അമ്പത്തൊന്നാമത് ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറ്റിയെണ്‍പതോളം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവന്നപ്പോള്‍, റിച്ചി മേത്തയുടെ ‘ഫൂലന്‍’ (Phoolan), ഇയന്‍ ബാവയുടെ ‘സ്റ്റ്രോങ് സണ്‍’ (Strong Son), ഡോ. റോഷന്‍ സേത്തിയുടെ ‘ദ് സര്‍ജന്‍’ (The Surgeon), കാര്‍ത്തിക് സുബ്ബരാജിന്‍റെ ‘ഡോറൊത്തി’ (Dorothy), സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’ (Half), തേജ റിയോയുടെ ‘ആങ്‌ഗ്’ (Angh) അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകോത്തര ആക്ഷന്‍ ത്രില്ലറുകളുടെ വിഭാഗമായ ‘മിഡ്‌നൈറ്റ് മാഡ്‌നെസ്സി’ലേയ്ക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മലയാള ചലച്ചിത്രലോകത്തിനു കിട്ടുന്ന ഏറ്റവും വലിയ ഒരു അംഗീകാരമാണ് ‘ഹാഫ്’.
അമ്മ അറിയാന്‍ (Report to Mother)
ക്ലാസ്സിക് സിനിമകളുടെ വിഭാഗത്തില്‍ അന്തരിച്ച വിഖ്യാത ചലച്ചിത്രകാരനായ ജോണ്‍ എബ്രഹാമിന്‍റെ അവസാന ചിത്രമായ ‘അമ്മ അറിയാന്‍’ (Report to Mother) ന്‍റെ 4 K യില്‍ വീണ്ടെടുത്ത ഒരു പതിപ്പ് പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ ലോകസിനിമാചരിത്രത്തില്‍ മലയാളത്തിന്‍റെ സംഭാവന വീണ്ടും അംഗീകരിക്കപ്പെടുകയാണ്. ഇക്കഴിഞ്ഞ കാന്‍ ചലച്ചിത്രമേളയിലും ‘അമ്മ അറിയാന്‍’ അതിലെ പ്രധാന നടനായ ജോയ് മാത്യുവിന്‍റെയും ചിത്രസംയോജകയായ ബീന പോളിന്‍റെയും സാന്നിദ്ധ്യത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

ഫൂലന്‍
സ്നേഹാകുമാരി ഫൂലന്‍ ദേവിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ‘I Phoolan Devi – The Autobiography of India’s Bandit Queen എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കി Namah Pictures Production നു വേണ്ടി നിര്‍മ്മിച്ചിരിക്കുന്നത് Shereen Mantri Kedia, Kishor Arora, Kanwal Kohli എന്നിവരാണ്. അനുരാഗ് ഠാക്കൂര്‍, വിക്രം പ്രതാപ് സിങ്, ആകാശ് ദഹിയ, പ്രതീക് പച്ചോരി, ദേവ്ദത്ത് ബന്തോലിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ചമ്പല്‍ കൊള്ളക്കാരിയില്‍ നിന്ന് ഫൂലന്‍ ദേവിയുടെ ഇന്ത്യന്‍ പാര്‍ലിമെന്‍റ് അംഗമായുള്ള രൂപപരിണാമം ഇന്ത്യയില്‍ രണ്ട് ദശാബ്ദക്കാലം ചൂടേറിയ ചര്‍ച്ചകളായിരുന്നു. സംവിധായകന്‍ റിച്ചി മേത്ത പ്രധാനമായും ഈ ചിത്രത്തില്‍ കേന്ദ്രീകരിച്ചിട്ടുള്ളത് നാല്‌പത്തെട്ടു മണിക്കൂര്‍ നീണ്ടു നിന്ന, രണ്ടായിരത്തോളം വരുന്ന സൈന്യവുമായുള്ള ഫൂലന്‍റെ ഏറ്റുമുട്ടലും കീഴടങ്ങലുമാണ്.
ഫൂലന്‍ ദേവിയുടെ ജീവിതകഥ ഇന്ത്യയില്‍ ചലച്ചിത്രമാകുന്നത് ഇതാദ്യമായിട്ടല്ല. പ്രശസ്ത നടി സീമാ ബിശ്വാസ് ഫൂലന്‍റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ‘ബാന്‍ഡിറ്റ് ക്വീന്‍’ എന്ന ചിത്രം 1994 ല്‍ സംവിധാനം ചെയ്തത് ശേഖര്‍ കപൂറായിരുന്നു. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും സീമാ ബിശ്വാസിന് മികച്ച നടിക്കുള്ള അംഗീകാരവും ലഭിച്ചിരുന്നു.
നെറ്റ്ഫ്ലിക്സിനു വേണ്ടി ‘ഡെല്‍ഹി ക്രൈം’ സീരീസിന്‍റെ ആദ്യഭാഗം ചെയ്ത റിച്ചിമേത്ത കാനഡയില്‍ വേരുകളുള്ള വിഖ്യാതചലച്ചിത്രകാരനാണ്. ആമസോണ്‍ പ്രൈമിനു വേണ്ടി മുമ്പ് അദ്ദേഹം ചെയ്തത് ‘പോച്ചര്‍’ എന്ന സീരീസ് ആയിരുന്നു. ഫൂലന്‍റെ ആഗോളവിതരണാവകാശവും പ്രൈം വീഡിയോയ്ക്ക് തന്നെയാണ്.

ഫൂലൻ
സ്ട്രോങ് സണ്‍ (Strong Son)
കാനഡയുടെ മാനിറ്റോബയിലെ വിനിപെഗില്‍ താമസിക്കുന്ന ഇന്ത്യന്‍ വേരുകളുള്ള സംവിധായകനാണ് ഇയന്‍ ബാവ. മുമ്പ് ഹ്രസ്വചിത്രങ്ങളും വാര്‍ത്താസീരീസുകളും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ 2020 ലെ ‘സ്ട്രോങ് സണ്‍’ എന്ന ഹ്രസ്വചിത്രത്തിന്‍റെ വികസിതപതിപ്പാണ് ഇപ്പോള്‍ ഇതേ പേരില്‍ത്തന്നെ മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പിതാവിന്‍റെ വാര്‍ദ്ധക്യവിഷമതകള്‍ കണ്ട്, എല്ലാം ഉപേക്ഷിച്ച്, അദ്ദേഹത്തിന്‍റെ സഹായിയായി വീട്ടിലേയ്ക്ക് ഒതുങ്ങുന്ന ഒരു ബോഡി ബില്‍ഡറായ മകന്‍റെ വേഷത്തില്‍ ചിത്രത്തില്‍ വരുന്നത് മന്‍ദീപ് സോധിയാണ്. അമൃത് പര്‍ഭാകര്‍ പിതാവായി വേഷമിടുന്ന ചിത്രത്തില്‍ മിഖെയ്‌ല കുരിംസ്‌കി, സുസാന്‍ പ്രിന്‍ഗിള്‍, യുവ്‌രാജ് സിങ് ദേശി, എറിക് അതാവലെ, ഒനാലി ആമെസ്, ക്രിസ്റ്റ്യന്‍ ജോര്‍ഡന്‍ എന്നിവരും അഭിനയിക്കുന്നു.
”This is the most personal film that I’ve taken on and I feel immense joy and responsibility to honour my father and family with it,” സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് പകര്‍ത്തിയ പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ തന്നെ പറയുന്നത് അങ്ങനെയാണ്. കാനഡയിലെ മറ്റു നഗരങ്ങളെയപേക്ഷിച്ച് ഇന്ത്യക്കാര്‍ കുറവായ വിനിപെഗിലെ ചെറുപ്പകാലത്തെക്കുറിച്ച് ഇയന്‍ ബാവ പറയുന്നതിങ്ങനെ:
”ചുറ്റുവട്ടത്തിലും സ്കൂളിലുമൊക്കെയായി ഇന്ത്യക്കാര്‍ വളരെ കുറവായിരുന്നതിനാലും കൂട്ടുകാരുടെ പരിഹാസങ്ങള്‍ക്കിരയായിരുന്നതിനാലും പഠനകാലത്ത് ഞാന്‍ എന്‍റെ ഇന്ത്യന്‍ സ്വത്വം അങ്ങേയറ്റം മറച്ചുപിടിക്കാന്‍ ശ്രമിച്ചിരുന്നു. കാലം ചെല്ലുന്നതോടെ, അത് തെറ്റായിരുന്നെന്നും ഇന്ത്യന്‍ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കേണ്ട ഒന്നാണെന്നും എനിക്ക് മനസ്സിലായി”, ബാവ പറയുന്നു. അദ്ദേഹത്തിന്‍റെ ഇരുപതാം വയസ്സിലാണ് അമ്മ മരിക്കുന്നത്. ജീവിതത്തില്‍ വളരെ കണിശക്കാരനായിരുന്ന പിതാവ് അതോടെ മാനസികമായി തകരുന്നതും രോഗാതുരനാകുന്നതും കണ്ടതിനാല്‍ എല്ലാ ഭിന്നതകളും മാറ്റിവച്ച് അവര്‍ പരസ്പരസഹായത്തോടെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.
”മാതാപിതാക്കളില്‍ ഒരാള്‍ പോകുമ്പോള്‍ കുടുംബത്തിന്‍റെ അടിത്തറയില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു. മറ്റേയാള്‍ കൂടി പോകുമ്പോള്‍ നാം അനാഥരാകുകയാണ്. My dad was my shadow, my muse and my best friend. Now, I miss him a lot!”, ഇയന്‍ ബാവ പറയുന്നു.
ചിത്രത്തിന്‍റെ നിര്‍മ്മാണവേളയില്‍ കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ലഭിച്ച സഹായങ്ങള്‍ എണ്ണിപ്പറഞ്ഞ് ,ചിത്രത്തിന്‍റെ ആഗോള പ്രദര്‍ശനോദ്ഘാടനത്തിനായി പ്രേക്ഷകരോടൊപ്പം സംവിധായകനും ആകാംക്ഷയോടൊപ്പം കാത്തിരിക്കുകയാണ്.

സ്‌ട്രോങ് സൺ
ദ സര്‍ജന്‍ (The Surgeon)
മുമ്പ് ‘വേള്‍ഡ്‌സ് ബെസ്റ്റ്’ (World’s Best) ‘എ നൈസ് ഇന്‍ഡ്യന്‍ ബോയ്’ (A Nice Indian Boy) എന്നീ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള റോഷന്‍ സേത്തി (Roshan Sethi) ബോസ്റ്റണില്‍ റേഡിയേഷന്‍ ഒങ്കോളജിസ്റ്റ് ആയിരുന്നു. അദ്ദേഹം തന്നെ തിരക്കഥയെഴുതിയ ഈ മെഡിക്കല്‍ ഡ്രാമയില്‍ ഓസ്ക്കര്‍ പുരസ്ക്കാരജേതാവായ മിഷേല്‍ യോ (Michelle Yeoh) ആണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.
ഡോറൊത്തി (Dorothy)
കീര്‍ത്തി സുരേഷ് നായികയായി വരുന്ന ‘ഡോറൊത്തി’ (Dorothy) കാര്‍ത്തിക് സുബ്ബരാജിന്‍റെ പത്താമത്തെ സിനിമയാണ്. സംഗീതചക്രവര്‍ത്തിയായ ഇളയരാജയുടെ സംഗീതം ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. സനന്ത്, റിഷികാന്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തില്‍ വരുന്നത്.

ഡോറൊത്തി
ഹാഫ് (Half)
സംജാദിന്‍റെ സംവിധാനത്തില്‍ അമല പോള്‍, അബ്ബാസ്, രഞ്‌ജിത്ത് സജീവ്, ശ്രീകാന്ത് മുരളി, ഐശ്വര്യ രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ‘ഹാഫ്’, ഏറ്റവും മികച്ച ആക്ഷന്‍ ഡ്രാമകളടങ്ങുന്ന മിഡ്‌നൈറ്റ് മാഡ്നെസ്സ് (Midnight Madness) വിഭാഗത്തില്‍ ഇദംപ്രഥമമായി ഇടം പിടിക്കുന്ന മലയാളചിത്രമാണ്. ഹോളിവുഡ് സിനിമകളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള ചിത്രനിര്‍മ്മാണമാണ് ഇതിന്‍റേത്. പി.കെ.സജീവ്, ആന്‍ സജീവ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകനും പ്രവീണ്‍ വിശ്വനാഥുമാണ്. മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ശബ്ദസംവിധാനം വിഷ്‌ണു ഗോവിന്ദ്.

സംജാദ്
ആങ്‌ഗ് (Angh)
ലണ്ടനില്‍ താമസമാക്കിയ, നാഗാലാന്‍റ് സ്വദേശിയായ തേജാ റിയോയുടെ ആദ്യചിത്രമായ ‘ആങ്‌ഗ്’ മികച്ച 12 ചിത്രങ്ങള്‍ മാത്രമുള്ള പ്ലാറ്റ്‌ഫോം വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നു വന്ന നാലായിരത്തിലധികം ചിത്രങ്ങളില്‍ നിന്ന് കഥയിലും സംവിധാനത്തിലും മികവു പുലര്‍ത്തുന്ന പത്ത് ചിത്രങ്ങളാണ് ഈ വിഭാഗത്തിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 1960 കളില്‍ അമേരിക്കയില്‍ നിന്ന് ഒരു മിഷനറി നാഗാലാന്‍റില്‍ പ്രവര്‍ത്തിക്കാനെത്തുമ്പോള്‍ ഒരു കോണ്യാക് ഗോത്രത്തലവന്‍ അനുഭവിക്കേണ്ടിവരുന്ന സ്വത്വപ്രതിസന്ധികളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

തേജാ റിയോ
2026 സെപ്റ്റംബര്‍ 10 മുതല്‍ 20 വരെ 27 വേദികളിലായി നടക്കുന്ന ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ അയ്യായിരത്തോളം ചലച്ചിത്രപ്രവര്‍ത്തകരും ആയിരത്തിഅഞ്ഞൂറോളം മാധ്യമപ്രവര്‍ത്തകരുമുള്‍പ്പടെ അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കവർ : ജ്യോതിസ് പരവൂർ
സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.


















