പൂമുഖം LITERATUREകഥ തണുപ്പ് കൊണ്ടൊരു പുതപ്പ്

തണുപ്പ് കൊണ്ടൊരു പുതപ്പ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.


നേരേ നോക്കിയാൽ കണ്ണാടി മതിലിനപ്പുറത്തെ കാഴ്ച തവിട്ടുനിറം കലർന്ന് മങ്ങിക്കാണുന്നതിനു കാരണമാകുന്നത് കണ്ണാടിയിൽ പതിപ്പിച്ച നേർത്ത ഫിലിം. ഉച്ച തിരിഞ്ഞെങ്കിലും ഇപ്പോഴും തീക്ഷ്ണമായിത്തന്നെ തുടരുന്ന വെയിലിനെ അത് ആശുപത്രിയ്ക്കുള്ളിലേക്ക് കടത്തിവിടാതെ മുൻവശത്തെ ലോബിയെ പൊതിഞ്ഞു കാത്തുസൂക്ഷിക്കുന്നു, തണുപ്പ് ചോർന്നുപോകാതെ. ആളുകൾ അടുത്തെത്തുമ്പോൾ ഇരുവശങ്ങളിലേക്ക് താനേ തുറക്കുന്ന കണ്ണാടിവാതിൽ നേരേ മറിച്ചും. ഓരോ വട്ടം വാതിൽ തുറക്കുമ്പോഴും ചൂടുള്ള വെയിൽ നിറഞ്ഞ വായുവിൻ്റെ സാന്ദ്രമായ ഒരു വീശൽ മേലാകെ പടർന്നു പിടിക്കുന്നത് വിജയരാഘവന് അറിയാനാകുന്നുണ്ട്. അപ്പോഴൊക്കെ അയാൾ കണ്ണുകൾ ചിറുമ്മുന്നു. ആശ്വാസം കിട്ടുന്നതുകൊണ്ടൊന്നുമല്ല. വെറുതെ, അറിയാതെ സംഭവിക്കുന്ന പ്രയോജനശൂന്യമായ ഒരു പ്രതികരണമെന്നതു പോലെ.

ലോബിയിൽ തിരക്കില്ല. രോഗികൾക്കും കൂടെ വരുന്നവർക്കും ഇരിക്കാനായി അവിടവിടെ ഇട്ടിട്ടുള്ള സോഫകളുടെ തടസ്സങ്ങൾ കണ്ടില്ലെന്നു വച്ചാൽ അതു നല്ല നീളത്തിലും വീതിയിലും പരന്നു കിടക്കുന്നു. അതിൻ്റെ ഒരു കോണിലുള്ള റിസെപ്ഷൻ കൗണ്ടറുകൾക്ക് മുന്നിലാരുമില്ല. പിന്നിലുള്ളവർ മലയാളികളും ഫിലിപ്പിനോകളുമാണധികവും. പരസ്പരം എന്തോ സംസാരിച്ചുകൊണ്ടും ചിരിച്ചുകൊണ്ടും ഒന്നും ചെയ്യാതെയും. അവർക്ക് നേരേ പുറകിലാണ് മതിലിൽ സാമാന്യത്തിലും വലിപ്പമുള്ള വൃത്താകൃതിയിലുള്ള ക്ലോക്കുള്ളത്. ഒരു ഇലക്ട്രോണിക് ഡിസ്പ്ലേയുമുണ്ട്. അതിൽ കഴിഞ്ഞുപോയ ടോക്കണുകളുടെ നമ്പറുകൾ ഇപ്പോഴും തെളിഞ്ഞുതന്നെ. കണ്ണാടിവാതിൽ തുറന്നു, ചൂടു് ഒരു കാറ്റായി അകത്തേക്ക് വന്നു. കൂടെ കുരുവിളയും. അയാളുടെ തടിച്ച ശരീരത്തിന് പിന്നിൽ വാതിൽ അടഞ്ഞപ്പോൾ കാറ്റ് നിന്നുപോയി.

“ഇനിയും സമയമെടുക്കും”

അയാൾ അടുത്ത സോഫയിൽ വന്നിരുന്നു.

“മെയ്ൻ ഡോക്ടർ എത്തീട്ടില്ല. അയാൾ വരാണ്ട് കാര്യം നടക്കില്ല”

വിജയരാഘവൻ സുഹൃത്തിനെ എന്തേയെന്ന മട്ടിൽ നോക്കിയെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. പകരം, കറുത്തതിനേക്കാൾ കൂടുതൽ നരച്ച രോമങ്ങളുള്ള ഫ്രഞ്ച് താടിയിൽ ചൊറിഞ്ഞു കൊണ്ടിരുന്നു അയാൾ. അതയാൾക്ക് ഒരു ശീലമാണ്. ഒരു ഭംഗിക്ക് വേണ്ടി തുടങ്ങിയ ശീലം. മദ്യപിച്ച് കഴിഞ്ഞാൽ മാത്രം അതുണ്ടാവില്ല. അപ്പോൾ അയാളത് മറന്നുപോകും. കുറച്ച് മദ്യത്തിന് അപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കുമ്പോൾ ഇന്നലെ രാത്രിയും വിജയരാഘവൻ അത് പറഞ്ഞിരുന്നു. ഒരു കാസറോൾ നിറയെ വറുത്ത നഗെറ്റ്സ് കൊണ്ടു വെക്കുമ്പോൾ അംബിക അതു കേൾക്കുകയും കുരുവിളയെ നോക്കി പുഞ്ചിരിക്കുകയും ചെയ്തിരുന്നു. സോഫയിലേക്ക് ചാരിക്കിടന്ന കുരുവിള പെട്ടെന്നെന്തോ ഓർത്തതുപോലെ നിവർന്നു.

“വിജയാ… താനെന്തെങ്കിലും കഴിച്ചാർന്നോ ?”

“ഞാനൊരു ചായ കുടിച്ചു. അതു മതി “

ലോബിയുടെ ഒരറ്റത്തുള്ള കോഫീഷോപ്പിലേക്കു വിജയരാഘവൻ കണ്ണുകൾ ചൂണ്ടി.

“എന്നാൽ ഞാനുമൊരു ചായ കുടിച്ചിട്ടു വരാം.”

കുരുവിളയുടെ വാക്കുകളല്ല വിജയരാഘവൻ ശ്രദ്ധിച്ചത്. അയാൾ ഒഴിഞ്ഞുപോയ ഇടത്തിലൂടെയുള്ള കാഴ്ചയിൽ, അതിനടുത്ത സോഫയിൽ ഒരു ബാലൻ. ആറോ ഏഴോ വയസ്സിൽ കൂടില്ല. തുടുത്ത കവിളുകളും തടിച്ച ദേഹവും കണ്ടാലറിയാം ഭക്ഷണം ഇഷ്ടമുള്ള കൂട്ടത്തിലാണെന്ന്. അവൻ്റെ നോട്ടം ഇങ്ങോട്ടാണ്. ചിരിക്കുന്നുമുണ്ട്. വിജയരാഘവൻ ഒരു മറുചിരി ചിരിച്ചു. കുട്ടിയുടെ അടുത്ത് രണ്ടു സ്ത്രീകൾ. തൊട്ടടുത്തിരിക്കുന്നത് മുപ്പതുകളിലുള്ള ഒരു യുവതി, അതിനപ്പുറത്ത് ഒരു മദ്ധ്യവയസ്ക. അതിനുമപ്പുറത്തെ സോഫയിൽ അറുപതിനോടടുത്ത് പ്രായം തോന്നുന്ന ഒരാൾ, സൽവാർ കമ്മീസിൽ. പാകിസ്ഥാനികളായിരിക്കണം. അംബികയ്ക്കും ഇഷ്ടപ്പെട്ട വേഷമാണ് സൽവാർ കമ്മീസെന്ന് വിജയരാഘവന് ഓർമ്മ വന്നു. അന്നു കാലത്തു കൂടി ആ വേഷത്തിലാണ് ഓഫീസിലേക്കിറങ്ങിയത്.

“വിജയാ… ഞാനിറങ്ങേണ് … ചെലപ്പോ ഉച്ചക്കേ പോരും… “പുറത്തേക്കുള്ള വാതിൽ തുറന്നു കൊണ്ടാണ് അംബിക അത് പറഞ്ഞത്. ടീപ്പോയിയിൽ നിവർത്തിയിട്ട പത്രത്തിൽ നിന്ന് അംബികയിലേക്ക് വിജയരാഘവൻ കാഴ്ച മാറ്റി. പുതിയ സൽവാർ കമ്മീസിൻ്റെ ഇളംനീല നിറത്തിൽ അവർ.

“എന്താ ഇന്നിത്തിരി ഗ്ലാമർ കൂടുതലാണല്ലോ ?”

ആ വേഷത്തിൻ്റെ ഇറുകിയ മേൽവസ്ത്രവും അതിന് വിപരീതമായി നന്നേ വിസ്താരമുള്ള കാൽവസ്ത്രവും അയാൾക്കിഷ്ടമാണ്.

“ഇന്നൊരു പ്രെസെൻ്റേഷനുണ്ട്. അതു കഴിഞ്ഞാൽ ഞാൻ പിന്നെ നിക്കില്ല, പോരും”

അംബികയുടെ മുഖത്ത് ഒരു പൊട്ടോളം മന്ദഹാസം, എങ്കിലും അതിന് വിഷാദത്തിൻ്റെ നിറം. എന്തോ ഒരു ശൂന്യത മുറിയ്ക്കുള്ളിൽ ബാക്കി വെച്ച ശേഷമാണ് അവർ വാതിലടച്ചതെന്ന് അയാൾക്ക് ഒരു നിമിഷം തോന്നിപ്പോയി.

ചൂടു് നിറഞ്ഞ കാറ്റ് വീണ്ടും. അയാൾ തുറന്നടയുന്ന കണ്ണാടിവാതിലിലേക്ക് നോക്കി.

കുരുവിള വരുന്നത് നാലോ അഞ്ചോ പേരുടെ കൂടെയാണ്.

“അംബികയുടെ ഓഫീസിലെ സി.ഇ.ഒ. ആണിത്…”

കുരുവിള വെളുത്ത് പൊക്കത്തിലുള്ള ഒരാളെ പരിചയപ്പെടുത്തി, ഏതോ ഒരു പേരും പറഞ്ഞു. വെള്ളക്കാരനാണ്. ചെമ്പൻ മുടിയുടെ ഒരു കീറ് അശ്രദ്ധമായി നെറ്റിയിലേക്ക് വീണു കിടക്കുന്നു. പേരെന്താണെന്ന് വിജയരാഘവന് മനസ്സിലായില്ല. ആ കൂട്ടത്തിൽ രണ്ടു പേർ ഫിലിപ്പിനോകളാണ്. ഒരാൾ ഇന്ത്യക്കാരനും പിന്നൊരാൾ അറബി വംശജനും. ഈജിപ്ഷ്യനോ സിറിയക്കാരനോ മറ്റോ ആകാം. വെള്ളക്കാരൻ വലതുകൈ നീട്ടി വിജയരാഘവൻ ആ കൈ സ്വീകരിച്ചു. ഇന്ത്യക്കാരൻ-അയാളുടെ വലതുകവിളിൽ, ചെവിയോട് ചേർന്നു് ഒരു മറുകുണ്ട്, ആറടിയ്ക്ക് മേലെ പൊക്കവുമുണ്ട് മുന്നോട്ട് വന്ന് ജയരാഘവൻ്റെ തോളിൽ കൈവച്ചു.

“പ്രെസെൻ്റേഷൻ തീർന്നു് കസ്റ്റമേഴ്സ് പോയിക്കഴിഞ്ഞു് ഞങ്ങളെല്ലാവരും കൂടി കോൺഫറൻസ് റൂമിൽ ചായ കുടിച്ചിരുന്നതാ… അംബിക മാം ശരിക്കും തളർന്നിരുന്നു. പെട്ടെന്നാണ് കസേരയിൽ നിന്നു് താഴെ വീണത്. നോക്കുമ്പോ ബോധമില്ല. അപ്പോത്തന്നെ ഇങ്ങോട്ട് കൊണ്ടുവന്നു.”

പിന്നെയെന്താണ് പറയേണ്ടതെന്നറിയാതെ അയാൾ നോക്കി നിന്നു, പതുക്കെ തോളിൽ വച്ചിരുന്ന കയ്യെടുത്തു. എന്ത് പറയണമെന്ന് വിജയരാഘവനുമറിയില്ല, ചുറ്റും നോക്കുകയല്ലാതെ ചെയ്യാനൊന്നുമില്ല, അയാൾക്ക്. ലോബിയുടെ ഒരറ്റത്തുള്ള കൗണ്ടറുകളും മറ്റേ അറ്റത്തുള്ള കോഫി ഷോപ്പും അയാൾ കാണുന്നുണ്ടു്. സോഫയിലിരിക്കുന്ന പാകിസ്ഥാനികളേയും അവരുടെ കൂടെയുള്ള തടിച്ച ബാലനേയും അയാൾക്ക് കാണാം. ഇളം നീല നിറത്തിലെ ടീ ഷർട്ടും ഹാഫ് ജീൻസുമാണ് അവൻ്റെ വേഷം എന്ന് അയാളപ്പോഴാണ് ശ്രദ്ധിച്ചത്. രാവിലെ അംബിക ധരിച്ചിരുന്ന കമ്മീസിൻ്റെ അതേ നിറം.

“നമുക്ക് ഡോക്ടറെ ഒന്ന് കണ്ടിട്ടു വരാം?”

കുരുവിള വെള്ളക്കാരനോടു് പറഞ്ഞ ശേഷം മറ്റുള്ളവരെ നോക്കി, പിന്നെ വിജയരാഘവൻ്റെ നേരേ തിരിഞ്ഞു.

“വിജയാ… താൻ വരണുണ്ടോ?”

വിജയരാഘവൻ ഇല്ലെന്ന് തലയാട്ടി. അവർ ആറു പേരും നടന്നുനീങ്ങുമ്പോഴേക്കും അയാൾ സോഫയിൽ ഇരുന്നു കഴിഞ്ഞിരുന്നു. പാകിസ്ഥാനി യുവതി മദ്ധ്യവയസ്‌കയായ സ്ത്രീയുടെ തോളിൽ ചാരിക്കിടപ്പാണ്. ആ സ്ത്രീ അവളെ ഒരു കൈകൊണ്ടു് ചുറ്റിപ്പിടിച്ചിട്ടുണ്ടു്. ഷോൾ തല വഴി ചുറ്റിയിരിക്കുന്നതിനാൽ യുവതിയുടെ മുഖം കാണാനൊക്കുന്നില്ല. കൂടെയുള്ള പുരുഷൻ സോഫയിൽ ചാരിക്കിടക്കുന്നു. അയാളുടെ മുഖവും കാണാനാകുന്നില്ല, ഇരുട്ടു കൊണ്ട് ഒരു കുറി വരച്ചതുപോലെ കാണപ്പെടുന്ന അയാളുടെ താടിയ്ക്ക് പുറകിൽ മുഖം മറഞ്ഞു പോയിരിക്കുന്നു. നീല വേഷത്തിലെ ബാലൻ ഒരു തൂണിനോട് ചേർത്തു വച്ചിരിക്കുന്ന വെൻഡിംഗ് മെഷീൻ -അതിനുള്ളിലെ പലതരത്തിലുള്ള ചോക്കലേറ്റുകളും ബിസ്ക്കറ്റുകളൂം ചില്ലുവാതിൽ കൊണ്ടു് പുറത്തു കാണാവുന്ന മട്ടിൽ പൂട്ടി വച്ചിരിക്കുന്നു – നോക്കി നിൽക്കുന്നു. അതിനുള്ളിലെ മധുരങ്ങൾ അവനെ പ്രലോഭിപ്പിക്കുന്നുണ്ടെന്നു അവൻ്റെ ശരീരഭാഷയിൽ നിന്നു തന്നെയറിയാം. ശൂന്യത വീടിനകത്താക്കി രാവിലെ വാതിലടച്ച അംബികയുടെ നീല നിറത്തിനുള്ളിൽ നിന്നുകൊണ്ട് മധുരങ്ങൾ നോക്കി നിൽക്കുന്ന ബാലനെ നോക്കി വിജയരാഘവൻ സോഫയിൽ ഇരുന്നു.

കണ്ണാടി മതിലിൻ്റെ തവിട്ടുനിറം കൂടിയിരിക്കുന്നു. അതിനപ്പുറത്തുള്ള ലോകം വെളിച്ചം കുറഞ്ഞു് കൂടുതൽ ഇരുണ്ട് കാണും. ലോബിയിൽ നിന്ന് പുറത്തേക്കുള്ള കാഴ്ച ഇല്ലാതായിരിക്കുന്നു, പകരം മതിലിൽ ലോബിയുടെ പ്രതിബിംബമാണ് കാണുന്നത്. ലോബിയിലെ ലൈറ്റുകളെല്ലാം കത്തുന്നുണ്ടു്. അതും ഒരു കാരണമാണ്. സന്ദർശന സമയം തുടങ്ങിക്കഴിഞ്ഞിരുന്നതിനാൽ ആളുകളുടെ വരവും കൂടിയിട്ടുണ്ട്. അവർ നേരേ ലിഫ്റ്റുകൾ ഉള്ള ഭാഗത്തേക്ക് നീങ്ങുന്നു.

ഇടയ്ക്കൊന്നു മയങ്ങിപ്പോയോ എന്ന് വിജയരാഘവന് സംശയമായി. കുരുവിള തട്ടിവിളിച്ചപ്പോഴാണ് അവരെല്ലാം തിരിച്ചെത്തിയെന്ന കാര്യം അറിഞ്ഞത്. അംബികയുടെ ഓഫീസിലുള്ളവർ കൂടെയുണ്ട്. തൻ്റെ തടിച്ച ശരീരം കൊണ്ടു കുരുവിള അവരെ മറച്ചുപിടിച്ചു. വിജയരാഘവൻ സോഫയിൽ നിന്ന് എഴുന്നേറ്റു. “ഞങ്ങളങ്ങോട്ട് എത്തിക്കോളാം. “കുരുവിള വെള്ളക്കാരനോടും മറ്റുള്ളവരോടുമായി പറഞ്ഞു, പിന്നെ അവരുടെ ഓരോരുത്തരുടേയും കൈ പിടിച്ചുകുലുക്കി. വിജയരാഘവനെ നോക്കി തലയാട്ടിയ ശേഷം അവർ പോകാൻ തിരിഞ്ഞപ്പോഴേ സോഫയിൽ ഇരിക്കുകയും ചെയ്തു, പുറകെ വിജയരാഘവനും. കണ്ണാടി വാതിൽ അവർ അഞ്ചുപേരുടെ പുറകിൽ അടഞ്ഞ ശേഷവും രണ്ടുപേരും ഒന്നും മിണ്ടാതെ ഇരുന്നു, കുറച്ചു നേരം.

“പോകുന്നതിനു മുമ്പു് തനിക്ക് അകത്ത് കയറണോ?”

ഉത്തരമെന്തായിരിക്കുമെന്ന് അറിഞ്ഞമട്ടാണ് കുരുവിള ചോദിച്ചത്. വേണ്ടെന്ന് പറയുമ്പോൾ വിജയരാഘവൻ കൂട്ടുകാരനെ നോക്കിയത് പോലുമില്ല. അയാളുടെ ശ്രദ്ധ ആ പാകിസ്ഥാനി സ്ത്രീകളിലായിരുന്നു. ഇരിപ്പിടങ്ങൾക്കപ്പുറത്തുള്ള ഒഴിഞ്ഞ ഇടങ്ങളിൽ കൂടി അവർ നടക്കുകയാണ്. കൂടെ അവരെയൊട്ടും ശ്രദ്ധിക്കാതെ നടക്കുന്ന തടിച്ച കുട്ടിയും. ഒരു കൈ കൊണ്ടു് യുവതിയെ അൽപ്പം ചേർത്തു പിടിച്ചു കൊണ്ടാണ് ആ സ്ത്രീയുടെ നടപ്പു്. എത്ര തവണ അവർ അങ്ങോട്ടുമിങ്ങോട്ടും നടന്നുവെന്നറിയില്ല. ഇടയ്ക്കൊന്ന് കോഫീ ഷോപ്പിൽ ചെന്ന് ചായയോ കാപ്പിയോ മറ്റോ വാങ്ങിക്കുകയും ചെയ്തു. ആ കുട്ടിയ്ക്ക് വേണ്ടി എന്തോ മധുരവും. ആ പാകിസ്ഥാനി അപ്പോഴും സോഫയിൽ പാതിമയക്കത്തിലാണ്. സ്ത്രീകൾ അയാളെ തൊട്ടുണർത്തിയപ്പോഴാണ് അയാൾ അറിഞ്ഞതു തന്നെ. അവർ പോകാൻ തയ്യാറെടുക്കുമ്പോൾ ബാലൻ നോക്കിച്ചിരിച്ചു. അവൻ്റെ മുഖത്ത് തെളിഞ്ഞു കാണാവുന്ന,നേരത്തേ കഴിച്ച മധുരത്തിൻ്റെ അടയാളങ്ങളും ചിരിച്ചു.

കുരുവിള വിജയരാഘവൻ്റെ തോളിൽ കൈവച്ചു.

“വാ… മുഹയ്സിനയിലേക്കാണ് പോകണ്ടത്.”

കണ്ണാടിവാതിൽ തുറന്നു് പുറത്തേക്ക് പോകുന്ന പാക്കിസ്ഥാനികളെ നോക്കിക്കൊണ്ടാണ് അയാളത് പറഞ്ഞത്, വിജയരാഘവൻ അറിയാമെന്ന് തലയാട്ടിയത് അയാൾ കണ്ടില്ല.

‘മുഹയ്സിനയിലേക്കാണ് പോകണ്ടത്…”

അയാൾ വീണ്ടും പറഞ്ഞു.

ആശുപത്രിയിൽ നിന്നും പൊതു നിരത്തിലേക്കെത്തുന്ന വഴിയിൽ ഇടത്തും വലത്തുമായി ലാംപ് പോസ്റ്റുകൾ. ഗെയ്റ്റ് കടന്ന് റോഡിലേക്ക് കയറി വലത്തോട്ട് സോനാപ്പൂർ ഭാഗത്തേക്ക് തിരിഞ്ഞാൽ വെളിച്ചത്തിൻ്റെ ലോകം പിന്നിലായി. മുന്നിലെ നിരത്തിൽ മാത്രം വെളിച്ചം. ഇരുവശവും കാണാനില്ല, മരുഭുമിയുടെ ഇരുട്ടിൽ വെളിച്ചം കൊണ്ടു് ഒരു വര വരച്ചതു പോലെ. അര മണിക്കൂറിന് മേലെയെടുക്കും മുഹയ്സിനയിലെത്താൻ, അവിടെയെത്തുവോളം കുരുവിള എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അംബികയുടെ ഓഫീസിലുള്ളവരുടെ ആത്മാർത്ഥതയെ കുറിച്ചു്, മുഖത്ത് മറുകുള്ള യുവാവിൻ്റെ ശ്രദ്ധയെക്കുറിച്ച്, അവർ തന്നെ മുൻകയ്യെടുത്ത് മറ്റു കാര്യങ്ങളൊക്കെ നോക്കാൻ അഷ്റഫിൻ്റെ ആളുകളെ ഏൽപ്പിച്ചതിനെ കുറിച്ച്… അക്കാര്യങ്ങളിൽ ഇനിയൊന്നും പേടിക്കാനില്ലയെന്നോ മറ്റോ, പിന്നെന്തൊക്കെയോ കൂടി. മുഹയ്സിനയിൽ കാർ പാർക്ക് ചെയ്തു് കെട്ടിടത്തിലേക്ക് നടക്കുമ്പോഴും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ഓർത്തെടുത്തു കൊണ്ടിരുന്നു അയാൾ.

കെട്ടിടത്തിന് മുന്നിൽ ആശുപത്രിയിൽ കണ്ട പാകിസ്ഥാനി നിൽപ്പുണ്ട്, അയാളുടെ ഒരു കയ്യിൽ പിടിച്ചുകൊണ്ടു് ആ തടിച്ച ബാലനും. കൈവിടുവിച്ച് എവിടെയൊക്കെയോ നടക്കാൻ അവൻ ശ്രമിക്കാതിരിക്കുന്നില്ല. അലങ്കാരങ്ങളൊന്നുമില്ലാത്ത ആ ഒറ്റനില കെട്ടിടത്തിന് മുന്നിൽ വാതിലൊന്നേയുള്ളൂ, എന്നാൽ വാഹനങ്ങൾക്ക് പിൻഭാഗത്തേക്ക് കടന്നുപോകുവാൻ ഒരു വശത്ത് വഴിയൊഴിച്ചിട്ടിട്ടുണ്ടു്. സാമാന്യത്തിലധികം വലുതായ വാതിലിലൂടെ അവർ അകത്തു കയറി. അകത്ത്, തറ നനഞ്ഞു കിടക്കുന്നു, കഴുകിയിട്ട് ഉണങ്ങിയിട്ടില്ലാത്തത് പോലെ. ഹോളെന്നു പറയാൻ മാത്രമില്ല. കുറച്ചു വലിയ ഒരു മുറി. അതിൽ ഇരിപ്പിടങ്ങളൊന്നുമില്ല.ദീർഘ ചതുരത്തിലെ രണ്ടു പെട്ടികൾ, പ്ലൈവുഡ് കൊണ്ടുണ്ടാക്കിയത്, മറ്റൊന്നുമില്ല.

പെട്ടികളുടെ മുടി കുറച്ചു മാറി ചാരി വച്ചിരിക്കുന്നു.

പെട്ടികളിലൊന്നിൽ അംബിക. അവർക്ക് പരാതികളുള്ളതായി തോന്നിയില്ല, ആ മുഖം എന്നത്തേയും പോലെ സൗമ്യം. ഒരു നേർത്ത വിഷാദം കൂട്ടുണ്ടെന്നു മാത്രം. ചുറ്റും പൊതിഞ്ഞുവച്ച മുഖത്തിൻ്റെ കാണാവുന്ന ഭാഗമത്രയും അതു് വ്യക്തമായി കാണാം. ശരീരം എന്തൊക്കെയോ കൊണ്ടു പൊതിഞ്ഞിരിക്കുന്നു. അതിനു മേൽ വെളുത്ത തുണി, അവിടവിടെ നനഞ്ഞിട്ടുണ്ടത്. അവർ അതൊട്ടു് അറിഞ്ഞമട്ടില്ല.

അപ്പുറത്തെ പ്ലൈവുഡ് പെട്ടിയ്ക്കടുത്ത് ആ പാകിസ്ഥാനി സ്ത്രീകളുണ്ടെന്നു് അപ്പോഴാണ് വിജയരാഘവൻ കണ്ടത്. അവർ അപ്പുറത്തേയ്ക്ക് തിരിഞ്ഞു നില്ക്കുകയാണ്. മുഖംകാണാൻ വയ്യ. അയാൾ മുഖം തിരിച്ച് അംബികയെ ഒന്നു കൂടി നോക്കി. രാവിലെ മുഖത്ത് കണ്ട പുഞ്ചിരി ഇപ്പോഴുമുണ്ടു്, തിരിഞ്ഞു നടക്കുന്നതിനുമുമ്പു് അയാൾ ഒരു മറുചിരി ചിരിച്ചു.

“ഞാനൊന്ന് ഓഫീസിൽ കയറിയിട്ടു് വരാം. താനിവിടെ നിൽക്ക്” കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കുരുവിള പറഞ്ഞു. അയാൾ കെട്ടിടത്തിനരികിലൂടെ പുറകിലേക്ക് പോയി. ആ പാകിസ്ഥാനിയേയും ബാലനേയും കാണാനില്ല, വിജയരാഘവൻ ആ മുറ്റത്ത് ബാക്കിയായി.

കുരുവിള മടങ്ങി വന്നപ്പോൾ കയ്യിൽ ഒരു കവറുണ്ടു്. അയാളത് വിജയരാഘവന് കൊടുത്തു. തിരിച്ചു് വീട്ടിലേക്കുള്ള യാത്രയിലും ബിൽഡിംഗിനുളളിൽ കയറിയിട്ടും അയാൾ ഒന്നും പറഞ്ഞില്ല.

“ചാവി താ, ഞാൻ തുറക്കാം.”

ലിഫ്റ്റിൽ നിന്നിറങ്ങുമ്പോൾ കുരുവിള കൈ നീട്ടി. പോക്കറ്റിൽ നിന്ന് ഫ്ലാറ്റിൻ്റെ താക്കോലെടുത്ത് നീട്ടിയ കയ്യിൽ വച്ചു കൊടുത്തു വിജയരാഘവൻ. കുരുവിളയ്ക്ക് പുറകെ അയാൾ വെളിച്ചമില്ലാത്ത വീട്ടിൽ കയറുകയും ചെയ്തു.

“ഏളി മോർണിംഗ് ഫ്ലൈറ്റല്ലേ … ഒരു രണ്ടു മണിയ്ക്കിറങ്ങാം. ഞാനിത്തിരി നേരം ഒന്ന് റെസ്റ്റ് ചെയ്യട്ടെ..”

അത് പറഞ്ഞുകൊണ്ടാണ് കുരുവിള സോഫയിൽ കയറിക്കിടന്നത്. സോഫയുടെ ഹാൻഡ്റെസ്റ്റിലേക്ക് ഒരു കുഷൻ ചാരി, അതിലേക്ക് തല ചാരി, കഴുത്ത് ഇടത്തോട്ടും വലത്തോട്ടും അനക്കി കിടപ്പ് ശരിയാക്കിയപ്പോഴേ ഉറങ്ങിക്കാണും. അയാൾ പിന്നെ അനങ്ങിയില്ല. മറ്റെന്ത് ചെയ്യണമെന്നറിയാത്തതു കൊണ്ടു മാത്രം അയാളെ കുറച്ചു നേരം നോക്കി നിന്ന വിജയരാഘവൻ അടുക്കളയിൽ കയറി, ഫ്രിജ് തുറന്ന്, രണ്ടു കാൻ ബിയർ എടുത്ത്, അതുമായി ബാൽക്കണിയിലേക്ക് നടന്നു.

ഒരു ഭാഗം മുറിഞ്ഞുപോയ ഒരു ചതുരത്തിൻ്റെ ആകൃതിയിലുള്ള ബിൽഡിംഗിൻ്റെ ബാൽക്കണികളെല്ലാം തുറക്കുന്നത് ഒരു സ്വിമ്മിംഗ് പൂളിലേക്കാണ്. അതിനു ചുറ്റും അങ്ങോള – മിങ്ങോളമുള്ള വിളക്കുകാലുകളിലെല്ലാം ലൈറ്റ് തെളിഞ്ഞു ചുറ്റുമുള്ള ഇരുട്ടിനെ മഞ്ഞ നിറമാക്കി മാറ്റിയിരിക്കുന്നു. ആ മഞ്ഞനിറം ശരീരത്തിൽ അവിടവിടെ പൂശി, കുറെആളുകൾ കുളിക്കുകയോ ഇരിക്കുകയോ നിൽക്കുകയോ ഒക്കെയാണ്. ബാൽക്കണിയിൽ നാലു ചാരുകസേരകളുണ്ട്. വിജയരാഘവൻ അതിലൊന്നിൽ ഇരുന്നു. നേരേ കാണുന്ന ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ മദ്ധ്യവയസ്ക്കരായ ഒരു ഭാര്യയും ഭർത്താവും ബാർബക്യൂ ചെയ്യുന്ന തിരക്കിലാണ്. മങ്ങി മാത്രം കത്തുന്ന ഒരു ബൾബാണ് ആ ബാൽക്കണിയിൽ വെളിച്ചം കൊടുക്കുന്നത്. കൂടാതെ ബാർബക്യൂ സ്റ്റാൻഡിലെ തീയുടെ തിളക്കവും. അതിനു മുന്നിൽ ഒരു ഷോർട്ട്സ് ധരിച്ചു് കൈയ്യിൽ കൊടിലുമായി നിൽക്കുന്ന ഭർത്താവിന് മേൽവസ്ത്രമില്ല, മേദസ്സില്ലാത്ത അയാളുടെ ദേഹത്തേക്ക് ചാരി, കൈകൾ രണ്ടുംകൊണ്ട് അയാളെ വട്ടം പിടിച്ച്, മുഖം അയാളുടെ കഴുത്തിനോടു് ചേർത്ത്, താടി അയാളുടെ തോളിൽ താങ്ങി, ഭാര്യ തൊട്ടു പുറകിൽ തന്നെയുണ്ടു്. വരാനിരിക്കുന്ന രാത്രിയുടെ ആവേശം അവരുടെ ശരീരഭാഷയിൽ നിന്ന് വെളിവാണ്.

“എപ്പോഴെത്തി? ഞാൻ കണ്ടില്ലല്ലോ ..”

ബാൽക്കണിയുടെ വാതിൽ തുറന്ന് അംബിക, ഈറൻ മുടി ഇടതു കൈയ്യിലുള്ള ടവൽ കൊണ്ടു കോതുന്നു. തല വൃത്തിയായി തോർത്തിയിട്ടില്ലെന്ന് പറയാതെയറിയാം. അയാൾ മറുപടി പറഞ്ഞില്ല, പകരം ചോദിച്ചു.

‘മുടിയൊന്ന് മര്യാദക്ക് തോർത്തിക്കൂടേ നിനക്ക്?”

അതിനു് മറുപടി അംബികയും പറഞ്ഞില്ല, മറ്റൊരു ചാരുകസേരയിലിരുന്ന് തോർത്തുകൊണ്ടു തല തുടച്ചു കൊണ്ടിരുന്നു.

അടുത്ത ബാൽക്കണിയിൽ നിന്ന് ആളിക്കത്തുന്ന തീയുടെ തിളക്കം പെട്ടെന്ന്. ബാർബക്യൂവിൽ എണ്ണയൊഴിച്ചതാണ്. താഴെ പൂളിൽ കുളിക്കുകയും കളിക്കുകയും ചെയ്യുന്നവർ ഉണ്ടാക്കുന്ന ബഹളം ഇടയ്ക്ക് ഉച്ചത്തിലാവുന്നു. അയാൾ ചാരുകസേരയിലേക്ക് ഒന്നു കൂടി ചാരിയിരുന്നു.

“നീ ഡിന്നർ കഴിച്ച് കിടന്നോ… കിടക്കാറാകുമ്പോൾ ഞാനെടുത്ത് കഴിച്ചോളാം.”

മുറിയിലേക്ക് തിരിച്ചുപോകുന്ന അംബികയുടെ മുടി അയാൾ ശ്രദ്ധിച്ചു, അര ഭാഗം വരെ നീണ്ടു കിടക്കുന്നു. പ്രായം അമ്പത്തഞ്ചു കഴിഞ്ഞിട്ടും മുടിയുടെ ഉള്ളൊട്ടും കുറഞ്ഞിട്ടില്ല. മുഖത്ത്, പുറത്തുകാണാനാവാത്ത ഒരു ചെറു ചിരിയോടെ വിജയരാഘവൻ അടുത്ത ബാൽക്കണിയിലെ ദമ്പതികളെ നോക്കി.

ഇല്ല, അവരവിടെയില്ല, അവിടാരുമില്ല

ചിത്രം : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like