പൂമുഖം ഓർമ്മ എം.സുകുമാരന്‍

m sukuk

പ്രതിഭാശാലികളായ കലാകാരന്മാര്‍ മരിക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ജാഗ്രതയോടെ അവരിലേക്ക്‌ തിരിഞ്ഞു നോക്കുന്നത്.അത് നമ്മുടെ പൊതു സ്വഭാവമായി വളര്‍ന്നു തിട്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും സമ്പന്നമായ ഒരു സാഹിത്യ രംഗമാണ് മലയാളത്തില്‍ കഥാസാഹിത്യം., പ്രത്യേകിച്ചും ആധുനികത എന്ന് വിശേഷണം നല്‍കിയ കാക്കനാടന്‍ തലമുറയുടേത് .പത്തിരുപതു പേരാണ് ഈ പ്രസ്ഥാനത്തെ അറുപതു എഴുപതുകളില്‍ സജീവമായി നിലനിര്‍ത്തിയത്. ഓരോ കഥാകൃത്തും അവരവരുടെ വ്യതസ്തത വിളംബരം ചെയ്തു നിന്ന വലിയൊരു കാലമായിരുന്നു അത്.
ആ തലമുറയിലെ ഒരു സൂര്യതേജസായിരുന്നു എം .സുകുമാരന്‍. കുലത്തൊഴില്‍ പോലെ കുശാഗ്രമായി കൂര്‍പ്പിച്ച ഒരു പണിശാലയായിരുന്നു എം സുകുമാരന്‍റേത്.ആ പേന നിറയെ സമരമുഖങ്ങളായിരുന്നു. വാത്സല്യത്തിന്‍റെ ഒരു കാറ്റുപോലും അതില്‍ വീശിയില്ല. എന്നാലത് കമ്യുണിസ്റ്റ് ദേശാഭിമാനിയില്‍ കേറാത്ത തീയും കുന്തമുനകളുമായിരുന്നു. കാരണം, സുകുമാരന്‍ ഒറ്റയ്ക്ക് നിന്ന് പൊരുതുന്ന ഒരു പ്രത്യയശാസ്ത്രത്തിന്‍റെ പുഴയും കടലും ആകാശവും ആയിരുന്നു.
രാഷ്ട്രീയകഥകള്‍ എഴുതിയ സുകുമാരന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോള്‍, ഒരല്‍പ്പം കരുണയോടെ ശ്രദ്ധിക്കണം, വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ അളിഞ്ഞു നാറുന്ന കാരാഗൃഹങ്ങളില്‍  കിടക്കാന്‍ വിസമ്മതിച്ച  ആ എഴുത്തുകാരന്‍ സ്വയം തന്‍റെ എഴുത്തിന്‍റെ മാന്യതയെ സംരക്ഷിച്ചിരുന്നുവെന്ന്. വിശക്കുമ്പോള്‍ പതാകകള്‍ തിന്നാനും മുദ്രാവാക്യം വിളിക്കാനും ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയില്‍ ചേരാന്‍ സുകുമാരന്‍റെ കഥകള്‍ കുതറി തന്നെ നിന്നു .എന്താണെന്നോ? അതിനു മനുഷ്യന്‍റെ മനസും മാനുഷികതയും വര്‍ഗബോധവും കല്‍പ്പന ചെയ്തതുകൊണ്ട്  പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കല്‍പ്പിത കഥകള്‍ പറഞ്ഞത്, പഴയ നാടന്‍ കഥകളുടെ ചുവടുപിടിച്ചായിരുന്നു. സാന്ത്വനം പോലെ ആ കഥകളില്‍ ഒരിക്കലും വീണകളുടെ നാദം ഉയര്‍ന്നില്ല. ഒരു താരാട്ടുപോലും കേട്ടില്ല. ഒരു കഥയിലോ മറ്റോ ഓടക്കുഴല്‍ നാദം വന്നുപെട്ടു. കൃത്യമായി കേള്‍ക്കുക യാണെങ്കില്‍ ആ നാദധാര സുകുമാരന്‍റെ നെഞ്ചിലെ പിടപ്പുകളാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞേക്കും.
കഥ പറച്ചിലില്‍ പരമ്പരാഗത മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ സുകുമാരന്‍റെ കഥകള്‍ ഇഷ്ടപ്പെട്ടില്ല. രാജാവ് പ്രജ ശശാങ്കന്‍ ധര്‍മ്മപാലന്‍ രാജഭടന്മാര്‍ തുടങ്ങി പഴയ കാലത്തിന്‍റെ ചിഹ്നങ്ങള്‍ വര്‍ത്തമാനകാലത്തെ നിശിതമായി മാറ്റി നിര്‍ത്തുന്നതു കാണാം. ഉത്സവങ്ങള്‍ പ്രഖ്യാപിക്കാത്ത എഴുത്തിന്‍റെ ആ ലോകത്ത് ഭരണകൂടങ്ങളോടുള്ള സമരങ്ങള്‍ നിരാലംബമായി വാര്‍ന്നു വീഴുന്നു. ഗര്‍ജനങ്ങളല്ല അത്, മറിച്ച് അഭയമന്വേഷിക്കുന്ന മനസിന്‍റെ അഗ്നിയാണ്.
മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ സ്വാധീനിച്ച എഴുത്തുകാരന്‍ എന്നൊരു അബദ്ധം സുകുമാരനില്‍ പലപ്പോഴും വച്ച് കെട്ടിയിട്ടുണ്ട് നാം. അത് അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തില്‍ കേറി എടുത്തുചാടുന്നതിന്‍റെ അപകടമാണ് .സാധാരണ പൌരന്‍ എന്ന നിലയില്‍ അദ്ദേഹം യൂണിയന്‍ പ്രവര്‍ത്തകന്‍ ഒക്കെ ആയിരുന്നിരിക്കാം. അക്കാരണം കൊണ്ട് തൊഴില്‍ പോയി എന്നതും സത്യമാണ്. കഥയുടെ ലോകത്ത് എല്ലാവരെയും പോലെ സുകുമാരനും ഏകാകി ആയിരുന്നു.പാര്‍ട്ടി പ്രവര്‍ത്തനം ആയിരുന്നില്ല അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ ലോകം. അത് ഇ.എം.എസും എന്‍ ഇ ബലറാമും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും കെ വേണുവും ഒക്കെ ചെയ്യുന്ന വേലകളായിരുന്നു.
ഏതെങ്കിലും പാര്‍ട്ടിയെ അടയാളപ്പെടുത്താനും അതിന്‍റെ തത്വചിന്തകള്‍ അടിച്ചേല്പ്പിക്കാനുമുളള യന്ത്രങ്ങളായിരുന്നില്ല സുകുമാരന്‍റെ കഥകള്‍. ഏറ്റവും മൂര്‍ച്ചയുള്ള ഭാഷയില്‍ തനിക്കു വിധിച്ചുകിട്ടിയ രൂപരേഖയില്‍ കഥകള്‍ നെയ്തെടുത്തു, അദ്ദേഹം .കാല്‍പ്പനികതയെ അത് നിരാകരിച്ചു.വായനക്കാരനെ കര്‍ശനമായി നേരിട്ടു. ഉള്‍പ്പുളകങ്ങളും രോമാഞ്ചങ്ങളും ആ കഥാലോകത്തിനു പുറത്തു പഞ്ചപുച്ഛമടക്കി നിന്നതേയുള്ളൂ.
എം സുകുമാരന്‍ എഴുതിത്തുടങ്ങുമ്പോള്‍, കാക്കനാടന്‍ പ്രവേശിപ്പിച്ച ആധുനികത കാറ്റു പിടിച്ചു വരുന്ന സമയമാണ്. കാഫ്ക, കാമു, ഷെനെ, സാര്‍ത്രെ എന്നീ മാരക ഗണേശന്മാര്‍ അസ്തിത്വവാദത്തിന്‍റെ കൊടിയും പിടിച്ചു നില്‍ക്കുന്ന വേദി. എം മുകുന്ദന്‍ ആധുനികതയുടെ സംസ്ഥാന സെക്രട്ടറിയും കാക്കനാടന്‍ ചെയര്‍മാനുമായിരുന്നു. ഈ പാര്‍ട്ടിയില്‍ ചേരാതെ നിന്ന അപൂര്‍വ്വം യുവാക്കളും ഉണ്ടായിരുന്നു. അതിലൊരാള്‍ എം പി നാരായണപിള്ള ആയിരുന്നു. മറ്റൊരാള്‍  എം സുകുമാരനും. നാരായണപിള്ള കുട്ടിച്ചാത്തന്‍, മന്ത്രവാദം തുടങ്ങിയ മ്ലേച്ഛമായ കാര്യങ്ങളില്‍ കഥയെ സമീപിച്ചി രുന്നതിനാല്‍, തനി പിന്തിരിപ്പനും ചെറിയ തോതില്‍ ഭ്രാന്തന്‍ നയങ്ങളുടെ വക്താവും ആയി മുദ്ര കുത്തപ്പെട്ടു. ആയതിനാല്‍ പാര്‍ട്ടി ലൈനില്‍ കയറ്റി ഇരുത്താനാവാത്ത ലിസ്റ്റില്‍ നാരായണപിള്ള നിസാരമായി കടന്നുകൂടി. പ്രക്ഷോഭകരമായ കഥകള്‍ എഴുതി രംഗത്ത് നിന്ന സുകുമാരന് വച്ച് കൊടുത്ത പദവിയാണ്‌ രാഷ്ട്രീയ കഥകളുടെ കഥാകാരന്‍ എന്നത്. പക്ഷെ ദേശാഭിമാനിയുടെ വകുപ്പിലുള്ള പ്രോലിട്ടേറിയന്‍ രീതി ആയിരുന്നില്ലല്ലോ എം സുകുമാരന്‍റേത്. അങ്ങനെ തല്‍ക്കാലം പിന്തിരിപ്പന്‍ മുദ്ര വീഴാതെ അദ്ദേഹം രക്ഷപ്പെട്ടു. അക്കാലത്തെ കഥാകാരന്മാരില്‍ നിന്ന് വ്യത്യസ്തമായി , തീക്ഷ്ണമായ വിഷയങ്ങളുടെ ഒരു കലാപക്കോട്ടയായിരുന്നു സുകുമാരന്‍റെ കഥകള്‍. നിരീക്ഷണങ്ങളില്‍ സാമവേദമായിരുന്ന കെ പി അപ്പന്‍ കല്‍പ്പിച്ച ശ്രുതിയാണ്, പില്‍ക്കാലങ്ങളില്‍ സുകുമാരന് വിശേഷണമായി തൂങ്ങി നിന്നത്.
ആ വിശേഷണത്തിന്‍റെ ഒഴുക്കില്‍ നിന്ന് കര കയറാന്‍ നീന്തി വന്ന കഥയാണ് കല്പ്പകവൃക്ഷത്തിന്‍റെ ഇല. എം സുകുമാരന്‍റെ കഥകളിലെ സായുധവിപ്ലവം അയാള്‍ക്കുതന്നെ സഹിക്കാന്‍ കഴിയാതെ വന്നപ്പോഴായിരുന്നു ഇത് സംഭവിക്കുന്നത്‌. അവിടം തൊട്ടു സുകുമാരന്‍ നിസ്സംഗതയില്‍ പ്രവേശിച്ച ബുദ്ധനെപ്പോലെയാവുകയായി. കല്പ്പകവൃക്ഷത്തിന്‍റെ ഇല തന്‍റെ കഥാജീവിതത്തോടുള്ള മാപ്പായി തന്നെ കണക്കാക്കണം.
വിചിത്രമായൊരു സത്യമുണ്ട്, സുകുമാരന്‍റെ ജീവിതവും കഥകളുമായിട്ട്. പ്രക്ഷോഭകരമായ തന്‍റെ കഥകള്‍ തന്നോട് തന്നെ സമരം ചെയ്തു തോല്‍പ്പിക്കുന്ന അവസ്ഥയാണത്. യഥാര്‍ത്ഥത്തില്‍ താന്‍ ഇറക്കിവിട്ട കഥകള്‍, തന്നോട് തന്നെ സായുധ കലാപം ഉണ്ടാക്കി വിഷമിപ്പിച്ച ദുരന്തം.
വായനക്കാര്‍ക്ക് സുകുമാരന്‍റെ കഥകള്‍ യുദ്ധവും സമാധാനവുമായി പരിണമിച്ചപ്പോള്‍,കഥാകൃത്തിനെ അത് വേട്ടയാടുകയാണ് ചെയ്തത്. സ്വന്തം ജീവിതം തന്‍റെ കഥകളുമായി സന്ധി ചെയ്തില്ല. ഇടിമുഴക്കങ്ങളുടെ ആ കഥകള്‍ തന്‍റെ ഭാവനയെ മരുഭൂമിയാക്കുന്നത് തിരിച്ചറിഞ്ഞപ്പോഴാണ് അദ്ദേഹം പേന താഴെ വച്ചത്. ബുദ്ധന്‍റെ ശിരസില്‍നിന്നു വന്ന ഒരു തീരുമാനം പോലുമാണത്.
സങ്കടകരമായ ചില കൃതഘ്നതകള്‍ എടുത്തുപറയാതിരിക്കാനാവില്ല. കഥയില്‍ നിന്നും ജീവിതത്തില്‍ നിന്നും ദുസ്സഹമായ ഏകാന്തതയിലേക്ക് വീണുപോയ എം സുകുമാരനെ, അദ്ദേഹത്തിന്‍റെ കൂടെ എഴുതിനിന്ന എത്ര എഴുത്തുകാര്‍ സ്നേഹം കൊണ്ട് പിന്താങ്ങിയിട്ടുണ്ട്? അറിയില്ല. ഒന്നും പറയാതെ, ആരോടും പരിഭവം പറയാതെ അയാള്‍ പോയിരിക്കുന്നു.
ആര്‍ക്കു വേണമെങ്കിലും വായിക്കാന്‍ കുറെ കഥകള്‍ ബാക്കിയുണ്ട് .മതിയായിരിക്കാം അത് ആ ജീവിതത്തെ ഓര്‍മ്മിപ്പിക്കാന്‍ .

Comments

You may also like