പൂമുഖം LITERATURE പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും. ഇതൾ: പതിനേഴ്

പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും. ഇതൾ: പതിനേഴ്

ഗർഭിണി എന്ന പ്രത്യേക പരിഗണനകളോ, ശുശ്രൂഷകളോ തുടർന്നും സന്ദീപിന്‍റെ വീട്ടിലെ ആരിൽ നിന്നും ലഭിക്കുകയുണ്ടായില്ല. പാത്രം കഴുകലും, തൂത്തുവാരലും തുടങ്ങി ഭക്ഷണം ഉണ്ടാക്കുന്നതൊഴിച്ച് മിക്ക ജോലികളും ആ ദിവസങ്ങളിൽ താനായിരുന്നു ചെയ്തിരുന്നത്. സത്യത്തിൽ സന്ദീപുമായ് നേർക്കുനേർ വരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുക എന്ന അർത്ഥത്തിൽ അതൊരു രക്ഷപ്പെടലും കൂടിയായിരുന്നു. ഗർഭകാലത്തിന്‍റെ ആ അവസാന നാളുകളിലും പലവട്ടം പരസ്യമായി അപമാനിക്കപ്പെട്ടു. അതിൽ രണ്ടെണ്ണം സ്വയം ചോദിച്ച് മേടിച്ചതും. അതെന്തിനെന്നറിഞ്ഞാൽ നാണം കെട്ടവൾ എന്നേവരും തന്നെ പരിഹസിച്ചേക്കാം.

ആദ്യത്തേത് ഒരു ത്രിസന്ധ്യക്കായിരുന്നു. വയറ്റിനുള്ളിൽ ആ തെമ്മാടി “വിശക്കുന്നമ്മേ.. വിശക്കുന്നമ്മേ” എന്ന് വല്ലാതെ ബഹളം വെച്ചു. അന്നത്തെ ദിവസം ആകെ കഴിച്ചിരുന്നത് ഒരു പിടി ചോറും, ഒരൽപ്പം സാമ്പാറിന്‍റെ തെളിയും ആയിരുന്നു. വിശപ്പിനോടെന്നല്ല എന്തിനോടും പൊരുത്തപ്പെടാൻ ശീലിച്ചു കഴിഞ്ഞിരുന്നു, എന്നിട്ടും അസമയത്തെ ആ വിശപ്പിൽ നിയന്ത്രണം നഷ്ടപ്പെട്ട് അടുക്കളയുടെ സർവ്വാധികാരിയായ ഏടത്തിയെ ഒളിച്ച് അമ്മയോട് ആവശ്യം ഉന്നയിക്കേണ്ടിവന്നു.

വര: പ്രസാദ്‌ കാനത്തുങ്കല്‍

“വല്ലാതെ വിശക്കുന്നുണ്ട്, രാത്രിഭക്ഷണം ഞാൻ ഇപ്പോൾ കഴിച്ചോട്ടെ?”

“ആഹാ! കൊള്ളാമല്ലോ..വയറ്റില് നല്ല കനത്തില് കിടപ്പുണ്ടല്ലോ, എന്നിട്ടാന്നോ വിശപ്പ്”

ഒട്ടുമേ പ്രതീക്ഷിക്കാതെ അമ്മയുടെ അത്തരമൊരു മറുപടിയിൽ ഇളഭ്യയായ് നിൽക്കുന്നിടത്തേക്ക് പൊട്ടിവീണതുപോലെ ഏടത്തിയും, കൂടെ സന്തതസഹചാരിയായ അയൽവക്കത്തെ കൂട്ടുകാരിയുമെത്തി. എങ്ങനെയും രംഗം വിട്ടാൽ മതിയെന്നായി. പക്ഷേ ..

അയൽക്കാരി :”പ്രഭ ഇവിടുണ്ടായിരുന്നോ? ഞാൻ കരുതി പ്രഭയുടെ വീട്ടിലാണെന്ന്”

ഏടത്തി :”ഓ, അവിടെ ആരിരുന്നിട്ടാ.. ഇവിടെത്തന്നെയാ …എപ്പോഴും മുറിയിൽ അടച്ചിരുപ്പാന്നേ ഉള്ളൂ..”

“ഗർഭിണികൾക്ക് ഇങ്ങനെ ഒരേ ഇരിപ്പും കിടപ്പുമൊന്നും നല്ലതല്ല, നല്ലോണം കുനിഞ്ഞുനിവർന്ന് ഓരോന്നൊക്കെ ചെയ്യണം, ഇതൊന്നും പറഞ്ഞുകൊടുത്തിട്ടില്ലേ?”

“നമ്മളില്ലേ.. എല്ലാം തികഞ്ഞവരല്ലേ,.. കുനിഞ്ഞാൽ വയറ്റിലുള്ളത് വല്ലോം താഴോട്ട് ഊരിവീണാലോ..

ശേഷം അവിടെമുഴങ്ങിയ കൂട്ടച്ചിരിയിൽ മന്ദബുദ്ധിയെന്നോണം ചുണ്ടിലൊരു ചിരിയൊട്ടിച്ച് തിരികെനടന്നു. അത്ഭുതമെന്തായിരുന്നെന്നോ അന്നേരം തനിക്കൊട്ടുമേ വിശക്കുന്നുണ്ടായിരുന്നില്ല.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ഉച്ച ഭക്ഷണനേരത്ത് കറികളൊന്നും എടുക്കാൻ തോന്നിയില്ല, ചോറിൽ അൽപ്പം തൈരൊഴിച്ച്, അച്ചാറുകുപ്പിയിൽ നിന്നും ഒരു കണ്ണിമാങ്ങായും എടുത്തു..

പെട്ടെന്ന് പിന്നിൽനിന്നും ഏടത്തി: “അതേ പാലാട്ടിന്‍റെ കണ്ണിമാങ്ങായൊക്കെ കൂട്ടി ചോറുണ്ണാൻ നല്ല സ്വാദാ.. പക്ഷേങ്കി അതിന് അവനവൻ വാങ്ങിച്ചത് ആയിരിക്കണം.”

ഊൺമേശയിൽ സന്ദീപിന്‍റെ മൂത്ത സഹോദരനും, വീട്ടിലെ കുട്ടികളും ഊണ് കഴിക്കുന്നുണ്ടായിരുന്നു .സഹോദരന്‍റെ ഭാര്യ കുട്ടിക്ക് ഭക്ഷണം നൽകുകയും.. ആ കണ്ണിമാങ്ങാ മെല്ലെ അച്ചാറുകുപ്പിയിലേക്ക് തിരിച്ചിട്ടു. പാത്രത്തിലെ ചോറുമായി അടുക്കളയുടെ പുറകിലത്തെ വാതിൽക്കൽ നിന്നു. ആ ഭക്ഷണം വേണ്ടാന്ന് വയ്ക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്നതുകൊണ്ട് എങ്ങനെയൊക്കെയോ കഴിച്ചുതീർത്തു. അപ്പോഴേക്കും മറ്റെല്ലാവരും ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകുന്നിടത്തുവെച്ചിട്ട് പോയ്ക്കഴിഞ്ഞിരുന്നു. എച്ചിലുകൾ മാറ്റി, പാത്രങ്ങൾ കഴുകി, അടുക്കളയും വൃത്തിയാക്കി, എത്ര കഴുകിയിട്ടുംപോകാതെ തൊണ്ടയിലെന്തോ കുടുങ്ങിക്കിടക്കുന്നതുപോലെ…

ദിവസങ്ങൾ മുടന്തൻകാളയുടെ ഓട്ടംപോലെ പൊയ്ക്കൊണ്ടിരുന്നു.. മനസ്സിൽ പെരുകുന്ന ആധികളും.

വീട്ടിൽനിന്നും പ്രസവത്തിന് വിളിച്ചോണ്ട് പോകാൻ വരാതിരിക്കുമോ.. വീട്ടിൽനിന്നും അവസാനം ഫോൺ വന്നപ്പോഴും മിണ്ടുന്നിടത്ത് ഏടത്തി പത്രം വായിച്ചിരിപ്പുണ്ടായിരുന്നു. ഏടത്തിയോടും ഏറെനേരം വിശേഷങ്ങൾ മിണ്ടിയിട്ടാണ് അമ്മ ഫോൺ വെച്ചത്. പ്രസവം ഇവിടെ മതി എന്ന് അന്നും ഏടത്തി പറഞ്ഞിരുന്നു.

താനിവിടെ ഏറ്റവും സന്തോഷമായ് എല്ലാവിധ സ്നേഹപരിചരണങ്ങളും ലഭിച്ച് കഴിയുന്നു എന്നാണല്ലോ അവരെ ധരിപ്പിച്ചിരിക്കുന്നത്. തനിച്ചൊന്ന് ഫോണിൽ സംസാരിക്കാൻപോലും അനുവാദമില്ല.

മാതാപിതാക്കളോടുള്ള സ്നേഹവും, കരുതലും, അവർക്ക് അപമാനവും വേദനയും ആകരുതല്ലോ എന്ന ചിന്തയും, ഒപ്പം അവരുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള ബോധ്യവും.

നല്ലൊരു ശതമാനം പെൺകുട്ടികളും തങ്ങൾ അനുഭവിക്കുന്നതെന്തെന്ന് ഉറ്റവരെ അറിയിക്കാതെ “വാ മൂടിക്കെട്ടുവാൻ’ തീരുമാനിക്കുന്നത് ഇക്കാരണങ്ങളാലാവും. അവനവനെ ബലികൊടുത്തും സ്വയം ശപിച്ചും മരുഭൂമിയായ് മാറുകയാണ്.

വല്ലാതെ ഭയം തോന്നിത്തുടങ്ങിയിരുന്നു. ശരീരം ഇച്ഛയ്ക്കൊത്ത് ചലിക്കാത്തതുപോലെ, കാൽപ്പത്തികളും, മുഖവും നീരുവെച്ച് വീർത്തിരുന്നു. അടിവയറും, നടുവും, പുറവുമൊക്കെ മിന്നിപ്പിടിക്കുന്നതുപോലെ വേദനകൾ.

കണ്ണാടിയിൽ കാണുന്ന പ്രതിബിംബം തന്റേതുതന്നെയോ എന്ന് വീണ്ടും വീണ്ടും നോക്കിയിട്ടും മറ്റാരെയോപോലെ..

പ്രസവവേദന വന്നാൽ എങ്ങനെയാണ് അറിയുക?
ആരോടാണ് പറയുക?
ആരാവും ആശുപത്രിയിൽ കൊണ്ട് പോവുക?
ഇനി അഥവാ രാത്രിയിലാണെങ്കിലോ?
ആശുപത്രിയിൽ കൊണ്ടുപോകുംമുന്നേ പ്രസവിച്ചാലോ?

മനുഷ്യസ്ത്രീ ആയിരിക്കുന്നത് എപ്പോഴും അത്ര നല്ലതൊന്നുമല്ല. ചിലർക്കെങ്കിലും അത് കഠിനമാണ്. വല്ല മൃഗവുമായിരുന്നെങ്കിൽ ഇത്തരമൊരവസ്ഥയിൽ ഇതുപോലെ ഭയപ്പെടേണ്ടതുണ്ടോ? ഏത് കാട്ടിലും ആരുടെയും സഹായം പോലും വേണ്ട, അതിന് പ്രസവിച്ച് തന്‍റെ കുഞ്ഞുങ്ങളെ വളർത്താൻ. ഇവിടെ മനുഷ്യസ്ത്രീ ആയതുകൊണ്ടുമാത്രം.

തന്‍റെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായ ആൾ എല്ലാവിധ സന്തോഷത്തോടെയും, സൗകര്യങ്ങളോടെയും ജീവിതം ആസ്വദിക്കുന്നു. താനോ…

ഇനിയും സന്ദീപിനോട് സംസാരിക്കാതെ വയ്യ. താൻ തനിച്ചായിരുന്നുവെങ്കിൽ സാരമില്ലായിരുന്നു. ഇത് പക്ഷേ വയറ്റിൽ ഒരു ജീവനുണ്ട്.. ആ ജീവന്‍റെ സുരക്ഷ തന്റേതുമാത്രമാണ്. അവിടെ മൗനം പാടില്ല.. നാളുകളായ് പരസ്പരം സംസാരിച്ചിട്ട് .. രാത്രിയിൽ സന്ദീപ് മുറിയിൽ വരുന്നതുവരെ കാത്തിരുന്നു..

സന്ദീപ് വന്നതും ഒറ്റ വീർപ്പിൽ “എനിക്കൊരു കാര്യം പറയാനുണ്ട്.. എനിക്ക് വീട്ടിൽ പോകണം.. ഞാൻ ഒന്നും ആരോടും പറയില്ല, പ്രസവത്തിന് ദിവസം അടുക്കുന്നു. ഇവിടെ എനിക്ക് പറ്റില്ല… പ്ളീസ്” പറഞ്ഞതിനുശേഷമാണ് ആ മുഖത്തേക്ക് നോക്കിയത്. യുദ്ധത്തട്ടിൽ ജയിച്ചുനിൽക്കുന്ന ശക്തിമാനായ പോരാളിക്ക്, തന്‍റെ മുന്നിൽ സ്വാഭിമാനംപോലുമില്ലാതെ കീഴടങ്ങി, ജീവനുവേണ്ടി യാചിക്കുന്ന എതിരാളിയോട് തോന്നുന്ന ആ വികാരമുണ്ടല്ലോ.. ജയിച്ചവന്‍റെ വികാരം മാത്രമല്ലത്… ഒരിക്കലും പത്തിമടക്കിയിട്ടില്ലാത്ത അധികാരത്തിന്‍റെ ആ വികാരോജ്വലമായ ഭാവം!

വീട്! തന്നെ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചു. ഏറെ നാളുകൾക്ക് ശേഷം വയറ്റിനുള്ളിൽ കുഞ്ഞും പലവട്ടം അനങ്ങി തനിക്കും സന്തോഷമാണെന്ന് അറിയിച്ചു. ഫിലിപ്സിന്‍റെ ടേപ് റിക്കോർഡർ ഇഷ്ടഗാനങ്ങൾ പാടിക്കൊണ്ടിരുന്നു. അന്നാളിലൊരുദിവസം നിറസ്നേഹവുമായ് അവൾ വന്നു. തൂവലുകൾകൊണ്ട് ഉൾമുറിവുകളിൽ തൊട്ടു…ഏങ്ങിയേങ്ങിക്കരഞ്ഞ് ഞാനവളുടെ മടിയിലേക്ക് ചുരുങ്ങി. ഒന്നുമേ മിണ്ടാതെ അവളെന്നെ തലോടിക്കൊണ്ടിരുന്നു. മെല്ലെ ഞാനുറങ്ങി.

കവര്‍: ജ്യോതിസ് പറവൂര്‍

Comments
Print Friendly, PDF & Email

You may also like