ഇന്നത്തെ മലയാളകാർട്ടൂൺ ലോകത്തിലെ ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് സുനിൽ രാജിന്റേത്. സമൂഹത്തിന്റെ നിത്യജീവിതത്തിലെ എല്ലാവിധ ചേരുവകളെയും ഏറ്റക്കുറച്ചിലുകളെയും വിരോധാഭാസങ്ങളെയും കുറിക്കുകൊള്ളും വിധം വരച്ചുകാട്ടുന്നതിലുള്ള വൈദഗ്ദ്ധ്യം സുനിൽ രാജിന്റെ വരകളിൽ വ്യക്തമാണ്. 2000 തൊട്ടുള്ള ഈ ആവേശോത്സുകയാത്രയിൽ IDSSFK യ്ക്ക് വേണ്ടി ഒരുക്കിയ “Metancherry ” എന്ന ഡിജിറ്റൽ യുഗത്തിലേയ്ക്കുള്ള സമർപ്പണത്തിന്റെ കൂടെ ചേർത്തുവയ്ക്കാനാവുന്നതാണ് മാതൃഭൂമിയിൽ ഇപ്പോൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന “കൊണ്ടാട്ടം ലൈവ്” എന്ന ഗ്രാഫിക് നോവൽ. 52 വർഷങ്ങൾ മുമ്പ് വായനക്കാർ കൊണ്ടാടിയ അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന സീരീസിന് ശേഷമാണ് മലയാളികളിലേക്ക് കൊണ്ടാട്ടത്തിന്റെ എൻട്രി.
മനുഷ്യസമൂഹങ്ങൾ രൂപപ്പെട്ട കാലം തൊട്ട് തന്നെ മനുഷ്യനെ കീഴ്മേൽ ഭരിക്കുന്ന ഘടകങ്ങൾ പലതാണ്; അതിൽ കൂടിക്കലർന്ന് നിലകൊള്ളുന്ന അധികാരപ്രവണതകൾ എത്ര മാത്രം അവന്റെ സാമൂഹ്യനിലനില്പിനെയും ചെയ്തികളെയും ചിന്തകളെയും സ്വാധീനിക്കുന്നുണ്ട് എന്നതും കാലാകാലങ്ങളായി മനുഷ്യർ തന്നെ അന്വേഷിച്ചും കണ്ടെത്തിയും കൊണ്ടിരിക്കുന്ന രാഷ്ട്രീയ-തത്വചിന്താപരമായ ചോദ്യമാണ്. ഈ പശ്ചാത്തലത്തിലേക്കാണ് മനുഷ്യകുലത്തെ ഭ്രമാത്മകതയിലേക്കെത്തിച്ച ഡിജിറ്റൽ യുഗത്തിന്റെ എൻട്രി. ഡിജിറ്റൽ ഭ്രമയുഗത്തിൽ കുടുങ്ങിയ ഒരു മനുഷ്യന്റെ ജീവിതയാത്രയും അതിന്റെ കുറുകെ ചാടാൻ ഇടയാകുന്ന മനുഷ്യരുടെയും (മൃഗങ്ങളുടെയും) സാമൂഹിക സംഭവവികാസങ്ങളുടെയും ഒരു തുറന്ന വരയാണ് “കൊണ്ടാട്ടം ലൈവ്”- നർമ്മപരിവേഷമുള്ള ഒരു ബ്രില്യന്റ് സോഷ്യൽ കമന്ററി.
സന്ദർഭോചിതമായും അവസരോചിതമായും കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെക്കാൻ കൊണ്ടാട്ടം ഒരു മടിയും കാട്ടുന്നില്ല. നാമധേയം ഇല്ലാത്ത, എന്നാൽ കാർട്ടൂണിസ്റ്റ് എല്ലാവിധത്തിലും പകർന്നാടുന്ന പ്രധാന കഥാപാത്രത്തിന്റെ ഓരോ സാഹസങ്ങളും കണ്ടുമുട്ടലുകളും അത്രമേൽ എരിവുപുളികളുള്ളതാകുന്നത് യാദൃച്ചികമല്ല. സ്ഥാനത്തിനായി ആർത്തിപിടിച്ച് വോട്ടോട്ടമായി ബിസിയായവരും, മധ്യവയസ്‌ക സ്ക്രോളർമാരും,സ്വപ്രഖ്യാപിത ഡിജിറ്റൽ ഗുരുക്കളും, ബുദ്ധിജീവികളും, വാർത്താമാധ്യമങ്ങളുടെ ഹരമായ ജെന്സിപിള്ളേരും ഒക്കെ സുനിൽ രാജിന്റെ സൂക്ഷ്മദരർശിനിയിൽ കുടുങ്ങിയ ചിലർമാത്രം. ഡിജിറ്റൽ യുഗത്തിന്റെ പ്രസരിപ്പും ജെൻസി ലിംഗോയും ഡിജിറ്റൽ ടെർമുകളും എല്ലാം വളരെ സാമർഥ്യത്തോടെയും സർഗാത്മകമായും ഉപയോഗിക്കുന്നുണ്ട് അദ്ദേഹം. ഡിജിറ്റൽ മനുഷ്യന്റെ ഇന്നത്തെ സന്തതസഹചാരിയായ ഡിജിറ്റൽ ഈഗോ എങ്ങനെയാണ് വിക്രമാദിത്യന്റെ ചുമലിലെ വേതാളം എന്നപോലെ പിന്തുടരുന്നത് എന്ന കൈപ്പയ്ക്കാരഹസ്യം ഇതിലെ മുഖ്യവാദം ആകുന്നുണ്ട്. അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മീ’യുടെ പ്രസാധനത്തോടനുബന്ധിച്ചു വന്ന ‘ഇന്ത്യൻ മമ്മീസിൽ’ ഓഡിയോ ബുക്കുവഴി ഭാവനയുടേയും സത്യാന്വേഷണത്തിന്റെയും ഒരു ലോകം തുറന്നു വരുന്നതായി കാണാം. മാർക്കേസിലേക്ക് പോർട്ടുചെയ്യപ്പെട്ട ഡിജിറ്റൽ ഈഗോയും ശാസ്ത്ര സാഹിത്യ ബുദ്ധിജീവികളുടെ വാട്സ്ആപ് കൂട്ടായ്മയിലെ കോലാഹലങ്ങളും യൂട്യൂബ് വ്ലോഗിന്റെ വിപ്ലവപ്രവാഹങ്ങളും എല്ലാം ഇതിനെ ആസ്വാദ്യകരവും രസകരവും ആക്കുന്നുണ്ട്.
ഇതിലെല്ലാമുപരി ഈ ഗ്രാഫിക് നോവലിന്റെ മുഖ്യവിഷയം ഒരു ഡിജിറ്റൽ മനുഷ്യന്റെ, ജീവിതത്തിനും ജെന്സിവിപ്ലവത്തിനുമിടയിലുള്ള അസ്തിത്വത്തിനായുള്ള തിരച്ചിലാണ്. പുതുതലമുറയുടെ നവലിംഗോയെ അതിസമർത്ഥമായി കഥാഗതിയുടെ മുഖ്യചേരുവയാക്കുന്നുണ്ട് കാർട്ടൂണിസ്റ്റ്. അതിൽ സ്കോളർ സ്ക്രോളർ ആകുന്നു, തന്ത വൈബ് തന്ത വൈഭവം ആകുന്നു, എ ഐ ഒരു ഭൂതപരിവേഷം നേടുന്നു. എന്നാൽ എനിക്കേറ്റവും പ്രിയപ്പെട്ടത് കാട്ടുപന്നിയുടെ ഗെസ്റ്റ് റോൾ ആണ്. ബീഡിവലിച്ചും ബിയറുകുടിച്ചും കൃത്യവും വ്യക്തവുമായ തന്റെ രാഷ്ട്രീയ ബോധവും അഭിപ്രായങ്ങളും തുറന്നുപറയുന്ന കാട്ടുപന്നി ബഷീർ സഖാവുപട്ടം നൽകിയ പാമ്പിന്റെ തലമുറകൾക്കിപ്പുറമുള്ള സഹോദരനായിരിക്കാം.
മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്കുള്ള തുറന്നെഴുത്ത്/വര എന്നിവയിലുപരി സ്വന്തം ജീവിതത്തിനുനേരെ കാർട്ടൂണിസ്റ്റ് പിടിച്ച ഒരു കണ്ണാടി എന്ന രീതിയിലും കൊണ്ടാട്ടം ലൈവ് രൂപഭാവം എടുക്കുന്നുണ്ട്. നമ്മളേറ്റവും കൂടുതൽ നിസ്സാരവൽക്കരിച്ച് തള്ളിക്കളയാൻ സാധ്യതയുള്ള കാര്യങ്ങൾക്കുപോലും നമ്മുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലെ ചിന്തകൾ രൂപപ്പെടുത്തുന്നതിലും ചുറ്റുമുള്ളവരുടെ മേലുള്ള നമ്മുടെ നോട്ടത്തേയും പെരുമാറ്റത്തേയും സ്വാധീനിക്കുന്നതിലും വലിയ പങ്കുണ്ടെന്ന് കൊണ്ടാട്ടം ലൈവ് ഓർമിപ്പിക്കുന്നു. “രാഷ്ട്രീയം ചിന്തകളിൽ മാത്രമല്ല, സ്വപ്നങ്ങളിലും വിളയാടുന്ന കാലം” എന്ന് കഥാപാത്രത്തിലൂടെ സുനിൽ രാജ് പറയുമ്പോൾ, അത് സമകാലികഇന്ത്യയുടെ രാഷ്ട്രീയ സ്ഥിതിഗതിയിലേക്കുള്ള ഒരു ചൂണ്ടുവിരലാകുന്നുണ്ട്. ആളുകളുടെ ചിന്തകളും പ്രവൃത്തികളും സ്വപ്നങ്ങളും എല്ലാം കൈമുതലാവകാശമായി കൊണ്ടുനടക്കുന്ന വൻകിട മുതലാളിത്ത ഏമാന്മാരിലേക്കും അവർക്ക് വഴിയൊരുക്കാൻ ചെങ്കോലേന്തി നടക്കുന്ന രാഷ്ട്രീയസേനാപതികളിലേക്കും അത് നീളുന്നു. റേഡിയോ എന്ന ശബ്ദവിസ്മയത്തിൽ തുടങ്ങി, ഇന്ന് എ ഐ എന്ന പ്രയോജനാധിക്യമുള്ള തലച്ചോറുതീനിയിൽ എത്തിനിൽക്കുന്ന കാർട്ടൂണിസ്റ്റിന്റെ തലമുറയുടെ ഒന്നാകെയുള്ള ശബ്ദമായി കൊണ്ടാട്ടം മാറുന്നതോടൊപ്പം ബ്രെയിൻ റോട്ടുകൾ സ്വാംശീകരിച്ച് സ്റ്റോർ ചെയ്യുന്ന, എന്നാൽ സൈബോർഗുകൾ ആയി പരിണമിക്കാത്ത, തൊട്ടുതാഴെയുള്ള തലമുറയെ കൊണ്ടാട്ടം കണക്കെ വറുക്കാനും (roast) കൊണ്ടാട്ടം ലൈവ് മടിക്കുന്നുമില്ല.
ഹിന്ദു കോളേജ്, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി

















