ഞങ്ങൾ സുഹൃത്തുക്കൾ ആദ്യമായാണ് സതീശന്റെ നാട്ടിലെത്തുന്നത്.
“ഈ നാട്ടിൻ പുറത്ത് കാടും പാടവും മാത്രമേ കാണാനുള്ളൂ. ” അവൻ പറഞ്ഞു. എന്നാൽ നമുക്ക് കാട് കാണാം ഞങ്ങൾ തീരുമാനിച്ചു.
ഞങ്ങൾ കാടുകയറി ത്തുടങ്ങി. വേറെയും ആരൊക്കെയോ കാട്ടിലേക്ക് കയറുന്നുണ്ടെന്ന് തോന്നി. കൂക്കുവിളികളും കളിചിരികളും ഒക്കെ എവിടുന്നോ അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.
പണ്ട് ആ കാട്ടിൽ തന്റെ അമ്മാവൻ വേട്ടയ്ക്ക് വന്നപ്പോൾ മുള്ളൻപന്നി മുള്ളു കുടഞ്ഞ കഥയും, പൊട്ടി വായ് പൊളിക്കുന്നത് കണ്ട് ഓടി പൊട്ടക്കിണറ്റിൽ വീണു മരിച്ച ചാമായിയുടെ കഥയും പടയോട്ടത്തിനിടെ ടിപ്പു അവിടെ തമ്പടിച്ചതിന്റെ കഥയും ഒക്കെ അവൻ തള്ളി മറിക്കുന്നുണ്ട്.
അപ്പോഴേക്കും ഞങ്ങൾ കാട്ടുവഴിയുടെ മുക്കാലും പിന്നിട്ടിരുന്നു. ക്ഷീണിച്ച ഞാൻ അടുത്തു കണ്ട ഒരു ചെറിയ ഉരുളന് പാറക്കല്ലിന്റെ മുകളിൽ കയറി ഇരിക്കാൻ ശ്രമിച്ചു. അപ്പോൾ സതീശൻ പറഞ്ഞു “ഇരിക്കല്ലേ… ഇരിക്കല്ലേ… പണ്ട് കാട്ടിലൂടെ പോയിരുന്ന ഒരു ബ്രാഹ്മണ ശ്രേഷ്ഠന് ഭഗവതി ഇവിടെ വെച്ചാണ് ദർശനം കൊടുത്തത്. ആ ഭഗവതിയെ കുടിയിരുത്തിയ കല്ലാണ് അത്.”
സതീശന്റെ സ്വഭാവം അത്യാവശ്യം നന്നായി അറിയുന്ന ഞാൻ അവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. ഒരു കള്ളച്ചിരി ആ മുഖത്ത് മിന്നി മാഞ്ഞു.
ഉടനെ ഞങ്ങളുടെ കൂട്ടത്തിലെ നിഷ്കളങ്ക ഭക്തയായ അനഘ അടുത്തുണ്ടായിരുന്ന ചെടികളിൽ നിന്ന് കുറച്ചു പൂക്കൾ കൊണ്ടുവന്ന് ആ കല്ലിൽ സമർപ്പിച്ചു. ഞാൻ സതീശനെ നോക്കി. അവൻ ഒന്നും മിണ്ടുന്നില്ല. ഞാനും ഒന്നും മിണ്ടിയില്ല.
കളിയും ചിരിയുമായി കാടു കണ്ടു ഞങ്ങൾ തിരിച്ചു വരുമ്പോൾ ആ കല്ലിൽ പൂക്കൾ കൂടിയിരിക്കുന്നു. മാത്രമല്ല താഴെ ചില്ലറ പൈസയും കിടക്കുന്നുണ്ട്. ഞാൻ സതീശനെ വീണ്ടും നോക്കി .അവൻ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു. രശ്മിയും ശ്രീജയും രമേശും ആ കല്ലിനെ വണങ്ങി. ഷെഫീഖ് കല്ലിന്റെ അടുത്ത് പോകാതെ അല്പം നീങ്ങി നിന്നു. .ചിലത് പറയാൻ ഭാവിച്ച എന്നെ സതീശൻ തടസ്സപ്പെടുത്തി. ഞാനും അതൊരു തമാശയായി കണ്ടു .
പിന്നീട് ആരൊക്കെയോ കാടുകയറുകയും, ആരൊക്കെയോ കാടിറങ്ങേണ്ടിവരികയും ചെയ്തുവത്രേ!
ഷൊർണൂരിനടുത്തുള്ള കൈലിയാട് ആണ് സ്വദേശം. ജി. എച്ച്.എസ്. വല്ലപ്പുഴയിൽ അദ്ധ്യാപികയാണ്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതി വരുന്നു. 'എനിക്കെന്നുമേ പാഥേയം' ആണ് കവിതാ സമാഹാരം.

















