പൂമുഖം LITERATUREകഥ വെള്ളി നാണയം

വെള്ളി നാണയം

ഗൾഫിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖരിൽ ഒരാളാണ് എസ്. കെ. മേനോൻ എന്ന സുകുമാരൻ .

അയാളുടെ അനുജൻ കൃഷ്ണൻ നായർ ഇന്നും നാട്ടിലൊരു കൃഷിക്കാരൻ ആണ്. രണ്ടുപേരുടെയും അച്ഛനും അമ്മയും ഒന്നു തന്നെയാണ്..
ഈ മേനോനും നായരും തമ്മിലുള്ള വ്യത്യാസമിതാണ്.

ആർക്കും എന്തു സഹായം വേണമെങ്കിലും മേനോൻ ചെയ്തു കൊടുക്കും ആളെ ഒന്നു വലുതാക്കി വെച്ചാൽ മാത്രം മതി.വെളുത്തു തടിച്ചു ഉയരത്തിൽ കാണാൻ സുമുഖനായ അയാളുടെ ചിരിച്ചുള്ള ഫോട്ടോ അമ്പലങ്ങളിലും വായനശാലയിലും ബസ്റ്റോപ്പിലുമെല്ലാം കാണാം.

നാട്ടിലെ ഒരുപാട് ചെറുപ്പക്കാർക്ക് അയാളുടെ ഗൾഫിലെ സ്ഥാപനങ്ങളിൽ ജോലി കൊടുത്തിട്ടുണ്ട്. ചില അസൂയക്കാർ അയാളെ വെള്ളിനാണയം എന്ന് കളിയാക്കി വിളിക്കും.വെള്ളിനാണയം എന്ന പേര് കേട്ടാൽ അയാൾക്ക്‌ കലി വരും.

കുട്ടിയായിരിക്കുമ്പോൾ സുകുമാരൻ അമ്മയോട് ചോദിച്ചു…

“അമ്മേ എന്തിനാ നമ്മുടെ മുത്തശ്ശിയെ നാട്ടുകാർ വെള്ളിനാണയം നാണിയമ്മ എന്ന് പറയുന്നത് .”

അന്ന് അമ്മ ചൂടായി പറഞ്ഞു..

“നീ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കുന്നത്.. പോയി പഠിക്കാൻ നോക്കെടാ ചെക്കാ”

മറുപടി പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിച്ചാൽ സ്ഥിരമായി അമ്മമാരുടെ അവസാന അടവ് തന്നെയാണ് ആ അമ്മയും പ്രയോഗിച്ചത്..
പിന്നെ പാവം കുട്ടിയൊന്നും അന്വേഷിക്കാൻ പോയില്ല..

നാണിയമ്മ ബ്ലൗസ് ഇടുകയില്ല..
നല്ല വെളുത്ത മുണ്ട് ഉടുത്തു ഒരു തോർത്തു കൊണ്ട് പുതച്ചു കുട്ടികളുടെ കളികളെല്ലാം കണ്ടാസ്വദിച്ചു ഇരിക്കും .നല്ല വെളുത്ത ദേഹത്തൊക്കെ തൊട്ടാൽ നല്ല മിനുസം ഉണ്ടാകും..
ചുളിവുകൾ ഒന്നും അധികമില്ലാത്ത എണ്ണ മയമുള്ള ദേഹമായിരുന്നു .. വായിൽ ഒറ്റ പല്ല് പോലും ഇല്ല..
ചിരി കാണാൻ എന്തു ഭംഗിയാണെന്നു അറിയാമോ..
മുത്തശ്ശിക്കു വെറ്റിലയും അടക്കയും കൂടി പൊടിച്ചു മുറുക്കണം . അതിനു വേണ്ടി കുഞ്ഞു ഉരൽ ഉണ്ട്. സുകുമാരനും അനിയനും മത്സരിച്ചു വെറ്റിലയും കളിയടക്കയും ചുണ്ണാമ്പും പുകയിലയുംകുഞ്ഞു ഉരലിൽ ഇട്ടു പൊടിച്ചു കൊടുക്കും.

നാണിയമ്മക്ക് കളിയടക്ക ഉണ്ടാക്കാൻ വലിയ ഇഷ്ടമാണ്..പായയിൽ ഉണക്കാൻ ഇട്ടതു നോക്കിയിരിക്കും..ചെറിയ അടക്ക കഷ്ണങ്ങൾ ആക്കി ഒരു വലിയപാത്രത്തിൽ വെച്ചു വേവിക്കും.. അതിനു ശേഷം അടക്ക കഷ്ണങ്ങൾ പെറുക്കി ഉണക്കാൻ വെക്കും. പിന്നെ ആ വെള്ളത്തിൽ കരയാമ്പൂവും മറ്റെന്തൊക്കെയോ ചേർത്തു അടക്ക ഇട്ട് വീണ്ടും ഉണക്കും..
തിരുവാതിരയായാൽ കളിയടക്ക ഉണ്ടാക്കലാണ് ആദ്യം ചെയ്യുക..

അന്നൊക്കെ മരുമക്കൾ ഓണത്തിനും, വിഷുവിനും,തിരുവാതിരയ്ക്കും വീട്ടിൽ വരുമ്പോൾ ആണ് പുകയിലയും വെറ്റിലയും ഇഷ്ടംപോലെ ലഭിക്കുക..

ബ്ലൗസ് ഇടാത്ത മുത്തശ്ശിയെ കളിയാക്കൽ ആയിരുന്നു കുട്ടികളുടെ പ്രധാന വിനോദം.. മൂടി പുതച്ചിരിക്കുന്ന മുണ്ട് ഒരാൾ വലിച്ചെടുക്കുംഎന്നിട്ട് രണ്ട് കൈകൊണ്ടും നീണ്ടു കിടക്കുന്ന അമ്മിഞ്ഞ ആട്ടി കളിക്കും..

നാണിയമ്മ അപ്പോൾ ചിരിച്ചു പറയും..
“പോയി ക്കൊ കുട്ട്യോളെ ഞാൻ അമ്മയോട് പറയും ട്ടോ “

നല്ല വെളുത്ത്, വെഞ്ചാമരം പോലെയുള്ള മുടി മേലേക്ക് കെട്ടി വെച്ചിട്ടു, കഴുത്തിൽ ഒരു രുദ്രാക്ഷമാലയും അതിൽ ഒരു ചെറിയ ഗുരുവായൂരപ്പന്റെ ലോക്കറ്റും ഉണ്ട്.പല്ലില്ലാതെ യുള്ള ആ ചിരി കാണണം..
കാതിൽ നിന്ന് തോള് വരെ നീണ്ടു കിടക്കുന്ന ഒരു തോടയും ഉണ്ട്..ആ നീണ്ട കണ്ണുകളിൽ എന്നും മഷിയെഴുതും.
കൺപീലികൾ എല്ലാം നരച്ചിരിക്കുന്നതുകൊണ്ട് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്..

കണ്മഷി തീരുമ്പോളേക്കും വീട്ടിൽ തന്നെ മഷിയുണ്ടാക്കും..
വിളക്ക് കത്തിച്ചു അതിന്റെ പുക പാത്രത്തിൽ പിടിപ്പിച്ചു കണ്മഷിയുണ്ടാക്കലും ആ കാലത്തെ പ്രത്യേകതയാണ്..

ആ മുത്തശ്ശിയുടെ അടുത്തു പോകുമ്പോൾ പ്രത്യേക വാസനകൾ ആണ് അനുഭവപ്പെടുക.

രാവിലെ പ്രസാദത്തിന്റെയാണെങ്കിൽ വൈകിയിട്ടു ഭസ്മത്തിന്റെയും ധന്യന്തരം കുഴമ്പ്തേച്ചു കുളിക്കുന്നതിന്റെയും ആണ്..
നല്ല അലക്കിയ മുണ്ട് ആണ് ഉടുക്കുക. കൈതപ്പൂവിന്റെ മണം ഉണ്ടായിരിക്കും ആ മുണ്ടുകൾക്ക്..
മുണ്ടുപെട്ടിയിൽ കൈതപ്പൂ സൂക്ഷിച്ചു വെക്കും..
മുറ്റത്തുനിന്ന് തുളസിയും, പിച്ചകവും മുല്ലയും കണ്ടാൽ പൊട്ടിച്ചു മുടിക്കെട്ടിൽ ചൂടും…

ഇനി കഥയിലേക്ക് വരാം..

വർഷങ്ങൾ മുമ്പുള്ള കാര്യങ്ങളാണ്..
അന്ന് നമ്പൂരിവീടുകളിൽ മൂത്ത മകന് മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു..ആ ദേശത്തിലെ ഇല്ലത്തെ തമ്പുരാന്റെ രണ്ടാമത്തെ മകനായ ഉണ്ണി നമ്പൂതിരിക്കു നാണിയമ്മയോട് പ്രണയം..

ഈ പ്രണയം ച്ചാൽ പ്രേമം ആണൊ അതോ സ്നേഹം ആണൊ അതിന്റെ ബാക്കി കാമം ആണൊ ന്നൊക്കെ ചോദിച്ചാൽ അറിയില്ല.

അതിനെ കുറിച്ചു പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ഒന്നും പറയാറായിട്ടില്ല തെളിയിച്ചിട്ടില്ല എന്നാ കേൾക്കുന്നത്.

ഉണ്ണിനമ്പൂതിരി കാര്യം കാര്യസ്ഥനെ അറിയിച്ചു..
അന്ന് കാര്യങ്ങൾ എല്ലാം ഇപ്പോഴത്തെക്കാൾ എളുപ്പം ആണ്..
സദാചാര പോലീസിന്റെ സേവനം ഒന്നുമില്ലാത്ത കാലം.

നാണിയമ്മക്ക് ആണെങ്കിൽ സംബന്ധം ഒന്നും ശരിയാവാതെ നിൽക്കുന്നു..വീട്ടിലാണെങ്കിൽ പട്ടിണി..
പട്ടിണി അനുഭവിക്കാതെ അതെന്താണ് എന്ന് പ്രസംഗിക്കുന്നവർക്ക് ആ കാലത്തെ കുറിച്ചൊന്നും മനസ്സിലാക്കാൻ പറ്റില്ല…

കാര്യസ്ഥൻ രാമൻ നായരാണ് ഹംസമായി അന്ന് അവതരിച്ചത്..
വീട്ടിൽ വന്ന മഹാഭാഗ്യത്തെ തള്ളി പറയാൻ അവർക്കൊരിക്കലും സാധിച്ചില്ല..

വെള്ളിനാണയം കൊണ്ടുവരികയാണെങ്കിൽ കാര്യം നടക്കും എന്ന് നാണിയമ്മയും നാണി അമ്മയുടെ അമ്മയും കൂടി തീരുമാനിച്ചു.

ഇല്ലത്തെ പത്തായത്തിലെ നെല്ലു വിറ്റ് കിട്ടിയ വെള്ളിനാണയം കാര്യസ്ഥന്റെ സഹായത്താൽ ഉണ്ണി നമ്പൂതിരി ക്ക് കിട്ടി..ഉണ്ണിനമ്പൂതിരിയുടെ ഏട്ടൻ നാരായണൻ നമ്പൂതിരിയാണ് അന്ന് ഇല്ലത്തെ വരുമാനമൊക്കെ നോക്കിയിരുന്നത്.
അന്ന് മൂത്തമകനായി ഇല്ലങ്ങളിൽ ജനിക്കുക എന്ന് പറഞ്ഞാൽ ഇന്നത്തെ അംബാനിയോ മറ്റോ ആകുന്നതിനു തുല്യമാണ്…

ഉണ്ണി നമ്പൂതിരി തോർത്തിന്റെ അറ്റത്തു വെള്ളിനാണയം കെട്ടി സംബന്ധത്തിനു പോയി.. വെള്ളിനാണയം തോർത്തിൽ നിന്നും എടുത്ത് കിടക്കയുടെ അടിയിൽ വെച്ചതിനു ശേഷം ആണ് അവരുടെ ആദ്യ രാത്രി നടന്നത്…
ആ കിട്ടിയ വെള്ളിനാണയം നാണിയമ്മ പിറ്റേന്ന് നേരെ ഇല്ലത്തു കൊണ്ട് പോയി കൊടുത്തു.കാര്യസ്ഥൻ രാമൻ നായർ അതിനുള്ള നെല്ല് പത്തായത്തിൽ നിന്നെടുത്തു നാണിയമ്മക്ക് കൊടുത്തു.
അന്ന് ഒരു വെള്ളി നാണയത്തിന് അഞ്ചാറ് പറ നെല്ല് കിട്ടും..

നാണിയമ്മ കൊടുത്ത നാണയം തന്നെയാണ് കാര്യസ്ഥൻ ഉണ്ണിനമ്പൂതിരിക്കു കൊടുക്കുക.. ആ വെള്ളിനാണയം കൊണ്ടാണ് ഉണ്ണിനമ്പൂതിരി നാണിയമ്മയെ കാണാൻ പോകുക.. വെള്ളിനാണയം കയ്യിൽ ഇല്ലാതെ പോയാൽ സംഗതി നടക്കില്ല..

നാണിയമ്മയുടെ വീട്ടിൽ രാത്രിയെത്തുന്ന നാണയം രാവിലെയായാൽ ഇല്ലത്തു എത്തും.. അതു കൊടുത്തിട്ടുവേണം ഇല്ലത്തെ പത്തായത്തിൽ നിന്നും നെല്ല് വാങ്ങാൻ..

ഈ ഒറ്റനാണയം വെച്ച് വർഷങ്ങൾ കാര്യങ്ങൾ നടന്നു..

ഉണ്ണി നമ്പൂതിരിക്കും നാണി അമ്മയ്ക്കും വേറെ ബന്ധങ്ങൾ ഒന്നും ഉണ്ടായതായി അറിവില്ല.

ആ കഥയുടെ ബാക്കിയാണ് നാണിയമ്മയുടെ മൂന്നു മക്കൾ..

ആ കാര്യസ്ഥൻ രാമൻ നായർ ഒരാളാണ് വെള്ളിനാണയം നാണിയമ്മ എന്ന പേര് ഉണ്ടാക്കിയത്..

ഇല്ലത്തെ തെക്കിനി യിൽ ഓണത്തിനും വിഷുവിനും കൈകൊട്ടിക്കളി ഉണ്ടാവും.. നാണിയമ്മ അവിടെ പോയി കളിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്..

ഉണ്ണിനമ്പൂതിരി യോഗ്യനായിരുന്നു.

ആ ബുദ്ധിയൊക്കെ കിട്ടിയത് കൊണ്ട് നാണിയമ്മയുടെ മക്കളെല്ലാം പഠിച്ചു ഉദ്യോഗസ്ഥരായി.കാണാനും സൗന്ദര്യം ഉള്ളവരായി..അതാണ് സുകുമാരന്റെ സൗന്ദര്യത്തിന് പിന്നിലുള്ള രഹസ്യം. ഒരു പക്ഷെ കുട്ടിക്കാലത്തു കേട്ട ആ പേരായിരിക്കും അയാളെ കോപിഷ്‌ഠനാക്കിയത്.

 കവർ : ജ്യോതിസ് പരവൂർ 
Comments
Print Friendly, PDF & Email

You may also like