ഒരേ കാലം
മറ്റേതോ ദേശം
കിനാവറ്റ കുറെ ജീവിതങ്ങൾ
യുദ്ധമുഖത്തിരുന്ന്
ലോകഭൂപടത്തിന്റെ
ചിത്രം വരയ്ക്കുന്നു
വിരലറ്റു പോയൊരു കുട്ടി
കരൾ നീറി നീറി,
അകം വെന്തുപോയ,
കുഞ്ഞുടൽച്ചൂടുകളെ
ചേർത്തുനിർത്താൻ
വെമ്പുമൊരൊറ്റ കടൽ
വീട് നഷ്ടപ്പെട്ടവർ
അഭയം തിരയുന്നത് പോലെ മിസൈലവശിഷ്ടങ്ങൾക്കിടയിൽ
സ്വന്തം രാജ്യത്തിന്റെ സ്ഥാനം ചോദ്യചിഹ്നമാകുന്നു
അന്നം തരുന്നവന്റെ
കാലൊച്ചയ്ക്ക് കാതോർക്കെ, ഉന്നംതെറ്റാതെയെത്തുന്ന
ബോംബുതിന്ന് മരിക്കുന്നവർ –
ആറടി മണ്ണില്ലാതെ,
ഭൂപടത്തിൽ നിന്നും
നിഷ്കാസിതരാകുന്നു
കടൽ, ദേശം, കെട്ടിടങ്ങൾ, വഴികൾ,….
ഭൂപടത്തിൽ
അടയാളപ്പെടുത്താനുള്ള
മാർഗങ്ങളൊന്നുമില്ലാതെ
ഭയക്കുന്നു കുട്ടി.
ഒരൊറ്റ രാത്രികൊണ്ട്
നിശബ്ദരായി പോകുന്ന
ജനങ്ങൾക്കിടയിൽ
വിരലില്ലാതെ ഭൂപടം വരയ്ക്കാൻ
രക്ഷകനെ തിരയുമ്പോൾ
മനുഷ്യരുണ്ടാക്കിയ ദൈവങ്ങൾ.
നിങ്ങളെ
അടയാളപ്പെടുത്താനെത്തുന്നു
നിന്റെ രാജ്യമേത്???
നിന്റെ മതമേത്???
നിന്റെ നിറമെന്ത്???
അവർ നിങ്ങളോട് ചോദിക്കും
ജീവിക്കണോ!
അതോ മരിക്കണോ?!
ഉത്തരങ്ങൾ തീരുമാനിക്കും
യുദ്ധമുഖത്തിരുന്ന്
ലോകഭൂപടം വരയ്ക്കുന്ന കുട്ടി ഉടലുപേക്ഷിച്ചു രക്ഷപ്പെടുന്നു.
സ്വദേശം കാസർഗോഡ് ജില്ലയിലെ കരിവേടകം. തളിപ്പറമ്പിൽ താമസം. തളിപ്പറമ്പ താലൂക്ക് ലൈബ്രറിയിൽ ലൈബ്രേറിയൻ. ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതുന്നുണ്ട്. രണ്ട് നോവലുകളും (ഉടലറിയാതെ, രണ്ടാമിടങ്ങൾ) ഒരു കഥാസമാഹാരവും (പേരിടാത്ത പെൺകുട്ടി) പുറത്തിറങ്ങിയിട്ടുണ്ട്..

















