[GLOBAL MALAYALAM COUNCIL – WRITERS FORUM നടത്തിയ വിഷയാസ്പദ രചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ രചന]
നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ കണ്ട ചില കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരും സ്വയം ചിരിച്ചും സംസാരിച്ചും നടക്കുന്നു. ഒരു യുവാവ് കൈയിലെ ചെറിയ പെട്ടി നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു:
“എന്താണീ കൈയിലെ ചെറിയ പെട്ടി?”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
“അയ്യോ, മാവേലി ബ്രോയ്ക്ക് ഇതൊന്നും അറിയില്ലേ? ഇതാണ് മൊബൈൽ! സെൽഫിയെടുക്കാനും റീൽസ് ചെയ്യാനും സ്റ്റോറി ഇടാനും സ്റ്റാറ്റസ് ഇടാനും… ഓണം ആഘോഷിച്ചുവെന്ന് ലോകത്തെ അറിയിക്കാനും ഇതു വേണം!”
ഞാൻ ചുറ്റും നോക്കി. പൂക്കളത്തിനുമുന്നിൽ ആളുകളുണ്ടായിരുന്നു; പക്ഷേ എല്ലാവരുടെയും കണ്ണുകൾ പൂക്കളത്തിലായിരുന്നില്ല, മൊബൈൽ ക്യാമറയിലായിരുന്നു.
“അപ്പോൾ പൂക്കളം കാണുന്നതിനു മുമ്പ് അതിന്റെ ഫോട്ടോ എടുക്കണം, അല്ലേ?” ഞാൻ ചോദിച്ചു.
“തീർച്ചയായും ബ്രോ! ആദ്യം ക്യാമറയിൽ കാണണം, പിന്നെ ലോകത്തെ കാണിക്കണം!” അവൻ പറഞ്ഞു.
“ഈ മൊബൈൽ എനിക്ക് പാതാളത്തിലേക്ക് കൊണ്ടുപോകാൻ തരുമോ?” ഞാൻ ചോദിച്ചു.
“കൊണ്ടുപോയിട്ട് എന്തു കാര്യം ബ്രോ? അവിടെ റേഞ്ച് വേണ്ടേ!” അവൻ പൊട്ടിച്ചിരിച്ചു.
ഞാൻ തന്നെയാണ് ഒറിജിനൽ മഹാബലി എന്ന് പറഞ്ഞപ്പോൾ അവൻ എന്നോടൊപ്പം സെൽഫിയെടുത്തു.
“ഇത് റീൽസിലിടണം ബ്രോ… വൈറലാകും!” എന്നും പറഞ്ഞ് അവൻ ഓടിപ്പോയി.
പൂക്കൾ വാങ്ങിവരുന്ന ഒരു മധ്യവയസ്കയായ സ്ത്രീയെ കണ്ടു. അവർ കുട്ടിക്കാലത്തെ ഓണക്കാല ഓർമ്മകൾ പങ്കുവെച്ചു:
“പൂവിടാൻ കണ്ണാന്തളിപ്പൂക്കളുള്ള കുന്നു കയറിയിറങ്ങുമായിരുന്നു. തൊടിയിലെ വേലിപ്പടർപ്പിൽ നിന്ന് ചെമ്പരത്തി പറിക്കും. ഒരു പൂകൂട നിറയെ തുമ്പപ്പൂക്കളും ശേഖരിക്കും. ഇന്നോ? ഏത് നിറത്തിലുള്ള പൂക്കളും നൂറു ഗ്രാം വീതം പാക്കറ്റിലാക്കി കിട്ടും. പിന്നെ എന്തിന് കുന്നും മലയും കയറി നടക്കണം?”
അവർ ചിരിച്ചുകൊണ്ട് തുടർന്നു:
“സത്യത്തിൽ അന്നത്തേക്കാൾ ഗംഭീരമായിട്ടല്ലേ ഇപ്പോൾ ഓണം ആഘോഷിക്കുന്നത്? സദ്യ ഉണ്ടാക്കാൻ ദിവസം മുഴുവൻ അടുക്കളയിൽ കഷ്ടപ്പെടേണ്ട. ഹോട്ടലിൽ എല്ലാം റെഡി! മഹാബലി എല്ലാവരും ഒരുപോലെ സന്തോഷത്തോടെ ഓണം ആഘോഷിക്കണമെന്നല്ലേ പറഞ്ഞത്. ഇന്നല്ലേ സ്ത്രീകൾ ശരിക്കും ആഘോഷിക്കുന്നത്?”
അവരുടെ വാക്കുകൾ കേട്ട് ഞാനും ചിരിച്ചു. ശരിയാണ്, എവിടെ നോക്കിയാലും സ്ത്രീകളുടെ കൈകൊട്ടിക്കളി!
പക്ഷേ അവർ പറഞ്ഞ അടുത്ത വാക്കുകൾ എന്നെ ചിന്തിപ്പിച്ചു.
“സദ്യ ഉണ്ടാക്കി എല്ലാവരും വയറുനിറയെ കഴിക്കുന്നത് കാണുമ്പോഴായിരുന്നു അന്നത്തെ സന്തോഷം. ഇന്നോ? ആദ്യം അതിന്റെ ഫോട്ടോ എടുക്കണം, റീൽസ് ആക്കണം, സ്റ്റോറി ഇടണം, എത്ര പേർ കണ്ടെന്ന് നോക്കണം! സദ്യ ആദ്യം ഗണപതിക്ക് സമർപ്പിക്കുന്നതിന് പകരം മൊബൈലിനാണ്!”
ഇന്ന് ഉത്രാടപ്പാച്ചിലല്ല, അത്തം തുടങ്ങിയാൽ പിന്നെ പാച്ചിലോപാച്ചിൽ! ഒരു ദിവസം വന്ന് കാണാനുള്ള പെർമിഷൻ പത്ത് ദിവസമാക്കി കിട്ടിയിട്ടും എന്റെ നാടിന്റെ എല്ലാ ഭാഗത്തും എത്താൻ കഴിയുന്നില്ല. എവിടെ നോക്കിയാലും തിരക്ക്, ട്രാഫിക് ബ്ലോക്ക്! ഇതിപ്പോൾ ഓണ സന്ദർശനം ഇനി ഒരു മാസം കൂടി നീട്ടിത്തരണമെന്ന് ചോദിക്കേണ്ടിവരുമോ ആവോ.
പണ്ടത്തെ ഓണം കാർഷികോത്സവമായിരുന്നു; ഇന്നോ, കൃഷിയൊന്നും ചെയ്യാതെ തന്നെ എല്ലാം മാർക്കറ്റിൽ കിട്ടും—പൂക്കൾ വാങ്ങാം, സദ്യ വാങ്ങാം, ഓണക്കോടി വാങ്ങാം… എല്ലാം റെഡി!
വീട്ടിലിരിക്കുന്നവനും വിദേശത്തുള്ളവനും, പാചകം ചെയ്യുന്നവനും ഹോട്ടലിൽ നിന്ന് വാങ്ങുന്നവനും—എല്ലാവരും ഒരേ മൊബൈൽ സ്ക്രീനിൽ, ഒരേ ഫ്രെയിമിൽ.
“എന്റെ നാട്, എന്റെ പ്രജകൾ ഇപ്പോൾ ഒരുപാട് സന്തോഷത്തിലാണ്,” എന്ന് ഞാൻ സ്വയം പറഞ്ഞു.
അപ്പോഴാണ് ആ യുവാവ് വീണ്ടും അടുത്തെത്തിയത്.
“മാവേലി ബ്രോ, ഓണം കഴിഞ്ഞാൽ വേഗം സ്ഥലം കാലിയാക്കിക്കോ. അല്ലേൽ സീനാവും ട്ടാ. അധികം ഇവിടെ നിന്നാൽ അപ്പോഴാണ് യഥാർത്ഥ സംഗതി കാണുക!”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു:
“എന്താ യഥാർത്ഥ സംഗതി?”
അവൻ പറഞ്ഞു:
“നമ്മുടെ നാടിന്റെ യഥാർത്ഥ കഥകൾ മാവേലി ബ്രോ അധികം അറിയേണ്ട. ഇപ്പോൾ സന്തോഷിച്ചാൽ മാത്രം മതി!”
ഇതും പറഞ്ഞ് അവൻ ചില റീലുകൾ എനിക്ക് കാണിച്ചുതന്നു. നമ്മുടെ നാട്ടിൽ നടക്കുന്ന ചില കാര്യങ്ങൾ കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി.
മുന്നോട്ട് നടക്കുമ്പോൾ അന്നും ഇന്നും തമ്മിലുള്ള അന്തരം ഞാൻ അളക്കുകയായിരുന്നു. സന്തോഷം കുറഞ്ഞിട്ടില്ല; ആഘോഷം കുറഞ്ഞിട്ടില്ല; മറിച്ച് ആഘോഷത്തിന്റെ വലിപ്പം പലമടങ്ങ് കൂടിയിരിക്കുന്നു.
പക്ഷേ ആ സന്തോഷം നമ്മൾ അനുഭവിക്കുന്നുണ്ടോ, അതോ മറ്റുള്ളവരെ കാണിക്കാനായി ജീവിക്കുകയാണോ?
- പൂക്കളത്തിന് മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ കണ്ണുകൾ പൂക്കളത്തിലല്ല; ക്യാമറയിലാണ്.
- പൂക്കളുടെ സുഗന്ധം അനുഭവിക്കുന്നതിനു മുമ്പ് അതിന്റെ ചിത്രം പകർത്തുന്നു.
- മനസ്സ് സദ്യയുടെ രുചിയിലാണോ, അതോ എത്ര ലൈക്ക് കിട്ടുമെന്ന ചിന്തയിലാണോ?
എന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കിയായി—
“സ്ക്രീനിന് പുറത്തുള്ള ഓണം എവിടെ?”
റേഞ്ചില്ലാത്ത പാതാളത്തിലേക്ക് മടങ്ങുമ്പോഴും ഈ ചോദ്യം എന്നെ പിന്തുടരുമോ എന്നറിയില്ല.
പക്ഷേ ഒരു കാര്യം മനസ്സിലായി, ഓണം ആഘോഷിക്കാൻ നമ്മൾ മറന്നിട്ടില്ല; ഓണം അനുഭവിക്കാനാണോ മറന്നുപോയത്?
കവർ : ജ്യോതിസ് പരവൂർ
സ്വദേശം തൃശൂർ ഇപ്പോൾ കുവൈറ്റിൽ. ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്

















