സുനിൽ ലിനസ് ഡേയുടെ വാട്ടർകളർ ചിത്രങ്ങളിലൂടെ
ജലവർണ്ണങ്ങളിലൂടെ പ്രകൃതിയുടെ ഭാവുകത്വം ചിത്രങ്ങളായി മുന്നിൽ എത്തിച്ച ഒട്ടേറെ ലോകപ്രശസ്ത ആർട്ടിസ്റ്റുമാർ ഉണ്ട്. അതിൽ തന്നെ മഴയെ ചിത്രങ്ങളിലേക്ക് ലയിപ്പിച്ച, മഴയുടെ സൗന്ദര്യവും ശക്തിയും പല തരത്തിൽ വരച്ച വാട്ടർകളർ ചിത്രങ്ങൾ നമുക്ക് മുന്നിലുണ്ട്. നീലയും ചാരനിറവും നിറഞ്ഞ ആകാശത്ത് നിന്നും ചരിഞ്ഞു പതിക്കുന്ന മഴത്തുള്ളികൾ, പാലത്തിന് മുകളിലൂടെ ഓടുന്ന ആളുകളുള്ള ജാപ്പനീസ് ഉക്യോ-ഇ മാസ്റ്റേഴ്‌സിൽ ഒരാളായ ഉതാഗാവ ഹിറോഷിഗെയുടെ ഷവർ അറ്റ് ഓഹാഷി, മഴയും പുകയും കലർന്ന അന്തരീക്ഷത്തിൽ ചീറിപാഞ്ഞുവരുന്ന തീവണ്ടി, സൂര്യരശ്മികൾ മഴത്തുള്ളികളിൽ പതിക്കുന്നതിന്റെ പ്രകാശപ്രവാഹം അടങ്ങിയ ജെ.എം.ഡബ്ല്യു. ടർണറിന്റെ “റെയിൻ, സ്പീഡ്, ആൻഡ് സ്റ്റീം”, ജോൺ സിൻജർ സാർജന്റിന്റെ “വെനീസിലെ മഴ” ഇങ്ങനെ ഒട്ടേറെ പറയാനുണ്ട്.

ഇനി സുനിൽ ലീനസ് ഡേയുടെ ചിത്രങ്ങളിലേയ്ക്ക് വരാം. എറണാംകുളത്തുകാരനായ ഈ ആർട്ടിസ്റ്റ് ഇന്ന് ഉള്ളതിൽ കേരളത്തിലെ ഏറ്റവും മികച്ച വാട്ടർ കളർ മാസ്റ്റേഴ്‌സിൽ ഒരാളാണ്. കേരളീയ ജീവിതങ്ങളും മഴയും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് ഓരോന്നും. റോഡിലൂടെ കുടചൂടി സൈക്കിളിൽ പോകുന്ന രണ്ടുപേരുടെ ചിത്രത്തിൽ വ്യക്തമായ മറ്റു പ്രകൃതി ദൃശ്യങ്ങൾ ഒന്നും ഇല്ല. നനഞ്ഞ റോഡും, അതിൽ സൈക്കിളിന്റെയും ചവിട്ടുന്നവരുടെയും പ്രതിബിംബവും തെളിഞ്ഞു കാണാം. റോഡുമുറിച്ചു കടക്കുന്ന സ്ത്രീയെ ചിത്രീകരിച്ചതിൽ മഴ കുറച്ചുകൂടി ശക്തമാണ്. ദൂരെ നിന്നും വരുന്ന ഓട്ടോറിക്ഷ അതിന്റെ ഹെഡ്‌ലൈറ്റ് കത്തിച്ചാണ് വരുന്നത്. വയസ്സായ ഒരു മനുഷ്യൻ കുടചൂടി പോകുന്ന ചിത്രത്തിൽ റോഡിൽ കെട്ടിനിൽക്കുന്ന മഴവെള്ളവും അതിന്റെ ലൈറ്റ് ആൻഡ് ഷേഡും എടുത്തുപറയാതെ വയ്യ. മറ്റൊരു മനോഹരമായ ചിത്രമാണ് വാഴയില ചൂടികൊണ്ട് മഴയത്ത് വേഗത്തിൽ ഓടിവരുന്ന സ്ത്രീ. സ്ത്രീയുടെ ബോഡി ലാങ്ഗ്വേജ് റോഡ്, റോഡരികിൽ ഒലിച്ചു പോകുന്ന വെള്ളം എന്നിവയുടെ സൂക്ഷ്മമായുള്ള നിരീക്ഷണം ആണ് ഓരോ ചിത്രവും. കൂടുതൽ പറയേണ്ടതില്ല. ബാക്കി ചിത്രങ്ങൾ പറയും.

വാട്ടർ കളറിൽ ചിത്രങ്ങൾ എങ്ങനെ വരയ്ക്കാം എന്ന ക്ലാസ് എടുക്കുന്ന സുനിൽ ഇതിനകം ഒട്ടേറെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ജലവർണ്ണങ്ങൾ പറയുന്ന ഓരോ മഴയുടെ കഥയും ചിത്രത്തിൽ നിന്ന് തന്നെ നമുക്ക് വായിച്ചെടുക്കാം.




കവർ: എം എ സുധീർ















