പൂമുഖം LITERATUREകഥ രുക്കു

രുക്കു

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അന്നത്തെ അവധിക്കാലങ്ങൾക്ക് പറങ്കിമാങ്ങയുടെ മണമായിരുന്നു…

പരീക്ഷ കഴിഞ്ഞാൽ പിന്നെ ഇല്ലം കാട്ടിൽ കശുവണ്ടി പൊട്ടിക്കാൻ പോകും.

ഇല്ലത്തിന്റെ അടുത്തുള്ള കാടായതുകൊണ്ടാണ് അതിനു ഇല്ലം കാടെന്നു പേരുവന്നത്.
അവിടെ ഒരു അമ്പലവും ഉണ്ട്..

ഇല്ലം കാട് മുഴുവൻ പറങ്കിമാവാണ്..
ചുകപ്പും മഞ്ഞയും പറങ്കിമാങ്ങകൾ ഉണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്…

” എടുത്തൂ ആ പെണ്ണ് ?
അവൾടെ ഒപ്പം മോളും ഒന്നും പൊക്കൊളു ട്ടാ..”

എല്ലാം നാട്ടുകാർ കൊണ്ടുപോകുകയാണെന്നും ഇത്തവണ വിറ്റാൽ കിട്ടുന്ന കാശുകൊണ്ട് വെള്ളിക്കൊലുസ്സ് വാങ്ങിത്തരാമെന്നും അമ്മ പറഞ്ഞു..

രുക്കുവിനെ പെണ്ണ് ന്നു പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു..
രുക്കുവിന്റെ അമ്മ ജാനുവും അച്ഛൻ താമിയും വീട്ടിലെ പണിക്കാരായിരുന്നു..

രുക്കുവിന്റെ എന്നേക്കാൾ ഒരു രണ്ടുമൂന്നു വയസ്സ് കൂടുതലുണ്ടാകും..

പച്ച പാവാടയും വെള്ള കുപ്പായവും ഇട്ടാണ് വരുക..

ചുരുണ്ട മുടിയും, വലിയ ചന്തമുള്ള കണ്ണുമുള്ള രുക്കുവിന് തടിച്ചുരുണ്ട പ്രകൃതമാണ്..

നല്ല നിരയായുള്ള കുഞ്ഞു പല്ലായതുകൊണ്ട് ചിരിക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്..
മകര കൊയ്ത്തു കഴിഞ്ഞാൽ പാടങ്ങളിൽ പച്ചക്കറി കൃഷിചെയ്യും..
പോകുന്ന വഴി വെള്ളരിക്കയുടെ പൂവലെല്ലാം പൊട്ടിച്ചു കഴിക്കും..

പിന്നെ ഒരു ഇടവഴിയുണ്ട്…

ഇടവഴിയിൽ വലിയ ഇലഞ്ഞിയിൽ നിന്നും പൂക്കൾ ഉതിർന്നു വീണു കിടക്കും..

പൂക്കൾ പെറുക്കി വാഴയിലയിൽ വെക്കും..
വീട്ടിൽ ചെന്നാൽ അതുകോർത്ത് ഗുരുവായൂരപ്പന്റെ ചിത്രത്തിന് മീതെ ചാർത്തും..

കയ്യിലൊരു തോട്ടിക്ക് പുറമെ വേറെ ഒരു വടിയുമുണ്ടാവും.
ഉണങ്ങിയ പറങ്കിമാവിൻ ഇലകൾ കൂമ്പാരമായി കിടക്കുന്നുണ്ടാവും.. അതിനിടയിൽ പാമ്പുണ്ടോ എന്ന് പേടിച്ചു വടികൊണ്ടൊന്നു ഇളക്കി നോക്കും..

മാവിൻ കൊമ്പിൽ ഇരുന്നു കശുമാങ്ങ തിന്നും, വിശേഷങ്ങൾ പറഞ്ഞും സമയം പോകുന്നതറിയില്ല..

ആ ചൂടത്ത് അതു തിന്നാൻ നല്ല സ്വാദായിരുന്നു..

ആ കശുമാവിൻ തോപ്പിലെ അതിർത്തിയിൽ കൈതയുണ്ട്..
ഒരിക്കൽ ഞങ്ങൾ കൈതപ്പൂ പറിക്കാൻ അവിടേക്കുപോയി..
ഒരു ശബ്ദം കേട്ടു നോക്കിയപ്പോൾ,
ഒരു പാമ്പ് പത്തി വിടർത്തി ചീറ്റുകയായിരുന്നു

ഞാൻ പേടിച്ചു കരഞ്ഞു….
പക്ഷെ രുക്കുവിന് നല്ല ധൈര്യമാണ്..

ചരൽ എറിഞ്ഞു പാമ്പിനെ ഓടിച്ചു കൈതപൂ പറിച്ചു കൊണ്ടുവന്നപ്പോൾ ആ മുഖം കാണണം..

കല്യാണസൗഗന്ധികം പൂ പറിക്കാൻ പോയ ഭീമസേനനെ പോലെയാണ് ഒന്നിനെയും പേടിയില്ലാത്ത രുക്കു..

കശുവണ്ടി പറിച്ചു കൊട്ടയിൽ ഇട്ടു വയറു പൊട്ടും വരെ ഞങ്ങൾ കശുമാങ്ങാ തിന്നും..
ഈർക്കിൽ കൊണ്ടു മഞ്ഞയും ചുമപ്പും ഇടകലർത്തി മാല പോലെയുണ്ടാക്കും…

ഉണങ്ങാത്ത കശുവണ്ടി കത്തികൊണ്ട് കീറി വെറുതെ തിന്നും…

വിൽക്കാൻ കൊണ്ടുപോയതിന്റെ ബാക്കി ചുട്ടും തിന്നും..

അതു ചുടുമ്പോൾ വല്ലാത്തൊരു വാസന വരും..

ആ വർഷം ഞങ്ങൾക്ക് രണ്ടുപേർക്കും അമ്മ കൊലുസു വാങ്ങി തന്നു..

എന്റെ കാലിലെ കൊലുസ്സിനെക്കാൾ ഭംഗി രുക്കുവിന്റെ കരിവീട്ടി പോലെയുള്ള ഉരുണ്ട കാലിലെ കൊലുസ്സു കാണാൻ ആയിരുന്നു…

ഞാനിട്ടത് പെട്ടെന്ന് കറുത്തു. എനിക്ക്‌ സങ്കടം വന്ന് കരഞ്ഞത് നല്ല ഓർമ്മയുണ്ട്..

അന്ന് ഇല്ലം കാട്ടിലെ കുളം ഞങ്ങളുടെയായിരുന്നു..
രണ്ടു പറമ്പിന്റെയും അതിർത്തിയിൽ ആയിരുന്നു കുളം..
അത് അമ്പലത്തിലെ സ്ഥലമാണെന്ന് പറഞ്ഞു തർക്കമുണ്ടായപ്പോൾ അമ്പലത്തിനു വിട്ടു കൊടുത്തു…

അവിടെ അവധിക്കാലമായാൽ വെള്ളം വറ്റിയാൽ രാമൻ മീൻ പിടിക്കും..

കണ്ണനും,മൊയ്യും, ഇഷ്ടം പോലെയുണ്ടാകും..
കുറെ വിൽക്കും കുറച്ചു ഞങ്ങൾക്കും തരും..
അതെല്ലാം കാണാൻ അവരുടെ പിന്നാലെ പോകാൻ നല്ല രസമായിരുന്നു..
ആ ഓർമ്മകൾ ചേറിന്റെ മണം ആണ്..

വലിയ ചെമ്പിലെ മീൻ പുറത്തിടുമ്പോൾ ശ്വാസം കിട്ടാതെ ഒരു പിടച്ചിലുണ്ട്..

ഞാൻ ചോദിച്ചു..

” എനിക്ക് മരിക്കാൻ പേടിയാ.. ഞാനിതുവരെയും മരിക്കണത് കണ്ടിട്ടില്ല.. ഇങ്ങനെ പിടഞ്ഞാണോ നമ്മൾ മരിക്കുക…”

“കുട്ടി ആവശ്യമില്ലാത്തതൊന്നും അറിയേണ്ട ഈ മീൻ വെച്ചാലും വറൂത്താലും ള്ള രുചി ഓർത്താൽ മതി…”

അതോർത്തപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെ വായിലും വെള്ളം വന്നു..
മീനിന്റെ ഉള്ളിലെ പരിഞ്ഞലിനെ വറുത്തതായിരുന്നു ഏറ്റവും ഇഷ്ടം.

രുക്കു കഷ്ടപ്പെട്ട് എല്ലാം നന്നാക്കി..
ഉള്ളിയും മുളകും അമ്മിയിൽ അരച്ച് അമ്മക്ക് കൊടുക്കും…

മീൻകൂട്ടാൻ വെച്ച കലത്തിൽ കുറച്ചു ബാക്കി അമ്മ അവർക്ക് കൊടുക്കും.

ഞാൻ വറുത്ത മീൻ ആരും കാണാതെ അവരുടെ ചോറുപാത്രത്തിന്റെ അടിയിൽ വെച്ചു കൊടുക്കാറുണ്ട്.

എന്തു കിട്ടിയാലും ഒരു പങ്കു കൊടുത്താലേ സമാധാനം ആവൂ..

ജാനുവിന്റെ സഹായി ആയി വീട്ടിലെ പണിയെടുത്തു രുക്കു നടന്നിരുന്ന കാലം..

ഏഴാം ക്ലാസിനു ശേഷം ആ പാവത്തിനെ സ്കൂളിൽ വിട്ടില്ല..

എന്റെ സ്‌കൂളിലെയും പിന്നെ കോളേജിലെയും വിശേഷങ്ങൾ അത്ഭുതത്തോടെ കേട്ടിരിക്കും..

കൊയ്ത്തുള്ള ദിവസങ്ങളിൽ രാത്രി മെതിക്കാൻ ജാനുവരുമ്പോൾ രുക്കുവും വരും..

അട്ടിയായി വെക്കുന്ന കറ്റകൾക്കിടയിൽ കൂടി ഞങ്ങൾ ഒളിച്ചുകളിക്കും..

ഞങ്ങളതിലെ ഓടികളിക്കുമ്പോൾ ചീരു പറഞ്ഞു..

” കുട്ട്യോളെ ഇങ്ങനെ ഓടിച്ചാട്യ ഇങ്ങടെ കല്യാണ സാമാനം വീണു പോകും “

വീട്ടിൽ പോയി അമ്മയോട് ചോദിച്ചു..

” മുറ്റത്തു ഞാൻ ഓടിയാൽ കല്യാണത്തിന്റെ സമ്മാനം വീണു പോവുമോ? “

ഞാൻ കല്യാണത്തിന് കിട്ടുന്ന വർണ്ണകടലാസ്സിൽ പൊതിഞ്ഞ സമ്മാനങ്ങളെക്കുറിച്ചാണ് ഓർത്തത്‌..

അമ്മ പറഞ്ഞു…

” ഏതു സമയത്തും കൊയ്ത്ത്‌കാരുടെ പിന്നാലെ നടന്നു ഓരോന്നും ചോദിക്കും.. മിണ്ടാതെ പോണുണ്ടോ ഇവിടെനിന്നും.. പോയി പഠിച്ചോളൂ മര്യാദയ്ക്ക്… “

പിന്നെ ഞാനൊന്നും ചോദിച്ചിട്ടില്ല…

പക്ഷെ രുക്കുവിന് ജാനു എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്..

അന്ന് വല്യകുട്ടിയായപ്പോൾ രുക്കു പറഞ്ഞു തന്നു..

കുപ്പായതിന്റെ ഇടയിലും പാവാടയുടെ അടിയിലും ആരെങ്കിലും കയ്യിടാൻ നോക്കിയാൽ ഉച്ചത്തിൽ കരയണം എന്നിട്ട് ഓടി പോണം ന്നൊക്കെ….

അങ്ങിനെയാണ് ഗർഭം ഉണ്ടാവുക ന്നു രുക്കുവാണ് പറഞ്ഞുതന്നത്……

വിഷു ആയാൽ വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറികളായ കണിവെള്ളരിയും, കുമ്പളനു മൊക്കെ വലിയ ചാക്കിലായി ബന്ധുവീടുകളിൽ കൊണ്ടുകൊടുക്കും..
രുക്കുവിന്റെ തലയിൽ വെക്കുമ്പോൾ കുറച്ചു ഞാനും പിടിക്കാം എന്ന് പറഞ്ഞാൽ അമ്മ സമ്മതിക്കില്ല…
എനിക്കെന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ പറയും..

” നേന്ത്രവാഴക്കു വളം ഇട്ടു കൊടുക്കുന്ന പോലെ സാധാരണ വാഴക്കിട്ടു കൊടുക്കില്ലല്ലോ.. നീ പിടിക്കണ്ട നിനക്ക് ഇതൊന്നും ശീലല്ല്യ..”

അമ്മയോട് തർക്കിച്ചിട്ടു കാര്യമില്ല..

എനിക്കെന്തും പറയാനുള്ള കൂട്ടായിരുന്നു…
18 വയസ്സിൽ എന്റെ വിവാഹം കഴിഞ്ഞു പോകുമ്പോൾ അമ്മയേക്കാൾ വിഷമം രുക്കുവിനായിരുന്നു..

ഞാനന്ന് എന്റെ സുന്ദരസ്വപ്നലോകത്തായിരുന്നു…

രുക്കു പറഞ്ഞു…
” ഞങ്ങളുടെ സ്വപ്നങ്ങൾക്കും കറുപ്പ്‌നിറമാണ്. നിങ്ങളുടെ സ്വപ്നങ്ങൾക്കുള്ള നിറമൊന്നും ഉണ്ടാവില്ല. ഇങ്ങനെ ചാവോളം നയിച്ചു ജീവിച്ചു പോകണം അത്ര തന്നെ… ഇനി ഇങ്ങോട്ട് പണിക്കു വരില്ല… ഒറ്റയ്ക്ക് സങ്കടാവും.. പുതുതായി വന്ന പേപ്പർ മില്ലിൽ ജോലിക്ക് പോയാലോ ന്നു ആലോചിക്ക്യ .. “

ഒരു പുതിയ സാരി കൊടുത്തു..
ആ കവർ കയ്യിൽ പിടിച്ചു യാത്ര പറയുമ്പോൾ രണ്ടുപേരുടെയും കണ്ണുനിറഞ്ഞിരുന്നു..
ആ സന്ധ്യക്കു വേനലിൽ ആദ്യമായി മഴ പെയ്തപ്പോൾ മണവാട്ടിയുടെ കണ്ണീര് ഒപ്പുവാൻ മണവാളൻ ഉണ്ടായിരുന്നു..
പക്ഷെ പാവം രുക്കു എത്ര സങ്കടപ്പെട്ടിട്ടുകാണും…

വിവാഹശേഷം ഞാൻ നാട് വിട്ടു..
അമ്മയുടെ എഴുത്തുകളിൽ ഉണ്ടായിരുന്നു പെണ്ണിപ്പോൾ വരുന്നില്ലെന്ന്..
രണ്ടു വർഷം കഴിഞ്ഞിട്ടുണ്ടാവും, ഒരു ദിവസം ഉച്ചമയക്കത്തിൽ
എന്തോ കരിയുന്ന മണം വന്നു…
ആരെയോ ദഹിപ്പിക്കുന്ന കാഴ്ചകൾ കണ്ടു..
സ്വപ്നമാണെന്നറിഞ്ഞും അന്നു കുറെ കരഞ്ഞു..

അന്ന് ഇന്നത്തെ പോലെ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല.
സ്വപ്നം കണ്ട ദിവസം രുക്കു മരിച്ചിരുന്നു എന്ന വിവരം പിന്നെയാണ് അറിഞ്ഞത്..

നമുക്ക് അറിയാത്ത മനസ്സിലാവാത്ത എന്തൊക്കെയോ കാര്യങ്ങൾ ലോകത്തുണ്ട്..

ഇതെല്ലാം സംഭവിച്ചിട്ടു 50 വർഷത്തിലധികം ആയിക്കാണും.

ഇന്ന് ആ ഇടവഴിയെല്ലാം ടാറിട്ട റോഡുകൾ ആയി..

പാടത്തെല്ലാം വീടുകളുമായി…

ആ അമ്പലക്കുളത്തിൽ പോയി വെറുതെ നോക്കിനിന്നു…

നീന്തൽ അറിയുന്ന രുക്കു എങ്ങിനെ കുളത്തിൽ വീണു മരിക്കും..

കനലിൽ നടന്ന ആരെയും പേടിയില്ലാത്ത അവളെ സ്നേഹം നടിച്ചു പറ്റിച്ചതാവും ആരെങ്കിലും..

ചെമ്പിൽ നിന്നും പുറത്തെടുത്ത മീനെപോലെ പിടഞ്ഞിട്ടുണ്ടാവുമോ…

വെള്ളം കുടിച്ചു മാത്രമല്ല വയറു നിറഞ്ഞതെന്നു അന്നു പറഞ്ഞു കേട്ടിരുന്നു…

പക്ഷെ ഈ കാലത്ത് പൊങ്ങുന്ന ശവങ്ങളിൽ വയറിനകത്തു വെള്ളം മാത്രമല്ലേ ഉണ്ടാവുക..

പണ്ടു ഒരുപാട് രുക്കുമാർ കുളത്തിലും കിണറ്റിലും പൊങ്ങാറുണ്ടായിരുന്നു..
വെള്ളം കുടിച്ചു,,, ഒരു കുഞ്ഞുജീവനും അകത്തുപിടഞ്ഞു മരിക്കും…
തിന്നാൻ ഇഷ്ടമുള്ള മീനിന്റെ ഉള്ളിലെ പരിഞ്ഞിൽ ( മുട്ട ) പോലെ…

എന്തായാലും ഇന്നതൊക്കെ കുറഞ്ഞല്ലോ..

വേനലവധി യെ കുറിച്ച് ആലോചിച്ച് എവിടെ വരെ എത്തി…
ഓർമ്മകൾ പറന്നല്ലേ വരുന്നത്…
ഏകാന്തതയിൽ ഇന്നും ഞാനിവിടെ ഓർത്തിരിക്കുകയാണ്..
മരണദേവത സമയമായാൽ എത്തും സമയമായാൽ ഒപ്പം പോവുക തന്നെ വേണം…
ഒരു ആത്മാവും തിരിച്ചു വന്നു നമ്മളോട് ഒരു സത്യവും പറയാറില്ല..
രഹസ്യങ്ങളുടെ കലവറയല്ലേ മനുഷ്യ ജീവിതം.

നമുക്കറിയാത്ത രഹസ്യങ്ങൾ നോക്കി നടന്നിട്ട് ഒരു കാര്യവും ഇല്ല….

ഒരു കാര്യം സത്യമാണ്.
ഒരു പരിധിവരെ നമ്മൾ എവിടെ ജനിക്കുന്നു അതുതന്നെയാണ് നമ്മുടെ ഭാവിയും തീരുമാനിക്കുന്നത്…

കാശുള്ള വീട്ടിൽ ജനിച്ചതോണ്ടാവണം കഷ്ടപ്പാട് കുറഞ്ഞ ജീവിതം കിട്ടിയത്…

എല്ലാ അവധി ഓർമ്മകളിലും, ബാല്യ കൗമാരങ്ങളിലും…

ഇലഞ്ഞിക്കകത്തൊളിക്കും പൂമണമായും..
കൈതപ്പൂ ആയും.,
കശുമാങ്ങയുടെ മധുരമായും…
മേഘങ്ങളിൽ ഒളിച്ചിരിക്കുന്ന ഒറ്റനക്ഷത്രമായും
രുക്കു എന്റെ ഒപ്പമെന്നുമുണ്ട്…

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

വര : മധുസൂധനൻ അപ്പുറത്ത്

Comments

You may also like