അത്രയും കലുഷിതമായൊരു സാമൂഹികാന്തരീക്ഷത്തിലൂടെയാണ് നാം ജീവിച്ചുപോകുന്നതെന്ന ചിന്ത അടുത്തകാലത്തായി എന്നെ വല്ലാതെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

ഒരു ചാനലിൽ ഒരേസമയം മൂന്നുപേർ മൂന്നു പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കളായി ഇരുന്ന് പരസ്പരം വാക്കുകൾ കൊണ്ട് തല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ഒരാളുടെ വാക്ക് മറ്റൊരാൾ കേൾക്കുന്നില്ല. കേൾക്കാൻ വേണ്ടിയല്ല, മറുപടി പറയാൻ വേണ്ടിയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. അവരുടെ ശബ്ദത്തിന്റെ ഉയർച്ചയ്ക്കനുസരിച്ച് ചാനലിന്റെ റേറ്റിംഗും ഉയരുന്നുണ്ടാവണം.

ശ്രീമതി പലപ്പോഴും കളിയാക്കും.

“ന്യൂസ് ചാനലിനു മുന്നിലെ ലോകത്തിൽ മുഴുകിയിരുന്നാൽ നിങ്ങൾക്ക് മുഴുവട്ടാകുമെന്നാ തോന്നണേ!”

ഞാൻ ചിരിച്ചുകൊണ്ട് ചാനൽ മാറ്റും.
പക്ഷേ, ചാനൽ മാറ്റിയാലും വാർത്തകൾ എവിടേക്കാണ് മാറിപ്പോകുന്നത്?
അല്ലെങ്കിലും ഒരു പ്രായം കഴിഞ്ഞപ്പോൾ മുതൽ ആശങ്കകൾക്ക് നമ്മളെ വിട്ടുപോകാൻ മടിയാണല്ലോ.

അന്ന് ഒരു കപ്പ് ചായയുമായി പത്രത്തിലേക്ക് കണ്ണോടിക്കുകയായിരുന്നു.
വാർത്തകളുടെ വിശദാംശങ്ങളിലൂടെ പോകവേ മനസ്സ് പതുക്കെ മറ്റേതോ ലോകത്തേക്ക് വഴുതിപ്പോയി. കൊലപാതകം. ആത്മഹത്യ. വൃദ്ധദമ്പതികളെ തനിച്ചാക്കി വിദേശത്തേക്ക് പോയ മക്കൾ. ചികിത്സ കിട്ടാതെ മരിച്ച വയോധികൻ. വൃദ്ധസദനത്തിൽ ഉപേക്ഷിക്കപ്പെട്ട അമ്മ. മക്കൾക്ക് സമയമില്ലാത്തതിനാൽ മക്കളെക്കാൾ അന്യരായിത്തീർന്ന മാതാപിതാക്കൾ.

വായിച്ച ഓരോ വാർത്തയും മനസ്സിൽ മറ്റൊരു വാതിൽ തുറക്കുകയായിരുന്നു.
ഒടുവിൽ കണ്ണിൽ പതിയുന്നത് മനസ്സിൽ പതിയാതായപ്പോൾ ഞാൻ പത്രം മടക്കി ടീപ്പോയിലേക്കിട്ടു.

അടുത്ത ബന്ധുവിന്റെ മരണാനന്തര ക്രിയകൾക്കുവേണ്ടിയാണ് ലീവെടുത്തിരുന്നത്. അവിടെ കണ്ട ചില കാഴ്ചകൾ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു.

മരണവീട്ടിൽ ആളുകൾ ഉണ്ടായിരുന്നു.
പക്ഷേ, ചിലരുടെ ചുറ്റും ആളുകളുണ്ടായിരുന്നിട്ടും അവർ എത്രമാത്രം ഒറ്റപ്പെട്ടവരായിരുന്നുവെന്ന് അന്നാണ് എനിക്ക് മനസ്സിലായത്.

ലോകത്തിന്റെ പല കോണുകളിലായി ജീവിതം വെട്ടിപ്പിടിക്കുന്ന മക്കൾക്ക് സമയമൊത്തുകിട്ടാത്തതിനാൽ, തങ്ങളുടേതായ വീടുകളിൽ തന്നെ അന്യരെപ്പോലെ ഒടുങ്ങേണ്ടിവരുന്ന അച്ഛനമ്മമാരെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്നെ അന്നുമുതൽ പിന്തുടർന്നത്.

അപ്പോഴാണ്—
ഗെയിറ്റിന്റെ താഴ് നീങ്ങുന്ന ശബ്ദം കേട്ടത്.
ആരോ ഗെയിറ്റുകടന്ന് വരുന്നു.
നോക്കിയപ്പോൾ ഒരു കാക്കാത്തി.
തത്തക്കൂടും തൂക്കി അവൾ മുറ്റത്തേക്ക് കയറി വന്നു.
നിറം മങ്ങിയ ഒരു ചേലയിൽ പൊതിഞ്ഞ്, അതിനേക്കാൾ നിറം മങ്ങിയ ഒരു രൂപം.
തീക്ഷ്ണമായ ജീവിതം ശോഭ കെടുത്തിയ ആ മുഖത്ത് ചുവന്ന കല്ലുവെച്ച വലിയ മൂക്കുത്തി മാത്രം വെയിലിൽ തിളങ്ങിനിന്നു.

കാലചക്രത്തിന്റെ ഗതിവേഗത്തിൽ പുറന്തള്ളപ്പെട്ടിട്ടും കെട്ടിയ വേഷം അഴിച്ചുവെക്കാതെ എരിഞ്ഞുതീരുന്ന ജന്മങ്ങളെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.

വര: മധുസൂദനൻ അപ്പുറത്ത്

അവൾ അരമതിലിനരികിൽ ഒരു തളർച്ചയോടെ ഇരുന്നു.

“മാനേ…
കൈനോക്കി ഫലം പറയട്ടെ.”

അവളുടെ ശബ്ദത്തിൽ യാചനയേക്കാൾ ഒരു പതിവിന്റെ ക്ഷീണമുണ്ടായിരുന്നു.

“ഞാനും ന്റെ തത്തേം നൊണ പറയില്ല. ഉള്ളതേ പറയൂ. ബോധിച്ചാ യ്ക്കും ന്റെ തത്തയ്ക്കും അരിക്കാശ് വല്ലതും തരണം.”

ഞാൻ ഒന്നും പറഞ്ഞില്ല.
പണിത്തിരക്കൊഴിഞ്ഞ നേരമായതുകൊണ്ടാകണം സംസാരം കേട്ട് ശ്രീമതി പൂമുഖത്തേക്ക് ഇറങ്ങിവന്നു.

കാക്കാത്തി അവളുടെ മുഖത്തേക്ക് നോക്കി.

“മകന്റെ ഉള്ളിലെന്തോ വെഷമണ്ടല്ലോ… സാരല്ല്യ. എല്ലാം ശര്യാവും.”

പിന്നെ ശ്രീമതിയെ നോക്കി പറഞ്ഞു—

“ലക്ഷ്മി കേറി വിളങ്ങണ സ്ഥലാ ഇത്. ഐശ്വര്യം കേറിക്കേറി വരും.”

“തത്തമ്മേ… മകന് നല്ലൊരു ചീട്ടെടുത്തോളൂ.”

ശ്രീമതി ചിരിച്ചു.
കാക്കാത്തിക്ക് എന്റെ അനുവാദത്തിനായി കാത്തിരിക്കേണ്ടിവന്നില്ല.
അവൾ ചീട്ടുകൾ അരമതിലിന്മേൽ നിരത്തി.
തത്തക്കൂടിന്റെ വാതിൽ മെല്ലെ തുറന്നു.

ഇത്തരം കോമാളിത്തരങ്ങൾക്ക് നിന്നുകൊടുക്കുന്ന ശീലം എനിക്കില്ല.
എന്നിട്ടും ഇന്ന് എന്തോ—
തത്തമ്മ കൂടിന് പുറത്തേക്ക് വന്നു.
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.
അതിന്റെ ചിറകുകളിലെയും വാലിലെയും തൂവലുകൾ അരിഞ്ഞുകളഞ്ഞിരുന്നു.

“ഇതെന്താണ് കാണിച്ചിരിക്കുന്നത്?”

അറിയാതെ എന്റെ ശബ്ദം ഉയർന്നു.

“ഒരു മിണ്ടാപ്രാണിയോട് ഇത്രയും ക്രൂരതയോ?”

കാക്കാത്തി എന്നെ നോക്കി.

അവളുടെ മുഖത്ത് അമ്പരപ്പൊന്നുമുണ്ടായില്ല.

“ഓ… അതോ?”

അവൾ നിസ്സാരമായി ചിരിച്ചു.

“തത്തമ്മ പറന്നുപോവാണ്ടിരിക്കാനാ…”

അതിൽ എന്താണ് ഇത്ര വലിയ കാര്യമെന്ന ഭാവം.

തത്ത ചീട്ടുകളിൽനിന്ന് ഒന്നെടുത്ത് മാറ്റിവെച്ചു. എന്നിട്ട് യാന്ത്രികമായ ചലനങ്ങളോടെ വീണ്ടും കൂട്ടിനകത്തേക്ക് കയറി.കാക്കാത്തി കൂടിൻ്റെ വാതിലടച്ചു.
ഞാൻ ആ കൂടിലേക്കുതന്നെ നോക്കിനിന്നു.

ഒരു പക്ഷേ വാതിൽ തുറന്നുകിടന്നാലും—
ഇനി ചിറകുകൾ കുരുത്താലും—
ആ പക്ഷി ഒരിക്കലും ആകാശത്തേക്ക് ചിറകുവിരിക്കുമെന്ന് കരുതാൻ എനിക്കായില്ല.

പറക്കാനുള്ള ഓർമ്മ പോലും അതിന് നഷ്ടപ്പെട്ടിട്ടുണ്ടാകുമോ?
അല്ലെങ്കിൽ പറക്കാൻ കഴിയാത്തതിന്റെ വേദനയേക്കാൾ ഭയാനകം, പറക്കണമെന്ന ആഗ്രഹം തന്നെ ഇല്ലാതാകുന്നതായിരിക്കുമോ?

തത്തയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ നിർവികാരതയ്ക്കപ്പുറം എന്തോ ഒന്ന് ഞാൻ കണ്ടു.

ഒരിക്കൽ ഉണ്ടായിരുന്ന ആകാശത്തിന്റെ ഓർമ്മപോലെ.

കാക്കാത്തി ശീലിച്ചുപഴകിയ താളത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
ഞാൻ അവളുടെ മുഖത്തെ ചുവന്ന മൂക്കുത്തിക്കല്ലിലേക്ക് വെറുതെ നോക്കിയിരുന്നു.

അപ്പോഴാണ്—
അനുഗ്രഹമെന്നോണം കലപിലശബ്ദം കേട്ടത്.സ്കൂൾ വിട്ട് മക്കൾ വന്നിരുന്നു.
ഗെയിറ്റ് തുറന്ന് അവർ അകത്തേക്ക് ഓടിക്കയറി.കാക്കാത്തിയെയും തത്തയെയും കണ്ടതോടെ കൗതുകത്തോടെ അവളുടെ ചുറ്റും കൂടി.

വര: മധുസൂദനൻ അപ്പുറത്ത്

“തത്തമ്മേ… തത്തമ്മേ…”

അവരുടെ കണ്ണുകളിൽ വിസ്മയം നിറഞ്ഞിരുന്നു.
കാക്കാത്തി അവരെ നോക്കി ചിരിച്ചു.
തത്തക്കൂട് അവർ കൈകൊണ്ട് തൊട്ടുനോക്കി.

അപ്പോഴേക്കും കാക്കാത്തിയുടെ പിടിയിൽനിന്ന് എന്റെ മനസ്സ് പതുക്കെ ഊരിപ്പോന്നിരുന്നു.
അല്പം മുമ്പുവരെ എന്നെ അസ്വസ്ഥനാക്കിയിരുന്ന ആശങ്കകൾ വീണ്ടും ഉള്ളിൽ തികട്ടിവന്നു.

മകൾ സ്കൂൾ ഫൈനലിലേക്ക് കടക്കുകയാണ്.
മകനും അധികം പുറകിലല്ല.
ഇനി അധികം വൈകാതെ അവർ കൂടുവിട്ടൊരു പറക്കലിനൊരുങ്ങും.
അത് ജീവിതത്തിന്റെ സ്വാഭാവികമായ നിയമമാണ്.
കുഞ്ഞുപക്ഷികൾക്ക് ചിറകുകൾ വളരുന്നത് കൂടിനകത്ത് കിടക്കാനല്ല.

പക്ഷേ—

കുഞ്ഞുങ്ങൾ ആദ്യമായി കുഞ്ഞിച്ചിറകുകൾ വിരിച്ച് നീലാകാശത്തിലേക്ക് ഉയരുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന സന്തോഷത്തിനുള്ളിൽ, ഒരുപാട് വർഷങ്ങൾക്ക് ശേഷം തങ്ങളെ കാത്തിരിക്കുന്ന ശൂന്യത ആരും കാണാറില്ല.

മക്കൾക്ക് പറക്കാൻ പഠിപ്പിക്കുന്നവരാണ് മാതാപിതാക്കൾ.
പക്ഷേ, അവർ പറന്നുപോയശേഷം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കാൻ ഒരു പാഠപുസ്തകവുമില്ല.
നമ്മുടെ കാലത്തെ മാതാപിതാക്കളിൽ പലരും തങ്ങൾക്ക് നേടാനാകാതെ പോയതെല്ലാം മക്കളിലൂടെ നേടാൻ ആഗ്രഹിക്കുന്നവരാണ്.

നല്ല സ്കൂൾ.
നല്ല കോളേജ്.
നല്ല ജോലി.
വിദേശരാജ്യം.
നല്ല ശമ്പളം.
സ്വന്തം വീട്.
സ്വന്തം ജീവിതം.
മക്കളുടെ ഓരോ ഉയർച്ചയിലും മാതാപിതാക്കൾ അഭിമാനിക്കും.

“എന്റെ മോൻ അമേരിക്കയിലാ.”
“മോള് ലണ്ടനിലാ.”
“മകൻ ഓസ്ട്രേലിയയിൽ സെറ്റിലായി.”
അവരുടെ വാക്കുകളിൽ അഭിമാനം നിറയും.

പക്ഷേ, ഒരു ദിവസം വൈകുന്നേരം വീട്ടുമുറ്റത്ത് ഒറ്റയ്ക്കിരുന്ന് ഗെയിറ്റിലേക്കു നോക്കുമ്പോൾ ആ അഭിമാനത്തിന്റെ അടിയിൽ നിന്ന് ഒരു ചോദ്യം പതുക്കെ തലപൊക്കും.
ഇനി അവർ എപ്പോളാണ് മടങ്ങിവരിക!
അതിന് ഉത്തരം പലപ്പോഴും—
“സമയം കിട്ടുമ്പോൾ”എന്നായിരിക്കും.

മക്കളെ സാധാരണ സ്കൂളിൽ ചേർക്കണോ പ്രൈവറ്റ് സ്കൂളിൽ ചേർക്കണോ എന്ന കാര്യത്തിൽ ഞാനും ശ്രീമതിയും ചെറിയൊരു വാദത്തിൽപ്പെട്ടത് ഓർത്തു.
അന്ന് ഞങ്ങൾ ചിന്തിച്ചത് അവരുടെ ഭാവിയെക്കുറിച്ചായിരുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു—

അവരുടെ ഭാവിക്കായി നമ്മൾ എത്രമാത്രം ആലോചിച്ചു! അവരുടെ ഭാവിയിൽ നമ്മൾക്ക് എത്രമാത്രം സ്ഥാനം ഉണ്ടാകുമെന്ന് ഒരിക്കലും ആലോചിച്ചില്ല.
മക്കൾക്ക് ചിറകുകൾ കൊടുക്കണം.
അതെ.പക്ഷേ, ചിറകുകൾ വളർന്നശേഷം കൂട് എന്തായിത്തീരും എന്നുകൂടി അവരോട് പറയേണ്ടതില്ലേ?

കുഞ്ഞുപക്ഷികൾ ചിറകുകൾ ഉറപ്പിച്ച് അതിരുകളില്ലാത്ത ആകാശം തേടുമ്പോൾ പലപ്പോഴും ഒരു തിരിച്ചു പറക്കൽ അവർ മറന്നുപോകുന്നു.

ഒഴിഞ്ഞ കൂടിനുള്ളിൽ തിരിച്ചെത്താത്ത മക്കളെയോർത്ത് സ്വയം ഉരുകിത്തീരുന്ന അമ്മക്കിളികൾ എത്രയുണ്ട്?

അവർ കരയാറില്ല.
അവർക്ക് കരയാൻ അറിയില്ലെന്നല്ല.
കണ്ണുനീരിന് പകരം അവർ പത്രം വായിക്കും.
ടിവി കാണും.
പഴയ സുഹൃത്തുക്കളെ വിളിക്കും.
വീടിന്റെ ചുവരുകൾക്ക് പുതിയ പെയിന്റടിക്കും.
വീട്ടുമുറ്റത്തെ ചെടികൾ നനയ്ക്കും.
മക്കളുടെ ബാല്യകാല ചിത്രങ്ങൾ മൊബൈലിൽ തുറന്നുനോക്കും.

പിന്നെ ആരെങ്കിലും ചോദിച്ചാൽ പറയും—

“മക്കളൊക്കെ നന്നായിട്ടാ.”
അത്ര മാത്രം.

ഇനി—
മക്കൾ ഒരു തിരിച്ചു പറക്കലിലേക്കെത്തുമ്പോഴേക്കും കൂടോ മരച്ചില്ലയോ മാത്രമല്ല, അവർ ആദ്യമായി ചിറകുവിരിച്ച ആ താഴ്വാരംപോലും കാലയവനികയ്ക്കപ്പുറം മറഞ്ഞിരിക്കാം.
അവർ മടങ്ങിവരുമ്പോൾ കാത്തിരുന്നവർ അവിടെ ഉണ്ടാകണമെന്നില്ല.

ഉണ്ടെങ്കിൽ തന്നെ—
അവരെ കാത്തിരുന്ന പഴയ മനുഷ്യരായിരിക്കണമെന്നുമില്ല.
ആ ചിന്തയിൽ ഞാൻ പെട്ടെന്ന് കാക്കാത്തിയുടെ മുഖത്തേക്ക് നോക്കി.
അവർ എന്താണ് എന്റെ ഭൂതവും വർത്തമാനവും ഭാവിയും നോക്കി പറയുന്നതെന്നറിയില്ല.

പക്ഷേ, അവളുടെ മുന്നിൽ ഇരുന്ന എന്റെ മക്കളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് തോന്നി—
അവൾ വായിക്കുന്നത് എന്റെ കൈയിലെ വരകളല്ല.എന്റെ ഭയങ്ങളാണ്.

മക്കൾ കൗതുകത്തോടെ കാക്കാത്തിയുടെ ചുറ്റും ഇരിക്കുകയായിരുന്നു.

“മോന് എന്താ വേണ്ടത് തത്തയെ വേണോ”
കാക്കാത്തി ചോദിച്ചു.
മകൻ ചിരിച്ചു.

ഞാൻ അവരെ അങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോൾ, കൂടിനകത്തെ തത്തയ്ക്ക് പകരം മക്കളെ സങ്കൽപ്പിച്ചു നോക്കി. ദൂരേയ്ക്ക് പറക്കാനുള്ള കരുത്ത് നഷ്ടപ്പെട്ട രണ്ടു കുഞ്ഞിക്കിളികൾ.
തൂവലുകൾ വെട്ടിയരിഞ്ഞ രണ്ടു കുഞ്ഞിക്കിളികൾ.
തെളിഞ്ഞ നീലാകാശത്തിലേക്ക് നോക്കി കേഴുന്ന രണ്ട് ഇളം കിളികൾ.

എന്റെ മനസ്സ് പെട്ടെന്ന് ആ ചിത്രത്തിൽനിന്ന് പിന്മാറി.
അസഹ്യതയോടെ ഞാൻ തല ശക്തിയായി കുടഞ്ഞു.
“ഇല്ല…”
എന്റെ ഉള്ളിൽ ആരോ പറഞ്ഞു.
“എനിക്കതിനാവില്ല.”
ചിറകുകൾ വെട്ടിയരിഞ്ഞ് മക്കളെ കൂടിനകത്ത് കാത്തുസൂക്ഷിക്കാൻ എനിക്കാവില്ല.
അവരുടെ ആകാശം എന്റെ ഭയങ്ങൾകൊണ്ട് അളക്കാനും കഴിയില്ല.
അവരെ പറക്കാൻ വിടാതിരിക്കുക സ്നേഹമല്ല.

പക്ഷേ—

അവർ പറന്നുപോയശേഷം, ഒരിക്കൽ എങ്കിലും തിരിഞ്ഞുനോക്കാൻ തോന്നുന്ന ഒരു കൂടായി ഈ വീടിനെ സൂക്ഷിച്ചുവെക്കുക…
അത് മാത്രമെങ്കിലും നമ്മുടെ കൈയിലുണ്ടാകണം.

ഞാൻ കസേരയിലേക്ക് തളർന്നുചാഞ്ഞു.
കണ്ണുകൾ ഇറുകെയടച്ചു.
കൺപോളകൾക്കിടയിൽ ഞെങ്ങി ഞെരുങ്ങിയിരുന്ന രണ്ടു തുള്ളി കണ്ണുനീർ പതുക്കെ കവിളിലൂടെ ഒഴുകിയിറങ്ങി.

അപ്പോൾ മക്കളുടെ ചിരി ഉയർന്നു.
കാക്കാത്തിയുടെ ശബ്ദം അതിനിടയിൽ കേട്ടു.
“തത്തമ്മേ… ചീട്ടെടുക്ക്…”
കൂടിന്റെ വാതിൽ വീണ്ടും തുറന്നു.
തത്ത പുറത്തേക്ക് വന്നു.
ചിറകുകൾ വിരിക്കാൻ ശ്രമിച്ചു.

പക്ഷേ—
വിരിഞ്ഞത് ചിറകുകളായിരുന്നില്ല.
പറക്കാൻ മറന്നുപോയ ഒരു പക്ഷിയുടെ വിറയലായിരുന്നു.
എന്റെ മക്കൾ അപ്പോഴും അവിടെത്തന്നെയുണ്ടായിരുന്നു.
ആകാശം അവർക്കായി കാത്തുകിടക്കുകയായിരുന്നു.

+ posts

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി. റബ്ബർ വെട്ടു തൊഴിലാളിയാണ്. എഴുത്തുമാസിക, മൂല്യശ്രുതി മാസിക, പ്രവാസി ശബ്ദം, മംഗളം വാരിക, online പ്രസിദ്ധീകരണങ്ങൾ എന്നി വയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "അതിരുകൾ ഭേദിക്കുന്ന പച്ചക്കുതിരകൾ" എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.