സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ താൻപോരിമ കാണിക്കുവാൻ, എം ജി കോളേജിൽ എസ് എഫ് ഐയുടെ യൂണിറ്റ് പ്രവർത്തനം നടത്തുവാൻ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വിദ്യാർത്ഥി സംഘട്ടനങ്ങളാണ് തിരുവന്തപുരത്തു കണ്ണൂർ മോഡൽ അതിക്രമങ്ങൾക്കു തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം പട്ടണത്തിൽ തിരുവനന്തപുരത്തുകാർ തുലോം വിരളമാണ്. സംസ്ഥാന തലസ്ഥാനത്തു ജോലിക്കായി കടന്നു വന്നവരും അവരുടെ പിൻതലമുറക്കാരുമാണ് സിറ്റിയിൽ കൂടുതലായി വസിക്കുന്നത്. ശരിയായ തിരുവനന്തപുരത്തുകാർ പട്ടണത്തിനു വെളിയിലെ ഗ്രാമങ്ങളിൽ ആണ് ജീവിക്കുന്നത് എന്ന് പറഞ്ഞാൽ അതിലതിശയോക്തിയില്ല. തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ ശക്തി ആണ് സി പി എം, ഇപ്പോൾ ജില്ലയിൽ ബി ജെ പിയും ആളിലും അർത്ഥത്തിലും ഗുണ്ടായിസത്തിലും മുന്നിലെത്തിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി നിയമസഭയിലേക്ക് ഒരു എം എൽ എ യെ തെരഞ്ഞെടുത്തതു തിരുവനന്തപുരം സിറ്റിയിൽ നിന്നാണ് എന്നതിന്‍റെ അഹങ്കാരത്തിലാണ് ജില്ലയിലെ ബിജെപി.
കേരളത്തിലെ അധികാരം സി പി എമ്മിനും കേന്ദ്രത്തിലെ അധികാരം ബി ജെ പിക്കും സാമ്പത്തിക സ്രോതസ്സുകൾ മാത്രമല്ല, ക്രിമിനലുകൾ അടങ്ങിയ ഗുണ്ടകളുടെ വലിയൊരു സംഘത്തെയും നേടിക്കൊടുത്തിട്ടുണ്ട്. നഗരത്തിലെ രാഷ്ട്രീയത്തിൽ മേൽക്കൈ ലഭിക്കുവാൻ ഇതൊരവശ്യ നിബന്ധനയാണെന്ന ബോധ്യത്തിൽ നിന്നാണിവർ ഇതിനു തുനിയുന്നത്.
നഗരത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ തുടങ്ങിയ അടിപിടി നഗരത്തിനു പുറത്തു കാട്ടാക്കടയിലേക്കും ജില്ലയുടെ മറ്റു ഭാഗത്തേക്കും വ്യാപിച്ചു. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വീട് ആക്രമിക്കപ്പെട്ടു. അതിനു പകരമെന്നോണം സിപിഎമ്മിന്‍റെ നേതുത്വത്തിൽ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ നിഷ്ക്രിയരായി നോക്കി നിന്നേയുള്ളൂ എന്നത് പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കും നാണക്കേടുണ്ടാക്കി. നഗരത്തിൽ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നിട്ടും വീട്ടിലേക്കു സാധനങ്ങൾ വാങ്ങി പോവുകയായിരുന്ന ആർ എസ് എസ് കാര്യവാഹക് രാജേഷിനെ പൊതു ജനമധ്യത്തിൽ വച്ച് സിപിഎം ഗുണ്ടകൾ വെട്ടിക്കൊന്നു ഇതോടെ തുടക്കത്തിൽ നഗരത്തിൽ ആക്രമണത്തിന് തുടക്കം കുറിച്ച ബിജെപി സഹതാപ തരംഗത്തിലൂടെ സിപിഎമ്മിന് മുന്നിൽ മേൽക്കൈ നേടി. കൊല നടന്നതോടെ വിഷയം ദേശിയ മാധ്യമങ്ങളും സംഘപരിവാർ ജിഹ്വകളും ഏറ്റെടുത്തു. സിപിഎം പ്രതിരോധത്തിലായി. കേരളമൊട്ടുക്കും ഹർത്താൽ പ്രഖ്യാപിച്ചാണ് ഒരു രക്തസാക്ഷിയെ കിട്ടിയത്, ബിജെപി ആഘോഷിച്ചത്. കേന്ദ്രത്തിലെ സംഘപരിവാർ സ്പോൺസർ ചെയ്യുന്ന മാധ്യമങ്ങൾ സിപിഎമ്മിനെതിരെ ഉറഞ്ഞു തുള്ളി. കൊല നടക്കുന്നതിനു മുമ്പേ തന്നെ നഗരത്തിലെ ക്രമസമാധാന പ്രശനം രൂക്ഷമായപ്പോൾ ഒരഖില കക്ഷി സമാധാന ചർച്ച നടത്തുവാൻ സിപിഎം കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അതിനൊരുക്കമായിരുന്നില്ല. മുഖ്യമന്ത്രി ഉറക്കമെഴുന്നേറ്റപ്പോഴേക്കു സംഗതികൾ കൂടുതൽ കുഴഞ്ഞു മറിഞ്ഞു.. കേന്ദ്ര ആഭ്യന്ത്രമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുന്നു, മന്ത്രിസഭയെ പിരിച്ചുവിടണമെന്ന ആവശ്യമുയരുന്നു. അതിനിടയിലാണ് കേരള ഗവർണർ പി സദാശിവം മുഖ്യമന്ത്രിയെ സമ്മൻ ചെയ്യുന്നത്. സാധാരണയായി തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ കേവലം ഒരു കൊലപാതകത്തിന്‍റെ പേരിലോ ക്രമസമാധാന പ്രശ്‌നത്തിന്‍റെ പേരിലോ സമ്മൻ ചെയ്യാനുള്ള അവകാശമില്ലെങ്കിൽ കൂടി, നിയമത്തെ കുറിച്ച് കൃത്യമായ ബോധ്യമില്ലാത്തതിനാലോ, കേന്ദ്രസർക്കാരിനെ ഭയപ്പെട്ടതിനാലോ അദ്ദേഹം ധൃതിയിൽ ഗവർണറെ കാണുകയുണ്ടായി. ഗവർണ്ണർ ആവശ്യപ്പെട്ട പ്രകാരം ബിജെപിയുമായി അനുരഞ്ജന യോഗം നടത്തുവാൻ തയ്യാറായി.
സാധാരണയായി ഭരണഘടന വിഷയങ്ങളിൽ വലിയ വാദപ്രതിപാദങ്ങൾ നടത്തുകയും ഗവർണ്ണറുടെയും കേന്ദ്ര സർക്കാരിന്‍റെയും കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്യാറുമുള്ള സിപിഎമ്മിനും പിണറായിക്കും എന്താണ് സംഭവിക്കുന്നത് എന്നതിൽ സാധാരണ ജനങ്ങൾ മൂക്കത്തു വിരൽ വച്ചു. എന്തായാലും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അനുരഞ്ജനത്തിന്‍റെ പാതയാണ് പിണറായി വിജയൻ സ്വീകരിച്ചത്. പിറ്റേന്ന് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മസ്കറ്റ് ഹോട്ടലിൽ വിളിപ്പിച്ചു അടച്ചിട്ട മുറിയിൽ ഒത്തു തീർപ്പു ഫോർമുല ഉണ്ടാക്കുന്നു. സാധാരണയായി മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടത്തേണ്ട ഈ യോഗം എന്ത് കൊണ്ടാവും മസ്കറ്റ് ഹോട്ടലിൽ വച്ച് നടത്താൻ തീരുമാനിച്ചത്? തികച്ചും രാഷ്ട്രീയമായ തീരുമാനം ആണ് ഇതിനു പിന്നിൽ. മുഖ്യമന്ത്രി ബിജെപി നേതാക്കളെ കാണുന്ന വിവരം അറിഞ്ഞു വാർത്ത റിപ്പോർട്ട് ചെയ്യാനും ഫോട്ടോയെടുക്കാനും എത്തിയ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ പിണറായിക്കു കലി അടക്കാനായില്ല. “കടക്ക് പുറത്ത്” എന്ന് ആക്രോശിച്ചു കൊണ്ട് മാധ്യമപ്രവർത്തകരെ അവിടെ നിന്നും ആട്ടിപ്പായിക്കുകയാണുണ്ടായത്. ഇതിലെ രാഷ്ട്രീയം സുവ്യക്തമാണ്. ബിജെപി നേതാക്കളെ തന്‍റെ ചേമ്പറിലേക്കു വിളിച്ചു എന്ന പരാതി ഒഴിവാക്കുകയും കുമ്മനത്തിനോടൊപ്പമുള്ള ഫോട്ടോ സെഷൻ ഒഴിവാക്കുകയുമായിരുന്നു പിണറായിയുടെ ലക്ഷ്യം . ഇത് രണ്ടും പാർട്ടിയുടെ ന്യൂനപക്ഷ വോട്ടുബാങ്കുകൾ തകരാതിരിക്കാനുള്ള ഒരു ചെറിയ തന്ത്രം മാത്രമാണ്. അതോ സമാധാന ചർച്ചക്ക് പകരം അനുരഞ്ജന ചർച്ചയാണ് അവിടെ നടന്നത് എന്ന് ജനങ്ങൾ അറിയാതിരിക്കാനോ?
നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പരിശോധിച്ചപ്പോൾ സിപിഎമ്മിന് വ്യക്തമായ കാര്യമാണ് സിപിഎം അണികളിൽ നിന്നാണ് ബിജെപിയിലേക്ക് കൂടുതൽ ഒഴുക്കുണ്ടായത് എന്ന്. ബിജെപിയുടെ പ്രചാരണ രംഗത്തെ മുന്നേറ്റവും ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയുടെ അഴിമതി പരിവേഷവും യുഡിഎഫിനോട് ഒട്ടി നിന്നിരുന്ന ഒരു പറ്റം ന്യൂനപക്ഷവോട്ടുകളും നിഷ്പക്ഷ വോട്ടുകളും എൽഡിഎഫ് പെട്ടികളിൽ വീണതിനാൽ സിപിഎമ്മിന് ദോഷം സംഭവിച്ചില്ല എന്ന് മാത്രമല്ല വിജയത്തിലെത്തുവാനും കഴിഞ്ഞു. മുസ്‌ലിംലീഗിലെയടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങൾ അവരുടെ മണ്ഡലത്തിന് വെളിയിൽ വോട്ടുകൾ ഇടതുപക്ഷത്തിന്‍റെ പെട്ടിയിലാണ് നിക്ഷേപിക്കപ്പെട്ടത് ഓരോ വാർഡുകളിലെ വോട്ടുകളും സസൂക്ഷ്മം വിശകലനം ചെയുന്ന സിപിഎമ്മിന് വ്യക്തമായ കാര്യമാണിത്. സി പിഎം അണികളിൽ നിന്നും ഇനിയും ബിജെപിയിലേക്ക് വോട്ടു ചോർച്ച ഉണ്ടാകാം, പക്ഷെ അത് തടയിടാൻ യുഡിഎഫ് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും സ്വന്തം പെട്ടിയിൽ വീഴ്ത്തണം . അതിനു പരസ്യമായി ബി ജെ പിയിൽ നിന്നും പരമാവധി അകലം കാണിക്കണം . അതൊരു രാഷ്ട്രീയസമീപനം ആണ്. കോൺഗ്രസ് ഇന്ത്യയിൽ നിന്നും തൂത്തെറിയപ്പെടണം എന്ന മോദിയുടെ അജണ്ട നടപ്പാക്കണങ്കിൽ സിപിഎമ്മിന്‍റെ ന്യൂനപക്ഷ പ്രീണന തന്ത്രത്തിന് ബിജെപിയുടെ സഹായം ആവശ്യമാണ്. എന്തായാലും അടച്ചിട്ട മുറിയിൽ നടന്ന കൊടുക്കൽ വാങ്ങൽ വിലപേശലിനു ശേഷം പുറത്തു വന്ന പിണറായിയും കുമ്മനവും കോടിയേരിയും കാലുഷ്യമേതുമില്ലാതെയാണ് പത്രങ്ങളെ നേരിട്ടത്. നേതാക്കളുടെ അടച്ചിട്ട മുറിയിലെ ചർച്ചകൾക്ക് ശേഷം തലസ്ഥാനത്തും കോട്ടയത്തും മറ്റു ജില്ലകളിലും നടന്നിരുന്ന സിപിഎം- ബിജെപി ആക്രമണങ്ങൾ സ്വിച്ച് ഓഫ് ചെയ്തപോലെ നിന്നു എന്നതാണ്. എന്തായാലും അക്രമണങ്ങൾ തീർന്നതിൽ കേരളത്തിലെ ജനങ്ങൾ സന്തോഷിക്കുമ്പോൾ സിപിഎമ്മിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ അജണ്ടകൾ വിജയിക്കുകയായിരുന്നു. ബിജെപിക്ക് ആകട്ടെ ഒരു രക്തസാക്ഷിയെയും കിട്ടി. സംസ്ഥാന നേതാക്കളുടെ അനുരഞ്ജന ചർച്ചകൾക്കു ശേഷം സിപിഎം ബിജെപി ജില്ലാ നേതാക്കളും രാഷ്ട്രീയ സംഘട്ടനങ്ങൾ പടിക്കു പുറത്തു നിർത്തുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ്സും യു ഡി എഫും ഊർദ്ധശ്വാസം വലിക്കുന്ന ഈ കാലയളവിൽ കേരളത്തിലാകെ ഭരണകക്ഷിയും മുഖ്യ പ്രതിപക്ഷവുമായി കളം നിറഞ്ഞാടുവാൻ മത്സരിക്കുകയാണ് ബിജെപിയും സിപിഎമ്മും.
വാൽക്കഷ്ണം : സിപിഎമ്മും ബിജെപിയും പിണറായി വിജയന്‍റേയും കുമ്മനം രാജശേഖരന്‍റേയും നേതൃത്വത്തിലും ജില്ലാ നേതാക്കൾ അവരവരുടെ മിടുക്കിനൊത്തു ജില്ലാ ആസ്ഥാനങ്ങളിലും കൂടിക്കണ്ടതിനു ശേഷവും കലി അടങ്ങുന്നില്ല പാർട്ടി നേതൃത്വങ്ങൾക്ക്. സമാധാന ചർച്ചയുടെ ലേബലിൽ നടന്ന കൊടുക്കൽ വാങ്ങലുകൾക്കപ്പുറം നേതാക്കൾ രാഷ്ട്രീയ വൈരം മറന്നിട്ടില്ല, കൂടുതൽ ആളിക്കത്തിക്കുവാൻ ശ്രമിക്കുന്നതിന്‍റെ തെളിവുകൾ ആണ് പിന്നാമ്പുറത്തു കേൾക്കുന്നത്. മോഡി മന്ത്രിസഭയിലെ രണ്ടാമനും പ്രതിരോധവും ധനകാര്യവും കൈയാളുന്ന വളരെ തിരക്കുള്ള വ്യക്തിയുമായ അരുൺ ജെയ്‌റ്റിലിയെ പ്രതിരോധസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് അയച്ചു ദേശിയ മാധ്യമങ്ങളുടെ മുന്നിൽ തിരുവനന്തപുരം കൊലപാതകം ലൈവ് ആക്കുന്നതിന്‍റെ പിന്നിലെ ചേതോവികാരം എന്താണ്. കേരളം സ്ഥിരമായ ഒരു സംഘർഷ മേഖല ആണെന്ന് വരുത്തിത്തീർക്കുകയാണ് ബിജെപി ഇതേതോ ഹീനമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അരുൺ ജെയ്റ്റിലിക്ക് പിന്നാലെ ഇനിയും കേന്ദ്ര നേതാക്കൾ കേരളത്തിലേക്ക് പ്രവഹിക്കുവാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തിരിക്കുകയാണ് എന്നാണ് കേൾവി. സിപിഎമ്മാകട്ടെ ബദലുക്കു ബദൽ പരിപാടിയുമായി, ആർ എസ് എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സഖാക്കളുടെ കുടുംബ കൂട്ടായ്മ തിരുവനന്തപുരത്തു അതെ ദിവസം നടത്തുന്നു. ഇതെല്ലാം അണികൾക്ക് നൽകുന്ന സന്ദേശം അക്രമത്തിന്‍റെ കനലുകൾ ആളിക്കത്തിക്കണമെന്നല്ലേ?
രാഷ്ട്രീയ കൊലപാതകങ്ങളോടും ഗുണ്ടായിസത്തോടും ‘കടക്ക് പുറത്ത്’ എന്ന് പറയാനുള്ള ആർജ്ജവം എന്തേ രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാതെ പോകുന്നു!