De Pijp

സിഡ്നി ആസ്ഥാനമായ Heckler എന്ന Boutique VFX and post production company യുടെ ആംസ്റ്റര്‍ഡാം ശാഖയിലാണ് മകള്‍ ചാരു ജോലി ചെയ്യുന്നത്. യുകെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി നെതര്‍ലന്‍ഡ്സിന്‍റെ തലസ്ഥാനനഗരത്തിലും മൂന്നാഴ്ച ചെലവിടാന്‍ വഴിയൊരുങ്ങിയത് അങ്ങനെയാണ്. യു കെ വിസയ്ക്ക് പുറമെ 29 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സഞ്ചരിക്കാന്‍ അര്‍ഹതപ്പെടുത്തുന്ന ഷെന്‍ഗന്‍ വിസയുമായായിരുന്നു ബെങ്ഗളൂരു കെംപെഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജൂലൈ 23 ന് ഞങ്ങൾ വിമാനം കയറിയത്.

മൂന്നാഴ്ചയോളം മകള്‍ അനുവിനോടൊപ്പം ലണ്ടനില്‍ ചെലവഴിച്ച് ആഗസ്റ്റ് 12 ന് നെതർലൻഡ്സിലെത്തി. യുകെയിൽ നിന്ന് ഒരു മണിക്കൂര്‍ ദൂരെയും ഒരു മണിക്കൂർ മുന്നിലുമാണ് ആംസ്റ്റർഡാം.

ഒരു വീഴ്ചയോടെയായിരുന്നു നഗരപ്രവേശം.
എയര്‍പോര്‍ട്ടിലെ എസ്‌കലേറ്ററിന്‍റെ തുടക്കത്തിൽ സ്യൂട്ട്കെയ്സ് ഒന്ന് തെന്നി. അതിനെ നേരെ നിര്‍ത്താന്‍ ശ്രമിക്കവേ ഒരു നിമിഷത്തേയ്ക്ക് ഞാന്‍ ഫിസിക്സ് മറന്നു ! കാൽക്കീഴെ യന്ത്രക്കോണി അപ്പോഴും ചലിക്കുകയായിരുന്നു എന്ന് മനസ്സിലായത് സമനില തെറ്റി അടുത്ത പടിയിലേയ്ക്ക് മറിഞ്ഞപ്പോഴാണ്. എന്താണ് നടക്കുന്നതെന്ന തിരിച്ചറിവുണ്ടായപ്പോഴേയ്ക്ക് രണ്ട് പടി കൂടി താഴേയ്ക്കുരുണ്ടു. സ്യൂട്ട്കെയ്‌സിനെ അതിന്‍റെ പാട്ടിന് വിട്ട് കൈവരിയിൽ പിടി മുറുക്കി ഞാൻ എഴുന്നേറ്റുനിന്നു –
ഐസക് ന്യൂട്ടന്‍റെ ഒന്നാം ചലനനിയമം മനസ്സിൽ വന്നു.

താഴെ വരെ ചാടിയും മറിഞ്ഞും സ്യൂട്ട്കെയ്സ് സ്വതന്ത്രമായി യാത്ര ചെയ്തു. പരിസരത്ത് മൂന്നോ നാലോ പേരേ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് സംഭവം ആരെയും അസൗകര്യപ്പെടുത്തിയില്ല.

വലതുകാലിൽ രണ്ടിടത്ത് നീറ്റലുള്ള പോറലുകള്‍ തന്നതല്ലാതെ വീഴ്ച പ്രശ്നമൊന്നും ഉണ്ടാക്കിയില്ല.

നഗരത്തില്‍, De Pijp എന്ന സാമാന്യം തിരക്കുള്ള സ്ഥലത്ത് നാലുനില അപ്പാര്‍ട്ട്മെന്റുകളിലൊന്നില്‍ രണ്ടും മൂന്നും നിലകളില്‍ ആയാണ് മകളുടെ വീട്. എയര്‍പോര്‍ട്ടില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററില്‍ താഴെയേ ദൂരമുള്ളു വീട്ടിലേയ്ക്ക്.

‘ദി പൈപ്’ എന്നാണ് De Pijp ന്‍റെ ഉച്ചാരണം. ‘the‘ എന്ന വാക്കിന് ഡച്ച് ഭാഷയില്‍ സന്ദര്‍ഭത്തിനനുസരിച്ച് മാറി ഉപയോഗിക്കേണ്ട രണ്ട് വാക്കുകളുണ്ട് – ‘de’ യും ‘het’ ഉം.

(കൂട്ടത്തില്‍ ഒരു കാര്യം –
ഡച്ചുകാര്‍ക്ക് അവരുടെ ഭാഷ ‘ഡച്ച്’ അല്ല ‘നെഡെര്‍ലാന്‍ഡ്സ്’ ആണ് –
രാജ്യം ‘നെതര്‍ലാന്‍ഡ്സ്’ അല്ല ‘നെഡെര്‍ലാന്‍ഡ്’ ആണ്.)

സന്ദർശിക്കുന്ന നാടിനാൽ ആവേശിക്കപ്പെടുന്നു എന്ന ന്യൂനതയുണ്ട് എന്‍റെ യാത്രാനുഭവങ്ങൾക്ക് എന്ന് മുൻപൊരിക്കൽ എഫ് ബി സുഹൃത്ത് പറഞ്ഞു. ന്യൂനത എന്നത് മാറ്റി പരിമിതി എന്നാക്കാം എന്ന് സഹൃദയനായ അദ്ദേഹവുമായി ഞാൻ അന്ന് ആ കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു.

സ്ഥലങ്ങൾ അവയുടെ തനിമ കൊണ്ടും വ്യത്യസ്തത കൊണ്ടും അതിശയിപ്പിക്കാറുണ്ട് – ലഹരി പിടിപ്പിക്കാറുണ്ട്.
അതതേ പടി നിൽക്കട്ടെ എന്നാണ് തോന്നാറ്.

പരസ്പരം ഒട്ടിനില്‍ക്കുന്ന നാലുനിലക്കെട്ടിടങ്ങളുടെ നീണ്ട സമാന്തരനിരകള്‍ ഇവിടത്തെ പൊതുരീതിയാണ്. താഴത്തെ നിലകളിൽ മിക്കവാറും ഓഫീസുകളോ വാണിജ്യസ്ഥാപനങ്ങളോ ആയിരിക്കും. ഞങ്ങളുടെ വീടിന് നേരെ എതിരെ പാക്കിസ്താനിലെ ലാഹോര്‍ സ്വദേശി ബാബറിന്‍റെ പലചരക്ക് കടയാണ്.

സുമുഖനായ മുഗൾ ചക്രവർത്തി സരസമായി സംസാരിച്ചു. ആദ്യകൂടിക്കാഴ്ചയിൽ നട്ട്സും ഡ്രൈ ഫ്രൂട്ട്സും ചൂടുള്ള ചിക്കൻ ഫ്രൈയും സൽക്കരിച്ചു.

‘പെൺകുട്ടികൾ സ്നേഹമുള്ളവരാണ്.’ എന്ന് കഴിഞ്ഞ തണുപ്പുകാലത്ത് ചാരു ഫ്ലാസ്കിൽ ഭർത്താവ് വഴി എത്തിച്ചുകൊടുത്ത ചായയുടെ ഓർമ്മ പങ്കിട്ടു. മൂപ്പരുടെ മൂന്ന് പെണ്മക്കളിൽ രണ്ടുപേർ ആംസ്റ്റർഡാമിൽ തന്നെ ഡോക്റ്റർമാരായി ജോലി ചെയ്യുകയാണ്.

മുതിർന്ന പൗരന്മാർക്ക് ബിയർ കുടിച്ചിരുന്ന് ‘സൊറ’പറയാൻ ഒരിടം – ഒരു സ്പാ – രണ്ടറ്റത്തായി രണ്ട് ചെറിയ റെസ്റ്റോറന്റുകൾ – ഒരു വക്കീലാപ്പീസ് അത്രയുമാണ് ബാക്കി ഇരുവശത്തുമായി ഒന്നാം നിലമുറികളിലുള്ളത്. അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ് മിക്കവാറും എന്നതുകൊണ്ട് അവ ശബ്ദമടക്കം ഒരുതരത്തിലുമുള്ള പരിസര മലിനീകരണത്തിന് കാരണമാവുന്നില്ല.

ഇടയ്ക്കുള്ള പാതയോട് ചേർന്ന് സൈക്ക്ൾ ലെയ്നും അതിനുമപ്പുറം നീളത്തിൽ സൈക്ക്ൾ പാർക്കിങ് ഏരിയയുമാണ്. അർദ്ധരാത്രിക്കും ജനസഞ്ചാരമുള്ള വഴിയോരത്താണ് താമസമെന്ന് വീട്ടിനകത്ത് നമ്മൾ അറിയുകയേയില്ല.

മെലിഞ്ഞ അസ്തിവാരങ്ങളില്‍ മുകളിലേയ്ക്കും നാട്ടിലെ അഗ്രഹാരങ്ങളില്‍ കാണാറുള്ളതുപോലെ ഉള്ളിലേയ്ക്കും ആണ് വീടുകള്‍ പടരുന്നത്.

സ്ഥലപരിമിതി മൂലം അകത്തും പുറത്തും ഏറെക്കുറെ കുത്തനെയുള്ള കോണികള്‍ – പലപ്പോഴും പിരിയന്‍ കോണികള്‍ – വീടുകളിലും റെസ്റ്റോറന്‍റുകളടക്കം വാണിജ്യസ്ഥാപനങ്ങളിലും കാണാം.

കസേരയും കട്ടിലുമടക്കമുള്ള വീട്ടുസാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകാന്‍ വേണ്ട വീതി ഈ കോണിപ്പടികള്‍ക്ക് ഇല്ല. നാലാം നിലകള്‍ക്ക് മേലെ ഉറപ്പിച്ചിട്ടുള്ള ദണ്ഡിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന ലോഹക്കൊളുത്തുകളും കയറും ഉപയോഗിച്ച്, മുഴുവന്‍ തുറക്കാവുന്ന ജനലുകളും വാതിലുകളും വഴിയാണ് അത്തരം സാധനങ്ങള്‍ വീട്ടിനകത്ത് എത്തിക്കുന്നത്.
അങ്ങനെ സാധനങ്ങള്‍ മുകളിലേയ്ക്കെടുക്കുമ്പോള്‍ താഴെയുള്ള വീടുകളില്‍ തട്ടാതിരിക്കാന്‍ മൊത്തം കെട്ടിടങ്ങള്‍ അല്പം മുന്നോട്ട് ചാഞ്ഞ നിലയിലാണ്.

ഇതല്ലാതെ ഇടത്തോട്ടോ വലത്തോട്ടോ ചാഞ്ഞ നാലുനില കെട്ടിടങ്ങളുമുണ്ട്. ആ ചായ് വിന്‍റെ കാരണം മറ്റൊന്നാണ് !

നഗരത്തിലെ ഏറ്റവും മെലിഞ്ഞ വീടും ഒരു യാത്രക്കിടെ കണ്ടു. Oude Hoogstraat അഥവാ Old High Street ലെ ആ 22 – ആം നമ്പര്‍ വീടിന് – Het Kleinste Huis അഥവാ The Smallest House – മുന്നില്‍ നിന്ന് ഒരു ഫോട്ടോ ഞങ്ങളും ഒപ്പിച്ചു.

2.02 മീറ്റര്‍ ആണ് വീടിന്‍റെ വീതി –
ഒരു ശരാശരി വീട്ടുവാതിലിന്‍റെ ഇരട്ടിയോളം വീതിയിൽ ഒരു വീട് !

പരിഷ്കരിച്ച ഏറുമാടങ്ങളുടെ നഗരം :

പതിനൊന്ന് ദശലക്ഷത്തിലധികം മരത്തൂണുകള്‍ക്ക് മുകളിലാണ് ഈ നഗരം നില്‍ക്കുന്നത് ! പൊയ്ക്കാലുകള്‍ മണ്ണിനടിയില്‍ മുഴുവനായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണെന്ന് മാത്രം.

കരിയും മണലും കളിമണ്ണും നിറഞ്ഞ ചതുപ്പ് പ്രദേശം മാത്രമായിരുന്ന ഒരു ഭൂതകാലമുണ്ട് ആംസ്റ്റര്‍ഡാമിന്. വര്‍ഷകാലത്ത് കടല്‍ വെള്ളം കയറി മനുഷ്യവാസയോഗ്യമല്ലാതെ കിടന്നിരുന്ന പ്രദേശത്ത്, അക്കാലങ്ങളില്‍ കാലാവസ്ഥ അനുകൂലമാവുമ്പോള്‍ മാത്രം കച്ചവടക്കാര്‍ ഒത്തുചേര്‍ന്നു.

ഒരു ജനതയുടെ അവിശ്വസനീയമായ ദീർഘദൃഷ്ടിയുടേയും എഞ്ചിനീയറിങ് മികവിന്‍റേയും ഫലമായാണ് അത് ഇന്നത്തെ നിലയിലെത്തിയത്.

പതിമൂന്നാം നൂറ്റാണ്ടില്‍ ചെറിയ മരത്തൂണുകള്‍ക്ക് മുകളില്‍ പരീക്ഷിച്ച വിപ്ലവകരമായ ഗൃഹനിര്‍മ്മാണരീതി പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ വളര്‍ന്ന് വികസിച്ചു.
മരത്തൂണുകളുടെ നീളം പതിനഞ്ച് മുതല്‍ ഇരുപത് മീറ്റര്‍ വരെയായി.

രാജാവ്, Willem-Alexander വിശിഷ്ടാതിഥികളെ സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്ന റോയല്‍ പാലസ് മാത്രം നില്‍ക്കുന്നത് അത്തരം പതിമൂവ്വായിരത്തിലധികം തൂണുകള്‍ക്ക് മേലെയാണ് എന്നറിയുമ്പോള്‍ ഒരേകദേശചിത്രം ലഭിക്കും.

പൂര്‍ണ്ണമായും ജലവിതാനത്തിന് താഴെയാണെന്നതുകൊണ്ട് മരത്തൂണുകള്‍ രാസപരിണാമങ്ങള്‍ക്ക് വിധേയമാവാതെ സംരക്ഷിക്കപ്പെടുന്നു. എന്തെങ്കിലും കാരണം കൊണ്ട് ഈ അവസ്ഥയ്ക്ക് മാറ്റം വന്ന ഇടങ്ങളിൽ തൂണുകൾ ഭാഗികമായി ദുർബലപ്പെട്ടതോ ദ്രവിച്ചതോ കാരണമാവാം കെട്ടിടങ്ങൾ വശങ്ങളിലേയ്ക്ക് ചെരിഞ്ഞും കാണപ്പെടുന്നുണ്ട്.
വക്രിച്ച വീടുകള്‍ അഥവാ നൃത്തം ചെയ്യുന്ന വീടുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

ലോകപൈതൃകസ്ഥാനങ്ങളില്‍ ഇടം പിടിച്ചവയാണ് ആംസ്റ്റര്‍ഡാമിലെ ‘കനാല്‍’ വീടുകള്‍.

ആ പേരിന് കാരണമായ അര്‍ദ്ധവൃത്താകൃതിയിലുള്ള നാല് തോടുകളാണ് മറക്കാനാവാത്ത മറ്റൊരു കാഴ്ച.

അല്‍ബേര്‍ കമ്യു, തന്‍റെ The Fall എന്ന ആഖ്യായികയ്ക്ക് പശ്ചാത്തലമാക്കിയിരിക്കുന്നത് ഈ നഗരമാണ്. കഥയിലെ Jean-Baptiste-Clamence ഏകകേന്ദ്രമായ തോടുകളെ കുറിച്ച് പറയുന്നതിങ്ങനെയാണ് : .

‘Have you noticed that Amsterdam’s concentric canals resemble the circles of hell? The middle-class hell, of course, peopled with bad dreams. When one comes from the outside, as one gradually goes through those circles, life — and hence its crimes — becomes denser, darker. Here, we are in the last circle.’

അവയെ കുറിച്ച് വഴിയേ എഴുതാം..

‘ജീവിതം ഒരു സൈക്ക്ളാണെന്നും ദമ്പതികൾ അതിന്‍റെ രണ്ട് ചക്രങ്ങളാണെന്നും പറഞ്ഞപ്പോൾ കവിയെന്ന് വിളിച്ച് അവളെന്നെ കളിയാക്കി.’

സന്ദര്‍ശകരുടെ ശ്രദ്ധ ആദ്യം പിടിച്ചുപറ്റുന്നത് ഇവിടത്തെ സൈക്ക്ളുകളാണ് :

ട്രാഫിക് ലൈറ്റ് പച്ചയിലേയ്ക്ക് മാറുന്നതോടെ, റോഡിന്‍റെ വലതോരത്തോട് ചേര്‍ന്നുള്ള പ്രത്യേക ലെയ്നിലൂടെ തിരശ്ചീനമായി പെയ്യുന്ന, അച്ചടക്കമുള്ള ഒരു മഴപോലെ സൈക്ക്ളുകള്‍ ഒഴുകിവരുന്നത് കാണേണ്ട കാഴ്ചയാണ്. ട്രാമുകളേയും ബസ്സുകളേയും തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തിരക്കുള്ള നഗരപാതകളിൽ ബെല്ലിലും ബ്രേക്കിലും വിരലമര്‍ത്താതെയാണവരുടെ യാത്ര. കാല്‍നടക്കാര്‍ക്കും വിലക്കുണ്ട് സൈക്ക്ള്‍ ലെയ്നില്‍. നഗരത്തില്‍ ഉടനീളം സൈക്ക്ള്‍ പാര്‍ക്കിംഗിന് മാറ്റിവെച്ച ഇടങ്ങള്‍ കാണാം.

സൈക്ക്ൾ യാത്രക്കാരില്‍ സ്കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കച്ചവടക്കാര്‍, കമ്പനി എക്സിക്യൂട്ടിവുകള്‍, മന്ത്രിമാര്‍, പ്രധാനമന്ത്രി, രാജകുടുംബാംഗങ്ങള്‍ – എല്ലാവരും ഉള്‍പ്പെടും.

രാജ്യത്തെ മുൻ പ്രധാനമന്ത്രി Mark Rutte, പതിനാല് വർഷത്തെ സേവനത്തിന് ശേഷം 2024 ൽ വിരമിച്ച് ഓഫീസിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയത് പതിവ് വാഹനമായ സൈക്ക്ളിലായിരുന്നു!

സൈക്ക്ള്‍ എന്ന മഹത്തായ സമകാരി!

അന്തരീക്ഷമലിനികരണം തടയാം –
രാജ്യത്തിന്റെ ഇന്ധനച്ചെലവ് കുറയ്ക്കാം –
പാർശ്വഫലമായിപൊതുജനങ്ങൾക്ക് ‘ആരോഗ്യ’കരമായ ഒരു വ്യായാമവും ആവും.

അത് ജനത്തിന് കൊടുക്കുന്ന സ്വാശ്രയത്വവും ആത്മവിശ്വാസവും സന്തോഷവും അന്തരീക്ഷത്തിൽ നമുക്ക് അനുഭവിച്ചറിയാനാവും.

അടുത്തിടെ സന്ദര്‍ശിക്കാനായ, നാല് വ്യത്യസ്തതരം ഭരണകൂടങ്ങള്‍ക്ക് കീഴെ കഴിയുന്ന, നാല് രാഷ്ട്രങ്ങള്‍ Happiness Index പട്ടികയില്‍ എവിടെയൊക്കെ നില്‍ക്കുന്നു എന്നറിയാന്‍ ഒരു ജിജ്ഞാസ തോന്നി

നെതര്‍ലാന്‍ഡ്സ് (7) യു.കെ.(29) സിംഗപ്പൂര്‍ (36) വിയറ്റ്നാം (45) എന്നാണ് കണ്ടത്.

സർവവ്യാപിയാണ് ആംസ്റ്റർഡാമിൽ സൈക്ക്ൾ – അത് നമ്മളോടൊപ്പം ട്രെയ്നിൽ യാത്ര ചെയ്യും –
ലിഫ്റ്റിലും കയറും!

ശുചീകരണപ്രവർത്തനങ്ങൾക്കിടെ ഓരോ വർഷവും 15000 ത്തോളം ഉപേക്ഷിക്കപ്പെട്ട സൈക്ക്ളുകൾ കനാലുകളിൽ നിന്ന് കിട്ടാറുണ്ടെന്ന് ഗൂഗ്ൾ പറയുന്നു.

‘ഇന്നാർക്ക് ഇന്നാരെന്‍റ് റ്- എഴുതി വൈത്താനേ ദേവൻ അന്‍റ് റ്…’

ആംസ്റ്റര്‍ഡാമുമായി നേരിട്ട് ബന്ധമില്ലാത്തതെങ്കിലും അതിന്‍റെ നിലപാടുമായി ചേര്‍ന്നു പോകുന്ന ഒരനുഭവം പങ്കിട്ടുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം

മുന്‍പ് ഏതോ പദ്ധതികളില്‍ സഹപ്രവര്‍ത്തകനായിരുന്ന ആദം, ഹംഗറിസ്വദേശി, ഒരു ദിവസം ചാരുവിനെ കാണാന്‍ വന്നിരുന്നു. എന്തോ കാര്യവുമായി ആംസ്റ്റര്‍ഡാമില്‍ വന്നതാണ്. മടങ്ങുന്നതിന് മുന്‍പ് ഹ്രസ്വമായ ഒരു സൌഹൃദസന്ദര്‍ശനം.
കൂടെ ഏറെക്കുറെ അതേ പ്രായത്തിലുള്ള മറ്റൊരു സായിപ്പുമുണ്ടായിരുന്നു.
അവര്‍ പോയിക്കഴിഞ്ഞതിന് ശേഷം ചാരു പറഞ്ഞു :

“ഒപ്പം വന്നത് ആദമിന്‍റെ ഭര്‍ത്താവാണ് – ജോണ്‍.

എനിക്കത് ഇഷ്ടപ്പെട്ടു –

ആദമും ഭര്‍ത്താവ് ജോണും – അഥവാ ജോണും ഭര്‍ത്താവ് ആദമും – അങ്ങനെ വന്ന് വീട് കണ്ടതും ചാരു അവരെ അങ്ങനെ പരിചയപ്പെടുത്തിയതും (അവര്‍ പോയതിന് ശേഷമാണെങ്കിലും).
ഇരുപത്തഞ്ച് കൊല്ലമായി തുടരുന്ന ദാമ്പത്യത്തിന് മനസ്സില്‍ ഞാനവരെ അഭിനന്ദിച്ചു –
തുടര്‍ന്നുള്ള കാലത്തേയ്ക്ക് ആശംസകള്‍ നേർന്നു.

സംഭാഷണം ആ വഴിക്ക് തിരിഞ്ഞു.
ലൈംഗികന്യൂനപക്ഷവും അവരോടുള്ള സമൂഹത്തിന്‍റെ – മതങ്ങളുടെ – രാഷ്ട്രങ്ങളുടെ മനോഭാവവും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ ചാരു തന്ന ലിങ്കിൽ അന്നുതന്നെ ഒരഭിമുഖസംഭാഷണം കാണാൻ കഴിഞ്ഞു. ആറ്റിറ്റ്യൂഡ് മാസികയുടെ കവര്‍ അഭിമുഖത്തില്‍ റോബ് ജെറ്റെന്‍ എന്ന മുപ്പത്തൊമ്പതുകാരനുമായി കൃഷ്ണ ഓംകാര്‍ സംസാരിക്കുന്നു.

സ്വവര്‍ഗസ്നേഹിയാണ് താനെന്ന് പ്രഖ്യാപിച്ച, നെതര്‍ലന്‍ഡ്സിന്‍റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് റോബ് ജെറ്റെൻ. നിക്കൊളാസ് കീനന്‍ എന്ന അര്‍ജന്‍റീനക്കാരന്‍ ഹോക്കി താരവുമായി വിവാഹനിശ്ചയം കഴിഞ്ഞ് നില്‍ക്കുകയാണ് താൻ എന്ന് അദ്ദേഹം പറയുന്നു.

+ posts

മലയാളനാട് വെബ് ജേണലിൻറെ മുഖ്യഉപദേഷ്ടാവ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസം.