ബല്ലാത്ത ബെന
കേളുമാഷ് സ്കൂൾ അച്ചടക്കകമ്മറ്റിയിൽ സജീവമായ കാലത്താണ് പ്യൂൺ അശോകനെതിരെ വമ്പൻ ആക്ഷേപം പൊട്ടിപ്പുറപ്പെട്ടത്. അശോകൻ സ്കൂൾ കുട്ടികൾക്കൊപ്പം മദ്യപിച്ചെന്നാണ് പരാതി.
പി.ടി.എ കമ്മിറ്റിയംഗവും പ്രശ്നത്തിൽ അകപ്പെട്ട വിദ്യാർത്ഥി വിവേകിന്റെ അച്ഛനുമായ മോഹനാണ് അശോകനെതിരെ വാളോങ്ങി വന്നത്. മോഹൻ എക്സ്മിലിട്ടറിയും ഇപ്പോൾ നാട്ടിലെ ഒരു ബാങ്കിലെ സെക്യൂരിറ്റി സ്റ്റാഫുമാണ്. മൂപ്പർക്ക് ദേഷ്യം വന്നാൽ നരിക്ക് മുറിഞ്ഞപോലെയാണ്. ആകെ പരാക്രമമാകും. സ്റ്റാഫ് റൂമിൽ നട്ടുച്ച നേരത്ത് മോഹൻ ഓടിക്കിതച്ചെത്തുകയും അശോകൻ കുട്ടികളോടൊപ്പം മദ്യപിച്ച കാര്യം അവിടെ വെടിക്കെട്ട് കണക്കെ അലറി അലങ്കോലമാക്കുകയും ചെയ്തു.
‘ആകെ കൊയപ്പായല്ലപ്പാ’ എന്നായി സ്റ്റാഫ്. അതിന്നിടയിൽ അശോകനെ എല്ലാരും കൂടി തൽക്കാലം മറ്റൊരു മുറിയിലേക്ക് മാറ്റി. മാറ്റുന്നതിന്നിടയിൽ കേളു മാഷ് അശോകനോട് പറഞ്ഞു.
‘അശോകാ ഇഞ്ഞി ഞാൻ ബിളിക്കുമ്മം മാത്തറം ബന്നാ മതി. ഓന് ഒടുക്കത്തെ ചീമനാ കുഞ്ഞിമ്മോനെ. ഇന്ന ഓൻ അയില മുറിക്കുമ്പോലെ മുറിക്കും’.
അതുകൂടി കേട്ടതോടെ അശോകൻ എലിക്കുട്ടിക്ക് വെറള് ബാധിച്ചപോലെയായി. അത്കണ്ട് മൊയ്തു മാഷ് പറഞ്ഞു.
‘അശോകാ പേടിച്ച് പേടിച്ച് ഇന്നോട് ഈട ബീത്തിപ്പോവല്ലേ’
‘ഇല്ല മാശെ. ഇങ്ങള് മ്മളെ ഇങ്ങനെ കൊറവാക്കല്ലേ. ഇങ്ങള് എങ്ങനേങ്കിലും അക്കുരിപ്പിനെപ്പറഞ്ഞൊന്ന് ഒതുക്കീം’
സത്യത്തിൽ പ്യൂൺ അശോകൻ സ്കൂൾ വിട്ടാൽ നാലെണ്ണം സ്ഥിരമായി വീശുമെങ്കിലും ആള് വല്യ പരോപകാരിയാണ്. മാഷന്മാർക്കും ടീച്ചർമാർക്കും മൂപ്പരെക്കൊണ്ടാവുന്നത് ചെയ്തുകൊടുക്കും. അതുകൊണ്ട് അശോകന്റെ വെള്ളമടി ആർക്കും ഒരു പ്രശ്നമല്ല. പക്ഷെ അതിത്ര ഗുരുതരമായ അവസ്ഥയാകുമെന്ന് ആരും കരുതിയതുമില്ല.
‘അല്ല റസിയ ടീച്ചറെ അശോകേട്ടൻ അങ്ങനെ ചെയ്യോ?’
അശോകന്റെ അടുക്കളത്തോട്ടത്തിൽ നിന്ന് സ്ഥിരമായി ചീരയും കയ്പയും കൈപ്പറ്റുന്ന സുമതി ടീച്ചർ റസിയ ടീച്ചറോട് ചെവിയിൽ മൂളി.
‘ചെലപ്പം പറ്റിപ്പോയതായിരിക്കും സുമതി ടീച്ചറെ’!
രണ്ടുപേരും കുശുകുശുപ്പ് തുടരുന്നതിനിടയിൽ മൊയ്തു മാഷ് കേളുമാഷെ തോണ്ടിയിട്ട് പറഞ്ഞു.
‘മാഷെ ഇങ്ങള് രണ്ടാളെം ബേഗം ബിളിച്ച് പ്രസ്നം സബൂറാക്ക്. ഉച്ചക്ക് ക്ലാസ് ബിടാനായി. കുഞ്ഞങ്ങള് ഇബ്ബെന കേക്കണ്ടപ്പാ.’
അങ്ങനെ കേളു മാഷും പ്രധാന അധ്യാപകൻ മൌയ്തു മാഷും കൂടി കലിതുള്ളുന്ന മോഹനെ ഒരുവിധം പറഞ്ഞ് കുപ്പീലാക്കി തൊട്ടപ്പുറത്തെ ആളൊഴിഞ്ഞ ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുപോയി. മോഹൻ അല്പം ശാന്തനായെന്ന് കണ്ടപ്പോൾ അവർക്കിടയിലേക്ക് അശോകനെ വിളിപ്പിച്ചു. അശോകൻ മുറിയിൽ വരുമ്പോൾ മോഹൻ അലറുമെന്ന് നേരത്തെ മനസ്സിൽ കണ്ട കേളുമാഷ് മുൻകൂറായി മൂപ്പരോട് പറഞ്ഞു.
‘മോഹനാ ഇഞ്ഞി ഈട്ന്ന് ഊയ്യാരോം ബെനേം ഇണ്ടാക്കറ്ത്. അശോകന് പറയോന്ളളത് കൂടി പറേട്ടെ. മ്മക്ക് അതും കേക്കണല്ലോ. ചെലപ്പോ ഓൻ പറേന്നതിലും കാര്യേണ്ടെങ്കിലോ?’

അങ്ങനെ സമാധാനാന്തരീക്ഷം പുന:സ്ഥാപിതമായി. അശോകൻ വിഷയം പറഞ്ഞു തുടങ്ങി.
‘കേളു മാഷെ ഇവറ് പറേന്നേൽ ചെറിയ നേര്ണ്ട്. ബാക്കി തീർത്തും നൊണയാ’..
മോഹൻ ഒച്ച വെക്കാൻ തുടങ്ങിയെങ്കിലും കക്ഷിയെ എല്ലാവരും ചേർന്നൊതുക്കി. അശോകൻ തുടർന്നു.
‘ഇന്നലെ സ്പോർട്സ് ഡേ ആയീന്വല്ലോ. അന്നേരം ഇവറെ മോൻ വിവേക് രാവിലെ എന്നോട് പറഞ്ഞ്, അശോകേട്ടാ ഇങ്ങളെ ഞാളിന്ന് തക്കരിക്ക്ന്ന് ണ്ട്. അയിന് ഉച്ചക്ക്തന്നെ ഇങ്ങള് എന്റെ വീട്ട്ല് ബെരണം’
‘തക്കരിക്ക്ന്ന്ണ്ടെന്ന് കേട്ടപ്പം ഞാൻ പിന്ന്യോന്നും ഓർത്തില്ല മാശെ. ഉച്ചക്ക് തെന്നെ ഞാൻ സൈക്കളെട്ത്ത് ഇവറെ വീട്ടില് പോയി. ആട ചെന്നപ്പളാ അതൃപ്പം. ഓന്റെ ക്ലാസിലെ അഞ്ചെട്ട് പിള്ളറ് ആർത്തി മൂത്ത് ആത്ത് കുത്തിരിക്കുന്ന്ണ്ട്. മേശേമ്മൽ ഒമ്പത് ഗ്ലാസും ബെച്ച്ക്ക്.’
അത്രയും പറഞ്ഞ് എല്ലാരേയും ഒന്ന് നോക്കിയശേഷം അശോകൻ തുടർന്നു.
‘അശോകേട്ടാ ഞാള് ഇങ്ങളെം കാത്തിരിക്യാ. ഒരു സൊയമ്പൻ സാധനം കിട്ടീറ്റ്ണ്ട്. അന്നേരെ ഇങ്ങളെ തക്കരിക്കണംന്ന് ബിചാരിക്ക്ന്ന്ണ്ട്. ഇത് അച്ഛനോട് എങ്ങന്യോ മറന്ന്വോയതാ. ഓർക്ക് തിരിയൂലപ്പാ. ഓല് രണ്ടാളും ഇപ്പം ബെരുവോയില്ല.’
ഇത്രേം കേട്ടപ്പോ അശോകന്റെ മുഖം സന്തോഷം കൊണ്ട് താമരപോലെ വിരിഞ്ഞു. കണ്ണുകൾ നിറഞ്ഞു തുടിച്ചു. ഗദ്ഗദകണ്ഠനായി അശോകൻ മന്ത്രിച്ചു.
‘ഇങ്ങക്ക് കൊണം ബെരട്ടെ മക്കളെ. മുത്തപ്പൻ ങ്ങളെ കാക്കും. പത്താം ക്ലാസ് പരീക്ഷ ങ്ങള് ഉസാറായി പാസാകും.’
‘ഞാനത്രേം പറഞ്ഞപ്പം വിവേക് തുള്ളിച്ചാടി ആത്ത്പോയി കുപ്പി കൊണ്ടോന്ന് മേശപ്പുറത്ത് ബെച്ചു.’
ഒരല്പം നിർത്തി അശോകൻ നിരാശാഭരിതനായി ഉച്ചത്തിൽ പറഞ്ഞു.
‘മാശെ എന്നാലും ഇക്കൊലച്ചതി എന്നോട് മാണ്ടായിനും.’
അശോകന്റെ അപ്പോഴത്തെ ഭാവം കലാമണ്ഡലം ഗോപിയാശാനുപോലും പകർത്താനാവില്ല. അതത്രേം മുഖത്തുണ്ട്.
‘എന്തുപറ്റീ അശോകാ?’
കേളു മാഷും മൊയ്തു മാഷും ആകാംക്ഷഭരിതരായി ചോദിച്ചു.
‘മാശെ അച്ചെക്കൻ ആകെ കൊണ്ട് ബന്നത് ഒരു കോര്ട്ടറിന്റെ കുപ്പി. മ്മക്ക് ഇത് ധാരളല്ലേ ന്നൊരു പറച്ചിലും പിള്ളറ് വക. ബേറെയില്ലേന്ന് ഞാൻ ചോയിച്ചപ്പം ഇത് തന്നെയെത്ര കഷ്ടപ്പെട്ടാ സംഘടിപ്പിച്ചേന്ന് ഇവറെ മോന്റെ ഒരു പായ്യാരം പറച്ചിലും. ആഫ് ഡെയിലി അടിക്ക്ന്ന പാർട്ടിയാ ഞാൻ. ആ എന്നെ ഇവറെ മോൻ കൊറവാക്കീല്ലേ മാഷെ. എത്ര വേദനയായീന്നോ….ഞാൻ ആ കുപ്പീനേം ബായി പൊളിച്ച് നിക്കുന്ന പിള്ളറേം കൊറേനോക്കീറ്റ് പറഞ്ഞു.
മക്കളെ ഇങ്ങള് ആ കുപ്പീന്റെ മൂട്ടില് കൊറച്ച് ഒയിച്ച് അയില്ന്ന് രണ്ട് തുള്ളി എന്റെ ഓരോ കണ്ണിലും ഉറ്റിച്ച് താ. ബാക്കി ബറാബറായി ങ്ങള് കുടിച്ചോളീന്നും പറഞ്ഞ് ഒരൊറ്റ പോര്ത്ത് ഞാനിങ്ങ് പോന്നു.’
ഇനി ഇങ്ങള് പറ മാശെ ഞാൻ എന്ത് തെറ്റാ ഇവറെ മോനോട് ചെയ്തേന്ന്? ങ്ങള് പറ? അയിനാ ഇയ്യാള് കുറ്റിം പറച്ച് എന്നെ തക്കാൻ ബന്നത്. കൊണം പിടിക്കില്ല ങ്ങള്.’
ആരും കുറച്ച്നേരം ഒന്നും മിണ്ടിയില്ല. കേളു മാഷും മൊയതു മാഷും പരസ്പ്പരം നോക്കി ചിരിയടക്കാൻ പാടുപെട്ടു. മോഹൻ ഒരക്ഷരം പറയാതെ തലതാഴ്ത്തിയിരുന്നു. പിന്നെ, പുലി പോലെ വന്നവൻ എന്തൊക്കയോ പിറുപിറുത്ത് എലിപോലെ മടങ്ങുന്നത് കണ്ടു. പറഞ്ഞുതീർത്തതിന്റെ ടെൻഷൻ മാറ്റാൻ അശോകൻ സിഗരറ്റ് വലിക്കാനായി സ്കൂളിന് പുറത്തേക്ക് മണ്ടുമ്പോൾ സ്റ്റാഫ് റുമിൽ നിന്നും ഉച്ചത്തിലുച്ചത്തിലുയർന്ന പലരുടേയും പൊട്ടിച്ചിരികൾ അയാൾ കേട്ടതായിപോലും നടിച്ചില്ല.
(തുടരും)