രോഗികളോടുള്ള സ്നേഹവും അനുകമ്പയും എക്കാലവും കാത്തുസൂക്ഷിക്കുകയും അസാധാരണമായ നിരീക്ഷണ പാടവം കൊണ്ട് രോഗനിർണയം നടത്തുകയും ചെയ്ത് നമുക്കിടയിൽ ജീവിച്ച ഒരു ഡോക്ടറുടെ വാങ്മയ ചിത്രമാണ് ജയചന്ദ്രൻ മൊകേരി രചിച്ച ‘പപ്പു ഡോക്ടർ: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം’ എന്ന പുസ്തകം.
1923 ൽ കോഴിക്കോട് ജില്ലയിലെ മൊകേരിയെന്ന ഗ്രാമത്തിൽ ജനിച്ച പി.പി. പദ്മനാഭന്‍റെ ഒരു ഡോക്ടറാകുകയെന്ന സ്വപ്നം സഫലമാകുന്നത് ഇന്ത്യ സ്വതന്ത്രയായ വർഷത്തിലാണ്. അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ആദ്യത്തെ എം.ബി.ബി.എസ് ഡോക്ടർ. വടകരയിലെ ഒരു വർഷത്തെ പ്രാക്ടീസിന് ശേഷം 1949 ൽ മൊകേരിയിൽ സ്വന്തമായി ഒരു ആശുപത്രി ആരംഭിച്ചതോടെ ജന്മനാട് തന്നെ അദ്ദേഹം തന്‍റെ തട്ടകമാക്കി മാറ്റി.
നാടിന്‍റെ സ്പന്ദനങ്ങളറിഞ്ഞിരുന്ന പപ്പു ഡോക്ടർ രോഗികളെ മാത്രമല്ല സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ തന്‍റെ ദേശത്തെയും ചികിത്സിച്ചു തുടങ്ങിയതോടെ മൊകേരിയെന്ന ഗ്രാമത്തിന്‍റെ മുഖച്ഛായ തന്നെ മാറിയിരുന്നെന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ പപ്പു ഡോക്ടർ ജനഹൃദയങ്ങളിൽ വേരുറപ്പിച്ചു കൊണ്ട് പുതിയൊരു ചരിത്രം തന്നെ രചിക്കുകയായിരുന്നു.
രോഗികളിൽ നിന്ന് വളരെ തുച്ഛമായ ഫീസ് ഈടാക്കിയും നിർധനരായവരെ സൗജന്യമായി ചികിത്സിച്ചും ആറര പതിറ്റാണ്ടു കാലം സേവനമനുഷ്ടിച്ച പപ്പു ഡോക്ടറെക്കുറിച്ച് നാട്ടുകാർക്കും വിദഗ്ധരായ ഭിഷഗ്വരന്മാർക്കും വരെ പറയാനുണ്ട് ഏറെ. വാമൊഴിയായി പ്രചരിച്ച കഥകളുമുണ്ടെത്രയോ. ഒരു രോഗിയെ റഫർ ചെയ്യുമ്പോൾ പപ്പു ഡോക്ടർ കൊടുത്തു വിടുന്ന കുറിപ്പുകൾക്ക് കോഴിക്കോട് മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ പോലും അതൊരു പഠന സാമഗ്രിയെന്ന നിലയിൽ ഏറെ പ്രധാന്യം കല്പിച്ചിരുന്നുവെന്ന് ഡോ. സി. കെ. രാമചന്ദ്രൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത്രയ്ക്കു കൃത്യതയുള്ളതായിരുന്നു പപ്പു ഡോക്ടറുടെ നിഗമനങ്ങൾ.
തനിക്ക് ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യമായാൽ രോഗിയെ വിദഗ്‌ധരുടെ അടുത്തേക്ക് പറഞ്ഞുവിടുന്നതിൽ ഒട്ടും അമാന്തം കാണിച്ചിരുന്നില്ല അദ്ദേഹം. വിദഗ്ധ ചികിത്സയ്ക്ക് മറ്റു ഡോക്ടർമാരെ സമീപിച്ചവർ പോലും അവസാനവാക്കായി കണ്ടത് തങ്ങളുടെ സ്വന്തം പപ്പു ഡോക്ടറെയായിരുന്നുവെന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട് നാടിന് പറയാൻ…
മദ്രാസിലെ മെഡിക്കൽ വിദ്യാഭ്യാസ കാലത്ത് പപ്പു ഡോക്ടർ അഭിമുഖീകരിച്ച പ്രതിസന്ധികളിൽ രാജ്യത്തിന്‍റെ മോചനപ്പോരാട്ടത്തിൽ പങ്കാളിയതിന്‍റെ കഥയുമുണ്ട് ഈ ജീവചരിത്രത്താളുകളിൽ. മെഡിക്കൽ വിദ്യാഭ്യാസം, ആതുരസേവനം എന്നീ രംഗങ്ങളിലുണ്ടായ കാലാനുസൃതമായ മാറ്റങ്ങൾ കൂടി വരികൾക്കിടയിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. തീർച്ചയായും സവിശേഷമായ ഒരു വ്യക്തിജീവിതത്തെ പരിചയപ്പെടുത്തുന്നതിനപ്പുറം ഒരു കാലത്തെയും നാടിനെയും അടയാളപ്പെടുത്തുന്ന ചരിത്രരേഖ കൂടിയാണിത്.
നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെക്കറിച്ചെഴുതാൻ ഗ്രന്ഥകാരന്‍റെ കുട്ടിക്കാലത്ത് സ്കൂൾ അധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ താൻ അല്പം ആരാധനയോടെ നോക്കികണ്ട പപ്പു ഡോക്ടറെ കുറിച്ചായിരുന്നു എഴുതിയിരുന്നത്. അദ്ദേഹം കാത്തുസൂക്ഷി ച്ചതും സ്വയം അനുഭവിച്ചറിഞ്ഞതുമായ മാനവിക മൂല്യങ്ങൾ തന്നെയാണ് ആ കൊച്ചുബാലനെ ആകർഷിച്ചത്. അവയൊന്നും കുറ്റിയറ്റു പോകരുതെന്ന ചിന്തയാകാം ഈ ഗ്രന്ഥരചനയ്ക്ക് നിദാനമായതും.
വൈദ്യശാസ്ത്ര രംഗത്തെ പുതിയ അറിവുകൾ സ്വാംശീകരിച്ച് രോഗികളെ ചികിത്സിക്കുകയെന്നത് ഒരു ജീവിതവ്രതമായി കണ്ട പപ്പു ഡോക്ടർ തന്‍റെ സേവനമവസാനിപ്പിച്ച് വിശ്രമജീവിതം നയിക്കുമ്പോഴും പഠനത്തിൽ വിമുഖത കാണിച്ചിരുന്നില്ല.
ഒരു ഡോക്ടർക്കുവേണ്ട ദയയും ധാർമ്മികതയുമെല്ലാം ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ച പപ്പു ഡോക്ടർ പുതു തലമുറയ്ക്കൊരു പാഠപുസ്തകമായി മാറേണ്ടതു തന്നെയാണെന്ന് നിസംശയം പറയാം.
പുസ്തകം: പപ്പു ഡോക്ടര്‍: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം
(ജീവചരിത്രം)
രചന: ജയചന്ദ്രന്‍ മൊകേരി