ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന ഒരു ഭരണ ഉപ-ജില്ലാ (Sub-district) ഏതാണെന്നറിയാമോ? ഉത്തരം തേടി മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടതില്ല; നമ്മുടെ കേരളത്തിലുണ്ട് – മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക്.

2011-ലെ സെൻസസ് പ്രകാരം 9,28,672 ആയിരുന്നു ഇവിടുത്തെ ജനസംഖ്യ. ഇന്ന്, 2026-ൽ ആ സംഖ്യ 11 ലക്ഷവും കടന്നിട്ടുണ്ടാകും. ചിന്തിച്ചു നോക്കൂ, കിഴക്കൻ ഇന്ത്യയിലെ നാഗാലാൻഡ് സംസ്ഥാനത്തെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ മനുഷ്യരാണ് ഒരൊറ്റ തഹസീൽദാരുടെ ഓഫീസിനെ ആശ്രയിച്ച് ഇവിടെ ജീവിക്കുന്നത്! ഭൂരേഖകൾ, പട്ടയ വിതരണം, ജാതി-വരുമാന സർട്ടിഫിക്കറ്റുകൾ, ഭൂതർക്കങ്ങൾ, ദുരന്ത നിവാരണ ധനസഹായം – തുടങ്ങി സകല കാര്യങ്ങൾക്കും ഈ 11 ലക്ഷം പേർ വരിനിൽക്കുന്നത് ഒരൊറ്റ വാതിലിനു മുന്നിലാണ്.

ഇതൊരു ഒറ്റപ്പെട്ട കണക്കല്ല, മറിച്ച് നിഴ്ചലമായിപ്പോയ ഒരു ഭരണയന്ത്രത്തിന്റെ ക്രൂരമായ പ്രതിഫലനമാണ്. 3.5 കോടിയോളം വരുന്ന മലയാളി സമൂഹത്തിന് ഭൂ-റവന്യൂ സേവനങ്ങൾ നൽകാൻ ആകെയുള്ളത് കേവലം 78 താലൂക്കുകൾ മാത്രമാണ്! പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും സാധ്യതകൾ പഠിക്കാൻ 2026-ലെ സംസ്ഥാന ബജറ്റ് ഒരു കമ്മീഷനെ നിയോഗിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ, ഭരണകൂടത്തിനു മുന്നിൽ വെക്കാനുള്ള ലളിതമായ ഒരു വാദമുണ്ട്: “കേരളത്തിന് ആദ്യം വേണ്ടത് പുതിയ ജില്ലകളല്ല, പുതിയ താലൂക്കുകളാണ്”

ഒരു പുതിയ ജില്ല രൂപീകരിക്കുമ്പോൾ ഒരു കളക്ടർ തസ്തിക ഉണ്ടാകുന്നു എന്നത് ശരിയാണ്. എന്നാൽ ഒരു പുതിയ താലൂക്ക് നിലവിൽ വരുമ്പോഴാണ് സാധാരണക്കാരന് യഥാർത്ഥത്തിൽ ഭരണപരമായ സൗകര്യങ്ങൾ ലഭിക്കുന്നത്. ഒരു പുതിയ ജില്ല രൂപീകരിക്കാൻ കുറഞ്ഞത് 500 കോടി രൂപയെങ്കിലും ചെലവ് വരുമെങ്കിൽ, വെറും 25 കോടി രൂപ കൊണ്ട് ഒരു താലൂക്ക് രൂപീകരിക്കാൻ സാധിക്കും. അതിനാൽ, കൂടുതൽ താലൂക്കുകൾ രൂപീകരിച്ചതിന് ശേഷം മാത്രം പുതിയ ജില്ലകളെക്കുറിച്ച് ആലോചിക്കുന്നതാണ് ഉചിതം.

പൗരനും ഭരണകൂടവും മുഖാമുഖം നിൽക്കുന്ന ഇടം

ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കളക്ടറേറ്റുകളെയോ സെക്രട്ടറിയേറ്റിനെയോ അല്ല. വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും ലാൻഡ് ട്രിബ്യൂണലുമടങ്ങുന്ന പ്രാദേശിക ഭരണകേന്ദ്രങ്ങളെയാണ്.

ഭൂ ഉടമസ്ഥാവകാശം, വില്ലേജ് സർട്ടിഫിക്കറ്റുകൾ, ആദിവാസി ഭൂസംരക്ഷണം, എമർജൻസി റിലീഫ് ഫണ്ടുകൾ തുടങ്ങി പൗരന്റെ പ്രാഥമിക ആവശ്യങ്ങളത്രയും നിറവേറ്റപ്പെടുന്നത് താലൂക്ക് തലത്തിലാണ്. ഡിജിറ്റൽ കേരളം പല സേവനങ്ങളും വിരൽത്തുമ്പിലാക്കിയെന്നത് സത്യമാണ്. പക്ഷേ, മലയോരങ്ങളിലും തീരദേശങ്ങളിലും ജീവിക്കുന്ന ഏറ്റവും നിർധനരായ മനുഷ്യർക്ക് ഇന്നും തങ്ങളുടെ പരാതികളുമായി ദീർഘദൂരം സഞ്ചരിച്ച് ഈ ഓഫീസുകളിൽ നേരിട്ടെത്തേണ്ടി വരുന്നുണ്ട്. 2 ലക്ഷം ആളുകൾക്കായി രൂപകൽപ്പന ചെയ്ത പഴയ ഇൻഫ്രാസ്ട്രക്ചറിലേക്ക് 8-10 ലക്ഷം ആളുകൾ ഇരച്ചുകയറുമ്പോൾ ഉണ്ടാകുന്ന ശ്വാസംമുട്ടൽ ഒരു ഭരണപരമായ പോരായ്മ മാത്രമല്ല; അത് സാധാരണക്കാരനിൽ നിന്ന് ഈടാക്കുന്ന ഒരു ദരിദ്ര നികുതി കൂടിയാണ്! ദൂര യാത്രയുടെ ചെലവ്, ഇടനിലക്കാരുടെ ചൂഷണം, ദിവസക്കൂലി നഷ്ടപ്പെടൽ എന്നിവയുടെ രൂപത്തിൽ പൗരൻ നൽകേണ്ടി വരുന്ന പിഴ!

ഏഴ് പതിറ്റാണ്ട്; മാറാത്ത 78 എന്ന അക്കങ്ങൾ

1956-ൽ കേരളം രൂപീകരിക്കപ്പെടുമ്പോൾ 58 ലക്ഷം ജനങ്ങൾക്ക് സേവനം നൽകാൻ 60-ഓളം താലൂക്കുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ 70 വർഷത്തിനിടെ ജനസംഖ്യ ആറുമടങ്ങ് വർദ്ധിച്ചെങ്കിലും, താലൂക്കുകളുടെ എണ്ണം 78 ആയി മാത്രമേ ഉയർന്നുള്ളൂ, കേവലം 30% വർദ്ധനവ്!

2013-14-ൽ യു.ഡി.എഫ്. സർക്കാർ ഒറ്റ ഉത്തരവിലൂടെ 12 പുതിയ താലൂക്കുകൾ പ്രഖ്യാപിച്ചതാണ് അവസാനമായി നടന്ന കാര്യക്ഷമമായ ഇടപെടൽ. അതിനുശേഷം കഴിഞ്ഞ 12 വർഷമായി ഒരു പുതിയ താലൂക്ക് പോലും പിറന്നിട്ടില്ല. 2023 ഒക്ടോബറിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കുന്ദമംഗലം താലൂക്കുകൾ രൂപീകരിക്കാൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ആ ഫയലുകൾ ഇന്നും സെക്രട്ടറിയേറ്റിലെ അലമാരകളിൽ ഉറങ്ങുകയാണ്.

അസന്തുലിതാവസ്ഥയുടെ ഇരയായ വടക്കൻ കേരളം

ഐതിഹാസികവും ചരിത്രപരവുമായ ചില കാരണങ്ങളാൽ താലൂക്കുകളുടെ അഭാവം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മലബാർ മേഖലയാണ്. 1956-ന് മുൻപ് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറിന്, തിരുവിതാംകൂർ-കൊച്ചി പ്രദേശങ്ങളിലുണ്ടായിരുന്ന സാന്ദ്രമായ ഭരണശൃംഖല ലഭ്യമായിരുന്നില്ല. ഏഴ് ദശകങ്ങൾ കഴിഞ്ഞിട്ടും ആ വിടവ് നികത്തപ്പെട്ടിട്ടില്ല.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, കണ്ണൂർ, വയനാട് എന്നീ 6 വടക്കൻ ജില്ലകളിലെ 28 താലൂക്കുകൾ ഭരിക്കുന്നത് 1.7 കോടിയോളം ജനങ്ങളെയാണ്! അതായത്, ഒരു താലൂക്കിൽ ശരാശരി 6 ലക്ഷത്തിലധികം ആളുകൾ.

കോഴിക്കോട് താലൂക്ക് മാത്രം ഭരിക്കുന്നത് 16.7 ലക്ഷം ജനങ്ങളെയാണ്! ഗോവ, മിസോറാം, അരുണാചൽ പ്രദേശ് തുടങ്ങി ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതലാണിത്. പാലക്കാട്ടെ മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള അട്ടപ്പാടിയിലെ ഗോത്രജനത, സ്വന്തമായൊരു താലൂക്ക് ഓഫീസിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്.

മൂന്ന് ഘട്ടങ്ങളിലായി 39 പുതിയ താലൂക്കുകൾ: ഒരു പ്രായോഗിക തിരുത്തൽ രേഖ

കേരളത്തിലെ താലൂക്കുകളുടെ എണ്ണം 78-ൽ നിന്ന് 117 ആയി ഉയർത്താൻ 39 പുതിയ താലൂക്കുകൾ മൂന്ന് ഘട്ടങ്ങളിലായി രൂപീകരിക്കണമെന്ന നിർദ്ദേശം സമർപ്പിക്കുന്നു.

ഒന്നാം ഘട്ടം: അടിയന്തരമായി പ്രഖ്യാപിക്കേണ്ട 11 താലൂക്കുകൾ
പുതിയ നിയമഭേദഗതികളോ കാത്തിരിപ്പുകളോ ഇല്ലാതെ ഒറ്റ സർക്കാർ ഉത്തരവിലൂടെ ഇന്ന് തന്നെ നടപ്പിലാക്കാൻ കഴിയുന്നവയാണിവ:

1. കോട്ടക്കൽ (മലപ്പുറം): 11 ലക്ഷം ജനങ്ങളുള്ള തിരൂർ താലൂക്കിന്റെ ഭാരം പകുതിയായി കുറയ്ക്കും.
2. തനൂർ (മലപ്പുറം): തിരൂർ-തിരൂരങ്ങാടി തീരദേശ മേഖലയിലെ പ്രത്യേക ആവശ്യങ്ങൾക്കായി.
3. മഞ്ചേരി (മലപ്പുറം): 9.1 ലക്ഷം ജനങ്ങളുള്ള ഏറനാട് താലൂക്കിന്റെ ഭാരം കുറക്കാൻ.
4. പേരാമ്പ്ര (കോഴിക്കോട്): കുന്നിൻ പ്രദേശങ്ങളിലെ ജനങ്ങൾ 50-70 കി.മീ സഞ്ചരിക്കുന്നത് ഒഴിവാക്കാൻ വേണ്ടി.
5. കുന്നമംഗലം (കോഴിക്കോട്): അതിവേഗം വളരുന്ന ഐ.ടി-നഗര ഉപഗ്രഹ മേഖലയ്ക്കായി.
6. ഷൊർണ്ണൂർ (പാലക്കാട്): ഷൊർണ്ണൂരിന് സ്വന്തമായി താലൂക്ക് വേണം.
7. അട്ടപ്പാടി (പാലക്കാട്): 30,000-ത്തോളം വരുന്ന ഗോത്രവർഗ്ഗക്കാരുടെ ഭരണപരമായ അനാഥത്വം അവസാനിപ്പിക്കാൻ.
8. അമ്പലവയൽ (വയനാട്): ദുരന്ത നിവാരണത്തിനും മലയോര മേഖലയുടെ ഏകോപനത്തിനുമായി.
9. കഴക്കൂട്ടം (തിരുവനന്തപുരം): 11.4 ലക്ഷം ജനങ്ങളുള്ള തിരുവനന്തപുരം താലൂക്ക് വിഭജിച്ച് ഐ.ടി ഇടനാഴിക്കും വടക്കൻ മേഖലയ്ക്കുമായി.
10. മട്ടന്നൂർ (കണ്ണൂർ): കണ്ണൂർ വിമാനത്താവളവും വികസന ഇടനാഴിയും കേന്ദ്രീകരിച്ച്.
11. ഇരിഞ്ഞാലക്കുട (തൃശൂർ): 8.31 ലക്ഷം ജനങ്ങളുള്ള മുകുന്ദപുരം താലൂക്ക് വിഭജിച്ച് ഇരിഞ്ഞാലക്കുട താലൂക്കാക്കുക.

ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടെ കേരളത്തിലെ താലൂക്കുകളുടെ എണ്ണം 78-ൽ നിന്ന് 89 ആയി ഉയരും.

രണ്ടാം ഘട്ടം: 16 മുൻഗണനാ താലൂക്കുകൾ
വളാഞ്ചേരി, വണ്ടൂർ, തവനൂർ , വള്ളിക്കുന്ന് (മലപ്പുറം); കുറ്റ്യാടി, ഫറോക്ക്, മുക്കം, കൊടുവള്ളി (കോഴിക്കോട്); കൊങ്ങാട്, നെന്മാറ (പാലക്കാട്); നാട്ടിക, ചേലക്കര (തൃശൂർ); കൂത്തുപറമ്പ് (കണ്ണൂർ); ചാത്തന്നൂർ (കൊല്ലം); അങ്കമാലി, പെരുമ്പാവൂർ (എറണാകുളം).

മൂന്നാം ഘട്ടം: 12 ഏകീകരണ താലൂക്കുകൾ
മങ്കട (മലപ്പുറം); കോവളം, ബാലരാമപുരം, കിളിമാനൂർ (തിരുവനന്തപുരം); ചടയമംഗലം (കൊല്ലം); പിറവം (എറണാകുളം); പൂഞ്ഞാർ (കോട്ടയം); മൂന്നാർ, അടിമാലി (ഇടുക്കി); പേരാവൂർ (കണ്ണൂർ); നീലേശ്വരം, ചെറുവത്തൂർ (കാസർഗോഡ്).

സാമ്പത്തിക ശാസ്ത്രം: എന്തുകൊണ്ട് താലൂക്കുകൾ ആദ്യം?
ഒരു പുതിയ ജില്ല രൂപീകരിക്കാൻ കലക്ടറേറ്റ്, എസ്.പി. ഓഫീസ്, ജില്ലാ കോടതി, ജില്ലാ ആശുപത്രി തുടങ്ങിയ ഭീമൻ ഇൻഫ്രാസ്ട്രക്ചറുകൾക്കായി 500 കോടി രൂപ വരെ ഒറ്റത്തവണ ചിലവ് വരും. എന്നാൽ ഒരു പുതിയ താലൂക്ക് ഓഫീസ് ആരംഭിക്കാൻ വേണ്ടത് ഒരു കെട്ടിടവും, ഒരു കെ.എ.എസ് (KAS) ഓഫീസറും, ഏതാനും ജീവനക്കാരും മാത്രമാണ് — ചെലവ് കേവലം 5 മുതൽ 25 കോടി രൂപ വരെ!

ഒരൊറ്റ പുതിയ ജില്ലയ്ക്ക് വേണ്ടി ചെലവഴിക്കുന്ന തുക ഉണ്ടെങ്കിൽ, നിർദ്ദേശിക്കപ്പെട്ട 39 പുതിയ താലൂക്കുകളും യാഥാർത്ഥ്യമാക്കാൻ സാധിക്കും! ഇത് 39 വ്യത്യസ്ത ജനസമൂഹങ്ങളുടെ ദൈനംദിന ജീവിതത്തെയാണ് നേരിട്ട് സ്വാധീനിക്കുന്നത്.

ഓരോ ജില്ലയ്ക്കും ആവശ്യമായ കല്ലും മണ്ണുമാണ് താലൂക്കുകൾ. ഒരു ജില്ലാ ആസ്ഥാനം വരുമ്പോൾ, അതിനു താഴെ ഭൂ-ഭരണവും പ്രാദേശിക സേവനങ്ങളും ഉറപ്പാക്കുന്ന ഭദ്രമായ താലൂക്ക് ഘടനയില്ലെങ്കിൽ, ആ ജില്ല കേവലം ഒരു കൂറ്റൻ കെട്ടിടം മാത്രമായി അവശേഷിക്കും.

കേരളത്തിൽ 14 ജില്ലകൾ എന്നത് 20 ആകണം എന്ന വാദക്കാരനാണ് ഞാൻ. പക്ഷേ, ആ 20 ജില്ലകൾ ഉണ്ടാവണമെങ്കിൽ ആദ്യം താഴെത്തട്ടിൽ 117 താലൂക്കുകളെങ്കിലും ഉണ്ടായിരിക്കണം. ഭരണപരമായ യുക്തി ഇതാണ്: ആദ്യം തഹസീൽദാർ, പിന്നെ കലക്ടർ! ആദ്യം വില്ലേജ് ഓഫീസ്, പിന്നെ ജില്ലാ ഹെഡ്ക്വാട്ടേഴ്സ്!

3.5 കോടി ജനങ്ങൾക്ക് കേവലം 78 താലൂക്കുകൾ എന്നത് ഒരു ജനാധിപത്യ ഭരണസംവിധാനത്തിന് നിരക്കുന്നതാണോ? അല്ലെന്ന് ഭരണാധികാരികൾക്കുമറിയാം, പൊതുജനങ്ങൾക്കുമറിയാം. തിരുത്താൻ ഇച്ഛാശക്തി മാത്രം മതി.

+ posts