയ എന്നാണത്രെ ഈ മാനസികപ്രശ്നത്തിന്റെ ശാസ്ത്രീയനാമം.
ബോധക്ഷയത്തില്‍ അവസാനിക്കുന്ന ഭ്രാന്തന് പകല്‍ക്കിനാവുകള്‍ക്ക് ലോകം എന്ത് പേരും നല്‍കിക്കോട്ടെ. സാഹസികയായ ഒരു കൂട്ടുകാരിയോടൊപ്പം എന്ന പോലെ സുഖമുള്ള എന്റെ അസുഖവുമായി ഞാന്‍ ഇതേ നിലയില്‍ ജീവിച്ചുപോയേനേ – ഇക്കഴിഞ്ഞ ദിവസം നടന്ന സംഭവം എന്നെ തളര്‍ത്തിയില്ലായിരുന്നുവെങ്കില്‍ – ഭയപ്പെടുത്തിയില്ലായിരുന്നുവെങ്കില് !
പരിസരം അഭൌമമായ ഒരു മഞ്ഞപ്രകാശത്തില്‍ കുളിച്ചുനില്ക്കുകയായിരുന്നു. രണ്ടാം നിലയിലെ തുറന്നുകിടന്ന വലിയ ജനാലയിലൂടെ അത് കണ്ട് ആസ്വദിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അമ്പലത്തിന് മുന്നിലെ ആലിന്റെ കൊമ്പുകളില്‍ നിറയെ ആവലുംചാതികള് എന്ന് കുട്ടിക്കാലത്ത് പറഞ്ഞുകേട്ടിരുന്ന വവ്വാലുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. കുറെയെണ്ണം വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.
അമ്പലത്തിന്റെ പുറംചുമരിലെ വിളക്കുകള്‍ ഓരോന്നായി തെളിയിച്ച് ഒരു ചെറുപ്പക്കാരന് നീങ്ങുന്നുണ്ടായിരുന്നു. ഒന്നും രണ്ടുമായി ആള്ക്കാര് അമ്പലത്തിനകത്തേയ്ക്കും അകത്തുനിന്ന് പുറത്തേയ്ക്കും നടക്കുന്നുണ്ടായിരുന്നു.
ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്ന മട്ടില്‍ പലപ്പോഴും പലയിടത്തും കണ്ടിട്ടുള്ള വൃദ്ധന് ആ സാന്ധ്യപ്രകാശത്തില്‍ മൈതാനത്തിന് നടുവിലെ ഒറ്റയടിപ്പാതയിലൂടെ നടന്നുവന്നു. ടാഗോറിനെ ഓര്‍മ്മിപ്പിക്കുന്ന താടിയും മുടിയും വാരിച്ചുറ്റിയ വസ്ത്രവും. കൈയില്‍ നീളമുള്ള വടി. കുത്തിനടക്കാന്‍ അതൊരിക്കലും ഉപയോഗിച്ചുകണ്ടിട്ടില്ല. തോളില്‍ പതിവ് ഭാണ്ഡം. ഒരു നിമിഷം ശങ്കിച്ചുനിന്ന് അയാള്‍ വഴി മാറി ആല്‍ത്തറയ്ക്ക് നേരെ നടന്നു. ഭാണ്ഡം താഴെ ഇറക്കിവെച്ചു. വീഴാതിരിക്കാന്‍ മനസ്സിരുത്തി, പതുക്കെ പുല്‍പ്പരപ്പില്‍ ഇരുന്നു.
വസ്തുക്കള്‍ക്കിടയിലുള്ള അതിര്‍ത്തികള്‍ മായ്ച്ച് പകല്‍വെളിച്ചം മങ്ങിക്കൊണ്ടിരുന്നു. അകലങ്ങളില്‍ മിന്നലും മുരള്‍ച്ചയുമായി സന്ധ്യ ഒരു മഴയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
ഞാന്‍ വൃദ്ധനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കാലങ്ങളായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്ന, കാത്തുകൊണ്ടിരുന്ന എന്റെ ആത്മീയഗുരുവായിരുന്നു അയാള്‍ !
പരിസരം മുഴുവനായും ഇരുട്ടില്‍ മറഞ്ഞപ്പോള്‍ ഒരു സ്ക്രീനിലെന്ന പോലെ ആ മുഖം മുന്നിലെത്തി – തുറന്ന ജനാലയില്‍ നിറഞ്ഞുനിന്നു. നരച്ച പുരികങ്ങള്‍ക്ക് കീഴെ അവശമായ കണ്ണുകള്‍ അടച്ചുതുറന്ന്, അവശമായ അംഗവിക്ഷേപങ്ങളോടെ മുഴങ്ങുന്ന ഒച്ചയില്‍ അദ്ദേഹം എന്നോട് സംസാരിച്ചു. പ്രപഞ്ചത്തെ പറ്റി. കാലത്തെ പറ്റി. കാലഘട്ടത്തെ പറ്റി. താന്‍ ജയിച്ചുവന്ന യുദ്ധങ്ങളെ പറ്റി. തോറ്റുപിന്മാറാതിരുന്നതിനെ പറ്റി.
ഒരക്ഷരം മിണ്ടാതെ വിനീതവിധേയയായി ഞാന്‍ കേട്ടുനിന്നു.
“നില്ക്കേണ്ടതുപോലെയല്ല ഇന്നീ ലോകം നില്‍ക്കുന്നത് — പുതിയ ഒരു വ്യവസ്ഥിതിയുടെ സൃഷ്ടി നടക്കേണ്ടതുണ്ട് — സൃഷ്ടി, ആവശ്യങ്ങളുടെയല്ല, സംഹാരത്തിന്റെ സന്തതിയാണ് — സൃഷ്ടിക്കണമെങ്കില്‍ നിലവിലുള്ളതിനെ സംഹരിക്കണം — അത്തരമൊരു ശ്രമത്തിനായുള്ള യുദ്ധത്തില്‍ മരിക്കാനും കൊല്ലാനും തയ്യാറായി നീ ഉണ്ടാവണം —
വലിയ വലിയ കാര്യങ്ങള്‍ കേട്ടും മനസ്സിലാക്കാന്‍ ശ്രമിച്ചും ഞാന്‍ നിന്നു.
ഗുരുവിന്റെ അനുഗ്രഹം ആദ്യമാദ്യം ചാറ്റലായും പതുക്കെപ്പതുക്കെ മിന്നലോട് കൂടി കോരിച്ചൊരിയുന്ന മഴയായും എന്നെ പൊതിഞ്ഞു.
ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മനുഷ്യവംശത്തിന്റെ രക്ഷകരിൽ ഒരുവളായി ഞാന്‍ താഴോട്ടിറങ്ങി.
നാലഞ്ച് പടികള്‍ക്ക് ശേഷം കോണി തിരിയുന്നിടത്ത് ഒരു നിമിഷം നിന്നു. താഴെ തുറന്നിട്ട മുന്‍വാതിലിന് മുന്നില്‍, പുറത്ത്, കട്ടകുത്തിയ ഇരുട്ടാണ്. ഒരു കൈ വാതിലിന്റെ മുകളിൽ വെച്ചും മറ്റേത് അരയില്‍ കുത്തിയും പുറത്തേയ്ക്ക് നോക്കി അനുജന് നവനീത് നിന്നിരുന്നു.
ഒരു നിമിഷം സംശയിച്ചുനിന്ന എന്റെ കാതിൽ ഗുരുവിന്റെ ശബ്ദം അശരീരിയായി മുഴങ്ങി.
“ ഇരുട്ടിന്റെ ശക്തികളെ പ്രോത്സാഹിപ്പിച്ചും സഹായിച്ചും വര്‍ഗ്ഗശത്രു അങ്ങോട്ട് തിരിഞ്ഞുനില്ക്കുന്നുണ്ടാവും. മടിച്ചുനിൽക്കാതെ നിന്റെ ധര്‍മ്മം നീ ധീരമായി നിറവേറ്റുക !”
കാലടി ശബ്ദം കേൾപ്പിക്കാതെ, വാതിൽ നിറഞ്ഞുനിന്ന ശത്രുവിന്റെ തൊട്ടുപിന്നിലെത്തി ഞാൻ നിന്നു.
എന്റെ സാന്നിദ്ധ്യം അറിയാതെത്തന്നെ അയാൾ തിരിഞ്ഞു. ആ മുഖവും അയാൾ ഉച്ചരിച്ച പേരും എന്റെ ഉന്നം തെറ്റിച്ചു.
ബോധം മറയുന്നതിന് മുൻപ് ഞാൻ നവനീതിനെ ആക്രമിച്ചിരുന്നുവെന്ന് അവൻ തന്നെയാണ് പറഞ്ഞത്. എന്റെ കൈയിൽ ആയുധമുണ്ടായിരുന്നു പോലും. ബാൻഡേജിൽ പൊതിഞ്ഞ ആ കൈ എന്റെ വേദനയാവുന്നു – എന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നു.
ഇന്ന് അച്ഛനോടും അമ്മയോടും അനിയനോടുമൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ എനിക്കറിയാം എന്റെ പാവം സ്വപ്നങ്ങളെ പടിക്ക് പുറത്താക്കി വാതിലടയ്ക്കാനുള്ള വഴി അന്വേഷിച്ചാണ് ഈ യാത്ര. മനസ്സോടെയാണ് ഞാനതിന് വഴങ്ങുന്നത്.
കവർ: ജ്യോതിസ് പരവൂർ




