പൂമുഖം LITERATUREകഥ മരിയയുടെ മീനത്താഴങ്ങൾ

മരിയയുടെ മീനത്താഴങ്ങൾ

നീലനിറമാർന്ന തടാകത്തിലൂടെയാണ് പപ്പയുടെ മോട്ടോർ സൈക്കിൾ ചീറിപ്പായുന്നത്‌. ഇരുവശത്തേക്കും ചിതറുന്ന വെള്ളത്തുള്ളികൾ! പപ്പയുടെ അരക്കെട്ടിലൂടെ കൈചുറ്റിപ്പിടിച്ചു മരിയ ഇരിക്കുന്നു. അവളുടെ വെള്ളയുടുപ്പിലെ ഗിൽറ്റ് പൂമ്പാറ്റകൾ ചിറകുകൾ മിന്നിച്ചു. പൊടുന്നനെ മോട്ടോർ സൈക്കിൾ മറിഞ്ഞു വീഴുകയും തടാകം ചുകപ്പൻ നിറമാവുകയും ചെയ്തു. അവളുടെ വെള്ളയുടുപ്പിൽ ചെന്താമരകൾ വിരിഞ്ഞു. മമ്മി കൈമുട്ടിൽ നിന്നും വരുന്ന ചോര പൊത്തിപ്പിടിച്ചു.

ഓർമയിൽ നിന്നും പിടഞ്ഞുണർന്ന മരിയ നടുങ്ങുകയും കയ്യിലെ നീളൻ കൈകാലുകളുള്ള പാവയെ നെഞ്ചോടു ചേർക്കുകയും ചെയ്‌തു

കുശിനിയിൽ ഏലിയാമ്മച്ചേടത്തി മീൻ പൊരിക്കുന്ന മണം. മരിയ ഓടിപ്പോയി നോക്കി. വെളിച്ചെണ്ണയിൽ കിടന്നു മൊരിയുന്ന, കരയുന്ന, മീനുകൾ..!

റീത്തമ്മ അടുക്കളയിൽ നിന്നും മരിയയെ വിളിച്ചു. കണ്ണടക്കു മുകളിലൂടെ നോക്കി. ഏലിയാമ്മ ചേടത്തി മരിയയ്ക്കുള്ള ചോറുമായി വന്നു. വസ്തിപ്പിഞ്ഞാണത്തിന്റെ വശത്ത് കരഞ്ഞു തളർന്നു കിടക്കുന്ന മീൻ.

നിറഞ്ഞ കണ്ണുകളുള്ള മീൻ..!! ഏലിയാമ്മച്ചേടത്തി മീൻ നുള്ളി തന്നു. കരയുന്ന മീനിനെ തിന്നാൻ മരിയക്ക് ചെടിച്ചു. റീത്താമ്മ ഒരു തലയണക്കവറിൽ ചിത്രവേല ചെയ്യുകയാണ്. അവരുടെ കയ്യിലെ ക്രോഷെയിലെ ചുവപ്പനൂൽ ഒരു രക്ത ധാര പോലെ ..!

ഉച്ചയ്ക്ക് അത്തിയുടെ ചുവട്ടിൽ നിൽക്കുമ്പോൾ ഒരു കാറ്റേറ്റ് ആനച്ചെവി പോലുള്ള ഇലകൾ വിരിപ്പിട്ട കിടക്കയിലേക്ക് മരിയ കിടന്നു. മമ്മി അൾത്താരക്കു മുന്നിൽ നെറ്റും മുടിയും വെച്ച് തലകുനിച്ചു നിൽക്കുന്നതും മരിയ കണ്ടു. മമ്മിയുടെ കണ്ണുകൾ ചത്ത മീനെപ്പോലെ.

ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണിലെ തിരശ്ശീലയിൽ പപ്പാ കറുത്തു മിന്നുന്ന പെട്ടിയിൽ പുത്തൻ വസ്ത്രങ്ങളും ഷൂവും ധരിച്ചു യോഗ്യനായി മാനം നോക്കി മലർന്നു കിടന്നു. ‘കപ്പേളക്കു പിന്നിലെ സെമിത്തേരിയിൽ പപ്പ ഉറങ്ങാൻ പോയി’ എന്നാണ് ഏലിയാമ്മച്ചേടത്തി പറഞ്ഞത്.

മുഖത്തു ഒറ്റ രോമം പോലുമില്ലാത്തൊരാൾ മമ്മിയുടെ കൈ കവരുകയും ചുംബിക്കുകയും ചെയ്‌തു. ഓടിവന്ന് മമ്മിയുടെ സാരിയിൽ പിടിച്ച മരിയയെ ഏലിയാമ്മച്ചേടത്തി കൈ പിടിച്ചു കൊണ്ടുപോയി. കുന്നിൻ ചരുവിലൂടെ അവർ നടന്നു. മാനത്തു നിന്നും അപ്പൂപ്പൻ താടികളായി മേഘങ്ങൾ പൊഴിഞ്ഞു. കാൽച്ചുവട്ടിൽ ലില്ലികൾ ഞെരിഞ്ഞു..

ഏലിയാമ്മച്ചേടത്തിയുടെ ചട്ടയും മുണ്ടും സുതാര്യമായ വെയിലിൽ വെണ്മയോടെ പ്രഭതൂകി. മറന്നുവെച്ചതെന്തോ എടുക്കാനെന്നവണ്ണം അവർ മരിയയുടെ കൈപിടിച്ച് ധൃതിപ്പെട്ടു നടന്നു.

അത്തിച്ചുവട്ടിൽ വീണുകിടക്കുന്ന മരിയയെ ഏലിയാമ്മച്ചേട്ടത്തിയാണ് അകത്തു കിടത്തിയത്. മരിയ മേക്കട്ടിയും, വെള്ള കർട്ടനുകളും നോക്കി കിടന്നു. അവളുടെ കണ്ണുകൾ ഒഴുകാൻ വെമ്പി, കുശിനിയിലെ ചട്ടിയിലെ മീനിന്റെ കണ്ണെന്ന പോൽ..

മരിയ എണീറ്റ്‌ തീൻമേശയിലേക്ക് നടന്നു . വെള്ളപ്പിഞ്ഞാണത്തിലെ മീൻ ഇപ്പോൾ കരയുമെന്ന് അവൾക്ക് തോന്നി.

ആന്റപ്പാപ്പൻ രാവിലെ തുടങ്ങിയ കുടിയാണ്. ഉയരമുള്ള സ്റ്റൂളിൽ ഇരുന്ന് ലഹരി നുണയുന്ന, വീർത്ത വയറും നീളൻ കഴുത്തും കുഞ്ഞു തലയുമുള്ള ആന്റപ്പാപ്പൻ ഒരു വിസ്‌കി കുപ്പിപോലെ..! അകത്തു നുരയുന്ന ലഹരി സൂക്ഷിച്ച ഒരു തടിച്ച കുപ്പി!! അകത്തു മറ്റൊരു ലഹരി സൂക്ഷിക്കുന്ന ആളാണ് റീത്താമ്മ!

അവർ കൂറ്റൻ ഈട്ടിയലമാരയിൽ എന്തോ തിരയുന്നു. ആന്റപ്പാപ്പൻ കല്യാണം കഴിക്കും മുൻപ് റീത്തമ്മക്ക് ഒരു കാമുകൻ ഉണ്ടായിരുന്നുവെന്നും, അയാൾ എഴുതിയ കത്തുകൾ റീത്താമ്മടെ തടിയലമാരയിൽ ഇപ്പോഴും ഉണ്ടെന്നും ഏലിയാമ്മച്ചേടത്തി പറയുന്നത് കേട്ടിട്ടുണ്ട്. ബൈബിൾ പോലെ തടിച്ച ഒരു പുസ്തകത്തിനുള്ളിൽ നിന്നും പൊടിഞ്ഞു തുടങ്ങിയ, മഞ്ഞ നിറം വ്യാപിച്ച, അരനൂറ്റാണ്ടെങ്കിലും പഴക്കമുള്ള ചില കടലാസുകൾ നിവർത്തി വായിച്ചു പുഞ്ചിരിക്കുകയും കണ്ണീർ വാർക്കുകയും ചെയ്തു അവർ. പോയ്‌പോയൊരു പ്രണയ കാലത്തിൽ അവർ ജീവിച്ചു പോന്നു.

മരിയയുടെ വെളുത്ത കിടക്ക വിരിയിൽ രാവെളുത്തപ്പോഴേക്കും ചുവന്ന പക്ഷികൾ പറക്കുന്ന ചിത്രങ്ങൾ ഉണ്ടായ അന്നുതന്നെയാണ് ഏലിയാമ്മച്ചേടത്തി നടുവെട്ടി കിടപ്പിലായതും..! മരിയയെ നോക്കാനും, കുശിനിയിൽ മീൻ വെക്കാനും വരാൻ ആ സ്നേഹവതിയ്ക്ക് പിന്നീട് കഴിയാതെ പോയി. ഏലിയാമ്മച്ചേടത്തിയില്ലാതെ മുറ്റത്തെ ചുവന്ന മണ്ണിൽ ചവിട്ടാൻ മരിയ ഭയന്നു.. ക്രൂശിതന്റെ മുൻപിൽ മരിയ മുട്ടുകുത്തി.

ചീനച്ചട്ടിയിലെ മീനിന്റെ നിറകണ്ണുകൾ നോക്കി മരിയയും മുതുകിൽ ചെമ്പൻ പാണ്ടുള്ള പൂച്ചയും താടിക്ക് കൈകൊടുത്തിരുന്നു.

മീൻ ഇപ്പോൾ കഴിക്കാമെന്ന് നിനച്ചു പൂച്ചയും, മീൻ ഇപ്പോൾ കരയുമെന്നോർത്തു മരിയയും നോക്കിയിരുന്നു.

ജനലിനുമപ്പുറത്തെ മുറ്റം മഞ്ഞവെയിലിലിൽ പൂക്കൾ വിടർത്തുകയും കാറ്റിൽ കരിയിലകൾ പാറുകയും മഴയിൽ തണുത്തു കുളിരുകയും ഇടി കുടുക്കത്തിൽ നടുങ്ങി വിറക്കുകയും ചെയ്തു.

ഒരു രാത്രിയിൽ മരിയയുടെ മുറിയിൽ അത്തിപ്പഴം കുമിഞ്ഞു- കൂജയിൽ ആട്ടിൻപാൽ കവിഞ്ഞു. അന്ന് വെളുക്കുവോളം വെള്ളാരംകണ്ണും, സ്വർണ്ണത്തലമുടിയുമുള്ള ഗബ്രിയേൽ മാലാഖ അവൾക്ക് കൂട്ടിരുന്നു. ഗ്രില്ലുകൾക്കുള്ളിലൂടെ ചുവപ്പാർന്ന സൂര്യൻ വരുന്നതിനും മുന്നേ അവൻ മരിയയുടെ നെറ്റിയിലെ മുടി വകഞ്ഞു ചുംബനങ്ങൾ അർപ്പിച്ചു. പിന്നെ ചിറകുകൾ എടുത്തണിയുകയും, പടഹധ്വനിയോടെ പറന്നകലുകയും ചെയ്തു.

ചിറകിൽ നിന്നും മരിയയുടെ കിടക്കയിലേക്ക് മരതകവും, പുഷ്യരാഗവും പൊഴിഞ്ഞു. കണ്ണുകളിൽ കുസൃതി നിറച്ച് അവൻ ആകാശച്ചെരുവിലെത്തി തിരിഞ്ഞു നോക്കി. മരിയ ഉറക്കമില്ലാത്ത ദിനങ്ങളെണ്ണി.

റീത്തമ്മ മൺഭരണിയിൽ നിറച്ച് ചൂടിക്കയറിൽ പൊതിഞ്ഞു സൂക്ഷിച്ച്, മണ്ണിൽ കുഴിച്ചിട്ട പറങ്കി വീഞ്ഞ് മോഷ്ടിച്ചു. ചഷകങ്ങളിൽ നിറച്ച് മീറയും അകിലും കുന്തിരിക്കവും സുഗന്ധ ചൂർണങ്ങളും പുകച്ച് മരിയ നിത്യം ഗബ്രിയേൽ മാലാഖയെ കാത്തിരുന്നു. കണ്ണുകൾ മഷിതേച്ച് പിടക്കുന്ന മീനുകളാക്കി.

കിടപ്പിലായ ഏലിയാമ്മച്ചേടത്തിയോട് മരിയ പറഞ്ഞു. രാവുകളിൽ കൂട്ടു വരുന്ന മാലാഖയെപ്പറ്റി. ഏലിയാമ്മച്ചേടത്തി അവളുടെ നിറുകയിൽ കൈവെച്ചു പ്രാർത്ഥിച്ചു.

അന്ന് അത്താഴത്തിനു വിളമ്പിയ മീൻ നോക്കിയ മരിയ അതിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടില്ല. ഉളുമ്പ് മണം മാത്രം കൊണ്ടു. അവൾ എണീറ്റ് ഓടി ഓക്കാനിച്ചു. അവളുടെ മുറിയിലെ കൂജയിൽ ആട്ടിൻപാൽനിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഉണങ്ങിയ അത്തിപ്പഴങ്ങൾ ഉതിർന്നു.

രാവിൽ, നിലാവിൽ അവൾ മാനത്തു വഴികാട്ടികളായ നക്ഷത്രങ്ങളെ കണ്ടു. ഇമ്മാനുവേൽ ഭൂമിയിലേക്കിറങ്ങാൻ കോപ്പുകൂട്ടുന്നത് കണ്ടു.

കുളിച്ചീറനായ മുടിയോടെ തന്റെ ഇരുൾമുറിയിലെക്ക് വരുന്ന ഗബ്രിയേലിനെ കാത്ത് ഗാഗുൽതയുടെ ഗദ്ഗദം പോലെ മരിയ ചരിഞ്ഞു കിടന്നുറങ്ങി.. ആന്റപ്പപ്പാൻ കുടിച്ചു മത്തു മറിഞ്ഞു കാർപെറ്റിൽ കിടന്നു കൂർക്കം വലിച്ചു.

റീത്താമ്മ ഉറങ്ങാതെ പുതിയൊരു മസ്‌ലിൻ തുണിയിൽ കൊക്കുരുമ്മുന്ന ഇണയരയന്നങ്ങളെ തുന്നി. അതിന്റെ ചുവട്ടിൽ അതിയായ പ്രേമത്തോടെ ‘പ്രിയമോടെ ജോണിയ്ക്ക്’ എന്ന് നീലനൂലാൽ അടിക്കുറിപ്പെഴുതി. റീത്താമ്മയുടെ കണ്ണീരിറ്റി അരയന്നങ്ങളുടെ കണ്ണുകൾ പളുങ്കുകളായി. അപ്പോൾ നേരിയ നിലാവിനും കാറ്റിനുമൊപ്പം ഗബ്രിയേൽ മാലാഖ മരിയയുടെ മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു..

Comments
Print Friendly, PDF & Email

സ്ഥലം മേലാറ്റൂർ, മലപ്പുറം, വീട്ടമ്മ.

You may also like