മരിച്ച സുഹൃത്തിന്റെ വീട്
ഒരു ദ്വീപു പോലെ ശാന്തമായിരുന്നു.
അവനെഴുതാൻ ബാക്കിവെച്ച
എത്രയോ കഥകൾ
ആ വീട്ടിലുണ്ടെന്നെനിക്കു തോന്നി,
അവനു വേണ്ടി പെയ്ത
മഴയും മഞ്ഞും നിലാവും
അവിടെ വട്ടമിട്ടു നിൽക്കുന്നതായും.
വേദന കുത്തിനിറച്ച
ഓരോ ബോഗികളാണ്
മരണവീട്ടിലെ ഓരോ മുറികളുമെന്ന്
ഇന്നലെയുമവൾ പറഞ്ഞതോർക്കുന്നു
അവന്റമ്മയെ ആശ്വസിപ്പിക്കാൻ
വാക്കുകളില്ലാതെ ഞാൻ വിയർത്തു.
കൈത്തലം മുറുകെപ്പിടിച്ചവർ
ഒച്ചയില്ലാതെ വിതുമ്പി.
ആ കണ്ണീരുകൊണ്ടെൻ കൈ പൊള്ളി.
ചുമരിലവന്റെ വലിയ ചിത്രം വെച്ചിരിക്കുന്നു.
അവനെന്നെ നോക്കി ചിരിക്കുന്നു.
ഒട്ടും രംഗബോധമില്ലാത്ത
ആ പഴയ ചിരി തന്നെ!
ഒരുവേളനീമരിച്ചെന്നേ തോന്നുകില്ല,
ജീവിച്ചിരിക്കിലുമെന്നേമരിച്ചവൻ ഞാൻ
സന്ദർശാനന്തരം,
പടികളിറങ്ങി ഇടവഴി തീർന്നപ്പോൾ
ഒരിളങ്കാറ്റെന്നെക്കടന്നുപോയി.
കവർ: സുധീർ എം എ
സ്വദേശം തൃശൂർ, പ്രവാസി. ഗ്രാഫിക് ഡിസൈനർ.

















