ഓരോ ഓർമ്മയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്, നഷ്ടപ്പെട്ട ബാല്യകാലത്തിലേയ്ക്കാണ്… ഓർമ്മകളിൽ മാത്രമായ അമ്മമ്മയെ കുറിച്ചാണ് എഴുതുന്നത്…
അമ്മമ്മ ഏകദേശം മുപ്പത്തിരണ്ടു വയസ്സിൽ വിധവയായി.. എന്നും മുത്തശ്ശനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു.. പൂമുഖത്ത് കാലും നീട്ടിയിരുന്ന് മുത്തശ്ശന്റെ ഫോട്ടോ നോക്കി ആദ്യം പറയുക…, ‘ഇതേയ് ഒരുകൂട്ടം ആൾക്കാരുടെ ഇടക്ക് നിന്നുള്ള ഫോട്ടോയിൽ നിന്ന് എടുത്തു വരപ്പിച്ചതാ… തീരെ നന്നായിട്ടില്ല്യ ട്ടാ..ഇതിലൊക്കെ എത്ര ഭംഗിയായിരുന്നു ന്നു അറിയോ കാണാൻ..’ എന്നാണ്. പറയുമ്പോൾ ആ കണ്ണിലൊരു നക്ഷത്രത്തിളക്കവും, മുഖത്ത് വികസിച്ചൊരു ചിരിയുമുണ്ട്…. ആ വർണ്ണന കേട്ടാൽ ഇതിലും സുന്ദരൻ ഇതിനു മുൻപും ശേഷവും ജനിച്ചിട്ടില്ല എന്നാണ് തോന്നുക…ഒരുപാട് അറിവുള്ള ആളായിരുന്നു എന്ന് അമ്മമ്മ തുടരും.. ‘കൂട്ടുകാരൊക്കെ കൂടി അക്ഷരശ്ലോകം ചൊല്ലാറുണ്ട്. അന്നൊക്കെ കവിതാപുസ്തകങ്ങളും മറ്റും വാങ്ങുവാൻ വിഷമമാണ്. എല്ലാവരും പകർത്തി എഴുതിവെയ്ക്കുകയാണ് ചെയ്യുക.. പരസ്പരം എഴുത്തുകൾ എഴുതിയിരുന്നത് കവിതയിലായിരുന്നു …’ പഴയ കവിതകൾ അമ്മമ്മ എപ്പോഴും ചൊല്ലും.

മരിക്കുന്നതിന് രണ്ടുവർഷം മുൻപായിരുന്നു അമ്മമ്മയുടെ നാടായ അക്കിക്കാവിലേയ്ക്ക് മുത്തശ്ശൻ വീടുണ്ടാക്കി താമസം മാറിയത്. ‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീ ഒറ്റപ്പെടും, ഇവിടെ അമ്മയും സഹോദരങ്ങളുമൊക്കെ ഉണ്ടല്ലോ’യെന്ന് പറയുമായിരുന്നു.. ആ സ്നേഹത്തിനെ കുറിച്ചും കരുതലിനെ കുറിച്ചും ഒരുപാട് കാര്യങ്ങളിങ്ങനെ പറയും … ഞാനിന്നും വ്യക്തമായി ഓർക്കുന്നു, സന്ധ്യയായാൽ, എന്തു കോരിച്ചൊരിയുന്ന മഴയുണ്ടെങ്കിലും, എന്നും ഒരു പോക്കുണ്ട്.. തൊടിയിൽ അകലെ മുത്തശ്ശനെ ദഹിപ്പിച്ച സ്ഥലത്ത് അന്തിത്തിരി വെയ്ക്കുവാൻ … വെള്ളം കൊടുക്കുന്ന ഒരു ചടങ്ങുമുണ്ട്… ഇടയ്ക്കൊക്കെ ‘ഞാനും വരട്ടേ?’ എന്നു ചോദിച്ച് കൂടെ പോകും. ഒരിക്കൽ ആ കണ്ണുകൾ നിറഞ്ഞുകണ്ടപ്പോൾ ‘എന്തേ കരയുകയാണോ?’ എന്നുചോദിച്ചു… ‘കരയുകയല്ല ചാറ്റൽമഴ…’യെന്നു കള്ളം പറഞ്ഞു… പാവം ഒറ്റയ്ക്ക് പോവാനായിരുന്നു എന്നും ഇഷ്ടം… അന്ന് നമുക്കറിയില്ലല്ലോ അവർക്ക് സംസാരിക്കാനുണ്ടാകുമെന്ന്…. ഞങ്ങളാരെങ്കിലും മുത്തശ്ശന്റെ കഥകൾ തുടങ്ങിയാൽ പറയും ‘ദാ തുടങ്ങി..’ എന്ന്, ഇന്നാ കഥകൾ കേൾക്കാനെന്തു കൊതിയാണെന്നറിയാമോ.
ആലോചിച്ചാൽ സങ്കടമാകും , എന്തൊക്കെ കാഴ്ചകളും, സ്നേഹത്തിന്റെ സ്വരങ്ങളുമാണെനിക്ക് നഷ്ടമായത്…… വർഷങ്ങൾക്കു മുമ്പ് മരിച്ച ഭർത്താവിന്റെ ഓർമ്മകളിൽ ജീവിച്ചിരുന്ന അമ്മമ്മയുടെ പ്രണയമായിരുന്നു ഞാൻ കണ്ടതിലേറ്റവും മനോഹരം.. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവ യായിരുന്നു… ആ നാട്ടിലെ തന്നെ പലരുടെയും പ്രിയപ്പെട്ട അമ്മയായിരുന്നു ദേവകിയമ്മ….. എഴുതിയാൽ തീരാത്ത ഓർമ്മകൾ…! ബാക്കി ഇനിയൊരിക്കലാവട്ടെ……..
സ്വദേശം തൃശൂർ ഇപ്പോൾ കുവൈറ്റിൽ. ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്