തിലകനുമായുളള വിഷയം സിനിമക്കാർക്കിടയിൽ പറഞ്ഞ് തീർപ്പുണ്ടാക്കാൻ മോഹൻലാലിന് മുൻകയ്യെടുത്തു കൂടെ എന്ന് ചോദിച്ച സുകുമാർ അഴിക്കോടിനെ മോഹൻലാൽ വയസ്സന്റെ ജല്പനങ്ങൾ എന്ന് വിളിച്ച് അപമാനിച്ചത് ഇന്നും ചിലരെങ്കിലും മറന്നിട്ടില്ല. തനിക്കും വയസ്സായി വരികയാണെന്ന് മോഹൻലാൽ മനസിലാക്കണമെന്നും മേക്കപ്പില്ലാതെ പൊതുമധ്യത്തിലിറങ്ങാൻ ധൈര്യമുണ്ടോ എന്നും തീക്ഷ്ണമായ ഭാഷയിൽ അഴിക്കോട് തിരിച്ചടിച്ചു. ഇക്കാര്യത്തിൽ രജനീകാന്തിനെപ്പോലുളള മറുഭാഷാ നടൻമാരെ മോഹൻലാൽ മാതൃകയാക്കണമെന്നു കൂടി ഉപദേശിച്ചു. എന്നിട്ടും, വാക്കാലുളള അപമാനം തുടർന്നപ്പോൾ, മോഹൻലാലിനെതിരെ മാനനഷ്ടക്കേസു ഫയൽ ചെയ്യേണ്ടി വന്നു അഴിക്കോടിന്. അഴിക്കോടിനോടെതിരിടുക മണ്ടത്തരമാണെന്നു മനസിലായതോടെ, നേരിട്ടു കണ്ട്, വിവാദത്തിൽ നിന്നും തലയൂരിയെങ്കിലും, തിലകന്റെ കാര്യത്തിൽ ഒരിക്കലും നിലപാടു മാറ്റാൻ അയാൾ തയ്യാറായില്ല. മരുന്നുവാങ്ങാൻ പോലും കാശില്ലെന്നും, തനിക്കറിയാവുന്ന പണി അഭിനയം മാത്രമാണെന്നും സിനിമക്കാർ ആ പണി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പഴയ തട്ടകമായ നാടകത്തി്ലക്ക് തിരിച്ചു പോകുമെന്നും ആത്മാഭിമാനം പണയം വച്ചുളള തനിക്ക് വേണ്ടെന്നും തിലകൻ പ്രഖ്യാപിച്ചിട്ടും താരഗോപുരം ഇളകിയില്ല. കിരീടത്തിലും കിലുക്കത്തിലും സ്ഫടികത്തിലുമെല്ലാം തന്റെ നായകന് തിളക്കം കൊടുത്തത്, എതിരെ നിന്ന ആ മഹാനടന്റെ കൂടി പ്രകടനമാണെന്നതൊന്നും താരത്തെ അലോസരപ്പെടുത്തിയില്ല. തിലകനെന്ന മഹാനടനിലൂടെ മലയാള സിനിമക്കു ലഭിക്കുമായിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് സിനിമാലോകത്തിന് നഷ്ടമായത്. നന്ദികേടിന്റെയും, ഒറ്റപ്പെടലിന്റെയും എല്ലാ ആകുലതകളും ഉളളിൽ പേറി, മനം നൊന്താണ് ആ വൃദ്ധകലാകാരൻ കണ്ണടച്ചത്.
ആരാണ് മോഹൻലാൽ? മലയാളിയുടെ നിത്യജീവിതത്തെ അയാൾ എങ്ങനെയാണ് പരുവപ്പെടുത്തുന്നത്? മോഹൻലാലിലെ നടനെപ്പറ്റിയുളള ഏറ്റവും കൃത്യമായ നിരീക്ഷണങ്ങളിലൊന്ന് ടി.മുരളീധരൻ ഒരു പഠനത്തിൽ പറയുന്ന ആണുങ്ങളുടെ പുരുഷൻ എന്നതാകണം. സ്വത്വസന്ധിഗ്തതകളിലൂടെ കടന്നു പോകുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ, നമുക്കിടയിൽ ഉളളവരേയല്ല. നമുക്കിടയിലുളളവരാണെന്ന് തോന്നിപ്പിക്കുന്ന ചില മാനറിസങ്ങൾ കൊണ്ട്, ആ അവസ്ഥ നമ്മുടേതു കൂടിയാണെന്ന തോന്നലുണ്ടാക്കുന്ന അപരൻമാരാണ് ലാൽ കഥാപാത്രങ്ങൾ.
അവർ ഒരിക്കലും തീക്ഷ്ണമായ രാഷ്ട്രീയം പറഞ്ഞിട്ടില്ല, അവർ ഒരിക്കലും തീക്ഷ്ണമായ ജീവിതവും പറഞ്ഞിട്ടില്ല. പക്ഷെ, ഒന്നു സംഭവിച്ചിട്ടുണ്ട്, അസാധ്യമായ അഭിനയസിദ്ധി കൊണ്ട്, കാണിയുമായി ഒരു താദാത്മ്യപ്പെടൽ നടത്താൻ ലാലിന് കഴിഞ്ഞിട്ടുണ്ട്. അധോലകനായകനാകുമ്പോഴും അമ്മയുടെ പ്രിയപ്പെട്ട മകനാകുന്നതിലൂടെ, തെരുവുഗുണ്ടയാകുമ്പോഴും പാവങ്ങളോട് കരുണയാകുന്നവനാകുന്നതിലൂടെ, മരണത്തെ നേരിടുമ്പോഴും പ്രണയിക്കുന്നവനാകുന്നതിലൂടെ ഒക്കെ ഈ പരപൂരണം ലാൽ വളരെ എളുപ്പം നേടിയെടുത്തു. വാസ്തവത്തിൽ ലാൽ കഥാപാത്രങ്ങളിൽ ആയാസരഹിതമായി നമ്മൾ കാണുന്ന ഈ ദ്വൈതഭാവമാകണം, അയാളെ ഇന്നു കാണുന്ന താരമാക്കി മാറ്റിയത്.
ഇന്ത്യയിലെ മറ്റൊരു നടനും നേടിയെടുക്കാത്ത ഈ സമരസപ്പെടലാണ് ലാലിനെ വിത്യസ്തനാക്കുന്നത്. അവ വളർന്നത് മലയാളിക്കൊപ്പമാണ്. തൊണ്ണൂറുകൾക്കു മുൻപ് ലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ നോക്കുക. അടുത്ത വീട്ടിൽ നാം കണ്ട ചിലരെപ്പോലെയുളള ആ കഥാപാത്രങ്ങളെല്ലാം വളരുന്നതും വികസിക്കുന്നതും കുടുംബം എന്ന ചുറ്റുപാടിലോ, സൗഹൃദം എന്ന വലയത്തിനുളളിലോ മാത്രമാണ്. അടിയന്തിരാവസ്ഥക്കു ശേഷം മലയാളത്തിലുൾപ്പെടെ, ഇന്ത്യയിൽ ഒട്ടനവധി ഭാഷകളിൽ വലിയ രാഷ്ട്രീയ സിനിമകളുണ്ടാവുകയും അടൂരിനെപ്പോലുളള സംവിധായകർ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടും, ലാൽ അത്തരം സിനിമകളുടെയോ മൂവ്മെന്റുകളുടേയോ ഒന്നും ഭാഗമായിട്ടില്ല. മനോഹരമായ ചിരിയിൽ, വ്യക്തികേന്ദ്രീകൃതമായ കഥകളിൽ, അവയുടെ അരാഷ്ട്രീയതയിൽ മലയാളിയുടെ ബോധത്തെയും ആസ്വാദനത്തെയും കുരുക്കിയിട്ടു, അയാൾ. മലയാളസിനിമയിൽ ലാൽ തന്റെ സിംഹാസനം ഉറപ്പിച്ചത് അങ്ങനെയാണ്.
ലാൽ കഥാപാത്രങ്ങൾ രാഷ്ട്രീയം പറഞ്ഞു തുടങ്ങൂന്നത് തൊണ്ണൂറുകൾക്കു ശേഷമാണ്. തീർച്ചയായും, നേരിട്ട് രാഷ്ട്രീയം പറയുകയായിരുന്നില്ല അവർ ചെയ്തത്. മറിച്ച്, അയോധ്യാ സംഭവത്തോടെ ഇന്ത്യയിൽ പിടിമുറുക്കിക്കൊണ്ടിരുന്ന ഹൈന്ദവതക്ക് പരുവപ്പെടുന്ന ശരീരഭാഷ സ്വീകരിച്ചതിലൂടെയാണ് അവ രാഷ്ട്രീയം പറഞ്ഞത്. തൊണ്ണൂറുകൾക്കു മുൻപുളള ലാൽ കഥാപാത്രങ്ങളുമായി തൊണ്ണൂറുകൾക്കു ശേഷം പിറവിയെടുത്തവക്ക് യാതൊരു ബന്ധവുമില്ല. അടുത്ത സുഹൃത്ത്, കാമുകൻ, മകൻ എന്നൊക്കെയുളള ഭാവങ്ങൾ വെടിഞ്ഞ്, അവ പലപ്പോഴും ആസുരമാം വിധം മീശ പിരിച്ചു. ഫ്യൂഡൽചേഷ്ടകൾ കൊണ്ടു നടന്നപ്പോഴും, നന്മയുടെ പക്ഷത്താണെന്ന കബളിപ്പിക്കൽ അവ സമർത്ഥമായി തുടർന്നു കൊണ്ടിരുന്നു. മുൻകാലസിനിമകളിലെ ചില മാനറിസങ്ങളെ കൂടെക്കൂട്ടി, അതേസമയം താരമെന്ന രീതിയിൽ സ്വയം വലുതാക്കി അവ തിരശീലയിൽ വന്നു. ഏറ്റവും സ്ത്രീവിരുദ്ധമായ ഡയലോഗുകൾ പറഞ്ഞപ്പോഴും അയാൾ കാമുകിമാരുടെ ഇഷ്ടക്കാരനായി. അന്ന് സി‐ക്ലാസ് തീയേറ്ററുകളിൽ നിറഞ്ഞോടിയിരുന്ന അശ്ലീളസീനിമകളെ തോത്പിക്കാൻ, ലാലിന്റെ ആണത്തം മലയാളസിനിമാ വ്യവസായത്തിന് വേണമായിരുന്നു.
മോഹൻലാലിന്റെ ഇപ്പോൾ ചർച്ചയാവുന്ന ബ്ലോഗെഴുത്തുകൾ അയാൾ ഇതുവരെ കൈക്കൊണ്ട നിലപാടുകളുടെ സ്വാഭാവികപരിണതിയാണ്. തിരശീലയിലും പുറത്തും പൊതുസമൂഹത്തിന്റെ കാഴ്ചകൾക്കും ഈണങ്ങൾക്കുമൊപ്പിച്ചാണ് അയാൾ എന്നും ചുവടുവച്ചിട്ടുളളത്. ഇന്ത്യയിൽ ഇതുവരെ നടന്ന ഒരു ദുരന്തവും അദ്ദേഹത്തെ വേദനിപ്പിച്ചതായി കേട്ടിട്ടില്ല. അയോധ്യയിൽ പളളി തകർന്നപ്പൊഴും മുത്തങ്ങയിൽ ആദിവാസികളെ പോലീസ് വെടിവച്ചിട്ടപ്പൊഴും, വിദർഭയിൽ കർഷകർ ആത്മഹത്യ ചെയ്തപ്പൊഴും, സൂര്യനെല്ലിയിലും വിതുരയിലും ഡൽഹിയിലുമുൾപ്പെടെ പലയിടത്തും പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടപ്പൊഴും എഴുത്തുകാർക്കും കലാകാർൻമാർക്കുമെതിരെ കൊലക്കത്തി നീണ്ടപ്പൊഴും, രോഹിത് വെമുലയെപ്പോലുളള നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തപ്പൊഴും ആ മനസ് പിടഞ്ഞിട്ടില്ല. അഴിമതിയിലും കുംഭകോണങ്ങളിലും സാധാരണക്കാരന്റെ നികുതിപ്പണം ചോർന്നപ്പോൾ, ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. എൻഡോസൾഫാൻ ബാധയേറ്റ നിരവധി കുഞ്ഞുങ്ങൾ സെക്രട്ടറിയേറ്റു പടിക്കൽ നീതി യാചിച്ച് കിടന്നപ്പൊഴും ഒരു തുണ്ടു ഭൂമിക്കായി ആദിവാസികൾ സമരം ചെയ്തപ്പൊഴും ആ വഴിയൊന്നും വന്നിട്ടില്ല.
മോഹൻലാൽ ഒരു നല്ല നടൻ മാത്രമല്ല, അയാൾ ഒരു താരം കൂടിയാണ്. മലയാളസിനിമയുടെ കച്ചവടവും കലയും അയാളെക്കൂടി ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ മുപ്പതു കൊല്ലത്തോളം തിരിഞ്ഞത്. എന്റെ സ്കൂൾകാലത്ത് ക്ലാസിൽ കുട്ടികൾ തമ്മിൽ മോഹൻലാലിനെ പോലെ ഭംഗിയുളളയാൾ, മോഹൻലാലിനെ പോലെ ഇടിക്കുന്നവൻ, ലാലിനെ പോലെ മുടിചീന്തുന്നവൻ എന്നൊക്കെ പരസ്പരം വിശേഷിപ്പിക്കാറുണ്ടായിരുന്നുമോഹൻലാലിന്റെ ആണത്തമാണ്, എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിലെ മഹാഭൂരിപക്ഷം ചെറുപ്പക്കാരും പകർത്താൻ നോക്കിയിരുന്നത്. ഇപ്പോൾ പറയുന്ന രാഷ്ട്രീയത്തേക്കാൾ, സിനിമയിൽ ലാൽ സ്വീകരിച്ചു പോന്ന നിലപാടുകളാണ് പഠനവിധേയമാക്കേണ്ടത്. സിനിമക്കകത്ത്, ഇക്കാലമത്രയും ഒരു മൂവ്മെന്റുകളെപ്പോലും ലാൽ ഏറ്റെടുത്തിട്ടില്ല. യേശുദാസിന്റെ ശബ്ദം മലയാളസിനിമയുടെ ബഹുസ്വരതയെ എങ്ങിനെയാണോ ഇല്ലാതാക്കിയത്, സിനിമയില്‍ ആ ദൗത്യം ഏറ്റെടുത്തത് മോഹൻലാലായിരുന്നു. ലാൽ കാലഘട്ടത്തിനു മുൻപ്, സാമൂഹ്യ‐രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന മലയാളസിനിമ, ലാലിന്റെ വരവോടെ വ്യക്തിയിലേക്കും ആഘോഷങ്ങളിലേക്കും ചുരുങ്ങി. ലാലിനു മുൻപ്, സ്ത്രീകേന്ദ്രീകൃതമായ നിരവധി സിനിമകൾ ഇറങ്ങിയിരുന്ന മലയാളസിനിമാ ലോകം ലാലിന്റെ വരവോടെ അയാളുടെ ആണത്തത്തിലേക്ക് വലിഞ്ഞു. ലാലിനെപ്പോലെ ചരിഞ്ഞും ചിരിച്ചും മുടി ചീന്തിയും പ്രണയിച്ചും നടന്ന ചെറുപ്പക്കാരിലൂടെയാണ് പിന്നെ മലയാളി വളർന്നത്. സിനിമക്കകത്തും പുറത്തും തന്നെ പിൻപറ്റി നിന്ന ഫാൻസുകാർക്കു വേണ്ടിയാണ് അയാൾ എന്നും സിനിമ കളിച്ചിട്ടുളളത്. ക്രീസിൽ നിന്ന് കയറാതെ അയാൾ പന്തുകളടിച്ചുകൊണ്ടേയിരുന്നു. ഇന്ത്യയിൽ മറ്റെവിടെയും ജനത രാഷ്ട്രീയമായി കൂടുതൽ പ്രബുദ്ധരായപ്പോൾ അതിനു മുൻപേ രാഷ്ട്രീയപ്രബുദ്ധത നേടിയ മലയാളി, പക്ഷെ മോഹൻലാലിന്റെ വരവോടെ അയാളിൽ മയങ്ങിക്കിടന്നു. മോഹൻലാലിന്റെ ബ്ലോഗിനേക്കാൾ ചർച്ചയാവേണ്ടത്, അയാളുടെ അരാഷ്ട്രീയമായ സിനിമാജീവിതമാണ്.
ഇന്ത്യ കണ്ട നടനവിസ്മയങ്ങളിലൊന്നാണ് മോഹൻലാൽ. സ്വഭാവികാഭിനയത്തിന്റെ ആ ഫെ്ളക്സിബിലിറ്റി അയാളോളം വശമുളളവർ അപൂർവം. പക്ഷെ, ലാൽ ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നില്ല. അയാൾ നിർമ്മിച്ചെടുത്ത അപരൻമാർ നമ്മുടെ സ്വത്വബോധത്തെ വെല്ലുവിളിച്ചു തുടങ്ങിയിരിക്കുന്നു. അയാളും അയാൾ സൃഷ്ടിച്ചെടുത്ത അപരൻമാരും നമുക്ക് ചുറ്റും മറ്റൊരു സമൂഹം രൂപപ്പെടുത്തി തുടങ്ങിയിരിക്കുന്നു. മോഹൻലാലിൽ നിന്നും മലയാളസിനിമ പിറകോട്ട് നടക്കേണ്ടിയിരിക്കുന്നു.
തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.