ഈ ഡിസംബറിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും വിജയിക്കാത്ത ചുറ്റുപാടിൽ , അവയിൽ മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിൽ ഭരിച്ചിരുന്ന ബി ജെ പി , തങ്ങളുടെ എല്ലാ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളേയും വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്.
തോറ്റ രണ്ടു സംസ്ഥാനങ്ങൾ അവർ തന്നെ പതിനഞ്ചു വർഷമായി ഭരിച്ചിരുന്നു എന്ന വസ്തുത അവരെ ഈ വിശകലനത്തിലേക്കു കർശനമായി നയിക്കുന്നു. നേരിട്ടുള്ള മത്സരത്തിൽ, മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിൽ കോൺഗ്രസ് അവരെ അധികാരത്തിൽ നിന്ന് നീക്കി എന്നത്, ബി ജെ പിയെ മാത്രമല്ല, ദേശീയ രാഷ്‌ട്രീയ നിരീക്ഷകരെ ആകെ ജനങ്ങളുടെ മൂഡിൽ വന്ന മാറ്റത്തെ പറ്റി കാര്യമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.
ഏതു കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് ബി ജെ പിയെ കുഴക്കുകയും, കോൺഗ്രസിനും, മറ്റു പ്രതിപക്ഷ കക്ഷികൾക്കും ആവേശം പകരുകയും ചെയ്യുന്നത്? ഛത്തിസ്‌ഗർ , മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ബി ജെ പി മുന്നോട്ടു വെയ്ക്കുന്ന ഹിന്ദുത്വ രാഷ്‌ട്രീയത്തെ പൊതുവെ സ്വീകരിക്കുന്നവർ ആണ്. കോൺഗ്രസ്സിന്റെ ലിബറൽ രാഷ്‌ട്രീയത്തേയും ഒരുപോലെ ഈ കൂട്ടർ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ യു പിയേയും , ബിഹാറിനേയും പോലെ മണ്ഡൽ രാഷ്‌ട്രീയത്തെ സ്വായത്തമാക്കിയവരല്ല ഈ മൂന്ന് സംസ്ഥാനങ്ങൾ .. അതുകൊണ്ടു തന്നെ അവരുടെ ബിജെപി തിരസ്കാരം , ലിബറൽ ഹിന്ദിക്കാരൻ എവിടെ നിൽക്കുന്നു എന്നതിലേക്ക് ചൂണ്ടു പലകയായും വരുന്നു.
ഹിന്ദി ലിബറൽ വോട്ടറിന്റെ ഈ നിലപാട്, മണ്ഡൽ രാഷ്‌ട്രീയത്തെ കോൺഗ്രസിലേക്ക് കൂടുതൽ അടുപ്പിക്കാൻ കാരണമാകുന്നു. അതിനർത്ഥം, യു പി ബീഹാർ ജാർഖണ്ഡ് , ഹരിയാന, പഞ്ചാബ് , ഹിമാചൽ എന്നീ സംസ്ഥാനങ്ങൾ അടങ്ങുന്ന, ഹിന്ദി സംസാരിക്കുന്ന, പ്രദേശങ്ങൾ ബി ജെ പി യിൽ നിന്ന് മാറിപ്പോകുന്നു എന്നതാണ് .അതാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം. ഇത് ബി ജെപി ക്കു വലിയ തലവേദനക്ക് കാരണമാകുന്നു. കാരണം ദക്ഷിണ ഇന്ത്യയിൽ നിന്നോ, കിഴക്കൻ ഇന്ത്യയിൽ നിന്നോ ഈ മാറ്റത്തിനു ബദൽ ലോക സഭ സീറ്റുകൾ ബി ജെ പി ക്കു കിട്ടുവാൻ വഴിയില്ല. വടക്കു കിഴക്കൻ രാഷ്‌ട്രീയമാകട്ടെ, ഡൽഹിയിൽ ഭരിക്കുന്നവരുടെ വാലായുളള രാഷ്‌ട്രീയം ആണ്, ത്രിപുരയും, ആസ്സാമും ഒഴിച്ച്.
ബി ജെ പി യുടെ കണക്കു കൂട്ടലുകൾ വികാസ് മുദ്രാവാക്യത്തെ പിടിച്ചാണ്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ പതിനഞ്ചു കോടി വോട്ടാണ് ബി ജെ പി ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായത് . പല സാമൂഹ്യ ഉദ്ധാരണ പരിപാടികളും ഒക്കെയായി ഇരുപത്തി അഞ്ചു കോടി ആൾക്കാരെ മോഡി ഭരണം തൊട്ടിരിക്കുന്നു.. എങ്ങനെയെങ്കിലും ഈ ഇരുപത്തി അഞ്ചു കോടിയുടെ ശ്രദ്ധ തങ്ങളിലേക്ക് വോട്ടിനായി തിരിച്ചാൽ തങ്ങൾക്ക് വീണ്ടും അധികാരത്തിൽ എത്താം എന്നതാണ് അവരുടെ കണക്കു കൂട്ടൽ. ഈ കൂട്ടർ റാഫേൽ, ലിബറൽ ആശയങ്ങൾ എന്നിവക്ക് ഉപരി, തങ്ങളുടെ ദൈനം ദിന ജീവിതത്തിനു പ്രധാന്യം കൊടുക്കുന്നവരാണ് എന്നത്, ബി ജെ പി ക്കു ഇപ്പോളും ആശ പകരുന്ന ഒരു വസ്തുതയാണ്.
ഇതേ കൂട്ടരാണ്, നോട്ടു നിരോധനത്തിൽ വലഞ്ഞതും, കർഷക പ്രശ്നങ്ങളിൾ ഉൾപെട്ടതും എന്നതു ബി ജെപി യുടെ പ്രതീക്ഷയെ അസ്ഥാനത്താക്കുമെന്നാണ് കോൺഗ്രസിന്റെ നിലപാട്. ബി ജെ പി യുടെ തന്നെ പഴയ പിന്തുണക്കാരായ ബനിയ സമുദായമാണ്, നോട്ട് നിരോധനം കൊണ്ട് ഏറെ വലഞ്ഞ ഒരു സമൂഹം. അവർ തന്നെ ആണ്, വടക്കേ ഇന്ത്യൻ സമൂഹത്തിന്റെ സാമ്പത്തിക ഘടന നില നിർത്തുകയും ചെയ്യുന്നത്. ജി സ് ടി എന്ന നീരാളി, ഈ കൂട്ടരെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട് എന്നതും ബി ജെ പി ക്കു തലവേദന ആകുകയാണ്.
പക്ഷെ രണ്ടുമൂന്നു സർവ്വേ ഏജൻസിയുടെ അഭിപ്രായ വോട്ടെടുപ്പുകൾ , കേന്ദ്ര സർക്കാരിന്റെ നിരന്തര ഇടപെടലുകൾ എന്നിവയുടെ പിൻബലത്തിൽ, റാഫേലിനെയും, മറ്റു ആരോപണങ്ങളെയും മറികടക്കാം എന്ന് ബി ജെ പി കരുന്നു. പക്ഷെ പഴയതു പോലെ തങ്ങൾ അജയ്യർ ആണ് എന്ന വികാരം സ്വന്തം നേതാക്കൾക്ക് പോലും കൊടുക്കാൻ കഴിയുന്നില്ല. മോദിയുടെയും, അമിത് ഷായുടെയും, അജയ്യതയിൽ അവർക്കു സംശയം തോന്നി തുടങ്ങിയിരിക്കുന്നു. അവിടെയാണ് നിതിൻ ഗഡ്കരി, ആർ എസ് എസ് , മറ്റു പിറു പിറുപിറുപ്പുകൾ എല്ലാം ഉയർന്നു വരുന്നത്. മുപ്പതു ശതമാനം ലോക സഭ അംഗങ്ങളെ മാറ്റുവാൻ കച്ച കെട്ടി ഇരിക്കുന്ന അമിത് ഷാ അതു കൂടെ ചെയ്താൽ, ഈ പിറുപിറുപ്പ് , യശ്വന്ത് സിൻഹയെക്കാളും വലിയ തലവേദനയായി ബിജെപി ക്കു നേരിടേണ്ടി വരും.
എല്ലാ തെരഞ്ഞെടുപ്പുകളിലേയും വിജയം, സ്ഥാനാർഥി നിർണയസമയത്ത് കക്ഷി ആസ്ഥാനങ്ങളിലെ ആൾത്തിരക്ക് കണ്ടാൽ അറിയാം എന്നത് ഒരു പഴയ ഡൽഹി അളവുകോലാണ്. അത് വെച്ച് നോക്കുമ്പോൾ, അഞ്ചു സംസ്ഥാന സ്ഥാനാർഥി നിർണയ സമയത്തെ കോൺഗ്രസ് ആസ്ഥാനത്തെ ആൾക്കൂട്ടം കോൺഗ്രസിൻറെ ഒരു തിരിച്ചു വരവിനെ കാണിക്കുന്നു. പക്ഷെ തെരഞ്ഞെടുപ്പ് മെഷിനറി ഒരു കോർപറേറ്റ് ക്യാമ്പേയ്‌നിന്റെ കൃത്യതയോടെ നടത്തുന്ന ബി ജെ പി യെ ആരും തള്ളി കളയുന്നില്ല. കാരണം അവർക്കു ഭരണത്തിൻറേയും, പണത്തിൻറേയും പിന്തുണ ധാരാളമായി ഉണ്ട്. കോൺഗ്രസ്, തെരഞ്ഞെടുപ്പിനെ ഡേവിഡ് വേർസസ് ഗോളിയത് എന്ന് വിശേഷിപ്പിക്കുന്നു . കാരണം വേണ്ട പൈസ കയ്യിൽ ഇല്ലാതെ, മർമ്മത്ത് അടിക്കാൻ മാത്രം ആയുധം തേടി നടക്കുകയാണ് അവർ.
ഈ മൂന്ന് സംസ്ഥാന ഭരണം, വേണ്ട സമ്പത്തു സ്വരൂപിക്കാൻ കോൺഗ്രസിന് സഹായകരം ആകുന്നു. അത് തന്നെ ആണ് ബി ജെ പിക്ക് തലവേദന ഉണ്ടാക്കാൻ പോകുന്നത്. പത്തിന് മുകളിൽ ഹിന്ദി പ്രദേശങ്ങളിൽ സ്വന്തമായി ബി ജെ പിയെ നേരിടുന്ന കോൺഗ്രസ് തന്നെ ആകും ഈ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി എന്നത് ഏതു ഫെഡറൽ മുന്നണിയേയും കോൺഗ്രസിലേക്ക് അടുപ്പിക്കുന്നു. പക്ഷെ ബി ജെ പി യുടെ അഡ്വാവ് കക്ഷിയായ ടി ആർ എസിന്റെ ‘ചേരിചേരാനയ’ത്തിൽ എത്ര സംസ്ഥാന പാർട്ടികൾ വീഴും എന്നത് നോക്കേണ്ടിയിരിക്കുന്നു. എന്തൊക്കെ ആയാലും പ്രധാന പ്രതിപക്ഷമായി കോൺഗ്രസ് ഉയർന്നു കഴിഞ്ഞു. ഇനി നോക്കേണ്ടത് അവർക്കു എത്ര ലോക് സഭ സീറ്റുകളിൽ ആധിപത്യം സൃഷ്ടിക്കാൻ കഴിയും എന്നതാണ് .. അതായിരിക്കും ഡൽഹിയിൽ ഒരു ബി ജെ പി ഇതര സർക്കാർ വരുമോ എന്നത് തീരുമാനിക്കുന്നത്.
ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയുടെ ഭണഘടന ഇങ്ങനെ നിൽക്കണമെങ്കിൽ, ബി ജെ പി യുടെ ഇന്നത്തെ നില മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. അത് അവർക്കു കുറഞ്ഞ ലോക സഭ സീറ്റുകൾ കിട്ടുന്നതിലൂടെയോ, അവരുടെ പരാജയത്തിലൂടെയോ മാത്രമേ ആകൂ. ഇന്നത്തെ അവസ്ഥയിൽ തിരിച്ചു വന്നാൽ അവർ ഭരണ ഘടന മാറ്റി, കശ്മീരിന്റെ സ്പെഷ്യൽ സ്റ്റാറ്റസ് മുതൽ, രാമ ക്ഷേത്രം വരെ എല്ലാം സ്വന്തം ഇഷ്ട പ്രകാരം ഹിന്ദുത്വ അജണ്ടയിലേക്കു മാറ്റുമെന്ന് സംശയമില്ല. അത് കൊണ്ട് തന്നെ അടുത്ത ലോകസഭ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യ സമരം നമുക്ക് നൽകിയ ഭരണഘടന സംരക്ഷിക്കാനുള്ള ഒരു വോട്ടെടുപ്പ് തന്നെ ആയിരിക്കും എന്നതിൽ സംശയം ഇല്ല
മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.