കർക്കിടകത്തിൽ കോരിച്ചൊരിയുന്ന മഴ.
രാവിലെ പത്ത് മണിക്കാണ് ശവസംസ്കാരം.ഇന്നലെ രാത്രി നാട്ടിൽ നിന്നാണ് വിവരം അറിഞ്ഞത് —
രാജലക്ഷ്മിയുടെ മകൻ ശ്രീകാന്ത് (30) വാഹനാപകടത്തിൽ മരിച്ചു. രാജലക്ഷ്മി — എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു.
അഞ്ച് വർഷം മുമ്പ് തുടങ്ങിയ, അമ്പത് വർഷം മുമ്പത്തെ സ്കൂൾ കൂട്ടുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ രാജിയെ ചേർക്കാൻ പലവട്ടം ശ്രമിച്ചു.

വര: മധുസൂദനൻ അപ്പുറത്ത്
“മോന്‍റെ കല്യാണം ആലോചിക്കണം” എന്നു പറഞ്ഞ് വിളിക്കാറുണ്ടായിരുന്നു. പിന്നീട് വിളികൾ കുറഞ്ഞു.ഒരു തവണ ഗ്രൂപ്പിൽ ചേർക്കാൻ വിളിച്ചപ്പോൾ, ഭർത്താവ് ഉണ്ണി പറഞ്ഞു:
“അതിനൊന്നും താൽപര്യമില്ല.”
പിന്നീട് ഞാൻ വിളിച്ചില്ല.
വഴി തെറ്റാതിരിക്കാനായി, ഓരോ തിരിവിലും വളവിലും —
ശ്രീകാന്തിന്‍റെ ചിരിക്കുന്ന മുഖമുള്ള ഫ്ലെക്സ് ബോർഡുകൾ.രാജിയുടെ അതേ ചിരി തന്നെ.
ദൈവമേ, എങ്ങനെ സഹിക്കും രാജി!
കർക്കിടകമഴ തീരാ ദുഃഖം പോലെ ചൊരിയുന്നതിനൊപ്പം
എന്‍റെ കണ്ണുനീരും. കാഴ്ച മങ്ങുന്നു. ഡ്രൈവറെ വിളിക്കാമായിരുന്നു.
വീട് നിറയെ ആളുകൾ.മകൻ കോളേജിൽ ജോലി ചെയ്യുകയായിരുന്നു. നിശബ്ദതയിൽ, അകത്തു നിന്നു പാട്ട് കേൾക്കുന്നു —രാജിയുടെ ശബ്ദം!
“പാട്ടുപാടി ഉ റക്കാം
ഞാൻ താമരപ്പൂ പൈതലേ…
കേട്ടു കേട്ടു നീയുറങ്ങെൻ
കരളിന്‍റെ കാതലേ….”
രാജി തന്നെയാണ് പാടിയിരുന്നത്, ഒരു വരിയും തെറ്റാതെ.
സ്കൂൾകാലത്ത് എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ രാജിയായിരുന്നു പാടാറുള്ളത്. ഓർമ്മകളിലെ നീല പാവാടയും, വെള്ള കുപ്പായവും ഇട്ട് രണ്ടുവശവും മുടി മെടഞ്ഞിട്ട് നിൽക്കുന്ന രാജി. ശബ്ദത്തിൽ മാറ്റമില്ല. നല്ല സാരി ധരിച്ച, നരച്ച മുടിയുമായി പ്രായമായെങ്കിലും പണ്ടത്തെ സൗന്ദര്യത്തിന് കുറവില്ല.
പാട്ടുകേട്ട പലരും അടക്കിപ്പിടിച്ചു കരയുന്നു. ഉണ്ണി അവളെ ചേർത്ത് പിടിച്ച് സോഫയിൽ ഇരിക്കുന്നു.
“രാജി, ഇതാരാ വന്നിരിക്കുന്നത്? മനസ്സിലായോ?”
“ആ… ഷീല അല്ലേ? എത്രകാലമായി കണ്ടിട്ട്!” — പുഞ്ചിരിച്ച മുഖത്തോടെയാണ് ചോദ്യം.എന്തോ പ്രശ്നമുണ്ടെന്ന് തോന്നി.
രാജിയെ ചേർത്തുപിടിച്ച് ഉണ്ണി എഴുന്നേറ്റു.
മൊബൈൽ മോർച്ചറിയിലെ ജലകണങ്ങൾ തുടയ്ക്കുന്നതിനൊപ്പം ഉണ്ണിയുടെ കണ്ണുനീർ ഗ്ലാസിൽ ഒഴുകിവീഴുന്നു.
“നമ്മുടെ പൊന്നുമോനെ ഇനി കാണാൻ കഴിയില്ല. നോക്ക്, കുട്ടനെ.”
“ഉണ്ണിയേട്ടാ… കുട്ടൻ പെട്ടിയിൽ നിന്ന് എങ്ങനെ പുറത്തുവരും?” നിഷ്കളങ്കമായ മുഖത്തോടെ ചിരിച്ചാണ് ചോദിക്കുന്നത്.
പിന്നീട് അറിഞ്ഞു — കുറച്ചു വർഷങ്ങളായി രാജിക്ക് ഡിമെൻഷ്യയാണ്. മിന്നിമറയുന്ന ഓർമ്മകൾ.
ഫോൺവിളികൾ ഇല്ലാതാകുമ്പോൾ, കാരണം അന്വേഷിക്കാത്തത് എന്‍റെ തെറ്റ്. അസ്പഷ്ടമായി എന്തൊക്കെയോ പറയുന്നുണ്ട്. ആരോ വന്ന് അവളെ മുറിയിലേക്ക് കൊണ്ടുപോയി.അകത്തു ചെന്നു, രാജിയെ ചേർത്തുപിടിച്ച് ഞാൻ കരഞ്ഞു.
“ഷീല, നീ ഇങ്ങനെ കരയരുത്…
നമുക്ക് എന്ത് പ്രശ്നത്തിനും പോംവഴി ഉണ്ടാവും.”
ഓർമ്മ നഷ്ടമായത് നന്നായി എന്ന് തോന്നി.വിവാഹം കഴിഞ്ഞു വർഷങ്ങൾക്കുശേഷം ആറ്റുനോറ്റുണ്ടായ ഏക മകനാണ്. ഏത് അമ്മയ്ക്കും സഹിക്കാൻ കഴിയാത്ത വേദന.
ഉണ്ണി പറഞ്ഞു — “അവളെ ഒന്ന് പുറത്ത് കൊണ്ടുവരൂ,
കുട്ടനു അവസാനമായി ഒരു ഉമ്മ കൊടുക്കാൻ.”
ഉണ്ണി ഉച്ചത്തിൽ കരയുന്നു.
“ഇയാൾ ആരാ? എന്താ ഇങ്ങനെ കരയുന്നത്?
കുട്ടൻ ഉറങ്ങുന്നതല്ലേ കണ്ടില്ലേ? ഉണരും.”
അതേ — കുട്ടൻ കണ്ണടച്ച് ഉറങ്ങുകയാണ്.അടുത്ത നിമിഷം ചോദിച്ചു.
“ഈ വലിയ പെട്ടിയിൽ എന്താണ്? “രാജിയെ വീണ്ടും റൂമിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോൾ പറഞ്ഞു :” എനിക്ക് വിശക്കുന്നു ” മകൻ ചാരമാവുന്ന സമയമാണ്. ഓർമ്മയുടെ ഒരു തരി ബാക്കി ഉണ്ടെങ്കിൽ വിശക്കുമോ? ഉള്ളിലെ സങ്കടം തൊണ്ടവരെ വന്നു വീർപ്പുമുട്ടന്നു. നെഞ്ചിനു വല്ലാത്ത ഭാരം..
കർമ്മങ്ങൾ കഴിഞ്ഞ് ഉണ്ണി മടങ്ങിവന്നു.മുഖത്ത് എല്ലാം നഷ്ടപ്പെട്ടവന്‍റെ നിസ്സഹായത.ശൂന്യമായ ദൃഷ്ടികളോടെ എന്നെ നോക്കി പറഞ്ഞു.
“അവളെ ഞാൻ പൊന്നുപോലെ നോക്കും.
ഞങ്ങൾക്കുവേണ്ടി മാത്രം ജീവിച്ചു. അതിനുള്ള ആരോഗ്യം എങ്കിലും ദൈവം തന്നാൽ മതി…”
തിരിച്ചുവരുമ്പോൾ പിന്നെയും മഴ.ഒന്നുമറിയാതെ നമ്മൾ ‘നാളെ’ എന്ന സ്വപ്നമായി എന്തൊക്കെയോ കണക്കുകൂട്ടലുമായി ജീവിക്കുന്നു. ചിലപ്പോൾ രാജിയെ പോലെ ഓർമ്മകൾ നഷ്ടപ്പെട്ട മരണമാവും. വെറും ദേഹം ബാക്കിയായി. അല്ലെങ്കിൽ കുട്ടന്‍റെ പോലെ ഒരു ആക്സിഡന്റ് ആവാം. അടുത്ത നിമിഷം എന്താകുമെന്ന് ആർക്കും അറിയില്ല. പെട്ടെന്ന്, നിശ്ശബ്ദമഴയായി മരണവും എത്തും.