രചന : ഐസക് ബാഷെവിസ് സിംഗർ, വിവർത്തനം : വി രവികുമാർ

ബെലെ റ്റെമെ മരിച്ചുകഴിഞ്ഞപ്പോൾ റെബ് മൊർദേക്കായ് മെയർ തന്റെ കട വിറ്റിട്ട് അതിൽ നിന്നു കിട്ടിയ പണം കൊണ്ട് ജീവിക്കാൻ തുടങ്ങി. ആഴ്ചയിൽ എട്ടു റൂബിൾ വച്ചു ചിലവാക്കുകയാണെങ്കിൽ ഏഴു കൊല്ലത്തേക്ക് അയാൾക്കതു മതിയാകുമെന്ന് ആരോ കണക്കു കൂട്ടിക്കൊടുത്തു. അതിലധികം കാലം താൻ ജീവിക്കാൻ പോകുന്നുണ്ടോ? തന്റെ അച്ഛനമ്മമാർ മരിച്ച പ്രായമെത്തിക്കഴിഞ്ഞിരിക്കുന്നു അയാൾ. ഇനിയുള്ള ഓരോ മിനുട്ടും ഒരു ദാനമായിട്ടെടുത്താൽ മതി.

അയാളുടെ ഒരേയൊരു മകൾ പകർച്ചപ്പനി പിടിച്ച് വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയിരുന്നു; ചില പേരക്കുട്ടികളുള്ളത് സ്ലോനിമ്മിൽ എവിടെയോ ആണ്‌; അവർക്കു പക്ഷേ പിതൃസ്വത്തെന്നു പേരിൽ ഒന്നും കിട്ടാൻ പോകുന്നില്ല. റെബ് മൊർദേക്കായ് മെയറുടെ മകൾ വിവാഹം കഴിച്ചത് ഒരു ലിറ്റ്‌വാക്കിനെയാണ്‌,* പ്രബുദ്ധരെന്നു പറയുന്നവരുടെ കൂട്ടത്തിൽ പെട്ട ഒരു ഹസീദ് വിരോധി.* അതിനാൽ അയാൾ അന്നേ മകളെ തള്ളിപ്പറഞ്ഞിരുന്നു.

റെബ് മൊർദേക്കായ് മെയർ ഒരു കൊച്ചുമനുഷ്യനായിരുന്നു; മഞ്ഞ പടർന്ന വെളുത്ത താടി, വീതിയേറിയ നെറ്റിത്തടം, ഇടതൂർന്ന പുരികങ്ങൾക്കു ചുവട്ടിൽ നിന്നൊളിഞ്ഞുനോക്കുന്ന കോഴിയുടേതു പോലത്തെ മഞ്ഞക്കണ്ണുകൾ. മൂക്കിൻ തുമ്പത്ത് ഒരു കുഞ്ഞുതാടി വളർന്നിരുന്നു. മൂക്കിലും ചെവിയിലും നിന്ന് കുറ്റിരോമങ്ങൾ എറിച്ചുനിന്നിരുന്നു. ഇത്രയും കാലം കഴിഞ്ഞതോടെ അയാളുടെ മുതുകിന്‌ ഒരു വളവു വന്നിരുന്നു; നിലത്തെന്തോ തിരയുന്നപോലെ തോന്നും അയാൾ നടക്കുന്നതു കണ്ടാൽ. അയാൾ നടക്കുകയല്ല, കാലിട്ടുരയ്ക്കുകയായിരുന്നു. അരപ്പട്ട കൊണ്ടു കെട്ടിവച്ച ഒരു മേലങ്കിയും അധികം പൊങ്ങിനില്ക്കാത്ത ഷൂസും രണ്ട് ഉച്ചിത്തൊപ്പികൾക്കു മേൽ ഒരു വെൽവെറ്റുതൊപ്പിയുമായിരുന്നു വർഷം മുഴുവൻ അയാളുടെ വേഷം. അർദ്ധവാചകങ്ങളിലായിരുന്നു അയാളുടെ സംഭാഷണം, അതും ഹസീദുകളോടു മാത്രം.

വര : പ്രസാദ് കാനാത്തുങ്കൽ

ഹസീദുകൾക്കിടയിൽ പോലും അയാൾ അറിയപ്പെട്ടിരുന്നത് യാഥാർത്ഥ്യബോധമില്ലാത്ത ഒരാൾ എന്ന നിലയിലാണ്‌. വാഴ്സയിൽ വർഷങ്ങളോളം താമസിച്ചിട്ടുള്ളതാണെങ്കിലും അവിടുത്തെ തെരുവുകൾ അയാൾക്കൊട്ടും പരിചിതമായിരുന്നില്ല. അയാൾക്കറിവുള്ള ഒരേയൊരു വഴി വീട്ടിൽ നിന്ന് ഹസീദുകളുടെ പ്രാർത്ഥനാഗൃഹത്തിലേക്കു പോയിവരാനുള്ളതു മാത്രമായിരുന്നു. വർഷത്തിൽ വല്ലപ്പോഴുമൊക്കെ അയാൾ അലക്സാൻഡ്രോവിലെ റബൈയെ കാണാൻ പോകാറുണ്ടായിരുന്നു; എന്നാൽ റയിൽവേ സ്റ്റേഷനിലേക്കുള്ള ട്രാം കണ്ടുപിടിക്കുന്നതും വണ്ടി മാറിക്കയറുന്നതും ടിക്കറ്റു വാങ്ങുന്നതുമൊക്കെ അയാൾക്കെന്നും ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു. അതിനൊക്കെ അയാൾക്ക് ഇതിലെല്ലാം നല്ല പരിചയമുള്ള ചെറുപ്പക്കാരുടെ സഹായം തേടേണ്ടിവന്നിരുന്നു. അത്തരം ബാഹ്യമായ കാര്യങ്ങൾക്കുള്ള സമയമോ ക്ഷമയോ അയാൾക്കുണ്ടായിരുന്നില്ല.

പഠനത്തിനും പ്രാർത്ഥനയ്ക്കുമായി പാതിരാത്രിയിലേ അയാൾ ഉറക്കമുണരും. അതിപുലർച്ചെ ഗെമാറയും റ്റോസഫോട്ട് വ്യാഖ്യാനവും* പാരായണം ചെയ്യും. അതു കഴിഞ്ഞാൽ പിന്നെ വരുന്നു സങ്കീർത്തനങ്ങൾ, വേറേ പ്രാർത്ഥനകൾ, ഹസീദ് പുസ്തകങ്ങളുടെ സൂക്ഷ്മവായന, ഹസീദ് കാര്യങ്ങൾ ചർച്ച ചെയ്യുക എന്നിവ. മഞ്ഞുകാലദിവസങ്ങളിൽ പകലുകൾക്കു നീളം കുറവാണ്‌. എന്തെങ്കിലുമൊന്നു കഴിച്ച് ഒരു മയക്കവും കഴിയേണ്ട താമസം, സന്ധ്യാപ്രാർത്ഥനയ്ക്കായി പ്രാർത്ഥനാഗൃഹത്തിലേക്കു പോകാനുള്ള സമയമാകും. വേനല്ക്കാലപ്പകലുകൾക്ക് ദൈർഘ്യം കൂടുതലാണെങ്കിലും അവ വേണ്ടത്രയില്ലല്ലോ. ആദ്യം പെസഹ* വരുന്നു, പിന്നെ ഒമെർ പെരുന്നാൾ,* ഒന്നു തിരിയേണ്ട താമസം, ഷാവോത്തുമായി.* അതു കഴിഞ്ഞാൽ നാലാം മാസത്തിന്റെ പതിനേഴാം ദിവസം, ദേവാലയനാശത്തിന്റെ ഓർമ്മയ്ക്കായുള്ള മൂന്നാഴ്ചത്തെ ദുഃഖാചരണം, മാംസാഹാരം വർജ്ജിച്ചുള്ള ഒമ്പതു ദിവസത്തെ നോമ്പ്, പിന്നെ തിഷ ബാവ്, ഒടുവിൽ സാന്ത്വനത്തിന്റെ ശാബത്ത്.* ഇതെല്ലാം കഴിഞ്ഞാൽ വെള്ളത്തിൽ മീനുകൾ പോലും തണുത്തുവിറയ്ക്കുന്ന എലുൽ മാസമായി.* പിന്നീട് റോഷ് ഹാഷന, പശ്ചാത്താപത്തിന്റെ പത്തു നാൾ, യോം കിപ്പർ, സുക്കോത്ത്, സിംചാറ്റ് തോറ, അതും കഴിഞ്ഞാൽ ഉല്പത്തിപുസ്തകത്തിന്റെ ശാബത്ത്.*

ഒരു യഥാർത്ഥജൂതനാകാനാണ്‌ നിങ്ങൾക്കാഗ്രഹമെങ്കിൽ മറ്റൊന്നിനും പിന്നെ സമയമുണ്ടാകില്ല എന്ന് ബാലനായിരിക്കുമ്പോൾത്തന്നെ റെബ് മൊർദേക്കായ് മെയറിനു ബോദ്ധ്യമായിരുന്നു. ദൈവം സഹായിച്ച് അയാളുടെ ഭാര്യ ബെലെ റ്റെമെയ്ക്ക് ഇതറിയാമായിരുന്നു. കടയിൽ തന്നെ സഹായിക്കാനോ കച്ചവടത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാനോ ഒരു ജീവിതമാർഗ്ഗം തേടുന്നതിന്റെ ഭാരം ചുമക്കാനോ അവർ അന്നുവരെ അയാളോടാവശ്യപ്പെട്ടിട്ടില്ല. ഭിക്ഷ കൊടുക്കാനും സ്നാനഗൃഹത്തിൽ കൊടുക്കാനും പുസ്തകങ്ങളും മൂക്കുപ്പൊടിയും പൈപ്പിനുള്ള പുകയിലയും വാങ്ങാനുമായി ആഴ്ചയിലൊരിക്കൽ അവർ കൊടുക്കുന്ന കുറച്ചു ഗൂൽഡനുകളല്ലാതെ* പണമെന്നു പറയാൻ മറ്റൊന്നും അയാളുടെ കയ്യിൽ ഉണ്ടാകാറില്ല. കട നില്ക്കുന്ന കൃത്യമായ സ്ഥലമോ എന്താണവിടെ വില്ക്കുന്നതെന്നോ പോലും റെബ് മൊർദേക്കായ് മെയറിനു വലിയ തിട്ടമുണ്ടായിരുന്നില്ല. ഒരു കടക്കാരന്‌ കടയിൽ വരുന്ന സ്ത്രീകളോടു സംസാരിക്കേണ്ടിവരും; സംസാരത്തിൽ നിന്നു നോട്ടത്തിലേക്കും അതിൽ നിന്ന് കാമചിന്തകളിലേക്കും ഒന്നു ചുവടു വച്ചാൽ മതിയെന്ന് അയാൾക്കറിയാമായിരുന്നു.

റെബ് മൊർദേക്കായ് മെയർ താമസിക്കുന്ന തെരുവു നിറയെ അവിശ്വാസികളും അഴിഞ്ഞാട്ടക്കാരികളുമാണ്‌. പിള്ളേർ പരിഹാസങ്ങളും ദൈവനിഷേധങ്ങളും കുത്തിനിറച്ച യിദ്ദിഷ് പത്രങ്ങൾ വിറ്റുനടക്കുന്നുണ്ടാവും. തെമ്മാടികളുടെ കൂടായിരുന്നു മദ്യശാലകൾ. വായിക്കാനിരിക്കുമ്പോൾ റെബ് മൊർദേക്കായ് മെയർ വേനലാണെങ്കില്ക്കൂടി ജനാലകളെല്ലാം അടച്ചിടും. ജനാലപ്പാളിയെങ്ങാനും തുറന്നുപോയാൽ ചപലമായ പെട്ടിപ്പാട്ടുകളും പെണ്ണുങ്ങളുടെ ഇക്കിളിച്ചിരികളും അകത്തേക്കരിച്ചുകയറുകയായി. മുറ്റത്തു പലപ്പോഴും തല മറയ്ക്കാത്ത ചെപ്പടിവിദ്യക്കാർ തങ്ങളുടെ തട്ടിപ്പുകളുമായി വരും; അയാൾക്കതെല്ലാം ദുർമ്മന്ത്രവാദമായിട്ടാണു തോന്നിയത്. ജൂതരായ ചെറുപ്രായക്കാർ ജൂതവിശ്വാസത്തെ കളിയാക്കുന്ന യിദ്ദിഷ് നാടകങ്ങൾ കാണാൻ പോകുന്നുണ്ടെന്ന് റെബ് മൊർദേക്കായ് മെയർ കേട്ടിട്ടുണ്ടായിരുന്നു. ലോകകാര്യങ്ങളെക്കുറിച്ച് ഹീബ്രുവിലും യിദ്ദിഷിലുമെഴുതുന്ന എഴുത്തുകാരുണ്ടെന്നും അയാൾ കേട്ടിരുന്നു. അവർ വായനക്കാരെ പാപം ചെയ്യാൻ പ്രേരിപ്പിക്കുകയാണ്‌. ഓരോ തിരിവിലും സാത്താൻ തക്കം പാർത്തു കിടക്കുകയാണ്‌. അവനെ തോല്പിക്കാൻ ഒരു വഴിയേയുള്ളു: തോറ, പ്രാർത്ഥന, ഹസീദിസം.

വർഷങ്ങൾ കടന്നുപോയി, എങ്ങോട്ടെന്നോ എങ്ങനെയെന്നോ റെബ് മൊർദേക്കായ് മെയറിനു പിടി കിട്ടിയില്ല. ഒറ്റരാത്രി കൊണ്ടെന്നപോലെ അയാളുടെ മഞ്ഞിച്ച താടി നരച്ചു. ബാർബർ ഷാപ്പിൽ പോയി താടി വടിച്ച പാപികൾക്കിടയിലിരിക്കാൻ താല്പര്യമില്ലാത്തതിനാൽ ബെലെ റ്റെമെയാണ്‌ അയാളുടെ മുടി വെട്ടിക്കൊടുക്കാറുള്ളത്. അവർ അയാളുടെ ഉച്ചിത്തൊപ്പികൾ മാറ്റുമ്പോൾ അയാൾ പെട്ടെന്നുതന്നെ അതെടുത്തു തലയിൽ വയ്ക്കും. “തലയിൽ തൊപ്പി വച്ചുകൊണ്ട് ഞാനെങ്ങനെ മുടി വെട്ടും?” അവർ തർക്കിയ്ക്കും.

പില്ക്കാലത്ത് അയാളുടെ തല കഷണ്ടിയായി; ഇരുവശത്തുമുള്ള നീണ്ട മുടിയിഴകൾ മാത്രമേ ശേഷിച്ചുള്ളു. ബെലെ റ്റെമെ പ്രസവിക്കാതായപ്പോൾ (അഞ്ചു കുട്ടികൾ മരിച്ചുപോയിരുന്നു, സെൽദ റെയ്സൽ എന്ന മകൾ മാത്രമാണ്‌ ശേഷിച്ചത്) റെബ് മൊർദേക്കായ് മെയർ പിന്നെ ഭാര്യയുടെ അടുത്തു നിന്നു കിടപ്പു മാറ്റി. “സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ” എന്ന ദൈവകല്പന നിറവേറ്റിക്കഴിഞ്ഞ തനിയ്ക്ക് പിന്നെ എന്താവശ്യമാണുള്ളത്? ഗർഭധാരണശേഷിയില്ലാതായാലും ഭാര്യയെ പ്രാപിക്കുന്നതിൽ നിന്ന് പ്രമാണങ്ങൾ വിലക്കുന്നില്ലെന്നതു ശരി തന്നെ. ഏകാന്തവാസിയാകാൻ പാടില്ല എന്നഭിപ്രായമുള്ളവരുമുണ്ട്. എന്നാൽ എപ്പോഴാണിതു പറഞ്ഞിരിക്കുന്നത്? ഭോഗതൃഷ്ണയില്ലാതെ ഇണ ചേരാൻ ഒരാൾക്കു കഴിവുള്ളപ്പോൾ മാത്രം. ലൈംഗികാനന്ദത്തിനായിട്ടാണ്‌ ഒരു വ്യക്തി ഇണ ചേരുന്നതെങ്കിൽ അത് പ്രലോഭനങ്ങളിലേക്കും വിഷയാസക്തിയിലേക്കുമാണു നയിക്കുക. അതിനും പുറമേ അടുത്ത കാലത്തായി ബെലെ റ്റെമെയുടെ ആരോഗ്യവും മോശമായി വരികയായിരുന്നു. കട പൂട്ടി ക്ഷീണിച്ചു വീട്ടിലെത്തുമ്പോൾ അവർക്ക് മീനിന്റെയും വലേറിയൻ ടിഞ്ചറിന്റെയും മണമായിരുന്നു.

സെൽദ റെയ്സെൽ മരിച്ചതോടെ ബെലെ റ്റെമെ വിഷാദത്തിലാണ്ടു. “എനിക്കിതെല്ലാം എങ്ങനെ വന്നു?” എന്ന് തേങ്ങിക്കരഞ്ഞുകൊണ്ടവർ പറയാതെ ഒറ്റ രാത്രി പോലും കടന്നുപോയില്ല. ദൈവത്തിനെതിരെ പരാതി പറയുന്നത് നിഷിദ്ധമാണെന്ന് റെബ് മൊർദേക്കായ് മെയർ അവർ ഓർമ്മിപ്പിക്കും. “ദൈവം ചെയ്യുന്നതൊക്കെ നമ്മുടെ നന്മയ്ക്കാണ്‌.” മരണം എന്നൊരു കാര്യമുള്ളത് ശരീരം വെറുമൊരു വസ്ത്രം പോലെയാണ്‌ എന്നതുകൊണ്ടാണ്‌. ആത്മാവിനെ കുറച്ചുനാൾ ശുദ്ധീകരണത്തിനായി ഗഹെന്നയിലേക്കയച്ചിട്ട്* പിന്നെയതിനെ പറുദീസയിലേക്കു കൊണ്ടുപോകുന്നു; അവിടെയത് തോറയുടെ നിഗൂഢതകൾ അറിയുകയും ചെയ്യുന്നു. അതിനു പകരമാകുമോ, തിന്നലും കുടിക്കലും മൂത്രമൊഴിക്കലും വിയർപ്പൊഴുക്കലും?

എന്തു പറഞ്ഞിട്ടെന്താ, ബെലെ റ്റെമെയുടെ രോഗം നാൾക്കുനാൾ മോശമായി വന്നു. ഒരു ബുധനാഴ്ച അവർ മരിച്ചു, വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് അവരെ അടക്കുകയും ചെയ്തു. ശാബത്തിന്റെ തൊട്ടു മുമ്പായതിനാൽ മറ്റു ദിവസങ്ങളിൽ അടക്കപ്പെടുന്നവരെപ്പോലെ അവർക്ക് ശവക്കുഴിയുടെ ഭാരം സഹിക്കേണ്ടിവന്നില്ല. റെബ് മൊർദേക്കായ് മെയർ അവരുടെ ആത്മശാന്തിക്കായി കാദീശ്* ചൊല്ലുകയും വിശ്വാസികൾക്കു മുന്നിൽ പ്രാർത്ഥിക്കുകയും മിഷ്ണ* വായിക്കുകയും ചെയ്തു. ദുഃഖാചരണത്തിന്റെ മുപ്പതു നാൾ കഴിഞ്ഞപ്പോൾ ബന്ധുക്കളിൽ പെട്ട ഒരാൾ നാലായിരം റൂബിൾ കൊടുത്ത് കട വാങ്ങി. അയലത്തു താമസിക്കുന്ന പേഷ എന്ന വിധവ എന്നും വന്ന് വീടു വൃത്തിയാക്കുകയും എന്തെങ്കിലും വച്ചുണ്ടാക്കുകയും ചെയ്യും. ശാബത്തിന്റന്ന് അവർ സ്റ്റൂവും പുഡ്ഡിംഗും തയ്യാറാക്കും. അയാൾക്കു മറ്റൊരു വിവാഹം ഏർപ്പാടാക്കാൻ ഹസീദുകൾ നോക്കിയെങ്കിലും അയാൾ വഴങ്ങിയില്ല.

വേനല്ക്കാലത്തൊരു ദിവസം രാവിലെ ‘യാക്കോബ് യോസെഫിന്റെ തലമുറകൾ’* വായിച്ചുകൊണ്ടിരിക്കെ അയാൾ ഉറങ്ങിപ്പോയി; ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ അയാൾ ഉണർന്നത്. ചെന്നു വാതിൽ തുറന്നപ്പോൾ ഒരു ചെറുപ്പക്കാരൻ പുറത്തു നില്പുണ്ടായിരുന്നു; താടി വച്ചിട്ടില്ല, മുടി നീട്ടിവളർത്തിയ തലയിൽ വീതിയിൽ മറയുള്ള കറുത്ത ഹാറ്റ് ധരിച്ചിരിക്കുന്നു, കള്ളികളുള്ള പാന്റും അരപ്പട്ട കൊണ്ടു കെട്ടിവച്ച ഷർട്ടും. ഒരു കയ്യിൽ സഞ്ചിയും മറ്റേക്കയ്യിൽ ഒരു പുസ്തകവുമുണ്ട്. അവന്റെ മുഖം വിളർത്തിട്ടായിരുന്നു, മൂക്കിനു നീളക്കുറവും.

റെബ് മൊർദേക്കായ് മെയർ ചോദിച്ചു, “എന്തു വേണം?”

വല്ലാതകന്ന കണ്ണുകൾ ചിമ്മിക്കൊണ്ട് അവൻ വിക്കിവിക്കിപ്പറഞ്ഞു, “ഞാൻ ഫ്യൂലിയാണ്‌…നിങ്ങളെന്റെ മുത്തശ്ശനാണ്‌.”

ഋബെ മൊർദേക്കായ് മെയർ നാവിറങ്ങിയപോലെ നിന്നുപോയി. ഫ്യൂലി എന്നൊരു പേരു തന്നെ അയാൾ കേട്ടിട്ടുണ്ടായിരുന്നില്ല. റാഫേൽ എന്ന പഴയ ജൂതപ്പേരിന്റെ പുത്തൻ രൂപമായിരിക്കാം അതെന്ന് പിന്നീടയാൾക്കു ബോദ്ധ്യമായി. സെൽദ റെയ്സലിന്റെ മൂത്തമകനാണത്. റെബ് മൊർദേക്കായ് മെയറിന്‌ സങ്കടവും ഒപ്പം നാണക്കേടും തോന്നി. ജന്റൈലുകളെ* അനുകരിക്കാൻ നോക്കുന്ന ഒരു പേരക്കുട്ടിയാണ്‌ തനിക്കുള്ളത്. അയാൾ പറഞ്ഞു, “എന്നാൽ കേറിവരൂ.” ഒരു നിമിഷം ഒന്നറച്ചുനിന്നിട്ട് അവൻ മുറിയിലേക്കു കയറിവന്ന് പെട്ടി താഴെ വച്ചു. റെബ് മൊർദേക്കായ് മെയർ ചോദിച്ചു, “അത്…എന്തു തരമാണ്‌?” എന്നിട്ടയാൾ പുസ്തകം ചൂണ്ടിക്കാണിച്ചു.

“എക്കണോമിക്സ്.”

“അതുകൊണ്ട് നിനക്കെന്താ ഉപയോഗം?”

“അത്…”

“സ്ലോനിമ്മിൽ എന്താ വിശേഷം?” റെബ് മൊർദേക്കായ് മെയർ ചോദിച്ചു. ഹസീദ് വിരോധിയായ തന്റെ ജാമാതാവിന്റെ പേരു പരാമർശിക്കാൻ അയാൾക്കു താല്പര്യമുണ്ടായിരുന്നില്ല. മുത്തശ്ശന്റെ ചോദ്യം തനിക്കു ശരിക്കു പിടി കിട്ടിയില്ല എന്ന ഭാവമായിരുന്നു അവന്റെ മുഖത്ത്.

“സ്ലോനിമ്മിലോ? എല്ലായിടത്തെയും പോലെതന്നെ. പണക്കാർ കൂടുതൽ പണക്കാരാകുന്നു, തൊഴിലാളികൾ പട്ടിണി കിടക്കുന്നു. ഞാൻ അവിടെ നിന്നു പോന്നത്…” ഫ്യൂലി ആ വാചകം പൂർത്തിയാക്കിയില്ല.

“ഇവിടെ വന്നിട്ട് നീ എന്തു ചെയ്യാനാണ്‌?”

“ഇവിടെ…നോക്കട്ടെ…ഞാൻ…”

ഉം, ഒരു വിക്കൻ, റെബ് മൊർദേക്കായ് മെയർ മനസ്സിൽ പറഞ്ഞു.അയാളുടെ തൊണ്ട ചൊറിഞ്ഞു, വയർ ഉരുണ്ടുകേറാൻ തുടങ്ങി. തന്റെ മകൾ സെൽദ റെയ്സലിന്റെ മകനാണവൻ, അതേ സമയം താടിയും വടിച്ച് ഒരു ജന്റൈലിന്റെ വേഷത്തിൽ നടക്കുന്നിടത്തോളം കാലം തനിക്കവനുമായി എന്തു ബന്ധം? അയാൾ തലയൊന്നു കുലുക്കിയിട്ട് വായ പൊളിച്ചു. ഉന്തിയ കവിളെല്ലും ഇടുങ്ങിയ നെറ്റിത്തടവും വലിയ വായും കണ്ടപ്പോൾ അവന്റെ അച്ഛന്റെ കുടുംബക്കാരുടെ ലക്ഷണങ്ങളാണ്‌ അവനു കിട്ടിയിരിക്കുന്നതെന്നു തോന്നി. ആ അലക്ഷ്യമായ വേഷവും വിശന്നുവലഞ്ഞ മട്ടും റെബ് മൊർദേക്കായ് മെയറെ ഓർമ്മിപ്പിച്ചത് നിർബ്ബന്ധിതസൈനികസേവനത്തിൽ നിന്നു വിടുതൽ കിട്ടുന്നതിനായി മന:പൂർവ്വം പട്ടിണി കിടക്കുന്നവരെയാണ്‌.

“കൈ കഴുകി എന്തെങ്കിലും കഴിയ്ക്ക്. നീ ജൂതനാണെന്നതു മറക്കേണ്ട.”

“അതവർ നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും, മുത്തശ്ശാ.”

പയ്യൻ അടുക്കളയിലെ മേശക്കരികിലിരുന്നിട്ട് കയ്യിലെ പുസ്തകമെടുത്തു മറിച്ചു. റെബ് മൊർദേക്കായ് മെയർ അലമാര തുറന്നപ്പോൾ അതിൽ റൊട്ടിയൊന്നും ഇല്ലായിരുന്നു; കുറച്ചു സവാള, ഒരു പിടി ഉണങ്ങിയ കൂണുകൾ, ഒരു പൊതി ചിക്കറി, കുറച്ചല്ലി വെളുത്തുള്ളി.

അയാൾ ഫ്യൂലിയോടു പറഞ്ഞു, “ഞാൻ കാശു തരാം, കടയിൽ പോയി റൊട്ടിയോ അല്ലെങ്കിൽ നിനക്കിഷ്ടമുള്ളതോ വാങ്ങിച്ചോ.”

“മുത്തശ്ശാ, എനിക്കു വിശപ്പില്ല. അതുമല്ല, ഞാൻ പുറത്തിറങ്ങാതിരുന്നാൽ അത്രയും നല്ലതുമാണ്‌,” പയ്യൻ പറഞ്ഞു.

“അതെന്താ? നിനക്കു സുഖമില്ലേ?”

“എനിക്കു മാത്രമല്ല, റഷ്യയ്ക്കാകെ സുഖമില്ല. എവിടെയും ഒറ്റുകാരും ചാരന്മാരുമാണ്‌. മുത്തശ്ശാ, ഞാനത്ര…”

“നിന്നെ പട്ടാളക്കാർ വിളിച്ചിരുന്നോ?”

“അതും ഉണ്ടായി.”

“നിനക്കു രക്ഷ കിട്ടാൻ വഴിയുണ്ടോ?”

“എനിക്കു മാത്രമല്ല, മനുഷ്യർക്കാകമാനം രക്ഷയുടെ ആവശ്യമുണ്ട്.”

തന്റെ ചെറുമകൻ എന്തു ചെയ്യുകയും പറയുകയും ചെയ്തോട്ടെ, താൻ ദേഷ്യപ്പെടരുതെന്ന് റെബ് മൊർദേക്കായ് മെയർ തീരുമാനമെടുത്തിരുന്നു. കോപം ആരെയും ദൈവവിശ്വാസത്തിന്റെ പക്ഷത്തേക്കു കൊണ്ടുവരാൻ പോകുന്നില്ല. ഈ ധിക്കാരിയുടെ മേൽ കാർക്കിച്ചുതുപ്പാനും അവനെ വീട്ടിൽ നിന്നടിച്ചുപുറത്താക്കാനും റെബ് മൊർദേക്കായ് മെയർക്കു തോന്നിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാ ശക്തിയുമെടുത്ത് അയാൾ സ്വയം നിയന്ത്രിക്കുകയായിരുന്നു. ഫ്യൂലി യിദ്ദിഷാണു സംസാരിക്കുന്നതെങ്കിലും അവൻ പറയുന്നതെല്ലാമങ്ങ് റെബ് മൊർദേക്കായ് മെയറിനു പൂർണ്ണമായി പിടി കിട്ടിയിരുന്നില്ല. അവൻ പറഞ്ഞതെല്ലാം ഒടുവിൽ എത്തിച്ചേർന്നത് ഈയൊരു പരാതിയിലാണ്‌: പണക്കാർ ആഡംബരജീവിതം നയിക്കുന്നു, പാവപ്പെട്ടവർ ഇല്ലായ്മ സഹിച്ചു ജീവിക്കുന്നു. ഫാക്ടറികളിലെ തൊഴിലാളികളും നിലമുഴുന്ന കൃഷിക്കാരും അവന്റെ സംസാരത്തിൽ നിരന്തരം കയറിവന്നിരുന്നു. അവൻ സാറിനെതിരായും തിരിഞ്ഞു. “അയാൾ കൊട്ടാരത്തിൽ പാർത്തുകൊണ്ട് മറ്റുള്ളവരെ തടവറകളിലിട്ടു കൊല്ലുകയാണ്‌. ലക്ഷക്കണക്കിനാളുകളാണ്‌ വിശപ്പും ദാരിദ്ര്യവും കൊണ്ടു മരിക്കുന്നത്. ആളുകൾ ഉണരണം, ഇവിടെ ഒരു വിപ്ലവം നടക്കണം…”

റെബ് മൊർദേക്കായ് മെയർ താടി കൂട്ടിപ്പിടിച്ചുകൊണ്ടു ചോദിച്ചു, “പുതിയതായി വരുന്ന സാർ ഭേദപ്പെട്ടതായിരിക്കുമെന്നു നിനക്കു തോന്നുന്നുണ്ടോ?”

“നമ്മൾ വിചാരിക്കുന്നപോലെയാണ്‌ കാര്യങ്ങൾ നടക്കുന്നതെങ്കിൽ ഒരു സാറും ഉണ്ടാകാൻ പോകുന്നില്ല.”

“അപ്പോൾ ആരു ഭരിക്കും?”

“ജനങ്ങൾ.”

“എല്ലാ ജനങ്ങൾക്കും കൂടി ഭരണക്കസേരയിൽ ഇരിക്കാൻ പറ്റില്ലല്ലോ,” അതിനു മറുപടിയായി റെബ് മൊർദേക്കായ് മെയർ പറഞ്ഞു.

“കൃഷിക്കാരിലും തൊഴിലാളികളിലും നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കും.”

“അധികാരം കിട്ടിയാൽ അവരും വില്ലന്മാരായേക്കാം,” റെബ് മൊർദേക്കായ് മെയർ തർക്കിച്ചു.

“എങ്കിൽ അവരുടെ കഴുത്തിനു മേൽ തലയുണ്ടാവില്ല.”

“‘ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല,’ എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ.” റെബ് മൊർദേക്കായ് മെയർ പറഞ്ഞു. “അഗതികളായി ആരുമില്ലെങ്കിൽ ആർക്കാണു ധർമ്മം കൊടുക്കുക? തന്നെയുമല്ല, എല്ലാം ദൈവം കല്പിച്ചപോലെയാണു നടക്കുക. ആരു ധനികൻ, ആരു ദരിദ്രൻ എന്ന് റോഷ് ഹാഷനയിൽ സ്വർഗ്ഗത്തു തീരുമാനിക്കും.“

”സ്വർഗ്ഗമൊക്കെ വെറും വായുവാണ്‌,“ ഫ്യൂലി പറഞ്ഞു. ”ആരും ഒന്നും വിധിക്കുന്നുമില്ല.“

”എന്താ? ലോകം സ്വയം ഉണ്ടായെന്നോ?“

”അത് പരിണമിച്ചുണ്ടായതാണ്‌.“

”എന്നു പറഞ്ഞാൽ?“

അവൻ എന്തോ പറയാനാഞ്ഞിട്ട് അതു വിഴുങ്ങി. അവൻ പറഞ്ഞ പേരുകളൊന്നും റബ് മൊർദേക്കായ് മെയറിനു പരിചയമുള്ളതായിരുന്നില്ല. അവന്റെ സംസാരത്തിൽ പോളിഷ്, റഷ്യൻ, ജർമ്മൻ വാക്കുകൾ കൂടിക്കുഴഞ്ഞു. എല്ലാം യാദൃച്ഛികതയാണ്‌ എന്നതായിരുന്നു അവൻ പറഞ്ഞുവന്നതിന്റെയെല്ലാം സാരം. എന്തോ ധൂളിപടലത്തെക്കുറിച്ചും ഗുരുത്വാകർഷണത്തെക്കുറിച്ചും ഭൂമി സൂര്യനിൽ നിന്നു വിഘടിച്ചുമാറി തണുത്തുപോകുന്നതിനെക്കുറിച്ചുമൊക്കെ അവൻ പുലമ്പി. ഈജിപ്തിൽ നിന്നുള്ള പലായനത്തെയും ചെങ്കടൽ പിളർന്നതിനേയും സിനായ് മലയിൽ വച്ച് ജൂതന്മാർ തോറ കൈക്കൊണ്ടതിനേയും അവൻ ഖണ്ഡിച്ചു. അതെല്ലാം വെറും കെട്ടുകഥകളാണ്‌. ഫ്യൂലിയുടെ ഓരോ വാക്കും അയാളുടെ ഉള്ളു നീറ്റുകയായിരുന്നു; പണ്ടു കാലത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെക്കൊണ്ടു കുടിപ്പിച്ചിരുന്ന ഉരുക്കിയ ഈയം താനെടുത്തു വിഴുങ്ങിയപോലെ തോന്നി അയാൾക്ക്. അയാളുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി ഉയർന്നു. ”ദുഷ്ടാ, ജറബോമേ, നീബാറ്റിന്റെ സന്തതീ, എന്റെ വീട്ടിൽ നിന്നു പുറത്തുപോ, പോയിത്തുലയ്!“ അയാൾക്കലറിവിളിക്കണമെന്നുണ്ടായിരുന്നു. എന്നാൽ അവൻ അനാഥനാണെന്നും നഗരത്തിൽ അപരിചിതനാണെന്നും ദരിദ്രനാണെന്നും അയാൾക്കോർമ്മ വന്നു. ഇനി അവനെങ്ങാനും പോയി മതം മാറുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താലോ? അങ്ങനെ വരാതിരിക്കട്ടെ.

”ദൈവം നിന്നോടു പൊറുക്കട്ടെ. നീയെന്തോ മതിഭ്രമത്തിലാണ്‌.“ അയാൾ പറഞ്ഞു.

”മുത്തശ്ശൻ ചോദിച്ചു, ഞാനതിനു മറുപടി പറഞ്ഞു.“

അതിനു ശേഷം മുത്തശ്ശനും ചെറുമകനും വാദപ്രതിവാദം നിർത്തി. അവർ ശരിക്കും സംസാരിക്കുകതന്നെ ചെയ്യാതായി. റെബ് മൊർദേക്കായ് മെയർ സ്വീകരണമുറിയിൽ ഇരിക്കും. ഫ്യൂലി അടുക്കളയിൽ നിന്നിറങ്ങില്ല; അവന്റെ ഉറക്കവും അവിടെ ഒരു കട്ടിലിലായിരുന്നു. പേഷ എന്തെങ്കിലും ഉണ്ടാക്കുമ്പോൾ അവനും ഒരു പ്ലേറ്റു കൊടുക്കും. അവർ അവനായി റൊട്ടിയും വെണ്ണയും ചീസും വാങ്ങിക്കൊണ്ടുവരും. അവന്റെ ഷർട്ടും അവർ കഴുകിക്കൊടുത്തു. പുറത്തേക്കുള്ള വാതിലിന്റെ ഒരു താക്കോൽ അവനും കൊടുത്തിരുന്നു. രജിസ്റ്ററിൽ അവന്റെ പേരില്ലായിരുന്നെങ്കിലും ജാനിറ്റർ അവനെയും രാത്രിയിൽ ഉള്ളിൽ കടത്തുമായിരുന്നു. ഓരോ തവണയും ഫ്യൂലി അയാൾക്ക് പത്തു ഗ്രോഷെൻ കൊടുക്കും. ചില രാത്രികളിൽ അവൻ വീട്ടിൽ വരാറുതന്നെ ഇല്ലായിരുന്നു.

റെബ് മൊർദേക്കായ് മെയറിന്‌ ഉറക്കം കുറവായിരുന്നു. രാത്രിയിലെ പ്രാർത്ഥന കഴിയുമ്പോഴേക്കും ക്ഷീണിച്ചവശനായി ആൾ ചെന്നു കിടക്കും; എന്നാൽ ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാൽ ഉറക്കം തീർന്നു. റെബ് മൊർദേക്കായ് മെയർ കാലത്ത് ഷേമ* ചൊല്ലാൻ തുടങ്ങുന്നതിനു മുമ്പേ ഫ്യൂലി സ്ഥലം വിട്ടിരിക്കും. “നാമവരെ വിരോധികളാക്കരുത്,” റബ് മൊർദേക്കായ് മെയർ തന്നോടുതന്നെ പറയും. “മിശിഹായുടെ പേറ്റുനോവ് തുടങ്ങിക്കഴിഞ്ഞു.”

അടുക്കളയിലെ ഒരു പുസ്തകപ്പെട്ടിയിൽ പേജുകൾ പിഞ്ഞിയ ഒരു യിദ്ദിഷ് ലഘുലേഖ റെബ് മൊർദേക്കായ് മെയർ കണ്ടു. അതു വായിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു വസ്തുവും അയാൾക്കു മനസ്സിലായില്ല. അതെഴുതിയ ആൾ തന്നെപ്പോലെതന്നെയുള്ള മറ്റൊരാളുമായി വാദിക്കുകയാണെന്നു തോന്നി. ഷെലിയാബോവ്, കിൽബാച്ചിച്ച്, പെട്രോവ്സ്കായ പോലുള്ള ചില വിചിത്രമായ പേരുകൾ അയാൾ പരാമർശിക്കുന്നുണ്ട്. അതിൽ ഒന്ന് ഒരു രക്തസാക്ഷിയാണത്രെ. റെബ് മൊർദേക്കായ് മെയറുടെ വായ കയ്ച്ചു. ഈ വയസ്സുകാലത്ത് സ്വന്തം പേരക്കുട്ടിയായ ഒരു മതവിരോധിയുമായി തനിയ്ക്ക് ഒരേ വീട്ടിൽ കഴിയേണ്ടിവന്നിരിക്കുകയാണ്‌. അലക്സാണ്ട്രോവിലെ ഹസീദുകളെ കാണാൻ പോയപ്പോൾ ലോകത്തെന്തൊക്കെയാണു നടക്കുന്നതെന്ന് അയാൾ ചോദിച്ചു; അയാളെ തികച്ചും അത്ഭുതപ്പെടുത്തുന്ന മറുപടികളാണ്‌ കിട്ടിയത്. വർഷങ്ങൾക്കു മുമ്പ് സാറിനെ കൊല ചെയ്തവർ ജനങ്ങളെ ഇളക്കിവിടാൻ തുടങ്ങിയിരിക്കുന്നുവത്രെ. അവരുടെ കൂട്ടത്തിൽ അനേകം ജൂതന്മാരുമുണ്ട്. റഷ്യയിൽ എവിടെയോ ആരോ ബോംബെറിഞ്ഞിരിക്കുന്നു, ഒരു ട്രെയിൻ പാളം തെറ്റി, ചാക്കു കണക്കിനു സ്വർണ്ണം കൊള്ള ചെയ്യപ്പെട്ടു. അങ്ങകലെയുള്ള ഏതോ നഗരത്തിലെ ഗവർണ്ണറെ വെടി വച്ചു കൊന്നിരിക്കുന്നു. ജയിലുകൾ നിറഞ്ഞുകവിയുകയാണ്‌. അനേകം വിപ്ലവകാരികളെ സൈബീരിയയിലേക്കയച്ചുകഴിഞ്ഞു. ഈ സംഭവങ്ങളൊക്കെ വിവരിച്ച ഹസീദ് പറഞ്ഞു, “അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഓരോ ആളുടെയും വാൾ തന്റെ അയല്ക്കാരന്റെ കഴുത്തിലാണ്‌!”

“അവർക്കെന്താണു വേണ്ടത്?” റെബ് മൊർദേക്കായ് മെയർ ചോദിച്ചു.

“എല്ലാവർക്കും തുല്യത വേണമെന്ന്.”

“അതു നടക്കുമോ?”

“പണക്കാരുടെ മക്കളും അവരുടെ സംഘത്തിൽ ചേർന്നിട്ടുണ്ടത്രെ.”

വീഞ്ഞു വില്പനക്കാരനും ഗൂറിലെ റബ്ബൈയുടെ ശിഷ്യനുമായ ഒരു ഹസീദിന്റെ മകൾ ആ കുത്തിത്തിരുപ്പുകാരുടെ കൂട്ടത്തിൽ പെട്ടുപോയെന്നും അവളെ കോട്ടയിൽ തടവിലാക്കിയിരിക്കുകയാണെന്നും കൂടി ഹസീദ് പറഞ്ഞു. അവൾ അവിടെ പതിനെട്ടു ദിവസം കിടന്നു; ഒടുവിൽ ബലം പ്രയോഗിച്ച് അവളെ ആഹാരം കഴിപ്പിക്കേണ്ടിവന്നു.

റെബ് മൊർദേക്കായ് മെയർ സ്തംഭിച്ചുപോയി. വീണ്ടെടുപ്പിന്റെ നാൾ ആസന്നമായിക്കാണും! പരലോകത്തിൽ വിശ്വാസമില്ലെങ്കിൽ പിന്നെന്തിനാണ്‌ അവരിങ്ങനെ സ്വയം പീഡിപ്പിക്കുന്നത്?“ അയാൾ ചോദിച്ചു.

”അവർക്കു നീതി വേണം.“

അന്നു രാത്രിയിൽ പ്രാർത്ഥന കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ ഫ്യൂലി അടുക്കളയിലെ മേശയ്ക്കരികിൽ ഇരിക്കുന്നത് റെബ് മൊർദേക്കായ് മെയർ കണ്ടു; അവന്റെ കറുത്ത ഷർട്ട് കുടുക്കഴിച്ചിട്ടിരിക്കുകയായിരുന്നു, മുടി പാറിക്കിടക്കുന്നു, ഒരു കഷണം റൊട്ടിയെടുത്തു ചവച്ചുകൊണ്ട് ഏതോ പുസ്തകം വായിക്കുകയാണവൻ.

“നീയെന്തിനാ ഉണക്കറൊട്ടി തിന്നുന്നത്? അവൾ നിനക്കും കൂടിയാണല്ലോ ഉണ്ടാക്കുന്നത്.”

“പേഷയോ? അവരെ ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണ്‌.”

“അതെയോ? അവൾക്കു വേണ്ടി നാം പ്രാർത്ഥിക്കണം.”

“അവർക്കു പിത്തക്കല്ലിന്റെ അസുഖമാണ്‌. ഞാൻ വേണമെങ്കിൽ എന്തെങ്കിലും ഉണ്ടാക്കാം.”

“നീയോ?”

“കോഷറായിരിക്കുമെന്ന്* ഞാൻ ഉറപ്പു തരാം.”

“നിനക്കതിലൊക്കെ വിശ്വാസമുണ്ടോ?”

“മുത്തശ്ശനു വേണ്ടി.”

“ആവട്ടെ, എന്തായാലും വേണ്ട.”

അന്നുമുതൽ മുത്തശ്ശനും ചെറുമകനും പാചകം ചെയ്യേണ്ടാത്ത ഭക്ഷണം മാത്രം കഴിക്കാൻ തുടങ്ങി. ഫ്യൂലി കടയിൽ നിന്ന് റൊട്ടിയും പഞ്ചാരയും ചീസും വാങ്ങിവരും. അവൻ ചായ ഉണ്ടാക്കും. ചായ ഉണ്ടാക്കുന്ന കാര്യത്തിലാണെങ്കിലും അവനെ വിശ്വസിക്കാമോയെന്ന് റെബ് മൊർദേക്കായ് മെയറിന്‌ അത്ര ഉറപ്പു തോന്നിയില്ല. താൽമൂദിൽ പറയുന്നപോലെ തന്റെ ഉപജീവനമാർഗ്ഗത്തിനു ഹാനി വരാതെ നോക്കുന്നവനും അതിനാൽ വിശ്വസിക്കാവുന്നവനുമായ ഒരു ജന്റൈൽ പാചകക്കാരനെപ്പോലെയല്ല, മതവിരുദ്ധനായ ഒരു ജൂതൻ. എന്തായാലും റൊട്ടിയും പഞ്ചാരയും അശുദ്ധമാകുന്ന വസ്തുക്കളല്ല. ഫ്യൂലി ചീസ് വാങ്ങിയിരുന്നത് തെരുവിന്റെ മറ്റേ വശത്തുള്ള ഡേവിഡിന്റെ പാൽക്കടയിൽ നിന്നാണ്‌. ജന്റൈലുകളുടെ കട നോക്കി അവൻ മറ്റൊരു തെരുവിലാണു പോയിരുന്നതെങ്കിൽ അതിനർത്ഥം പക വയ്ക്കുന്ന മതദ്രോഹിയാണവൻ എന്നാണ്‌. അങ്ങനെയൊരുവനെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “അവനു തന്റെ യജമാനനെ അറിയാം, അവനയാളെ ധിക്കരിക്കുകയും വേണം.” എന്നാൽ ഫ്യൂലി അത്രയ്ക്കു വീണുപോയിട്ടില്ല.

ശാബത്ത് ഭക്ഷണം മറ്റൊരയല്ക്കാരിയാണ്‌ തയ്യാറാക്കിയത്. മെഴുകുതിരികൾ റെബ് മൊർദേക്കായ് മെയർ തന്നെ കൊളുത്തിവച്ചു. ഇഴ പിഞ്ഞിയ സാറ്റിൻ കോട്ടുമിട്ട്, പഴകിയ രോമത്തൊപ്പിയും വച്ച് മേശയ്ക്കരികിൽ അയാൾ ഒറ്റയ്ക്കിരുന്നു. വീഞ്ഞുഗ്ലാസ്സിൽ ഹല്ലായുടെ* ഒരു കഷണം മുക്കിക്കൊണ്ട് അയാൾ ശാബത്ത് മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു. പയ്യൻ (അങ്ങനെയാണ്‌ റബ് മൊർദേക്കായ് മെയർ ഫ്യൂലിയെ വിളിച്ചിരുന്നത്) ശാബത്തിന്‌ വന്നതേയില്ല. അയല്ക്കാരിയുടെ മകൾ സൂപ്പും മാംസവും കാരറ്റ് പുഡ്ഡിങ്ങും കൊണ്ടുവന്നു. റെബ് മൊർദേക്കായ് മെയറിന്റെ പാട്ട് പകുതി വിലാപമായിരുന്നു.

മുമ്പത്തെ റബൈ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ റെബ് മൊർദേക്കായ് മെയർ അയാൾക്കൊപ്പം ചെന്നു താമസിച്ചേനെ. എന്നാൽ റെബ് ഹെനോക്ക് മരിച്ചുപോയിരുന്നു. പുതിയ റബൈ ആകട്ടെ, ചെറുപ്പം വിടാത്ത ഒരാളായിരുന്നു; പ്രായമുള്ള ഹസീദുകളെക്കാൾ ചെറുപ്പക്കാരായ ഹസീദുകൾക്കായിരുന്നു അയാളുടെ പരിഗണ. ലൗകികകാര്യങ്ങളിൽ അയാൾക്കു നല്ല അറിവാണെന്ന് ആളുകൾ അടക്കം പറഞ്ഞിരുന്നു. പ്രായമായ ഹസീദുകൾ പലരും മരിച്ചുപോയിരിക്കുന്നു, പുതിയതായി ആരും ചേർന്നതുമില്ല.

ഒരു ശാബത്തിന്റന്ന് റെബ് മൊർദേക്കായ് മെയർ മേശയ്ക്കരികിലിരുന്ന് “ഞാനെന്റെ ദൈവത്തെ കീർത്തിച്ചു പാടും” എന്നു ജപിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വെടി പൊട്ടുന്നതും പേടിപ്പിക്കുന്ന ഒരു നിലവിളിയും അയാൾ കേട്ടു. മുറ്റത്ത് ആകെ ഒച്ചയും ബഹളവുമായിരുന്നു. ജനാലകൾ മലർക്കെത്തുറക്കപ്പെട്ടു. ഒരു പോലീസ് വിസിൽ അന്തരീക്ഷത്തെ തുളച്ചുകീറി. ഒരയൽവാസി കയറിവന്ന് റെബ് മൊർദേക്കായ് മെയറിനെ അറിയിച്ചു, “സഖാക്കൾ,” എന്നു പറഞ്ഞാൽ പണിമുടക്കുന്നവർ, തങ്ങളുടെ കൂട്ടത്തിൽത്തന്നെയുള്ള ഒരാളെ വെടിവച്ചിരിക്കുന്നുവെന്ന്; അവരെ പോലീസിന്‌ ഒറ്റിക്കൊടുത്ത ഒരു ചെരുപ്പുകുത്തിയാണത്രെ അയാൾ. റെബ് മൊർദേക്കായ് മെയറിന്‌ ഒരു വിറയൽ വന്നു.

“ആരാണതു ചെയ്തത്- ജൂതന്മാരാണോ?”

“അതെ, ജൂതന്മാർ തന്നെ.”

“ലോകാവസാനമായി.” അങ്ങനെ പറഞ്ഞതിൽ റബ് മൊർദേക്കായ് മെയറിന്‌ പെട്ടെന്നുതന്നെ കുറ്റബോധം തോന്നുകയും ചെയ്തു. ശാബത്ത് ദിവസം സങ്കടപ്പെടുന്നതോ നൈരാശ്യം കലർന്ന വാക്കുകൾ പറയുന്നതോ വിലക്കിയിരിക്കുകയാണല്ലോ.

പാതിരാപ്രാർത്ഥനയ്ക്ക് ഉണരണമെന്നതിനാൽ റെബ് മൊർദേക്കായ് മെയർ നേരത്തേ ഉറങ്ങാൻ കിടക്കുമായിരുന്നു. ഒമ്പതു മണിയാവുമ്പോഴേക്കും അയാൾ കിടന്നിരിക്കും, പലപ്പോഴും വേഷം മാറ്റാതെതന്നെ. ഷൂസു മാത്രം ഊരിവച്ചിരിക്കും. അന്നു രാത്രിയിൽ അടുക്കളയുടെ വാതിൽ തുറക്കുന്നതു കേട്ടപ്പോൾ അയാൾ ഫ്യൂലിയുടെ കാലൊച്ച തിരിച്ചറിഞ്ഞു. അയാൾ പിന്നെയും ഉറക്കത്തിലാണ്ടു; എന്നാൽ കൃത്യം പന്ത്രണ്ടു മണിയ്ക്ക് അയാൾ ഉറക്കത്തിൽ നിന്നുണർന്നു. എഴുന്നേറ്റ് ആചാരപ്രകാരമുള്ള കൈകഴുകൽ ചടങ്ങും നടത്തിയിട്ട് ഒരു കോട്ടും വള്ളിച്ചെരുപ്പുമിട്ട് അയാൾ ദേവാലയനാശത്തിന്റെ വിലാപം ചൊല്ലാൻ തുടങ്ങി. ഒരു ചെറിയ ഭരണിയിൽ നിന്ന് ഒരു നുള്ളു ചാരമെടുത്ത് അയാൾ തലയിൽ പൂശി. കരയുന്ന മട്ടിലായിരുന്നു അയാളുടെ ജപം. “റേച്ചൽ സന്തതികളെച്ചൊല്ലി വിലപിക്കുന്നു” എന്ന വരിയെത്തിയപ്പോൾ വാതിൽ തുറന്ന് ഫ്യൂലി കയറിവന്നു; അവന്റെ കാലിൽ ചെരുപ്പില്ലായിരുന്നു, അഴുക്കു പിടിച്ച ഒരു നിക്കറാണ്‌ അവനിട്ടിരുന്നത്, തല മറച്ചിരുന്നുമില്ല. റെബ് മൊർദേക്കായ് മെയർ പുരികം പൊക്കിയിട്ട് ഫ്യൂലിയോട് പുറത്തു പോകാൻ ആംഗ്യം കാണിച്ചു; താൻ തന്റെ പ്രാർത്ഥന പൂർത്തിയാക്കിക്കോട്ടെ. “മുത്തശ്ശാ, പ്രാർത്ഥിക്കുകയാണോ?” അവൻ ചോദിച്ചു.

പ്രാർത്ഥന ഇടയ്ക്കു നിർത്തുന്നതിനു വിലക്കുണ്ടോയെന്ന് റെബ് മൊർദേക്കായ് മെയറിനു തീർച്ചയില്ലായിരുന്നു. അല്പനേരം ഒന്നും മിണ്ടാതിരുന്നിട്ട് അയാൾ പറഞ്ഞു, “ഞാൻ പാതിരാപ്രാർത്ഥന ചൊല്ലുകയാണ്‌.”

“എങ്ങനെയുള്ളതാണത്?”

“ഒരു ജൂതൻ ഒരിക്കലും ദേവാലയത്തിന്റെ നാശം മറക്കാൻ പാടില്ല.”

“ഇതുകൊണ്ടെന്തു നേടാനാണ്‌ മുത്തശ്ശൻ നോക്കുന്നത്?” ഫ്യൂലി ചോദിച്ചു.

റെബ് മൊർദേക്കായ് മെയറിന്‌ ഓരോ വാക്കും മനസ്സിലായെങ്കിലും അവയുടെ ഒരുമിച്ചുള്ള അർത്ഥം അയാൾക്കു പിടികിട്ടിയില്ല. അവന്റെ തൊങ്ങലുള്ള നിക്കർ എവിടെയാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അതുകൊണ്ടു കാര്യമില്ലെന്ന് അയാൾക്കു മനസ്സിലായി. ഒരു നിമിഷം ആലോചിച്ചിട്ട് അയാൾ പറഞ്ഞു, “നാം പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. ദൈവം തുണച്ച് മിശിഹ വരും, പ്രവാസത്തിന്‌ ഒരവസാനമുണ്ടാവുകയും ചെയ്യും.”

“ഇതേവരെ വന്നിട്ടില്ലെങ്കിൽ,” ഫ്യൂലി ചോദിച്ചു, “ഇനി എന്തിനിപ്പോൾ അവൻ വരണം?”

“മിശിഹ വരാൻ ജൂതന്മാർ ആഗ്രഹിക്കുന്നതിലേറെ അവരിലേക്കെത്താൻ അവൻ ആഗ്രഹിക്കുന്നുണ്ട്; അതേസമയം ആ തലമുറ അതിനു യോഗ്യമായിരിക്കുകയും വേണം. ദൈവം എല്ലാ അനുഗ്രഹങ്ങളും നമുക്കായി അയക്കുന്നുണ്ട്; എന്നാൽ നമ്മുടെ ദുർന്നീതികൾ കൊണ്ട് കരുണയുടെ വഴികൾ അടയ്ക്കുകയാണു നാം ചെയ്യുന്നത്.”

“മുത്തശ്ശാ, എനിക്കൊന്നു സംസാരിക്കണം.”

“നിനക്കെന്താണു സംസാരിക്കാനുള്ളത്? പാതിരാപ്രാർത്ഥന തടസ്സപ്പെടുത്താൻ പാടില്ലെന്നുണ്ട്.”

“മുത്തശ്ശാ, ഈ പ്രാർത്ഥനകൾ കൊണ്ടൊന്നും ലോകത്തിനൊരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. ജനങ്ങൾ രണ്ടായിരം കൊല്ലമായി പ്രാർത്ഥിക്കുകയാണ്‌. എന്നിട്ടെന്താ, വെള്ളക്കഴുതപ്പുറത്തേറി മിശിഹ ഇങ്ങെത്തിയിട്ടില്ല. ഇതൊരു യുദ്ധമാണ്‌, മുത്തശ്ശാ, ചൂഷകരും ചൂഷിതരും തമ്മിലുള്ള കടുത്ത യുദ്ധം. ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ കൃഷിക്കാരെ ഇളക്കിവിടുന്നതാരാണ്‌? ചോർന സോറ്റ്ന്യ*, പിന്തിരിപ്പന്മാർ. തൊഴിലാളികൾ ചെറുത്തുനിന്നില്ലെങ്കിൽ നമ്മൾ കൂടുതൽ അടിമകളാവുകയേയുള്ളു. മുത്തശ്ശാ, നാളെ വലിയൊരു പ്രകടനം നടക്കുന്നുണ്ട്; ഞാനാണു പ്രസംഗിക്കുന്നത്. എനിക്കെന്തെങ്കിലും പറ്റിയാൽ മുത്തശ്ശൻ ഈ കവർ നെഖാമ കാറ്റ്സ് എന്ന കുട്ടിയെ ഏല്പിക്കണം.“

അപ്പോൾ മാത്രമാണ്‌ കുത്തിനിറച്ച ഒരു കവർ അവന്റെ കയ്യിലുള്ളത് റെബ് മൊർദേക്കായ് മെയർ ശ്രദ്ധിക്കുന്നത്.

അയാൾ പറഞ്ഞു, ”എനിക്കു പെൺകുട്ടികളെയൊന്നും അറിയില്ല. ഞാൻ കിഴവനായി. എന്തിനാണു നീ ലഹളക്കാരുടെ കൂടെ കൂടുന്നത്? നിന്നെ അറസ്റ്റു ചെയ്തേക്കാം, ദൈവം അങ്ങനെ വരുത്താതിരിക്കട്ടെ. അങ്ങനെയുണ്ടായാൽ അതു ഞങ്ങളെയൊക്കെ ദുരിതത്തിലാക്കും. സാറിന്‌ അനേകം കൊസാക്കുകളുണ്ട്, അദ്ദേഹം നിന്നെക്കാൾ കരുത്തനുമാണ്‌. ആത്മാവിലും പരലോകത്തിലും വിശ്വാസമില്ലാത്ത സ്ഥിതിയ്ക്ക് നീയെന്തിനാണിങ്ങനെ സ്വയം അപകടത്തിൽ പെടുത്തുന്നത്?“

”മുത്തശ്ശാ, പിന്നെയുമൊരു ചർച്ച തുടങ്ങാൻ എനിക്കു താല്പര്യമില്ല. യൂറോപ്പു മുഴുവൻ സ്വതന്ത്രമാണ്‌, പക്ഷേ ഇവിടെ സാർ ഒരു ഏകാധിപതിയും. നമുക്കൊരു പാർലമെന്റില്ല. സാറിനും അയാളുടെ സാമന്തന്മാർക്കും എന്തു വേണോ, അതവർ ചെയ്യുന്നു. ജപ്പാനുമായുള്ള യുദ്ധത്തിന്‌ കോടികൾ ചെലവായി. ആയിരക്കണക്കിനു പട്ടാളക്കാർക്കു ജീവൻ നഷ്ടപ്പെട്ടു. പടിഞ്ഞാറൻ നാടുകളിൽ അവർ തൊഴിലാളികളുടെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്, എന്നാൽ ഇവിടെ തൊഴിലാളികളുടെ കാര്യം നായ്ക്കളെക്കാൾ കഷ്ടമാണ്‌. നമുക്കൊരു ഭരണഘടന ഉണ്ടായില്ലെങ്കിൽ റഷ്യ മുഴുവൻ ചോരയിൽ മുങ്ങും.“

റെബ് മൊർദേക്കായ് മെയർ പ്രാർത്ഥനാപുസ്തകം താഴെ വച്ചു. ”നീ തൊഴിലാളിയാണോ?“

”ഞാൻ ആരാണെന്നതല്ല പ്രശ്നം, മുത്തശ്ശാ. ഞങ്ങൾ പോരാടുന്നത് ഒരു കാര്യത്തിനാണ്‌, ഒരാദർശത്തിനാണ്‌. കത്തിതാ. ഇതു വലിപ്പിൽ വയ്ക്കുക. ചിലപ്പോൾ ഞാൻ നാളെ തിരിച്ചു വന്നേക്കാം. ഇല്ലെങ്കിൽ നെഖാമ കാറ്റ്സ് എന്നു പേരുള്ള ഒരു കുട്ടി വരും. അവളെ ഏല്പിക്കണം.“

”തിടുക്കം കൂട്ടിയിട്ടു കാര്യമില്ല. മുകളിലിരിക്കുന്നവനാണ്‌ ലോകം ഭരിക്കുന്നത്. പണക്കാരും പാവങ്ങളും ഉണ്ടാവണമെന്ന് അവൻ നിശ്ചയിക്കുന്നു. പാവപ്പെട്ടവർ ഇല്ലെങ്കിൽ സാധാരണകാര്യങ്ങൾ ആരു ചെയ്യും? ഒരാൾ കച്ചവടക്കാരനും വേറൊരാൾ തൂപ്പുകാരനുമാണ്‌. എല്ലാവർക്കും കച്ചവടം ചെയ്താൽ മതിയെങ്കിൽ തൂപ്പുപണി ആരു ചെയ്യും?“

”തൂപ്പുകാർക്കും കച്ചവടക്കാരുടെ അതേ അവകാശങ്ങളും അതേ വരുമാനവും കൊടുക്കാനാണ്‌ ഞങ്ങൾ പൊരുതുന്നത്. കച്ചവടക്കാർ ഒഴിവാക്കാൻ പറ്റാത്ത വർഗ്ഗമല്ല. ഒരു സോഷ്യലിസ്റ്റ് ലോകത്ത് ആവശ്യത്തിനനുസരിച്ച് ഉല്പാദനം പങ്കിടുകയാണ്‌. ഒരു ഇടനിലക്കാരൻ പാല്പാട വടിച്ചുമാറ്റാൻ ഞങ്ങൾ സമ്മതിക്കുകയില്ല.“

”എന്ത്! നമ്മൾ ജൂതന്മാർ ഇതിലൊന്നും ഇടപെടരുത്. ഭരിക്കുന്നതാരായാലും അവർ ജൂതന്മാരെ പീഡിപ്പിക്കും.“

”ഭരണകൂടത്തോട് സാമാന്യജനത്തിനുള്ള രോഷത്തെ വഴി തിരിച്ചുവിടുന്നതിന്‌ മുതലാളിത്തവാദികൾ നിർമ്മിച്ചെടുത്തതാണ്‌ ജൂതവിരോധം. സയണിസ്റ്റുകൾക്ക് പാലസ്തീനിലെ റേച്ചൽ മാതാവിന്റെ ശവകുടീരത്തിലേക്കു പോകണം; അതൊക്കെ പക്ഷേ വെറും കെട്ടുകഥയാണ്‌. നമ്മൾ ജൂതന്മാർ, മറ്റു പീഡിതജനതകളോടൊപ്പം, നല്ലൊരു നാളേയ്ക്കായി പോരാടുകയാണു വേണ്ടത്.“

”ശരി, ശരി, ആ കത്തിങ്ങു താ. എനിക്കു കുറച്ചു സമാധാനം തരൂ. ‘യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവൻ വൃഥാ അദ്ധ്വാനിക്കുന്നു.’ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ‘മുന്നറിയിപ്പു കൊടുത്തിട്ടല്ലാതെ ഒരാളെയും ശിക്ഷിക്കരുത്.’ ഗെമാറ പറയുന്നു: ‘ഒരു സുഗന്ധദ്രവ്യക്കടയിൽ പോയാൽ നിങ്ങൾക്കു നല്ല വാസനയായിരിക്കും; എന്നാൽ തുകൽ ഊറയ്ക്കിടുന്നിടത്താണു പോകുന്നതെങ്കിൽ നാറ്റം നിങ്ങൾക്കൊപ്പമുണ്ടാകും.“

”മുത്തശ്ശാ, എന്തിനെയാണ്‌ നാറ്റം എന്നു പറയുന്നത്, അവകാശങ്ങൾക്കായുള്ള ജനങ്ങളുടെ സമരത്തെയോ? മുത്തശ്ശൻ ചൂഷകന്മാരുടെ പക്ഷത്താണോ?“

”ആ കവറിങ്ങു തരൂ.“

”ശരി മുത്തശ്ശാ. നമ്മളൊരിക്കലും പരസ്പരം മനസ്സിലാക്കാൻ പോകുന്നില്ല.“

ഫ്യൂലി പോയി. റെബ് മൊർദേക്കായ് മെയർ കവർ ഒരു മൂലയ്ക്കു പിടിച്ചെടുത്ത് ഒരു മേശവലിപ്പിലേക്കിട്ടു. അയാൾ പിന്നെയും ഉരുവിടാൻ തുടങ്ങി: ”രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചിലും തന്നെ, റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.“ഒരു മണ്ണെണ്ണവിളക്കെരിയുന്നുണ്ടായിരുന്നു; റെബ് മൊർദേക്കായ് മെയറിന്റെ രൂപം ചുമരിൽ വലിയൊരു നിഴൽ വീഴ്ത്തി. അയാളുടെ തല ഉത്തരത്തിലേക്കു കയറി. റെബ് മൊർദേക്കായ് മെയർ മുഖം ചുളിച്ചുകൊണ്ട് മുന്നോട്ടും പിന്നോട്ടുമാഞ്ഞു. സത്യമെന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുക സാദ്ധ്യമാണോ? അയാൾ തന്നോടുതന്നെ ചോദിച്ചു. അവർ എന്തോ ചില പുസ്തകങ്ങൾ മാത്രം വായിച്ചിട്ട് അതിലെ ജല്പനങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. ഭരണഘടന, കിരണഘടന! ഇതൊരു യുദ്ധമാണ്‌, നന്മയും തിന്മയും തമ്മിൽ, ദൈവവും ചെകുത്താനും തമ്മിൽ, ഇസ്രായേലും അമാലേക്കും തമ്മിൽ. യേശാവും ഇസ്മായീലും തോറയെ അംഗീകരിക്കാൻ വിസമ്മതിച്ചു. യജമാനൻ തന്നെ ഉപേക്ഷിക്കുന്നത് അടിമയ്ക്കു സന്തോഷമണ്‌. എന്നാൽ ജൂതന്മാർ പ്രമാണത്തെ വലിച്ചെറിയുമ്പോൾ അവർ വിഗ്രഹാരാധകരെപ്പോലെയാകുന്നു, അതിലും മോശമായെന്നും വരാം. മിശിഹ എങ്ങനെ വരാൻ? ഒരു തലമുറ മുഴുവൻ (ദൈവമേ, അങ്ങനെ വരാതിരിക്കട്ടെ) അപരാധികളായെന്നും വരാം. അയാൾ നെറ്റി തുടച്ചു: “ദൈവമേ, എന്നെ രക്ഷിക്കേണമേ. വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു!”

പ്രാർത്ഥന മുഴുമിപ്പിച്ചിട്ട് റെബ് മൊർദേക്കായ് മെയർ പിന്നെയും കിടന്നു. എന്നാൽ ഇത്തവണ അയാൾക്കുറക്കം വന്നില്ല. അടുക്കളയിൽ പയ്യന്റെ കാല്പെരുമാറ്റം അയാൾ കേട്ടു. അവൻ പിഞ്ഞാണങ്ങളിൽ തട്ടുന്നതും പൈപ്പ് തുറന്നിടുന്നതും കേട്ടു. ഒരു ദീർഘനിശ്വാസം കേട്ടപോലെ റെബ് മൊർദേക്കായ് മെയർക്കു തോന്നി. അത് ഫ്യൂലി ആയിരിക്കുമോ? അവനു പശ്ചാത്താപമുണ്ടായില്ലെന്ന് ആരു കണ്ടു? എന്തായാലും അമ്മയുടെ ഭാഗത്ത് ധർമ്മിഷ്ഠരായ മനുഷ്യരിൽ നിന്നാണല്ലോ അവൻ വന്നത്. അവന്റെ ലിറ്റ്‌വാക്ക് പൂർവ്വികർക്കിടയിൽ പോലുമുണ്ടാവാം പുണ്യാത്മാക്കളായ ചില ജൂതന്മാർ. റെബ് മൊർദേ‍ാക്കായ് മെയറിന്‌ കിടന്നിട്ടുറക്കം വന്നില്ല. വീട്ടിൽത്തന്നെ നില്ക്കാൻ അവനെ പറഞ്ഞുസമ്മതിപ്പിക്കാൻ കഴിഞ്ഞാലോ? അന്നു വൈകിട്ട് അവൻ പറഞ്ഞത് ഒരവസാനതീരുമാനം പോലെയായിരുന്നു. റെബ് മൊർദേക്കായ് മെയർ വിറ പൂണ്ട കാലുകളോടെ എഴുന്നേറ്റുനിന്നു. അയാൾ വീണ്ടും വള്ളിച്ചെരുപ്പും മേലങ്കിയും എടുത്തിട്ടു. അടുക്കളവാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ അത്രയും വിചിത്രമായിരുന്നു. ഫ്യൂലി വേഷവും മാറി കയ്യിലൊരു റിവോൾവറുമായി നില്ക്കുകയായിരുന്നു. റെബ് മൊർദേക്കായ് മെയറിന്‌ അതെന്താണെന്നു മനസ്സിലായി. ഓമെർ പെരുന്നാളിന്‌* കുട്ടികൾക്ക് അത്തരം തോക്കുകൾ കൊടുക്കാറുണ്ടായിരുന്നു, ശരിക്കുള്ളതല്ല, കളിത്തോക്കുകൾ.

മുത്തശ്ശനെ കണ്ടപ്പോൾ ഫ്യൂലി തോക്ക് മേശപ്പുറത്തു വച്ചു. “മുത്തശ്ശാ, എന്താ വേണ്ടത്? …”

“എത്ര അറപ്പുണ്ടാക്കുന്ന കാര്യമാണിത്? ” അയാൾ ചോദിച്ചു. അയാളുടെ ദേഹം വിറയ്ക്കാൻ തുടങ്ങി, പല്ലുകൾ കൂട്ടിയിടിച്ചു.

ഫ്യൂലി ചിരിച്ചു. “പേടിക്കേണ്ട, മുത്തശ്ശാ, ഇത് മുത്തശ്ശനുള്ളതല്ല.”

“പിന്നെയാർക്ക്?”

“പുരോഗതിയെ തടയാൻ നോക്കുന്നവർക്ക്, ലോകത്തെ ഇരുട്ടിൽത്തന്നെ നിർത്താൻ നോക്കുന്നവർക്ക്.”

“എന്ത്? അവർക്കു നീ വധശിക്ഷ വിധിക്കുമോ? സാനഡ്രിനിൽ* ആരെയെങ്കിലും വധശിക്ഷയ്ക്കു വിധിക്കാൻ എഴുപതു ന്യാധിപന്മാർ വേണ്ടിയിരുന്നു. താക്കീതും കുറഞ്ഞതു രണ്ടു സാക്ഷികളേയും വേണമായിരുന്നു. ഗെമാറ പറയുന്നത് എഴുപതു കൊല്ലത്തിൽ ഒരിക്കൽ വധശിക്ഷ വിധിക്കുന്ന കോടതിയെപ്പോലും കൊലയാളികളുടെ കോടതി എന്നു വിളിക്കണമെന്നാണ്‌.“

”മുത്തശ്ശാ, ഈയാളുകൾ സ്വയം മരണശിക്ഷ വിധിച്ചവരാണ്‌. അവരുടെ സമയം കഴിഞ്ഞു, എന്നിട്ടും പിരിഞ്ഞുപോകാൻ അവർ കൂട്ടാക്കുന്നില്ല; അതിനാൽ അവരെ ബലം പ്രയോഗിച്ചു പിരിച്ചുവിടേണ്ടിവരികയാണ്‌.“

”ഫ്യൂലീ, റാഫേൽ, നീ ജൂതനാണ്‌!“ പറയുന്നതിനിടയിൽ റെബ് മൊർദേക്കായ് മെയറിനു ശ്വാസം മുട്ടി. ”യേശാവുവാണ്‌ വാളു കൊണ്ടു ജീവിക്കുന്നത്, യാക്കോബല്ല.“

”മുത്തശ്ശിക്കഥകൾ. ജന്റൈലുകളെ ഉണ്ടാക്കിയിരിക്കുന്ന അതേ വസ്തു വച്ചാണ്‌ ജൂതന്മാരെയും ഉണ്ടാക്കിയിരിക്കുന്നത്. ഇതെല്ലാം ബുദ്ധിശൂന്യമായ മതവൈരാഗ്യമാണ്‌. തിരഞ്ഞെടുക്കപ്പെട്ട ജനമെന്നുള്ള പറച്ചിലൊക്കെ വെറും അസംബന്ധമാണ്‌. മുത്തശ്ശാ, ഞാൻ പോകുന്നു.“

”പോകരുത്! പോകരുത്! നിന്നെ കയ്യിൽ കിട്ടിയാൽ അവർ ചിലപ്പോൾ, ദൈവമേ…“

”എനിക്കറിയാം, എനിക്കറിയാം, ഞാൻ കുട്ടിയൊന്നുമല്ല.“ ഫ്യൂലി റിവോൾവർ പാന്റിന്റെ പോക്കറ്റിലിട്ടു. ഒരു കടലാസ്സുപൊതിയും അവൻ കയ്യിലെടുത്തു. റൊട്ടിക്കഷണമോ മറ്റോ ആയിരിക്കാം. പോകുമ്പോൾ അവന്റെ പിന്നിൽ വാതിൽ ഊക്കോടെ അടഞ്ഞു. റെബ് മൊർദേക്കായ് മെയർ ആടുന്ന കാലുകളിൽ അങ്ങനെ നിന്നുപോയി. വീഴാതിരിക്കാനായി അയാൾ ചുമരിൽ ചാരിനിന്നു. ”ഇത്രവരെ എത്തിയോ?“ അയാൾ തന്നോടുതന്നെ ചോദിച്ചു. ഉറക്കം വരുന്ന പ്രശ്നമില്ല; എന്നാൽ രാവിലത്തെ പ്രാർത്ഥനയ്ക്കുള്ള സമയവുമായിട്ടില്ല. രാത്രി കഴിഞ്ഞിട്ടില്ല, പകലായിട്ടുമില്ല.

ഉറയ്ക്കാത്ത കാലുകളിൽ റെബ് മൊർദേക്കായ് മെയർ ജനാലയ്ക്കടുത്തേക്കു നടന്നു. വലതുഭാഗത്ത് മാനമപ്പോഴും ഇരുണ്ടുകിടക്കുകയായിരുന്നു. എന്നാൽ ഇടത്ത്, കിഴക്കായി, പകലുപോലെ വെളിച്ചം പരന്നിരുന്നു. തെരുവിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ഒരു ബേക്കറി ജോലിക്കാരൻ വെളുത്ത പാന്റുമിട്ട്, കാലിൽ ചെരുപ്പില്ലാതെ കടന്നുപോയി; അവന്റെ തലയിലെ താമ്പാളത്തിൽ റൊട്ടിയോ അപ്പമോ ആയിരിക്കണം. “എന്തായാലും ബേക്കറി സാധനങ്ങൾ വേണ്ടിവരും,” റെബ് മൊർദേക്കായ് മെയർ പിറുപിറുത്തു.

ഫ്യൂലിയെ നടപ്പാതയിൽ കാണുമെന്നാണ്‌ അയാൾ പ്രതീക്ഷിച്ചത്; എന്നാൽ കണ്ടില്ല. ഗേറ്റ് ഇപ്പോഴും പൂട്ടിക്കിടക്കുകയായിരിക്കാം. അവനിവിടെ കൂട്ടുകാരുണ്ടായിരിക്കണം, റെബ് മൊർദേക്കായ് മെയർ തീരുമാനിച്ചു. കഷ്ടം, കഷ്ടം, എന്റെ ജനങ്ങൾ ഇങ്ങനെയായല്ലോ! ഇതാദ്യമായി അയാൾക്ക് ബെലെ റ്റെമെയോട് അസൂയ തോന്നി- അവൾക്കീ ദുരന്തങ്ങളൊന്നും കാണേണ്ടിവന്നില്ലല്ലോ. അവളിപ്പോൾ സ്വർഗ്ഗത്തായിരിക്കണം. ഇന്നേ ദിവസം വരെ റെബ് മൊർദേക്കായ് മെയർ പ്രാർത്ഥനകൾക്കിടയിൽ തന്റെ ഭാര്യയെ ഓർത്തിട്ടില്ല. ഒരു ജൂതൻ ദൈവത്തിനോടു നേരിട്ടു പ്രാർത്ഥിക്കണമെന്നാണു വച്ചിരിക്കുന്നത്, പുണ്യാത്മാവായ ഒരു സ്ത്രീയോടോ പുരുഷനോടോ അല്ല. എന്നാലിപ്പോൾ റെബ് മൊർദേക്കായ് മെയർ ബെലെ റ്റെമെയുടെ ആത്മാവിനോടു സംസാരിക്കാൻ തുടങ്ങി. “അവൻ നിന്റെ പേരക്കുട്ടിയാണ്‌. അവനു വേണ്ടി മാദ്ധ്യസ്ഥം പറയുക. അവനു ദോഷമൊന്നും വരാതിരിക്കട്ടെ, അവൻ, ദൈവം സഹായിച്ച്, ആർക്കും ദ്രോഹമൊന്നും ചെയ്യാതിരിക്കട്ടെ.”

വലതുഭാഗത്തായി ചന്ദ്രനെ അപ്പോഴും കാണാമായിരുന്നു. റെബ് മൊർദേക്കായ് മെയർ അതിനെ നോക്കി, താൽമൂദ് പ്രകാരം ഉയർന്ന വെളിച്ചത്തോടു കുശുമ്പു തോന്നിയ താഴ്ന്ന വെളിച്ചം; അതിനു പകരം കൊടുത്തതാണ്‌ നക്ഷത്രങ്ങളെ. അതിനർത്ഥം അങ്ങുന്നതങ്ങളിലുമുണ്ട് അസൂയ എന്നാണ്‌, പാതി ചോദ്യം പോലെയും പാതി പ്രസ്താവന പോലെയും റെബ് മൊർദേക്കായ് മെയർ ഉള്ളിൽ പറഞ്ഞു. ജനാലയ്ക്കൽ നിന്നു പോരാൻ അയൾക്കു തോന്നിയില്ല; ഫ്യൂലിയെ ഒന്നുകൂടി കണാൻ പറ്റിയാലോ എന്നാശിക്കുകയായിരുന്നു അയാൾ. എബ്രഹാമിനും പേരക്കുട്ടിയായി ഒരു യേശാവു ഉണ്ടായിരുന്നു എന്ന ചിന്ത അയാളുടെ മനസ്സിലൂടെ കടന്നുപോയി. മകനായി ഇസ്മായേലും കെട്ടൂരയുടെ* പുത്രന്മാരും ഉണ്ടായിരുന്നു. വിശുദ്ധരിൽ നിന്നുപോലും നല്ല വിത്തുകൾ മാത്രമല്ല ഉണ്ടായത്. ഈ സമയത്ത് പെട്ടെന്ന് തെരുവാകെ അരുണാഭമായി. വിസ്റ്റുലയുടെ* കരകൾക്കു മേലേ കൂടി സൂര്യൻ ഉദിച്ചുയർന്നുകഴിഞ്ഞിരുന്നു. പാതയിൽ പാകിയ കല്ലുകൾക്കു മേൽ കുതിരക്കുളമ്പടികളുയർന്നു, കിളികൾ ചിലയ്ക്കുന്നതും കേട്ടുതുടങ്ങി. അശ്വാരൂഢരായ സൈനികർ തിളങ്ങുന്ന വാളുകളുമേന്തി അണിയിട്ടുവരുന്നത് റെബ് മൊർദേക്കായ് മെയർ കണ്ടു. അവരുടെ നോട്ടം കെട്ടിടങ്ങളുടെ മുകൾനിലകളിലേക്കായിരുന്നു.

ഇവർക്കെതിരെയാണോ ഫ്യൂലി യുദ്ധം ചെയ്യാൻ പോയത്? റെബ് മൊർദേക്കായ് മെയർ ചിന്തയിലാണ്ടു. അയാൾക്കു തണുപ്പു തോന്നി, അയാൾ കിടുങ്ങിവിറച്ചു. ലോകത്തു നിന്നു വിട്ടുപോകാൻ ഇത്രയുമൊരാഗ്രഹം മുമ്പൊരിക്കലും അയാൾക്കു തോന്നിയിട്ടില്ല. ഇപ്പോൾ മരിക്കാൻ തയ്യാറാണയാൾ. കണ്ണീരിന്റെ താഴ്‌വരയിലൂടെ ഇനിയുമെത്രനൾ താൻ അലഞ്ഞുനടക്കണം? വ്യർത്ഥമായ ഈ കൂട്ടക്കുഴപ്പത്തിനു സാക്ഷിയാകുന്നതിനെക്കാൾ ഭേദം ഗെഹന്നയിലെ പീഡാനുഭവങ്ങളിലൂടെ കടന്നുപോകുന്നതാണ്‌.

അനിശ്ചിതത്വവും ഒച്ചപ്പാടും അതിരാവിലേ തുടങ്ങിയിരുന്നു. കലാപകാരികൾ ഈ തെരുവിൽ വച്ചുതന്നെ സാറിനെ കീഴടക്കാൻ നോക്കുകയാണെന്നു തോന്നി. ഓരോ ഗേറ്റും തുറന്ന് പാടിയും ആർത്തുവിളിച്ചും മുഷ്ടി ഉയർത്തിയും ചെറുപ്പക്കാർ പുറത്തേക്കു വരികയായിരുന്നു. പോലീസുകാർ വാളുമൂർ ഊരിയ വാളുമായി അവരെ പിന്തുടരുകയും നിറയൊഴിക്കുകയും ചെയ്തു. പാട്ടുകളുടേയും ഒച്ചവയ്പിന്റെയും അകമ്പടിയോടെ ഒരു ചെങ്കൊടി ഉയർന്നു. കടകൾ അടഞ്ഞുകിടന്നു. ഗേറ്റുകൾ പൂട്ടിയിരുന്നു. ചെവി തുളയ്ക്കുന്ന പോലീസ് വിസിലുകൾ കേൾക്കാമായിരുന്നു. ആംബുലൻസുകൾ പ്രത്യക്ഷപ്പെട്ടു; അല്പനേരത്തേക്ക് തെരുവു ശൂനവുമായി. ആരോ പൊക്കിപ്പിടിച്ചിരുന്ന ചെങ്കൊടി അഴുക്കു പിടിച്ച്, കീറി ഓടയിൽ കിടക്കുകയാണ്‌. തെരുവിൽ പിന്നെയും ആളു നിറഞ്ഞു. മറ്റൊരു ചെങ്കൊടി ഉയർന്നുപാറി. പിന്നെയും ഒച്ചവയ്പുണ്ടായി, കാലടികൾ ആഞ്ഞുപതിക്കുന്നതും കേട്ടു.

പിന്നെയും നോക്കിനില്ക്കുന്നത് റെബ് മൊർദേക്കായ് മെയറിനു താങ്ങാൻ പറ്റുന്നതായിരുന്നില്ല. സ്വതന്ത്രേച്ഛയ്ക്കു മുമ്പ്, പ്രതിഫലത്തിനും ശിക്ഷയ്ക്കും മുമ്പ്, മുക്തിയ്ക്കു മുമ്പ് തീർച്ചയായും ദൈവത്തിന്റെ വെളിച്ചം മങ്ങണം, അവന്റെ മുഖം മറയുകയും വേണം. എന്നാൽ തന്റെ ശക്തി വെളിപ്പെടുത്തുന്നതിന്‌ സർവ്വശക്തനു മറ്റൊരു വഴി കണ്ടെത്താമായിരുന്നില്ലേ? താടി വടിച്ച്, കുറിയ കോട്ടു ധരിച്ച ഈ ചെറുപ്പക്കാർ നിരക്ഷരായ ഗ്രാമീണരെപ്പോലെ അലറുകയാണ്‌. സ്ത്രീകൾ ചീറുന്നതും ഇടയ്ക്കൊക്കെ കേട്ടിരുന്നു. ഒരു പോലീസുകാരനെ പിടിച്ചു തല്ലുന്നുണ്ടായിരുന്നു, ഒരു കുതിര കാലൊടിഞ്ഞ് വീണു കിടന്നിരുന്നു. ആ സാധുമൃഗം എന്തു കുറ്റം ചെയ്തു? പൂർവ്വജന്മത്തിൽ ചെയ്ത ഏതോ പാപത്തിനു പ്രായശ്ചിത്തം ചെയ്യുന്ന ഒരാത്മാവിന്റെ പുനർജ്ജന്മമായിരിക്കണം അല്ലെങ്കിലത്.

റെബ് മൊർദേക്കായ് മെയർ പ്രാർത്ഥിക്കാൻ തുടങ്ങി. ഇങ്ങനെയൊരു ദിവസം എന്തായാലും സിനഗോഗിലേക്കു പോകാൻ ഒരു വഴിയുമില്ല. അയാൾ പ്രാർത്ഥനാവസ്ത്രമെടുത്തു ചുറ്റി, അതിന്റെ തുമ്പുകൾ ചുംബിച്ചിട്ട് വചനങ്ങൾ എഴുതിവച്ച ചെപ്പുകൾ കയ്യിലും തലയിലും മുട്ടിച്ചു. പതിനെട്ടനുഗ്രഹങ്ങൾ ചൊല്ലുമ്പോഴേക്കും അയാളുടെ കാലുറയ്ക്കാതായിരുന്നു. അയാൾ പ്രാർത്ഥിക്കുന്ന നേരത്ത് തെരുവിലെ ഒച്ചയും ബഹളവും കൂടുകയായിരുന്നു. പരിക്കേറ്റവരുടെ നിലവിളികൾ അയാൾ കേട്ടു. എതിരേയുള്ള ചുമരിൽ ചോര തെറിച്ചുവീണു. അമ്മമാർ ഉദരത്തിൽ വഹിക്കുകയും പ്രസവിക്കുകയും പാലൂട്ടുകയും അവരുടെ ഏറ്റവും ചെറിയ ഏനക്കേടിൽപ്പോലും ആധിപ്പെടുകയും ചെയ്ത കുട്ടികൾ ഇപ്പോൾ പ്രാണവേദനയോടെ ചെളിയിൽ കിടന്നുപിടയുന്നു. “എനിക്കു താങ്ങാവുന്നതിലുമധികമായല്ലോ, എനിക്കു വിധിച്ച ശിക്ഷ!”

രാവിലത്തെ പ്രാർത്ഥനയ്ക്കു ശേഷം സാധാരണയായി റെബ് മൊർദേക്കായ് മെയർ കൈകൾ ശുദ്ധി ചെയ്തിട്ട് എന്തെങ്കിലുമൊന്നു കഴിക്കും: ഒരു കഷണം റൊട്ടി, ഒരല്പം ചീസ്, ഒരു മീൻതുണ്ടം ചിലപ്പോൾ, ഒരു ഗ്ലാസ് ചായ. ഇന്നു പക്ഷേ, അയാൾക്കൊന്നും കഴിക്കാൻ തോന്നിയില്ല; ഒന്നും തൊണ്ടയിൽ നിന്നു തഴേക്കു പോകില്ല. മിഡ്രാഷിലെ ഈ ഭാഗം അയാൾ തന്നെത്തന്നെ ഓർമ്മിപ്പിച്ചു: “മിസ്രയീമ്യർ ചെങ്കടലിൽ മുങ്ങിത്താഴുമ്പോൾ മാലാഖമാർ അവന്റെ സ്തുതികളാലപിക്കാൻ ആഗ്രഹിച്ചു; സർവ്വശക്തനെന്നാൽ അവരെ വിലക്കി: ‘എന്റെ സൃഷ്ടികൾ കടലിൽ മുങ്ങിത്താഴുമ്പോൾ നിങ്ങൾക്കു പാടാൻ തോന്നുകയോ!’”മർദ്ദകരായ മിസ്രയീമ്യരോടു പോലും സ്രഷ്ടാവിനു കരുണയുണ്ടായിരുന്നു.

തല ചുറ്റുന്നുവെന്നു തോന്നിയപ്പോൾ റെബ് മൊർദേക്കായ് മെയർ സോഫ മേൽ കിടന്നു. വെളിച്ചം മുഖത്തടിക്കാതിരിക്കാനായി അയാൾ വക്കു പരന്ന തൊപ്പിയെടുത്തു കണ്ണുകൾക്കു മേൽ വച്ചു. അല്പനേരത്തേക്കയാൾ ഉറങ്ങുകയോ ഉണർന്നിരിക്കുകയോ എന്നു പറയാനാവാത്ത സ്ഥിതിയിലായിരുന്നു. ഒടുവിലയാൾ ഉറക്കത്തിലേക്കു വീണു, പല രാത്രികൾ ഉറക്കം കിട്ടാതെ വല്ലാതെ തളർന്നുപോയവരുടെ ഗാഢനിദ്രയിൽ. അയാൾ സ്വപ്നം കണ്ടു, എന്നാൽ ആ സ്വപ്നം എന്തായിരുന്നുവെന്ന് പിന്നയാൾക്ക് ഓർമ്മ വന്നതുമില്ല.

പുറത്തെ ഒച്ചപ്പാടു കൂടിക്കൂടി വരികയായിരുന്നു. ഒരു ഞെട്ടലോടെ അയാൾ ഉറക്കത്തിൽ നിന്നുണർന്നു. നിലവിളികളും വെടിയൊച്ചകളും മാറ്റൊലിക്കൊണ്ടു. സ്ത്രീകളുടെ കൂട്ടവിലാപങ്ങളും നായ്ക്കൾ കുരയ്ക്കുന്നതും റെബ് മൊർദേക്കായ് മെയർ മനസ്സിൽ കണ്ടു. ഒരു നിമിഷത്തെ ശാന്തതയിൽ കിളികൾ പാടുന്നത് റെബ് മൊർദേക്കായ് മെയർ കേട്ടു; ആ കൂട്ടഭ്രാന്തിനിടയിലും അവ തങ്ങളുടെ ദൗത്യം നിറവേറ്റുകയായിരുന്നു. മനുഷ്യന്റെ ഇറകൾക്കടിയിൽ കൂടു കൂട്ടുകയും അവന്റെ ഉച്ഛിഷ്ടം കൊത്തിപ്പെറുക്കുയും അവന്റെ ടെലിഫോൺ കമ്പികളിൽ തത്തിച്ചാടിനടക്കുകയും ചെയ്യുമ്പോൾത്തന്നെ മനസ്സിൽ കണക്കുകൂട്ടലുകളും ഉത്കർഷേച്ഛകളുമായി നടക്കുന്ന മനുഷ്യരെ അവഗണിക്കുകയുമായിരുന്നു ആ ജീവികൾ. തങ്ങൾക്കു പിടി കിട്ടാത്ത ജീവികൾ മനുഷ്യർക്കും സഹായമാവുകയാണ്‌.

ഒരു കപ്പു ചായ ഉണ്ടാക്കാമെന്ന ഉദ്ദേശ്യത്തോടെ റെബ് മൊർദേക്കായ് മെയർ എഴുന്നേറ്റു. അയാൾ അടുക്കളയിലേക്കു ചെന്ന് തീപ്പെട്ടി തപ്പിപ്പിടിച്ചെടുത്തിട്ട് പൈപ്പിൽ നിന്ന് കെറ്റിലിൽ വെള്ളമെടുത്തു. ഒരു റൊട്ടിക്കഷണത്തിന്റെ കാൽഭാഗവും (അത് തലേ രാത്രിയിൽ ഫ്യൂലി വാങ്ങിയതായിരിക്കും) പഴകിയ ഒരു കേക്കിന്റെ തുണ്ടും അവിടെയുണ്ടായിരുന്നു. തീപ്പെട്ടിയുരയ്ക്കാൻ തുടങ്ങിയപ്പോഴാണ്‌ താനന്ന് ഉപവാസമിരിക്കാൻ തീരുമാനിച്ചതാണല്ലോയെന്ന് വൃദ്ധന്‌ പെട്ടെന്നോർമ്മ വന്നത്. “ഇന്നെനിയ്ക്ക് റ്റിഷ ബോവ്* ആണ്‌. ഇന്നു ഞാൻ ഒന്നും തിന്നുകയും കുടിക്കുകയുമില്ല.”എന്നിട്ടയാൾ തീപ്പെട്ടി താഴെ വച്ചു.

ഇരുപ്പുമുറിയിൽ ഒരു ചുമരലമാരയുണ്ടായിരുന്നു; അയാൾ അതിലെ പുസ്തകങ്ങളിലൂടെ വിരലോടിച്ചു. താൽമൂദ് വായിക്കാനുള്ള ബലം അയാൾക്കില്ലായിരുന്നു; എന്നാൽ ഒരു ഹസീദ് പുസ്തകത്തിലൂടെ ഒന്നു കണ്ണോടിക്കാൻ അയാൾക്കാഗ്രഹമുണ്ടായിരുന്നു. യാക്കൂബ് യോസഫിന്റെ തലമുറകൾ ആയാലോ? അയാൾ വലിച്ചെടുത്തത് ഷിലോയിലെ കടൽ എന്ന അധിക പേജുകളില്ലാത്ത ഒരു കൊച്ചുപുസ്തകമാണ്‌; റാഡ്സിം പരമ്പരയിലെ ആദ്യത്തെയാൾ എഴുതിയത്. അയാൾക്കത്ഭുതം തോന്നി; തന്റെ പക്കൽ അങ്ങനെയൊരു പുസ്തകമുണ്ടെന്നുതന്നെ അയാൾക്കറിയില്ലായിരുന്നു. റെബ് മൊർദേക്കായ് മെയർ മദ്ധ്യഭാഗത്തെ ഒരു പേജെടുത്തു തുറന്നു. സ്രഷ്ടാവിന്റെ മഹത്വം ഗ്രഹിക്കാനുള്ള വഴി അവനവന്റെ ശൂന്യത തിരിച്ചറിയുക എന്നതാണെന്ന് അതിൽ അയാൾ വായിച്ചു. മനുഷ്യൻ തന്നെത്തന്നെ പ്രധാനമായി ഗണിക്കുന്നിടത്തോളം കാലം അവന്റെ കണ്ണുകൾ പരലോകത്തിനു നേർക്ക് അന്ധമായിരിക്കും. റെബ് മൊർദേക്കായ് മെയർ തന്റെ താടി കൂട്ടിപ്പിടിച്ചു. ഉടലിനു മറവി പറ്റും. സാത്താനും മറവിയുടെ തമ്പുരാനും ഒരുമിച്ചാണു നടക്കുക. അവരിനി ഒരേയാളാണെന്നും വരുമോ?

പുറത്ത് അസാധാരണമായ ശാന്തതയാണെന്ന് പെട്ടെന്നയാൾ ശ്രദ്ധിച്ചു. അവർ തളർന്നുപോയോ? അയാൾ ജനാലയ്ക്കലേക്കു ചെന്നു നോക്കിയപ്പോൾ തെരുവ് ശൂന്യമായിരുന്നു, കടകൾ അടഞ്ഞുകിടക്കുകയായിരുന്നു. അസ്തമയമാവുകയാണ്‌. “അവർക്ക് ,എന്തു പേരാണവർ പറഞ്ഞത്, ഭരണഘടന കയ്യിൽ കിട്ടിയോ?” അയാൾ ആലോചിച്ചു. ആഴ്ചയവസാനമല്ലാത്ത ഒരു ദിവസം കടകൾ അടഞ്ഞുകാണുക മനസ്സിന്‌ അസാധാരണമായി തോന്നും. സാധാരണഗതിയിൽ ചെറുപ്പക്കാരെയും പലതരം വഴിവാണിഭക്കാരെയും ഒരു പണിയുമില്ലാതെ തെണ്ടിനടക്കുന്നവരെയും കൊണ്ടു തിങ്ങിനിറയുന്ന ചത്വരം അന്നേരത്ത് പാതിരാത്രിയിലെന്നപോലെ ശൂന്യമായിരുന്നു.

ഈ സമയത്ത് കോണിപ്പടിയിൽ കനത്ത കാൽവയ്പ്പുകൾ അയാൾ കേട്ടു; തന്റെ നേർക്കാണവ വരുന്നതെന്നും മോശം വാർത്തകളുമായിട്ടാണ്‌ അവ വരുന്നതെന്നും ഒറ്റ നിമിഷത്തിൽ അയാളറിഞ്ഞു. അയാളുടെ ദേഹം വിറച്ചു, ഒരു പ്രാർത്ഥന ഉരുവിടുന്നതിനായി അയാളുടെ ചുണ്ടുകളിളകി; സംഭവിച്ചുകഴിഞ്ഞതിനെ ഓതിയകറ്റാൻ വൈകിപ്പോയിരിക്കുന്നു എന്ന് അയാൾക്കെന്നാൽ ബോദ്ധ്യമാവുകയും ചെയ്തിരുന്നു. അല്പനേരത്തേക്ക് ഒരു ശബ്ദവും കേട്ടില്ല; തനിയ്ക്കു തെറ്റു പറ്റിയതാവാമെന്ന ഒരു ചിന്ത അയാളുടെ മനസ്സിലൂടെ പാഞ്ഞുപോവുകയും ചെയ്തു. അപ്പോൾ വാതിലിൽ ആരോ ആഞ്ഞുമുട്ടുന്നതും ബൂട്ടുകളുടെ കനത്ത ഒച്ചയും അയാളുടെ കാലുകളെ ബലഹീനമാക്കി. തനിക്കു വാതിലിനടുത്തേക്കെത്താൻ കഴിയില്ലെന്ന് അയാൾക്കു തോന്നിപ്പോയി. എന്നാൽ അയാൾ ചെന്നു വാതിൽ തുറന്നു, കാണുമെന്നയാൾ പ്രതീക്ഷിച്ചതുതന്നെ അയാൾ കാണുകയും ചെയ്തു: നാലു പേർ ഒരു സ്ട്രെച്ചറിൽ ഒരു ശരീരവും കൊണ്ടു നില്ക്കുകയാണ്‌- ഫ്യൂലിയുടെ. ശവമഞ്ചമെടുക്കുന്നവരുടെ വികാരഹീനമായ മുഖത്തോടെ അവർ മുറിയിലേക്കു കയറി.

“കൊലയാളികൾ അവനെ കൊന്നുകളഞ്ഞു,” ഒരാൾ ഒച്ച ഉയർത്തി പറഞ്ഞു. “”എവിടെ ഇറക്കിവയ്ക്കണം?“ രണ്ടാമതൊരാൾ ചോദിച്ചു. റെബ് മൊർദേക്കായ് മെയർ തറ ചൂണ്ടിക്കാണിച്ചു. മരിച്ചയാൾ ചോര വാർക്കുകയായിരുന്നു. തറയിൽ ചോര തളം കെട്ടിക്കിടന്നു. വിരിയ്ക്കടിയിൽ നിന്ന് ഒരു കൈ പുറത്തേക്കു തള്ളിനിന്നു- വിളറിയ, ബലഹീനമായ, ജീവനറ്റ ഒരു കൈ; അതിനിനി ഒന്നുമെടുക്കാൻ കഴിയില്ല, ഒരു സമ്മാനമോ ഒരൗദാര്യമോ ഒരു ഭരണഘടനയോ…

റെബ് മൊർദേക്കായ് മെയറുടെ അടിവയർ ഒരു ചെണ്ട പോലെ വീർത്തു. ”സർവ്വശക്തനായ ദൈവമേ, ഇനിയെനിക്കു ജീവിക്കണമെന്നില്ല. മതിയായി!“ ഈ വാർദ്ധക്യത്തിൽ അവൻ തനിക്കു വിധിച്ച ശിക്ഷയുടെ പേരിൽ അയാൾക്ക് ദൈവത്തിനോടു കോപം തോന്നി. അയാൾക്കു ഛർദ്ദിക്കാൻ വന്നു; കുളിമുറിയിലേക്കയാൾ വലിഞ്ഞിഴഞ്ഞു ചെന്നു; ഇന്നേരം മുഴുവൻ താൻ ഉപവസിക്കുകയായിരുന്നില്ല, തിന്നുകയും കുടിക്കുകയുമായിരുന്നു എന്നപോലെ അയാൾ ഛർദ്ദിച്ചു. അയാളുടെ കണ്ണുകൾക്കു മുന്നിൽ തീ ആളിക്കത്തി. ജീവിതത്തിൽ ഇന്നേവരെ അയാൾ ദൈവത്തിനോടു പരാതി പറഞ്ഞിട്ടില്ല. അയാൾ പിറുപിറുത്തു, “ഈ പീഡ ഞാനർഹിക്കുന്നതല്ല!” താൻ ദൈവനിന്ദ ചെയ്യുകയാണെന്ന് അയാൾക്കു മനസ്സിലാവുകയും ചെയ്തു.
*

രാത്രി ഏറെച്ചെന്നപ്പോൾ പിന്നെയും അരോ അയാളുടെ വാതിലിൽ മുട്ടി. “ആരാണത്, വേറൊരു ശവം?” റെബ് മൊർദേക്കായ് മെയർ ഉത്ക്കണ്ഠയോടെ തന്നോടുതന്നെ ചോദിച്ചു. സങ്കീർത്തനങ്ങളും ഉരുവിട്ടുകൊണ്ട് ഫ്യൂലിയുടെ ജഡത്തിനരികിൽ ഇരിക്കുകയായിരുന്നു അയാൾ. ചെന്നു വാതിൽ തുറന്നപ്പോൾ ആദ്യം ഒരു പോലീസുകാരൻ കയറിവന്നു, പിന്നാലെ സിവിൽ വേഷത്തിൽ ഒരാളും അയാൾക്കു പിന്നിൽ വേറേ രണ്ടു പോലീസുകാരും വീടുനോട്ടക്കാരനും. അവർ തമ്മിൽത്തമ്മിൽ റഷ്യനിൽ എന്തോ പറഞ്ഞു; റെബ് മൊർദേക്കായ് മെയറിന്‌ അവരുടെ ഭാഷ മനസ്സിലായില്ല. അയാൾ ജഡടം ചൂണ്ടിക്കാണിച്ചു, പക്ഷേ അവർ മുഖം തിരിച്ചുകളഞ്ഞു.

ഒരു പരിശോധന തുടങ്ങി. വലിപ്പുകൾ തുറന്നിട്ടു, കടലാസ്സുകൾ വാരിവലിച്ചിട്ടു. സിവിൽ വേഷത്തിലുള്ളയാൾ മേശയ്ക്കുള്ളിൽ നിന്ന് ഫ്യൂലി നെഖാമ കാറ്റ്സിനു കൊടുക്കാനേല്പിച്ച തടിച്ച കവർ പുറത്തെടുത്തു. അയാൾ അതു തുറന്നിട്ട് കുറേ കടലാസ് ഷീറ്റുകളും ഒരു നോട്ടുബുക്കും ഒരു നിക്കൽ വാച്ചും വേറേ ചില സാധനങ്ങളും പുറത്തെടുത്തു. അയാൾ കത്തിന്റെ ഒരു ഭാഗം അവരെ വായിച്ചു കേൾപ്പിച്ചു- റഷ്യനിൽ. അതിൽ ഒരാൾ പുഞ്ചിരിച്ചു. വേറൊരാൾ ഒന്നും മിണ്ടാതെ തുറിച്ചുനോക്കി. അയാൾ പിന്നെ റെബ് മൊർദേക്കായ് മെയറിനോട് മുറിയിദ്ദിഷിൽ ഇങ്ങനെ പറഞ്ഞു: “അമ്മാവാ, വരൂ.”

“എന്ത്? എങ്ങോട്ട്?”

“വരാൻ.”

“ജഡത്തിന്റെ കാര്യമോ?”

“വരൂ, വരൂ.”

നോട്ടക്കാരൻ എവിടെ നിന്നോ റെബ് മൊർദേക്കായ് മെയറിന്റെ കോട്ട് എടുത്തുകൊണ്ടുവന്നു. അവരിൽ പ്രധാനിയെന്നു തോന്നിയ ആളിനോട് എന്തിനാണു തന്നെ അറസ്റ്റു ചെയ്യുന്നതെന്നു ചോദിക്കണമെന്ന് റെബ് മൊർദേക്കായ് മെയറിനുണ്ടായിരുന്നു, എന്നാൽ അയാൾക്ക് പോളിഷും റഷ്യനും അറിയുകയില്ല. എന്തായാലും ചോദിച്ചിട്ടു കാര്യവും എന്തിരിക്കുന്നു? സിവിൽ വേഷമിട്ടയാൾ അയാളുടെ ഒരു കൈയ്ക്കു പിടിച്ചു, ഒരു പോലീസുകാരൻ മറ്റേക്കയ്യും; എന്നിട്ടവർ അയാളെ ഇരുണ്ടുകിടക്കുന്ന ഇടനാഴിയിലൂടെ നടത്തിക്കൊണ്ടുപോയി. ജാനിറ്റർ തീപ്പെട്ടിക്കൊള്ളികൾ ഉരച്ചുകൊണ്ടിരുന്നു. അയാൾ ഗേറ്റു തുറന്നു. ജനാലകളിൽ അഴികളിട്ട ഒരു ചെറിയ വണ്ടി പുറത്തു കിടപ്പുണ്ടായിരുന്നു. ഉള്ളിലേക്കു കയറാൻ റെബ് മൊർദേക്കായ് മെയറിനെ അവർ സഹായിച്ചു; അയാളെ അവർ ഒരു ബഞ്ചിൽ ഇരുത്തി. ഒരു പോലീസുകാരൻ അയാൾക്കടുത്തിരുന്നു. വണ്ടി സാവധാനം നീങ്ങാൻ തുടങ്ങി.

“ഇതെന്റെ ശവമടക്കമാണെന്നു ഞാൻ മനസ്സിൽ കാണട്ടെ,” റെബ് മൊർദേക്കായ് മെയർ തന്നോടുതന്നെ പറഞ്ഞു. “ആരുമെനിക്ക് കാദീശ് ചൊല്ലാൻ പോകുന്നില്ല.”

അസാധാരണമായ ഒരു ശാന്തത അയാൾക്കു തോന്നി; ഒപ്പം, ഇതിലും മോശമായതൊന്നു വരാനില്ല എന്ന മട്ടിൽ അത്രയ്ക്കു വലുതായ ഒരു നിർഭാഗ്യത്തിന്റെ കൂടെ വരുന്ന പൂർണ്ണമായ അടിയറവും. നേരത്തേ, അവർ ഫ്യൂലിയുടെ ജഡം കൊണ്ടുവന്നപ്പോൾ, മനസ്സിൽ കലഹിച്ചിരുന്നു; എന്നാലിപ്പോൾ അയാൾക്ക് തന്റെ അമർഷത്തിന്റെ പേരിൽ കുറ്റബോധം തോന്നി. “സ്വർഗ്ഗസ്ഥനായ പിതാവേ, എന്നോടു പൊറുക്കേണമേ.” ഒരു താൽമൂദ് വചനം അയാൾക്കപ്പോൾ ഓർമ്മ വന്നു: “കഠിനവേദനയിൽ പറഞ്ഞ വാക്കുകൾക്ക് ഒരാൾ ശിക്ഷയ്ക്കു വിധേയനാകേണ്ടതില്ല.”

“സമയം എന്തായിക്കാണും?‘ അയാൾ ആലോചിച്ചു. താൻ പ്രാർത്ഥനയ്ക്കുള്ള ഷാളും ചുരുണച്ചെപ്പും എടുത്തിട്ടില്ലെന്ന് പെട്ടെന്നയാൾക്കോർമ്മ വന്നു. എന്തു ചെയ്യാൻ, ഇനി പറഞ്ഞിട്ടു കാര്യമില്ല. റെബ് മൊർദേക്കായ് മെയർ തന്റെ പാപങ്ങൾ കുമ്പസാരിക്കാൻ തുടങ്ങി. ”ഞങ്ങൾക്കു വഴി പിഴച്ചു, ഞങ്ങൾ ഒറ്റു കൊടുത്തു, ഞങ്ങൾ കബളിപ്പിച്ചു, ഞങ്ങൾ വഞ്ചിച്ചു…“ അയാൾ കൈ പൊക്കിയിട്ട് തന്റെ മാറത്തടിക്കാൻ മുഷ്ടി ചുരുട്ടാൻ നോക്കി; എന്നാൽ അയാളുടെ വിരലുകൾ മരവിച്ചിരിക്കുകയായിരുന്നു. എന്തായാലും അയാൾ തന്റെ തെറ്റുകൾക്കു പ്രായശ്ചിത്തം ചെയ്തുകഴിഞ്ഞിരിക്കുന്നു; റെബ് മൊർദേക്കായ് മെയർ ചിന്തിച്ചത് ഫ്യൂലിയെക്കുറിച്ചാണ്‌. അവന്റെ ലക്ഷ്യങ്ങൾ നല്ലതായിരുന്നു. അവനു പാവങ്ങളെ സഹായിക്കണമെന്നുണ്ടായിരുന്നു. പട്ടിണി കിടക്കുന്നവരോട് അവനു സഹതാപമുണ്ടായിരുന്നു. അതാണവന്റെ മുക്തി എന്നും വരാം. പരലോകത്തു സർവ്വതിനേയും വിലയിരുത്തുന്നത് ഉദ്ദേശ്യങ്ങൾ വച്ചിട്ടാണ്‌. അവന്റെ ആത്മാവ് ഇപ്പോൾത്തന്നെ വിമലമായിട്ടുണ്ടെന്നും വരാം.

മതിയായ ആളെണ്ണമില്ലാതെയോ അടക്കം കഴിയാത്ത ഒരാൾക്കു വേണ്ടിയോ കാദീശ് ചൊല്ലുന്നത് പതിവായിരുന്നില്ല; എന്നാൽ തനിക്കിനി അധികം സമയമില്ലെന്ന് റെബ് മൊർദേക്കായ് മെയറിനറിയാമയിരുന്നു. അയാൾ ഒച്ച താഴ്ത്തിക്കൊണ്ട് കാദീശ് ചൊല്ലി. പിന്നെ തനിക്കു മനഃപാഠമായിരുന്ന മിഷ്‌നയുടെ ഒരദ്ധ്യായവും ചൊല്ലി. “രത്രിയിൽ എപ്പോഴാണ്‌ ഷേമ ചൊല്ലാൻ അനുവാദമുള്ളത്? പുരോഹിതന്മാർ നിവേദ്യം കഴിക്കാൻ ദേവാലയത്തിൽ കയറുന്നതു മുതൽ. റബൈ എലിസെർ അങ്ങനെ പറയുന്നു. ജ്ഞാനികൾ പറയുന്നു: പാതിരാത്രി വരെ.”

“ഏയ്, ജൂതാ, കിഴട്ടുനായേ, നീ ആരോടാണു സംസാരിക്കുന്നത്, നിന്റെ ദൈവത്തോടോ?” പോലീസുകാരൻ ചോദിച്ചു. ആ കുറച്ചു വാക്കുകൾ റെബ് മൊർദേക്കായ് മെയറിനു മനസ്സിലായി. അയാൾക്കെന്തറിയാം? അയാളെങ്ങനെ മനസ്സിലാക്കാൻ? റെബ് മൊർദേക്കായ് മെയർ തന്റെ ചിന്തകൾ കൊണ്ട് അയാൾക്കു പ്രതിരോധം തീർത്തു. ദൈവത്തിൽ നിന്ന് ഒരു തിന്മയും ഉണ്ടാകില്ലെന്നതിനാൽ അവന്റെ പ്രതിരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവർ പൂർണ്ണമായും ദുഷ്ടന്മാരാകാൻ പറ്റില്ല. അയാൾ പോലീസുകാരനോടു പറഞ്ഞു, “അതെ, ഞാൻ ജൂതനാണ്‌. ഞാൻ ദൈവത്തെ പ്രാർത്ഥിക്കുന്നു.”

റെബ് മൊർദേക്കായ് മെയറിന്‌ ആകെയറിയാവുന്ന ജന്റൈൽ വാക്കുകൾ അത്രയുമായിരുന്നു.

***********

1904ൽ പോളണ്ടിലെ ഒരു ഗ്രാമത്തിൽ ജനിച്ച Isaac Bashevis Singer വാഴ്സയിൽ ജൂതർ തിങ്ങിപ്പാർക്കുന്ന നഗരഭാഗത്താണ്‌ വളർന്നത്. ആദ്യകാലത്ത് അച്ഛനെപ്പോലെ റബൈ ആകാണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും പിന്നീട് എഴുത്തുകാരനാകാൻ തീരുമാനിക്കുകയായിരുന്നു. ജർമ്മനിയിൽ നാസികൾ പ്രബലരാകാൻ തുടങ്ങിയതോടെ 1935ൽ അമേരിക്കയിലേക്കു കുടിയേറി ന്യൂയോർക്കിൽ സ്ഥിരതാമസമായി. നോവലുകളും എഴുതിയിട്ടുണ്ടെങ്കിലും കഥാകൃത്ത് എന്ന നിലയിലാണ്‌ സിംഗറുടെ പ്രശസ്തി. 1978ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 1991ൽ അദ്ദേഹം അന്തരിച്ചു.

************

*ലിറ്റ്‌വാക്ക് Litvak- പതിനാലാം നൂറ്റാണ്ടിൽ ലാറ്റ്‌വിയ, ലിത്വേനിയ, റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ രൂപമെടുത്ത ജൂതവിഭാഗം. യുക്തിയുടെ വെളിച്ചത്തിൽ വിശുദ്ധഗ്രന്ഥങ്ങളെ വ്യാഖ്യാനം ചെയ്യുന്ന ഇവർക്ക് ഹസീദുകളെ വിരോധവുമായിരുന്നു.

*ഹസീദിസം Hasidism- പതിനെട്ടാം നൂറ്റാണ്ടിൽ കിഴക്കൻ യൂറോപ്പിൽ ജന്മം കൊണ്ട ഒരു അതിയാഥാസ്ഥിതികജൂതവിഭാഗം. ദൈവവുമായി ഒരു വൈയക്തികബന്ധത്തിന്‌ ഊന്നൽ.

*റബൈ Rabbi- ജൂതമതപണ്ഡിതൻ

*ഗെമാറ Gemara- മിഷ്‌ന എന്ന വാചികപാരമ്പര്യത്തിന്റെ വ്യാഖ്യാനം. രണ്ടും കൂടിച്ചേർന്നതാണ്‌ ജൂതരുടെ അടിസ്ഥാനഗ്രന്ഥമായ താൽമുദ്.

*റ്റോസഫോട്ട് Tosafot- ജർമ്മൻ, ഫ്രെഞ്ച് റബൈകൾ മദ്ധ്യകാലഘട്ടത്തിൽ രചിച്ച താൽമുദ് വ്യാഖ്യാനം

*ഒമെർ പെരുന്നാൾ Omer feast- ജറുസലേം ദേവാലയത്തിൽ ആദ്യത്തെ ബാർലി കതിരുകൾ സമർപ്പിക്കുന്നതിനെ ഓർമ്മിക്കുന്ന ദിവസം

*ഷാവോത്ത് Shavuot- സിനായ് മലയിൽ വച്ച് ദൈവം മോശയ്ക്ക് പത്തു കല്പനകൾ നല്കിയതിന്റെ ഓർമ്മയ്ക്കായുള്ള ദിവസം

*തിഷ ബാവ് Tisha B’Av- ക്രി.മു.586ൽ ബാബിലോണിയക്കാർ ജറുസലേമിലെ ഒന്നാമത്തെ ദേവാലയവും ക്രി.വ.70ൽ റോമാക്കാർ രണ്ടാമത്തെ ദേവാലയത്തെയും നശിപ്പിച്ചതിന്റെ ഓർമ്മയ്ക്കായി ജൂതർ 25 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുന്ന ദിവസം.

*സാന്ത്വനത്തിന്റെ ശാബത്ത് Shabbat Nachamu – തിഷ ബാവിനു ശേഷം വരുന്ന ശാബത്ത് നാൾ

*റോഷ് ഹാഷന Rosh Hashana- ജൂതരുടെ പുതുവർഷം; പ്രപഞ്ചോല്പത്തിയുടെ ദിവസം

*യോം കിപ്പർ Yom Kippur- പ്രായശ്ചിത്തത്തിന്റെ ദിവസം

*തോറ Torah- ഹീബ്രു ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ; ജൂതരുടെ അടിസ്ഥാനഗ്രന്ഥം

*ഗഹെന്ന Gehenna- നരകം

*യാക്കോബ് യോസെഫിന്റെ തലമുറകൾ Toledot Yaakov Yosef- പ്രധാനപ്പെട്ട ഒരു ഹസീദ് ഗ്രന്ഥം

*ജന്റൈൽ Gentile- ജൂതരല്ലാത്തവരെ കുറിയ്ക്കുന്ന ലാറ്റിൻ വാക്ക്

*ഷേമ Shema- ജൂതരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥന

കവർ : സുധീർ എം എ

വര : പ്രസാദ് കാനാത്തങ്കൽ

+ posts

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.